Tuesday, January 31, 2006

മെറ്റീരിയലിസം.

കോളേജ്ജ്‌ ഗെയിറ്റ്‌ കഴിഞ്ഞ്‌ മുകളിലേക്കു കയറിപ്പോകുന്ന വളഞ്ഞ റോഡിലെത്തിയപ്പോൾ റ്റോം കൈ ഒന്നുകൂടി തിരിച്ചു. YAMAHA RX 100 മുരണ്ടുകൊണ്ട്‌ കുതിച്ചു ചാടി. ബൈക്ക്‌ മനോഹരമായി കിടത്തിയെടുത്ത്‌ മുകളിലെ വളവു തിരിഞ്ഞു, പ്രധാന കെട്ടിടത്തിനു ചുറ്റുമോടിച്ച്‌ പുറകിലെത്തി. ക്ലാസിനു പുറത്തായി എന്നും വണ്ടി നിർത്തുന്ന പേരയുടെ ചുവട്ടിലെത്തുന്നതിനു മുമ്പെ ഒന്നു കൂടി ഇരപ്പിച്ചു. അതു നേഹക്കു കേൾക്കാനായായിരുന്നു. പ്രതീക്ഷിച്ചതു പോലെ നേഹ പുറത്തേക്കു നോക്കി, അതു കാണാത്ത ഭാവത്തിൽ റ്റോം ബൈക്ക്‌ മുഴുവൻ വേഗത്തിൽ പേരച്ചുവട്ടിലെത്തിച്ചു. നിർത്തുന്നതിനു മുമ്പു തന്നെ സൈഡ്‌സ്റ്റാൻഡ്‌ തട്ടി, എന്നിട്ട്‌ കാൽ പെട്രോൾ ടാങ്കിനു മുകളിൽക്കൂടി കറക്കിയെടുത്തുള്ള ഇറക്കം. അവനറിയാം നേഹയും മറ്റു പെൺകുട്ടികളും ക്ലാസിനുള്ളിൽ നിന്നും അതു കാണുന്നുണ്ടെന്ന്‌. പിന്നെ പതിവുപോലെ രണ്ടു ബുക്കും കയ്യിൽ പിടിച്ച്‌ ഓടിയെത്തിയ ഭാവത്തിൽ ക്ലാസിനു വെളിയിലെത്തി, ഒരു കൈ അൽപ്പം മുന്നോട്ടാഞ്ഞ്‌ കുനിഞ്ഞ്‌ വിനീതനായി ടീച്ചറോട്‌ അകത്തേക്കു വരാനുള്ള അനുവാദം ചോദിക്കുന്നു, “സോറി മിസ്സ്‌. ബസ്‌ മിസ്സായി.” പെൺകുട്ടികൾ ചിരിയടക്കുന്നു. ഒരു വാദ്വാദത്തിൽ താൽപ്പര്യമില്ലാത്ത ടീച്ചർ അകത്തു വരാനായി തലവെട്ടിക്കുന്നു.

നേഹയുടെ അടുത്ത സീറ്റിലേക്ക്‌. ഓരോ ദിവസവും രണ്ടോ മൂന്നോ ക്ലാസുകളേയുള്ളു. അതു രണ്ടുപേരും തമ്മിലുള്ള അടക്കിപ്പിടിച്ച് കൊച്ചു വർത്തമാനങ്ങൾ കൊണ്ടു കഴിയും. അന്നവൾ അവന്റെ കയ്യിൽ ഒരു പേനകൊണ്ട്‌ വരച്ചുകൊണ്ടിരുന്നു. മൈലാഞ്ചിയിടുന്നപോലെ ഉള്ളംകൈ മുഴുവൻ വരകൾ.

അവൾ കോളേജ്‌ ഹോസ്റ്റലിൽ താമസിച്ചിരുന്നതിനാൽ വൈകുന്നേരങ്ങൾ അവരുടേതു മാത്രമായിരുന്നു. കോളേജിലെ അക്വേഷ്യക്കാടുകൾക്കിടയിൽ - ലേഡീസ്‌ ഹോസ്റ്റൽ ഗെയിറ്റ്‌ അടയ്ക്കുവോളം. അവന്റെ ബൈക്കിൽ handle bar-ൽ തലവെച്ച്‌, സീറ്റിനു മുകളിലൂടെ കാലുകൾ നീട്ടിയിട്ട്‌ കിടക്കാൻ അവൾക്കിഷ്ടമായിരുന്നു. ബൈക്കിനടുത്ത്‌ നിലത്തു രണ്ട്‌ ഇരട്ട അക്വേഷ്യമരങ്ങളിൽ ചാരി അവന്റെ സ്തിരം ഇരിപ്പിടം.

റ്റോം അവളോട്‌ പ്രേമാഭ്യർത്ഥന നടത്തിയത്‌ കോവളത്തേക്കുള്ള ഒരു യാത്രക്കിടയിലായിരുന്നു. റ്റോമിന്റെ TATA SAFARI-ൽ ക്ലാസ്‌ സുഹ്രുത്തുക്കൾ ഏഴുപേർ കൂടി കോവളത്തേക്കുള്ള യാത്ര. അവനും അവളും മാത്രം മുന്നിലെ സീറ്റുകളിൽ...‘IRON MAIDEN’ന്റെ ‘FEAR OF THE DARK‘ കാർ സ്റ്റീരിയോ സ്പീക്കറുകളിൽ നിന്നും അലറിവിളിച്ചുകൊണ്ടിരുന്നു. ഹൈവേയിലൂടെ സഫാരി 90 കിലോമീറ്ററിൽ പറക്കുന്നു. ബാക്കി അഞ്ചു പേരും എന്തോ കടുത്ത തർക്കത്തിലേർപ്പെട്ട സമയത്താണ്‌ അവൻ ശബ്ദം താഴ്ത്തി അവളോടു പറഞ്ഞത്‌ “നേഹ്‌സ്‌.... എനിക്കു നിന്നെ ഒരുപാടിഷ്ടമാണ്. ഞാൻ ജീവിതത്തിലാദ്യമായാണ് ഒരു പെണ്ണിനോടിതു പറയുന്നത്‌. നീ എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇതു അവസാനത്തെ തവണയും ആവും. ഞാൻ സ്പീഡ്‌ 120 ആക്കാൻ പോകുകയാണ്. നിനക്ക്‌ ആലോചിക്കാം. നീ ഉത്തരം പറഞ്ഞിട്ടെ ഞാൻ ഇനി ബ്രൈയ്ക്കിൽ കാലു വെയ്ക്കൂ...” അങ്ങനെ നേഹ തന്റെ പ്രേമത്തെപ്പറ്റി ഒരു തീരുമാനത്തിലെത്തിയത്‌ 120 കിലോമീറ്ററിൽ 7 പേരുടെ ജീവിതവും കൈയിൽ പിടിച്ചു നിലം തൊടാതെ പറക്കുന്നതിനിടയിലായിരുന്നു.

I am a man who walks alone
And when I'm walking a dark road
At night or strolling through the park...


അവനെ അവൾക്കും ഇഷ്ടമായിരുന്നു. പക്ഷെ മതവും സമുദായവുമെല്ലാം 120 കിലോമീറ്റർ സ്പീഡിൽ അവളുടെ മനസിലേക്കു വന്നു കൊണ്ടിരുന്നു. അവസാനം മൂന്നാമത്തെ നാഷണൽ പെർമിറ്റ്‌ ലോറിയിൽ നിന്നും കൂടി കഷ്ടിച്ചു രക്ഷപെട്ടുകഴിഞ്ഞപ്പോൾ അവൾ തല അവനുനേരെ തിരിച്ചു “I TOO LOVE YOU, BASTARD“.റ്റോം അവളെ ആദ്യത്തെ DIAMOND RING കോവളം കടൽപ്പുറത്ത്‌ സാഗരം സാക്ഷിയായി അണിയിച്ചു, കൂടെവന്ന അഞ്ചുപേരും കാണാതെ, ആർക്കും ഒരു സംശയം പോലും തോന്നാതെ.

കോളേജ്‌ ഡേ, നഗരത്തിലെ പ്രധാന ഹോളിൽ പരിപാടികൾ... ഫാഷൻ ഷോയ്ക്ക്‌ അവൻ പങ്കെടുക്കാൻ സമ്മതിച്ചത്‌ അവളുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു - അവളുടേ ഇണയാവാൻ. അവസാനത്തെത്‌ വെസ്റ്റേൺ പാർട്ടി വെയർ റൌണ്ട്‌. ഒരു BLACK THREE PIECE SUIT-ൽ അവൻ, വെളുത്ത മിഡിയും സ്റ്റോക്കിങ്ങ്‌സുമിട്ട്‌ ഒരു മാലാഖയെപ്പോലെ അവൾ. റാമ്പിൽ മുന്നിലെത്തിയ അവൻ തിരിച്ചു നടന്നത്‌ അവളെ കോരിയെടുത്തുകൊണ്ടായിരുന്നു.

കോളേജിനു ശേഷം ബോംബെയിൽ ഒരേ കമ്പനിയിൽ ജോലി. മറൈൻ ഡ്രൈവിൽ ചിലവഴിച്ച അവസാനിക്കാതിരുന്നെങ്കിലെന്നു മോഹിപ്പിക്കുന്ന ആഴ്ചയവസാനങ്ങൾ. കൊളാബയിലെ വിക്ടോറിയൻ കെട്ടിടങ്ങൾക്കിടയിലൂടെ കൈകോർത്തു പിടിച്ചുള്ള നടത്തം. ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിൽ സൂര്യനെ തിരകൾ ആവാഹിച്ചൊതുക്കുന്ന കാഴ്ച ആസ്വദിച്ച സന്ധ്യകൾ. സബർബൻ ടൌണുകൾക്കിടയിലൂടെ ലക്ഷ്യമില്ലാത്ത ലോക്കൽ ട്രെയിൻ യാത്രകൾ.

അവസാനത്തിന്റെ ആരംഭം എന്നായിരുന്നു? എവിടെവെച്ചായിരുന്നു? അവനോർമ്മയില്ല. അവൾക്കു കമ്പനിയിൽ നിന്നും വിദേശത്തു പോകാൻ കിട്ടിയ അവസരമായിരുന്നോ? അവൾ പോകുന്നതറിഞ്ഞ ഞെട്ടൽ അവൻ അവളിൽനിന്നും മറച്ചതു വളരെ പാടുപെട്ടായിരുന്നു. അവനിഷ്ടമല്ലെന്നറിഞ്ഞ അവൾ പാടുപെട്ട്‌ ആ അവസരം വേറൊരാളുടെ തലയിൽ കെട്ടിവെച്ചു വന്നപ്പോളേക്കും താമസിച്ചുപോയിരുന്നൊ? അവൻ അതിനകം പാടുപെട്ട്‌ അതേ സ്തലത്തേക്ക് ഒഴിവാക്കാനാവാത്ത ഒരു യാത്ര തരമാക്കിയിരുന്നു. പിന്നെ അതിന്റെ പേരിൽ അവർ തമ്മിലൊരു പിണക്കം. അവൻ പോകുന്നതിനു മുന്നെ അതു ഒത്തുതീർപ്പായെങ്കിലും എവിടെയോ, എന്തോ ബാക്കി കിടന്നു. ഇ-മെയിലുകൾക്ക്‌ ഹൃദയങ്ങൾക്കിടയിലുള്ള ഹംസമാകാൻ പറ്റിയില്ലെ? പിന്നെ ആറു മാസം കഴിഞ്ഞ്‌ അവൻ തിരിച്ചു വന്നപ്പോഴേയ്ക്കും അവൾ മറ്റൊരു രാജ്യത്തേക്കു പോയിരുന്നു. പിന്നെ അവനൊരു കമ്പനിമാറ്റം, അഡ്‌ലെയ്‌ഡിൽ മൂന്നു വർഷത്തേക്ക്‌ ഒരു നീണ്ട അഭ്യാസം.

ഇന്നവളുടെ വിവാഹമാണ്. അവൾ ക്ലാസിലെല്ലാവർക്കും അയച്ച വിവാഹം ക്ഷണിച്ചു കൊണ്ടുള്ള E-MAIL അവനും കിട്ടി. വിവാഹസമയം അവൻ നോക്കിവെച്ചിരുന്നു. ആ സമയത്ത്‌ അവൻ ഒരു FOSTER BEER കയ്യിൽ പിടിച്ചു മുറിയിലെ BEAN BAG-ൽ കിടക്കുകയായിരുന്നു. പണ്ടവളയച്ച ഓരോ കത്തും കാർഡുകളും അവസാനമായി വായിച്ചു കൊണ്ട്‌ , അവയോരോന്നായി എരിഞ്ഞുകൊണ്ടിരുന്ന നെരിപ്പോടിലേക്കു വലിച്ചെറിഞ്ഞുകൊണ്ട്‌. അവസാനത്തെ കാർഡിലെ വരികൾ...”YOU MEAN THE WORLD TO ME”.

Tuesday, January 17, 2006

ഹോസ്റ്റലിലെ ചെല ചങ്ങായിമാര്

(ഇവിടെ എഴുതാൻ പോകുന്ന നമ്പേഴ്സിൽ ചിലതെല്ലാം നിങ്ങളിൽ പലർക്കും ‘റിപീറ്റ്‌‘ ആയിരിക്കും. എന്നാലും എന്റെ ഒരു മനസമാധാനത്തിനെഴുതുന്നതാണ്. സദയം ക്ഷമിക്കൂ, സഹകരിക്കൂ. ഗർട്ടൻ പൊങ്ങുന്നു... )

“എല്ലാർക്കും കൂടി മെഡിക്കൽ കോളേജ്‌ ജങ്ക്ഷനിൽ പോയി തട്ടു ദോശ അടിക്കാം” ഞങ്ങളെല്ലാം കൂടി ഹോസ്റ്റലിൽ ക്രിസ്തുമസ്‌ ആഘോഷങ്ങൾക്കായി ഹോസ്റ്റൽ അലങ്കരിക്കുന്നതിന്റെ തിരക്കിലായിരുന്നു. രാത്രി മുഴുവൻ പുൽക്കൂടുണ്ടാക്കൽ, ലൈറ്റിങ്ങ്‌ പിടിപ്പിക്കൽ ഇതൊക്കെ കഴിഞ്ഞ്‌ ഏകദേശം രാവിലെ ഒരു നാലര ആയപ്പൊളാണ് കൂടെയുള്ള ഒരുത്തന് മേൽപ്പറഞ്ഞ വെളിപാടുണ്ടായത്‌. രാവിലെ അഞ്ചുമണിക്കു ഹോസ്റ്റലിൽ ബെഡ്‌കോഫി കിട്ടും. “ആർക്കുവേണമാ ലോക്കൽ കാപ്പി” എന്നും പറഞ്ഞ്‌ എല്ലാരും കൂടി അഞ്ചാറു ബൈക്കുകളിലായി നേരെ മെഡിക്കൽ കോളേജ്‌ ജങ്ക്ഷനിലേക്കു വെച്ചു പിടിച്ചു. അവിടെ ചെന്ന്‌ തട്ടുകടയായ തട്ടുകടയെല്ലാം ദോശ അന്വേഷിച്ചു നടന്നു. നേരം വെളുത്തു തുടങ്ങിയതു കൊണ്ട്‌ എല്ലായിടത്തും ഐറ്റങ്ങൾ എല്ലാം തീർന്നിരുന്നു. അവസാനത്തെ തട്ടുകടക്കാരനും ഇനി നല്ല ചൂട്‌ കട്ടൻകാപ്പി മാത്രമേ ബാക്കിയുള്ളു എന്നു പറഞ്ഞപ്പോളാണു കൂടെയുള്ള ഒരുത്തനു ബോധം വീണത്‌. “കാപ്പി കുടിക്കാനാണെങ്കിൽ ഹോസ്റ്റലിൽ നല്ല ഒന്നാന്തരം പാൽക്കാപ്പി ഇല്ലെ? ഇതെന്തിനാ”... പിന്നെ ഒരു ബഹളമായിരുന്നു. ബൈക്കുകൾ തിരിക്കുന്നു, പറക്കുന്നു – ഹോസ്റ്റലിൽ കാപ്പി തീരുന്നതിനു മുന്നെ എത്താൻ....

ഈ റെയിഞ്ചു പിടിക്കുന്ന ഒരു പത്തു നൂറ്റമ്പതു പേർ ഒന്നിച്ചു താമസിച്ചുകൊണ്ടിരുന്ന ഒരു മനോഹര സ്താപനമാണ് കഥാനായകനായ(?) ഹോസ്റ്റൽ. ആർക്കും പ്രത്യേകിച്ചൊരു വെളിവും ഇല്ലാതിരുന്നതിനാൽ ജീവിതം പൊതുവെ രസകരമായിരുന്നു. വൈകുന്നേരമാകുമ്പോ ഏതെങ്കിലും ഒരുത്തൻ പറയും “അളിയാ പടത്തിനു പോകാം. --- സൂപ്പർ പടമാണെന്നാ കേട്ടത്‌“. കേട്ട പാതി കേൾക്കാത്ത പാതി അഞ്ചെട്ടെണ്ണം ബൈക്കുമായി ഇറങ്ങും. ഒരു തവണ ഞങ്ങൾ ഒരു പത്തിരുപതു പേർ ശ്രീകുമാർ തീയേറ്ററിൽ തെങ്കാശിപ്പട്ടണം കാണാൻ പോയി. ചെന്നതു താമസിച്ചായതിനാൽ സിനിമ വളരെ അടുത്തിരുന്നു വിശകലനം ചെയ്യാൻ പറ്റി. ഏറ്റവും ആദ്യത്തെ നിരയിലാണു സീറ്റ്‌ കിട്ടിയത്‌. സ്ക്രീൻ അങ്ങനെ നീണ്ട്‌ പരന്നു കിടക്കുന്നു. അറ്റവും മൂലയും മാത്രം കാണാം. പടം തുടങ്ങി കുറെ കഴിഞ്ഞപ്പോ ഏറ്റവും ഇടത്തെ മൂലക്കിരുന്ന ചാണ്ടി വലത്തെ മൂലക്കിരുന്ന തൊമ്മനോടായി ഉറക്കെ ചോദിച്ചു. “ഡാ തൊമ്മാ, സുരേഷ്‌ ഗോപി സ്ക്രീനിന്റെ ഇങ്ങേ മൂലേന്നു ഒരുത്തനെ ഇടിച്ചിട്ടൊണ്ട്‌. അതപ്രത്താർക്കിട്ടാ കൊണ്ടേന്നൊന്നു നോക്കി പറഞ്ഞെ.”

ഹോസ്റ്റലിനെപ്പറ്റി പറയുമ്പോൾ മറക്കാനാവാത്ത ഒരു താരമുണ്ട്‌. കക്ഷിയെ നമുക്കു സെബാൻ എന്നു വിളിക്കാം. സെബാനു ഇൻഗ്ലീഷ്‌ ‘നല്ല‘ വശമാണ്‌. അതിന്റെ പേരിൽ പാവത്തിനു കയറിയ ഗോളുകൾ ചില്ലറയല്ല. ഒരിക്കൽ മെഡിക്കൽ കോളേജിന്റെ രോമാഞ്ചമായിരുന്ന റഹിമിനെ ഏതോ പെണ്ണു ഫോണിൽ വിളിച്ചു. ഫോണിനടുത്തു തന്നെ ഇരിക്കുകയായിരുന്ന സെബാൻ, റഹീം ഒരു ബൈക്കിൽ എങ്ങോട്ടൊ പോകുന്നതു കണ്ടിരുന്നു. ഫോൺ എടുത്ത സെബാൻ പെണ്ണിനെ ഇമ്പ്രസ്സ്‌ ചെയ്യിക്കാനായി ഇൻഗ്ലീഷിലൊരലക്കങ്ങലക്കി “റഹീം ജസ്റ്റ്‌ പാസ്‌ഡ്‌ എവെയ്‌“.

വേറെ ആൾക്കാർക്കു ഫോൺ വരുമ്പോൾ “പ്ലീസ്‌ ഹോൾഡ്‌ ദി ലൈൻ“ എന്നോ അല്ലെങ്കിൽ “പ്ലീസ്‌ കോൾ ആഫ്റ്റർ 5 മിനിട്ട്‌സ്‌“ എന്നും ഒക്കെ ഫോണെടുക്കുന്നവർ പറയുന്നതു സെബാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ വേറെയാർക്കോ വന്ന ഫോൺ എടുത്ത സെബാൻ രണ്ടും കൽപ്പിച്ചൊരു കാച്ചങ്ങു കാച്ചി “പ്ലീസ്‌ ഹോൾഡ്‌ ആഫ്റ്റർ 5 മിനിട്ട്‌സ്‌“. പിന്നെയൊരിക്കൽ സെബാൻ കോവളം ബീച്ചിൽ പോയി. ഒരു മദാമ്മ ഫാന്റാ വാങ്ങുന്നതു കണ്ട സെബാൻ ഒരു കോള വാങ്ങി. ഫാന്റാ കുടിച്ചു കഴിഞ്ഞ്‌ കുപ്പി തിരിച്ചു കൊടുത്തുകൊണ്ട്‌ മദാമ്മ പറഞ്ഞു “ഫാന്റാസ്റ്റിക്‌“. സെബാനും ഒട്ടും വിട്ടുകൊടുത്തില്ല “കോളാസ്റ്റിക്‌“.

സെബാനുമുണ്ടായിരുന്നു ഒരു മധുമൊഴിരാധ. അവർ തമ്മിൽ പരിചയപ്പെട്ട കഥ ഹോസ്റ്റലിൽ വളരെ പ്രശസ്തമായിരുന്നു. ക്ലാസിൽ എന്തോ എഴുതിക്കൊണ്ടിരുന്ന കഥാനായികയെ സമീപിച്ച സെബാൻ ധൈര്യം മുഴുവൻ സംഭരിച്ചൊരു ചോദ്യമങ്ങു ചോദിച്ചു “കുട്ടിക്കെന്റെ പേരറിയാമോ?” ഒന്നും മനസിലാവാത്ത കുട്ടി ഇല്ല എന്നു മറുപടി പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ടാണ് സെബാൻ അടുത്ത ഡയലോഗ്‌ പറഞ്ഞത്‌. “വാട്ടെ കോയിൻസിഡെൻസ്‌, എനിക്കു കുട്ടീടെ പേരും അറിയില്ല.” ഏതായാലും അതൊരു നല്ല തുടക്കമായി. അവർ കൂട്ടായി, വള്ളിയായി, വള്ളിക്കെട്ടായി. ഒരു ദിവസം കഥാനായിക ബസ്‌ സ്റ്റാൻഡിൽ ലേഡീസിനിടക്കു നിൽക്കുന്നതു കണ്ട സെബാൻ വടക്കൻ വീരഗാഥയിൽ മമ്മൂട്ടി കുതിര ഓടിക്കുന്നതു പോലെ ഒറ്റക്കൈ കൊണ്ടൊക്കെ ഡ്രൈവ്‌ ചെയ്ത്‌ ബൈക്കു നായികയുടെ അടുത്തു ചവിട്ടി നിർത്തി. എന്നിട്ടൊരു ചോദ്യം “മേ ഐ ലിഫ്റ്റ്‌ യു”. ലിഫ്റ്റ്‌ വേണോ എന്നാണു സെബാൻ ഉദ്ദേശിച്ചത്‌.

പിന്നെ വേറൊരു കിടിലമാണ് സണ്ണി. എവിടെയോ പോകാൻ തുടങ്ങുകയായിരുന്ന ഒരു കൊട്ടാരക്കരക്കാരനെ പിടിച്ചു നിർത്തി സണ്ണി ചോദ്യം ചെയ്യൽ തുടങ്ങി. “മച്ചൂ, ഈ കൊട്ടാരക്കരക്ക്‌ ഇവിടുന്ന്‌ എത്ര ദൂരമുണ്ട്‌?” ഏകദേശം 60 കിലോമീറ്റർ എന്നു മറ്റവൻ മറുപടി പറഞ്ഞു. ദേ വരുന്നു സണ്ണീടെ അടുത്ത ചോദ്യം “മച്ചൂ, നല്ല സ്പീഡിൽ പോയാൽ എത്ര കിലോമീറ്റർ കാണും?”.

ഈ സണ്ണി വിവരസാങ്കേതികവിദ്യയുടെ കാര്യത്തിൽ അതിവിജ്ഞാനിയായിരുന്നു. റിയാസിന്റെ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ്‌ ഹോസ്റ്റലിലാർക്കുമറിയാത്ത ഒരു രഹസ്യമായിരുന്നു. ഒരു ദിവസം കിഴക്കു വെള്ള കീറിയതു സണ്ണി “യൂറേക്കാ” എന്നും വിളിച്ചു ഹോസ്റ്റൽ മുഴുവൻ ഓടിനടക്കുന്നതു കണ്ടുകൊണ്ടായിരുന്നു. ആരൊക്കെയോ സണ്ണിയെ പിടിച്ചു നിർത്തി “ന്താണു നീ കണ്ടു പിടിച്ചത്‌“ എന്ന സ്വാഭാവിക സംശയം ച്വോദിച്ചു. “റിയാസിന്റെ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ്‌ കിട്ടി, രാവിലെ റിയാസ്‌ പാസ്സ്‌വേർഡ്‌ എന്റർ ചെയ്യുമ്പോ ഞാൻ പുറകീന്നു ഒളിഞ്ഞുനോക്കി കണ്ടു പിടിച്ചു” സണ്ണി വളരെ ഖുഷിയായി എല്ലാരോടുമായി പ്രഖ്യാപിച്ചു. “ന്താണു പാസ്സ്‌വേർഡ്‌?” എല്ലാർക്കും അതറിയണം. സണ്ണി വളരെ അഭിമാനത്തോടെ, ഒരു പ്രോജക്റ്റ്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്ന ഗൌരവത്തിൽ കൈയിൽ ഒക്കെ എണ്ണിക്കൂട്ടി നോക്കിയിട്ട്‌ - “ആറു സ്റ്റാർ“.

ഹോസ്റ്റലിൽ മെസ്സ്‌ നടത്തുന്നത്‌ സ്റ്റുഡന്റ്സിന്റെ ഒരു കമ്മറ്റിയാണ്. ഒരു മാസം മെസ്സ്‌ കമ്മറ്റിയിൽ അതു വരെ സെൻട്രൽ സ്കൂളിൽ മാത്രം പടിച്ച്‌ ഇൻഗ്ലീഷിൽ മാത്രം മൊഴിയുന്ന സോണിയും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ നാലു മണിക്കെഴുനേറ്റ്‌ മെസ്സ്‌ കമ്മറ്റിയിലെ നാലു പേർ പാങ്ങോട്‌ ചന്തയിലേക്ക്‌ മീൻ വാങ്ങാൻ പുറപ്പെട്ടു. പാങ്ങോട്‌ ചന്തയിലെ തിരക്കെല്ലാം കണ്ട്‌ വണ്ടറടിച്ചു നാല്‌വർ സംഘം ഒരു മീൻകാരിയുടെ അടുത്തെത്തി വിലപേശാൻ തുടങ്ങി. പെട്ടെന്നാണു അവിടെ വിൽക്കാൻ വെച്ചിരിക്കുന്ന തെരണ്ടി മീൻ സോണിയുടെ കണ്ണിൽപ്പെട്ടത്‌. അടുത്തു നിന്നവനെ തോണ്ടി തന്റെ വിജ്ഞാനം കാഴ്ച വെച്ചു. “യു നോ, ദിസ്‌ ഈസ്‌ ദാറ്റ്‌ കൈൻഡ്‌ ഓഫ്‌ ഫ്ലാറ്റ്‌ ഫിഷ്‌ വിച്ച്‌ യു ഗെറ്റ്‌ ഫ്രം ദി ഔട്ടർ സീ”. മീൻകാരി എണീറ്റു നിന്നോരാട്ടാട്ടി, “ഫാ!!!, ഡബിൾ ഡാഷ്‌ മോനെ, ^&$%%ളീ, വെളുപ്പിനേ വെറും വയറ്റിൽ ഇൻഗ്രീസു പറഞ്ഞു പേടിപ്പിക്കുന്നോടാ $#*@& മോനേ, മീൻ വേണേ മേടിച്ചോണ്ടു വീട്ടീ പോടാ കള്ള @#$@#$“. സോണി ജീവിതത്തിൽ അതു വരെ കേട്ട എല്ലാ തെറിയും കൂട്ടിയാലും ഗ്യാപ്പ്‌ വീണ്ടും കിടക്കുന്ന തരത്തിലുള്ള ഒരു ഒന്നൊന്നര ഒന്നേമുക്കാൽ വിളി. അതിൽ പിന്നെ ഹോസ്റ്റലിൽ നിന്നും വെളിയിലിറങ്ങിയാൽ സോണി ഇൻഗ്ലീഷ് പറഞ്ഞിട്ടില്ല.

ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ ഇതേ പോലെ മറക്കാൻ പറ്റാത്ത ഒരുപാട്‌ കാര്യങ്ങളുണ്ട്‌. പക്ഷെ ബാക്കിയെല്ലാം മറന്നുപോയി ;-)... ഒരു പാട്ടും പാടി ഞാൻ പോകുന്നു

“...ആ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി...”

Monday, January 16, 2006

കേരളീയം

ഇത്തവണ പുതുവർഷാഘോഷം നാട്ടിലായിരുന്നു. 31 തിയതി രാത്രി വേണാടിൽ വരുന്ന സുഹ്രുത്തിനെയും പ്രതീക്ഷിച്ച്‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇരുന്ന്‌ ഒരു The Week വായിച്ചു സമയം കളയുകയായിരുന്നു. ഇരുന്ന ബെഞ്ചിൽ ഒരു മധ്യവയസ്കനും ഒരു ചെറുപ്പക്കാരനും കൂടി ഉണ്ടായിരുന്നു. മധ്യവയസ്കൻ തുടർച്ചയായി സംസാരിച്ചിരുന്നതു കൊണ്ട്‌ അവർ പരിചയക്കാരാണെന്നു ഞാൻ കരുതി.

ഒരു വൃദ്ധ ഞാൻ ഇരുന്ന ബഞ്ചിനടുത്തെത്തി എനിക്കറിയാത്ത ഏതോ ഭാഷയിൽ എന്തോ സംസാരിച്ചു തുടങ്ങി. മധ്യവയസ്കൻ ‘കന്നട തെരിയാത്‌‘ എന്നു പറയുന്നതു കേട്ട്‌ ഞാൻ തലയുയർത്തി എനിക്കറിയാവുന്ന കന്നട ആയ ‘കന്നട അറിയില്ല’ എന്നു കന്നടയിൽ വൃദ്ധയോടായി പറഞ്ഞു. അവർ തിരിഞ്ഞ്‌ എന്നോടു പരിചയക്കാരോടെന്നപോലെ എന്തൊക്കെയോ പരാതി പറഞ്ഞു തുടങ്ങി. അവരുടെ ഭാഷ എനിക്കു മനസിലാവുന്നില്ലെന്നതു ശ്രദ്ധിക്കാതെ, എന്റെ മുഖത്തെ ദയനീയഭാവം മനസിലാവാത്തതുപോലെ അവർ സംസാരിച്ചുകൊണ്ടേയിരുന്നു. അവർക്കു ഹിന്ദി അറിയാമോ എന്നു ഞാൻ ഹിന്ദിയിൽ ചോദിച്ചു നോക്കി. അതും രക്ഷയില്ല. അവർ സംസാരിക്കുന്ന ഭാഷ ഞങ്ങൾ ബെഞ്ചിലിരിക്കുന്നവർക്കൊക്കെ അന്യം... അവസാനം അവരെ പോലീസ്‌ ഐയ്‌ഡ്‌ പോസ്റ്റിൽ എത്തിച്ചു ഞാൻ തിരിച്ചു വന്നു ബെഞ്ചിലിരുന്നു.

അതു വരെ ചെറുപ്പക്കാരനോടു സംസാരിച്ചു കൊണ്ടിരുന്ന മധ്യവയസ്കൻ എന്റെ നേരെ തിരിഞ്ഞ്‌ പറഞ്ഞു തുടങ്ങി. “ചിലപ്പോൾ ഉത്തരേന്ത്യക്കാരിയാവും... ദൂരേക്കുള്ള തീവണ്ടികളിൽ പ്രായമായവരെ കയറ്റി വിടുന്നത്‌ ചില സ്തലങ്ങളിൽ പതിവാണ്...” ഞാൻ മൂളിക്കേട്ടു. സംസാരിക്കാൻ ആളെ നോക്കിയിരുന്നപോലെ അയാൾ തുടർന്നു... “ഇവിടെ എത്തിയാൽ രക്ഷപെടും. അടുത്തുള്ള അനഥാലയം (ഏതോ ഒരു അനാഥാലയത്തിന്റെ പേരു പറഞ്ഞു, എനിക്കു മനസിലായില്ല) ഉണ്ട്‌, അവിടുത്തെ സിസ്റ്റേർസ്‌ രക്ഷിച്ചോളും...” ഞാൻ വീണ്ടും മൂളി. അയാൾ തുടർന്നു. “ഈ നാട്‌ നന്നാവില്ല... കൊച്ചിയിൽ കടലിൽ ബൊംബെ ഹൈ-യിൽ ഉള്ളതിനേക്കാൾ എണ്ണ നിക്ഷേപങ്ങൾ ഉണ്ട്‌...പക്ഷെ അതൊന്നു അളന്നു തിട്ടപ്പെടുത്താനൊ, കുഴിച്ചെടുക്കാനോ, പ്രോസെസ്സ്‌ ചെയ്യാനോ നമ്മുടെ ഒരു രാഷ്ട്രീയക്കാരനും നോക്കില്ലല്ലൊ...” ഞങ്ങൾ തമ്മിൽ മുമ്പെന്നോ പകുതി നടത്തി നിർത്തി വെച്ചിരുന്ന ഒരു സംഭാഷണം തുടരുന്ന പോലെയാണ് അയാൾ തുടർന്നത്‌... ആ ഒരു അന്ധാളിപ്പിൽ ഞാൻ മൂളിക്കേട്ടു കൊണ്ടിരുന്നു. “ഇന്ത്യയിൽ ആകെ കിട്ടുന്ന എണ്ണ ഇത്രയണ് (അയാൾ ഒരു സംഖ്യ പറഞ്ഞു.ഞാൻ മറന്നു). അയർലണ്ടിലെ ഏതോ കമ്പനി കൊച്ചിക്കടുത്ത്‌ അറബിക്കടലിൽ ഗവേഷണം നടത്തിയിരുന്നു. അവരുടെ എസ്റ്റിമേറ്റ്‌ അനുസരിച്ച്‌ എണ്ണ നിക്ഷേപം ഇത്രയാണു (മറ്റൊരു സംഖ്യ. ആദ്യത്തെ സംഖ്യയുടെ ഏകദേശം നൂറൊ ആയിരമോ ഇരട്ടി)... പക്ഷെ ആ ഗവേഷണം തുടരാനോ, ഇവിടുന്നു ഖനനം തുടങ്ങാനോ ഒരുത്തനും മുന്നിട്ടിറങ്ങാൻ വയ്യ. അതെങ്ങനെ, ഇപ്പൊ ഇറാക്കിൽ നിന്നും ഇറാനിൽ നിന്നും ഒക്കെ എണ്ണ വരുന്നതിനു ആൾക്കു വെച്ചു കൈക്കൂലി കിട്ടുന്നുണ്ടല്ലോ... പിന്നെ എന്തിനാണു നാടു നന്നാവുന്നത്‌...”

ഞാൻ മാസിക മടക്കി. കേട്ടുകൊണ്ടിരുന്നു. അയാൾ തുടർന്നു. “അതു മാത്രമല്ല... വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖം ആയി മാറും... പ്രകൃതിദത്തമായി ഇത്രയും അനുകൂലമായ ഒരു അഴിമുഖം ഉള്ള ഒരു തുറമുഖം ഈ ഏഷ്യ ഭൂഖണ്ഡത്തിൽ പോലുമില്ല. അതൊന്നു വികസിപ്പിച്ചു അവിടെ ഒരു സമ്പൂർണ്ണ തുറമുഖമാക്കാൻ ചിലവ്‌ ഇത്ര രൂപയാണ് (എന്നെ അമ്പരിപ്പിച്ചതു, അയാൾ ഏകദേശക്കണക്കുകൾ അല്ല പറയുന്നത്‌. ക്രിത്യസംഖ്യകൾ ആണു പറയുന്നത്‌). ഈ തുറമുഖം പ്രവർത്തനം തുടങ്ങിയാൽ ബോംബെയിലേയും മറ്റു പല തുറമുഖങ്ങളും വെറുതെ ഈച്ചയടിച്ചിരിക്കേണ്ടി വരും. അതു കൊണ്ട്‌ വടക്കന്മാർ ഈ തുറമുഖം വികസിക്കാൻ സമ്മതിക്കില്ല. അവന്മാരുടെ മുകളിൽ കയറി കാര്യങ്ങൾ തീരുമാനിക്കാൻ ചങ്കൂറ്റമുള്ളവനൊന്നും നമ്മുക്കിവിടെയില്ലല്ലോ... എല്ലാം റാൻമൂളികൾ. ആ ഒരു തുറമുഖം മുഴുവൻ പ്രവർത്തനക്ഷമമായാൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കു അതു വരുത്തുന്ന മാറ്റങ്ങൾ ഒന്നാലോചിച്ചു നോക്കൂ... എത്ര ആയിരങ്ങൾക്കാണ് പ്രത്യക്ഷമായി തന്നെ തൊഴിൽ ലഭിക്കാൻ പോകുന്നത്‌. ടൂറിസത്തിനു വരുന്ന മറ്റങ്ങൾ ആലോചിച്ചു നോക്കൂ... ഇവിടെ വന്നിറങ്ങുന്ന ഓരോ സഞ്ചാരിയും 100 ഡോളർ ചെലവാക്കും എന്നു കരുതി കൂട്ടിനോക്കിയാൽ തന്നെ അതൊരു വലിയ സംഖ്യ ആയിരിക്കും.” അയാൾ തുടർന്നും പറഞ്ഞു കൊണ്ടിരുന്നു.

അയാൾ പറഞ്ഞതിൽ എത്രമാത്രം കാര്യമുണ്ടെന്നെനിക്കറിയില്ല. അയാൾ പറഞ്ഞ സംഖ്യകൾ ശരിയാണോ എന്നും എനിക്കറിയില്ല. എന്നാലും, അയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ. എന്റെ നാടിന്റെ പ്രകൃതിദത്തവിഭവങ്ങളെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും അയാൾ പറഞ്ഞ കണക്കുകൾ ശരിയായിരിക്കട്ടെ എന്നും ഞാൻ പ്രതീക്ഷിച്ചോട്ടെ. ഈ നാടിന്റെയും നാട്ടുകാരുടയും കഴിവുകളെപ്പറ്റിയും ശക്തിയെപ്പറ്റിയും കൂടുതൽ ആൾക്കാർ അറിയട്ടെ. രാഷ്ട്രീയക്കാരുടെ വൃത്തികെട്ട കിടമത്സരങ്ങളും അഴിമതിയും കഴിവുകേടും കാരണം നമുക്കു നഷ്ടമായിപ്പോകുന്ന അവസരങ്ങളെപ്പറ്റിയും കൂടുതൽ ആൾക്കാർ അറിയട്ടെ. ചന്ദ്രശേഖരൻ നായരെന്ന ‘കേരളാ ഫാർമറെ’ പോലുള്ളവരുടെ പോരാട്ടങ്ങൾ ഒറ്റയാൾ പോരാട്ടങ്ങളായി അവസാനിക്കാതിരിക്കട്ടെ...

ഈ നാട്ടിലെ മുഴുവൻ ആൾക്കാരും ഒന്നായി അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചു നിൽക്കുന്ന ഒരു നല്ല നാളെ...

Thursday, January 05, 2006

ന്റെ ദുനിയാവ്‌

രേഷ്മേച്ചീടെ മൈ ചട്ടി ഓഫ് ചിട്ട എന്ന പോസ്റ്റ്‌ വായിച്ചു ഞാൻ വൻ ഹാപ്പി ആയി. നമ്മളെ പോലത്തെ ആൾക്കാർ വേറെയും ഉണ്ടെന്നു അറിയുന്നതിന്റെ ഒരു സന്തോഷം....

അങ്ങനിരിക്കുമ്പോ ദാ വരുന്നു സ്വാർത്ഥന്റെ വക എന്റെ മുറി ദേ കണ്ടൊ . അതു കണ്ടപ്പോ എനിക്കുണ്ടായ സന്തോഷം... പന്തിതാ എന്റെ കോർട്ടിൽ എത്തിയിരിക്കുന്നു. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ എന്നെ തോൽപ്പിക്കാൻ ആൾക്കാർ ഈ ബൂലോഗത്തിലുണ്ടോ എന്നു എനിക്കു സംശയമായി...

എടുത്തു ഞാനെന്റെ ക്യാമറ... പിടിച്ചു ഞാൻ പടം രണ്ടു മൂന്ന്‌...(“ഇക്കളി വേണ്ട കേട്ടോ.“ എന്ന അനിലിന്റെ മുന്നറിയിപ്പോന്നും വക വെക്കാതെ :-D)



ദാ ഇതാണെന്റെ കിച്ചൻ സിങ്ക്‌- എത്ര അടുക്കും ചിട്ടയിലാണ് എല്ലാം അറെയ്ഞ്ച്‌ ചെയ്തു വെച്ചിരിക്കുന്നതല്ലെ? പാചകം ഇല്ലാന്നു പ്രത്യേകം എഴുതണ്ടല്ലോ അല്ലെ... :-)






ലതിന്റെ ഒരു അടച്ചു-പൊക്കി(close-up) ചിത്രം ഇതാ പിടിച്ചോ... :-)





അടുത്തതു ഞങ്ങടെ ഷൂ സ്റ്റാൻഡ്‌-കം-ന്യൂസ്‌പേപ്പർ സ്റ്റാൻഡ്‌-കം-വാഷ്‌ ബിൻ







നിങ്ങൾടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക... :-) ഞങ്ങൾടെ വിലാസം.... “ഓട്ടോബാൻ, എച്ച്‌.എസ്സ്‌.ആർ, ബൻഗളൂർ“ :-)