Thursday, July 27, 2006

നവാഗതരെ ഇതിലെ ഇതിലെ

പുതിയ മലയാള ബ്ലോഗ് തുടങ്ങാന്‍ പോകുന്നവര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍.
ഇനി പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിര്‍ദ്ദേശങ്ങള്‍ മാത്രം, നിബന്ധനകള്‍ അല്ല.

1. ബ്ലോഗിനൊരു പേരു വേണം.
2. താങ്കള്‍ക്കൊരു പ്രൊഫൈല്‍ നാമം.
3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
4.1 (Who Can Comment )
4.2 (Comments Default for Posts)
4.3 (Show comments in a popup window?)
4.4 (Show word verification for comments?)
4.5 (Enable comment moderation?)
5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
10. ‘തനിമലയാളം‘ ബ്ലോഗ് അഗ്രഗേറ്റര്‍.
10.1. ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിക്കാനുള്ള സംവിധാനം
11. ‘പിന്മൊഴികള്‍‘ കമന്റ് അഗ്രഗേറ്റര്‍.
11.2. പിന്മൊഴിക്കമന്റുകള്‍ വായിക്കാന്‍
11.3. കമന്റ് പിന്മൊഴിയില്‍ വരാതിരിക്കണെമെന്നുണ്ടെങ്കില്‍
12. പിന്‍മൊഴിക്കമന്റുകള്‍ മെയില്‍ ആയി കിട്ടാന്‍.
13. ‘ബ്ലോഗ്‌ലൈന്‍സ്‘ ബ്ലോഗ് റോള്‍.

1. ബ്ലോഗിനൊരു പേരു വേണം.
(Settings-> Basic-> Title)
സഭ്യമായ ഏതു പേരും സ്വീകരിയ്ക്കാം. താങ്കള്‍ എന്തു തരം ബ്ലോഗ് ആണോ തുടങ്ങാന്‍ പോകുന്നത് അതിനോട് ബന്ധപ്പെട്ട പേര് ഇടുന്നത് നന്നായിരിയ്ക്കും. പാചകത്തെക്കുറിച്ചു മാത്രം പറയാന്‍ പോകുന്ന ബ്ലോഗിന് ‘മറഡോണയുടെ അഞ്ചാമത്തെ ഗോള്’ എന്ന പേര് യോജിയ്ക്കുമോ? 13-ആമതായി പറഞ്ഞിരിയ്ക്കുന്ന ബ്ലോഗ് റോളില്‍ താങ്കള്‍ തിരഞ്ഞെടുത്ത പേര് ഇല്ല എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിയ്ക്കും.

2. താങ്കള്‍ക്കൊരു പ്രൊഫൈല്‍ നാമം.
(Dashboard-> Edit Profile-> Display Name)
ഇതാണ് പ്രൊഫൈല്‍ നെയിം. കുറെയാള്‍ക്കാര്‍ ബ്ലോഗിന്റെ പേരു തന്നെ പ്രൊഫൈല്‍ പേരായി സ്വീകരിയ്ക്കാറുണ്ട്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്ലോഗിന്റെ പേര് വളരെ വലുതാണെങ്കില്‍ അത് ചില അസൌകര്യങ്ങള്‍ ഉണ്ടാക്കില്ലെ? വായനക്കാര്‍ ഈ പേര് ഉപയോഗിച്ചാണ് താങ്കളെ സംബോധന ചെയ്യാന്‍ പോകുന്നത്. അതു കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിനനുസരിച്ച് ഒരു നല്ല വിളിപ്പേര് സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത്. സ്വന്തം പേര് ഉപയോഗിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ പല കാരണങ്ങളാലും (ജോലി സ്ഥലത്തു നിന്ന് ബ്ലോഗ് ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ എന്നു തുടങ്ങി) ഒരു സാങ്കല്‍പ്പിക പ്രൊഫൈല്‍ നാമം തരുന്ന സ്വാതന്ത്ര്യം സ്വന്തം പേര് തരില്ല എന്നാണെന്റെ അഭിപ്രായം.

ബ്ലോഗിന്റെ പേരും പ്രൊഫൈല്‍ നാമവുമൊക്കെ താങ്കളുടെ ഓണ്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഒരു പേര് കുറെ നാള്‍ ഉപയോഗിച്ചുകഴിഞ്ഞ് അത് മാറ്റാന്‍ ‘പ്രയാസ’മായിരിയ്ക്കും. അതുകൊണ്ട് ഇതു രണ്ടും ആലോചിച്ച് തിരഞ്ഞെടുക്കുന്നത് നന്നായിരിയ്ക്കും.

3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
(Settings-> Formatting-> Show Title Field ->Yes)
പോസ്റ്റിന് ടൈറ്റില്‍ ഉണ്ടെങ്കില്‍ ഇന്ഡെക്സില്‍ ശരിയായി വരും. ബ്ലോഗ് അഗ്രഗേറ്റര്‍ ആയ തനിമലയാളത്തിലും കമന്റ് അഗ്രഗേറ്ററിലും ഒക്കെ ഭംഗിയായി കാണാന് പറ്റും. പുതിയ പോസ്റ്റ് ഇടുമ്പോള്‍ മുകളിലെ ചെറിയ ടൈറ്റില്‍ ഫീല്‍ഡില്‍ തന്നെ പോസ്റ്റ് ടൈറ്റില്‍ കൊടുക്കുക.

4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
(കമന്റ് അനുവദിയ്ക്കണൊ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടം)

4.1 (Settings-> Comments-> Who Can Comment ) എന്നത് Anyone എന്നോ Only Registered Users എന്നോ കൊടുത്താലേ ബാക്കിയുള്ളവര്‍ക്ക് കമന്റ് ചെയ്യാന് പറ്റൂ. Only Registered Users എന്നു കൊടുത്താല്‍ അനോണിമസ് കമന്റുകള്‍ ഒഴിവാക്കാം.

4.2 (Settings-> Comments-> Comments Default for Posts) എന്നത് New Posts Have Comments എന്ന് കൊടുത്താല്‍ പുതിയ പോസ്റ്റുകള്‍ക്ക് കമന്റ് ഉണ്ടായിരിയ്ക്കും. താങ്കളുടെ പോസ്റ്റുകള്‍ക്ക് കമന്റിടാനുള്ള ലിങ്ക് കാണുന്നില്ലെങ്കില് ഈ സെറ്റിങ്ങ് ആണ് നോക്കേണ്ടത്, ഇത് അബദ്ധത്തില് മാറിപ്പോയതാകാം.

4.3 (Settings-> Comments-> Show comments in a popup window?) എന്നത് No എന്ന് കൊടുക്കുന്നതായിരിയ്ക്കും മിക്ക വായനക്കാര്‍ക്കും ഇഷ്ടം. മിക്കവരും അതേ പേജില്‍ തന്നെ കമന്റ് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്.

4.4 (Settings-> Comments-> Show word verification for comments?) ഇത് Yes എന്നു കൊടുത്താല്‍ സ്പാം കമന്റ്സ് ഒഴിവാക്കാം.

4.5 (Settings-> Comments-> Enable comment moderation?) ഇത് സാധാരണ ഗതിയില്‍ No എന്നു മതി. ഇത് Yes ആണെങ്കില്‍ എല്ലാ കമന്റും താങ്കള്‍ കണ്ട് അംഗീകരിച്ചതിനു ശേഷം മാത്രമെ പോസ്റ്റില്‍ വരൂ. കമന്റില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ ഇത് ഉപയോഗിയ്ക്കാവുന്നതാണ്.

5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
Settings-> Formatting പേജിലും Settings-> Comments പേജിലും കുറെ date time ഫീല്ഡ്‌സ് ഉണ്ട്. അതെല്ലാം മുഴുവന് ദിവസം, സമയം കാണിക്കുന്നതു പോലെ കൊടുക്കുക ഉദാ - July 28, 2006 1:54:53 AM. പോസ്റ്റുകളില്‍ കമന്റുകള്‍ ഒന്നിലധികം ദിവസം വരുമല്ലോ, അപ്പോള്‍ സമയം മാത്രം കാണിച്ചാല്‍ എന്നാണ് കമന്റ് വെച്ചത്‌ എന്നു മനസിലാവില്ല.

6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
(Settings-> Formatting-> Show)
താങ്കള്‍ ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതലുള്ള പോസ്റ്റെല്ലാം ആദ്യ പേജില്‍ തന്നെ വരണമെന്നു നിര്‍ബന്ധമുണ്ടൊ? ഇല്ലെങ്കില്‍ ആദ്യ പേജില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക. പേജ് വേഗത്തില് ലോഡ് ചെയ്യാന്‍ ഇത് സഹായിയ്ക്കും. കഴിഞ്ഞ 5 പോസ്റ്റുകള് എന്നോ അല്ലെങ്കില് അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നോ മറ്റോ സ്വീകരിയ്ക്കുന്നതാവും നല്ലത്. അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നു കൊടുത്താല്‍ പോസ്റ്റ് ചെയ്തിട്ടുള്ള അവസാന 7 ദിവസങ്ങളിലെ പോസ്റ്റുകള്‍ ഹോം പേജില്‍ വരും (അവസാന 7 കലണ്ടര്‍ ദിവസങ്ങളിലെതല്ല). വായനക്കാര്‍ക്ക്‌ സൈഡ് ബാറിലെ ലിങ്കുകള്‍ വഴി പഴയ ഏതു പോസ്റ്റിലും എത്താവുന്നതാണ്.

7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting-> Show Link Field ->Yes)
താങ്കളുടെ ബ്ലോഗിലേയ്ക്ക് ട്രെയ്‌സ്-ബാക്ക് ലിങ്കുകള് വേറെ ഏതെങ്കിലും സൈറ്റില്‍ ഇടാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.

8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting -> Backlinks -> Show)
താങ്കളുടെ ബ്ലോഗിലേയ്ക്കുള്ള ബാക്ക് ലിങ്ക്സ് കാണിയ്ക്കാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.


ഇത്രയും കാര്യങ്ങള്‍ നിങ്ങളുടെ ബ്ലോഗിനെ മാത്രം ബാധിയ്ക്കുന്നവ ആയിരുന്നു.
ഇനിയുള്ള കുറച്ച് കാര്യങ്ങള്‍ മലയാള ബൂലോക സമൂഹത്തെ സംബന്ധിയ്കുന്നവ ആണ്. എന്ത് എന്താണെന്നു മനസിലാക്കി ചെയ്യുന്നതായിരിയ്ക്കും നല്ലത്.

9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
ബൂലോഗ ക്ലബ് എന്നത് http://boologaclub.blogspot.com/ എന്ന ബ്ലോഗ് ആണ്. ഇത് 2006 മെയ് 22 - തിയതിയ്ക്കടുത്ത് ഉണ്ടായിരുന്ന മലയാള ബ്ലോഗേഴ്സിന്റെ പൊതു താല്‍പ്പര്യപ്രകാരം ഉണ്ടാക്കിയ ഒരു പൊതു ബ്ലോഗ് ആണ്. ഈ ബ്ലോഗ് എന്താണ്, എന്തിനാണ് എന്ന് ആദ്യ പോസ്റ്റിട്ട ദേവരാഗം വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ്‌ എന്താണ്‌, എന്തിനാണ്‌, ആരുടേതാണ്‌ എന്ന് ആകെ ഒരു കണ്‍ഫ്യൂ ചിലര്‍ക്ക്‌ ആയിപ്പോയെന്ന് മനസ്സിലാക്കി ദേവരാഗം ഒരിക്കല്‍ കൂടി വിവരിച്ചത് ഇവിടെ കാണാം.

ഇവിടെ മെമ്പര്‍ഷിപ്പ് വേണ്ടവര്‍ ക്ലബില്‍ ഒരു കമന്റിട്ടാല്‍ മതിയാകും. ബ്ലോഗിന്റെ അഡ്മിന് റൈറ്റ്സ് ഉള്ള ആരെങ്കിലും നിങ്ങളെ മെമ്പര്‍ ആയി ചേര്‍ത്തോളും. താങ്കളുടെ എത് ഈ-മെയില്‍ ഐഡിയിലേയ്ക്കാണ് ഇന്‍വിറ്റേഷന്‍ അയക്കണ്ടത് എന്നു കൂടി കമന്റില്‍ കാണിയ്ക്കുക. ബ്ലോഗിന്റെ പേരല്ല, ഈ-മെയില്‍ ഐഡിയാണ് ആവശ്യം എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക.

10. ‘തനിമലയാളം‘ ബ്ലോഗ് അഗ്രഗേറ്റര്‍.
http://malayalam.homelinux.net/malayalam/work/head.html
ഇത് ഏവൂരാന്റെ നേതൃത്വത്തില്‍ ഒരു സംഘം ആള്ക്കാര്‍ മലയാളം ബ്ലോഗ് പോസ്റ്റുകള്‍ സമാഹരിയ്ക്കാന്‍ നടത്തുന്ന ഒരു സര്‍വീസ് ആണ്. ഇവിടെ എന്ത് കൊടുക്കണം എന്ത് കൊടുക്കണ്ട എന്ന് തീരുമാനിയ്ക്കാനുള്ള പൂര്‍ണ്ണ അധികാ‍രം ഏവൂരാനും ടീമിനുമാണ്. തനിമലയാളത്തിന്റെ നിയമാവലി , സെന്‍സറിംഗ് നയം , കമന്റുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ എന്നിവ വായിക്കുക.

ഇവിടെ നിങ്ങളുടെ ബ്ലോഗ് ഉള്‍പെടുത്തപ്പെടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് മലയാളത്തില്‍ എഴുതുക എന്നത് മാത്രമാണ്. ഏവൂരാന്റെ സെര്‍ച്ച് എഞ്ചിന്‍ പൊക്കി അകത്തിട്ടോളും. പോസ്റ്റ് ഇട്ട ഉടനെ തനിമലയാളത്തില്‍ വരണമെന്നില്ല. തനിമലയാളം പുതിയ പോസ്റ്റുകള്‍ കാണിയ്ക്കുന്നത് ഒരു നിശ്ചിത ഇടവേളയിലാണ്.

10.1. ‘06 ഓഗസ്റ്റില്‍ ഏവൂരാന്‍ തനിമലയാളം പരിഷ്കരിച്ച് ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇവിടെ വായിക്കാം. ഓരോ പോസ്റ്റും പബ്ലിഷ് ചെയ്തു കഴിയുമ്പോള്‍ അവിടെ പറഞ്ഞിരിക്കുന്നതു പോലെ ഏതെങ്കിലും കാറ്റഗറിയില്‍ പെടുത്തുന്നത് നല്ലതായിരിക്കും.

11. ‘പിന്മൊഴികള്‍‘ കമന്റ് അഗ്രഗേറ്റര്‍.
11.1. http://groups.google.com/group/blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പാണിത്. ഇവിടെ ബൂലോക കൂട്ടായ്മയിലെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ശേഖരിയ്ക്കപ്പെടുന്നു.
(Settings-> Comments-> Comment Notification Address) എന്ന ഫീല്‍ഡ് pinmozhikal@gmail.com എന്ന് കൊടുത്താല്‍ കമന്റുകള്‍ ഈ അഗ്രഗേറ്ററില്‍ എത്തിക്കോളും.

11.2. പിന്മൊഴിക്കമന്റുകള്‍ വായിക്കാന്‍ ഗ്രൂപ്പില്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധമില്ല. ഗ്രൂപ്പിലല്ലാതെ, പിന്മൊഴി സൂചിക, ഇവിടെയും കാണാം, അല്ലെങ്കില്‍ ഇവിടേയും.

11.3. താങ്കള്‍ ഇടുന്ന കമന്റ് പിന്മൊഴിയില്‍ വരാതിരിക്കണെമെന്നുണ്ടെങ്കില്‍ കമന്റില്‍ qw_er_ty എന്ന് ഉള്‍പ്പെടുത്തിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

അഗ്രഗേറ്ററുകളിലെ പ്രശ്നങ്ങള്‍ക്കും മറ്റ് പൊതുവായ പ്രശ്നങ്ങള്‍ക്കും techhelp@thanimalayalam.org എന്ന ഈ മെയില്‍ വിലാസത്തില്‍ മെയില്‍ അയച്ച് പരിഹാരം അഭ്യര്‍ത്ഥിയ്ക്കാവുന്നതാണ്.

12. പിന്‍മൊഴിക്കമന്റുകള്‍ മെയില്‍ ആയി കിട്ടാന്‍.
blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ മെമ്പര്‍ ആവുക. സൈന്‍ ഇന്‍ ചെയ്ത് http://groups.google.com/group/blog4comments എന്ന ഗ്രൂപ്പ് ഹോം പേജില്‍ പോവുക. My Groups ->Manage my subscriptions എന്നീ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. എത്തുന്ന പേജില്‍ Subscription type എന്നത് Email എന്ന് കൊടുക്കുക. എല്ലാ കമന്റുകളും മെയില്‍ ആയി കിട്ടി തുടങ്ങും.

13. ‘ബ്ലോഗ്‌ലൈന്‍സ്‘ ബ്ലോഗ് റോള്‍.
ശ്രീജിത്ത് മുന്‍കൈ എടുത്ത് ഒരു ബ്ലോഗ് റോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബൂലോക കൂട്ടായ്മയിലുള്ള എല്ലാ മലയാള ബ്ലോഗുകളുടേയും ഒരു ലിസ്റ്റാണത്. ഈ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താന്‍ sreejithk2000@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ മതി. ഇനി ഈ ലിസ്റ്റ് ബ്ലോഗിലെ സൈഡ് ബാറില്‍ കാണിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെയുണ്ട്.

എങ്ങനെ മലയാളത്തില്‍ ബ്ലോഗ് എഴുതാം എന്നതിനെപ്പറ്റി വക്കാരി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

Saturday, July 22, 2006

ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്

ടൈറ്റില്‍ വായിച്ച് ആര്‍ക്കെങ്കിലും ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാവുന്നത്’ എന്ന പുസ്തകവുമായി ബന്ധമുള്ള എന്തോ ആണ് ഞാന്‍ പറയാന്‍ പോകുന്നതെന്ന് വല്ല ധാരണയും വന്നുപോയിട്ടുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണെന്നു വ്യക്തമാക്കിക്കൊള്ളുന്നു. അല്ല, എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ സാഹിത്യസംബന്ധമായി എഴുതും എന്ന് തെറ്റിദ്ധാരണ വരാന്‍ സാദ്ധ്യതയില്ല എന്നെനിക്കറിയാം. എന്നാലും പുതിയ വല്ല ആള്‍ക്കാര്‍ക്കും ധാരണകള്‍ ഒന്നും ഉണ്ടാവണ്ട എന്നു കരുതി പറഞ്ഞതാണ്. ദേ, പറഞ്ഞു തുടങ്ങിന്നതിനു മുന്നെ തന്നെ ഓഫ്‌ടോപ്പിക്കായി. (അപ്പോള്‍ മനസിലായല്ലോ, ഇങ്ങനെ ഒക്കെ തന്നെയാണ് ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്).

ങ്ഹാ, അപ്പോള്‍ നമുക്ക് (അപ്പോള്‍ ദമനകന്‍ എന്ന് എഴുതാനും അതു വഴി വേറൊരു ഓഫ്‌ടോപ്പിക്ക് തുടങ്ങാനും നല്ല പ്രലോഭനം) ടോപ്പിക്കിലേയ്ക്കു വരാം, അതായത് ഓഫ്‌ടോപ്പിക്കിലെയ്ക്കു വരാം. എന്താണീ ഓഫ്‌ടോപ്പിക്ക്? ഓഫ്, ഓടോ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഓഫ്‌ടോപ്പിക്കിന് ഒരു ക്രിത്യമായ നിര്‍വ്വചനം കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഓഫ് എവിടെയും ഉണ്ട്, എന്തിലും ഉണ്ട്. യൂണിവേഴ്സിന്റെ സ്പന്ദനം തന്നെ ഓഫിലാണെന്ന് വേണമെങ്കില്‍ ഫിലോസഫിക്കലായി പറയാം. ഓഫിന് ഒരു നിര്‍വചനം തേടിപ്പോയ ഞാന്‍ ചെന്നു നിന്നത് ദേവഗുരു പണ്ട് ബൂലൊക ക്ലബ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ചെയ്ത ഈ പ്രസംഗത്തിലാണ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കട്ടെ - “...ബൂലോഗര്‍ക്ക്‌ സോഷ്യലൈസ്‌ ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ്‌ ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച്‌ അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത്‌ എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ്‌ ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ്‌ ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ്‌ ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു.“

വിരോധാഭാസമെന്നേ പറയേണ്ടൂ, ബൂലൊകര്‍ക്ക് ഓഫ് ടോപ്പിക്ക് അടിച്ചു തെളിയാനായി തുടങ്ങിയ ക്ലബില്‍ ഓഫ് ടോപ്പിക്കുകള്‍ വിരളമായേ വരാറുള്ളു. എല്ലാവരും അളന്നു തൂക്കി കനപ്പെടുത്തിയ പോസ്റ്റുകളും വിഷയത്തില്‍ നിന്ന് അണുവിട മാറാതെയുള്ള കമന്റുകളുമായി ക്ലബ്ബിന് ഒരു പരിപാവനമായ ദേവാലയത്തിന്റെ ഭാവം നല്‍കി. അതെന്തൊക്കെയായാലും ഓഫ് അടിക്കാന്‍ മുട്ടിയവന് അതെവിടെയെങ്കിലും അടിച്ചല്ലേ പറ്റൂ, അങ്ങനെ ഓഫ് ടോപ്പിക്കുകള്‍ പഴയതിലും ശക്തിയായി അവിടവിടെ പോസ്റ്റുകളില്‍ കൂണു പോലെ വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങി.

ഓഫ് ടോപ്പിക്കെന്ന പരമ്പരാഗത കലാരൂപത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുമ്പോള്‍ അതിലെ അഗ്രഗണ്യരായ ചിലരെക്കുറിച്ച് പറയാതിരിയ്ക്കാന്‍ വയ്യ. ഒരു പോസ്റ്റില്‍ തന്നെ നൂറിലധികം കമന്റുകള്‍ എഴുതിയ വക്കാരി സാര്‍ തന്നെയായിരിയ്ക്കും ഓഫ് ടോപ്പിക്കിന്റെ കുലപതി എന്ന പേരില്‍ അറിയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ വക്കാരി സാര്‍ സ്വെഞ്ചുറി അടിച്ച പോസ്റ്റ് ഓഫ് ടോപ്പിക്കിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്. ഇപ്പൊഴത്തെ കണക്കു വെച്ച് 846 കമന്റുകള്‍. മഹാഭാരതത്തില്‍ എല്ലാമുണ്ടെന്നു പറയപ്പെടുന്നതു പോലെ, ആ കമന്റ് കൂമ്പാരത്തില്‍ ‘അറിയേണ്ടതായ എല്ലാത്തിനെയും’ പറ്റി പരാമര്‍ശമുണ്ട്.

ഓഫ് ടോപ്പിക്ക് യൂണിയനെ വളരെയധികം ശക്തിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ശ്രീ ശ്രീ ആനപ്പുറം ഉമേഷ് ഗുരുക്കള്‍ ഒരു മുഴുവന്‍ സമയം ഓഫ് തൊഴിലാളിയായത്. അതുവരെ കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃത ശ്ലോകങ്ങളും മനുഷ്യന്‍ കേട്ടിട്ടില്ലാത്ത വൃത്തങ്ങളുടെയും ലക്ഷണങ്ങളും ഒക്കെയായി തന്റെ പര്‍ണ്ണകുടീരത്തില്‍ അലസം പാര്‍ത്തിരുന്ന ഇലവന്തൂര്‍ ഗുരുക്കള്‍ അരയും തലയും മുറുക്കി ഓഫ് രംഗത്തേയ്ക്ക് കടന്നു വന്നത് ഓഫ് പ്രസ്ഥാനത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ ഒരു ഒറ്റ സംഭവത്തോടെ, ഒളിഞ്ഞും മറഞ്ഞും പോസ്റ്റുടമ കാണാതെ ഓടി വന്ന് ഒരു ഓഫിട്ടിട്ട് ഓടി മറഞ്ഞിരുന്ന ഓഫ് ബാലകരും ബാലികമാരും സധൈര്യം പകല്‍ വെളിച്ചത്തില്‍ കടന്നു വന്ന് ഓഫ് മാമാങ്കങ്ങള്‍ തന്നെ നടത്താന്‍ തുടങ്ങി. രസകരമായ വസ്തുത എന്തെന്നാല്‍ പലപ്പോഴും ഈ മാമാങ്കങ്ങള്‍ നടന്നത് ഗുരുവിന്റെ നെഞ്ചത്തു തന്നെയായിരുന്നു. ഗുരുകുലം ഓഫ് ടോപ്പിക്കുകളെക്കൊണ്ട് നിറഞ്ഞു തുളുമ്പി. “എന്നാലും എന്റെ മാളോരേ! എന്റെ ബ്ലോഗില്‍ കയറി നിങ്ങള്‍ മത്തിവില്പനയും തുടങ്ങിയല്ലോ! ആ ബിന്ദുവിന്റെയും എല്‍.ജി.യുടെയും ആദിത്യന്റെയുമൊക്കെ കൂട്ടുകെട്ടില്‍പ്പെട്ടു് കൊള്ളാവുന്ന ബ്ലോഗിലൊക്കെ ഓഫ്‌ടോപ്പിക്കടിച്ചു നടന്നപ്പോള്‍ വിചാരിക്കണമായിരുന്നു എനിക്കും ഒരിക്കല്‍ ഇതൊക്കെ വരുമെന്നു്.“ എന്ന് ഗുരു വിലപിയ്ക്കുന്നിടത്തു വരെയെത്തി കാര്യങ്ങള്‍.

ഓഫിന്റെ ചരിത്രത്തിലേയ്ക്ക് വീണ്ടും ഊളിയിട്ടു ചെന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ശക്തമായ സ്ത്രീആധിപത്യമാ‍ണ്. എല്‍ജി, ബിന്ദു എന്നീ അഭിനവ ഉണ്ണിയാര്‍ച്ചകളാണ് ഇന്നീ പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചത്. പിന്നെ സൂ, കുട്ട്യേടത്തി തുടങ്ങിയവരുടെ സംഭാവനകളും വില കുറച്ചുകാ‍ണാനാവില്ല. ഒരിക്കല്‍ ഓഫ് എഴുതാനായി ഇട്ട ഒരു പോസ്റ്റില്‍ ബിന്ദു ഇട്ട കമന്റ് ഇവിടെ പ്രത്യേകം സ്മരണീയമാണ്. താന്‍ ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത കൂറും വിധേയത്വവും ബിന്ദുവിന്റെ ഈ വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാവും - “ഓഫ്ടോപിക്‌ എന്നെഴുതി വച്ചിരിക്കുന്നിടത്തു വന്നു ഓഫ്ടോപിക്കടിച്ചാല്‍ അതു ടോപിക്‌ ആയിപ്പോകും. അതിനെന്നെ കിട്ടില്ല“.

ഈ പ്രസ്ഥാനം വളര്‍ന്നു കൊണ്ടിരിയ്ക്കുകയാണ് സുഹൃത്തുക്കളേ, അപ്പോള്‍ വരൂ അര്‍മ്മാദിയ്ക്കൂ എന്ന പതിവു സന്ദേശവുമായി ഞാന്‍ നിര്‍ത്തുന്നു. ഓഫ് ടോപ്പിക്കിനെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ശനിയന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. കൂടുതല്‍ ഓഫുകള്‍ ഉണ്ടാവുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട്. എല്ലാ കമന്റിനും ഒരു ഓഫ് ടോപ്പിക്ക് കമന്റ് എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

അല്‍പ്പം ഓടോ: ആര്‍ക്കെങ്കിലും അവരുടെ പോസ്റ്റില്‍ ഓഫ് ടോപ്പിക്ക് കമന്റുകള്‍ വരുന്നത് ഇഷ്ടമല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് എഴുതി ആ കാര്യം സൂചിപ്പിയ്ക്കാന്‍ അപേക്ഷ. ഞങ്ങള്‍ താങ്കളുടെ ബ്ലോഗ് ഒഴിവാക്കുന്നതായിരിയ്ക്കും.

Tuesday, July 11, 2006

നിങ്ങളെന്നെ ക്യാമറ പിടുത്തക്കാരനാക്കി

ക്യാമറ എന്ന വസ്തു പ്രകടമായ സ്വാധീനത്തോടെ എന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത് എന്റെ പ്രീയൂണിവേഴ്‌സിറ്റി കാലത്തായിരുന്നു. അതു വരെ ക്യാമറ എന്നത് എനിയ്ക്കു വല്ലപ്പൊഴും നോക്കി ചിരിച്ചു കാണിയ്ക്കാനുള്ള, വല്ലവന്റെയും കയ്യിലിരിയ്ക്കുന്ന ഒരു വസ്തു മാത്രമായിരുന്നു. പ്രീയൂണിവേഴ്‌സിറ്റിയിലും ഇതിനു കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഉണ്ടായത് എന്റെ പ്രതികരണത്തില്‍ വന്ന വ്യത്യാസമാണ്. ഓരോ തവണ ക്യാമറയുടെ ബട്ടണ് ഞെങ്ങുമ്പോഴും അതിന്റെ മറുവശത്ത് സുസ്മരവദനനായി എത്തിപ്പെടുക എന്നത് ഒരു ജീവിത ലക്ഷ്യമായെന്ന പോലെ വാശിയോടെ ഞാന് അതിനായി പ്രയത്നിച്ചിരുന്നു. ബീച്ചില്‍ പോകുമ്പോഴും കറങ്ങാ‍ന്‍ പോകുമ്പോഴും ഹോസ്റ്റല്/കോളേജ് പരിപാടികളിലും ഒക്കെ ഏറ്റവും കൂടുതല്‍ ഫോട്ടോകളില്‍ വരാനായി ഞങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു. ഈ ഒരു മത്സരം കാരണം ഫോട്ടോ എടുക്കുക എന്ന കലാപരിപാടിയെക്കുറിച്ചു ചിന്തിച്ചിട്ടു തന്നെയില്ലായിരുന്നു.

പിന്നെ കോളേജിലെത്തിയപ്പൊഴാണ് ക്യാമറ എന്ന ഈ മറ കൊള്ളാല്ലോ എന്നു തോന്നിത്തുടങ്ങിയത്. പല കാര്യങ്ങളും ക്ലോസ് റെയിഞ്ചില്‍ നിന്നും വീക്ഷിയ്ക്കാന്‍ ഈ മറ ഉപയോഗിച്ചു ;) അന്നൊക്കെ സാദാ പോയന്റ് ആന്‍ഡ് ക്ലിക്ക് ഫിലിം ക്യാമറകളായിരുന്നു ഞങ്ങള് കൂട്ടുകാ‍രുടെ കൈയിലൊക്കെ. ഫിലിം ഒക്കെ പൈസ പിരിവെടുത്തിട്ട്, ഫോട്ടോ പിടിച്ചു, പിന്നെ പിരിവിട്ട് ഡേവലപ്പ് ചെയ്ത്, ആവശ്യമുള്ള കോപ്പികള്‍ മാത്രമെടുത്ത്… അങ്ങനെ അങ്ങനെ. ഈ പരിപാടികളിലൊക്കെ സജീവമായി ഇടപെട്ടു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ പ്രവൃത്തിമേഖല ക്യാമറയുടെ പുറകിലേയ്ക്കു കൂടി വ്യാപിപ്പിച്ചത്. പിന്നെ എന്തു കാര്യം കണ്ടാലും അതു തല തിരിച്ച് ചെയ്യാനുള്ള ഒരു സ്വാഭാവികമായ വാസന എനിക്കുള്ളത് ഞാന്‍ ഫോട്ടോഗ്രാഫിയിലും പ്രയോഗിച്ചു. എന്റെ കയ്യില്‍ കിട്ടിയ ക്യാമറകള്‍ ഒക്കെ ഞാന്‍ തലങ്ങും വിലങ്ങും തിരിച്ചു പിടിച്ചു ഫോട്ടോ എടുത്തു കളിച്ചു. എന്റെ ചിത്രങ്ങളിലെ ചക്രവാളങ്ങള്‍ ഇടത്ത് താഴത്തേ മൂലയ്ക്കു നിന്നും വലത്ത് മേളില്‍ത്തെ മൂലയിലേയ്ക്കു മറ്റും നീണ്ടു നിവര്‍ന്നു കിടന്നു, കടല്‍ ചിലപ്പോ ത്രികോണാകൃതിയില്‍ കാണപ്പെട്ടു. മരങ്ങള്‍ ചെരിഞ്ഞു വളര്‍ന്നു. ആളുകള്‍ ഒരു മൂലയ്ക്കു നിന്നും മറ്റേ മൂലയിലേയ്ക്ക് നീണ്ടു വളര്‍ന്നു. ചിലര്‍ക്ക് തലകളില്ലായിരുന്നു, മറ്റു ചിലര്‍ക്ക് ഉടലുകളും.





പിന്നെയും നിളയില്‍ വെള്ളം കുറെ വെറുതെ ഒഴുകി. ഇതിന് എന്റെ ഫോട്ടോഗ്രാഫി കരിയറുമായി ബന്ധമൊന്നുമില്ല. ചുമ്മാ പറഞ്ഞു പോണ വഴിയേ അങ്ങു പറഞ്ഞൂന്നേ ഒള്ളു. പിന്നെ ഈ ഛായാഗ്രഹണം, സിനിമാട്ടോഗ്രാഫി, ഫോട്ടോഗ്രഫി എന്നൊക്കെപ്പറയുമ്പോ ഓരോ മലയാളിയുടേയും മനസിലേയ്ക്ക് നിള കുതിച്ചു പാഞ്ഞ് എത്തിക്കോണം എന്നാണല്ലോ അലിഖിതം. അപ്പോള്‍ പുഴകളില്‍ വെള്ളങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു, ഞാന്‍ കോളേജുകള്‍ കഴിഞ്ഞ്, ജ്വാലി‍കള്‍ കിട്ടി ബാംഗ്ലൂരുകളില്‍ എത്തുന്നു. അഞ്ചു ദിവസം ഏതോ ഒരു മൃഗത്തെപ്പോലെ പണിയെടുക്കുക പിന്നെ കിട്ടുന്ന പ്രി-സാബത്തും സാബത്തും അലക്കിപ്പൊളിയ്ക്കുക എന്നത് അടുത്ത ‘അലിഖിത‘മായി എഴുതപ്പെട്ടു. ആരോ ഒരുത്തന്‍ നിക്കോണ്‍ കൂള്‍-പിക്സ് വാങ്ങി. മുമ്പേ ഗമിച്ച ഗോവിനെ പോലെ തന്നെ ഗമിക്കാനുള്ള വ്യഗ്രതയില്‍ പിന്നിലുള്ള ഗോക്കളെല്ലാം നിക്കോണ്‍ കടയിലേയ്ക്കോടി. എല്ലാ ആഴ്ച്യവസാനങ്ങളിലും എങ്ങോട്ടേലും തെണ്ടാന്‍ പോകുക, വിരല്‍ വേദനിക്കുന്നതു വരെ ക്യാമറയുടെ ബട്ടണ്‍ ഞെക്കിക്കൊണ്ടിരിയ്ക്കുക, തിരിച്ചു വന്ന് ഫോട്ടോ എല്ലാം കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക എന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി. ഡിജിറ്റല്‍ ആയതു കൊണ്ട് ഡേവലപ്പ് ചെയ്യണ്ട ചിലവുമില്ല. ഹരിഹരന്‍ പിള്ളയും പിന്നെ ഞങ്ങളെല്ലാവരും ഹാപ്പി.

അങ്ങനെ ട്രിപ്പുകളഞ്ചാറു കഴിഞ്ഞപ്പൊഴാണ് ഞങ്ങളാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്. അതായത് ഞങ്ങള്‍ടെ ഒക്കെ വദനങ്ങള്‍ ഫോട്ടോയിലൂടെ വീണ്ടും വീണ്ടും കണ്ടോണ്ടിരിയ്ക്കുക എന്നത് ഒരു ചെറിയ ശിക്ഷ തന്നെയാണ്. അതു മനസിലായതോടെ ഞങ്ങള്‍ ഫോട്ടോകളില്‍ നിന്ന് ഞങ്ങളെത്തെന്നെ ഒഴിവാക്കിത്തുടങ്ങി. എന്തിനാ വെറുതെ ആ നല്ല ബാക്ക്ഗ്രൌണ്ടിന്റെ ഭംഗി കളയുന്നെ എന്ന നിസ്വാര്‍ത്ഥ ചിന്ത. ഞങ്ങള്‍ പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ തുടങ്ങി - അതായത് ആര്‍ക്കോവേണ്ടി തൂങ്ങിക്കിടക്കുന്ന ഒരു പഴക്കുല, എവിടെ നിന്നോ എങ്ങോട്ടോ പറക്കുന്ന ഒരു പക്ഷി, ഇനിയെങ്ങോട്ട് എന്ന് സംശയിച്ചു കാറ്റത്ത് തത്തിക്കളിയ്ക്കുന്ന ഒരില, ആകാശപ്പുശാലയിലെ ഒരു നീല മേഘം തുടങ്ങിയ പ്രകൃതി ദ്രശ്യങ്ങള്‍ ഞങ്ങളുടെ ക്യാമറകള്‍ ഒപ്പിയെടുത്തു തുടങ്ങി. അങ്ങനത്തെ ഫോട്ടോകളെ നാറ്റ്-ജിയോ ഫോട്ടോസ് എന്നാണ് ഞങ്ങള്‍ നാമകരണം ചെയ്തത്. നാഷണല്‍ ജ്യോഗ്രഫിക് എന്നതിന്റെ ചുരുക്കം.

എന്റെ ഫോട്ടോഗ്രാഫിയിലെ കസ്സര്‍ത്തുകള്‍ നിര്‍ത്താന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആദ്യമൊക്കെ ഞാന്‍ നേരെ നിന്നു ഫോട്ടോ എടുക്കും ചിത്രങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും പതിയും എന്നു പറഞ്ഞല്ലോ. ഇതിനു ശേഷം സംഗതി നേരെ തിരിഞ്ഞു. അതായത് നാറ്റ് ജിയോ ഫോട്ടോ നേരെ കിട്ടാ‍നായി ഞാന്‍ ചായാനും ചെരിയാനും തുടങ്ങി. നിലത്തു വീണുകിടന്നുള്ള ഫോട്ടോ, ഒറ്റക്കയില്‍ മരത്തില്‍ തൂങ്ങിക്കിടന്നുള്ള ഫോട്ടോ, കയ്യാലപ്പുറത്ത് തല താഴേയ്കാക്കി ഇട്ടോണ്ടേടുത്ത ഫോട്ടോ എന്നൊക്കെയായി എന്റെ ഫോട്ടോയുടെ ക്യാപ്‌ഷനുകള്‍. എന്റെ മറക്കാനാവാത്ത നാറ്റ്-ജിയോ പോസ് ആയിരുന്നു ഞാന്‍ പോണ്ടിച്ചേരി ബീച്ചിലെടുത്ത ചിത്രം. ബീച്ചില്‍ നനഞ്ഞ മണ്ണില്‍ അല്‍പ്പം നീണ്ട് വണ്ണമുള്ള ഒരു കമ്പ് കിടക്കുന്നതു ഞാന്‍ കണ്ടു. ഒരു ചെറിയ വെള്ളാരം കല്ല് അതിനടുത്ത് ഉരുട്ടിയിട്ടു. എന്നിട്ടു നിലത്തു കമഴ്ന്നു കിടന്നു. കമ്പിന്റെ ഒരറ്റത്തോടു ലെന്‍സ് ചേര്‍ത്തു വെച്ചുകൊണ്ട് തിരയും സൂര്യനും മേഘങ്ങളും എല്ലാം പശ്ചാത്തലത്തില്‍ വരുത്തിക്കൊണ്ട് ഞാനൊരു ഉഗ്രന്‍ ഫോട്ടോ പ്ലാന്‍ ചെയ്തു. സമയം എടുത്ത് സൂര്യനെ ഒക്കെ പോസ് ചെയ്യിപ്പിച്ച് ക്ലിക്കും ചെയ്തു. എല്ലാം കഴിഞ്ഞ് എണീറ്റ ഞാന്‍ കണ്ടത് ഒരു ബസ് നിറയെ ഏതോ ലേഡീസ് കോളേജില്‍ നിന്ന് അപ്പോ വന്നിറങ്ങിയ തരുണീമണികള്‍ ഒരു ഭ്രാന്തന്‍ വെറും നിലത്ത് കമഴ്ന്ന് കിടന്ന് ക്യാമറയും കൊണ്ട് തിരിമറി നടത്തുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുന്നതാണ്. രക്ഷയ്ക്കായി ചുറ്റും നോക്കിയ ഞാന് കണ്ടത് അപ്പോള് വരെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന, എല്ലാ പ്രോത്സാഹങ്ങളും തന്നിരുന്ന എന്റെ സുഹൃത്ത്സംഘം ദൂരെ മാറി നിന്ന് ഞാന്‍ മനോഹരമായി ചമ്മുന്ന കാഴ്ച ആസ്വദിയ്ക്കുന്നതാണ്. അവിടുന്ന് എങ്ങന്യാ സ്ഥലം കാലിയാക്കിയതെന്ന് എനിക്കു മാത്രമറിയാം.

അപ്പൊള്‍ പറഞ്ഞു വന്നത് ഞാനെന്ന വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഒരു ആയുധം വേണം. ഈ നീണ്ട അഭ്യാസപാടങ്ങളില്‍ നിന്നൊക്കെ ചന്തുവും ഒന്നു രണ്ടു വാക്കുകള്‍ പഠിച്ചെടുത്തു. മെഗാ പിക്സല് 5-ഓ 6-ഓ എങ്കിലും വേണം. ഓപ്റ്റിക്കല് സൂം 10-ഏലുമില്ലേല് ശരിയാവൂല്ല. പിന്നെ ഫോക്കല് ലെങ്ങ്ത് അതൊരു 30ഓ 40ഓ മുതല് ഒരു 300 , 400 വരെ പോട്ടെ. ഇതൊക്കെ അറിയാവുന്നതു കൊണ്ട് ചന്തു അത്ര എളുപ്പം ഒന്നും തോല്‍ക്കൂല.

ഇതു വരെ പഠിച്ച അറിവുകളും പാഠങ്ങളും വെച്ച് ഞാന്‍ ഇപ്പൊ എത്തിക്കറങ്ങി നില്‍ക്കുന്നത് ഒന്നു രണ്ടു മോഡലുകളുടെ മുന്നിലാണ്. എനിക്കേറ്റവും ഇഷ്ടെപ്പെട്ടത് കാനണ്‍ന്റെ പവര്‍ഷോട്ട് എസ് 2 ഐ എസ് ആണ്. പിന്നെ നോട്ടം ഇവന്റെ ചേട്ടനായ എസ് 3 ഐ എസ്. ഈ വിവരങ്ങള് ഒക്കെ അറിയാവുനന് ശനിയേട്ടന്റെ വകയും കിട്ടി കണ്‍ഫ്യൂഷന് കൂട്ടന് വേണ്ടി ഒരെണ്ണം. സോണിയുടെ സൈബര്‍ഷോട്ട് ഡി എസ് സി എച് -2 .

എസ് 2 -ന്റെ ഒരു കുഴപ്പം കേട്ടത് അതിന് 4 ബാറ്ററി വേണം. ഡി എസ് സി എച് -2 നാണേല് 2 ബാറ്ററി മതി. ഇനി ഇവിടുത്തെ ഫോട്ടോഗ്രാഫി പുലികളേ ഓടി വരൂ, എന്നെ ഒന്നു സഹായിക്കൂ... ഈ പറഞ്ഞ സാധങ്ങള്‍ എങ്ങനെ? ഏതിനേലും എന്തേലും കുഴപ്പമുണ്ടോ? ഇതു ഉപയോഗിയ്ക്കുന്ന ആരേലും ഒണ്ടോ? ഒണ്ടെങ്കിലെങ്ങനെ? ഈ റെയ്ഞ്ചില്‍ ഇതിനേക്കാള്‍ പുലി ക്യാമറ വേറെ ഉണ്ടോ? എസ് 2 -ഇല് നിന്നും എസ് 3-ഇലെക്ക് പ്രധാന വ്യത്യാസം 1 മെഗാപിക്സലിന്റെയാണ്. വേറെ എന്തേലും?