Wednesday, May 30, 2007

ബ്ലോഗെന്ത്?

വക്കാരി പ്ണ്ടൊരു പോസ്റ്റിട്ടിരുന്നു - "ഞാനാരാണ്‌?" എന്നും ചോദിച്ച്. (ഞാന്‍ സെല്ഫ് മാര്‍ക്കറ്റിങ്ങില്‍ സ്പെഷ്യലൈസ് ചെയ്തോണ്ടിരിക്കുന്നതിനാല്‍ അതിന്റെ ലിങ്ക് തരുന്നില്ല). അതിന്‌ ഉമേഷ്ജി വിജ്ഞാനപ്രദമായ കുറെ കമന്റുകളും ഇട്ടിരുന്നു. അതിന്‍പ്രകാരം "ഞാനാര്" എന്നത് പല തത്വചിന്തകരെയും കുഴക്കിയിട്ടുള്ള ഒരു ചോദ്യമാണ്. അതിന്റെ കൃത്യമായ ഒരു ഉത്തരം ഇതുവരെ ആര്ക്കും പറയാന്‍ കഴിഞ്ഞിട്ടില്ല.

ഏകദേശം ആ ചോദ്യത്തിനടുത്തുവരുന്ന മറ്റൊരു ചോദ്യമാണ്‌ "ബ്ലോഗെന്ത്?". നമുക്കെല്ലാവര്ക്കും വളരെയടുത്ത് അറിയാവുന്ന ഒരു സംഭവമാണീ ബ്ലോഗ്. എന്നാല്‍ അതെന്ത് എന്നു ചോദിച്ചാല്‍ പറയാന്‍ ഒരു ബുദ്ധിമുട്ട്‌. "ആക്ചുവലി, ഈ ബ്ലോഗെന്നു പറഞ്ഞാല്‍...അതായത്... നമ്മക്കൊരു പേജ്... നമ്മടെ ഈ ഡയറി ഒക്കെ പോലെ, നമ്മക്കു പറയാനുള്ളതെല്ലാം എഴുതാന്‍..." എന്നൊക്കെപ്പറഞ്ഞ്‌ വിക്കാം. ബ്ലോഗ് എന്ന ആശയം ആദ്യകാലത്ത് (തുടങ്ങിയസമയത്ത്) പ്രധാനമായും ഒരു ഓണ്‍ലൈന്‍ ഡയറി ആയിട്ട്‌ തന്നെയാണ്‌ വീക്ഷിക്കപ്പെട്ടിരുന്നത്.പിന്നെയെപ്പൊഴോ ബ്ലോഗുകള്‍ പ്രശസ്തമാവാന്‍ തുടങ്ങി. ബ്ലോഗെഴുത്തുകാര്‍ രാഷ്ട്രങ്ങളുടെയും കമ്പനികളുടെയും വിജ്ഞാനശാഖകളുടെയും മാധ്യമങ്ങളുടെയും ദൈനംദിനപ്രവര്‍ത്തനങ്ങളെപ്പറ്റി അഭിപ്രായം പറയാനും പലപ്പോഴും ആ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ അഭിപ്രായങ്ങള്‍ കൊണ്ട് സ്വാധീനിക്കുവാനും തുടങ്ങി. ബ്ലോഗെഴുത്തുകാര്‍ ബ്ലോഗെഴുത്തുകാരായതു കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഗൌരവ് സാബ്നിസ് വെഴ്സസ് ഐഐപിഎം കേസ് ഒരു ഉദാഹരണമാണ്‌.

പ്രശസ്തമായ ട്രെന്ഡുകളില്‍ നിന്ന് മുതലെടുക്കാന്‍ പല ബിസിനസ്സ് കേന്ദ്രങ്ങളും ന്യായമായും ശ്രമിച്ചു തുടങ്ങും. ആ മുതലെടുപ്പിന്‌ വളംവെച്ചുകൊടുക്കാതിരിക്കാനുള്ള വിവേകം എല്ലാവര്ക്കുമ്ണ്ടാവട്ടെ.

ബ്ലോഗ് എന്ന ആശയത്തിന്റെ ജീവാത്മാവ് ബ്ലോഗറുടെ സര്‍വ്വാധിപത്യമാണ്‌. എന്ന് ആ ബ്ലോഗറുടെ മുകളില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് നിലവില്‍ വരുന്നോ അന്ന് ആ സര്‍വ്വാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വീഴുന്നു. ബ്ലോഗിന്റെ ആത്മാവ് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്ക്ക് ബാക്കിയുള്ളത് പണ്ടെങ്ങോ ആള്ക്കാര്‍ ഉപേക്ഷിച്ചു കഴിഞ്ഞ കുറെ പോര്‍ട്ടലുകള്‍ മാത്രമാവും. ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമാവണം. ബ്ലോഗിന്റെ നിലനില്പ്പ് ഇന്റര്നെറ്റില്‍ മാത്രമാണെന്ന തിരിച്ചറിവ് എത്ര വേഗം വരുന്നോ അത്രയും നല്ലത്.

ബ്ലോഗെന്ത്, ബ്ലോഗും പോര്‍ട്ടലും തമ്മിലുള്ള വ്യത്യാസമെന്ത് എന്നൊക്കെ വിശദീകരിച്ച് ഇന്ചിയേച്ചി പണ്ടൊരു പോസ്റ്റിട്ടിരുന്നു. ആര്ക്കൈവ്സ് പരതേണ്ടവര്‍ക്കതാവാം.