Friday, August 25, 2006

എളുപ്പവഴികള്‍

ജീവിതത്തില്‍ കുറുക്കുവഴികളും എളുപ്പവഴികളും തേടിപ്പോകുന്നത് നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ ലോകത്ത് കുറുക്കുവഴികള്‍ പലതും ലഭ്യമാണ്. മൌസ് ഉപയോഗിച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളും കീബോര്‍ഡ് ഷോര്‍ട്ട് കട്ട്സ് ഉപയൊഗിച്ച് വളരെ വേഗം ചെയ്യാന്‍ കഴിയും. താര കഥക്കൂട്ടില്‍ ഇതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടതു കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു കളയാം എന്നു തോന്നിയത്.

ALT-TAB ആണെന്നു തോന്നുന്നു എറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഷോര്‍ട്ട് കട്ട്. ഓഫീസില്‍ ഇരുന്ന് അന്നാ കുര്‍ണിക്കോവയുടെ സൈറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മാനേജര്‍ വരുന്നതു കണ്ടാല്‍ പണിയെടുക്കാനുള്ള വിന്‍ഡോയിലേക്കു മാറാനുള്ള എളുപ്പ വഴി.ഈ ഷോര്‍ട്ട് കട്ടിന്റെ കൂട്ടുകാരനായ വേറെ ഒരു ഷോര്‍ട്ട് കട്ട് ഉണ്ട് - ALT-SHIFT-TAB, വിപരീത ദിശയില്‍ ജാലകങ്ങളില്‍ കൂടി നീ‍ങ്ങാന്‍. ഇത് കുറച്ച് ആളുകളേ ഉപയോഗിക്കാറുള്ളു എന്നു തോന്നുന്നു. ഇതു പോലെ തന്നെ WIN-TAB അടിച്ചു കൊണ്ടിരുന്നാല്‍ ടാസ്‌ക്ക് ബാറിലെ ഐക്കണുകളില്‍ കൂടി നീങ്ങാം.

ഒരു റിസര്‍ച്ച് നടത്താന്‍ വേണ്ടി 43 ജാലകങ്ങള്‍ തുറന്നിട്ടിട്ട് ഡെസ്‌ക്ക് ടോപ്പ് പെട്ടന്ന് കാണണം എന്നു തോന്നിയാല്‍ WIN-D അല്ലെങ്കില്‍ WIN-M ഉപയോഗിക്കാം. ഇനിയിപ്പോ ഈ മിനിമൈസ് ചെയ്ത ജാലകങ്ങള്‍ എല്ലാം കൂടി തിരിച്ചു പ്രതിഷ്ഠിക്കണമെങ്കില്‍ WIN-SHIFT-M അടിച്ചാല്‍ മതി. ഫോക്കസില്‍ ഉള്ള ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ജാലകം ക്ലോസ് ചെയ്യണം എന്നുണ്ടെങ്കില്‍ ALT-F4 ഉപയോഗിക്കാം. എമ്മെസ് വേര്‍ഡ് പോലത്തെ പല ഡോക്യുമെന്റ് തുറക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനില്‍ ഒരു ഡൊക്യുമെന്റ് മാത്രം ക്ലോസ് ചെയ്യാന്‍ CTRL-F4 ഉപയോഗിക്കാം.

ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ജാലകം മാക്സിമൈസ് ചെയ്യാന്‍ ALT-SPACEBAR-X അടിച്ചാല്‍ മതി. ഇനി മിനിമൈസ് ചെയ്യാന്‍ ആണെങ്കിലോ - ALT-SPACEBAR-N അണ് വേണ്ടത്. ALT-SPACEBAR-C അടിച്ചാല്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാനും പ റ്റും. CTRL-W വായിച്ചു കൊണ്ടിരിക്കുന്ന ഡോക്യുമെന്റ് ക്ലോസ് ചെയ്യാന്‍ ഉപയോഗിക്കാം.

മെനുവില്‍ ഉള്ള കാര്യങ്ങള്‍ കീബോര്‍ഡ് ഉപയോഗിച്ച് ചെയ്യുന്നതാണ് അടുത്ത പടി. ഫയല്‍ മെനു തുറക്കാന്‍ ALT-F, റ്റൂള്‍സ് മെനു തുറക്കാന്‍ ALT-T അങ്ങനെ അങ്ങനെ... മെനുവിനുള്ളിലെ സബ്-മെനുവിലേക്കു പോകാനും എളുപ്പമാണ്. ALT-F-S ഉപയോഗിച്ച് ഡോക്യുമെന്റ് സേവ് ചെയ്യാന്‍ സാധിയ്ക്കും, ALT-F-A എന്നു കൊടുത്താല്‍ 'Save As' എന്ന ഡയലോഗ് വരും, നമുക്ക് ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം. സബ്-മെനുവിന്റെ കീബോര്‍ഡ് കരുക്കള്‍ ഓര്‍ത്തു വെയ്ക്കുന്നതും അത്ര ബുദ്ധിമുട്ടല്ല. ALT-D-F-F എന്നത് എക്സല്‍ ഫയലുകളില്‍ ഓട്ടോ ഫില്‍റ്റര്‍ ഇടാനായി ഞാന്‍ ഉപയോഗിക്കാറുണ്ട്. അതു പോലെ തന്നെ ഒരു വേര്‍ഡ് ഡോക്യുമെന്റില്‍ പേജ് ബ്രെയ്ക്ക് കൊടുക്കാന്‍ ALT-I-B എന്നതും പിന്നെ ഒരു എന്റര്‍ കീയും - അത്രയേ വേണ്ടു.

സ്ക്രീനില്‍ എവിടെയെങ്കിലും റെറ്റ് ക്ലിക്ക് ചെയ്യുന്നതിനു പകരം SHIFT-F10 ഉപയോഗിച്ചാല്‍ മതി. ഒരു ഐക്കണ്‍ സെലക്റ്റ് ചെയ്തിട്ട് അതിന്റെ പ്രോപ്പെര്‍ട്ടീസ് ഡയലോഗ് കാണാനായി ALT-ENTER മതി. ഫയര്‍ഫോക്സ് പോലെയുള്ള ടാബ്‌ഡ് ആപ്ലിക്കേഷനില്‍ ടാബുകളില്‍ കൂടെ നീങ്ങാന്‍ CTRL-TAB ഉപയോഗിക്കാം. CTRL-PAGE DOWN എന്നതും CTRL-PAGE UP എന്നതും ഉപയോഗിച്ച് എമ്മെസ് എക്‌സല്‍-ലെ ഒരു ഷീറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മൌസ് ഇല്ലാതെ മാറാം.

ഹെല്പ് കിട്ടാന്‍ F1 ഞെക്കുക എന്നത് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം എന്നു തോന്നുന്നു. F2 എന്നത് സെലക്റ്റ് ചെയ്ത ഫയലിന്റെ പേരു മാറ്റാന്‍ ഉപയോഗിക്കാം. CTRL-F അടിച്ചാല്‍ സേര്‍ച്ച് ചെയ്യാനുള്ള ഡയലോഗ് വരും. അവിടെ ഒരു തവണ പരതിക്കഴിഞ്ഞ് വീണ്ടും പരതണമെങ്കില്‍ F3 അടിച്ചാല്‍ മതി. ഫയല്‍/ഫോള്‍ഡര്‍ സേര്‍ച്ച് ചെയ്യുന്ന വിന്‍ഡോസ് ഡയലോഗ് കിട്ടാനായി WIN-F മതി.

ഇനി എമ്മെസ് വേര്‍ഡ് പോലത്തെ ഡോക്യുമെന്റ് എഡിറ്റിങ്ങ് ആപ്ലിക്കേഷനകത്ത് അല്പം. CTRL-S മിക്കവാറും എല്ലായിടത്തും സേവ് ചെയ്യുന്നു. CTRL-RIGHT ARROW യും CTRL-LEFT ARROW എന്നിവ ഉപയോഗിച്ച് വാക്കുകള്‍ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കാം. ഡോക്യുമെന്റില്‍ ഏറ്റവും മുകളിലേക്കു പോകണെമെങ്കില്‍ CTRL-HOME ഉം എറ്റവും താഴേക്കു പോകണമെങ്കില്‍ CTRL-END ഉം ഉപയോഗിക്കാം. കുറച്ച് റ്റെക്‌സ്റ്റ് സെലക്റ്റ് ചെയ്തിട്ട് CTRL-B അടിച്ചാല്‍ ബോള്‍ഡ് ആവും, CTRL-I അടിച്ചാല്‍ ഇറ്റാലിക്സ് ആവും. വാക്കുകള്‍ ഫൈന്‍ഡ് ചെയ്യാന്‍ CTRL-F ഉപയോഗിക്കാം. ഏതെങ്കിലും ഒരു പ്രത്യേക വരിയിലേക്കു പോകണമെങ്കില്‍ CTRL-G അടിച്ചിട്ട് ലൈന്‍ നമ്പര്‍ കൊടുത്താല്‍ മതി.

ഇനി ശരിയ്ക്കും ഷോര്‍ട്ട് കട്ട് എന്നു വിളിക്കാനാവത്ത ചില കീ ബോര്‍ഡ് കോമ്പിനേഷന്‍സ്. പക്ഷെ മൌസ് ഉരുട്ടി ഐക്കണ്‍ കണ്ടു പിടിച്ച് ക്ലിക്ക് ചെയ്യുന്നതിനു മുമ്പെ തന്നെ ഇവ ഉപയോഗിച്ച് കാര്യം നടത്താം. WIN-R എന്നു ടൈപ്പ് ചെയ്താല് Run prompt കിട്ടും. ഇനി ഈ പ്രൊംപ്റ്റില് നിന്ന് പല ആപ്ലിക്കേഷനും ലോഞ്ച് ചെയ്യാന് പറ്റും. winword എന്ന് റണ്‍ പ്രൊംപ്റ്റില് ടൈപ്പ് ചെയ്ത് എന്റര്‍ അടിയ്ക്കൂ, എമ്മെസ് വേര്‍ഡ് തുറക്കും. iexplore എന്നാണെങ്കിലല്‍ ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററും വെറുതെ explorer എന്ന് കൊടുത്താല്‍ വിന്‍ഡോസ് എക്സ്‌പ്ലോററും തുറക്കും. വിന്‍ഡോസ് എക്സ്‌പ്ലോറര്‍ തുറക്കാന് വേണ്ടി WIN-E ഉപയോഗിക്കുന്നതായിരിയ്ക്കും എളുപ്പം. റണ്‍ പ്രൊംപ്റ്റില്‍ പരീക്ഷിച്ചു നോക്കാനുള്ള മറ്റു ചില കാര്യങ്ങളാണ് notepad, mspaint, devenv...

ഇനി ഒരു ലോങ്ങ് കട്ട് - CTRL-ESC അടിച്ചാല്‍ start menu ഓപ്പണ്‍ ആവും. വെറുതെ WIN key-ടെ പുറത്ത് വിരല്‍ എടുത്തു വെച്ചാലും മതി.

ഒരുപാട് പ്രശസ്തമായ ഒരു കീ കോമ്പിനേഷനന്‍ മറക്കുന്നില്ല - CTRL-ALT-DEL

ഓക്കെ , എന്നാല്‍ ഞാന്‍ WIN-L അടിച്ച് ലോഗ്-ഓഫ് ചെയ്യട്ടെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിയ്ക്കുക.

Thursday, August 17, 2006

സിനിമ സിനിമ

ഒന്നു രണ്ടു ദിവസമായി സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തു നിന്നുമായി കേള്‍ക്കുന്നു. എനിക്കിഷ്ടപ്പെട്ട ചില ‘വ്യത്യസ്ത’ ചിത്രങ്ങളെപ്പറ്റി അല്‍പ്പം.

Diarios de motocicleta
ഇംഗ്ലീഷ് സബ്‌ടെറ്റില്‍ ഉള്ള സ്പാനിഷ് പടമാണ് ഞാന്‍ കണ്ടത്. ഏര്‍ണെസ്റ്റോ ഗുവെര എന്ന വൈദ്യവിദ്യാര്‍ത്ഥി സുഹൃത്ത് ആല്‍ബെര്‍ട്ടോ ഗ്രന്‍ഡോയൊടൊപ്പം 1952-ല്‍ ദക്ഷിണ അമേരിക്ക മുഴുവന്‍ ഒരു പഴഞ്ചന്‍ ബൈക്കിലും പിന്നെ കാല്‍നടയായും പര്യടനം നടത്തിയതിന്റെ അതി മനോഹരമായ ചലച്ചിത്രാവിഷ്‌കാരം. നയനാന്ദകരമായ ദക്ഷിണ അമേരിക്കന്‍ പ്രകൃതി ഭംഗിയും ത്രസിപ്പിയ്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലുടനീളം ഉടനീളം നമ്മെ അമ്പരപ്പിക്കുന്നു. യാത്രയ്ക്കിടയില്‍ ഏര്‍ണെസ്റ്റോ തന്റെ പെണ്ണ് ചെച്ചീനയെ കാണാന്‍ അവളുടെ വില്ലയില്‍ എത്തുന്നതും പിന്നെ സാന്‍പാബ്ലോയിലെ കുഷ്ടരോഗ കേന്ദ്രത്തില്‍ ഏര്‍ണെസ്റ്റോയും രോഗികളും തമ്മിലുള്ള ആത്മബന്ധവും എല്ലാം വളരെ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിയ്ക്കുന്നു. ‘ചെ’ എന്ന മഹാപ്രസ്ഥാനമായി ഏര്‍ണെസ്റ്റോ വളരുന്നതിന്റെ ആരംഭം ഈ യാത്രയില്‍ നിന്നാണെങ്കിലും ചലച്ചിത്രം ഒരു രാഷ്ട്രീയ ചിത്രമല്ല.

Schindler's List
ഒരുപാട് രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു നല്ല ചിത്രം. ആദ്യം കണ്ടു തുടങ്ങി കുറെ നേരത്തേക്ക് എനിക്ക് ഇഷ്ടപ്പെടാതിരുന്ന ചിത്രം. ഒടുവില്‍ ലയിച്ചിരുന്ന് മൂന്നു മണിക്കൂറില്‍ കൂടുതലുള്ള ഈ ചിത്രം കുറെയധികം തവണ കണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടില്‍ നടന്ന കഥ. നാസി അനുയാ‍യിയായിരുന്ന ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ പിന്നീട് മനസ്സുമാറി, 1000-ഓളം പോളിഷ് ജൂതന്മാരെ രക്ഷിച്ച കഥ. ഷിന്‍ഡ്‌ലറുടെ ഫാക്‌ടറിയിലെ തൊഴിലാളികളുടെ ലിസ്റ്റില്‍ ഈ ജൂതന്മാരെ ഉള്‍ക്കൊള്ളിച്ച് അവരെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച് തന്ത്രം. ആ ലിസ്റ്റ് പോലെ തന്നെ മഹത്തായ വെളുപ്പിലും കറുപ്പിലും എടുത്ത ചിത്രം.

Forrest Gump
ഒരു മന്ദബുദ്ധി ജീവിതമാകുന്ന ഓട്ടമത്സരം ഓടിത്തീര്‍ക്കുന്ന പ്രചോദനദായക കഥ. റ്റോം ഹാങ്ക്സ്-ന്റെ ‘മാരക’ അഭിനയം. ചെറുപ്പത്തില്‍ പലപ്പോഴും സഹപാഠികളാല്‍ പരിഹസിയ്ക്കപ്പെടുന്ന ഫോറസ്റ്റ് ഗമ്പ് എന്ന നായകകഥാപാത്രം പിന്നീട് യാദൃശ്ചികമായി 1950 മുതല്‍ 1970 വരെ അമേരിക്കയുടെ പല ചരിത്രപ്രധാന സംഭവങ്ങളിലും ഭാഗഭാക്കാവുന്നതും, പല പ്രമുഖരെയും മുഖാമുഖം കാണുന്നതും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. പക്ഷെ ഫോറസിന്റെ പ്രാണനായിരുന്ന ജെന്നി മാത്രം എപ്പോഴും അവന് കിട്ടാക്കനി ആയിരുന്നു. ജീവിതം അന്ധമായി ഓടിത്തീര്‍ത്ത ഒരു മന്ദന്‍.

Memento
ഇതിന്റെ കഥ എനിക്ക് അത്ര മെച്ചപ്പെട്ടതായി തോന്നിയില്ല, എന്നാല്‍ എടുത്തിരിയ്ക്കുന്ന രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ചെറിയ ചെറിയ ഓര്‍മ്മ ഇടവേളകള്‍ മാത്രം ഉള്ള ഒരു മനുഷ്യന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ത്രില്ലര്‍. നായകന്റെ ഓര്‍മ്മ ഇടവേളകളുടെ അത്ര തന്നെ നീളമുള്ള ഷോട്ടുകള്‍, അതും സമയത്തിന്റെ അവരോഹണക്രമത്തില്‍ അടുക്കിയിരിയ്ക്കുന്നു. തികച്ചും ഒരു വ്യത്യസ്ത ചിത്രം.

Bedazzled
“കാണുന്ന സ്വപനങ്ങളൊക്കെ ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു ...” എന്ന കവിയുടെ സന്ദേഹത്തിന് ഒരു മറുപടി. ബ്രെന്‍ഡന്‍ ഫ്രെയ്സറുടെ വളരെ നല്ല അഭിനയം. ഒരു ഫാന്റസി ചിത്രമാണിത്. ചോദിച്ച വരങ്ങളൊക്കെ ലഭിച്ചിട്ടും അതിലൊന്നും തൃപ്തനാവാതെ പ്രയാണം തുടരുന്ന നായകന്‍. ഓരോ വരത്തോടുമൊപ്പം അയാള്‍ക്ക് പുതിയ ഒരു വ്യക്തിയായി ജീ‍വിക്കേണ്ടി വരുന്നു. ഓരോന്നിലുമുള്ള രൂപമാറ്റങ്ങളും അഭിനയവും സ്പെഷ്യല്‍ ഇഫക്‌സും എല്ലാം അത്യുഗ്രന്‍ എന്നേ പറയാനുള്ളു. യഥാര്‍ത്ഥ സന്തോഷം മനുഷ്യന്റെ ഉള്ളില്‍ നിന്നു വരുന്നു എന്ന പ്രാഥമിക തത്ത്വം ഒരിയ്ക്കല്‍ കൂടി.

(ഇനിയും കൂട്ടണമെന്നുണ്ട്. മടി :)
കമന്റായി കിട്ടിയ സിനിമകള്‍ കൂടി ചേര്‍ക്കുന്നു.
Inji Pennu ഫ്രെഞ്ച് പടം Amelie, വൂഡി അല്ലന്‍ മൂവീസ്, Zorba the Greek, കിരീടം , ശ്രീനിവാസന്റെ എല്ല്ലാ സിനിമയും(വടക്കുനോക്കിയന്ത്രം ക്ലാസ്സിക്), Mr. and Mrs. Iyer, A Beautiful Mind, Gladiator, L.A. Confidential
ആനപ്പുറത്തേറിയ(?) Anonymousകാസാബ്ലാങ്ക, പഴയ Clint Eastwood വെസ്റ്റേണ്‍‌സ്, Jewel of the Nile സീരീസ്, Indiana Jones (പൊതുവെ സ്പീ‍ല്‍‌ബര്‍‌ഗ്ഗിന്റെ എല്ലാം), When Harry Met Sally, The Scent of a Woman, റാഷൊമോണ്‍, Jim Carrieയുടെ തമാശപ്പടങ്ങള്‍ (പ്രത്യേകിച്ചും Ace Ventura പടങ്ങള്‍ രണ്ടും. പിന്നെ ഒരു പഴയ ജിം കാരി പടമുണ്ട് - Once Bitten), Naked Gun പടങ്ങള്‍, Airplane, My Cousin Vinny, Silence of the Lambs
Adithyan Top Gun, When harry met sally, You got mail, erin brockovich
ബിരിയാണിക്കുട്ടി Mukundetta Sumithra Vilikkunnu, Pattana Pravesam, Gandhinagar Second Street, Varavelpu
വക്കാരിമഷ്ടാ ബാലന്‍, ജ്നാനസുന്ദരി, കണ്ടം ബെച്ച കോട്ട്, newspaper boy, എനിമി അറ്റ് ദ ഗേറ്റ്സ് , നോ മാന്സ് ലാന്റ്, സ്ലീപ്‌ലെസ്സ് ഇന്‍ സിയാറ്റില്‍, കാസ്റ്റ് എവേ, റണ്‍ എവേ ജ്യൂറി, ഗ്രീന്‍ മൈല്‍ , ലോസ്റ്റ് ഇന്‍ ട്രാന്‍സ്‌ലേഷന്‍
Thulasi Pather panchali (Bengali), Life is beautiful (Italy), somthing like happiness (Checzh), city of god (Brazil ), motor cycle diaries (spanish ), Amelie (French), No man's land (Bosnia), Anbe Sivam (Tamil), Machis (Hindi)
വയനാടന്‍ [An Occurrence At Owl Creek Bridge (heavy drama)1961- direction-Robert Enrico cast-Roger Jacquet,Anne Cornaly], [The sacrifice (tarkovsky)-1986], [does'kaden(kurasova)-1970], [wages of fear 9h.g. clouzot)1953], [Amistad-1997(war,drama) spielberg cast-Morgan Freeman, Anthony Hopkins], [enemy at the gates- 2001 (war,drama) Cast-Jude Law,Ed Harris.....], [savior-1998(war,drama, action) cast-dennis Quaid], [cast away-2000(drama,action) cast-tom hanks], [Chandni Bar-2002 direction-MADHUR Bhandarkar
cast-Tabu,Atul Kulkarni], [Mr.and Mrs.Iyer-2002 direction-Aparna Sen cast-Rahul Bose,Konkona Sen Sharma], Bycycle thieves,intolerance,omar mukhtar,seventh seal, pather panjali,aparajitho
ഷിജു അലക്സ്‌Saving Private Ryan, Sound of Music, Benhur, Ten Commandments,
vere anony Gloomy Sunday
അരവിന്ദ് ബാറ്റില്‍‌ഷിപ്പ് പോട്ടംകിന്‍ , ഡാന്‍‌സെസ് വിത്ത് ദി വൂള്‍ഫ്സ്, സൈലന്‍സ് ഓഫ് ദി ലാംബ്‌സ്, ഫിലാഡെല്‍ഫിയ, ഡെഡ് മാന്‍ വാക്കിംഗ്, ഫോറെസ്റ്റ് ഗം‌പ്, കാസ്റ്റ് എവേ, ദി തിന്‍ റെഡ് ലൈന്‍, സേവിംഗ് പ്രൈവറ്റ് റ്യാന്‍, കസീനോ, ഗ്യാങ്ങ്സ് ഓഫ് ന്യൂ യോര്‍ക്ക്, ദി മഞ്ചൂറിയന്‍ കാന്‍‌ഡിഡേറ്റ് ( ജോനാതന്‍ ഡെമ്മെയുടെ ഫാനാണെങ്കില്‍ ഇഷ്ടപ്പെടും...), ക്രിംസണ്‍ റ്റൈഡ്, സൈന്‍‌സ്, ദി ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ഗ്ലാഡിയേറ്റര്‍, [ഫീല്‍ ബാഡ് മൂവീസ്]> ഓപെണ്‍ വാട്ടേര്‍സ്, ആര്‍ളിംഗ്ടണ്‍ റോഡ്, മിസ്റ്റിക് റിവര്‍, മില്ല്യണ്‍ ഡോളര്‍ ബേബി, ബോയ്സ്‌ ഡോണ്ട് ക്രൈ, [ഹൊറര്‍..മസ്റ്റ് സീ]> എക്സോര്‍സിസം ഓഫ് എമിലി റോസ്, ബ്ലേയര്‍ വിച്ച് പ്രോജക്റ്റ്, “ലോസ്റ്റ്“ എന്ന സീരീസ്
പെരിങ്ങോടന്‍കള്ളന്‍ പവിത്രന്‍, നിഴല്‍ക്കുത്തു്, പുഷ്പകവിമാനം, Rebel without a cause, Sahib Bibi Aur Ghulam, Pyaasa (Gurudutt), The Gods must be crazy, Mr & Mrs Iyer, പഞ്ചവടിപ്പാലം
kuma® motorcycle diaries, The postman, the godfather, cast away, french connection, life is beautiful, റൈഡേര്‍സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്ക്, ജിം കാരിയുടെ ‘മാസ്ക്’, kill bill series, the lord of rings series ല്‍ ചിലത്, my best friends wedding, the sixth sense, psyco
Anonymousലങ്ക, ഭരത്ചന്ത്രന്‍ IPS, ഇന്‍സ്പെക്റ്റര്‍ ബല്‍രാം, പചകുതിര, രാജമാണിക്യം, തുറുപ്പു ഗുലാന്‍, നരസിംഹം, മധുചന്ദ്രലേക, സസ്നേഹം സുമിത്ര, ലൊകനാതന്‍ IAS, അനന്തഭത്രം, പാവം ക്രൂരന്‍, 5.30ക്കുള്ള വണ്ടി, പാവം ലിസ, നീലക്കുറുക്കന്‍, CID മൂസ, The Hills have the eyes, The texas chainsaw massacre.
സിദ്ധാര്‍ത്ഥന്‍AS GOOD AS IT GETS, FEW GOOD MEN, MEN OF HONOUR, Dr. Zchivago (വിപ്ലവാനന്തര റഷ്യയുടെ പശ്ഛാത്തലത്തിൽ ഒരു (ഇരട്ട?)പ്രണയ കഥ. ബോറിസ് പാസ്റ്റർനാക്കിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം), Amistad 'ലാ അമിസ്റ്റഡ്' എന്ന സ്പാനിഷ് കപ്പലിലെ അടിമകൾ കലാപമുണ്ടാക്കി രക്ഷപെട്ടു് അമേരിക്കൻ തീരങ്ങളിൽ വന്നടിഞ്ഞ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി സ്പീൽബർഗ് എടുത്ത ചിത്രം, A time to kill, The runaway jury, The client നോവലിനേക്കാൾ മൊശമായിപ്പോയി. ഷിവാഗോ കണ്ടപ്പോല്‍ David leanന്റെ കൂടുതല്‍ പടങ്ങള്‍ തിരക്കി. ദേവന്‍ മുന്‍പേ നിര്‍ദ്ദേശിച്ചിരുന്ന bridge on the river kwai ഉം പിന്നെ Lawrence of Arabiaയും കിട്ടി.
ജേക്കബ്‌ ജേക്കബിന്റെ ലിസ്റ്റ്
സ്നേഹിതന്‍ Cast Away, A Beautiful Mind, Silver Bullet, Savage Harvest
പാപ്പാന്‍‌ in and as പാപ്പാന്‍‌ ;)“താഴ്വാരം”, “ആള്‍‌ക്കൂട്ടത്തില്‍ തനിയെ”, “സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്”, “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” എന്നിവ (പദ്‌മരാജന്‍, ഭരതന്‍, ഹരിഹരന്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, പ്രിയന്‍, കെ എസ് ഗോപാലകൃഷ്ണന്‍ സാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കു പുറമെ എന്നു വിവക്ഷ).
കണ്ണൂസ്‌ [English & Foreign Languages] Citizen Kane - Orson Welles Wild Strawberries - Bergmann The Mirror - Tarkvesky And the ships Sail On - Fellini Taste of Cherry - Abbas Kiarostami Bridge on the River Kwai - David Lean Raging Bull - Martin Scorsese (ഡീ നീറോ ലോകത്തിലെ ഏറ്റവും നല്ല നടന്‍ ആകുന്നത്‌ എങ്ങിനെയെന്നറിയണമെങ്കിലും million dollar baby എന്തു തരം ട്രാഷ്‌ ആണെന്നറിയണമെങ്കിലും ഈ പടം കാണണം). പിന്നെ കുറേ പടങ്ങള്‍ ഇവിടെ തന്നെ പറഞ്ഞു കേട്ടു. Dances with Wolves, Forrest Gump, The Beautiful Mind എന്നിവ യഥാക്രമം കോസ്റ്റ്‌നറുടേയും, ടോം ഹാങ്ക്സിന്റേയും റസല്‍ ക്രോവിന്റേയും മാസ്റ്റര്‍ പീസുകള്‍ തന്നെ. അതു പോലെ ലിയാം നീസന്റെ മാസ്റ്റര്‍ പീസ്‌ Michel Collins-ഉം (അല്ല, ഷിന്‍ഡ്‌ലറേ ഓര്‍മ്മ വെച്ചു കൊണ്ടു തന്നെയാണ്‍ പറയുന്നത്‌) ടോം ക്രൂയിസിന്റേത്‌ Jerry Maguire-ഉം ആണെന്ന് തോന്നുന്നു.
[മലയാളം:]
അശ്വത്ഥാമാ, പുരുഷാര്‍ത്ഥം, സ്വരൂപം - കെ.ആര്‍.മോഹനന്‍, കടല്‍ത്തീരത്ത്‌, കാവേരി, ജനനി - രാജീവ്‌ നാഥ്‌, അപരാഹ്‌നം (ബാബു ആന്റണിയുടെ കഴിവ്‌ മനസ്സിലാക്കാന്‍ ഈ പടം കാണുക), കഴകം, ശയനം - എം.പി.സുകുമാരന്‍ നായര്‍, ശേഷം - ടി.കെ. രാജീവ്‌ കുമാര്‍ നിര്‍മാല്യം, കടവ്‌ - എം.ടി., ഋഷിവംശം, മേഡ്‌ ഇന്‍ യു.എസ്‌.എ. - രാജീവ്‌ അഞ്ചല്‍
Jithu a very long engagement, the english patient, identity, paycheck
ആര്‍ദ്രംചൊക്ലെറ്റ് (ഫ്രഞ്ച്), Amelie
ബിജോയ്‌ മോഹന്‍ മണിചിത്രത്താഴ്‌, The Fugitive, പെരുവണ്ണാപുരത്തെ വിശേഷങ്ങല്‍, പുഷ്പകവിമാനം, പേജ്‌3 (hindi), തൂവനതുമ്പികള്‍, ആരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പഞ്ഞവടിപാലം, രംജി റാവു സ്പീകിംഗ്‌, ഇംഗ്ലീഷ്‌ മീഡിയം, ഉയരങ്ങളില്‍, അമൃതം ഗമയ, കാര്യം നിസ്സാരം, ഓരു വടക്കന്‍ വീരഗഥ, മുന്നാഭായ്‌ M.B.B.S
pranavpattanapravesam,kilukkam, chinthavistayaya syamala,gandhinaga,vadakkunokkiyanthram, mukundetta sumitravilikkunnu, chithram
ദിവാ (ദിവാസ്വപ്നം പോള്‍ ജിയാമാട്ടി (ഗിയാമാട്ടി)യുടെ ചിത്രം : ‘സൈഡ് വേയ്സ്'.
ലീഡ് ക്യാരക്ടേഴ്സ് :
നോവലിസ്റ്റാകാന്‍ ആഗ്രഹിച്ച് പരാജയപ്പെട്ട ഒരു ഹൈസ്കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ് പോള്‍ അവതരിപ്പിക്കുന്ന മൈത്സ് എന്ന നായകന്‍. കൂട്ടിന്, ഹോളിവുഡ് നടനാകാന്‍ ശ്രമിക്കുന്ന ജാക്ക് എന്ന സുഹൃത്തും. പോളിന്റെ വൈന്‍-പ്രേമവും വൈനറികളും ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.
പ്ലോട്ട് :
ജാക്കിന്റെ വിവാഹത്തിന് മുന്‍പ്, ഒന്ന് അടിച്ചുപൊളിച്ച് ആഘോഷിക്കാനായി കാലിഫോര്‍ണിയയുടെ വൈന്‍ കണ്ട്രിയിലൂടെ ഇരുവരും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കാതല്‍ ഭാഗവും.
ഹൈലൈറ്റ് :
വര്‍ഷങ്ങളോളം മണ്ണീനടിയില്‍ കുഴിച്ചിട്ട വൈന്‍ സംഭരണികളെയും അത് കുഴിച്ചിട്ട കാലത്തെ മനുഷ്യരെപ്പറ്റിയും മൈത്സ് നടത്തുന്ന ഒരു ഗൃഹതുരത നിറഞ്ഞ കമന്റാണ് ചിത്രത്തില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗം
വാര്‍ണിംഗ് :
അപ്രതീക്ഷിതമായ നേരത്ത് ഉള്ള, ചില ഹോട്ട് സീനുകള്‍ ചിത്രത്തിലുണ്ട്. മൊത്തത്തില്‍ വളരെ സ്മൂത്ത് ആയിപോകുന്ന, ആസ്വദിച്ച് കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും ഒറ്റ നോട്ടത്തില്‍ ഗുണപാഠമൊന്നും കിട്ടിയെന്ന് വരില്ല. എന്നാലും, പിന്നീട് ഓര്‍ക്കുമ്പോള്‍ അപ്രധാനമല്ലാത്തൊരു മെസ്സേജ് ഈ സിനിമയില്‍ ഉണ്ട് എന്ന് തോന്നുന്നു...


ഇഞ്ചിപ്പെണ്ണിന്റെ ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ് എന്ന പോസ്റ്റും സിനിമകള്‍ക്കായുള്ള ഒരു ത്രെഡ് ആണ്.

Friday, August 04, 2006

പ്രോജക്റ്റ് കോഡ് പി 230

ലക്ഷ്മി: ഇന്നെങ്ങോട്ടാ?

അനില്‍: ജെഫ്രീസ് പബ്

നീന: പറ്റില്ലാ… ഞങ്ങളും ഉള്ളപ്പോ പബ്ബില്‍ പോകാന്‍ പറ്റില്ലാ. നമുക്ക് ബോളിംഗിനു ഹീരനന്ദാനിയില്‍ പോകാം

അരവിന്ദ്: അമ്മക്കുട്ടികള്‍ രണ്ടാളും നേരെ വീട്ടില്‍ പോ. ഞങ്ങടെ ഒരു നല്ല വെള്ളിയാഴ്ച വെയ്സ്സ്റ്റാക്കല്ലേ..

ലക്ഷ്മി: നീ പോടാ, രൂപാലീ ഒന്നു പറയൂ പ്ലീസ്, ബോളിംഗിനു പോകാമെന്ന്. വല്ലപൊഴും ഒരു വെള്ളിയാഴ്ചയാ ഞങ്ങള്‍ക്ക് വരാന്‍ തന്നെ കിട്ടുന്നത്.

രൂപാലി: ഗയ്‌സ്, എത്ര തവണ പറഞ്ഞിട്ടുണ്ട് വാവകളുള്ളപ്പോ ബോളിംഗ് മതി, പബ് വെണ്ടാന്ന്? ഹഹഹഹ്… ഇന്നു ബോളിംഗ് തന്നെ.

അരവിന്ദ്: ഓ ശരി. പ്രോജക്ട് ലീഡ് പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ… ഉത്തരവ് മാം..

അനില്‍: ഓക്കെ ദെന്‍. എല്ലാരും പെട്ടെന്ന് പണി തീര്‍ത്തെ. അഞ്ചരയ്ക്ക് ഇറങ്ങണം.

രൂപാലി: വെള്ളിയാഴ്ച വൈകിട്ടായാല്‍ ഗ്രൂപ് ലീഡിനു പണിയുടെ ആധി കേറും.

സംഭാഷണത്തില്‍ പങ്കുചേരാതെയിരുന്ന് പണിയെടുക്കുകയായിരുന്ന എന്നെ ചൂണ്ടിയായിരുന്നു രൂപ്‌സിന്റെ അവസാനത്തെ കൊട്ട്. ലക്ഷ്മിയും നീനയും കൂടെയുള്ളപ്പോഴൊക്കെ ഞങ്ങള്‍ വെള്ളിയാഴ്ച പാര്‍ട്ടികള്‍ നടത്താന്‍ ഹീരനന്ദാനി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പബ്ബില്‍ വരാന്‍ രണ്ടിനും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മമാരോട് കളവു പറയുന്നതൊഴിവാക്കാനായി അവരതു വേണ്ടെന്നു വെച്ചിരുന്നു. അവരില്ലാത്ത വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ ബാക്കി ‘മുതിര്‍ന്നവര്‍’ ജെഫ്രീസിലായിരുന്നു പോയിരുന്നത്. വെള്ളിയാഴ്ചകള്‍ ആഘോഷിയ്ക്കുക എന്നത് ഞങ്ങളുടെ പ്രോജക്ട് ഗ്രൂപ്പിന് മുടക്കാനാവാത്ത ഒരു ചിട്ടയായി മാറിയിരുന്നു. ഒന്നെങ്കില്‍ ഏതെങ്കിലും പബ്ബ് അല്ലെങ്കില്‍ ഹീരാ നന്ദാനിയില്‍ ബോളിംഗും പിന്നെ മിക്കവാറും പിസ്സാഹട്ടില്‍ അത്താഴവും.

ഞാന്‍: ഒരു സ്‌ട്രൈക്ക് കാണണമെങ്കില്‍ എല്ലാവരും നോക്കിക്കോ

അരവിന്ദ്: പതിവു പോലെ അതും ഗട്ടര്‍.

രൂപ്‌സ്: നീ ഈ ഡയലോഗ് പറയുമ്പോഴൊക്കെ നമ്മുടെ ടീമിന്റെ പോയന്റ് കുറയും. ഒന്ന് വായ അടച്ചു വെച്ച് കളിയ്ക്കാമോ?

ഓരോ സ്‌ട്രൈക്കും കഴിയുമ്പോള്‍ നീന ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടുന്നത് കൌതുകകരമായ കാഴ്ചയാണ്. അവളെനിയ്ക്കു വേണ്ടി ആര്‍ത്തു വിളിക്കുന്നതിന്റെ സന്തോഷത്തിനു വേണ്ടിയാണ് കുറെ ഞായറാഴ്ചകളിലെ നട്ടുച്ചകളും പിന്നെ അത്യാവശ്യം നല്ല സംഖ്യകളും ബലി കഴിച്ച് ബോളിംഗ് പ്രാക്ടീസ് നടത്തി പിന്നുകളെല്ലാം എറിഞ്ഞിടാന്‍ പടിച്ചത്. അന്ന് പിരിഞ്ഞപ്പോള്‍ ആരോ സൂചിപ്പിച്ചിരുന്നു എല്ലാവരും കൂടി ഞായറാഴ്ച നീനയുടെ വീട്ടില്‍ അവളുടെ ജന്മദിനം ആഘോഷിക്കാന്‍ പോകുന്നതിനെപ്പറ്റി. ഞായറാഴ്ച വെറുതെ കളയാന്‍ താല്‍പ്പര്യമില്ലായിരുന്നെങ്കിലും നീനയുടെ സന്തോഷത്തിനായി സമ്മതിച്ചു.

ഞായറാഴ്ച രാവിലെ മൊബൈലിന്റെ ശബ്ദം കേട്ടാണുണര്‍ന്നത്. അഡ്രസ്സ് ബുക്കിലില്ലാത്ത നമ്പര്‍. “ഹെല്ലോ, ഇതു ഞാനാണ് വിശ്വജിത്ത്.” വിഷു എന്ന എല്ലാവരും വിളിയ്ക്കുന്ന ഞങ്ങളുടെ അടുത്ത പ്രോജക്റ്റിലുള്ള, എപ്പോഴും ചിരിക്കുന്ന പയ്യന്‍. ഇവനെന്തിന് ഞായറാഴ്ച രാവിലെ തന്നെ എന്നെ വിളിക്കണം എന്നാലോചിച്ചു കൊണ്ട് ‘ഹെല്ലോ‘ പറഞ്ഞു. അവന്‍ വലിയ സന്തോഷത്തില്‍ തുടര്‍ന്നു “നീ വരുന്നില്ലേ നീനയുടെ വീട്ടില്‍? ഞാന്‍ ഇപ്പൊള്‍ത്തന്നെ കാറുമായി എത്താം, നീ റെഡിയായിരിയ്ക്ക്”. ഉറക്കം വിട്ടുമാറാത്തതിനാല്‍ ‘ഏതു നീ‍ന?‘ എന്നാണ് ചോദിയ്ക്കാന്‍ തോന്നിയത്. എന്നാലും അവന്‍ ഞങ്ങളുടെ പ്രോജെക്ടിലെ നീനയുടെ കാര്യത്തില്‍ ഇത്ര താല്‍പ്പര്യത്തോടെ കാറൊക്കെ എടുത്ത് എത്തുന്നതിനാല്‍ പെട്ടെന്നു തന്നെ വരാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. കുളിയ്ക്കുമ്പോഴും ആലോചിച്ചത് ജന്മദിനത്തിനൊക്കെ വീട്ടിലെത്താന്‍ മാത്രം അവര്‍ തമ്മിലെന്തു പരിചയം എന്നായിരുന്നു. ശരിയാണ് അവര്‍ ഒരു ഗ്രൂപ്പായി ഇടയ്ക്കിടയ്ക്ക് സംസാരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു മണിക്കൂറോളം എടുത്ത് അവളുടെ വീടിനടുത്തെത്തിയപ്പൊഴാണ് അവന്‍ സമ്മാനം വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. ഒരോ ബുക്കെ പൂവ് വാങ്ങാം എന്ന ആശയം പറഞ്ഞതും അവന്‍ തന്നെ. ഒരു പൂക്കടയുടെ മുമ്പില്‍ വണ്ടി നിന്നു. പൂക്കള്‍ തിരഞ്ഞു കൊണ്ടിരുന്നതിനിടയിലാണ് വിശ്വജിത്ത് പൂക്കളുടെ നിറങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞത്. വെള്ള സൌഹൃദത്തെക്കുറിയ്ക്കുന്നത്രെ, ചുവപ്പ് റോസുകള്‍ പരിശുദ്ധ പ്രണയത്തിന്റെ പ്രഖ്യാപനവും. എന്നാല്‍ അവള്‍ക്ക് ഒരു കുല ചുവപ്പ് റോസ് തന്നെ കൊടുത്തുകളയാം എന്നു പറഞ്ഞ് ഞാന്‍ അതു തന്നെ തിരഞ്ഞെടുത്തു. അവന്‍ വെള്ള റോസുകളും. അവളുടെ വീട്ടിലെത്തി സമ്മാനം കൊടുക്കാന്‍ നേരത്താണ് ഞങ്ങളുടെ പൂക്കള്‍ മാറിപ്പോയ കാര്യം ഞാന്‍ ശ്രദ്ധിച്ചത് - കാറിന്റെ പുറകിലെ സീറ്റില്‍ നിന്നെടുത്തപ്പോള്‍‍ മാറിയതാവാം. അവന്‍ കൊടുത്തതായിരുന്നു ചുവപ്പുപൂക്കള്‍.

ലക്ഷ്മിയും അനുവും അരവിന്ദും ഉണ്ടായിരുന്നു നീനയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക്. വീട്ടില്‍ ഭക്ഷണം കഴിഞ്ഞ് അടുത്ത പരിപാടി ലോണാവ്‍ല ഡ്രൈവ് ആയി തീരുമാനിയ്ക്കപ്പെട്ടു. വിഷുവിന്റെ ഐക്കണില്‍ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍. വളവുകള്‍ വീശിയെടുത്ത്, കയറ്റങ്ങള്‍ ഇരച്ചു കയറി ഞങ്ങള്‍ ലോണാവ്‌ലയില്‍ പെട്ടെന്നെത്തി. ഹെവന്‍സ് ഡെക്ക് എന്ന വ്യൂപോയന്റില്‍ സമയം കളയാനായിരുന്നു എല്ലാവരുടെയും തീരുമാനം. പതിവു കളിയാക്കലുകളും അന്താക്ഷരിയുമൊക്കെയായി സമയം നീങ്ങി. എങ്ങനെയോ വര്‍ത്തമാനം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രീതികളില്‍ എത്തി. നീനയായിരുന്നു ആ വിഷയം എടുത്തിട്ടത്.

വിഷു: ഇവിടുത്തെ ആസ്ഥാന കാമുകനായ നീ തന്നെ കാണിയ്ക്ക് എങ്ങനെയാണെന്ന്.

ഞാന്‍: ഞാനോ? ഞാന്‍ പാവം. എന്നെ വിട്.

നീന: കമോണ്‍ മാന്‍. ഒന്നു കാ‍ണിയ്ക്കൂ നിന്റെ സ്‌റ്റൈല്‍.

അരവിന്ദ്: ഈ മല്ലുവിന് എന്തു സ്‌റ്റൈല്‍ … ഹഹഹ… ഒരു വലിയ പൂവും വെച്ച് “ഞാ നീ പ്രേമിക്കണു”

ഞാന്‍: ഡാ ഡാ ഡാ, ഞങ്ങള്‍ മല്ലുസ് ആണ് മോസ്റ്റ് റൊമാന്റിക്ക്. നിങ്ങള്‍ ഗാട്ടുകാര്‍ക്ക് എന്തറിയാം.

ലക്ഷ്മി: എന്നാ നീ ഒന്നു ചെയ്തു കാണിയ്ക്കൂ.

എങ്ങെനെ പ്രണയാഭ്യര്‍ത്ഥന നടത്തും എന്നു കാണിയ്ക്കാന്‍ ഞാന്‍ തയ്യാറായി. നീന ചിരിച്ചു കൊണ്ട് എണീറ്റു നിന്നു. നിലത്തു നിന്നും പറിച്ച ഒരു പുല്‍ക്കൊടിയുമായി ഞാന്‍ മുട്ടില്‍ നിന്ന് “പ്രാണപ്രിയേ “ എന്നൊക്കെ വിളിച്ച് തുടങ്ങിയപ്പോഴേയ്ക്കും നീന മുഖം പൊത്തിച്ചിരിയ്ക്കാന്‍ തുടങ്ങിയിരുന്നു. “ഇതു പരമബോറ്, ഞാന്‍ കാണിച്ചു തരാം” എന്നു പറഞ്ഞ് വിഷു എണീക്കുന്നത് ഞാന്‍ കണ്ടു. അവന്‍ വിരലില്‍ കിടന്ന മോതിരം ഊരി നിലത്തു മുട്ടുകുത്തി നീനയുടെ കൈ ചുമ്പിയ്ക്കുന്നതും ആ മോതിരം ഇടുന്നതുമാണ് പിന്നെ ഞങ്ങള്‍ കണ്ടത്.

അത്ര പരിചയമൊന്നുമില്ലാത്ത അവന്റെ ആ നീക്കം നീനയെ മൂഡ് ഓഫ് ആക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവള്‍ എല്ലാം ഒരു സ്പോര്‍ട്ട്സ്‌മാന്‍ സ്പിരിറ്റിലെടുത്ത് ചിരിച്ചു നിന്നത് എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ആ മോതിരം അവള്‍ ഊരിയില്ലെന്നതും ഞാന്‍ ശ്രദ്ധിച്ചു.

എല്ലാവരും കൂടി അടുത്ത വ്യൂ പോയിന്റിലേയ്ക്ക് നടക്കുന്നതിനിടയിലാണ് ലക്ഷ്മി അപ്പൊഴും നീനയുടെ കൈയില്‍ കിടന്ന മോതിരം ശ്രദ്ധിച്ചത്. “ഇതു കൊള്ളാമല്ലോ, ഇത് ലേഡീസ് റിങ്ങ് ആണല്ലോ, അതും സ്റ്റോണുള്ളത്, ഇതെന്തിനാ താന്‍ ഇടുന്നെ” എന്നു ലക്ഷ്മി വിഷുവിനോട് ചോദിക്കുന്നതു കേട്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ കണ്ടത് വിഷു പെട്ടെന്ന് കാല് മടിഞ്ഞ് വെറും നിലത്തേയ്ക്ക് വീഴുന്നതാണ്. ആ ചോദ്യം എല്ലാവരും മറന്നു. അവിടെ കാലു മടിയാന്‍ കുഴിയോ കുറ്റിയോ ഒന്നും ഞാന്‍ കണ്ടുമില്ല. അവന്‍ കുറച്ചു നേരത്തേയ്ക്ക് വേച്ചു വേച്ചു നടക്കുന്നുണ്ടായിരുന്നു.

ലോണാവ്‌ല ചിക്കികളും ഫഡ്‌ജുകളും ഒക്കെയായി ഒരു സായാഹ്നം കൂടി. പൊട്ടിച്ചിരികളും പാട്ടുകളും പിന്നെയുമൊരുപാട്. സൂര്യന്‍ പടിയിറങ്ങിക്കഴിഞ്ഞാണ് ഞങ്ങള്‍ തിരിച്ചു പോന്നത്. പ്രോജക്ട് പി 230-ഇലെ ഞങ്ങളുടെ ദിനരാത്രങ്ങള്‍ സന്തോഷഭരിതങ്ങളായിരുന്നു. മിക്കവരും ചെറുപ്പക്കാര്‍, അവിവാഹിതര്‍. ജീവിതം ആസ്വദിച്ച ദിവസങ്ങള്‍. പക്ഷെ സന്തോഷം ശാശ്വതമല്ലെന്നാണല്ലോ. പെട്ടെന്നു തന്നെ ജോലി മാറേണ്ടി വന്നു. എത്തിപ്പെട്ടത് ബാംഗളൂരില്‍ മറ്റൊരു കമ്പനിയില്‍.
പണിയില്‍ മുങ്ങിയ ദിവസങ്ങള്‍. ഉറക്കം പോലും ഓഫീസില്‍ തന്നെ. ബോംബെയിലെ നല്ല നാളുകള്‍ ഓര്‍മ്മ മാത്രമായി.

അങ്ങനെയിരിയ്ക്കെ ഒരിയ്ക്കല്‍ നാട്ടില്‍ പോകാന്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരക്കു പിടിച്ച ബുക്കിംഗ് സെന്ററില്‍ നില്‍ക്കുമ്പോള്‍ മൊബൈലില്‍ ഒരു കോള്‍. ഒരു ബോംബെ നമ്പര്‍.

ഞാന്‍: ഹെല്ലോ, ആരാണിത്
നീന: ഡാ, ഇതു ഞാനാ നീന മന്ദാനി. ഓര്‍മ്മയുണ്ടൊ നമ്മളെ ഒക്കെ?
ഞാന്‍: ഹായ്… കൊറെ നാളായല്ലോ…. ഇതൊരു സര്‍പ്രൈസ് ആയി.
നീന: ഹ്മ്മ്… അറിയാം.. ഹിഹിഹിഹി… പിന്നെ എന്തൊക്കെ വിശേഷം? സുഖം തന്നെ?
ഞാന്‍: ആഹ്… സുഖം എന്നു പറയാം. ജീവിച്ചു പോകുന്നു. നിനക്കോ?
നീന: എനിക്കു പരമ സുഖമല്ലെ… ഹിഹിഹിഹി … പിന്നെ ഞാന്‍ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്. നിനക്ക് ഊഹിയ്ക്കാമോ?
ഞാന്‍: ഹ്മ്മ്മ്മ്… നീ കമ്പനി ചാടുന്നോ?
നീന: ബുദ്ദു. നിനക്കീ കമ്പനിയുടെ കാര്യമേ പ്രധാനമായുള്ളൂ?. ഇതതൊന്നുമല്ല. എന്റെ കല്ല്യാണം ഉറപ്പിച്ചു.
ഞാന്‍: വൌ. അഭിനന്ദങ്ങള്‍. ഇതു ശരിയ്ക്കും സര്‍പ്രൈസ് ആയി കേട്ടോ. ആട്ടെ, ആരാ ആ ഭാഗ്യഹീനന്‍?
നീന: അവിടെയല്ലേ തമാശ.. നിനക്കറിയാവുന്ന ഒരാളാ.. ഹിഹിഹിഹി.. ആരാന്നു പറ
ഞാന്‍: ങെ? എനിക്കറിയാമോ?
നീന: ങൂം.. നിനക്കറിയാവുന്ന ആളാണ്..ഹിഹിഹിഹി…
ഞാന്‍: ങേ…കൊള്ളാല്ലോ… അരവിന്ദ് ആണോ?
നീന: പോടാ അരവിന്ദ് ഒന്നുമല്ല. ഒരു ചാന്‍സ് കൂടി തരാം… ഒരു ക്ലൂ തരാം… നമ്മുടെ പ്രോജെക്‌ട് അല്ലായിരുന്നു.
ഞാന്‍: നമ്മുടെ പ്രോജെക്‌ട് അല്ലെങ്കില്‍ പിന്നെ…. ഹ്മ്മ്മ്മ്… വേറേ ആര്‍?.... ഓഹ്ഹ്ഹ്…. യെസ്… എന്തായിരുന്നു…. വിശ്വജിത്ത്…വിഷു? വിഷുവാണോ?
നീന: ഹിഹിഹിഹി.. റെറ്റ് … ബുള്‍സ് ഐ.
ഞാന്‍: കൊച്ചു കള്ളീ, കണഗ്രാറ്റ്സ്… നീ ഒരു വാക്കു പറഞ്ഞില്ലല്ലോ…
നീന: പറഞ്ഞില്ലെന്നോ? നിങ്ങളുടെ ഒക്കെ മുന്നില വെച്ചല്ലേ അവന്‍ എന്നെ പ്രൊപ്പോസ് തന്നെ ചെയ്തത്? ഹിഹിഹിഹി…
ഞാന്‍: ഹ്മ്ം …ശരിയാണ്… ഞാന്‍ ഓര്‍മ്മിയ്ക്കുന്നു… ഞാന്‍ എല്ലാം ഓര്‍മ്മിയ്ക്കുന്നു. ഇതെപ്പോ തുടങ്ങി? നിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയ്ക്കും മുമ്പ്?
നീന: അല്ലല്ല… അന്നു ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെയെപ്പോഴോ…ഹിഹി.

ബുക്കിങ്ങ് സെന്ററിലെ ബഹളത്തില്‍ നിന്നിറങ്ങി ഞാന്‍ സംഭാഷണത്തില്‍ മുഴകി വളരെ ദൂരം നടന്നു കഴിഞ്ഞിരുന്നു. പിന്നെയുള്ള കുറെ മണിക്കൂറുകള്‍ ഞാന്‍ പണ്ടൊരു ഡമ്മിയായ ചമ്മല്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി തങ്ങിനിന്നിരുന്നു.

Wednesday, August 02, 2006

നീല

“യോര്‍ ഫസ്റ്റ് ബിഗ് പ്രോജക്‌ട്”

പബ്ബില്‍ നിറഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ചു കൊണ്ട് പോള്‍ ശ്രീരാമിനോടു പറഞ്ഞു. അഭിമാനവും സന്തോഷവും ഗര്‍വ്വും എല്ലാം കലര്‍ന്ന ഒരു ചിരി മാത്രം ശ്രീ മറുപടിയായി നല്‍കി. ഇതു വരെ സ്വപ്നം പോലും കാണാനാവാത്തത്ര പണമാണ് ഈ ഒരു അസൈന്മെന്റിനു ബോണസ്സായി പോള്‍ അര മണിക്കൂര്‍ മുന്‍പെ കൈയില്‍ വെച്ച് കൊടുത്തത്. ആ ബ്രീഫ്‌കെയ്സിന്റെ ഹാന്‍ഡിലില്‍ തൊട്ടുതലോടിക്കൊണ്ട് പോള്‍ തുടര്‍ന്നു.

“യു ഗോണാ മെയ്ക്ക് ഇറ്റ് ബിഗ്, മാന്‍... നൌ, ഒണ്‍സ് യു ഡൂ ദാറ്റ്, യു മൈറ്റ് വാണ ഫൊര്‍ഗെറ്റ് ദോസ് പൂവ ഗേള്‍സ്”

പോള്‍ ഡാ‍ന്‍സ് ചെയ്തിരുന്നവരെ ചൂണ്ടിയാണ് പോള്‍ അത് പറഞ്ഞത്. ഇനി ഇത്തരം കുസൃതികളൊന്നും പാടില്ലത്രെ. വലിയ വലിയ കോണ്‍ടാക്‌ട്സ് ആവുമ്പോള്‍ പഴയവ മറക്കണം എന്ന ഉപദേശം.

“ഹേയ് കമോണ്‍മ്മാന്‍, ഷട്ടപ്പ്‌!!!..” ശ്രീ ഉറക്കെച്ചിരിച്ച് കൊണ്ട് പറഞ്ഞു. കൈയിലിരുന്ന മദ്യചഷകം ഉയര്‍ത്തിയപ്പോള്‍ അവന്റെ റ്റൈമെക്സ് വാച്ചിന്റെ നീല ഡയല്‍ പബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍ ഒന്നു കൂടി തിളങ്ങി. സ്റ്റേജില്‍ നിന്നുള്ള നീലവെളിച്ചം ഒന്നുകൂടി തെളിച്ചമാര്‍ന്ന പോലെ.

ഇനിമുതല്‍ അക്കൌണ്ട് മാനേജേഴ്സിന്റെ കൂടെ ആയിരിയ്ക്കും ഊണും ഉറക്കവും. എപ്പോഴും ബഹളവുമായി നടക്കുന്ന ഡെവലപ്പര്‍ കുട്ടികളുടെ കൂടെത്തന്നെ ലഞ്ചിനു പോകാനും അവരുടെ കമന്റടിയിലും മറ്റു ബഹളങ്ങളിലും പങ്കു ചേരാനും ശ്രീയ്ക്ക് പെട്ടെന്നൊരു കൊതി. ഇനി അതൊന്നും നടക്കുമെന്നു തോന്നുന്നില്ല.

ആഴ്ചകള്‍ക്കു ശേഷം... പബ്ബുകളിലെ നീല വെളിച്ചം ശ്രീയ്ക്ക് അന്യമായി. അവന്റെ വാച്ച് ഡയലിന്റെ നീല നിറവും മങ്ങിത്തുടങ്ങി എന്നു തോന്നി. ഉറങ്ങിയിട്ട് ദിവസം മൂന്നായിരുന്നതിനാല്‍ ഉറക്കം തളം കെട്ടിക്കിടക്കുന്ന കണ്ണൂകളുമായി ശ്രീ ഡെസ്ക്കില്‍ അല്‍പ്പ നേരം തല ചായ്ച്ചു. അടുത്ത ക്യാബിനില്‍ പോള്‍ ശാപവാക്കുകള്‍ ഉച്ചരിയ്ക്കുന്നത് അവ്യക്തമായി കേള്‍ക്കാം. കോണ്ട്രാക്ട് റിവോക്കിംഗ് ഫോമുകളിലും ലെ-ഓഫ് ഫോമുകളിലും ഒപ്പ് ഇടുകയാണെന്ന് പെന ഉരയുന്ന ശബ്ദം കൊണ്ട് മനസിലാക്കാം. കുറച്ച് മുന്‍പെ ശ്രീയുടെ കമ്പനിയുടെ അറ്റോര്‍ണി വന്നിരുന്നു, ഡെവലപ്പ്മെന്റ് പ്രോജക്ടായിരിയ്ക്കും എന്നു കരുതി ടീം ബില്‍ഡിംഗ് നടത്തിയതിന്റെ കണക്കുകളുടെ ഫയലും മാറത്തടക്കി. കൂടെ കൊണ്ടു വന്ന ശ്രീയുടെ അപ്രൈസല്‍ ഫോമില്‍ ഒരുപാട് നീല വരകള്‍ വീണുകാണും. ശ്രീ കണ്ണുകള്‍ ആഞ്ഞു തിരുമ്മി.


അതുവരെ എഴുതിക്കൊണ്ടിരുന്ന മുകളില്‍ ഇടതു വശത്ത് ഫോട്ടോയുള്ള വെളുത്ത ഫോമില്‍ അവസാന കോളവും പൂരിപ്പിച്ച്, അമര്‍ത്തി ഒരു കുത്തും ഇട്ട് നാഗരാജ് പേന കോണ്‍ഫറന്‍സ് റൂമിന്റെ മേശപ്പുറത്തേയ്ക്ക് ശബ്ദത്തോടെ ഇട്ടു. റ്റൈ ഒന്ന് അയച്ചു, നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. എന്നിട്ടാ ഫോം താഴെയുള്ള ഷെല്‍ഫില്‍ വെച്ച് ഭദ്രമായി പൂട്ടി.

പിന്നെ എഴുതിക്കൊണ്ടിരുന്ന പേന കൈയില്‍ എടുത്ത് അത് വിരലുകള്‍ക്കിടയിലിട്ട് കറക്കാന്‍ തുടങ്ങി. ലാബ്രഡോറെറ്റ് എന്ന നീല രത്നം പതിപ്പിച്ച അതിന്റെ ടോപ്പ് നീല പ്രകാശം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. രത്നത്തിനു ചേരാന്‍ എന്ന പോലെ പേനയില്‍ അങ്ങിങ്ങായി ചില നീല പൊട്ടുകള്‍. പിന്നെ പതിയെ ആ ഷെല്‍ഫ് വീണ്ടും തുറന്ന് പേന അതില്‍ നിക്ഷേപിച്ചു.

എണീറ്റ് നേരെ പോയത് റെസ്റ്റ് റൂമിലേയ്ക്കായിരുന്നു. ഓട്ടോമാറ്റിക് ടാപ്പിലെ വെള്ളത്തില്‍ മുഖവും കൈയും മാറിമാറി കഴുകി. എത്ര കഴുകിയിട്ടും തൊട്ടു മുന്നെ പുതിയ ട്രെയിനി വിക്രമിന്റെ ഫോമില്‍ അവനെ ടെസ്റ്റിങ്ങ് ടീമിലേയ്ക്ക് മാറ്റിക്കൊണ്ടുള്ള ഒപ്പിട്ടതിന്റെ കറ കൈയില്‍ നിന്നും മാറാത്തതു പോലെ. കൈത്തണ്ടയിലെ ഒരു നീല ഞരമ്പ് ഒന്നു പിടഞ്ഞു. പിന്നെ ഗ്രാഫൈറ്റ് തറയില്‍ വഴുക്കാതെ, തീരെ ശബ്ദമുണ്ടാക്കാതെ റിസോഴ്സ്‌ അലോക്കെഷന്‍ മാനെജരുടെ ക്യാബിനിലെയ്ക്കു നടന്നു.

“ആയിത്താ?”

“...അഹ്....ആ.....ആയിത്തു” റിസോഴ്സ് മാനേജരുടെ മുഖത്തു തുറിച്ചു നോക്കിക്കൊണ്ടാണ് നാഗ്‌രാജ് അതു പറഞ്ഞത്.

“അവ ഏനു കെലഷ മാടിതരെ?”

“കോഡിങ്ങ്”

നാഗ്‌രാജ് ആ പറഞ്ഞത് വിക്രം തൊട്ടടുത്ത ക്യുബിക്കിളില്‍ നിന്നും കേട്ടു. ഇട്ടിരുന്ന ഷൂ ഊരി നാഗരാജിനെ തല്ലണമെന്ന് അവനു തോന്നി. അതുവരെ കോഡ് ചെയ്തു കൊണ്ടിരുന്ന ഡെവലപ്പ്മെന്റ് എന്‍വയണ്മെന്റ് ഒന്നു കൂടി നോക്കി, ഒന്നു നെടുവീര്‍പ്പിട്ട്, പിന്നെആ‍ മോണിറ്ററിന്റെ ഒരു വശത്ത് ഇടത് കൈ കൊണ്ട് മുറുക്കിപ്പിടിച്ച് അവന്‍ കോഡിങ്ങില്‍ മുഴകിയിരിയ്ക്കുകയാണെന്നു നടിച്ചു. അവന്റെ മോണിറ്ററില്‍ അപ്പോള്‍ തെളിഞ്ഞത് ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് ആയിരുന്നു.