ഈയിടയ്ക്കത്തെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ആയ ഉമേഷ്ജീടെ യോജനപോസ്റ്റില്,
"ഞാനും കൂടി ഉണ്ടെങ്കിലെന്താ???" പറഞ്ഞപോലെ മലയാളം ബ്ലോഗില്‍ സര്വ്വവിഷയവിജ്ഞാനികളെ തട്ടീട്ട് നടക്കാന്‍ പറ്റാതായിരിക്കുന്നു.
മിനിമം "കളരിപ്പയറ്റ്, തായമ്പക,മധുരസേവ, പക്കാവട, പഞ്ചാരി മേളം, ഓട്ടന്‍ തുള്ളല്‍ , മെറ്റലര്ജ്ജി, അനാട്ടമി, ചിത്രരചന, നീന്തല്‍ (സ്വിമ്മിംഗ്), ചവിട്ടു നാടകം, യൂറോപ്യന്‍ ക്ലോസറ്റ്, എയ്റോസ്പേസ് ടെക്നോളജി, ആമിനേഷന്‍ ആക്റ്റ്, ഇന്‍ഡ്യന്‍ പൈറസി ആക്റ്റ്, സിനിമാ സംവിധാനം, അമ്മിക്കല്ലും അരകല്ലും തമ്മിലുള്ള ഫ്രിക്ഷന്‍ " എന്നിവയെപ്പറ്റിയൊക്കെ ഒരു പീയെച്ച്ഡീക്കാരന്റെ ആധികാരികതയോടെ സംസാരിക്കാന്‍ അറിയാത്തവരെ ആരെയും ഇപ്പോ മഷി നോക്കിയാല്‍ കൂടി കിട്ടാനില്ല ബ്ലോഗില്‍ .
ഈ പുലികള്‍ക്കും സിങ്കങ്ങള്‍ക്കും ഇടയ്ക്ക് നിങ്ങക്കും പിടിച്ചു നിക്കണ്ടേ?
മലയാളം ബ്ലോഗില്‍ പിടിച്ചു നില്ക്കാന് അത്യാവശ്യം കൈയ്യില്‍ വേണ്ട പുസ്തകങ്ങള്‍ :
1.ഋഗ്വേദം: (മുനിമാരുടെ കൈയ്യീന്ന് നേരിട്ട് വാങ്ങിയതാണേല്‍ അത്യുത്തമം.) സംസ്കൃതത്തില്‍ ഒള്ളതുതന്നെ നോക്കി വാങ്ങുക. മലയാളത്തില്‍ ഒള്ളതീന്നു എടുത്തെഴുതിയാല്‍ ഒരു ഗുമ്മില്ല. സംസ്കൃതം അക്ഷരങ്ങള്‍ നോക്കി അതുമാതിരി ഒള്ള മലയാളം അക്ഷരങ്ങള്‍ടെ പടം വരച്ചുവെക്കാന്‍ അറിയില്ലെങ്കില്‍ മാത്രം മലയാളത്തിനു പോകുക. മുനിമാരുടെ കൈയിന്ന് വാങ്ങിയതാന്നു പറഞ്ഞാല്‍ വേറേ ഒരു അഡ്വാന്റേജ് കൂടെ ഒണ്ട് - നമ്മള് ഒന്നു രണ്ട് സ്ലോകങ്ങള്‍ ട്രേസ് പേപ്പര്‍ വെച്ച് വരച്ചിടുമ്പോള്‍ സ്ലോകത്തെപ്പറ്റി അറിയാവുന്ന വേറേ വല്ലവനും വന്നു തിരുത്തിയാല്‍ തന്നെ "എന്റെ ബുക്കിന്റെ ആദ്യത്തെ കൊറേ പേജ് കീറിപ്പോയി, അതുകൊണ്ട് ഇത് ഏത് വര്‍ഷം ബബ്ലിഷ് ചെയ്തതാന്നറിയില്ല. ചേലപ്പോ ചേട്ടന്റെ കൈയ്യിലൊള്ള എഡിഷനും എന്റെ എഡിഷനും വേറേ ആരിക്കും. അതുകൊണ്ട് പറ്റിയതാരിക്കും. ചേട്ടന്റെ പേപ്പര്‍ബാക്ക് ആണല്ലേ" എന്നൊക്കെപ്പറഞ്ഞ് ഉരുളാം.
2. ഉപനിഷത്തുകള്‍ . മേളില് പറഞ്ഞ നിബന്ധനകള്‍ ഇവിടേം ബാധകം.
3. ചരകസംഹിത: ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയില്ലേലും "പേജ് 43 ഗഡ്ഗം 14-ല്‍ പറയുന്നത്" എന്നൊക്കെ പറഞ്ഞ് എടക്കെടക്ക് എന്തേലും ഒക്കെ എടുത്ത് ചാമ്പുന്നത് ഒരു നല്ല ഇമേജ് തരും.മെഡിസിനുമായി പുലബന്ധമേലും ഒള്ള ഡിസ്ക്ഷന്‍ ആണേല്‍ ഇവിടുന്നെന്തേലും ക്വാട്ട് ചെയ്യാതെ നമ്മടെ പോയന്റ്സ് ഒന്നും അവതരിപ്പിക്കരുത്. ഓഫര്‍ വല്ലതും ഉണ്ടേല്‍ "സുശ്രുത സംഹിത" കൂടെ കോമ്പോ ആയി വാങ്ങുക. രണ്ട് സംഹിതകളും കൈയ്യില്‍ ഒണ്ടേല് ഒന്നാമത്തേതിന്റെ 43-ആം പേജിലെ 12-ആം ലൈനും മറ്റേതിന്റെ 77-ആം പേജിലെ 5-ആമത്തെ ലൈനും ഒക്കെ മിക്സ് ചെയ്ത് നമ്മക്ക് നമ്മടേതായ സ്ലോകങ്ങളും ഒണ്ടാക്കാം.
4. മനുസ്മൃതി: ഡിസ്കഷന് സ്ത്രീ/സംവരണം/മൈനോറിറ്റി/ഫെമിനിസം/തീവ്രഫെമിനിസം തുടങ്ങിയെ വിഷയങ്ങളിലേക്കു കടക്കുമ്പ ക്വോട്ട് ചെയ്യണ്ടത് ഇതീന്നാണ്.
5. അർഥശാസ്ത്രം: ഇത് ഏതൊക്കെ വിഷയങ്ങളില്‍ ഉപയോഗിക്കാം എന്നതിനെപ്പറ്റി വെല്ലി ധാരണ ഒന്നും ഇതുവരെ ബ്ലോഗില്‍ വന്നിട്ടില്ലേലും, ആര്‍ക്കുമൊന്നും മനസിലാവാത്ത ഒന്നു രണ്ട് ഡയലോഗുകള്‍ക്കു ശേഷം "അര്‍ത്ഥശാസ്ത്രത്തിന്റെ അര്ത്ഥതലങ്ങള്ക്കിന്നും വലിയ അര്ത്ഥ്യവ്യത്യാസങ്ങളൊന്നും വന്നിട്ടില്ലാ" എന്ന റേഞ്ചില്‍ ഓരോ കാച്ച് ഇടയ്ക്കും തലയ്ക്കും കാച്ചാവുന്നതാണ്.
6. കാമസൂത്ര: പ്രത്യേകിച്ച് വിഷയമൊന്നുമില്ലാതെ ഡിസ്കഷന്സ് ചുറ്റിതിരിയുമ്പോള്‍ വിഷയം ഒന്നു മദാലസമാക്കി എടുക്കാന്‍ ചുമ്മാ ക്വോട്ട് ചെയ്യുക. (ചര്‍ച്ചക്ക് ഉപയോഗം വന്നില്ലേലും ഒന്നുമില്ലേല്‍ ഒള്ള പടമെല്ലാം കണ്ടോണ്ടിരിക്കാം)
7. ഇന്ത്യന്‍ പീനല്‍ കോഡ്: ദില്ബന്റെ അഭിപ്രായത്തില്‍ ഇത് വളരെ അത്യാവശ്യമാണ്. എന്തു പറയുമ്പോളും "ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ മുന്നൂറ്റി ചില്വാനത്തില് പറയുന്നത്" എന്നും പറഞ്ഞോണ്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റുക എന്നത് ചില്ലറ കാര്യമാണോ? പിന്നെ ഇതു വാങ്ങുമ്പോള്‍ ഇതിന്റെ കൂടെ ഇന്ത്യന്‍ പ്രൈവസി ആക്ട്, ഇന്ത്യന്‍ ഫോട്ടോഗ്രാഫി ആക്ട്, ഇന്ത്യന്‍ പോര്‍ണോഗ്രാഫി ആക്ട് (എന്നു വേണ്ടാ ഇന്ത്യന്‍ പൂപ്പല്‍ ആക്ട് വരെ) ബേസിക്കലി, ഇന്ത്യേടേം ആക്ടിന്റേം ഇടക്ക് എന്തു കേറി കിടന്നാലും അതിന്റെ ഓരോ കോപ്പി വാങ്ങി വെക്കുക. എപ്പൊഴാ എന്താ ഉപയോഗം വരുന്നതെന്നാര്‍ക്കറിയാം?
8. കൊട്ടാരത്തില്‍ ശങ്കുണ്ണി വക ഐതിഹ്യമാല, അറബിക്കഥകള്‍ : ഘോരഘോരം വാഗ്വാദങ്ങളില്‍ വിലപ്പോവില്ലെങ്കിലും സമാധാനക്കാലത്ത് ഉപയോഗിക്കാന്‍ കൊള്ളാം.