Thursday, June 21, 2007

ഒരു അത്മകഥ - സിസിലിക്കുട്ടിയുടെ ചാര്‍ളിയേട്ടന്‍*

*ഇന്നു വരെ ഒരു പെണ്ണും എന്നെ ചേട്ടാ എന്നു വിളിച്ചിട്ടില്ല. എന്നാലും ഇതെന്റെ ആത്മകഥയല്ലേ. എനിക്കു തോന്നുന്ന പേര്‌ ഞാനിടും. ആഹാ...

എന്റെ പേരു ചാര്‍ളി ഗോമസ്. എന്നെ നിങ്ങള്‍ അറിയില്ല. അല്ലെങ്കില്‍ അറിഞ്ഞിരുന്നില്ല. പാലാ ടൌണില്‍ വട്ട് കളിച്ചും പാരലല്‍ കോളേജില്‍ എക്കണോമിക്സ് ബിരുദം എടുത്തും നടന്നിരുന്ന ഞാന്‍ ഒരിക്കല്‍ ഒരു വനോരമ അച്ചായനു കാറ് തള്ളാന്‍ സഹായിച്ചതിനു തുടന്ന് എഴുത്തുകാരന്റെ ജോലിയില്‍ പ്രവേശനം കിട്ടിയവന്‍. ആദ്യം വനോരമ എന്ന് വെണ്ടക്കാ അക്ഷരത്തില്‍ ബോര്‍ഡേഴുത്തായിരുന്നു ജോലി. പിന്നേയും ഒരുപാട് കഠിന ജോലികളായ കാറ് കഴുകല്‍, പേര്‍സ് എടുത്തുകൊടുക്കല്‍, ചായ വാങ്ങിക്കൊടുക്കല്‍ അങ്ങിനെ നിത്യേനെ നന്നായി ചെയ്തു പോന്നതിനാല്‍ എനിക്ക് അടിക്കടി സ്ഥാനക്കയറ്റം കിട്ടുകയും ഞാന്‍ ലൈഫ് സ്റ്റൈല്‍ എന്ന ഒരു കോളം എഴുതാന്‍ സീറ്റില്‍ നിക്കേപിക്കപ്പെടുകയും ചെയ്തു.

എങ്ങിനെ കോളം എഴുതും അത് വരക്കുകയല്ലേ ചെയ്യുക എന്ന് ചോദിച്ച എന്നോട് ഒരു കെട്ട് ഇംഗ്ലീഷ് മാഗസിനുകള്‍ കാണിച്ച് തന്നിട്ട് അവിടെന്നും ഇവിടെന്നും ഒരു പേജിലെ ആദ്യത്തെ പാരഗ്രാഫും, മൂന്നാമത്തെ പേജിലെ നാലമത്തെ പാരാഗ്രാഫും വെട്ടി എടുക്കകയും അത് വെളിയില്‍ കൊണ്ട് പോയി തര്‍ജ്ജമ ചെയ്യിപ്പിക്കുകയും ചെയ്താല്‍ മതിയെന്ന് മൊയലാളി പറഞ്ഞു തന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഒരു ഡിഗ്രി ഒക്കെ തട്ടിക്കൂട്ടി, മുട്ടത്തു വര്‍ക്കിയുടെയും ഏറ്റുമാനൂര്‍ ശിവകുമാറിന്റെയും ഒക്കെ ഉദാത്ത രചനകള്‍ വീണ്ടും വീണ്ടും വായിച്ച് മനോരാജ്യം കണ്ടു നടന്ന സമയത്ത് എങ്ങനെയോ അബദ്ധവശാല്‍ എന്റെ ജോലി അങ്ങിനെ സ്ഥിരമായി. ഒരു കത്രികയും കുറച്ച് ഇംഗ്ലീഷ് മാഗസിനുകളും ഒരു നല്ല തര്‍ജ്ജമക്കാരനും ഉണ്ടെങ്കില്‍ എനിക്കും ഒരു കോളം എഴുത്തുകാരനാവാമെന്ന സത്യം ഞാനന്ന് മനസ്സിലാക്കി.

ഒരു കാര്യം പറയാമല്ലോ. എനിക്ക് പത്തുമുപ്പത് വയസായി. ഇതേ വരെ കൂടെ പഠിച്ചതോ നാട്ടില്‍ അയല്‍വക്കത്തുള്ളതോ കൂടെ ജോലി ചെയ്യുന്നതോ ആയ ഒരു പെണ്ണിന്റെ പോലും മുഖത്തു നോക്കി സംസാരിക്കാനുള്ള ധൈര്യം എനിക്കു കിട്ടിയിട്ടില്ല. വീട്ടുകാരല്ലാതെ ഒരു പെണ്ണും എന്നോടിന്നു വരെ ഒന്നും ഇങ്ങോട്ടു സംസാരിച്ചിട്ടും ഇല്ലാത്തതിനാല്‍ എനിക്കങ്ങനെ ഒരു വിഷമസന്ധിയില്‍ ചെന്നു പെടേണ്ടി വന്നിട്ടുമില്ല. എന്നിരുന്നാലും ഞാന്‍ വായിച്ച പൈങ്കിളി കഥകളിലെ നായികമാരായി എനിക്കറിയാവുന്ന പെണ്ണുങ്ങളെ സങ്കല്‍പ്പിക്കാനും അങ്ങനെയുള്ള ഉദാത്ത സങ്കല്‍പ്പങ്ങള്‍ ബുക്കുകളില്‍ എഴുതിവെയ്ക്കാനും ഞാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. അങ്ങിനെയെങ്കിലും എനിക്ക് അവരോട് സംസാരിക്കമല്ലൊ. ഞാന്‍ ഒരു മഹാനായിട്ടായിരുന്നു എന്റെ ബുക്കില്‍ എപ്പോഴും. എന്റെ കഥകളിലെ പെണ്ണുങ്ങള്‍ എന്നെയെന്നും ആരാധനയോടെ കണ്ടു പോന്നു.

എന്റെ മറ്റൊരു പണി എന്നു പറഞ്ഞാല്‍. ലോകത്തെന്തു കാര്യം നടന്നാലും ഞാന്‍ എന്റെ ഓഫീസ് റൂമിലിരുന്ന് റിപ്പോര്‍ട്ടെഴുതും. ഏയ്, ബിബിസിയും സി എന്‍ എന്നും ഒന്നും എനിക്ക് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാവില്ല. അതിനൊക്കെ ഞങ്ങളുടെ ആപ്പീസില്‍ കൊള്ളാവുന്ന ആമ്പിള്ളേരുണ്ട്(ചാര്‍ളി ഗോമസല്ല) {ഛേയ്യ്!! ബ്രാക്കറ്റ് മാറിപ്പോയോ?ചളമായോ? ആരെപ്പറ്റി എഴുതിയാലും ബ്രാക്കറ്റില്‍ ചാര്‍ളിയല്ല, ചാര്‍ളിയാണോ, ഇനി ചാര്‍ളിയായേക്കുമോ എന്നൊക്കെ എഴുതുക എന്നത് എന്റെ ഒരു സ്റ്റൈലാണ്‌. ചാര്‍ളി ഗോമസ് അങ്ങനേ ചെയ്യൂ...}. അവര്‍ അത് കണ്ട് എനിക്ക് കഥ പറഞ്ഞു തരും. ആ കഥ വായിച്ച് ഞാന്‍ അന്തം വിടും. പാല ടൌണിലും കോട്ടയം ടൌണിലും വലിയ വലിയ ടൌണുകളെ പറ്റിയൊക്കെ ഞാന്‍ അങ്ങിനെയാണ് കേട്ടത്. ഇതു വരെ പരപ്പനങ്ങാടിയ്ക്കപ്പുറം പോയിട്ടില്ലാത്ത ഞാന്‍ രണ്ട് ഏഷ്യന്‍ ഗെയിംസ് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തേനെ, എന്നാ പറയാനാ, വിവരമുള്ളാവര്‍ പറയുന്ന കഥ കേട്ടേഴുതാന്‍ നല്ല രസമാണ്.

പിന്നെ എന്റെയും എന്റെ പ്രസ്ഥാനത്തിന്റെയും മറ്റൊരു ഹോബി എന്നു പറഞ്ഞാല്‍ കേരളത്തില്‍ നടക്കുന്നതും നടക്കാത്തതുമായ ഏതൊരു കാര്യത്തെപ്പറ്റിയും ലേഖനപരമ്പരകള്‍ എഴുതിവിടുക എന്നതാണ്. ഇന്വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്നോ മറ്റോ സായിപ്പന്‍മാര്‍ പറയുമത്രെ. പക്ഷെ ഞാനും എന്റെ കൂട്ടുകാരും അവന്‍മാരെയൊക്കെ മലത്തിക്കളയും. കര്‍ണ്ണാടകത്തിലെ നേഴ്സുമാരെപ്പറ്റി സീരിയല്‍ എഴുതിയ എന്റെ ഫ്രണ്ട് താഴത്തങ്ങാടി പോക്കര്‍ ഇന്നേ വരെ കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു നേഴ്സിന്റെ അടുത്തു പോലും സംസാരിച്ചിട്ടില്ല, പിന്നെയാണ്‌ കര്‍ണ്ണാടക.... അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇതിനൊക്കെ ഡാറ്റാ എവിടുന്നാണെന്ന്... ഞങ്ങക്കെന്താ വട്ടൊണ്ടോ? കാശു മൊടക്കി വണ്ടി പിടിച്ച് പൊടീം അടിച്ച് കൊതുകു കടീം കൊണ്ട് അവിടെയൊക്കെ പോയി അവരുടെയൊക്കെ ഡാറ്റാ കളക്ട് ചെയ്യാന്‍... ഇപ്പോ നേഴ്സ് , കര്‍ണ്ണാടക എന്നൊക്കെപ്പറഞ്ഞാ നമ്മക്കൊരു ഐഡിയാ കിട്ടൂലെ? അതു വെച്ചൊരു കാച്ചങ്ങോട്ട് കാച്ചും. പിന്നെ എന്തു സീരിയല്‍ എഴുതിയാലും എല്ലാ ലക്കത്തിലും എന്തേലും മസാല കയറ്റുകാന്നുള്ളത് ഞങ്ങടെ ഒരു പോളിസിയാ. അല്ലേല്‍ സര്‍ക്കുലേഷന്‍ എങ്ങനെയാന്നേ കൂട്ടുന്നെ? കേരളത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ മീന്‍ പൊതിയാനെടുക്കുന്ന പ്രാദേശിക ദിനപ്പത്രം എന്ന റെക്കോര്‍ഡ് ഞങ്ങള്‍ക്ക് നിലനിര്‍ത്തണ്ടതാ...ഇപ്പോ നേഴ്സിനെപ്പറ്റി എഴുതിയാല്‍ എന്തോരം സ്കോപ്പാണെന്നൊ മസാലയ്ക്ക്. മുട്ടുചിറേന്നുള്ള സാറാമ്മ നേഴ്സിന്‌ ബെല്ലാരിയില്‍ നിന്നുള്ള രാജ ഡോക്ടറുടെ പീഡനം എന്നു ഞാന്‍ എഴുതിയാല്‍ അല്ലാന്നു നിങ്ങള്‍ക്കു പറയാന്‍ പറ്റുവോ? നിങ്ങക്കു തെളിവുണ്ടോ? ആ, അതാണ്. എന്ത് വേണമെങ്കിലും ഞങ്ങടെ പൊതു കക്കൂ...സോറി....പൊതു ആപ്പീസില്‍ നിന്ന് പടച്ച് വിടാം. അത്രക്കും ധൈര്യം ഞങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്കൊ?

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ "ജയന്‍ വന്ന വഴി"യും "ട്രെയിന്‍ പോയ വഴി"യും ഒക്കെ ഉട്ടോപ്യാടെ മാപ്പില്‍ വരച്ച് അടയാളപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ്‌ എന്റെ മൊതലാളി വിളിച്ചിട്ട് ഇന്റര്‍നെറ്റ് എന്നൊരു സാധനം ഒണ്ടെന്നു പറഞ്ഞു തന്നത്... അന്നാ ഞാന്‍ ആ വാക്ക് ആദ്യം കേള്‍ക്കുന്നെ... മൊയലാളി മുറീക്കൊണ്ടേ ഒരു ടീവിയും ടൈപ്പ്-റൈറ്ററും കാണിച്ചിട്ട് പറഞ്ഞു അതാ ഇന്റര്‍നെറ്റെന്ന്... സംഭവം കൊള്ളാല്ലോ, ഏതേലും സിനിമ കാണാല്ലോ എന്നൊക്കെ ഓര്‍ത്തു ഞാന്‍ വെറുതെ നോക്കി നിന്നു..എനിക്ക് മുഴുവന്‍ തേങ്ങ കിട്ടീട്ട് എന്തു കാര്യം? പിന്നെ മൊയലാളി ടീവി ഓണ്‍ ചെയ്ത് ടൈപ്പ് റൈറ്ററില്‍ എന്തൊക്കെയോ കുത്താന്‍ തുടങ്ങി... അപ്പൊഴാണ്‌ അതൊരു കമ്പ്യൂട്ടര്‍ ആണെന്നു എനിക്കു മനസിലായത്. അതിനു മുന്നെ കമ്പ്യൂട്ടര്‍ കണ്ടിട്ടുള്ളത് 'പത്രം' സിനിമേല്‍ മാത്രമാണേയ്. കമ്പ്യൂട്ടറിന്റെ ഉള്ളിലുള്ള എന്തോ സംഭവമാണീ ഇന്റര്‍-നെറ്റെന്ന് മൊയലാളി അപ്പൊഴാണ്‌ എനിക്ക് പറഞ്ഞു തന്നെ. (കൊച്ചു കള്ളന്‍, എല്ലാം അറിയാവുന്നതു പോലെയാ ഭാവം... കഴിഞ്ഞ മാസം ജെര്‍മ്മനീപ്പോയപ്പഴാ മൊയലാളി ഇത് ആദ്യമായിട്ട് കാണുന്നതെന്ന് എനിക്കറിയാവുന്നതല്ലേ)

അരമണിക്കൂറു കൊണ്ട് മൊയലാളി കുത്തിക്കുത്തി എന്തൊക്കെയോ പേജുകള്‍ എടുത്തു കാണിച്ചു. ഹയ്യോടാ മലയാളം ഒക്കെ പേജില്‍. കാലം പോയ പോക്കേ... പണ്ട് ടൈപ്പ് പഠിക്കാന്‍ ചെന്നപ്പോ അവിടുത്തെ ചേച്ചി പറഞ്ഞ് ഇംഗ്ലീഷ് അറിയാമ്പാടില്ലേല്‍ ടൈപ്പ് പഠിച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ലെന്ന്... അന്നത്തോടെ ടൈപ്പ് റൈറ്ററും കമ്പ്യൂട്ടറും കണ്ടാല്‍ എനിക്ക് ചൊറിഞ്ഞ് വരുവാരുന്നു... ഇതിപ്പോ മലയാളത്തിലായതു കൊണ്ടു കൊള്ളാം. മലയാളത്തിലൊള്ള ഒരു പേജ് കാണിച്ചിട്ട് മൊയലാളി പറഞ്ഞു അതൊരു ബ്ലോഗാണെന്ന്. ബ്ലോക്കാഫീസ്, റോഡ് ബ്ലോക്ക്, വെള്ളത്തിന്റെ പൈപ്പില്‍ ബ്ലോക്ക് എന്നൊക്കെയല്ലാതെ ബ്ലോഗ് എന്നൊരു വാക്ക്, അള്ളാണേ, ഞാന്‍ കേട്ടിട്ടില്ലാരുന്നു. പിന്നെ മൊയലാളി തന്നെ അതിന്റെ മലയാളം ബൂലോകം ആണെന്നു പറഞ്ഞു തന്നു...യെന്തരോ യെന്തോ...

ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എന്നേ ഇത്രേം സാധനങ്ങളൊക്കെ എന്നാത്തിനാ കാണിക്കുന്നേന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. സത്യം പറയാവല്ലോ, ഞാനും അതു തന്നെയാ വിചാരിച്ചോണ്ടിരുന്നേ..അപ്പൊഴല്ലേ മൊയലാളി സംഭവം പറഞ്ഞേ. ഈ ബ്ലോഗുകള്‍ ഇങ്ങിനെ വളര്‍ന്നാല്‍ നമ്മുടെ കഞ്ഞിയില്‍ പാറ്റയാവും മോനേയെന്ന്. ബ്ലോഗില്‍ എഴുതുന്നതൊക്കെ വായിച്ച് മൊയലാളി കണ്ണ് തള്ളിപ്പോയി. പക്ഷെ അന്നും എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് ഏറ്റുമാനൂര്‍ ശിവകുമാരും മറ്റും പറയുന്നതേ ഇതു വരെ മനസ്സിലായിട്ടുള്ളൂ. മൊയലാളി പറഞ്ഞു. ഇവന്മാരെ അധികം വളര്‍ത്തരുത്. ഇപ്പോള്‍ നല്ല സ്നേഹമായിട്ട് ഇവരൊക്കെ പോകുന്നു. നമ്മള്‍ പത്രക്കര്‍ക്ക് ഉള്ളതുപോലെ നാറിയ കളികളൊ, കാലു വാരലോ, കുത്തിത്തിരുപ്പൊ ഇല്ലാത്ത ലോകം. അവന്മാരെ ഒളിഞ്ഞും തെളിഞ്ഞും നാറ്റിക്കണം. അതാണല്ലൊ വനോരമ പത്രധര്‍മ്മം. മലയാളം ബൂലോകത്തെപ്പറ്റി ഞാന്‍ ഒരു ലേഖനം എഴുതണം പോലും... ഓ ഇത്രേമൊള്ളാരുന്നോ? സിമ്പിള്‍... ഇതിനാണോ മൊയലാളി ഈ പാടൊക്കെപ്പെട്ടത്, മൊയലാളി ഒരു വാക്കു പറഞ്ഞാപ്പോരാരുന്നോ, ഈ ചാര്‍ളി ഗോമസ് എത്ര ലേഖനം വേണേല്‍ എഴുതിത്തരൂല്ലാരുന്നോ? അതിനാണോ ഇതൊക്കെ എന്നെ കാണിച്ച് വെറുതെ സമയം കളഞ്ഞെ... യെന്താ സംഭവം എന്ന് എനിക്ക് യേകദേശം ഒരു ഐഡിയ ഇട്ടു തന്നാപ്പോരെ, ബാക്കി ഞാന്‍ പൊളിച്ചടുക്കൂലേ? ഇപ്പോ, മൊസപ്പൊട്ടാമയിലെ കടലാമകളെക്കുറിച്ച് നിങ്ങക്ക് ലേഖനം വേണോ? അല്ലേല്‍ മൊസാര്‍ട്ടിന്റെ പതിനേഴാമത്തെ സിംഫണിയെപ്പറ്റി വേണോ? യിപ്പോ ശരിയാക്കിത്തരാം.

ഞാനെന്റെ പേനയും പെന്‍സിലും എടുത്തു. അക്ഷരമെല്ലാം നേരെചൊവ്വേ അറിയാത്തതു കൊണ്ട് ഒരു എഞ്ചുവടി ഞാന്‍ എപ്പോഴും പോക്കറ്റിലിട്ടോണ്ടിരിക്കും. അതും പുറത്തെടുത്തു. പേനയും പെന്‍സിലും കൂടെ എന്തിനാന്നോ? ആദ്യം തന്നെ പേനകൊണ്ട് എഴുതിയാല്‍ ചെലപ്പോ അക്ഷരം നേരെചൊവ്വേ വരൂല്ല. എഞ്ചുവടി നോക്കി പെന്‍സിലുകൊണ്ട് വരച്ചെടുക്കും. ഒരുമാതിരി ശരിയായാല്‍ പേനകൊണ്ട് മോളില്‍ വരയ്ക്കും. പണ്ട് പെണ്‍പിള്ളാരെ വായില്‍ നോക്കി നടന്നിരുന്ന സമയത്ത് അക്ഷരം എഴുതാനെങ്കിലും പഠിച്ചിരുന്നെങ്കില്‍...സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ...

എല്ലാം റെഡിയായിട്ട് ഇരുന്നപ്പൊഴാ ഒരു ചെറിയ പ്രശനം. സംഭവം ഇന്റര്‍നെറ്റ്, ബ്ലോഗ് ... യെന്തരാണെന്ന് ഒരു ഐഡിയയും ഇല്ല. വല്ല സിലോണ്‍ പശുവിനെപ്പറ്റിയോ രാമേശ്വരം എരുമയെപ്പറ്റിയോ ഒക്കെ ആരുന്നേല്‍ എന്തോരം എഴുതാരുന്നു. ഇതിപ്പൊ നമ്മക്ക് യാതൊരു ഐഡിയയും ഇല്ലാത്ത ഫീല്‍ഡല്ലിയോ. എന്നാലും തോറ്റു പിന്‍മാറുന്നതെങ്ങനെ? കളിയെന്നോടാ... വിളിച്ചില്ലേ ഞാന്‍ ഫോണ്‍. ഒരുമാതിരി വിവരമുള്ള എന്റെ എല്ലാ കൂട്ടുകാരെയും ഈ സംഭവത്തിനെപ്പറ്റി ചോദിച്ചു. എന്റെയല്ലേ കൂട്ടുകാര്‍. അവന്‍മാര്‍ക്കു വല്ലതും അറിയാമോ.. അവസാനം കൈതമുക്കില്‍ ഇറച്ചിക്കട നടത്തുന്ന ചുടുകട്ട ഷാജി ആണ്‌ എന്നെ സഹായിച്ചത്. ഒള്ള കാര്യം പറയാമല്ലോ, ഒരു കാര്യം നടക്കണേല്‍ അവന്റെ അടുത്തു തന്നെ പോണം കേട്ടാ... കാര്യം അവനും വെല്ലി ഐഡിയ ഒന്നും ഇല്ല... അവന്റെ കടേല്‍ വരുന്ന ആരൊക്കെയോ ഈ സംഭവം നോക്കാറുണ്ടത്രെ. ഏതായാലും അവനോട് സംഭവം ഒക്കെ ഒന്നു പഠിച്ചു വെക്കാന്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് അവന്‍ വിളിച്ചു. 15 മിനിറ്റ് കൊണ്ട് അവന്‍ കംബ്ലീറ്റ് പറഞ്ഞ് തന്നു ബ്ലോഗെന്താണെന്ന്..

സംഭവം വളരെ സിമ്പിള്‍ ആണു കേട്ടാ. ആള്‍ക്കാര്‍ ചുമ്മാ വരും എഴുതും, വേറെ ആള്‍ക്കാര്‍ വായിക്കും. അത്രേ ഒള്ളു കേട്ടാ... ഈ പരിപാടിക്കകത്ത് പെണ്ണുങ്ങളും ഒണ്ടെന്നൊള്ളത് എനിക്ക് പുതിയൊരു അറിവാരുന്നു. എന്നാലും ഇത്രേം പെണ്ണുങ്ങള്‍ ഉള്ള ഒരു സ്ഥലം ഞാന്‍ ഇത്രേം നാള്‍ മിസ്സാക്കിയല്ലോ. മോശമായിപ്പോയി. എന്തായാലും പോയതു പോയി. ഇനി മേക്കപ്പ് ചെയ്യാന്‍ നോക്കാം. സംഭവം എനിക്ക് യാകദേശം പിടികിട്ടി. ലേഡീസ് ഒള്ള സംഭവം അല്ലേ? പന്ത് ഇതാ എന്റെ കോര്‍ട്ടില്‍ എത്തിയിരിക്കുന്നു...ഇനി ഞാന്‍ ഒരു അലക്കലക്കും. ദൈവമേ അങ്ങ കരുണയുള്ളവനാകുന്നു. ആണുങ്ങളും പെണ്ണുങ്ങളും കൂടെ എഴുതുന്നതിനെപ്പറ്റി ലേഖനം എഴുതാന്‍ ചാര്‍ളിയെ ആരും പഠിപ്പിക്കണ്ട. മെത്രാച്ചനെ ധൂപക്കുറ്റി ആട്ടാന്‍ പഠിപ്പിക്കല്ലേ...

പിന്നെയൊരു പിടിയങ്ങു പിടിച്ചില്ലേ... ആദ്യത്തെ ഒന്നു രണ്ടു പാരഗ്രാഫ് അല്‍പ്പം കട്ടിയാരുന്നു. ബ്ലോഗെന്താണെന്നൊക്കെ എല്ലാരെം പറഞ്ഞ് മനസിലാക്കണമല്ലോ... ഷാജിയെ മൂന്നു തവണ കൂടി വിളിക്കേണ്ടി വന്നു അതൊന്നു തീര്‍ത്തെടുക്കാന്‍. അവസാനം അവന്‍ അമ്മക്കു വിളിക്കുന്ന സ്റ്റേജിലെത്തിയപ്പോ ഞാന്‍ ആ പണി നിര്‍ത്തി. ഇന്‍ഡ്രൊഡക്ഷന്‍ എഴുത്ത് ഞാന്‍ അങ്ങ് കട്ട്-ഷോര്‍ട്ട് ചെയ്തു. സ്മൂത്തായിട്ട് സംഭവം നമ്മടെ മുട്ടുചിറ സാറാമ്മ, ബെല്ലാരി രാജ എന്ന റേഞ്ചിലേക്ക് എത്തിച്ചു. ഇന്റര്‍നെറ്റല്ലിയോ? ആണും പെണ്ണും ഒക്കെ ഒള്ളതല്ലിയോ? അവിടേം ഇതൊക്കെയാരിക്കുവെന്നേ നടക്കുന്നെ. അല്ലെന്നു പറയാന്‍ നിങ്ങക്കു തെളിവൊണ്ടോ? ഞങ്ങടെ വനോരമ പത്രധര്‍മ്മം മറന്നുള്ള ചോദ്യങ്ങള്‍ ഒന്നും ചോദിക്കരുത് കേട്ടൊ.

അങ്ങിനെ ബ്ലോഗുകള്‍ മൊത്തം ബാബുക്കുട്ടന്മാരെണെന്നൊരു ലേഖനം എഴുതി ഞാനങ്ങ് അലക്കിപ്പൊളിച്ചു. അപ്പഴല്ലേ സംഭവത്തിന്റെ ഗുട്ടന്‍സ് പിടിക്കിട്ടിയത്. ഈ ബ്ലോഗുകാര്‍ക്ക് തിരിച്ചും എന്നെ വിമര്‍ശിച്ച് എഴുതാമത്രെ. അത് ഞാന്‍ തീരെ പ്രതിക്ഷിച്ചില്ലാ കേട്ടൊ. ബെല്ലാരി രാജയും സാറാമ്മയും ഇതുവരെ ഞാന്‍ എന്ത് പോക്രിത്തരം എഴുതിയാലും ഒന്നും തിരിച്ച് പറയത്തില്ലായിരുന്നു. ഇവര്‍ എന്നെ മോശക്കാരനായിക്കളഞ്ഞു. എനിക്ക് അമ്മച്ചിയാണേ സഹിച്ചില്ല. എനിക്ക് വിവരമില്ലായെന്നുള്ള കാര്യം ഫോര്‍ പീപ്പിള്‍ വായിക്കുന്ന സ്ഥലത്ത് അവര്‍ ഇട്ടു. എനിക്ക് ദു:ഖം സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ പിന്നേയും ഷാജിയെ വിളിച്ചു. അവന്‍ പറഞ്ഞു തന്നു, എന്നാ നീയും വാങ്ങിക്കടാ ആ ക്ലോഗ് എന്ന് പറയുന്ന സാധനം. ഞങ്ങള്‍ കൊറേ അന്വേഷിച്ച് നാന്നു, വാങ്ങിക്കാന്‍ കിട്ടുമോന്ന്.

ഒരു ഞെട്ടിപ്പിക്കുന്ന കാര്യം ഞാന്‍ കേട്ടു. ഇത് ഫ്രീയാണത്രെ. കുറച്ചാളുകള്‍ ബുദ്ധിമുട്ടി പൈങ്കിളി വായിച്ച് കളയേണ്ട സമയത്ത് എന്തോയൊക്കെ ഇരുന്ന് എഴുതി കൂട്ടി വെച്ച് എല്ലാവര്‍ക്കും ഫ്രീ ആയിട്ട് ഉപയോഗിക്കാന്‍ കൊടുക്കുന്നു എന്ന്. വീട്ടില്‍ നിന്ന് ചോറ് കിട്ടണമെങ്കില്‍ പോലും റബ്ബറ് വെട്ടാന്‍ പറയുന്ന നാട്ടില്‍ ഫ്രീയായിട്ട്....എനിക്ക് വിശ്വസിക്കാന്‍ മേല.

എന്തായാലും ഇവന്മാരെ പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. മൊയലാളിയും എന്റെ സെറ്റ്. മൊയലാളിക്കും പേടി ആയിത്തുടങ്ങിയെന്ന് ബ്ലോഗ് വളര്‍ച്ച കണ്ടിട്ട്. ഇവന്മാരെ തമ്മില്‍ തല്ലിപ്പിക്കണം. എന്നിട്ട് ഇവന്മാരില്‍ കുറച്ച് വിഡ്ഡികളെ എന്റെ സൈഡില്‍ ചേര്‍ത്ത് ഇടിവെട്ട് പ്രകടനം നടത്തി രണ്ടായി പിളര്‍ക്കണം. എന്നാല്‍ കാര്യം രക്ഷപ്പെട്ടു. പത്രക്കാര്‍ രക്ഷപ്പെട്ടു. യെല്ലാ പത്രക്കാര്‍ക്കും വേണ്ടി ഞാന്‍ ചെയ്യുന്ന യുദ്ധം ആണ് കേട്ടല്ലൊ. പക്ഷെ മറ്റു പത്രക്കാരെ വിളിച്ചപ്പോള്‍ അവരൊന്നും സഹകരിക്കുന്നില്ല. ആ, സാരമില്ല. പോട്ടെ. എന്നോടാ കളി.

ഞാനങ്ങിനെ ബ്ലോഗ് കാരെ കുറിച്ച് ചുവരെഴുത്ത് തുടങ്ങി. ചാര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗ്. പണ്ട് ഞാന്‍ എഴുതിവെച്ചിരുന്ന പൈങ്കിളി കഥകള്‍ ഓരോന്നായി ഞാന്‍ പോസ്റ്റായി ഇട്ടു... എന്റെ വനജയും ലില്ലിയും സരോജവും ഒക്കെ എന്റെ നായികമാരായി പുനരവതരിച്ചു... ഞാന്‍ വീണ്ടും അവരുടെ ഒക്കെ സ്വപ്നനായകനായി. ആരും മൈന്റ് പോലും ചെയ്യുന്നില്ല. ആരും ആ വഴി ഒന്നും വന്നില്ല... അപ്പോള്‍ ഞാന്‍ ഡോസ് കൂട്ടി. അന്നേരം ബ്ലോഗുകാര്‍ പ്രതികരിച്ചു തുടങ്ങി. എനിക്ക് രസം കൂടി. എന്നെ ഫോര്‍ പീപ്പിള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാല്‍ ഞാന്‍ എന്ത് പോക്രിത്തരവും എഴുതികൂട്ടും. അങ്ങിനെ പോക്രിത്തരം ലിമിറ്റ് കടന്നപ്പോള്‍ എന്നെ അവര്‍ എന്തരോയില്‍ നിന്ന് പുറത്തക്കി. ഇത് എങ്ങിനെ പുറത്താക്കി എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. എന്റെ ബ്ലോഗ് അവിടുണ്ട്. ഞാന്‍ തൊട്ട് നോക്കി. പക്ഷെ എന്തരോയില്‍ നിന്ന് പുറത്താക്കി. ആഹാ. മൊയലാളി കൂട്ടുള്ളപ്പോള്‍ ഞാന്‍ പേടിക്കുവൊ? മറ്റുള്ള ബ്ലോഗുകളില്‍ നിന്ന് വായിച്ച് വായിച്ച് ഒന്നും മനസ്സിലാവുന്നുമില്ല. അപ്പോഴാണ് അതില്‍ ഒരുത്തന്‍ യൂറോപ്പില്‍ പോയിട്ടുണ്ടത്രെ. എനിക്ക് ചിരിക്കാന്‍ മേലായാ. ഉവ്വ ഉവ്വ. അതൊക്കെ നൊണയല്ലേ. യൂറോപ്പ് എന്ന സ്ഥലം പോലുമില്ല. ഷാജിയും സമ്മതിച്ചു. ആദ്യം അവനിട്ട് പൂശി. എന്നിട്ടും ആരും അനങ്ങുന്നില്ല. പിന്നെ പതിയേ പതിയേ ആര്‍ക്കിട്ടൊക്കെ പൂശിയാല്‍ ശ്രദ്ധ പിടിച്ച് പറ്റാം എന്ന് മനസ്സിലായി.

അങ്ങനെ ഞാനിപ്പോ അത് എന്റെ തൊഴിലാക്കി സുഹൃത്തുക്കളേ...ഞാനിങ്ങനെ ബ്ലോഗുകളില്‍ ഒക്കെ കുത്തിനടക്കും. എനിക്ക് തോന്നുന്നവരെ ഒക്കെ തെറി വിളിക്കും. ഈ ബൂലോകം പരിപാടി ഇങ്ങനെ കൊണ്ടു നടക്കുന്നവരെ മൊത്തം ഞാന്‍ എന്റെ ലേഖന പരമ്പരകളിലൂടെ നാറ്റിക്കും. ഇല്ലേല്‍ എന്റെ പേര്‌ ചാര്‍ളി ഗോമസെന്നല്ല.