Monday, August 31, 2009

പോളിന്റെ മരണം: ഒരു ഫ്ലാഷ് ബാക്ക്

അനോണി ആന്റണി വാര്‍ത്തകളെ വിഷയമാക്കുന്നതിനെപ്പറ്റി പറഞ്ഞതു തന്നെയാണ്‌ വാര്‍ത്തകള്‍ കാണുന്നതിനെപ്പറ്റി എന്റെയും ഈയിടയ്ക്കത്തെ നയം. നാലാല്‍ ഒരു നിവൃത്തിയുണ്ടേല്‍ ടീവി വാര്‍ത്തകള്‍ കാണാറില്ല. വാര്‍ത്ത എന്ന പേരില്‍ നടത്തുന്ന റിയാലിറ്റി ഷോയ്ക്കു കിടപിടിക്കുന്ന വൃത്തികേടുകള്‍ കണ്ടു മടുത്തതു കൊണ്ട് ഇപ്പോള്‍ വാര്‍ത്ത വരാന്‍ സാധ്യത ഉള്ള ചാനലുകളെല്ലാം ടീവിയില്‍ സ്കിപ്പ് ചെയ്ത് വെച്ചിരിയ്ക്കുകയാണ്‌ - ബ്രൌസ് ചെയ്തു പോകുമ്പോള്‍ പോലും അബദ്ധത്തില്‍ കാണാതിരിക്കാന്‍. എച്ബീയോ, സ്റ്റാര്‍ മൂവീസ്, വേള്‍ഡ് മൂവീസ്, സീ സ്റ്റുഡിയോ അങ്ങനെ കുറെ ഐറ്റംസ് കാണാന്‍ മാത്രമാണ്‌ ഈയിടെ ടീവി തുറക്കുന്നത്.

മലയാളപത്രങ്ങള്‍ സ്ഥിരം വായിക്കാറില്ല. പത്രവായന തന്നെ നിര്‍ത്തുന്നതാണ്‌ മനസമാധാനത്തോടെ ജീവിക്കാന്‍ നല്ലതെന്ന ഒരു അഭിപ്രായം രൂപപ്പെട്ടു വരുന്നുമുണ്ട്. കഴിഞ്ഞേന്റെ മുന്നത്തെ ആഴ്ചയവസാനം നാട്ടിലായിരുന്നതു കോണ്ടു മാത്രം പെലകാലേ മനോരമ കൈയില്‍ വന്നു പെട്ടു. മുന്പേജില്‍ തന്നെ വെണ്ടക്ക - "പ്രമുഖ വ്യവസായി പടമായി". ഈ മാതിരി സെന്‍സേഷണല്‍ ചവറു കണ്ടാല്‍ മൂന്നുമിനിറ്റില്‍ മറക്കാറുണ്ട് സാധാരണ. എന്തോ ഈ വാര്‍ത്ത വായിച്ചതു മുതല്‍ എന്തൊക്കെയോ ഹോണ്ട് ചെയ്യുന്നു. യേതോ ഒരുത്തന്‍ പടമായത് എന്നെ ഒരിക്കലും ഹോണ്ട് ചെയ്യില്ല. ഇത് വാര്‍ത്തയുടെ കൂടെയുള്ള കുറെ ഡീറ്റെയില്സ് ആണ്‌ ആളെ പ്രാന്ത് പിടിപ്പിക്കുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസുകുടുമ്മത്തെ ഇളമുറക്കാരന്‍ പാതിരാക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഒരു സെറ്റ് ഗുണ്ടകളുടെ കൂടെ. നാട്ടുകാരടെ തല്ലുകിട്ടാതിരിക്കാന്‍ ഒന്നോ രണ്ടോ ഗുണ്ടകളെ പൈലറ്റായോ എസ്കോര്‍ട്ടായോ വേറേ ഒരു വണ്ടിയില്‍ കൊണ്ടു നടക്കുന്നതിനു പകരം, കുടിച്ച് വെളിവില്ലാതെ(?) കിടന്ന ലോ ലവന്മാരെ ലീ ലിവന്‍ ലവന്മാരില്‍ ഒരുത്തന്റെ വണ്ടിയില്‍ ഡ്രൈവറായി ഇരുന്ന് ലിവന്റെ ലവടേം ലിവടേം ഒക്കെ കിടക്കുന്ന റിസോര്‍ട്ടൂകളില്‍ ഒക്കെ കൊണ്ടു പോയി കുടിപ്പിക്കുന്നു. ഗുണ്ടക്ക് ഗുണ്ടയാരാന്നറിയില്ലേലും മൊയലാളിക്ക് അറ്റ്ലീസ്റ്റ് മൊയലാളി ആരാന്നറിയാനുള്ള വെളിവു വേണ്ടേ? ആദ്യ വാര്‍ത്തയനുസരിച്ച് കൂടെ ഉണ്ടായിരുന്ന മനു ഗുണ്ട മൊയലാളിയെ ആദ്യമായി കാണുന്നതാണ്‌ അന്ന്. (അറ്റ്ലീസ്റ്റ് ഈ ഞാന്‍ ഇന്ന് കാണുന്ന ഒരു ഗുണ്ടയെ കേരളം മുഴുവന്‍ ഓടിച്ചുകൊണ്ടുനടന്ന് കള്ളു വേടിച്ച് കൊടുക്കുവേല.) പിന്നെ വാക്കിയുള്ള ഗുണ്ടകള്‍ മൊയലാളിയെ മൊയലാളീടെ ഡ്രൈവര്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് നാഷണല്‍ ഹൈവേന്ന് വലത്തോട്ട് തിരിഞ്ഞ് മുങ്ങി. നല്ല മൊയലാളി സ്നേഹമുള്ള ഗുണ്ടകള്‍. ഗുണ്ടയാണേലും ചെയ്യുന്ന തൊഴിലിനോട് ഒരു ആത്മാര്ത്ഥത ഒക്കെ വേണ്ടേ?

ഇത്രയുമൊക്കെ ആരുന്നു ആദ്യ ദിവസത്തെ വാര്‍ത്തകള്‍. ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഓവര്‍സിയര്‍ കുറെ ലൈന്മാന്മാരുടെ കൂടെ രാത്രി കാറില്‍ പോയി, അല്ലേല്‍ പള്ളിയിലച്ചന്‍ കൊറെ കൈക്കാരന്മാരടെ കൂടെ കാറില്‍ പോയി എന്നൊക്കെ പറയുന്ന ലാഘവത്തോടെ ആണ്‌ ആ വാര്‍ത്തയില്‍ മൊയലാളി ഗുണ്ടാസിന്റെ കൂടെ രാത്രിയില്‍ കാറ്റു കൊള്ളാന്‍ പോകുന്നതിനെപ്പറ്റി എഴുതിയിരുന്നത്. എന്റെ നെന്ചിലെ ഒന്നാമത്തെ ഷോക്ക്.

ഒന്നാം ദിവസം ഇരുട്ടി വെളുത്തു. രണ്ടാം ദിവസവും മനോരമ വന്നു. വധം മിസ്റ്ററി സോള്‍വ് ചെയ്ത് വാര്‍ത്തകള്‍ ഒണ്ടായിരുന്നു. യാകദേശം ഈ റെയിന്ചില്‍ - "ഒരു സെറ്റ് ഗുണ്ടകളും കൂടെ ഒണ്ട് സംഭവവികാസങ്ങളില്‍ - ആലപ്പുഴ എവിടെയോ ക്വൊട്ടേഷന്‍ വര്‍ക്കിന്‌ രണ്ടു ടെമ്പോ ട്രാവലറുകളില്‍ പോകുകയാരുനു ഒരു സംഘം ഗുണ്ടകള്‍, അതിലൊരു ട്രാവലറിന്റെ ടയറു പന്ചറായതിനാല്‍ പാതിരായ്ക്ക് വഴിസൈഡില്‍ നിന്ന് അന്താക്ഷരി കളിക്കുകയാരുന്നു. ലപ്പഴാണ്‌ പോള്‍ ഓടിച്ച വണ്ടി ആ വഴിക്ക് വന്ന് നട്ടപാതിരാക്ക് റോഡില്‍ തിരിഞ്ഞു കളിക്കുകയാരുന്നു ഒരു മോട്ടോര്‍സൈക്കിളുകാരനെ ഇടിച്ചിട്ടിട്ട് പോയത് - പരസഹായം ജീവിതവൃതമാക്കിയ ഗുണ്ടകള്‍ക്ക് ഇത് സഹിച്ചില്ല. എല്ലാരും കൂടെ ബാക്കിയുള്ള ഒരു ട്രാവലറില്‍ ചാടിക്കയറി പോളിന്റെ വണ്ടീടെ പൊറകെ കത്തിച്ചു വിട്ടു. എവടെയോ വണ്ടി വട്ടം ഇട്ട് പോളിന്റെ വണ്ടി നിര്‍ത്തിച്ച് പോളിനെ പിടിച്ചിറക്കി ഒരു വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ട്. വാദപ്രതിവാദം കൊണ്ട് സംഭവം തീരുന്നില്ലാന്നു കണ്ട് (ചെലപ്പം പോള്‍ മൊഡ കാണിച്ചു കാണും - കൂടെ ഗുണ്ടകള്‍ ഒണ്ടല്ലോ) പോളിനെ നമ്മടെ ട്രാവലര്‍ ഗുണ്ടകള്‍ നടു റോഡില്‍ ഇട്ട് വെട്ടിക്കൊന്നു. പോളിന്റെ കാറില്‍ നിന്ന് മനു ഗുണ്ട മാത്രമെ 'വിടടാ, വിടാനാ പറഞ്ഞേ' എന്നും പറഞ്ഞ് ഇറങ്ങി വന്നുള്ളു എന്നു തോന്നുന്നു, കാരണം ആള്‍ക്കു മാത്രമേ വെട്ട് കിട്ടിയിട്ടുള്ളൂ, വാക്കി രണ്ടു ഗുണ്ടകള്‍ അപ്പോള്‍ കാറില്‍ ഇരുന്ന് മുച്ചീട്ട് കളിക്കുവാരിക്കും. എന്തായാലും പോളിന്റെ ഡ്രൈവര്‍ വന്നപ്പോഴേക്കും ട്രാവലര്‍ ഗുണ്ടകള്‍ സ്ഥലം കാലിയാക്കി."

ഷോക്ക് രണ്ട് - കേരളത്തില്‍ ഗുണ്ടായിസം ഇപ്പോള്‍ ഒരു തൊഴിലായിരിക്കുന്നു, ഗുണ്ടകള്‍ പത്തും പന്ത്രണ്ടും പേരൊന്നിച്ച് ടെമ്പോ ട്രാവലര്‍ പിടിച്ചൊക്കെയാണ്‌ ഇപ്പോള്‍ പണിക്കു പോകുന്നത്. ഒരു ഗുണ്ടാസംഘം വഴിക്കു വെച്ച് ആരെയേലും കൊന്നാല്‍ അതില്‍ വലിയ അല്‍ഭ്തം ഒന്നും ഇല്ല. പോലീസ് ഇതൊരു സാധാരണ സംഭവം ആയാണ്‌ അവതരിപ്പിച്ചത്. മുന്‍വൈരാഗ്യം ഒന്നും ഇല്ലത്രേ... റോഡില്‍ വെച്ച് "ഡാ" എനു വിളിച്ചതിന്റെ പേരിലുള്ള സാധാ കൊലപാതകം.

ഞാന്‍ നാളെ കേരളത്തിലെവിടെയേലും പോകുമ്പോ വഴിക്കു കാണുന്ന മോട്ടോര്‍സൈക്കിളുകാരെ തട്ടാതെ സൂക്ഷിക്കണമല്ലോ. പ്രത്യേകിച്ചും ടെമ്പോ ട്രാവലര്‍ റിപ്പയര്‍ ചെയ്യുന്ന ഒരു സംഘം ആള്‍ക്കാര്‍ ആ ഏരിയായില്‍ എവിടെയേലും ഒണ്ടെങ്കില്‍..

പിന്നേം രാത്രികള്‍ കൊറെ ഇരുട്ടി വെളുത്തു, കൊറെ മനോരമകള്‍ കൂടി വന്നു. വാര്‍ത്തകള്‍ പലകരണം മറിഞ്ഞു. "ഞാനാ വെട്ടിയതെന്ന്" ഒരു ഗുണ്ട. "പോടാ, നീ ഞൊട്ടി, വെട്ടിയതു ഞാനാ"ന്ന് വേറേ ഒരു ഗുണ്ട, "എന്റെ മോനൊരു പാവാ, അവനൊരു കൊതുകുതിരി പോലും ഇത്വരെ കത്തിച്ചിട്ടില്ല" എന്ന് ഒരു ഗുണ്ടേടേ അമ്മ.

പിന്നെ കേട്ടു ട്രാവലര്‍ ഗുണ്ടകള്‍ വെട്ടുന്നതിനു മുന്നേ തന്നെ പോള്‍ പടമായിരുന്നെന്ന്. ഡ്രൈവ് സീറ്റിലിരുന്ന പോള്‍ ചില വാര്‍ത്തകളില്‍ മുന്നില്‍ വലത്തെ സീറ്റിലായി, മിഡില്‍ സീറ്റില്‍ കിടപ്പായി, ബാക്ക് സീറ്റില്‍ നടുവിലായി, ചവിട്ടു പടിയില്‍ ചവിട്ടി നില്‍പ്പായി, വണ്ടീടെ മോളില്‍ കേറി കിടപ്പയി, അങ്ങനെ പലവഴിക്കായി. വേറെ ഒരു സെറ്റ് വാര്‍ത്തകളില്‍ കുറെ മന്ത്രിപുത്രന്മാരും കൂടെയാണ്‌ പോളിനെ ഓടിച്ചിട്ട് വെട്ടിയത്.

സ്റ്റണ്ട് മാത്രം കൊണ്ട് പടം ഓടൂലാന്ന് കണ്ട് ചെല പത്രങ്ങള്‍ സെക്സ് കൂടെ മിക്സ് ചെയ്തു - സീരിയല്‍ നടി, നടീടെ സാരി, പാവാട, ബ്രാ, ബാഗ്, ചെരിപ്പ്, കുട, മിഡി, ലിപ്സ്റ്റിക്ക്, പൊട്ടിവീണ അരങ്ങാണച്ചരട് എന്നിവയൊക്കെ പോളിന്റെ വണ്ടിയില്‍ ഉണ്ടായിരുന്നത്രേ... ഈ സാരിയും പാവാടയും ഒക്കെ നടീടെ ദേഹത്താരുന്നോ അതോ വേറേ വേറേ ആയിട്ട് കാറിന്റെ ബോണറ്റില്‍ ഒന്ന്, ഡിക്കിയില്‍ ഒന്ന് എന്ന റേന്ചില്‍ ആരുന്നോന്നന്വേഷിക്കാന്‍ ഒരു ഡീയെസ്പിയെ വെക്കണോന്നും പറഞ്ഞ് കൊറേപ്പേരു വേറേ.

അല്ല എന്തൊക്കെയാണിവിടെ നടക്കുന്നത്? വന്നു വന്ന് ഗുണ്ടയല്ലാത്തവനൊന്നും കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ലാന്നായോ?

ഈ പത്രം, ടീവി ചാനല്‍ എന്നതൊക്കെ നടത്തുന്നവനൊക്കെ തോന്നുന്നതൊക്കെ വിളിച്ചു പറയാം എന്നാണോ? (അതിനിവിടെ ബ്ലോഗന്മാരില്ലേ?)

മനസമാധാനത്തോടെ ജീവിക്കണമെന്നുണ്ടേല്‍ കേരളത്തില്‍ കേറരുത്, കേരളത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കരുത് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.