Tuesday, January 09, 2007

സ്നേഹപൂര്‍വ്വം ബെന്നിയ്ക്ക്

മനുഷ്യരുടെ ഉല്ലാസം, വിനോദം എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന് ബ്ലോഗിന്റെയും കമന്റിന്റെയും വികാസം എന്ന് ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.

ഹാസ്യം, രാഷ്ട്രീയ കാഴ്ചപ്പാട്, സഹിഷ്ണുത, പൈങ്കിളി, സര്വ്വസമ്മത തുടങ്ങിയവ പരസ്പരബന്ധിതങ്ങള് ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത് ഒരു വിശ്വാസം മാത്രമാണ്. ഹാസ്യവും പൈങ്കിളിയും പോപ്പുലാരിറ്റിയുടെയും പ്രശസ്തിയുടെയും വാഹനങ്ങള് മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ ബ്ലോഗ് അധികാരത്തിന്റെ ഉപകരണങ്ങള് കൂടിയാണ്. ജോലി ജബല് അലീലും വീട് കൊടകരേലും, ഡൈലി പോയി വരും എന്ന് കൊടകരക്കാരന് പറഞ്ഞത് ഓര്‍ക്കുക -പറഞ്ഞത് പത്തുനൂറ്റമ്പതു ദിവസം മുമ്പാണെന്നും.

ബോറടിയുടെയും വിരസതയുടെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല പൈങ്കിളി സാഹിത്യവും മറ്റ് ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, ബ്ലോഗ് അധികാരത്താല് നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ ബ്ലോഗ് അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന് കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ് ഇന്ന് പൈങ്കിളിയും അതിന്റെ അനുബന്ധപോസ്റ്റുകളും.

ബ്ലോഗെഴുത്തുകാരുടെ മുന്നോട്ടുള്ള പ്രയാണത്തില് പൈങ്കിളിപോസ്റ്റുകള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള ബ്ലോഗ് രാഷ്ട്രീയത്തില് പെങ്കിളിയും ഹാസ്യവും പുരോഗമിച്ചിട്ടുള്ളത് ബ്ലോഗ്അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. പൈങ്കിളി-വിജ്ഞാനങ്ങള് ബ്ലോഗ്അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ ബ്ലോഗ്അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. ബ്ലോഗ്അധികാരസ്ഥാപനങ്ങളുടെ പൈങ്കിളി-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര് ചെറുത്തുതോല്‍പ്പിക്കുന്നത്.

പൈങ്കിളിയുടെ ഓരോ കണവും സ്വാഭാവികമായും ബ്ലോഗ്അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്. പൈങ്കിളി ഉല്‍‌പാദിപ്പിക്കുന്ന ബ്ലോഗ്അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് പൈങ്കിളി രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ പൈങ്കിളിയുടെ ഉപജ്ഞാതാവിന് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്. അതില് പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം പൈങ്കിളി സ്വയം പ്രതിനിധീകരിക്കുന്ന ബ്ലോഗ്രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത് മിക്കപ്പോഴും പ്രതിലോമകാരികള് ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഇത്രയും എഴുതാന് കാരണം മലയാളം ബ്ലോഗുകളില് ബെന്നി നടത്തുന്ന ചില നിരുപദ്രവകരമായ ഇടപെടലുകളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് - പ്രത്യേകിച്ചും ചന്ത്രക്കാരന്റെ അരാഷ്ട്രീയ വ്യാഖ്യാനത്തിന് ബെന്നി എഴുതിയ കമന്റുകള്.

ബെന്നിയുടെ പോസ്റ്റുകള് പ്രത്യക്ഷത്തില് നിരുപദ്രവകരവും വലിയ ഇടത് ചായവ് ഇല്ലാത്തവയുമാണ്. എന്നാല് പൈങ്കിളിരാഷ്ട്രീയത്തിന്റെ അന്തര്‍ലീനമായ സവിശേഷതകൊണ്ട് അവ സ്വയമൊരു രാഷ്ട്രീയത്തെ സൃഷ്ടിക്കുന്നു. രാഷ്ട്രീയനിലപാടുകള് മറ്റവസരങ്ങളില് പൊതുവെ തുറന്ന് പ്രകടിപ്പിക്കാത്തയാളായതിനാല് ബെന്നിയുടെ പോസ്റ്റുകള് പ്രസരിപ്പിക്കുന്ന രാഷ്ട്രീയം ഫലത്തില് അദ്ദേഹത്തിന്റെ നിലപാടുകളായി മാറുന്നു. ഒട്ടും disputable അല്ലാത്ത അദ്ദേഹത്തിന്റെ പൈങ്കിളി knowledge base ന്റെ ആധികാരികതയും അതുവഴിയുള്ള സ്വീകാര്യതയും സ്വാഭാവികമായും പോസ്റ്റുകളില്‍നിന്നും അതിന്റെ വിഷയങ്ങളില്‍നിന്നും ബെന്നി ഉദ്ദേശിച്ചിരിക്കാനിടയുള്ള രീതിയില് തന്നെ പുറത്തുകടന്ന് വ്യത്യസ്ത രാഷ്ടീയ നിലപാടുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴിവെക്കുന്നു.

ഇതിന്റെ പ്രതിഫലനമാണ് ചന്ത്രക്കാരനെ പോലെയുള്ള പ്രതിലോമകാരികള്‍ക്ക് മലയാളം ബ്ലോഗുകളില് കയ്യടി ലഭിക്കുന്നതിന്റെ അടിസ്ഥാനം. ബെന്നിയുടെ പൈങ്കിളി പോസ്റ്റുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ബെന്നി അറിഞ്ഞോ അറിയാതെയോ ഒരു രാഷ്ട്രീയപരിസരം ചിലര് മലയാളം ബ്ലോഗുകളില് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇവരിടുന്ന പോസ്റ്റുകളെ, പൈങ്കീളിമുത്തുകളെന്ന് ശ്ലാഘിക്കുക വഴി, നിരുപദ്രവമെന്ന് തോന്നുമെങ്കിലും, ബെന്നിയും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട്.

ബെന്നിയെ ഒരു തരത്തിലും വ്യക്തിഹത്യ ചെയ്യുക ഈ പോസ്റ്റിന്റെ ഉദ്ദേശമല്ല. സ്വന്തം പൈങ്കിളി സൃഷ്ടികളോട് അദ്ദേഹം പുലര്‍ത്തുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള വിശാലതയും എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും ആധികാരികതകൊണ്ടും പ്രതിഭാസ്പര്‍ശംകൊണ്ടും ഇക്കിളി സാഹിത്യം കൊണ്ടും താരതമ്യങ്ങളില്ലാത്ത, ആ പോസ്റ്റുകള് പ്രസരിപ്പിക്കുന്ന രാഷ്ട്രീയത്തെക്കൂടി suppress ചെയ്യാനുള്ള ബാദ്ധ്യതകൂടി അദ്ദേഹത്തിനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നുമാത്രം.

മലയാളബ്ലോഗുകളില് പൊതുവെ കാണുന്ന അസഹിഷ്ണുത പലതവണ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. ആശയപരമായ ഒരുതരം അസഹിഷ്ണുത ഏതോ തരത്തില് ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അറിഞ്ഞോ അറിയാതെയോ പങ്കുവക്കുന്നുണ്ട്. ഉദാഹരണത്തിന് ചന്ത്രക്കാരന് ഈയിടെയീട്ട പോസ്റ്റും അതിന്റെ കമന്‍റുകളും

ആ പോസ്റ്റിന് വന്ന കമന്റുകള് പലതരത്തിലുള്ളവയായിരുന്നു. പോസ്റ്റില് തന്നെ പറഞ്ഞ പല കാര്യങ്ങളെയും ചര്ച്ചയ്ക്കെടുത്ത ചിലരെ ബ്ലോഗുടമ ബ്ലോഗ് അടിയന്തരാവസ്ഥ നിയമം ഉപയോഗിച്ച് പുറത്താക്കുന്ന മനോഹര കാഴ്ച ആണ് നമ്മള് ആദ്യം തന്നെ കണ്ടത്. ഈ യുണീക്‍നസ്സിനെ ഒരു കൊച്ചുബ്ലോഗിന്റെ രാഷ്ട്രീയ-സാംസ്കാരികപ്രബുദ്ധതയായി കാണുന്നതിനുപകരം തികഞ്ഞ പരിഹാസത്തോടുകൂടിയായിരുന്നു മലയാളം ബ്ലോഗ് കമ്യൂണിറ്റിയില് ചിലര് (ഞാനടക്കം) നേരിട്ടത്. ബന്ദെന്തിന്, ഹര്‍ത്താലെന്തിന്, വികസനാമുരടിപ്പ് അങ്ങനെ എന്തൊക്കെയോ പറഞ്ഞുകേട്ടു.

ബ്ലോഗിലെ ജനാധിപത്യത്തില് അന്തര്‍ലീനമായിട്ടുള്ള ഒന്നാണ് പ്രാതിനിധ്യസ്വഭാവം. പ്രതിഷേധവും പിന്‍പറ്റലുകളും ഒരുപോലെ സിം‌ബോളിക് ആണതില്. അതിന്റെ ഏറ്റവും ശക്തമായ രൂപമാണ് കമന്റ് നിരോധനം. ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് ആ പ്രതികരണരൂപത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല, ഒരുപാട് ദുരുപയോഗിക്കപ്പെട്ടിട്ടും പള്ളിയും പട്ടക്കാരനും ഇന്നും നിലനില്‍‌ക്കുന്നപോലെ.

ഈ പശ്ചാത്തലത്തിലാണ് ഈ.എം.എസ്സിനെക്കുറിച്ചുള്ള രാജേഷ്‌വര്‍മ്മയുടെ പോസ്റ്റിനുള്ള ഉമേഷിന്റെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ചന്ത്രക്കാരന്റെ വ്യാഖ്യാനം പരിശോധിക്കാന് ഞാനൊരുമ്പെടുന്നത്. പ്രത്യക്ഷത്തില് നിഷ്പക്ഷവും നിര്‍ദ്ദോഷകരവുമായിത്തോന്നുന്ന അഭിരുചികളും അവയുടെ സൃഷ്ടികളും എത്രമാത്രം പ്രതിലോമകരമായ രാഷ്ട്രീയാര്‍ത്ഥങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നാം ആഴത്തില് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതിലെങ്കിലും established ആകുക എന്നത് വലിയൊരു ബാധ്യതയാണ്. അതിനുശേഷമുള്ള ഏത് പ്രസ്താവനയും രാഷ്ട്രീയമായി പരിശോധിക്കുമ്പോള് ഒരു നിഷ്ക്രിയാവസ്ഥയല്ല. ഒരഭിപ്രായം പറയുമ്പോള് നിങ്ങളുടെ അഭിപ്രായംതന്നെ നിങ്ങളുടേതായി പ്രചരിക്കും, പറയാതിരിക്കുമ്പോളും ഒരഭിപ്രായം നിങ്ങളുടേതായി പ്രചരിപ്പിക്കപ്പെടും - അതു നിങ്ങളുടേതാവില്ലെന്നുമാത്രം.