(ഇവിടെ എഴുതാൻ പോകുന്ന നമ്പേഴ്സിൽ ചിലതെല്ലാം നിങ്ങളിൽ പലർക്കും ‘റിപീറ്റ്‘ ആയിരിക്കും. എന്നാലും എന്റെ ഒരു മനസമാധാനത്തിനെഴുതുന്നതാണ്. സദയം ക്ഷമിക്കൂ, സഹകരിക്കൂ. ഗർട്ടൻ പൊങ്ങുന്നു... )
“എല്ലാർക്കും കൂടി മെഡിക്കൽ കോളേജ് ജങ്ക്ഷനിൽ പോയി തട്ടു ദോശ അടിക്കാം” ഞങ്ങളെല്ലാം കൂടി ഹോസ്റ്റലിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഹോസ്റ്റൽ അലങ്കരിക്കുന്നതിന്റെ തിരക്കിലായിരുന്നു. രാത്രി മുഴുവൻ പുൽക്കൂടുണ്ടാക്കൽ, ലൈറ്റിങ്ങ് പിടിപ്പിക്കൽ ഇതൊക്കെ കഴിഞ്ഞ് ഏകദേശം രാവിലെ ഒരു നാലര ആയപ്പൊളാണ് കൂടെയുള്ള ഒരുത്തന് മേൽപ്പറഞ്ഞ വെളിപാടുണ്ടായത്. രാവിലെ അഞ്ചുമണിക്കു ഹോസ്റ്റലിൽ ബെഡ്‌കോഫി കിട്ടും. “ആർക്കുവേണമാ ലോക്കൽ കാപ്പി” എന്നും പറഞ്ഞ് എല്ലാരും കൂടി അഞ്ചാറു ബൈക്കുകളിലായി നേരെ മെഡിക്കൽ കോളേജ് ജങ്ക്ഷനിലേക്കു വെച്ചു പിടിച്ചു. അവിടെ ചെന്ന് തട്ടുകടയായ തട്ടുകടയെല്ലാം ദോശ അന്വേഷിച്ചു നടന്നു. നേരം വെളുത്തു തുടങ്ങിയതു കൊണ്ട് എല്ലായിടത്തും ഐറ്റങ്ങൾ എല്ലാം തീർന്നിരുന്നു. അവസാനത്തെ തട്ടുകടക്കാരനും ഇനി നല്ല ചൂട് കട്ടൻകാപ്പി മാത്രമേ ബാക്കിയുള്ളു എന്നു പറഞ്ഞപ്പോളാണു കൂടെയുള്ള ഒരുത്തനു ബോധം വീണത്. “കാപ്പി കുടിക്കാനാണെങ്കിൽ ഹോസ്റ്റലിൽ നല്ല ഒന്നാന്തരം പാൽക്കാപ്പി ഇല്ലെ? ഇതെന്തിനാ”... പിന്നെ ഒരു ബഹളമായിരുന്നു. ബൈക്കുകൾ തിരിക്കുന്നു, പറക്കുന്നു – ഹോസ്റ്റലിൽ കാപ്പി തീരുന്നതിനു മുന്നെ എത്താൻ....
ഈ റെയിഞ്ചു പിടിക്കുന്ന ഒരു പത്തു നൂറ്റമ്പതു പേർ ഒന്നിച്ചു താമസിച്ചുകൊണ്ടിരുന്ന ഒരു മനോഹര സ്താപനമാണ് കഥാനായകനായ(?) ഹോസ്റ്റൽ. ആർക്കും പ്രത്യേകിച്ചൊരു വെളിവും ഇല്ലാതിരുന്നതിനാൽ ജീവിതം പൊതുവെ രസകരമായിരുന്നു. വൈകുന്നേരമാകുമ്പോ ഏതെങ്കിലും ഒരുത്തൻ പറയും “അളിയാ പടത്തിനു പോകാം. --- സൂപ്പർ പടമാണെന്നാ കേട്ടത്“. കേട്ട പാതി കേൾക്കാത്ത പാതി അഞ്ചെട്ടെണ്ണം ബൈക്കുമായി ഇറങ്ങും. ഒരു തവണ ഞങ്ങൾ ഒരു പത്തിരുപതു പേർ ശ്രീകുമാർ തീയേറ്ററിൽ തെങ്കാശിപ്പട്ടണം കാണാൻ പോയി. ചെന്നതു താമസിച്ചായതിനാൽ സിനിമ വളരെ അടുത്തിരുന്നു വിശകലനം ചെയ്യാൻ പറ്റി. ഏറ്റവും ആദ്യത്തെ നിരയിലാണു സീറ്റ് കിട്ടിയത്. സ്ക്രീൻ അങ്ങനെ നീണ്ട് പരന്നു കിടക്കുന്നു. അറ്റവും മൂലയും മാത്രം കാണാം. പടം തുടങ്ങി കുറെ കഴിഞ്ഞപ്പോ ഏറ്റവും ഇടത്തെ മൂലക്കിരുന്ന ചാണ്ടി വലത്തെ മൂലക്കിരുന്ന തൊമ്മനോടായി ഉറക്കെ ചോദിച്ചു. “ഡാ തൊമ്മാ, സുരേഷ് ഗോപി സ്ക്രീനിന്റെ ഇങ്ങേ മൂലേന്നു ഒരുത്തനെ ഇടിച്ചിട്ടൊണ്ട്. അതപ്രത്താർക്കിട്ടാ കൊണ്ടേന്നൊന്നു നോക്കി പറഞ്ഞെ.”
ഹോസ്റ്റലിനെപ്പറ്റി പറയുമ്പോൾ മറക്കാനാവാത്ത ഒരു താരമുണ്ട്. കക്ഷിയെ നമുക്കു സെബാൻ എന്നു വിളിക്കാം. സെബാനു ഇൻഗ്ലീഷ് ‘നല്ല‘ വശമാണ്. അതിന്റെ പേരിൽ പാവത്തിനു കയറിയ ഗോളുകൾ ചില്ലറയല്ല. ഒരിക്കൽ മെഡിക്കൽ കോളേജിന്റെ രോമാഞ്ചമായിരുന്ന റഹിമിനെ ഏതോ പെണ്ണു ഫോണിൽ വിളിച്ചു. ഫോണിനടുത്തു തന്നെ ഇരിക്കുകയായിരുന്ന സെബാൻ, റഹീം ഒരു ബൈക്കിൽ എങ്ങോട്ടൊ പോകുന്നതു കണ്ടിരുന്നു. ഫോൺ എടുത്ത സെബാൻ പെണ്ണിനെ ഇമ്പ്രസ്സ് ചെയ്യിക്കാനായി ഇൻഗ്ലീഷിലൊരലക്കങ്ങലക്കി “റഹീം ജസ്റ്റ് പാസ്‌ഡ് എവെയ്“.
വേറെ ആൾക്കാർക്കു ഫോൺ വരുമ്പോൾ “പ്ലീസ് ഹോൾഡ് ദി ലൈൻ“ എന്നോ അല്ലെങ്കിൽ “പ്ലീസ് കോൾ ആഫ്റ്റർ 5 മിനിട്ട്‌സ്“ എന്നും ഒക്കെ ഫോണെടുക്കുന്നവർ പറയുന്നതു സെബാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ വേറെയാർക്കോ വന്ന ഫോൺ എടുത്ത സെബാൻ രണ്ടും കൽപ്പിച്ചൊരു കാച്ചങ്ങു കാച്ചി “പ്ലീസ് ഹോൾഡ് ആഫ്റ്റർ 5 മിനിട്ട്‌സ്“. പിന്നെയൊരിക്കൽ സെബാൻ കോവളം ബീച്ചിൽ പോയി. ഒരു മദാമ്മ ഫാന്റാ വാങ്ങുന്നതു കണ്ട സെബാൻ ഒരു കോള വാങ്ങി. ഫാന്റാ കുടിച്ചു കഴിഞ്ഞ് കുപ്പി തിരിച്ചു കൊടുത്തുകൊണ്ട് മദാമ്മ പറഞ്ഞു “ഫാന്റാസ്റ്റിക്“. സെബാനും ഒട്ടും വിട്ടുകൊടുത്തില്ല “കോളാസ്റ്റിക്“.
സെബാനുമുണ്ടായിരുന്നു ഒരു മധുമൊഴിരാധ. അവർ തമ്മിൽ പരിചയപ്പെട്ട കഥ ഹോസ്റ്റലിൽ വളരെ പ്രശസ്തമായിരുന്നു. ക്ലാസിൽ എന്തോ എഴുതിക്കൊണ്ടിരുന്ന കഥാനായികയെ സമീപിച്ച സെബാൻ ധൈര്യം മുഴുവൻ സംഭരിച്ചൊരു ചോദ്യമങ്ങു ചോദിച്ചു “കുട്ടിക്കെന്റെ പേരറിയാമോ?” ഒന്നും മനസിലാവാത്ത കുട്ടി ഇല്ല എന്നു മറുപടി പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ടാണ് സെബാൻ അടുത്ത ഡയലോഗ് പറഞ്ഞത്. “വാട്ടെ കോയിൻസിഡെൻസ്, എനിക്കു കുട്ടീടെ പേരും അറിയില്ല.” ഏതായാലും അതൊരു നല്ല തുടക്കമായി. അവർ കൂട്ടായി, വള്ളിയായി, വള്ളിക്കെട്ടായി. ഒരു ദിവസം കഥാനായിക ബസ് സ്റ്റാൻഡിൽ ലേഡീസിനിടക്കു നിൽക്കുന്നതു കണ്ട സെബാൻ വടക്കൻ വീരഗാഥയിൽ മമ്മൂട്ടി കുതിര ഓടിക്കുന്നതു പോലെ ഒറ്റക്കൈ കൊണ്ടൊക്കെ ഡ്രൈവ് ചെയ്ത് ബൈക്കു നായികയുടെ അടുത്തു ചവിട്ടി നിർത്തി. എന്നിട്ടൊരു ചോദ്യം “മേ ഐ ലിഫ്റ്റ് യു”. ലിഫ്റ്റ് വേണോ എന്നാണു സെബാൻ ഉദ്ദേശിച്ചത്.
പിന്നെ വേറൊരു കിടിലമാണ് സണ്ണി. എവിടെയോ പോകാൻ തുടങ്ങുകയായിരുന്ന ഒരു കൊട്ടാരക്കരക്കാരനെ പിടിച്ചു നിർത്തി സണ്ണി ചോദ്യം ചെയ്യൽ തുടങ്ങി. “മച്ചൂ, ഈ കൊട്ടാരക്കരക്ക് ഇവിടുന്ന് എത്ര ദൂരമുണ്ട്?” ഏകദേശം 60 കിലോമീറ്റർ എന്നു മറ്റവൻ മറുപടി പറഞ്ഞു. ദേ വരുന്നു സണ്ണീടെ അടുത്ത ചോദ്യം “മച്ചൂ, നല്ല സ്പീഡിൽ പോയാൽ എത്ര കിലോമീറ്റർ കാണും?”.
ഈ സണ്ണി വിവരസാങ്കേതികവിദ്യയുടെ കാര്യത്തിൽ അതിവിജ്ഞാനിയായിരുന്നു. റിയാസിന്റെ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ് ഹോസ്റ്റലിലാർക്കുമറിയാത്ത ഒരു രഹസ്യമായിരുന്നു. ഒരു ദിവസം കിഴക്കു വെള്ള കീറിയതു സണ്ണി “യൂറേക്കാ” എന്നും വിളിച്ചു ഹോസ്റ്റൽ മുഴുവൻ ഓടിനടക്കുന്നതു കണ്ടുകൊണ്ടായിരുന്നു. ആരൊക്കെയോ സണ്ണിയെ പിടിച്ചു നിർത്തി “ന്താണു നീ കണ്ടു പിടിച്ചത്“ എന്ന സ്വാഭാവിക സംശയം ച്വോദിച്ചു. “റിയാസിന്റെ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ് കിട്ടി, രാവിലെ റിയാസ് പാസ്സ്‌വേർഡ് എന്റർ ചെയ്യുമ്പോ ഞാൻ പുറകീന്നു ഒളിഞ്ഞുനോക്കി കണ്ടു പിടിച്ചു” സണ്ണി വളരെ ഖുഷിയായി എല്ലാരോടുമായി പ്രഖ്യാപിച്ചു. “ന്താണു പാസ്സ്‌വേർഡ്?” എല്ലാർക്കും അതറിയണം. സണ്ണി വളരെ അഭിമാനത്തോടെ, ഒരു പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുന്ന ഗൌരവത്തിൽ കൈയിൽ ഒക്കെ എണ്ണിക്കൂട്ടി നോക്കിയിട്ട് - “ആറു സ്റ്റാർ“.
ഹോസ്റ്റലിൽ മെസ്സ് നടത്തുന്നത് സ്റ്റുഡന്റ്സിന്റെ ഒരു കമ്മറ്റിയാണ്. ഒരു മാസം മെസ്സ് കമ്മറ്റിയിൽ അതു വരെ സെൻട്രൽ സ്കൂളിൽ മാത്രം പടിച്ച് ഇൻഗ്ലീഷിൽ മാത്രം മൊഴിയുന്ന സോണിയും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ നാലു മണിക്കെഴുനേറ്റ് മെസ്സ് കമ്മറ്റിയിലെ നാലു പേർ പാങ്ങോട് ചന്തയിലേക്ക് മീൻ വാങ്ങാൻ പുറപ്പെട്ടു. പാങ്ങോട് ചന്തയിലെ തിരക്കെല്ലാം കണ്ട് വണ്ടറടിച്ചു നാല്‌വർ സംഘം ഒരു മീൻകാരിയുടെ അടുത്തെത്തി വിലപേശാൻ തുടങ്ങി. പെട്ടെന്നാണു അവിടെ വിൽക്കാൻ വെച്ചിരിക്കുന്ന തെരണ്ടി മീൻ സോണിയുടെ കണ്ണിൽപ്പെട്ടത്. അടുത്തു നിന്നവനെ തോണ്ടി തന്റെ വിജ്ഞാനം കാഴ്ച വെച്ചു. “യു നോ, ദിസ് ഈസ് ദാറ്റ് കൈൻഡ് ഓഫ് ഫ്ലാറ്റ് ഫിഷ് വിച്ച് യു ഗെറ്റ് ഫ്രം ദി ഔട്ടർ സീ”. മീൻകാരി എണീറ്റു നിന്നോരാട്ടാട്ടി, “ഫാ!!!, ഡബിൾ ഡാഷ് മോനെ, ^&$%%ളീ, വെളുപ്പിനേ വെറും വയറ്റിൽ ഇൻഗ്രീസു പറഞ്ഞു പേടിപ്പിക്കുന്നോടാ $#*@& മോനേ, മീൻ വേണേ മേടിച്ചോണ്ടു വീട്ടീ പോടാ കള്ള @#$@#$“. സോണി ജീവിതത്തിൽ അതു വരെ കേട്ട എല്ലാ തെറിയും കൂട്ടിയാലും ഗ്യാപ്പ് വീണ്ടും കിടക്കുന്ന തരത്തിലുള്ള ഒരു ഒന്നൊന്നര ഒന്നേമുക്കാൽ വിളി. അതിൽ പിന്നെ ഹോസ്റ്റലിൽ നിന്നും വെളിയിലിറങ്ങിയാൽ സോണി ഇൻഗ്ലീഷ് പറഞ്ഞിട്ടില്ല.
ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ ഇതേ പോലെ മറക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ ബാക്കിയെല്ലാം മറന്നുപോയി ;-)... ഒരു പാട്ടും പാടി ഞാൻ പോകുന്നു
“...ആ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി...”
6 comments:
എന്റെയൊരു കൂട്ടുകാരന്‍, നിന്റെ സണ്ണിയെ പോലെ.
ഞാന്‍: ബൈക്ക് എങ്ങിനെ?
അവന്‍: ജങ്കാറ് അല്ലെ..
ഞാന്‍: മൈലേജ് എത്രയുണ്ട്?.
അവന്‍: ടിപ്പു സുല്‍ത്താന്‍ റോഡിലൂടെ ഓടിച്ചപ്പോള്‍ 90 വരെ കിട്ടി.
അതെങ്ങിനെ മനസ്സിലായി?
അവന്‍: അതല്ലെടാ ഈ കുന്തം നമ്മള്‍ വണ്ടി ഓടിക്കുമ്പോ കാണിക്കുന്നത്..
(ഏത്..സ്പീഡോമീറ്ററേ..)
ആദിത്യാ..കലക്കി..പോസ്റ്റ് സ്പാറി..
(സണ്ണി അടുത്ത ക്യൂബിക്കിളില്‍ ഒന്നും ഇല്ലല്ലോ അല്ലെ?)
ജംബുലാണ്ടി സാധനം!! ഇനീം ഈ ടൈപ്പ് ഉണ്ടെങ്കില്‍ പോരട്ടെ മാഷേ!!
താങ്ക്യൂ ഇക്കാ...
ബൈക്ക്, മൈലേജ് എന്നൊക്കെപ്പറഞ്ഞപ്പോളാണ് വേറെ ഒരു ചങ്ങാതീനെ ഓർമ്മ വന്നത്. ചങ്ങാതി ഒരു യമഹ YBX വാങ്ങി. മൈലേജ് എത്ര എന്നു സ്തിരം ചോദ്യത്തിനു മുന്നിലൊന്നും ചങ്ങാതിക്കൊരു കുലുക്കവുമില്ല. “ഡാ, ഞാൻ 3 ലിറ്റർ പെട്രോൾ അടിച്ചു. ആദ്യത്തെ ലിറ്റെറിന് 60 കിലോമീറ്റർ കിട്ടി. രണ്ടാമത്തെ ലിറ്ററിന് 62 കിലോമീറ്റർ കിട്ടി.” അത്രയും പറഞ്ഞു ചങ്ങാതി നിർത്തിയപ്പൊ അവസാനത്തെ ലിറ്ററിനെത്ര കിട്ടി എന്നു ഞങ്ങൾ ചോദിച്ചു. അവന്റെ ചമ്മിയ മറുപടി “ആ അവസാനത്തെ ലിറ്റർ കാണാണ്ടായി”...
ഒരു ജാതി അലക്കായിട്ടിണ്ടിഷ്ടാ. ഒന്നുകൂടി ഓര്‍ത്തുനോക്കൂ. ബാക്കിയുള്ളതുകൂടി ഇങ്ങു പോരട്ടെ.
“...ആ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി...”
ശരിയാണ് ആദിത്യാ..
പഴയ സ്കൂൾ-കോളേജ് ജീവിതത്തെക്കുറിച്ചോർക്കുമ്പോൽ ഇങ്ങനെ പാടാനും ഒപ്പം ഒത്താൽ ഒന്ന് തിരികെപ്പോകാനും വല്ലാതെ ആശിച്ചിട്ടുണ്ട്..!
adipoli maashe !!
especially colastic !! kidilam chalams. keep it going
flaash
Post a Comment