Saturday, September 10, 2005

ഭാരത മഹാ മത്സരം

ഭീമൻ ഒന്നാം പോസ്റ്റിൽ നിന്നും രണ്ടാം പോസ്റ്റിലെക്കു നടന്നു. പാണ്ടവരുടെ വിശ്വസ്തനായ് ഗോൾ കീപ്പർ. പാണ്ടവരും കൌരവരും തമ്മിലുള്ള തർക്കങൾ തീർക്കാനുള്ള മഹാമത്സരമാണു നടക്കുന്നതു്. അവസാനത്തെ മത്സരം. ഭാരതവർഷത്തിലെ കേൾവികെട്ട കളിക്കാർ മുഴുവൻ ഇരു പക്ഷത്തുമായി അണി നിരക്കുന്ന, എല്ലാം അവസാനിപ്പിക്കാനുള്ള മത്സരം. ഇപ്പൊൾ കളി നടക്കുന്നതു കൌരവരുടെ ഭാഗത്താണ്‌. ദിവസങ്ങളുടെ കണക്കു വെക്കുന്നതു ഭീമൻ പണ്ടെ നിർത്തിയിരുന്നു.

മൈതാനമധ്യത്തിൽ ജ്യേഷ്ടൻ യുധിഷ്ടിരൻ എന്തോ ചിന്തയിൽ മുഴകി നിൽക്കുന്നു. ആളുകൾ അദേഹത്തിൽ സിനദീൻ സിദാനെ പോലെ മുന്നിൽ നിന്നു നയിക്കുന്ന ഒരു നായകനായാണു കാണുന്നതെന്നു ഭീമനറിയാമായിരുന്നു. പക്ഷെ തന്റെ കാഴ്ചപ്പാടിൽ ജ്യേഷ്ടൻ എന്നും തിയൊറി ഒൻറിയെ പോലെ വിചാരങളിൽ ഉന്നതനും പ്രവർത്തിയിൽ പുറകിലും ആയിരുന്നു. ജ്യേഷ്ടൻ തനിക്കു മനസിലാവാത്ത രാജ്യതന്ത്രങളുടെയും ഞ്യായാഞ്യായങ്ങളുടെയും പിന്നെ ചൂതിന്റെയും ഒക്കെ ഏതോ അഞാത ലോകങളിൽ അലഞ്ഞു നടക്കുകയായിരുന്നു എപ്പൊഴും. അന്നു പാണ്ടവരുടെ അഭിമാനം കൌരവസഭയിൽ അപഹരിക്കപ്പെട്ടപ്പൊൾ താൻ എല്ലാം അവസാനിപ്പിക്കാൻ തുനിഞതാണു. ജ്യേഷ്ടനാണു തടഞതു്. ഹാ! അതും തനിക്കു ഒരിക്കലും മനസിലാവാത്ത ചില ഞായവാദങ്ങൾ പറഞ്ഞു കൊണ്ടു്.

പതിവു പോലെ തന്റെ പ്രിയ അനുജൻ എതിർപക്ഷത്തു ഭീതി വിതക്കുന്നുണ്ടു്. രണ്ടു കാലുകൊണ്ടും ഒരേ പോലെ പന്ത് നിയന്ത്രിക്കാൻ പറ്റുന്നവൻ അർജുനൻ. പാണ്ടവനിരയുടെ സെന്റർ ഫൊർവർഡ്‌. പ്രധാന ആക്രമണകാരി. റൊനാൽഡൊ-യെ പോലെ പല സവിശേഷ വിദ്യകളും വശമുള്ളവൻ. റൊനാൽഡൊ-യ്ക്കു മിലെൻ ഡൊമിനിഗ്യസ്‌ എന്ന പോലെ അർജുനനും വിശ്വം മുഴുവൻ അറിയപ്പെടുന്ന ഒരു ഭാര്യ സുഭദ്രയും. എന്നും പേരും പ്രെശസ്തിയും ഗോൾ അടിക്കുന്നവനാണല്ലോ. പുറകിൽ നിന്നു കൊണ്ടു പാഞ്ഞു കയറുന്ന ശത്രുവിനെ ഒറ്റക്കു നേരിടുന്ന താൻ എല്ലായ്പ്പോഴും മറക്കപ്പെടുന്നുവോ?

മറ്റു രണ്ടു അനുജന്മാർ എവിടെ? നകുല സഹദേവന്മാർ. റൊബെർട്ടൊ ബാജിയോ-യെ പോലെ മുടി നീട്ടി വളർത്തി ഒരു പോണി ടെയിൽ ആയി കെട്ടിവെക്കാറുള്ള നകുലൻ. ഡേവിഡ്‌ ബെക്കാമിനെ പോലെ കേശാലന്കാരത്തിലും വ്സ്ത്രധാരണത്തിലും പല പുതിയ രീതികളും പരീക്ഷിക്കാറുള്ള സഹദേവൻ. കർണൻ അപമാനിച്ചു കഴിഞ്ഞു അവരുടെ മുഖങ്ങളും പെനാല്‌റ്റി പാഴാക്കിക്കളഞ്ഞതിനു ശേഷം* ബാജിയൊയുടെയും ബെഖമിന്റെയും മുഖങ്ങളും ഒരേ ദയനീയ ഭാവം അല്ലേ പ്രകടിപ്പിച്ചിരുന്നത്‌? അവർ തനിക്കെന്നും കൊച്ചു കുട്ടികളായിരുന്നു. എന്നാലിന്നാ കുരുന്നുകൾ മൈതാനത്തിൽ പൊടി പറത്തിക്കൊണ്ട് ശത്രുനിരകളിൽ നാശങ്ങൾ വിതച്ചു കൊണ്ടിരിക്കുകയാണ്.

കൌരവരുടെ ഒപ്പം ചേർന്നു കളിച്ചു തുടങ്ങിയ പരിശീലകൻ ദ്രോണാചാര്യരും പിതാമഹൻ ഭീഷ്മരും ഇന്നില്ല. തങ്ങളുടെ നായകനായി തുടങ്ങിയ തന്റെ പ്രിയ മിത്രം ധ്ര്യുഷ്ട്രധ്രുമ്യനും വിട വാങ്ങി കഴിഞ്ഞു. റൊബെർട്ടോ കാർലോസിനെ പോലെ പ്രതിരോധത്തിൽ തുടങ്ങി പിന്നെ പാർശ്വങ്ങളിൽ കൂടി കൊടുംകാറ്റിന്റെ വേഗത്തിൽ ഒരു കാട്ടു കുതിരയെ പോലെ ധ്ര്യുഷ്ട്രധ്രുമ്യൻ പാഞ്ഞു കയറുന്ന കാഴ്ച താൻ എത്ര വട്ടം ആസ്വദിച്ചിട്ടുണ്ടു്‌!!!

കളിയുടെ നിയമങ്ങൾ എല്ലാം അനുസരിച്ചിരുന്നു ആദ്യദിവസങ്ങളിൽ. പിന്നെ പതിയെ എവിടെയോക്കെയോ പിഴച്ചു തുടങ്ങി. പുറകിൽ നിന്നും ടാക്ക്ലിങ്ങ്, പന്തില്ലാത്ത എതിരാളിയെ പോലും വെട്ടി വീഴ്ത്തൽ എന്നിങ്ങനെ പല അടവുകലും ഇരു പക്ഷവും പരീക്ഷിച്ചു തുടങ്ങി. അതിലൊന്നായിരുന്നു പരിശീലകൻ ദ്രോണരെ വീഷ്ത്തിയതു്.

കളി പ്രതീക്ഷിച്ച വേഗത്തിൽ പുരോഗമിക്കുന്നില്ലെന്നു കണ്ട് ആരുടെയോ ഉപായമായിരുന്നു ഒരു ഡെയ്-അന്റ്-നൈറ്റ് ദിവസം, അധവാ രാത്രി മത്സരം. അന്നാണു തന്റെ ഉണ്ണി ബലി കൊടുക്കപ്പെട്ടത്. അന്നെ വരെ ആരും കാണിക്കാത്ത പല കേളീ വിദ്യകളും തന്റെ പ്രിയ പുത്രൻ ഘടോൽക്കചൻ അന്നു പ്രദർശിപ്പിച്ചിരുന്നു.എതിരാളികളെ മുഴുവൻ ഒറ്റക്കു നിഷ്പ്രഭമാക്കുന്ന പ്രകടനം. ഒടുവിൽ അവരുടെ കൂട്ടായ പ്രത്യാക്രമണത്തിൽ അവനും യാത്രയായി.

അതാ കൌരവ പടയിലെ ഒറ്റയാൻ കർണൻ എല്ലാവരെയും വെട്ടി നിരത്തി കൊണ്ടു തന്റെ നേരെ പാഞ്ഞു വരുന്നു. “തടുക്കട്ടെ... ഞാൻ അവനെ കാലപുരിക്കയക്കട്ടെ. കൊടുംകാറ്റുകളെ ചങ്ങലയ്ക്കൂ് ഇട്ടു നിയന്ത്രിക്കുന്ന ദേവാ, ശ്ക്തി നൽകൂ!!! “

അപ്പോൾ കാണികൾക്കിടയിൾ നിന്നും ആരോ ഉറക്കെ വിളിച്ചു "ഹിഗ്വിറ്റാ**!!!"

----------------------x-----------------------------x------------------------------------------------

* Baggio fired his penalty over the bars in 1994 USA World Cup finals against Brazil. Bekham missed a number of penalties in Euro 2004.

** Jose Rene Higuita Zapata was a Colombian goalkeeper.He is famed for inventing the "scorpion kick". On the pitch, Higuita is known for having an eccentric playing style, taking unnecessary risks, and he actively tries to score goals. He is also prone to blunders, and it was a mistake by him that knocked Colombia out of the 1990 World Cup

Tuesday, September 06, 2005

മൂന്നാം ഊഴം

"ഒരു ബീഡി കിട്ടിയിരുന്നെങ്കില്‍..." ഭീമന്‍ പിറുപിറുത്തു. ഈ റൊത്മാന്‍സ്‌, ഡേവിഡൊഫ്ഫ്‌ എന്നൊക്കെ പറഞ്ഞ്‌ വിദേശികള്‍ ഓരോന്നു പടച്ചു വിടുന്നതൊന്നും വായില്‍ വെച്ച്‌ രണ്ടു പുക എടുക്കാന്‍ കൊള്ളില്ല. ഇതു പോലത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ബീഡി തന്നെയാണ്‌ ഉത്തമം. വനത്തില്‍ വെച്ച്‌ മായന്മാരുടെ അടുത്തു നിന്നും കിട്ടിയ ശീലം. ഉറക്കമില്ലാത്ത രാത്രികളില്‍ ബീഡിയും പുകച്ചിരിയ്ക്കുന്നത്‌ പിന്നെ സ്ഥിരമായി.

മായന്മാരുടെ ഇടയില്‍ ചെന്നു പെടാനിടയായതിന്റെ കാരണം ഭീമന്റെ മനസിലേക്കു വീണ്ടും പതഞ്ഞു പൊങ്ങി. ഈരേഴു പതിനാലു ലോകങ്ങള്‍ വെട്ടിപ്പിടിച്ചാലും, ഈ ബ്രഹ്മാണ്ടം മുഴുവന്‍ ഇളക്കിമറിച്ചാലും ആ പക അടങ്ങും എന്നു തോന്നുന്നില്ല - സപ്തല്‍സരങ്ങള്‍ എടുത്താല്‍ പോലും. എന്തിനു സപ്തല്‍സരങ്ങള്‍, ജന്മജന്മാന്തരങ്ങള്‍ തന്നെ മതിയാവുമോ?

തങ്ങള്‍ക്കവകാശപ്പെട്ട രാജ്യം അപഹരിച്ചവര്‍. പലതവണ ചതിവില്‍ കൊല്ലാന്‍ ശ്രമിച്ചവര്‍. ഒന്നൊഴിയാതെ എല്ലാവനെയും കാലപുരിക്കയച്ചു. എന്നിട്ടും പക ബാക്കി. "ഞാന്‍ അതി ബലവാന്‍. അമാനുഷ്യ വീരന്‍. മദപ്പാടു കൊണ്ട ഗജവീരനോടു വരെ മല്‍പ്പിടുത്തം നടത്താന്‍ പോന്നവന്‍" ഭീമന്‍ അലറി. എന്നാണ്‌ താന്‍ മദപ്പാടിളകിയ ആനയോടു ദ്വൊന്തം ചെയ്തത്‌? ഭീമന്‍ മനസിലോര്‍ത്തു. എല്ലാം സ്തുതിപാടകര്‍ പാടി നടക്കുന്ന ഗാധകള്‍. പക്ഷെ ഒന്നുറപ്പാണ്‌ - ആ ശതം മുഴുവന്‍ ഒന്നിച്ചു വന്നാലും നിന്നെതിര്‍ക്കാന്‍ ഭീമനു കരുത്തു ബാക്കിയുണ്ടാവും. അവരോടു പൊരുതുമ്പോള്‍ മാത്രം ഭീമന്‍ തളര്‍ച്ചയറിയാറില്ല. കുട്ടിക്കാലം മുതല്‍ അവര്‍ ചെയ്തു കൂട്ടിയ ദ്രോഹങ്ങളെ കുറിച്ചു ഒരു മാത്ര ഓര്‍ത്താല്‍ മാത്രം മതി ഭീമനു മാസങ്ങളോളം, എന്തിനു വര്‍ഷങ്ങളോളം തളര്‍ച്ചയറിയാതെ പൊരുതാന്‍. പക! വെറുപ്പ്‌! അതാണു തന്നെ ഇതു വരെ നയിച്ചത്‌. നയിച്ചു കൊണ്ടിരിക്കുന്നത്‌.

കൊന്നു തള്ളി. ഒന്നൊഴിയാതെ എല്ലാത്തിനെയും. അതൊരു വാശി പോലെ ആയിരുന്നു. നൂറില്‍ ഓരോന്നും തന്റെ ഈ കൈകള്‍ കൊണ്ട്‌. ഈ കൈകളില്‍ കിടന്നു പിടഞ്ഞു പിടഞ്ഞു... അദ്രുശ്യനായ ഒരു ഇരയുടെ കഴുത്തു ഭീമന്റെ കൈകളില്‍ ഞെരിയുകയായിരുന്നു അപ്പൊള്‍. ഒരു പക്ഷെ നൂറു തികക്കാന്‍ പറ്റുമായിരുന്നില്ല - തന്റെ പകയുടെ ആഴം അറിയാവുന്ന അനുജന്മാരും സുഹൃത്തുക്കളും അവരെ തനിക്കായി മാറ്റി വെച്ചിരുന്നില്ലെങ്കില്‍. തനിക്കെവിടെ രാജ്യമോഹം? തനിക്കെന്ത്‌ ആഡംബര ഭ്രമം? സ്താനമാനങ്ങളില്‍ തനിക്കെവിടെ കംബം? ശത്രുവിന്റെ നെഞ്ചിലെ ചോര! അതൊന്നു മാത്രമാണു തന്നെ നയിച്ചിരുന്നത്‌. അതായിരുന്നു ഏക ലക്ഷ്യം. നെഞ്ചിന്‍കൂടു പിളര്‍ന്ന ചുടു ചോര ...

പതഞ്ഞു പൊങ്ങിയ ദേഷ്യം അടക്കാന്‍ വയ്യാതെ ഭീമന്‍ നദിക്കരയിലേയ്ക്കു നടന്നു. ജലം എന്നും തന്റെ ചങ്ങാതി ആയിരുന്നു. കാലും കയ്യും കെട്ടി, പായില്‍ ദേഹം പൊതിഞ്ഞു നദിയില്‍ ഒഴുക്കപ്പെട്ടപ്പോളും... ഇന്നു ഈ അര്‍ദ്ധരാത്രിയില്‍ സര്‍വ്വവും കഴിഞ്ഞു വിശ്രമിക്കുമ്പോളും. കഴുത്തൊപ്പം വെള്ളത്തില്‍ ഇങ്ങനെ ആണ്ടു കിടക്കാന്‍ എന്തു സുഖം. മനസിലെ കോപം ജലത്തില്‍ അലിയുന്നതു ഭീമൻ അറിഞ്ഞു. ഓളം വെട്ടി കൊണ്ടിരുന്ന മനസു ശാന്തമായി തുടങ്ങി. യാമങ്ങൽ കടന്നു പോയതറിഞ്ഞില്ല.

പുലര്‍കാലത്തെപ്പൊഴൊ ഭീമന്‍ നദിയില്‍ നിന്നും കയറി വന്നു. നേരെ തന്റെ കൂടാരത്തിലേക്കു നടന്നു. HP Pavillion LAP TOP തുറന്നു. firefox-ന്റെ ഒരു ജാലകത്തില്‍ http://www.blogger.com/ ടൈപ്പ്‌ ചെയ്തു. പുതിയ ഒരു ബ്ലൊഗ്‌ പ്രൊഫയില്‍ ഉണ്ടാക്കി.
Profile name : ആദിത്യൻ.
Blog Title: ആശ്വമേധം.

:-) ഇത്‌ ഇങ്ങനെ ഒരു പര്യവസാനത്തില്‍ കൊണ്ടെത്തിച്ചതിനു ക്ഷമിക്കണം. ജീവിതത്തില്‍ പല കാര്യങ്ങളും നാടകീയമായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവനാണു ഞാന്‍. ഈ ബ്ലൊഗ്‌ ലോകത്തെക്കു കാലെടുത്തു വെയ്ക്കുന്നതും നാടകീയമാക്കണം എന്നു തോന്നി പോയി. അവിവേകമായെങ്കില്‍ മാപ്പാക്കുക.

ഞാന്‍ അദിത്യന്‍.
അല്‍പ്പം വായിചിട്ടുണ്ട്‌. MT-യുടെ ഒരു ആരാധകന്‍. മുകളിലെ അവിവേകം രണ്ടാം ഊഴം വളച്ചൊടിച്ചതാണെന്നു പ്രെത്യേകം പറയണ്ടതില്ലല്ലോ. സാഹിത്യം ഇഷ്ടമാണ്‌. എഴുതാറില്ല. വായന ആണു ഇഷ്ടം.