Wednesday, May 30, 2007

ബ്ലോഗെന്ത്?

വക്കാരി പ്ണ്ടൊരു പോസ്റ്റിട്ടിരുന്നു - "ഞാനാരാണ്‌?" എന്നും ചോദിച്ച്. (ഞാന്‍ സെല്ഫ് മാര്‍ക്കറ്റിങ്ങില്‍ സ്പെഷ്യലൈസ് ചെയ്തോണ്ടിരിക്കുന്നതിനാല്‍ അതിന്റെ ലിങ്ക് തരുന്നില്ല). അതിന്‌ ഉമേഷ്ജി വിജ്ഞാനപ്രദമായ കുറെ കമന്റുകളും ഇട്ടിരുന്നു. അതിന്‍പ്രകാരം "ഞാനാര്" എന്നത് പല തത്വചിന്തകരെയും കുഴക്കിയിട്ടുള്ള ഒരു ചോദ്യമാണ്. അതിന്റെ കൃത്യമായ ഒരു ഉത്തരം ഇതുവരെ ആര്ക്കും പറയാന്‍ കഴിഞ്ഞിട്ടില്ല.

ഏകദേശം ആ ചോദ്യത്തിനടുത്തുവരുന്ന മറ്റൊരു ചോദ്യമാണ്‌ "ബ്ലോഗെന്ത്?". നമുക്കെല്ലാവര്ക്കും വളരെയടുത്ത് അറിയാവുന്ന ഒരു സംഭവമാണീ ബ്ലോഗ്. എന്നാല്‍ അതെന്ത് എന്നു ചോദിച്ചാല്‍ പറയാന്‍ ഒരു ബുദ്ധിമുട്ട്‌. "ആക്ചുവലി, ഈ ബ്ലോഗെന്നു പറഞ്ഞാല്‍...അതായത്... നമ്മക്കൊരു പേജ്... നമ്മടെ ഈ ഡയറി ഒക്കെ പോലെ, നമ്മക്കു പറയാനുള്ളതെല്ലാം എഴുതാന്‍..." എന്നൊക്കെപ്പറഞ്ഞ്‌ വിക്കാം. ബ്ലോഗ് എന്ന ആശയം ആദ്യകാലത്ത് (തുടങ്ങിയസമയത്ത്) പ്രധാനമായും ഒരു ഓണ്‍ലൈന്‍ ഡയറി ആയിട്ട്‌ തന്നെയാണ്‌ വീക്ഷിക്കപ്പെട്ടിരുന്നത്.പിന്നെയെപ്പൊഴോ ബ്ലോഗുകള്‍ പ്രശസ്തമാവാന്‍ തുടങ്ങി. ബ്ലോഗെഴുത്തുകാര്‍ രാഷ്ട്രങ്ങളുടെയും കമ്പനികളുടെയും വിജ്ഞാനശാഖകളുടെയും മാധ്യമങ്ങളുടെയും ദൈനംദിനപ്രവര്‍ത്തനങ്ങളെപ്പറ്റി അഭിപ്രായം പറയാനും പലപ്പോഴും ആ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ അഭിപ്രായങ്ങള്‍ കൊണ്ട് സ്വാധീനിക്കുവാനും തുടങ്ങി. ബ്ലോഗെഴുത്തുകാര്‍ ബ്ലോഗെഴുത്തുകാരായതു കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഗൌരവ് സാബ്നിസ് വെഴ്സസ് ഐഐപിഎം കേസ് ഒരു ഉദാഹരണമാണ്‌.

പ്രശസ്തമായ ട്രെന്ഡുകളില്‍ നിന്ന് മുതലെടുക്കാന്‍ പല ബിസിനസ്സ് കേന്ദ്രങ്ങളും ന്യായമായും ശ്രമിച്ചു തുടങ്ങും. ആ മുതലെടുപ്പിന്‌ വളംവെച്ചുകൊടുക്കാതിരിക്കാനുള്ള വിവേകം എല്ലാവര്ക്കുമ്ണ്ടാവട്ടെ.

ബ്ലോഗ് എന്ന ആശയത്തിന്റെ ജീവാത്മാവ് ബ്ലോഗറുടെ സര്‍വ്വാധിപത്യമാണ്‌. എന്ന് ആ ബ്ലോഗറുടെ മുകളില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് നിലവില്‍ വരുന്നോ അന്ന് ആ സര്‍വ്വാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വീഴുന്നു. ബ്ലോഗിന്റെ ആത്മാവ് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്ക്ക് ബാക്കിയുള്ളത് പണ്ടെങ്ങോ ആള്ക്കാര്‍ ഉപേക്ഷിച്ചു കഴിഞ്ഞ കുറെ പോര്‍ട്ടലുകള്‍ മാത്രമാവും. ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമാവണം. ബ്ലോഗിന്റെ നിലനില്പ്പ് ഇന്റര്നെറ്റില്‍ മാത്രമാണെന്ന തിരിച്ചറിവ് എത്ര വേഗം വരുന്നോ അത്രയും നല്ലത്.

ബ്ലോഗെന്ത്, ബ്ലോഗും പോര്‍ട്ടലും തമ്മിലുള്ള വ്യത്യാസമെന്ത് എന്നൊക്കെ വിശദീകരിച്ച് ഇന്ചിയേച്ചി പണ്ടൊരു പോസ്റ്റിട്ടിരുന്നു. ആര്ക്കൈവ്സ് പരതേണ്ടവര്‍ക്കതാവാം.

29 comments:

Inji Pennu said...

നീ നന്നാവൂല്ലാ. കല്ല്യാണം കഴിഞ്ഞപ്പോളെങ്കിലും നീ നന്നാവും എന്ന് കരുതി! എവിടെ? അടി കിട്ടുമ്പൊ എനിക്കും വക്കാരിജിക്കും ഉമേഷേട്ടനും കൂടി വീതം വെക്കാന്‍ തോന്നിയ ആ മഹാമനസ്കതയെ എന്ത് പേര് പറഞ്ഞ് വിളിക്കണം എന്നുള്ളത് ഞാന്‍ ശ്രീ മാമന്റെ ഡയറക്റ്ററി ഓഫ് മലയാളം വേര്‍ഡ്സില്‍ പരതിക്കൊണ്ടിരിക്കാണ്...

ബൈ ദ ബൈ! ഇവിടെ വീണ്ടും കണ്ടതില്‍ അതിയായാ സന്തോഷം. നല്ലൊരു എതിരാളിയെ കിട്ടാണ്ട് ഞാനിങ്ങിനെ വിഷമിച്ച് ഇരിക്കായിരുന്നു. നീ ഇപ്പൊ പൂഴിക്കടകന്‍ പഠിച്ചിടുണ്ടെന്നറിയാം, കല്ല്യാണം കഴിഞ്ഞതല്ലയൊ...പക്ഷെ ഞാന്‍ സിമന്റ്ക്കടകനും കൊണ്ടാണ് നില്‍പ്പ്!

അപ്പൊ വീണ്ടും ഒരു സ്വാഗതം...! ആദിയേ സ്വഗതം..!

ഉണ്ണിക്കുട്ടന്‍ said...

ആദീ പറയാന്‍ ഉദ്ദേശിച്ചതു മുഴുവന്‍ പറഞ്ഞിട്ടില്ലാ അല്ലേ..?
ബ്ലോഗെഴുത്ത് ബ്ലോഗില്‍ മാത്രം നില്‍ക്കണം എന്നാണ്‌ എനിക്കും ആഗ്രഹം ..പക്ഷെ
കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഇല്ലാത്തിടത്തും ബ്ലോഗെത്താന്‍ വേറെന്തു മാര്‍ഗം ?

Unknown said...

ആദീ:)

വിവാഹിത ക്ലബ്ബ് മെംബറാകാന്‍ തയ്യാറായ ആദിക്ക് ആരുമത് എത്തിച്ചു കൊടുത്തില്ലേ:)

ആദീ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ സ്വാഗതം പറയുന്നു.

വീണ്ടും കണ്ടതില്‍ സന്തോഷം.

Siju | സിജു said...

അപ്പോ ആദിയുടെ അഭിപ്രായത്തില്‍ കൊടകരപുരാണം പുസ്തകമാക്കിയത് ബ്ലോഗിന്റെ കടയ്ക്കല്‍ കത്തിവെച്ചതിന്റെ ഉദ്ഘാടനമായിരുന്നു എന്നാണോ..

കുറുമാന്‍ said...

ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമാവണം. ബ്ലോഗിന്റെ നിലനില്പ്പ് ഇന്റര്നെറ്റില്‍ മാത്രമാണെന്ന തിരിച്ചറിവ് എത്ര വേഗം വരുന്നോ അത്രയും നല്ലത്.

ഇവിടേ ആദി ഞാന്‍ ആദ്യം തന്നെ എന്റെ അഭിപ്രായം പറയട്ടെ. ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമാണെങ്കില്‍, സ്വന്തം ഡയറിയില്‍ എഴുതിയാല്‍ പോരെ? ബ്ലോഗെഴുത്ത് സമം ഡയറിയെഴുത്ത് അല്ലെ? പിന്നെ സ്വന്തം ഡയറി എന്തിനു നാട്ടുകാരെ വായിക്കാന്‍ അനുവധിക്കണം?

ബ്ലോഗിന്റെ നിലനില്പ് ഇന്റര്‍നെറ്റില്‍ മാത്രമാകണം എന്നു പറയുന്നത്, ഭ്രൂണത്തിന്റെ നിലനില്പ് ഗര്‍ഭപാത്രത്തിലൊതുങ്ങണം എന്നു പറയുമ്പോലെ വെറും വിഡ്ഡിത്തം! അതിലേറെ എന്തു പറയാന്‍?

ആ ഭ്രൂണം, വലുതാകണം, പ്രസവിക്കണം,വളരണം, സ്വന്തം കാലില്‍ നില്‍ക്കണം, എന്നാലെ, ആ ഭ്രൂണത്തിന്റെ ജന്മം കൊണ്ട് സ്വയമായും, പരോക്ഷമായും ഉപകാരം ഉള്ളൂ എന്നു ഞാന്‍ പറഞ്ഞാല്‍?

സ്വന്തം എഴുത്തുകള്‍ സ്വയം പ്രസിദ്ധീകരിക്കാന്‍ ഒരു സ്ഥലം തേടി അലയുന്ന എഴുത്തുകാരാണിന്ന് ഭൂലോകത്തില്‍ അധികവും. അവര്‍ക്ക് തന്റെ രചനകള്‍, ഇന്റര്‍നെറ്റില്ലാത്ത, വായനാശീലമുള്ള നാടന്‍ ജനങ്ങളിലേക്കെത്തികണമെന്ന ആശയുണ്ട്. ആഗ്രഹമുണ്ട്. അല്ലാതെ, ഐ ടി ഫീല്‍ഡിലുള്ളവരും, അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൌകര്യം മാത്രമുള്ളവരും മാത്രമുള്ളവര്‍ വായിച്ചാല്‍ മതി എന്ന താത്പര്യത്തോടെ എഴുതുന്ന എത്ര ബ്ലോഗെഴുത്തുകാരുണ്ടിവിടെ?

വൈഫ് സ്വാപ്പിങ്ങ് സന്തോഷത്തോടെ നടത്തുന്ന ഒരു വിഭാഗം ജനങ്ങളല്ല ഇവിടെ എഴുതുന്നതും, വായിക്കുന്നതും. മറിച്ച്, സ്വന്തം നാടും, നാട്ടാരും, അനുഭവങ്ങളും, ദുഖങ്ങളും, കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്കു വെക്കുന്ന വെറും സാധാരണക്കാരായ ജനങ്ങളാണ്.

അവര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ എഴുതട്ടെ.....ആരും വിലങ്ങു തടിയാകാതെ നില്‍ക്കുക. അഥവാ, വിലങ്ങു തടിയായി നിന്നാല്‍ തന്നെ, ആനയുടെ മുന്‍പില്‍ കണ്ട മുള്ളുവേലി പോലെ, അതെല്ലാം നിഷ്പ്രഭം പൊളിച്ച് മുന്നേറാനുള്ളവര്‍ മുന്നേറും.

വാണി said...

ഈ ബ്ലോഗില്‍ പല വട്ടം വന്നിട്ടുണ്ടെങ്കിലും ഒന്ന് കമന്റുന്നത് ഇതാദ്യമാണ്.

ഇവിടെ കുറുമാന്മാഷ് പറഞ്ഞിതിനോട് നൂറല്ല,നൂറ്റൊന്ന് ശതമാനം യോജിപ്പാണ് എനിക്കുള്ളത്.

“ബ്ലോഗിന്റെ നിലനില്പ് ഇന്റര്‍നെറ്റില്‍ മാത്രമാകണം എന്നു പറയുന്നത്, ഭ്രൂണത്തിന്റെ നിലനില്പ്ഗര്‍ഭപാത്രത്തിലൊതുങ്ങണം എന്നു പറയുമ്പോലെ വെറും വിഡ്ഡിത്തം! “
പറയാനുള്ളത് മുഴുവന്‍ ശക്തമായി മാഷ് പറഞ്ഞിട്ടുണ്ട്.
“ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമാവണം” അല്ല സുഹൃത്തേ..ഈ ബ്ലോഗില്‍ എന്താണെഴുതുന്നത്??!! അക്ഷരങ്ങള്‍ക്ക് എവിടെയാണ് കൂട്ടുകാരാ അതിര്‍വര്മ്പുകള്‍ നിശ്ചയപ്പെട്ടിരിക്കുന്നത്!!!!!
അക്ഷരങ്ങള്‍ ശക്തിയാണ്.ആ ശക്തി തുണയായുള്ളവര്‍ എഴുതട്ടെ.കുറുമാന്‍ മാഷു പറഞ്ഞതുപോലെ അതിനു മുന്നില്‍ആരും വിലങ്ങുതടിയാവാതിരിക്കുക.

മാവേലികേരളം(Maveli Keralam) said...

പ്രിയ അശ്വമേദ്ധം

"ഞാനാര്" എന്ന തത്വചിന്താപരമായ അനിശ്ചിതത്വത്തോട് സമാനമാണ്‘ബ്ലോഗെന്ത്?" എന്ന ചോദ്യമെന്ന് പറഞ്ഞു തുടങ്ങുന്നു.

കുറെ കഴിഞ്ഞു പറയുന്നു
‘ബ്ലോഗിന്റെ നിലനില്പ്പ് ഇന്റര്നെറ്റില്‍ മാത്രമാണെന്ന തിരിച്ചറിവ് എത്ര വേഗം വരുന്നോ അത്രയും നല്ലത്‘

എന്നു പറഞ്ഞാല്‍‍ ബ്ലോഗു, മനുഷ്യന്‍ നിര്‍മ്മിച്ച സുനിശ്ചിതമായ അതിര്‍ത്തികള്‍ക്കും, വരമ്പുകള്‍ക്കും ഉള്ളില്‍ തളച്ചിടണമെന്ന്.

അപ്പോല്‍ അതില്‍ ആശയപരമായി ഒരു വൈരുദ്ധ്യം അടങ്ങിയിട്ടുണ്ട് എന്നു വിവക്ഷ. :)

പിന്നെ ബ്ലോഗെഴുത്തുകാരുടെ കൃതികളാണ് ബ്ലോഗിനെ ബ്ലോഗാക്കുന്നത്. ആ കൃതികളുടെ അവകാശം അതെഴുതുന്നവര്‍ക്കും. ഇതില്‍ തര്‍ക്കമുണ്ടോ? ഇല്ലല്ലോ. അപ്പോല്‍ പിന്നെ ആ അവകാശം വച്ചു കോണ്ട് എഴുത്തുകാരു തീരുമാനിയ്ക്കട്ടെ അവരുടെ എഴുത്തുകള്‍ എവിടെയിരിയ്ക്കണമെന്ന്, എന്നു പറഞ്ഞാല്‍ അതില്‍ അന്യായമായി എന്തെങ്കിലുമുണ്ടോ?

‘പ്രശസ്തമായ ട്രെന്ഡുകളില്‍ നിന്ന് മുതലെടുക്കാന്‍ പല ബിസിനസ്സ് കേന്ദ്രങ്ങളും ന്യായമായും ശ്രമിച്ചു തുടങ്ങും‘

നാലു കാശുണ്ടാക്കുന്നതൊരു നല്ല കാര്യമല്ലേ? ഈ trend ല്‍ നിന്ന് ആരും ഇപ്പോള്‍ കാശുണ്ടാക്കുന്നില്ലേ?

ഇനിയും കാശൂണ്ടാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതും ഉണ്ടാകട്ടെ.

പക്ഷെ ഏതൊരു ബിസിനസിനും നല്ലൊരു ബിസിനസ് പ്ലാന്‍ വേണം, മുതലു വേണം, കാര്യശേഷിയും സത്യസന്ധതയുള്ള മാനേജുമെന്റു വേണം എന്നു മാത്രം.

ചുരുക്കത്തില്‍, ബ്ലോഗെഴുത്തുകാരുടെ ആശയമെന്ന raw materials കൊണ്ട് അവരു നിര്‍മ്മിച്ചുണ്ടാക്കുന്ന ഉപ്ലന്നം വില്‍ക്കണമോ, വേണ്ടായൊ, ബ്ലോഗിന്റെ confinement ല്‍ വയ്ക്കാണോ എന്നൊക്കെ തീരുമാനിയ്ക്കാ‍ാനുള്ള അവകാശം അവര്‍ക്കു വിടൂ. എല്ലാവരും പ്രായപൂര്‍ത്തി എത്തിയവരല്ലേ, അല്ലാത്തവര്‍ക്കു രക്ഷകര്‍ത്താക്കളുണ്ടാകുമല്ലോ?:)

riyaz ahamed said...

ഒരു ഡൊമൈന്‍ നെയിം പോലും പണം മുടക്കിയെടുക്കാതെ വേള്‍ഡ് വൈഡ് വെബിന്റെ സാധ്യതകള്‍ സ്വന്തം ബ്ലോഗില്‍ കൊണ്ടുവരാം എന്ന ഒരു സൌകര്യം ഇപ്പോഴുണ്ട്. വീഡിയോ, ശബ്ധം, ചിത്രങ്ങള്‍ എന്നിവ ബ്ലോഗിലേതു പോലെ ലളിതമായി പ്രചരിപ്പിക്കാവുന്ന മറ്റു മാധ്യമങ്ങള്‍ ഏതാണു? എന്നാല്‍ എഴുത്തുകാര്‍ക്കുള്ള മാധ്യമം (മാത്രം) ആണു ബ്ലോഗ് എന്ന ധാരണ എങ്ങനെയാണു വന്നത്!

എഴുത്തുകാരെക്കുറിച്ചിടത്തോളം, വായനസമൂഹത്തിന്റെ തെരഞ്ഞെടുപ്പുകളിലൊന്നു മാത്രമാണു ബ്ലോഗിംഗ്. വായിക്കപ്പെടാനുള്ള വേറൊരു മാധ്യമം. ആ എഴുത്തുകാരന്‍ വേറെ മാധ്യമങ്ങളെ ആശ്രയിക്കരുത് എന്ന് പറയാമോ ആദിത്യാ.

ബ്ലോഗിലിട്ട ഫോട്ടോയും ശബ്‌ദവും വേറിടത്തുപയോഗിക്കരുതെന്ന വാശി വേണോ?

ബ്ലോഗിലെഴുതുന്നത് വേറിടത്ത് വേണ്ട എന്ന യാഥാസ്തിതികത്വം ബ്ലോഗിന്റെ സാധ്യതകള്‍ (മുകളില്‍ പറഞ്ഞത്) വേറിടത്ത് കിട്ടില്ല എന്ന നിവര്‍ത്തികേടുകൊണ്ടുള്ളതാണെങ്കില്‍ പരിഗണിക്കാം. 'ബ്ലോഗിലുള്ളത് ബ്ലോഗില്‍ മാത്രം സാധ്യം' എന്ന തിരുത്തലോടെ. ('ബ്ലോഗെഴുതുന്നത്' എന്ന പരാമര്‍ശം 'എഴുതാന്‍' മാത്രമുള്ളതാണത് എന്ന ധാരണയും സ്രിഷ്ടിക്കുന്നുണ്ട്- അതിന്റെ പുതിയ സാധ്യതകളുടെ നിഷേധം!)

-'ബ്ലോഗെഴുത്തു'കാരുടെ തരം തിരിവുകളെക്കുറിച്ച് 'ദേവരാഗം' എഴുതിയിരുന്നു.

myexperimentsandme said...
This comment has been removed by the author.
Inji Pennu said...

ഉം..ഉം... വക്കാരിജി, താനാര് എന്ന പോസ്റ്റിലെ നായകന്‍ ‍പെണ്‍വാണിഭക്കേസില്‍ പെട്ടു.....ഉം...ഉം...ഇതാണ് കുറച്ച് നാള്‍ കാണാണ്ടിരുന്നതല്ല്യൊ? :):)

ദിവാസ്വപ്നം said...

ആദീ, സ്വാഗതം തിരിച്ച്.

myexperimentsandme said...

ഇനി നമുക്ക് ആദിത്യന്‍ പറഞ്ഞതെന്താണെന്ന് വിശദമായൊന്ന് വിശകലിച്ചാലോ?

ബ്ലോഗ് എന്ന ആശയം ആദ്യകാലത്ത് (തുടങ്ങിയസമയത്ത്) പ്രധാനമായും ഒരു ഓണ്‍ലൈന്‍ ഡയറി ആയിട്ട്‌ തന്നെയാണ്‌ വീക്ഷിക്കപ്പെട്ടിരുന്നത്

ഇതില്‍ ആര്‍ക്കും പരാതിയൊന്നും കാണില്ല എന്ന് കരുതുന്നു. ആദ്യകാലത്ത് ബ്ലോഗിംഗ് തുടങ്ങിയത് അങ്ങിനെതന്നെയല്ലേ?

പിന്നെയെപ്പൊഴോ ബ്ലോഗുകള്‍ പ്രശസ്തമാവാന്‍ തുടങ്ങി. ബ്ലോഗെഴുത്തുകാര്‍ ......... കേസ് ഒരു ഉദാഹരണമാണ്‌.

ഇതും ശരിയാണല്ലോ. അല്ലേ?

പ്രശസ്തമായ ട്രെന്ഡുകളില്‍ നിന്ന് മുതലെടുക്കാന്‍ പല ബിസിനസ്സ് കേന്ദ്രങ്ങളും ന്യായമായും ശ്രമിച്ചു തുടങ്ങും. ആ മുതലെടുപ്പിന്‌ വളംവെച്ചുകൊടുക്കാതിരിക്കാനുള്ള വിവേകം എല്ലാവര്ക്കുമ്ണ്ടാവട്ടെ.

ഇവിടം ഞാന്‍ മനസ്സിലാക്കിയത്, ബ്ലോഗ് പ്രശസ്തമായി, നല്ല നല്ല കൃതികള്‍ ബ്ലോഗില്‍ വരാന്‍ തുടങ്ങി, അത് ബിസിനസ്സ് കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ ആ എഴുത്തുകാരുടെ നേരേ തിരിയും അങ്ങിനെയൊക്കെ നടക്കുകയാണെങ്കില്‍-നടക്കുമോ എന്നത് വേറേ ചോദ്യം). പക്ഷേ അപ്പോളും അവര്‍ക്ക് അവരുടേതായ ബിസിനസ്സ് താത്‌പര്യങ്ങളുണ്ടുതാനും. അവര്‍ നീട്ടുന്ന ഓഫറുകളിലും മറ്റും ബ്ലോഗെഴുതുന്നവര്‍ വീണാല്‍ പിന്നെ ബ്ലോഗെഴുതുന്നവന് സ്വതന്ത്രമായി അവന്റെ ആശയങ്ങള്‍ ബ്ലോഗില്‍ പ്രകടിപ്പിക്കാന്‍ പറ്റില്ല എന്നായിരിക്കുമോ ആദിത്യന്‍ ഉദ്ദേശിച്ചത്? മുതലെടുപ്പുകാര്‍ വെക്കുന്ന കെണിയില്‍ ബ്ലോഗെഴുത്തുകാര്‍ വീഴരുത്. അത് ശരിയല്ലേ? അതിനര്‍ത്ഥം പബ്ലിഷിംഗോ പരസ്യമോ മുതലായ കാര്യങ്ങള്‍ക്ക് ബ്ലോഗെഴുത്തുകാര്‍ പോകരുത് എന്നല്ലല്ലോ? അതെല്ലാം അവരുടെ തികച്ചും വ്യക്തിപരമായ കാര്യം-ബ്ലോഗെഴുതുന്നതുപോലെ തന്നെ. പക്ഷേ ആര് ബ്ലോഗെഴുത്തുകാരനെ സമീപിച്ചാലും ബ്ലോഗെഴുത്തുകാര്‍ ആരെ സമീപിച്ചാലും അന്തിമമായി ബ്ലോഗിംഗില്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്യത്തിന് ഭംഗം വരാന്‍ പാടില്ല-ഇതാണ് മുകളില്‍ പറഞ്ഞതിന്റെ എന്റെ വ്യാഖ്യാനം.

ബ്ലോഗ് എന്ന ആശയത്തിന്റെ ജീവാത്മാവ് ബ്ലോഗറുടെ സര്‍വ്വാധിപത്യമാണ്‌.

ഇതില്‍ ആര്‍ക്കും പരാതിയുണ്ടാവാന്‍ വഴിയില്ലല്ലോ

എന്ന് ആ ബ്ലോഗറുടെ മുകളില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് നിലവില്‍ വരുന്നോ അന്ന് ആ സര്‍വ്വാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വീഴുന്നു.

ഇതും ശരിയല്ലേ? ഉദാഹരണത്തിന്റെ എന്റെ തന്നെ ഉദാത്ത കൃതിയായ ഞാനാര് എടുക്കാം (അശ്വമേധാപടക്കന്‍ ആദിത്യാ, കാലമാടാ, ആദിത്യന്‍ ലിങ്ക് കൊടുത്തില്ലെങ്കിലും ഞാന്‍ കറങ്ങിത്തിരിഞ്ഞ് ഒരു ലിങ്ക് കൊടുത്തിരിക്കും :)) ഏതെങ്കിലും മാധ്യമത്തെ മുന്നില്‍ കണ്ടോ എഡിറ്ററുടെ കത്രികയോര്‍ത്തോ ഒക്കെയായിരുന്നെങ്കില്‍ എന്റെ ആ ഉദാത്ത കൃതി വെളിച്ചം കാണുമായിരുന്നോ? ഒരിക്കലുമില്ല. അതിന്റെ നഷ്ടം ആര്‍ക്കാണ്? കോടിക്കണക്കിന് ബ്ലോഗ് വായനക്കാര്‍ക്ക് തന്നെ (ഹല്ല പിന്നെ!). അതല്ല, എന്റെ ഉദാത്ത പ്രതിഭ കണ്ട് ഏതെങ്കിലും ഭീമന്മാര്‍ എന്നെ സമീപിച്ച് മാസാമാസം അവരുടെ പ്രസിദ്ധീകരണത്തില്‍ എന്റെ പോസ്റ്റും ഉള്‍പ്പെടുത്തും എന്ന് വല്ല കരാറും ഉണ്ടാക്കുകയാണെങ്കില്‍ എന്റെ ആ പോസ്റ്റ് കണ്ടിട്ട് മിക്കവാറും എഡിറ്റര്‍ പറയും, അതിന്റെ എന്‍ഡിംഗ് കൊള്ളില്ല, നമുക്ക് കുറച്ച് മസാലയും കൂടെ കയറ്റണം എക്‍സ് എട്രാ, വൈ ട്രാ ഇസഡ് ട്രാ... അപ്പോള്‍ പിന്നെ മനഃസമാധാനത്തോടെ നമുക്ക് ബ്ലോഗെഴുതാന്‍ പറ്റുമോ? മനഃസമാധാനമില്ലെങ്കില്‍ പിന്നെ ബ്ലോഗെഴുതാന്‍ പറ്റുമോ?

അപ്പോള്‍ ആദിത്യന്‍ ഉദ്ദേശിച്ചത്, ഞാന്‍ മനസ്സിലാക്കിയ പ്രകാരം, നമുക്കെല്ലാം അറിയാവുന്ന കാര്യം തന്നെ-നമ്മുടെ ബ്ലോഗിലെ സീയീയോയും പ്യൂണും നമ്മള്‍ തന്നെയായിരിക്കണം. അതില്‍ ആര്‍ക്കും പരാതി കാണാന്‍ വഴിയില്ല എന്ന് തന്നെ തോന്നുന്നു.

ബ്ലോഗിന്റെ ആത്മാവ് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്ക്ക് ബാക്കിയുള്ളത് പണ്ടെങ്ങോ ആള്ക്കാര്‍ ഉപേക്ഷിച്ചു കഴിഞ്ഞ കുറെ പോര്‍ട്ടലുകള്‍ മാത്രമാവും.

ശരിയല്ലേ? സര്‍വ്വസ്വാതന്ത്യത്തോടെ റിലാക്സ് ചെയ്ത്, ഒരു പോസ്റ്റ് ഇന്നിട്ടു, ഇനി അടുത്ത പോസ്റ്റ് തോന്നുമ്പോളിടും എന്ന രീതിയില്‍ പോകുന്നതുകൊണ്ടല്ലേ പല പല അടിപൊളി പോസ്റ്റുകളും ഉണ്ടാവുന്നത് (എന്റെ). എന്തെങ്കിലും സമ്മര്‍ദ്ദത്തിന്റെ പുറത്താണെങ്കില്‍ നമുക്ക് നല്ല രീതിയില്‍ എന്തെങ്കിലും പോസ്റ്റാന്‍ പറ്റുമോ?

ഇതിനുമര്‍ത്ഥം, നമ്മള്‍ പോസ്റ്റിയ സംഗതികള്‍ പ്രസിദ്ധീകരിക്കരുതെന്നോ ബ്ലോഗിന് പുറത്ത് അത് ആരും വായിക്കരുത് എന്നോ ഒന്നുമല്ലല്ലോ. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങള്‍. പക്ഷേ ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ വേണ്ടി മാത്രമായിരിക്കണം. അല്ലേ? ഈ പോസ്റ്റ് ബ്ലോഗിലിട്ടിട്ട്, അത് നാളെ പുസ്തകമാക്കണം എന്നൊക്കെയുള്ള സമ്മര്‍ദ്ദത്തിന്റെ പുറത്താണെങ്കില്‍ ഇടുന്ന പോസ്റ്റിന് ആ സ്വാഭാവികത കാണുമോ?

ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമാവണം.

ഇവിടെയാണ് പലര്‍ക്കും കണ്‍ഫ്യൂഷനായതെന്ന് തോന്നുന്നു. ബ്ലോഗെഴുതുന്നത് ബ്ലോഗെഴുതാന്‍ മാത്രമല്ലേ ആവേണ്ടത്?. ഒരിക്കല്‍ ബ്ലോഗെഴുതി, അത് പബ്ലിഷ് ചെയ്തു കഴിഞ്ഞ് പിന്നെ അതില്‍ തൊടരുത്, അത് പവിത്രമായി വെക്കണം എന്നല്ലല്ലോ ആദിത്യന്‍ ഉദ്ദേശിച്ചത് (ആണോ?). ഒരു സമ്മര്‍ദ്ദവുമില്ലാതെ കൂളായി ബ്ലോഗെഴുതുക. അങ്ങിനെ എഴുതിയെഴുതി വരുമ്പോള്‍ ആരെങ്കിലും പ്രസിദ്ധീകരണാശയങ്ങളോ മറ്റോ ആയി വന്നാല്‍ എന്ത് ചെയ്യണം എന്നത് മൊത്തത്തില്‍ വേറേ തീരുമാനം. പക്ഷേ പ്രസിദ്ധിയോ പ്രസിദ്ധീകരണമോ ആദ്യമേ തീരുമാനിച്ചിട്ട്, അല്ലെങ്കില്‍ പ്രതീക്ഷിച്ചിട്ട്, അല്ലെങ്കില്‍ ആഗ്രഹിച്ചിട്ട്, അല്ലെങ്കില്‍ എക്സ്‌പെറ്റ് ചെയ്തിട്ട് ബ്ലോഗെഴുതാന്‍ നിന്നാല്‍ സ്വാഭാവികത എന്ന സംഗതി നൂറു ശതമാനം കിട്ടുമോ?

ബ്ലോഗിന്റെ നിലനില്പ്പ് ഇന്റര്നെറ്റില്‍ മാത്രമാണെന്ന തിരിച്ചറിവ് എത്ര വേഗം വരുന്നോ അത്രയും നല്ലത്.

ഇവിടെ സംഗതി സ്വലപം കൂടി കണ്‍ഫ്യൂഷനാവാം എന്ന് തോന്നുന്നു. ബ്ലോഗ് (അതായത് വെബ്‌ ലോഗ്) എന്ന സംഗതിയുടെ നിലനില്പ് തിയറിറ്റിക്കലി ഇന്റര്‍‌നെറ്റിലല്ലേ. ബ്ലോഗിലെ പോസ്റ്റുകള്‍ പുസ്തകമാക്കിയാല്‍ ആ പുസ്തകത്തിന്റെ നിലനില്പ് ഇന്റര്‍നെറ്റിലല്ലല്ലോ? ശരിയല്ലേ? അതിനുമര്‍ത്ഥം ബ്ലോഗിലെ പോസ്റ്റുകള്‍ ഇന്റര്‍നെറ്റിന് വെളിയില്‍ കൊണ്ടുപോവരുത് എന്നല്ലല്ലോ? ആണോ?

ബ്ലോഗെന്ത്, ബ്ലോഗും പോര്‍ട്ടലും തമ്മിലുള്ള വ്യത്യാസമെന്ത് എന്നൊക്കെ വിശദീകരിച്ച് ഇന്ചിയേച്ചി പണ്ടൊരു പോസ്റ്റിട്ടിരുന്നു. ആര്ക്കൈവ്സ് പരതേണ്ടവര്‍ക്കതാവാം.

ഇത് ഞാന്‍ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. മനസ്സിലായിക്കഴിഞ്ഞാല്‍ അതിനും ഒരു വിശകലനം തരാം :) (ചുമ്മാതാണപ്പാ).

അപ്പോള്‍ പിന്നെ എന്താ പ്രശ്‌നം?

myexperimentsandme said...

ഹെന്റമ്മോ, ഇഞ്ചീ, ഞാനാരിലെ കഥാപാത്രം ഞാനാണെന്ന കാര്യം ഒരൊറ്റ സെക്കന്റില്‍ മറന്നുപോയി- ആദ്യം അതില്ലായിരുന്നു. എഡിറ്റര്‍ പറഞ്ഞു, ആ വാചകം കൂടി കയറ്റിയാല്‍ കൂടുതല്‍ പേര്‍ ഈ കമന്റ് വായിക്കുമെന്ന്. അത് പാരയായി. തിരുത്തി :)

അഭയാര്‍ത്ഥി said...
This comment has been removed by the author.
അഭയാര്‍ത്ഥി said...

ആദിത്യന്റെ ലേഖനം ശരിയായൊരു മാര്‍ഗദര്‍ശിത്വം നല്‍കുന്നു ബ്ലോഗിനെക്കുറിച്ച്‌.

ബ്ലോഗ്‌ ബ്ലോഗാണ്‌. ബ്ലോഗിന്‌ അച്ചടി മാധ്യമവുമായി ഒരു ഗോമ്പറ്റീഷനുമില്ല. ഗാരണം ഗപ്പ്‌ അന്തിമമായി ബ്ലോഗിന്‌ തന്നെ കിട്ടും- അത്‌ നെറ്റില്‍ മാത്രമായി തുടര്‍ന്നാല്‍.

അച്ചടിക്കാരുടെ പുറകെ പോയാല്‍ ബ്ലോഗിനെ അവര്‍ വിഴുങ്ങും. സ്വാര്‍ത്വ താല്‍പ്പര്യങ്ങളുടെ പോര്‍ട്ടലുകള്‍ നിലവില്‍ വരും. കരിയില കാറ്റത്തെന്ന പോലെ ബ്ലോഗെന്ന സംകെല്‍പ്പം പറന്ന്‌ പോകും.

ഇന്ന്‌ നാം എന്തും പബ്ലിഷ്‌ ചെയ്യുന്ന ആ രീതിയെ ഇല്ലാതാകും.
ആരെക്കുറിച്ചും എന്തിനെക്കുറിച്ചും സ്വതന്ത്രമായി പറയാനുള്ള സ്വാതന്ത്ര്യം പോകും.

അച്ചടിക്ക്‌ എസ്റ്റാബ്ലിഷ്‌ ആയ എത്രയോ പ്രസാധകരുണ്ട്‌.

ഈ കൂട്ടായ്മക്ക്‌ ബിസിനെസ്സ്‌ ആണ്‌ ലക്ഷ്യമെങ്കില്‍ നല്ലത്‌.

എല്ലാവരുടേയും കൃതികള്‍ പബ്ലിഷ്‌ ചെയുക്ക എന്ന ലക്ഷ്യത്തേക്കാള്‍ ചാരിറ്റി കളക്ഷന്‍ ഭേദമായിര്‍ക്കും. ആര്‍ക്കെങ്കിലും ഉപകാരപ്പെടും.

എന്തും അച്ചടിക്കുക എന്നത്‌ ബ്ലോഗെന്നാല്‍ ചവറെന്ന ധാരണയും ഉണ്ടാക്കും.



സ്വന്തം
ഗന്ധര്‍വന്‍ എന്ന കരിംകാലി

കണ്ണൂസ്‌ said...

ബ്ലോഗ്‌ എന്നാല്‍ ഭ്രൂണം ആണെന്നും, വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കുകയെന്നാല്‍ കൃതിക്ക്‌ അച്ചടിമഷി പുരളുകയാണെന്നും ഉള്ള വിശ്വാസം, ആരൊക്കെ വെച്ചു പുലര്‍ത്തിയാലും, നമ്മള്‍ ബ്ലോഗര്‍മാര്‍ തന്നെ പ്രചരിപ്പിക്കാന്‍ പാടുണ്ടോ കുറുമാനേ?

ഇന്ന് ബ്ലോഗിന്‌ വായനക്കാര്‍ കുറവായിരിക്കാം. എന്നാലും നാളത്തെ സംവേദന മാധ്യമം ബ്ലോഗുകള്‍ ആയിരിക്കും. കയ്യൊപ്പ്‌ പറഞ്ഞ പോലെ സാഹിത്യസൃഷ്ടികള്‍ മാത്രമല്ല, ഒരു ന്യൂസ്‌ പേപ്പറിന്‌ പകരം വെക്കാന്‍ പോലും ഉതകണം ബ്ലോഗ്‌ നാളെ. ഇവിടെ ആദ്യം വന്ന ആള്‍ക്കാരില്‍പ്പെടും നമ്മളൊക്കെ. അതു കൊണ്ടു തന്നെ, ഈ മാധ്യമത്തിന്റെ ശക്തിയും സാധ്യതയും കഴിയുന്നത്ര പ്രചരിപ്പിക്കുകയാണ്‌ വേണ്ടത്‌.

എന്ന് വെച്ച്‌, ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍ അച്ചടിക്കുന്നതോ, കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്നതോ ഒന്നും പ്രോത്‌സാഹിപ്പിക്കേണ്ട എന്നല്ല ഞാന്‍ പറയുന്നത്‌. അതൊക്കെ ഓരോ എഴുത്തുകാരുടേേയും സ്വാതന്ത്ര്യമാണ്‌. അങ്ങോട്ടുള്ള ഒരു ഇടത്താവളമാണ്‌ ഇത്‌ എന്ന ചിന്ത പ്രചരിപ്പിക്കരുത്‌ എന്നു മാത്രം.

ഇടിവാള്‍ said...

ഹലോ ആദിത്യാ, വീണ്ടും സ്വാഗതം...

പോസ്റ്റ് വായിച്ചു, ഒരു യോജിപ്പും ഇല്ല ;)

ആത്മസുഖത്തിനു ബ്ലോഗെഴുതുന്ന ഒരാളേയും ഞാനിവിടെ കണ്ടിട്ടില്ലപ്പാ, ആരും വായിക്കുന്നില്ലെന്നു തോന്നിയാല്‍ കെട്ടിപ്പൂട്ടി പോകാറാണു പുതിയ ബ്ലോഗേഴ്സില്‍ പലരും.

1000 ബ്ലോഗുകള്‍ ഉള്ളതില്‍, കമന്റ് ഓപ്ഷനോ/പിന്മൊഴി ലിങ്കോ ഇല്ലാത്ത എത്ര ബ്ലോഗുകളുണ്ടാവും ? താനെഴുതുന്നത് എത്ര ചവറാണെങ്കിലും അതു രണ്ടാളു വായിക്കുന്നുവെന്നുള്ള അറിവു തന്നെ ഇനിയും എഴുതാനുള്ള പ്രചോദനമല്ലേ?

ബ്ലോഗിലെ കണ്ടെന്റെടുത്തു പോര്‍ട്ടലുകള്‍ക്കു വില്‍ക്കുന്നവരില്ലേ ഇവിടേ?

ബ്ലോഗു കണ്ടന്റുപയോഗിച്ച് പലവഴികളിലൂടേയും ഡോളറു വാരാമെന്നു തെറ്റിദ്ധരിച്ചവരില്ലേ ഇവിടേ?

ബ്ലോഗില്‍ ആഡ്സെന്സിടുന്നില്ലേ.. (കിട്ടുന്നത് നക്കാപ്പിച്ച ആയിക്കോട്ടേ, എന്നാലും ഇടുന്നില്ലേ..)

ആ അതേ ബിസിനെസ് മൈന്‍ഡ് ആവണം , തന്റെ ബ്ലോഗും പുസ്തകരൂപത്തിലാവണം എന്നു സാദാഒരു ബ്ലോഗര്‍ ആഗ്രഹിക്കാന്‍ കാരണം..

തന്റെ ബ്ലോഗു ഞങ്ങള്‍ പബ്ലിഷ് ചെയ്യാം എന്നൊരു പബ്ലിഷര്‍ പറഞ്ഞാല്‍, “വേണ്ടാ” എന്നു പറയുന്ന എത്രപേരുണ്ടാവും മല്ലു ബ്ലോഗേഴ്സില്‍ ?

അപ്പോ,ബ്ലോഗിലൂടെ ആത്മപ്രകാശനം എന്നൊക്കെ പറയുന്നത് ചുമ്മാ ഒരു ജാഢയാന്നേ ;) ആരെയും കുറ്റം പറയാനൊക്കൂലാ



പിന്നെ ഗന്ധര്‍വ അണ്ണാ.. എന്തേ സ്വയം കരിംകാലി എന്നു വിളിച്ചത് ;)

താങ്കള്‍ പറഞ്ഞു:
<< “അച്ചടിക്കാരുടെ പുറകെ പോയാല്‍ ബ്ലോഗിനെ അവര്‍ വിഴുങ്ങും. സ്വാര്‍ത്വ താല്‍പ്പര്യങ്ങളുടെ പോര്‍ട്ടലുകള്‍ നിലവില്‍ വരും. കരിയില കാറ്റത്തെന്ന പോലെ ബ്ലോഗെന്ന സംകെല്‍പ്പം പറന്ന്‌ പോകും“ >>

ഹഹ എനിക്കു ചിരിക്കാന്‍ മേലാ‍ാ ..
കൊടകരപുരാണം പുസ്തകപ്രകാശനത്തിനു ഷാര്‍ജയില്‍ വച്ചു താങ്കള്‍ പ്രസംഗിച്ചപ്പോള്‍ ഇതൊന്നുമായിരുന്നില്ലല്ലോ പറഞ്ഞത്..

അതിനു മുമ്പ് ഉമ്മല്‍ കോയിന്‍ മീറ്റിലും കുറച്ചു പേര്‍ വട്ടം കൂടി നിന്നും സംസാരിക്കുമ്പോള്‍ (നമ്മള്‍ 2 പേരുമടക്കം) ബ്ലോഗില്‍ നിന്നും ഇനിയും ഒത്തിരി പുസ്തകങ്ങള്‍ വരാനുണ്ട് എന്നൊക്കെയാണല്ലോ വെച്ചു കീറീയിരുന്നത്?

പെട്ടെന്നെന്താണൊരു കളം മാറ്റം?

എനിക്കു ശേഷം പ്രളയം ആവണേ ..കൃഷ്ണാ .. ഗുരുവായൂരപ്പാ !

ഗുരുവായൂരപ്പനെ വിളിക്കുന്നതു ഭജിക്കുന്നതും കരിംകാലികള്‍ മാത്രമല്ലല്ലോ അല്ലേ ? ;)

** താങ്കള്‍ പ്രതികരിക്കും എന്നറിയാം .. ഇപ്പോള്‍ സമയക്കുറവുണ്ട്.. എങ്കിലും സൌകര്യമനുസരിച്ച് വരാം ഇവിടെ.. ;)

Adithyan said...

വക്കാരിയേയ് നമഃ

അങ്ങാണ്‌ ബ്ലോഗര്‍. (ഇനി മുതല്‍ ഞാന്‍ പോസ്റ്റിടുന്നേനു മുന്നെ അത് അങ്ങേക്കയയ്ക്കാം. എന്നിട്ട് ടൈറ്റില്‍ മാത്രം പബ്ലിഷ് ചെയ്യാം) അങ്ങ് ഒരു കമന്റായി സംഭവം ഇട്ടാല്‍ മതി.

asdfasdf asfdasdf said...

നീണ്ട ഒരു തപസ്സ് കഴിഞ്ഞ് എഴുന്നേറ്റ് ‘ബ്ലോഗ് എന്ത്‘ എന്ന് ബ്ലോഗിനോട് തന്നെ ചോദിച്ച ആദിക്ക് ആദ്യം തന്നെ സ്വാഗതം.

തനിക്കിഷ്ടപ്പെട്ടത് എഴുതിവെക്കാനുള്ള ഒരു ഡയറിമാത്രമാണ് ബ്ലോഗ്. ആ ഡയറി നെറ്റില്‍ പ്രസിദ്ധീകരിക്കാണോ വേണ്ടേ എന്നത് അതിന്റെ ഉടമസ്ഥന്‍ മാത്രം വിചാരിക്കേണ്ട കാര്യമാണ്. അതുപോലെ തന്നെ ബ്ലോഗില്‍ പ്രസിദ്ധീകരിചത് അച്ചടിക്കണമോ വേണ്ടേ എന്നതും ബ്ലോഗര്‍ സ്വയം തീരുമാനിക്കേണ്ടതാണ്. ചങ്കൂറ്റമുള്ളവര്‍ സ്വന്തം കൃതി പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ബ്ലോഗിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന ധാരണ തെറ്റാണ്. എത്രയോ പത്രപ്രവര്‍ത്തകരും പ്രസിദ്ധരായ എഴുത്തുകാരും ബ്ലോഗെഴുതുന്നു. പത്രത്തിലെഴുതിയത് ബ്ലോഗിലിടുന്നു. അപ്പോള്‍ ബ്ലോഗില്‍ എഴുതിയത് എന്തുകൊണ്ട് പത്രത്തിലെഴുതിക്കൂടാ ? അച്ചടിച്ചുവെന്നതുകൊണ്ട് ബ്ലോഗിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതെങ്ങനെ ?

സു | Su said...

ആദീ :) വീണ്ടും സ്വാഗതം. ആദിയുടെ ലേഖനവും, വക്കാരിയുടെ കമന്റും ഇഷ്ടമായി. ഇനി ലേഖനമൊക്കെ വിട്ട്, നല്ലൊരു കഥയെഴുതൂ. (സമ്മര്‍ദ്ദം) ;)

അഭയാര്‍ത്ഥി said...

ഇടിവാളെ കൂള്‍.
ഞാന്‍ പറഞ്ഞതൊന്നും തിരുത്തിപ്പറയില്ല.
അച്ചടിക്കാര്‍ ബ്ലോഗിന്‌ പുറകെ വരണമെന്നേ പറഞ്ഞിടുള്ളു.
കൊടകരപുരാണത്തില്‍ അതാണുണ്ടായത്‌.
വിശദമായി പിന്നീട്‌.
സ്റ്റോക്‌ എണ്ണട്ടെ.

ഉണ്ണിക്കുട്ടന്‍ said...

ബൂലോഗത്തില്‍ ആയിരത്തില്‍ അധികം പേരുണ്ട്. ഇതില്‍ എത്ര പേര്‍ ബ്ലോഗില്‍ വരുന്നതിനു മുന്പ് എഴുതിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. വളരെ ചുരുക്കം പേര്‍ . അപ്പോ ബ്ലോഗ് എന്നൊരു മാധ്യം വന്നതു കൊണ്ടു മാത്രം തനിക്കും എഴുതാന്‍ ആകും എന്നു തിരിച്ചറിഞ്ഞവരാണ്‌ കൂടുതലും . ബ്ലോഗിന്റെ ശക്തി അതാണ്‌. ബ്ലോഗില്‍ വരുന്നതു ഭ്രൂണമാണെന്നും അത് അച്ചടിക്കുമ്പോഴാണ്‌ ജനനം നടക്കുന്നത് എന്നും തോന്നുന്നില്ല. ഇനി തന്റെ ബ്ലോഗ്ഗുകള്‍ പ്രസിദ്ധീകരിക്കണം എന്നുള്ളവര്‍ പ്രസിദ്ധീകരിക്കട്ടെ. ബൂലോഗം അതിനെ പ്രോത്സാഹിക്കുകയേ ഉള്ളൂ. കൊടകരപുരാണം ഇറങ്ങിയപ്പോള്‍ നാ കാണിച്ച ഉത്സാഹം അതുനുദാഹരണമല്ലേ. അതല്ലാതെ പേപ്പറില്‍ അച്ചടിക്കുമ്പോഴേ ഒരു സൃഷ്ടി പൂര്‍ണ്ണമാകുന്നുള്ളൂ എന്ന ധാരണ തെറ്റാണ്.

chithrakaran ചിത്രകാരന്‍ said...

പ്രിയ ബ്ലോഗേഴ്സ്‌,
ബ്ലൊഗ്‌ ആധുനികമായ ഒരു ആശയവിനിമയ മാധ്യമമായാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌.

മറ്റു മാധ്യമങ്ങളിലേക്ക്‌ മലയാള ബൂലോകത്തെ സൃഷ്ടികള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ആ സൃഷ്ടി നിലവാരം പുലര്‍ത്തുന്നതാണെന്ന് തെളിയിക്കപ്പെടുകയാണു ചെയ്യുന്നത്‌.(ഉദ: കൊടകരപുരാണം)
ബ്ലൊഗ്‌ സൃഷ്ടി ബ്ലൊഗില്‍ മാത്രമേ ലഭ്യമാക്കാവു എന്ന വാദം ആത്മഹത്യാപരവും, സംങ്കുചിതവുമാണ്‌.
നമുക്കു വേണ്ടത്‌ ബ്ലൊഗിന്റെ പ്രചാരമാണ്‌.ബ്ലൊഗ്‌ വളരുന്നതും അതു നിര്‍ണായക ശക്തിയാകുന്നതും അതിന്റെ വായനക്കാരുടെയും,ബ്ലൊഗര്‍മാരുടെയും എണ്ണത്തിലുള്ള വളര്‍ച്ചയിലൂടെയാണ്‌.

അതിനായി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ആതിത്യന്റെ ഈ പോസ്റ്റിനു കഴിയട്ടെ എന്ന് ആശിക്കുന്നു.

കൂടാതെ എനിക്കു വ്യക്തിപരമായി ബൂലൊകത്തിന്റെ വികസനത്തിനായി നല്‍കാനാകുന്ന ഒരു സംഭാവനയെക്കുറിച്ച്‌ സൂചിപ്പിക്കാം:
ബൂലൊകത്തെക്കുറിച്ച്‌ അറിയുന്നതിനുമുന്‍പ്‌ വ്യക്തിപരമായി ഒരു ആശയം ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി ഇരുപതിനായിരം രൂപയോളം ചിലവാക്കി(ഒരു ഭ്രാന്ത്‌) മാത്രുഭൂമി പത്രത്തിന്റെ കണ്ണൂര്‍ തിരുവനന്തപുരം എഡിഷനുകളില്‍ പരസ്യമായി സ്വന്തം പേരുവക്കാതെ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഈമെയില്‍ വിലാസം മാത്രമുള്ള ആ പരസ്യത്തിന്‌ ധാരാളം പ്രതികരണങ്ങള്‍ വന്നെങ്കിലും. അതിനു വേണ്ടിവന്ന ചിലവുമായി താരതമ്യം ചെയ്യുംബോള്‍ നിരാശാജനകമായിരുന്നു. മാത്രമല്ല കേവലം ഒരു ജില്ലയെപ്പോലും മുഴുവനായി കവര്‍ ചെയ്യാനും സാധിച്ചില്ല.

ഇത്തൊരു അനുഭവവും, ആവേശവുമുള്ള എനിക്ക്‌ ബ്ലൊഗ്‌ വലിയ ആശ്വാസമാണ്‌ തരുന്നത്‌.
അതിനാല്‍, കേരളത്തില്‍ ബ്ലോഗിനു പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു സമയവും, ആവശ്യമെങ്കില്‍ മാത്രം കുറച്ചു പണവും ചിലവാക്കാന്‍ ഞാന്‍ ഒരുക്കമാണ്‌.

എവിടെയൊക്കെയോ "ഞെക്കി" സ്വയം ബ്ലൊഗാന്‍ തുടങ്ങിയ എനിക്ക്‌ ഇപ്പഴും ബ്ലൊഗിന്റെ സാങ്കേതികത വലിയ പിടിയൊന്നുമില്ല. എന്നാല്‍ പിടിയുള്ള ആരെങ്കിലും മലയാളം യൂണികൊഡ്‌ ഫോണ്ടുകളും,അത്യാവശ്യം വേണ്ട നിര്‍ദ്ദേശങ്ങളുമടങ്ങുന്ന ഒരു സിഡി തയ്യാറാക്കി തന്നാല്‍ ആ സിഡിയുടെ കോപ്പികള്‍ സ്വന്തം ചിലവിലെടുത്ത്‌ കേരളത്തിന്റെ പരമാവധി സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ്‌ കഫെകളില്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ സഹായിക്കാം.

ബ്ലൊഗിണ്‍ഗിനെക്കുറിച്ചും, അതിന്റെ സാദ്ധ്യതകളെക്കുറിച്ചും ഗൌരവത്തോടെ ചിന്തിക്കുന്നവര്‍ ചര്‍ച്ചചെയ്തു തീരുമാനം അറിയിക്കുക. വിലാസം:ചിത്രകാരന്‍ അറ്റ്‌ ജിമെയില്‍ . കോം

oru blogger said...

ഇഞ്ചി ചേച്ചി ആണല്ലോ ആദ്യത്തെ കമന്റ്..:)
അപ്പോ കോര്‍ത്തു കളയാം!

കമ്പ്യൂട്ടര്‍ ഉള്ളവന്റെ അടുത്ത് ആദ്യം എഴുതിയിട്ട്, പിന്നെ അതൊക്കെ കൊണ്ടുപോയി സാധാരണക്കാരനാണു വിതരണം ചെയ്യണം എന്നു വെച്ചാല്‍? :)

ഇഞ്ചി ചേച്ചി കാലനു കാലമാടന്‍ ഉണ്ട് എന്നു പറയുന്നത് ശരിയാണോ?

Adithyan said...

കഥയെഴുത്ത് ഒരു പക്ഷെ മലയാളം ബ്ലോഗ് ലോകത്തിന്റെ ഒരു പ്രത്യേകതയാവാം. ബ്ലോഗ് കഥ/കവിത എഴുതാനും ഉപയോഗിക്കാം. എന്നാല്‍ അത് ബ്ലോഗിന്റെ വലിയ സാധ്യതകളുടെ ഒരു ചെറിയ ഉപയോഗം മാത്രമേ ആകുന്നുള്ളു. കഥ/കവിത എഴുതാന്‍ മാത്രമാണ്‌ ബ്ലോഗ് എന്നു ശഠിക്കുന്നത് ബാലിശമാണ്.

ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ ആരും ഒരുകാലത്തും പ്രസിദ്ധീകരിക്കരുത് എന്നൊരു അഭിപ്രായം എനിക്കില്ല. ഒരാള്‍ നല്ല കുറെ കഥകള്/കവിതകള്‍ എഴുതുന്നു, അതുകണ്ട് ഏതെങ്കിലും എസ്റ്റാബ്ലിഷ്‌ഡ് ആയ പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കാന്‍ വരുന്നു, ബ്ലോഗര്‍ കാശുണ്ടാക്കുന്നു - ഇതിലൊന്നും എനിക്കു യാതൊരു എതിര്‍പ്പും(അസൂയയും) ഇല്ല, സന്തോഷമേ ഉള്ളു. (പിന്നെ ഇടിഗഡി ചോദിച്ച ചോദ്യത്തിനുത്തരം - “വേണ്ടാ” എന്നു പറയാന്‍ ഞാനുണ്ട്. "ആരു ചോദിക്കാന്?" എന്ന ഗഡിയുടെ മറുചോദ്യം ഞാന്‍ അവഗണിക്കുന്നു. ;)

പക്ഷെ ബ്ലോഗ് പോസ്റ്റ് എന്നത് പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്ന കൃതികളുടെ സ്ക്രാപ്പ് രൂപം മാത്രമാണ്‌ അല്ലെങ്കില്‍ പ്രൂഫ് റീഡ് ചെയ്യാനുള്ള സ്ഥലമാണ്‌ ബ്ലോഗ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാനാവില്ല.. അതല്ല ബ്ലോഗിന്റെ മുഴുവന്‍ പൊട്ടെന്‍ഷ്യല്‍. സ്വന്തം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ഓരോ ബ്ലോഗറുടെയും ഇഷ്ടം. അതും ഞാന്‍ പറഞ്ഞ പരമാധികാരത്തില്‍ വരും. എന്നാല്‍ പ്രസിദ്ധീകരണം എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് കുറെപ്പേര്‍ കഥകളും കവിതകളും പോസ്റ്റുകളായി ഇടുന്നതും ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് അതില്‍ പതിരു തിരയുന്നതും, ഒരു വിതരണ പ്രസ്ഥാനം അത് ബ്ലോഗേഴ്സിന്റെ ചിലവില്‍ അച്ചടിച്ച് ബ്ലോഗേഴ്സിനു തന്നെ വില്‍ക്കുന്നതും ഒന്നും ബ്ലോഗിന്റെ നിര്വ്വചനത്തില്‍ വരും എന്ന് എനിക്ക് തോന്നുന്നില്ല. ("നിങ്ങളെ കാമറൂണ്‍ കംഗാരു അസോസിയേഷന്റെ ഈ വര്‍ഷത്തെ സാഹിത്യത്തിനായുള്ള അബൂ-ബുക്കര്‍ പ്രൈസിന്‌ തിരഞ്ഞെടുത്തിരിക്കുന്നു. സര്‍ട്ടീക്കറ്റും താമ്രപത്രവും അയക്കാനുള്ള ചിലവിനായി 35 ഡോളര്‍ ഉടന്‍ അയയ്ക്കുക" എന്ന സ്പാം മെയിലിലെ വാചകം എന്തേ എന്റെ മനസിലേക്കോടിയെത്തി?)

ബ്ലോഗെന്തല്ല എന്നതിന്‌ ഒരു ഉദാഹരണം പറയാനേ എനിക്ക് പറ്റിയിട്ടുള്ളു. എന്താണ്‌ അല്ലെങ്കില്‍ എന്തൊക്കെയാണ്‌ എന്ന ചര്‍ച്ചകള്‍ തുടരാം. വിദ്വാന്മാര്‍ വാക്കുകളില്‍ ജ്ഞാനത്തിന്റെ സ്ഫുലിംഗവുമായി കടന്നുവരാതിരിക്കില്ല.

sandoz said...

'ബ്ലോഗ്‌ എന്തല്ലാ..എന്നതിനുള്ള ഒരു ഉദാഹരണം മാത്രമാണിത്‌' എന്ന ആദിയുടെ വാചകം തന്നെ ബ്ലോഗിന്റെ സ്വാതന്ത്ര്യത്തിനുള്ള കത്തി വയ്ക്കല്‍ ആയിപ്പോയില്ലേ....
ബ്ലോഗ്‌ കൊണ്ടെന്ത്‌ ചെയ്യണം....
ചെയ്യരുത്‌...
അതൊക്കെ അതിന്റെ ഉടമസ്ഥര്‍ക്ക്‌ വിട്ട്‌ കൊടുത്ത്‌ കൂടെ.....

ബ്ലോഗ്‌ എന്തല്ലാ..അല്ലേല്‍ എന്താണ്‌ എന്നൊക്കെ എടുത്ത്‌ പറയുമ്പോള്‍ തന്നെ ഒരു ചട്ടക്കൂടിന്റെ മണം.....
ഇതാണോ ബ്ലോഗ്‌ തരുന്ന സ്വാതന്ത്ര്യം....

ഇവിടെ മാത്രം നിലക്കാന്‍ ആഗ്രഹമുള്ളവര്‍ ഇവിടെ നില്‍ക്കട്ടെ....
പ്രിന്റിംഗ്‌ മീഡിയയിലേക്ക്‌ കൂടി കടക്കണം എന്നുള്ളവര്‍ അങ്ങനെ ചെയ്യട്ടെ.....

അഭയാര്‍ത്ഥി said...

ബ്ലോഗില് ഞാനെഴുതി തുടങ്ങിയത്
എനിക്കെന്തും എഴുതുവാനുള്ള സ്വാതന്ത്ര്യം
അതെനിക്ക് തരുന്നു. ആരുടെയും എഡിറ്റിങ്ങിന് കാത്തു നില്ക്കേണ്ട
അക്ഷര്തെറ്റുകള് ഗ്രാമര് ഒന്നും നോക്കേണ്ടാ.
എന്റെ വികല ചിന്തകളെ കവിതയായി പ്രസിദ്ധീക്ര്ക്കാം.
കമെന്റില്ലെങ്കിലും ആത്മപ്രകാശനം എന്ന സൗഖ്യം അനുഭവിക്കാം.
ഒരു പാടു പേരെ അറിയാനൊക്കും. അവര് ഗന്ധര്വനെന്ന് പറയുമ്പോഴുള്ള
സായുജ്ജ്യം.
വിശാലനെപ്പോലെ , ഇടിവാളിനെ പോലെ ഉള്ളവരുടെ സൗഹൃദം അതെനിക്ക് നേടിത്തരുന്നു.
ഒരു നിമിഷത്തില് ഇടിവാളിനെന്നോട് തോന്നിയ വിയോജിപ്പ് അടുത്തനിമിഷത്തില്
ഞാനറിയുന്നു. അതാണ് ബ്ലോഗ്.

നാമെല്ലാവരും എഴുതുന്നതൊക്കെ ഉത്തമ സാഹിത്യമാണെന്നെനിക്ക് തോന്നുന്നില്ല.


അതുപോലെത്തന്നെ
പ്രിന്റഡ് മീഡിയയില് ഒരിടത്തും കാണാത്തത്ര പാടവത്തത്തോടെ കാച്ചിക്കുറുക്കി
എഴുതുന്ന ദേവന്. ഒരു പാരഗ്രാഫില് ഒരു ബുക്കില് പറയുന്നത്രയും കാര്യം പറയുന്നു.
അത് നാം വായിക്കുന്നു അറിവ് നേടുന്നു.


അടുത്തനിമിഷം അമ്മുക്കുട്ടിയുടെ ഉണക്കമീന് കാണുന്നു ടെന്ഷനടിച്ചിരിക്കുന്നതില് നിന്നും
മൂഡ് അയവാകുന്നു. ആകാശത്തിലെ പട്ടികള് എന്ന കമെന്റിടുന്നു.

നാം പ്രിന്റഡ് മീഡിയയിലേക്ക് നീങ്ങണമെങ്കില് വിതരണശൃംഘല വേണം. നമുക്ക് തന്നെ
വായിക്കാനാണെങ്കില് ബ്ലോഗ് ധാരാളം.

സംകുചിതനോട് ചൊദിച്ചാല് ഇതിന്റെ നടത്തിപ്പിലെ
എല്ലാ സാംഗേതികതയും അറിയാനാകും.

രാജേഷ്വര്മ, കുഴൂര്, ചുള്ളിക്കാട്, ബെന്യാമിന് എന്നിവര് പ്രിന്റഡ് മീഡിയയില് നിന്നും ഇവിടെ വന്നവരാണ്.
അബുദാബി മീറ്റില് മേതിലും, സഖറിയായും, സാറാജോസഫും ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ച് പറയുകയും
ആരായുകയും ചെയ്തു.
അപ്പോള് നാം അവിടെക്കല്ല അവരിവിടേക്കാണ് കടന്നു വരുന്നത്. തിരിച്ചു പോക്കല്ല ആവശ്യം.

പ്രിന്റ് മീഡിയയിലേക്ക് നാം കടക്കണമെങ്കില് കോഴിക്കുള്ള കാശു കിട്ടണം (കൈപ്പള്ളിയോട് കടപ്പട്)
ബിസിനെസ്- പ്യുവര്ലി ബിസിനെസ്സ്.
അപ്പോള് ആ മാര്കറ്റിലുള്ളവന്റെ പുറകെ പോകേണ്ടി വരും. അവിടുത്തെ കുത്തകകളോടേറ്റുമുട്ടി നാം വിജയിക്കുമോ?.

നമ്മുടെ കൃതികള് പബ്ലീഷ് ചെയ്ത് നാട്ടുകാരെ വായിപ്പിക്കുവാന് സൗജന്യമായി നല്കിയാല് പോലും
ആവുമെന്നെനിക്ക് തോന്നുന്നില്ല. എന്റെ വീട്ടില് വന്നിരുന്ന കലാകൗമുദി, മാത്രുഭൂമി പോലും ഞാന്
മുഴുവനായി വായിക്കാന് മിനക്കെട്ടിട്ടില്ല.

കാശു കൊടുത്തവര് വാങ്ങുമോ. സൗജന്യമായി
നല്കുന്നതില് ഭേദം കാശ് ചാരിറ്റിക്ക് കൊടുക്കുന്നതല്ലെ
ഇതൊരു നിരുത്സാഹപ്പെടുത്തലല്ല. ചരിത്രത്തില് എന്നും റിസ്ക്കെടുത്തവരാണ് നേടിയിട്ടുള്ളത്.

ബ്ലോഗിലേക്ക് പ്രിന്റ്മീഡിയ ഉള്ളവര് വന്ന് പ്രസിദ്ധീകരണത്തിന്നനുമതി ചോദിക്കുന്ന കാലം വരുമെന്നും
(ഒരു പുരാണകാരന് അത് സാധിച്ചു.) ഗുണമേന്മയുള്ള ബ്ലോഗുകളില് സ്വയം അച്ചടി മഷി പുരളുമെന്നും എന്റെ പ്രതീക്ഷ.

അതിന്ന് പുറകെ പോകുന്നത് എന്റെ മാര്ഗ്ഗവുമല്ല.

ഇത് എന്റെ അഭിപ്രായം- ശരിയായാലും തെറ്റായാലും.

ഇടിവാളിനെപ്പോലെ മറ്റ് സ്നേഹിതന്മാര്ക്കും ഒരു പക്ഷെ അരോചകമായി തോന്നിയേക്കാം എന്നതുകൊണ്ടാണ് സ്വയം കരിംകാലി
എന്നെന്നെ വിശേഷിപ്പിച്ചത്. പക്ഷെ എന്റെ അഭിപ്രായം പറയേണ്ടത് എന്റെ ധര്മമാണെന്ന് ഞാന് കരുതുന്നു.
കുരിശിലേറുമ്പ്പോഴും അതെനിക്ക് ആത്മ സംതൃപ്തി നല്കും.
വ്യക്തികളെ നോക്കിയും അടുപ്പം നോക്കിയും ഇത്തരം കാര്യത്തില് എന്റെ അഭിപ്രായം സ്വാധീനിക്കപ്പെടരുതെന്നും എനിക്ക്
നിര്ബന്ധമുണ്ട്.

ഇത് രാമേട്ടനെന്ന പരുക്കനായ ഒരു കാരണവര് പറയുന്നത് പോലെ എടുക്കുക. അനുസരിക്കണമെന്നില്ല, ശരിയായിക്കൊള്ളണമെന്നില്ല. കാരണം
ഞാനൊരു പഴഞ്ചനാണ്.

rajeevkumar said...

sorry..........
kshamikkanam enikku blogaan ariyilla paraunnatu naanakkedaanennariyaam engilum parayunnu engine blogaam ? pala vattam palarodum chodikkanm ennu vichaarichhu madi kaaranam chodichilla orikkal koodi kshma chodichu kondu nirthunnu.......
my email id is rajtribune@gmail.com rajtribune@yahoo.co.in
sasneham rajeev.........

rajeevkumar said...

Aadithyanu ende naatil swandamaayi oru stalam undu etennu parayaamo ?