Friday, November 06, 2009

കെ വി പി രാജ

ഓരോ സമയത്തും ഓരോന്നാണല്ലോ മലയാളം ബ്ലോഗില്‍ ഫാഷന്‍. ഒരിടയ്ക്ക് യാഹൂനെ കോപ്പി റൈറ്റ് പഠിപ്പിക്കലായിരുന്നു എല്ല്ലാരടേം ഹോബി. പിന്നെ കുറേ കഴിഞ്ഞ് കലാകൌമുദീലേ ഏതോ ഒരു ചങ്ങായിയെ പള്ളുപറയല്‍ ആയി ടോപ്പില്‍. പിന്നെ ബ്ലോഗ് കറുപ്പിക്കല്‍, ചുമപ്പിക്കല്‍, കൈപ്പത്തിയാക്കല്‍ അങ്ങനെ അങ്ങനെ. ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ് "കേരള വര്‍മ്മ പഴശ്ശിരാജ"യെപ്പറ്റി റിവ്യൂ എഴുത്താണെന്നു തോന്നുന്നു. ഒരുമാതിരിപ്പെട്ട എല്ലാ ബ്ലോഗേഴ്സും സ്വന്തമായി ഒന്നോ രണ്ടോ പോസ്റ്റ് ഇതിനായി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ലാത്ത ഗുരുക്കള്‍ വരെ എഴുതി റീവ്യൂ ഒന്ന്. റഷ്യന്‍ ഒക്കെ എഴുതുന്ന ആള്‍ക്ക് ഒരു റിവ്യൂ എഴുതാനാണോ പാട്‌? ;)

ഞാനും കണ്ടു "കെ വി പി രാജ", ഇന്നലെ. റിവ്യൂ കമന്റ് ആദ്യമേ - പോര!

ഹിസ്റ്ററി എനിക്കത്ര താല്‍പ്പര്യമുള്ള വിഷയമല്ല. അതു കൊണ്ട് പഴശ്ശിരാജയെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ എനിക്കറിയില്ല. ആരൊക്കെയോ പറയുന്നതു കേട്ടു, സിനിമയില്‍ ചരിത്രത്തില്‍ നിന്ന് അധികം വ്യതിയാനമൊന്നും ഇല്ല എന്ന്. വ്യതിയാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും പഴശ്ശിരാജയുടെ കഥ പറയാനാണ്‌ ഈ സിനിമ ശ്രമിയ്ക്കുന്നതെങ്കില്‍, സിനിമയില്‍ അത് കാര്യമായൊന്നും പറയുന്നില്ലെന്നാണ്‌ എനിക്കു തോന്നുന്നത്.

പഴശ്ശിയെ കാണിക്കുന്നതിനു മുന്‍പുള്ള രംഗങ്ങളില്‍ മറ്റുള്ളവര്‍ പുകഴ്ത്തുന്ന പഴശ്ശിയും, അവസാനം ഹരാക്കിരിയ്ക്കായി ഇറങ്ങിത്തിരിക്കുന്ന പഴശ്ശിയും, പിന്നെ ഇതിനു രണ്ടിനും ഇടയ്ക്ക് കാണിക്കുന്ന പഴശ്ശിയും മൂന്നും മൂന്നാളായാണ്‌ എനിക്ക് തോന്നിയത്. ആദ്യം കേട്ടറിഞ്ഞ പഴശ്ശി "രാജകുമാരനാണ്‌", വീരനാണ്‌, ധീരനാണ്‌, മൈസൂര്‍ പടയെ സ്വന്തം വീര്യം കൊണ്ട് തുരത്തിയവനാണ്. അവസാനം കാണുന്ന പഴശ്ശി, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാതെ, തോക്കും പിടിച്ച് നില്‍ക്കുന്ന ഒരു ബറ്റാലിയന്റെ മുന്നിലേക്ക് ഒരു എടുത്താല്‍ പൊങ്ങാത്ത വാളുമായി സ്ലോമോഷനില്‍ നടന്ന് ചെന്ന്, "വെക്കടാ, എന്റെ നെന്ചത്തേക്ക് വെക്കെടാ വെടി" എന്നു പറയുന്ന ഒരു ഇമോഷണല്‍ ഫൂള്‍ ആണ്. മറ്റുള്ള മിക്കവാറും ഇമോഷണല്‍ ഫൂള്‍സിനെപ്പോലെ തന്നെ പഴശ്ശി ആ സീനില്‍ (സിനിമയില്‍ ആദ്യമായി) ഇംഗ്ലീഷും എടുത്ത് പയറ്റുന്നുണ്ട്. ചിലപ്പോള്‍ ഓസ്കാര്‍ കിട്ടാന്‍വേണ്ടി സംവിധായകന്‍ പഴശ്ശിയെക്കൊണ്ട് ചെയ്യിച്ചതായിരിക്കും അത്. അതു വരെ ബ്രിട്ടീഷുകാരോട് മലയാളത്തില്‍ തന്നെ സംസാരിച്ചു കൊണ്ടിരുന്ന പഴശ്ശിയെക്കൊണ്ട് തന്റെ അന്ത്യപ്രഭാഷണം ഇംഗ്ലീഷില്‍ ചെയ്യിപ്പിച്ചത്, അത്യാവശ്യം ചിരി തിയേറ്ററില്‍ ഉണ്ടാക്കി.

ഈ പറഞ്ഞ രണ്ടു പഴശ്ശിയെയും അല്ല നമ്മള്‍ സിനിമയില്‍ മുഴുനീളം കാണുന്നത്. കേട്ടറിഞ്ഞ വീരത്വത്തെയോ ഒളിപ്പോരിനെയോ നയചാതുരിയെയോ ന്യായീകരിക്കുന്ന ഒന്നും പഴശ്ശിയുടെ കഥാപാത്രം പ്രകടിപ്പിച്ചു കണ്ടില്ല. "മൈസൂര്‍ പടയെത്തുരത്താന്‍ നിങ്ങളെ സഹായിച്ചത് ഞങ്ങടെ രാജകുമാരനാണെ"ന്നൊക്കെ ദേവന്റെ കഥാപാത്രം ഇന്‍ഡ്രൊഡക്ഷന്‍ കൊടുത്തു കഴിഞ്ഞ് മമ്മൂട്ടി 'കുമാര'നായി വരുന്ന ആ വരവൊന്നു കാണേണ്ടതായിരുന്നു. ആദ്യ പകുതിയില്‍ രാജ്യതന്ത്രജ്ഞനേക്കാളും റെബലിനേക്കാളും കൂടുതല്‍ മാക്കത്തിന്റെ കാമുകനെയാണ്‌ ഞാന്‍ കണ്ടത്. പുള്ളി വെറുതെ ആരൊക്കെ എവിടെയൊക്കെ വിളിച്ചാലും പോയി ചുമ്മാ സംസാരിക്കും, സീയൂസൂണ്‍ പറഞ്ഞു തിരിച്ചു പോരും, തിരിച്ചു പോരുന്ന വഴി പോയി മാക്കത്തെ കാണും, ഇതു തന്നെ പരിപാടി. രണ്ടാം പകുതിയിലോ? ആള്‍ പടയില്‍ ഒരിക്കലും ഇല്ല. ഓരോ ഒളിത്താവളങ്ങളിലായി കറുത്ത ഡ്രെസ്സും ഇട്ട് വെറുതെ പോയിരിക്കും. പട കംബ്ലീറ്റ് ഹാന്ഡില്‍ ചെയ്യുന്നത് ബാക്കി പയ്യന്‍സ്.

ഓക്കെ, രാജാവ് നേരിട്ട് പോയി പട നയിക്കണം എന്നില്ല, അറ്റ്ലീസ്റ്റ് പടനായകന്മാരെ ഒക്കെ വിളിച്ച് കുറച്ച് സ്ട്രാറ്റജിക്ക് ഡിസ്‌ക്കഷന്‍സ് ഒക്കെ നടത്തണ്ടേ? "നീ ആ വഴി വാ, ഇവനെ മറ്റേ വഴിക്കു പറഞ്ഞു വിടാം, വേറേ ആരേലും എവിടുന്നേലും ഒക്കെ വാ, എന്നിട്ടെല്ലാരും കൂടെ മറ്റവനെ കവലയ്ക്കിട്ടു പിടിക്കാം" എന്നോ, അല്ലെങ്കില്‍ "ഇന്നേക്ക് മൂന്നാം ദിവസം അമാവാസിയും പൌര്‍ണ്ണമിയും കൂടെ ഒന്നിച്ചു വരുന്ന അപൂര്‍വ്വ മുഹൂര്‍ത്തമുണ്ട്...നമ്മക്ക് രാത്രിക്ക് ചെന്ന്‌ ലവന്മാരെ തീര്‍ത്തിട്ടു വരാം" എന്നോ... അങ്ങനെ എന്തേലും സാമ്പിളിന്‌ -ങ്ഹേഹ... സംഭവം പഴശ്ശി ആനയാണ്‌, ചേനയാണ്‌, രണ്ട് ചക്ക മുള്ളോടെ തിന്നുന്നവനാണ്‌ എന്നൊക്കെ പറഞ്ഞു വെച്ചിട്ട്, ചക്കയില്ലേലും അറ്റ്ലീസ്റ്റ് ചക്കച്ചുളയേലും തിന്നുന്നത് കാണിക്കണ്ടേ?

പഴശ്ശി ആനയാണെന്നു കാണിക്കാന്‍ വേണ്ടി സാമ്പിള്‍ വെടിക്കെട്ടായി നടത്തിയ കുങ്കനുമായുള്ള 'ദ്വന്ദയുദ്ധം' അതി ഭീകരമായിരുന്നു. വാളോക്കെ എടുത്ത് പൊക്കി വെട്ടി, ക്ഷീണിച്ച്, തളര്‍ന്ന്, വീണ്ടും പൊക്കി, മറ്റവന്‍ വാളു കൊണ്ടുപോയി വെച്ചിരിക്കുന്നടത്ത് ഓങ്ങി എത്തിച്ച്, മൊത്തത്തില്‍ ഉജ്ജ്വല പ്രകടനമായിരുന്നു. കുറെ നേരം വാളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കിലുക്കിക്കളിച്ച് ബോറടിച്ചു കഴിഞ്ഞപ്പോള്‍ (അവര്‍ക്കും കാണികള്‍ക്കും പ്രേക്ഷകര്‍ക്കും) താരങ്ങള്‍ രണ്ടും നിന്ന നില്‍പ്പില്‍ ആകാശത്തിലേയ്ക്ക് ചരടേല്‍ കെട്ടി വലിച്ചതു പോലെ പൊങ്ങിപ്പോവും. പിന്നെ എയറില്‍ വെച്ചാണ്‌ വാളുമുട്ടിക്കളി. ഈ എയറില്‍ പോക്ക് മറ്റു പല താരങ്ങളും പല ഫൈറ്റ് സീനിലും സിനിമയിലുടനീളം ഉപയോഗിക്കുന്നുണ്ട്‌. മനോജ് കെ ജയനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ഫൈറ്റില്‍ മനോജ് ഫുള്‍ ടൈം വായുവില്‍ പറന്നു നടക്കല്‍ തന്നെയാണു പരിപാടി. പത്മപ്രിയ പോലും ഇടയ്ക്കിടയ്ക്ക് പറക്കുന്നുണ്ട്.

ഹോളിവുഡിനോട് ഇടിച്ചു നില്‍ക്കുന്ന സ്പെഷ്യല്‍ ഇഫെക്ട് എന്നൊക്കെ പറഞ്ഞത് ഇടയ്ക്കിടയ്ക്ക് കാണിച്ചോണ്ടിരുന്ന പറക്കല്‍ സീനുകളാണെങ്കില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. "വയനാടന്‍ കാടുകളുടെ വന്യസൌന്ദര്യം അഭ്രപാളികളില്‍ ഒപ്പിയെടുക്കുന്ന"തില്‍ ക്യാമറാമാന്‍ വിജയൊച്ചോ എന്ന് ചോദിച്ചാല്‍....ങ്ഹൂ ഹും... അറ്റ്ലീസ്റ്റ് "ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങക്കാവില്ല മക്കളേ" സ്റ്റൈലില്‍ രണ്ട് ഡയലോഗെങ്കിലും? എം ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പടത്തില്‍ നിന്ന് പ്രേക്ഷകന്‍ മിനിമം അതേലും പ്രതീക്ഷിക്കില്ലേ? അതും കണ്ടില്ല. അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ വെറുതെ ആ പൈസ ഈ പടത്തിനു കൊണ്ടുപോയി കൊടുക്കാതെ അറ്റ്ലീസ്റ്റ് ഒരു ചിക്കന്‍ കബാബെങ്കിലും മേടിച്ചു കഴിക്കാമായിരുന്നു എന്നു തോന്നിപ്പിച്ച ഒരു പടം.