Tuesday, May 30, 2006

ഫുട്ബോള്‍ ഫീല്‍ഡിലെ തെമ്മാടി

അഞ്ചടി എട്ടിഞ്ച് ഉയരവും ഉരുണ്ട ശരീരവുമുള്ള ഒരു അര്‍ജന്റീനക്കാരന്‍ ഒരു പന്തിന്റെ പുറകെ ഓടുന്നതും, ആ പന്തും സ്വന്തം കാലുകളും ഉപയോഗിച്ച്‌ മാന്ത്രിക വിദ്യകള്‍ പലതും കാണിക്കുന്നതും, തടുക്കാന്‍ വരുന്ന എതിരാളിയെ പലതവണ കബളിപ്പിക്കുന്നതും, പിന്നെ അവനാല്‍ വീഴ്ത്തപ്പെടുന്നതും, ആ പന്ത്‌ ‘ലക്ഷ്യം’ എന്ന വലയില്‍ എത്തിക്കാനായി അശാന്തം പരിശ്രമിക്കുന്നതും, ആ പരിശ്രമത്തില്‍ വിജയിക്കുമ്പോഴൊക്കെ ചൂണ്ടു വിരല്‍ വായുവില്‍ ഉയര്‍ത്തി വീശി മൈതാനം മുഴുവന്‍ ഓടി നടക്കുന്നതുമൊക്കെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളായിരുന്നു എനിക്ക്‌.

ലാറ്റിനമേരിക്കന്‍ ജനതയുടെ സിരകളിലലിഞ്ഞിരിക്കുന്ന ആ ആവേശം, സോക്കര്‍ എന്നു സായിപ്പും ഫുട്‌ബോള്‍ എന്നു നമ്മളും വിളിക്കുന്ന നിര്‍വചനങ്ങളില്ലാത്ത ആ അനുഭൂതിയുടെ മുടിചൂടാ രാജകുമാരനായി രണ്ടു പതിറ്റാണ്ടോളം വാണ ഡിയഗോ അര്‍മാന്‍ഡോ മറഡോണ…. ലോകമെമ്പാടുമുള്ള പല സുന്ദരിമാരുടെയും സ്വപ്നകാമുകന്‍… യുവാക്കളുടെയും കുട്ടികളുടെയും മാത്രകാപുരുഷന്‍… ഫുട്‌ബോളിനെക്കുറിച്ചു അറിയാവുന്നവരുടെയൊക്കെ ദൈവം.

60-ല്‍ ജനിച്ച്‌ 75-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ പ്രതിഭ. 86-ല് ‘സ്വയം’ ജയിച്ച ഒരു ലോകക്കപ്പും‌, ലോകമെമ്പാടുമുള്ള മൈതാനങ്ങളില്‍ നേടിയ എണ്ണം പറഞ്ഞ ഗോളുകളും, പിന്നെ അത്ര മാന്യമല്ലാത്ത ചില മരുന്നുകളും, കയറിയിറങ്ങിപ്പോയ ചില വനിതകളും, ഇടയ്ക്ക്‌ അത്യാവശ്യത്തിനു ജയില്‌വാസവും… അങ്ങനെയങ്ങനെ ആ ജീവിതം വളരെ സംഭവബഹുലമായിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2001-ല്‍ അവസാന അന്തര്‍ദേശീയ മത്സരവും കളിച്ച്‌ വിടവാങ്ങിയപ്പോഴെക്കും ആ രാജകുമാരന്‍ ആരാധകരോടൊപ്പം ആവശ്യത്തിലധികം വിമര്‍ശകരെയും നേടിയിരുന്നു. പക്ഷെ ഫുട്‌ബോള്‍ മനസില് ‍കൊണ്ടു നടക്കുന്ന അനേകര്‍ക്ക്‌ (ഞാനടക്കം) ‘ദി കിംഗ്‌‘ എന്നറിയപ്പെടുന്ന അദ്ദേഹം ഇന്നും ദൈവമായി തുടരുന്നു. ഫുട്‌ബോളിന്റെ ചരിത്രം ചികയുന്നവര്‍ക്ക്‌ എതിരഭിപ്രായങ്ങളുണ്ടായേക്കാമെങ്കിലും, ലോകത്തിലെ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരനാര് എന്ന ചോദ്യത്തിനെനിക്കൊരു ഉത്തരമേയുള്ളു. പെലെ എന്നാല്‍ കേട്ടും വായിച്ചും മാത്രം അറിയാവുന്ന ഒരു മാന്ത്രികനാണ് (അദ്ദേഹത്തിന്റെ കളിയുടെ വളരെ കുറച്ചു ക്ലിപ്പിങ്ങുകള്‍ കാണാനുള്ള ഭാഗ്യമേ ഉണ്ടായിട്ടുള്ളു). കണ്ടറിഞ്ഞ മാന്ത്രികന്‍ കേട്ടറിഞ്ഞ മാന്ത്രികനെക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രാധാന്യം സ്വയം നേടിയെടുത്തതാവാം…

ബ്യൂണസ്‌ അയേഴ്സിനടുത്തുള്ള ഒരു ചേരിയിലായിരുന്നു രാജകുമാരന്റെ ജനനം. പത്താം വയസില്‍ അര്‍ജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയര്‍ ടീം ആ‍യ Los Cebollitas-ലാണ് അഭ്യാസങ്ങള്‍ തുടങ്ങിയത്‌. പരിശീലകന്‍ കുട്ടി-മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ ഗ്രൂപ്പില്‍ തുരുപ്പു ചീട്ടായി ഇറക്കാറുണ്ടായിരുന്നത്രെ. 16 വയസാവുന്നതിനു മുമ്പെ (കുറച്ചു കൂടി ക്രിത്യമായി പറഞ്ഞാല്‍,10 ദിവസം മുമ്പെ) അര്‍ജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഫസ്റ്റ്‌ ഡിവിഷണില്‍ അങ്കം കുറിച്ചു. പരിശീലകന്‍ മറഡോണയെ കളത്തിലിറക്കിയപ്പോള്‍ ആര്‍പ്പു വിളിച്ചത്‌ ഫുട്‌ബോള്‍ ലോകം ഇന്നും ഓര്‍മ്മിയ്ക്കുന്നു. “Go, Diego, play like you know“. 76 മുതല്‍ 80 വരെയുള്ള ആ കാലയളവിനുള്ളില്‍ 166 മത്സരങ്ങളും 111 ഗോളുകളും. ജൂനിയേഴ്സിനെ വിജയങ്ങളിലേക്കു നയിച്ച വീരനാ‍യകന്‍ - പള്ളിയില്‍ കുറ്ബാനക്കു പോകുന്നതു പോലെ ഒരു മത്സരം പോലും വിടാതെ കാണാനെത്തിക്കൊണ്ടിരുന്ന ജൂനിയേഴ്സ്‌ ആരാധകര്‍ - ഫുട്‌ബോള്‍ എന്ന ഭ്രാന്തിന്റെ പരസ്പര പൂരകങ്ങളായ രണ്ടു പകുതികള്‍.

1981-ല്‍ ബൊകാ ജൂനിയേഴ്സിലേക്കൊരു മാറ്റം. ഫുട്‌ബോളിലെ വളരെ പ്രശസ്തമായ ഒരു സമവാക്യമാണ് ഉരുത്തിരിഞ്ഞത്‌. ബൊക എന്നാല്‍ മറഡോണ, മറഡോണ എന്നാല്‍ ബൊക. അവസാനം പല ക്ലബുകള്‍ കറങ്ങി മറഡോണ 1995-ല്‍ ബൊക-യില്‍ തിരിച്ചെത്തി. തന്റെ ഏറ്റവും പ്രിയപ്പെട്ടെ ഫീല്‍ഡായ ല-ബൊമൊനര-യില്‍ ബൊക-യെ വീണ്ടും ഒരു 1-0 വിജയത്തിലേക്കു നയിക്കാന്‍.

82-ല്‍ ബൊകയില്‍ നിന്ന് ലോകത്തിന്റെ ഒത്ത നടുവിലേക്ക്‌ - ബാഴ്സിലോണ ഫുട്‌ബോള്‍ ക്ലബ്-ലെക്ക്‌. റിയലിനെതിരെ മൈതാനം മുഴുവന്‍ ഓടി നടന്നു നേടിയ ആ ഗോള്‍ (അവസാന നിമിഷം ഓടിയടുത്ത ഡിഫന്‍ഡറെ സ്പെയിനിലെ പോരുകാളയെ ഒഴിവാക്കുന്ന മറ്റഡോറിനെ പോലെ ഒഴിവാക്കി നേടിയ അതേ ഗോള്‍) വരാനിരുന്ന മറ്റൊരു ഗോളിനായുള്ള പരിശീലനമായിരുന്നോ? അടുത്ത ക്ലബ്‌ നാപോളി ആയിരുന്നു. 84 മുതല്‍ 91 വരെ അസംഖ്യം ട്രോഫികള്, UEFA കപ്പടക്കം. നാപോളിയിലെ മറഡോണയുടെ തുടക്കവും അവസാനവും തോല്‌വിയോടെയായിരുന്നു, ബാക്കിയെല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതും. അവസാനം ഒരു ലഹരി മരുന്നു പരിശോധന, 15 മാസത്തേയ്ക്ക്‌ ലോകത്തിനു മറഡോണയുടെ കളി ആസ്വദിക്കുന്നതില്‍ നിന്നും വിലക്ക്‌… സടകള്‍ കൊഴിഞ്ഞു തുടങ്ങിയിരുന്ന സിംഹം പിന്നീടു പോയതു സെവില്ല-ക്ലബിലെക്കായിരുന്നു, 1992-ല്‍. സ്പെയിനിലെ പഴയ എതിരാളികളുടെ ഇടയിലേക്കൊരു മടക്കയാത്ര. ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന മധുവിധു. 1993-ല്‍ ജന്മനാട്ടിലേക്കു മടക്കം- നെവെത്സ്- ക്ലബിലേക്ക്‌. അവസാന കാലത്തു ‘സ്വന്തം’ ബൊകയിലെയ്ക്കും.

ഇതൊക്കെ ക്ലബുകളുടെ മാത്രം ചരിത്രം. ലോകം മറഡോണയെ മാറോടടക്കിയത്‌ വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല. പന്തു കാലില്‍ കിട്ടിക്കഴിഞ്ഞാല്‍ ആ മാന്ത്രികന്‍ കാണിച്ചിരുന്ന ഭ്രാന്ത്‌ കണ്ടിട്ടാ‍യിരുന്നു. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാര്‍ക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും ക്രിത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഈ തടയാനാവാത്തെ പ്രതിഭാസത്തെ നേരിടാന്‍ പലപ്പോഴും എതിരാളികള്‍ക്ക്‌ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു - പന്തുമായി വരുന്ന മറഡോണയെ വെട്ടി വീഴ്ത്തുക, ഫൌള്‍ ചെയ്യുക. ഒരു പക്ഷെ ലോകത്ത്‌ ഏറ്റവും അധികം തവണ ‘ടാക്കിള്‍’ ചെയ്യപ്പെട്ടിട്ടുള്ള ഫുട്‌ബോള്‍ താരം മറഡോണ തന്നെയായിരിയ്ക്കും.

ഇളം നീലയും വെള്ളയും വരകളുള്ള അര്‍ജന്റീനിയന്‍ കുപ്പായമണിഞ്ഞ്‌ 91 മത്സരങ്ങളിലായി 34 ഗോളുകള്‍. ദേശീയ ടീമിന്റെ അമരക്കാരനായിരിന്നിട്ടും പരിചയക്കുറവെന്ന കാരണത്താ‍ല്‍ മറഡോണയ്ക്ക്‌ 78 ലോകകപ്പ്‌ കളിക്കാനായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വീണുകിടന്നു കരയുന്ന മറഡോണയെയാണു ലോകം കണ്ടത്‌.

82-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ ബെല്‍ജിയത്തിനോടും പിന്നെ ഇറ്റലിയോടും ബ്രസീലിനോടും തോല്‌വികള്‍. തോല്‌വി എന്ന പരിചയമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ എതിര്‍ കളിക്കാരനെ ചവിട്ടിയതിനു ചുവപ്പു കാര്‍ഡും വാങ്ങി മറഡോണ പുറത്താക്കപ്പെടുകയും ചെയ്തു. അര്‍ജന്റീനയ്ക്ക്‌ തൊട്ടതെല്ലാം പിഴച്ച ഒരു ലോകകപ്പ്‌.

എല്ലാ കണക്കുകളും തീര്‍ക്കാന്‍, എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കാത്തിരിയ്ക്കേണ്ടി വന്നത്‌ നാലു വര്‍ഷങ്ങള്‍. ക്യാപറ്റനായി മറഡോണ 86 മെക്സിക്കോ ലോകകപ്പിന് ഇറങ്ങിയത്‌ തീര്‍ച്ചയായും ജയിക്കാനായിത്തന്നെയായിരുന്നു. തിരിച്ചു പോയത്‌ ഇടം കൈയിലൊരു ട്രോഫിയും പിന്നെ ലോകത്തിന്റെ മുഴുവന്‍ വാത്സല്യവുമായായിരുന്നു. ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ പിറന്നത് ആ ലോകകപ്പിലായിരുന്നു. ഇന്ഗ്ലണ്ടിനെതിറ്റെയുള്ള മത്സരത്തില്‍, ആറ്‌ എതിരാളികളെ കബളിപ്പിച്ചു കൊണ്ട്‌ 60 മീറ്റര്‍ ഓടി മറഡോണ നേടിയ ഗോള്‍… പിന്നെ ഒരു കുസൃതിത്തരമെന്നപോലെ ‘ദൈവത്തിന്റെ കൈ’ കൊണ്ടു നേടിയ ഗോളും പിറന്നത്‌ അതേ മത്സരത്തില്‍ തന്നെയായിരുന്നു എന്നതൊരു ആകസ്മികത. ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍, ബെല്‍ജിയത്തെ സെമിയില്‍, പിന്നെ ജര്‍മ്മനിയെ ഫൈനലില്‍… മാന്ത്രികന്‍ താന്‍ വന്ന കാര്യം സാധിച്ച്‌ മടങ്ങി.

കാലത്തിന്റെ സീ-സോ കളി അവസാനിച്ചിരുന്നില്ല. 90 ഇറ്റലി ലോകകപ്പില്‍ വീണ്ടും. ആദ്യ മത്സരത്തില്‍ കാമറൂണിനോടു പരാജയം. അടി പതറാതെ പൊരുതിയ അര്‍ജന്റീന്‍ ഫൈനല്‍ വരെയെത്തിയതു പലര്‍ക്കും അത്ഭുതമായിരുന്നു. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മില്‍ വീണ്ടും ഒരു സ്വപ്ന ഫൈനല്‍. എന്നാല്‍ ഇത്തവണ ഭാഗ്യം അര്‍ജന്റീനയെ തുണച്ചില്ല. ഒരു പെനാല്‍റ്റിയില്‍ എല്ലാം അവസാനിച്ചു. മറഡോണയ്ക്ക്‌ ആവശ്യമില്ലാത്ത ഒന്നാണ് ആ ലോകകപ്പ്‌ സമ്മാനിച്ചത്‌ - രണ്ടാം സ്താനം. ഫീല്‍ഡില്‍ വീണു കിടന്നു കരയുന്ന മറഡോണയെ ലോകം ഒരിക്കല്‍ കൂടി കണ്ടു.

94 അമേരിക്ക ലോകകപ്പിനിടയ്ക്ക്‌ പരാജയപ്പെട്ട ഒരു ലഹരി മരുന്നു പരീക്ഷ. തലകുനിച്ച്‌ ഇറങ്ങിപ്പോയ മറഡോണ പിന്നെ ലോകവേദികളിലധികം പ്രത്യക്ഷപ്പെട്ടിട്ടില്ല.

എത്ര തന്നെ അപവാദങ്ങളില്‍ പെട്ടാലും കാല്‍പ്പന്തുകളിയുടെ ആ രാജകുമാരന്‍ ഇന്നും അനേകായിരങ്ങളുടെ മനസില്‍ ജീവിക്കുന്നു. ഒരു ഇതിഹാ‍സമായി, ഒരു സ്വപ്നമായി…

Reference - http://www.diegomaradona.com/ingles/ihistoria.html

Tuesday, May 23, 2006

ശൂന്യം

പോസ്റ്റൊക്കെ എഴുതിയിട്ടു കുറെ നാളായി… വേറെ ഒന്നുംകൊണ്ടല്ല… ഒന്നും എഴുതാനില്ല എന്ന ലളിത സുന്ദരമായ കാരണം കൊണ്ടാണ്. കുറച്ചു തിരക്കായിരുന്നു എന്നതു സത്യം… പക്ഷെ ഇടക്കൊന്നു രണ്ടു തവണ ശ്രമിക്കാതിരുന്നില്ല. എമ്മെസ്‌ വേര്‍ഡ്‌ തുറക്കുന്നു… ഗഹനമായി ആലോചിക്കുന്നു… മൊഴി കീമാപ്പ്‌ ഓടിക്കുന്നു. വീണ്ടും ഗഹനമായി ആലോചിക്കുന്നു… രണ്ടു ലൈന്‍ ടൈപ്പ്‌ ചെയ്യുന്നു… വായിക്കുന്നു… ഡിലിറ്റ് ചെയ്യുന്നു…. ഈ പ്രക്രിയ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു…

കഴിഞ്ഞ തവണ ഇതു കുറേ സമയം ചെയ്തു കഴിഞ്ഞപ്പോഴാണ് ഫുട്ബോളിനെപ്പറ്റി ഒരു പോസ്റ്റെഴുതിക്കളയാം എന്നു വിചാരിച്ചത്‌… സ്വന്തമായി എഴുതാനറിഞ്ഞൂടാത്തു കൊണ്ട്‌ പതിവ്പോലെ ഏതെങ്കിലും ശൈലി കടമെടുക്കാന്‍ തീരുമാനിച്ചു. ഇത്തവണ നറുക്കു വീണത്‌ എന്‍.എസ്‌. മാധവന്റെ ‘ഹിഗ്വിറ്റ‘ക്കാണ്… അതുപോലെ ഫുട്‌ബോളും പ്രേമവും ഇഴപിരിച്ച്‌ അങ്ങു കത്തിക്കയറിക്കളയാം എന്നു തീരുമാനിച്ചു…കൂട്ടുകാര്‍ പലരും പല തരം പല വിധം പ്രേമങ്ങള്‍ നടത്തുന്നതൊരുപാടു കണ്ടിട്ടുള്ളതിനാല്‍ പ്രേമത്തെപ്പറ്റി എഴുതാന്‍ വളരെ എളുപ്പമാണല്ലോ… അങ്ങനെ എഴുതിത്തുടങ്ങി. പതുവുപോലെ എങ്ങും എത്തിയില്ല. ഒരു പാര(ഗ്രാഫ്‌) കഴിഞ്ഞപ്പോഴേ എഴുതാനുള്ളതെല്ലാം തീര്‍ന്നു. :-) പിന്നെ തുടങ്ങിയതല്ലെ എങ്ങനേലും തീര്‍ക്കണോല്ലോന്നു വെച്ചു വലിച്ചു പിടിച്ചങ്ങു തീര്‍ത്തു. ഇന്നിതു പോസ്റ്റാക്കിയില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാ‍ര്യമില്ല എന്ന ഒരു നിര്‍ബന്ധബുദ്ധി എങ്ങനെയോ തലയില്‍ക്കയറി….

അതു കഴിഞ്ഞ കഥ…അല്ലെങ്കില്‍ കഴിഞ്ഞതിന്റെ കഥ. ഒന്നൂടെ ശ്രമിച്ചു ഒരാറ്റന്‍ സാധനം എഴുതിത്തള്ളിക്കളയാം എന്നു കരുതി ഇരുന്നതാണിപ്പോഴും… പക്ഷെ മറ്റെ ലോ നഗ്ന സത്യം നഗ്ന്മായി തന്നെ എന്നെ തുറിച്ചു നോക്കുന്നു…”എഴുതാനൊന്നുമില്ല“:-( (പണ്ടാരമടങ്ങാനായിട്ട്‌… ഈ സത്യത്തിനു മാത്രമെ നഗ്നമായിട്ട്‌ എന്നെ തുറിച്ചു നോക്കാന്‍ തോന്നുന്നുള്ളു.. ഗന്ധര്‍വന്റെ ഭാഷയില്‍ പറഞ്ഞാല്‍ വല്ല ‘ലലനാമണികളുമായിരുന്നു’ തുറിച്ചു നോക്കുന്നതെങ്കില്‍ എത്ര ശാന്ത സുന്ദര സുരഭിലമായേനേ..)

പിന്നെ ഇപ്പൊഴുള്ള വിവാദങ്ങളിലേക്കൊക്കെ ഒന്നു എത്തിനോക്കിയാലോ എന്നു ആലോചിച്ചു. വല്ലപ്പോഴും വലിഞ്ഞു കയറി ചെന്നു അഭിപ്രായം പറഞ്ഞ്‌ എന്തിനാ വെറുതെ ആള്‍ക്കാരെക്കൊണ്ട്‌ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്കു ഫോണ്‍ വിളിപ്പിക്കുന്നെ എന്നു വിചാരിച്ച്‌ അതും വേണ്ട എന്നു വെച്ചു. ഇപ്പൊ ആലോചിക്കുമ്പോ ബുദ്ധിയായി എന്നു തോന്നുന്നു. :-)

പിന്നെ പ്രത്യേകിച്ചൊന്നും പറയാനില്ല… “അവിടെയും സുഖം, ഇവിടെയും സുഖം, എന്നാ പിന്നെ ബ്ലോഗര്‍ സെര്‍വര്‍ ഓടുന്ന ഈജെബി കണ്ടെയിനറിനാണോ അസുഖം, നിനക്കൊക്കെ വെറുതെ വീട്ടി കുത്തിയിരുന്നൂടെ“ എന്നു ആരെങ്കിലും പറയുന്നതു വരെ ഇതൊക്കെത്തന്നെ ഇങ്ങനെ തുടര്‍ന്നു കൊണ്ടുപോകാം അല്ലെ?

അതു പറഞ്ഞപ്പോഴാണ്… മറ്റെ ലോ ക്ലപ്പിന്റെ കാര്യം… ദേവേട്ടന്‍ ആഴ്സാന്റു സ്പോഴ്സ്‌ ക്ലബ്‌ തുറന്നത്‌… ദേവേട്ടാ, നന്ദിയൊണ്ട്‌… :-) പ്രത്യേകിച്ചൊന്നും പോസ്റ്റാന്‍ ആമ്പിയറില്ലാതിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ എന്തെങ്കിലും നാലു വാക്കു പറയാന്‍ ഒരു അവസരം ഉണ്ടാക്കിത്തന്ന ദേവന്‍പിള്ള സാറിന് എന്റെ സ്വന്തം പേരിലും കമ്മറ്റിയുടെ പേരിലും പിന്നെ ഈ കൂടിയിരിക്കുന്ന ഓരോരുത്തരുടേയും പേരിലും നന്രിയുടെ പ്വൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു കൊള്ളൂന്നൂ…

ഇത്രയും പറഞ്ഞുകൊണ്ട്‌ ഞാനെന്റെ വാക്കുകള്‍ സഫജലീകരിക്കുന്നു.
വിട- ഇനിയും പോസ്റ്റെഴുതാനുള്ള ത്വര ഉണ്ടാകുന്നതു വരെ.