Sunday, November 19, 2006

സ്നേഹിതയേ സ്നേഹിതയേ

ഞങ്ങളുടെ സദസ്സുകളില്‍ നിന്നെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ കുതിര എന്ന വിളിപ്പേര് എന്റെ കൂട്ടുകാര്‍ ഉപയോഗിച്ചിരുന്ന കാര്യം നിനക്കറിയാമായിരുന്നോ? നിന്റെയാ ഉയര്‍ന്ന നാസികയും അല്‍പ്പം വിടര്‍ന്ന അധരങ്ങളുമാണ് ആ പേരു വീഴാന്‍ കാരണമെന്നാണെന്റെ ഊഹം. പിന്നെയെപ്പൊഴോ ആ അരക്കിറുക്കന്‍ ഇയാന്‍ കാസ്റ്റിലാ‍നോ ഇംഗ്ലീഷ് ക്ലാസ്സില്‍ കുതിര രതിയുടെ പ്രതീകമാണെന്നു വിശദീകരിച്ചപ്പോള്‍ എന്റെ കൂട്ടുകാര്‍ നിന്നെ നോക്കി അടക്കിച്ചിരിക്കുന്നത് നീയും ശ്രദ്ധിച്ചിരുന്നെന്നാണെന്റെ ഓര്‍മ്മ.

നീ ഞങ്ങളുടെ ക്ലാസ്സില്‍ താമസിച്ചായിരുന്നല്ലോ എത്തിയത്. ഒന്നാം വര്‍ഷം കഴിയാറായപ്പോള്‍ മറ്റൊരു കോളേജില്‍ നിന്ന് മാറ്റം വാങ്ങിയെത്തിയ നിനക്കു മുന്നെ നിന്നെപ്പറ്റിയുള്ള കഥകള്‍ ഞങ്ങളുടെ ക്ലാസ്സില്‍ എത്തിയിരുന്നു. നീ പഴയ കോളേജില്‍ വിവാദമായൊരു ചുംബനരംഗത്തിലെ നായികയായതും, ആരോ അത് കണ്ടതും അങ്ങനെ നീ അവിടെ നിന്ന് പുറത്താക്കപ്പെട്ടതുമൊക്കെ ഞങ്ങളറിഞ്ഞിരുന്നു എന്നു നിനക്കറിയാമല്ലോ. അതെ, നിന്റെ ബാല്യകാല സുഹൃത്ത്‌ റോബിന്‍സണ്‍ തന്നെയായിരുന്നു നിന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞങ്ങളെ അറിയിച്ചിരുന്നത്. നിനക്കവനെ കണ്ടുകൂടായിരുന്നു എന്നെനിക്കു വളരെ പെട്ടന്നു തന്നെ മനസിലായി. അവനു‍ മാത്രമല്ല, നിന്റെ പുതിയ കൂട്ടുകാരനാവാന്‍ നിന്റെ പൂര്‍വ്വകഥകള്‍ ഞങ്ങളില്‍ മിക്കവര്‍ക്കും പ്രചോദനമായിരുന്നു.

നിങ്ങളൊക്കെ അന്ന്‌ കരുതിയിരുന്നതു പോലെ ഞാന്‍ ഒരു ലജ്ജാലുവും ശാന്തനുമൊന്നുമല്ല. (ഇത് നിനക്ക് പിന്നീട് മനസിലായെന്നെനിക്കറിയാം). മറുനാട്, വലിയ പരിചയമില്ലാത്ത സുഹൃത്തുക്കള്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അധികം ബഹളമുണ്ടാക്കാതിരുന്നതു കൊണ്ടാണ്‌ എനിക്കങ്ങനെയൊരു പ്രതിച്ഛായ കിട്ടിയതെന്നു തോന്നുന്നു. ഞങ്ങള്‍ ഹോസ്റ്റലുകാര്‍ എപ്പൊഴും ഒന്നിച്ചായിരുന്നെങ്കിലും ആ കൂട്ടത്തിലെ ഒറ്റയാനായിരുന്നു ഞാന്‍ എന്ന് നിനക്കും എളുപ്പം മനസിലായിരുന്നല്ലോ. അവരുടെ കൂടെ എല്ലാത്തിനും ഞാന്‍ ഉണ്ടായിരുന്നെങ്കിലും നിങ്ങള്‍ പെണ്‍കുട്ടികളുടെ സംഘം എന്നെ ഒരു നിഷ്കളങ്കനായോ നിരപരാധിയായോ ഒക്കെയാണ് കണ്ടിരുന്നതെന്ന് എനിക്കറിയാം. അതു കൊണ്ടാണല്ലോ നിന്നെ ‘വളക്കാന്‍’ പരിശ്രമിച്ചിരുന്ന അവരെ ഒക്കെ അവഗണിച്ചു കൊണ്ട് നീ എന്നെ കൂടെ കൂട്ടിയിരുന്നത്. പതിനേഴാത്തെ പിറന്നാളിന്‌ ഹോണ്ട സിറ്റി അച്ചന്റെ സമ്മാനമായി കിട്ടിയ സ്ഥലത്തെ പ്രധാന പണക്കാരന്‍ ഐവന്റെ തുറന്ന പ്രണയാഭ്യര്‍ത്ഥന നീ നിരസിച്ചത് എന്നെ അല്‍പ്പമൊന്ന് അമ്പരപ്പിച്ചിരുന്നു. നമ്മുടെ ബാച്ചിലെ മറ്റ് സുന്ദരികള്‍ ഐവന്റെ കൂടെ കറങ്ങിനടക്കാന്‍ വേണ്ടി മത്സരിക്കുന്നത് നീയും കണ്ടിട്ടുണ്ടല്ലോ.

എന്നോടൊള്ള ഇഷ്ടത്തേക്കാള്‍ കൂടുതല്‍ നിന്നെ ഒളിഞ്ഞിരുന്നു കളിയാക്കുന്ന എന്റെ കൂട്ടുകാരെ അസൂയാലുക്കളാക്കാന്‍ വേണ്ടിയാണ് നീ എന്നോടടുത്തതെന്ന് ഞാന്‍ പറഞ്ഞാല്‍ നീ നിഷേധിക്കുമോ? മറുനാട്ടുകാരനായ ഞാന്‍‍ നിന്നെ കൊണ്ടുനടക്കുന്നതാണ് നിന്റെ പഴയ കൂട്ടുകാര്‍ക്കുള്ള മധുരപ്രതികാരം എന്ന് നീ കരുതിയല്ലേ? പക്ഷെ നീ ഒരു പകുതി മലയാളിയാണെന്ന് ഞാന്‍ അറിഞ്ഞത് ഒരുപാട് കഴിഞ്ഞായിരുന്നു. (ഇനി അതായിരുന്നോ നമ്മള്‍ തമ്മില്‍ അടുത്തതിനുള്ള നിന്റെ ന്യായം?) നീ ഒരിക്കലും നിന്റെ വീട്ടുകാരെക്കുറിച്ച് ഒന്നും പറയാറില്ലായിരുന്നല്ലോ. നീ ഒരു റെബല്‍ പ്രതിച്ഛായ സ്വയം വളര്‍ത്തിയെടുത്തതിനു കാരണക്കാര്‍ നിന്റെ വീട്ടുകാരായിരുന്നു എന്നായിരുന്നു എന്റെ ഊഹം. കോളേജ് സുന്ദരി ആവാന്‍ പറ്റുന്ന ഒരു റെബലിനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. നിന്റെ ആ നുണക്കുഴികള്‍ വിരിയുന്ന കവിളുകളും പിന്നെ ആ പോണിടെയിലും പലരുടെയും ഉറക്കം‍ കെടുത്തിയിരുന്നെന്നുറപ്പ്. ഓഹ് ആ പോണി ടെയില്‍, അതും കുതിര എന്ന പേരിനൊരു കാരണമാവാം.

നിന്റെ ഇഷ്ടങ്ങള്‍ എന്റെയും ഇഷ്ടങ്ങളായി മാറിയത് പെട്ടെന്നായിരുന്നു. ബോളിംഗ് ഞാന്‍ പഠിച്ചെടുത്തതും നിന്നെ തോല്‍പ്പിക്കാറായതും നിന്നില്‍ മതിപ്പുളവാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു. നിന്നോടൊപ്പം കറങ്ങി നടക്കാന്‍ ഞാന്‍ എന്റെ ആഴ്ചയവസാനങ്ങളിലെ ഫുട്ബോള്‍ വരെ ഉപേക്ഷിച്ചു. വസ്ത്രങ്ങള്‍ വാങ്ങാനുള്ള നിന്റെ ഭ്രമം കാരണം ഞാന്‍ നിങ്ങളുടെ വസ്ത്രങ്ങളുടെ പുതിയ ഫാഷനുകള്‍ വരെ പഠിച്ചു തുടങ്ങി. എന്നാല്‍ നീ‍ എന്നെ അര്‍ത്ഥം പഠിപ്പിച്ച ആദ്യ വാക്ക് ‘ഷിവല്‍റി’ എന്നതായിരുന്നു. അന്ന് നീ വീട്ടില്‍ പോകാന്‍ വേണ്ടി ബാഗുമായി കോളേജില്‍ എത്തിയതും, നിന്നെ ട്രെയിന്‍ കയറ്റി വിടാന്‍ വന്ന ഞാന്‍ നിന്റെ ബാഗ് പിടിക്കാനേല്‍ക്കാത്തത് കണ്ട നീ എന്നോട് ഷിവല്‍റി എന്ന വാക്കിന്റെ അര്‍ത്ഥം വെബ്‌സ്റ്റേഴ്സില്‍ നോക്കാന്‍ പറഞ്ഞതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പിന്നെയും നീ ഒരുപാട് വാക്കുകളുടെ അര്‍ത്ഥം എന്നെ പഠിപ്പിച്ചു - ‘സുഹൃത്ത്’ എന്നതിന്റെ അടക്കം.

തെറിച്ച പെണ്ണ് എന്ന നിന്റെ പ്രതിച്ഛായ തകരാതിരിക്കാന്‍ നീ മനഃപൂര്‍വ്വം പ്രയത്നിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു. നമ്മളൊന്നിച്ചു പോയ ഫാഷന്‍ ഫെസ്റ്റുകളിലും പാര്‍ട്ടികളിലും മറ്റും സ്വയം ആസ്വദിക്കുന്നതിനോടൊപ്പം തന്നെ നിനക്ക് പ്രധാനമായിരുന്നല്ലോ നമ്മുടെ അടുപ്പം മറ്റുള്ളവരെ കാ‍ണിക്കുന്നതും (ഞാനത് അങ്ങേയറ്റം ആസ്വദിച്ചിരുന്നു എന്നത് ഏറ്റുപറഞ്ഞില്ലെങ്കില്‍ ആത്മവഞ്ചനയാവും). ലോകം എന്തു വിചാരിക്കുന്നു എന്നതിനു തരിമ്പും പ്രാധാന്യം കൊടുക്കാറില്ലെന്ന് നീ ഇടക്കിടക്ക് പറയാറുണ്ടാ‍യിരുന്നെങ്കിലും നിനക്കിഷ്ടമുള്ളവരെ നീ ഭ്രാന്തമായി സ്നേഹിച്ചിരുന്നു, അവരുടെ കാര്യങ്ങളില്‍ അത്യന്തം ശ്രദ്ധിച്ചിരുന്നു എന്നെനിക്കറിയാം, സ്നേഹം എന്നതിന് സമൂഹം കൊടുത്തിരിക്കുന്ന അര്‍ത്ഥാന്തരങ്ങളെക്കുറിച്ച് നിനക്ക് പുച്ഛമായിരുന്നെങ്കിലും. ആഴ്ച തോറും കാമുകന്മാരെ മാറ്റുന്നവള്‍ എന്നതായിരുന്നു നീ എത്തുന്നതിനു മുന്‍പേ എത്തിയ നിന്റെ വിശേഷണങ്ങളില്‍ ഒന്ന്. എന്നാലും നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന ആ ഒരു വര്‍ഷം മുഴുവന്‍ കോളേജില്‍ എല്ലാവരുടെയും മുന്നില്‍ ഞാന്‍ തന്നെയായിരുന്നു നിന്റെ ‘കാമുകന്‍’ എന്നതും എന്നെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. പക്ഷെ നമ്മുടെതായ ലോകത്ത് കാമുകന്‍ എന്ന വാക്കിന് പ്രത്യേക അര്‍ത്ഥമൊന്നുമില്ല എന്നത് ഒരു പക്ഷെ നിന്നെക്കാള്‍ കൂടുതല്‍ എനിക്കറിയാമായിരുന്നു. നിന്നില്‍ ഒരു കാമുകിയെയോ ഭാവി ഭാര്യയെയോ കാണാന്‍ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല, നിനക്കും അതു തന്നെ തിരിച്ച് ചെയ്യാന്‍ കഴിയാതിരുന്ന പോലെ തന്നെ. ഒരു ആണിനും പെണ്ണിനും വളരെ അടുത്ത സുഹൃത്തുക്കളായി തന്നെ തുടരാന്‍ കഴിയും എന്ന് നമുക്ക് രണ്ടു പേര്‍ക്കും അറിയാമായിരുന്നു. അതിരുകളും നിയന്ത്രണങ്ങളും ഇല്ലാത്ത ഒരു സ്നേഹബന്ധം നീ ആസ്വദിച്ചതിനോടൊപ്പമോ അതില്‍ കൂടുതലോ ഞാനും ആസ്വദിച്ചിരുന്നു. കെട്ടുപാടുകളില്ലാത്ത സ്വാതന്ത്ര്യം.

നീ താമസിച്ചിരുന്ന നിന്റെ അമ്മായിയുടെ വീട്ടിലെ ഒന്നാം നിലയിലെ നിന്റെ മുറിയില്‍ നിന്റെ വയലിന്‍ വായന കേട്ടു കൊണ്ട് തറയില്‍ മലര്‍ന്നു കിടന്ന സായാഹ്നങ്ങള്‍ മനസില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു. നിന്റെ അമ്മായിയും എന്നെ ഭാവിയിലെ ഒരു കുടുംബാഗമായാണ് കണ്ടിരുന്നതല്ലേ? നമ്മുടെ തലമുറയുടെ രീതികളോടിണങ്ങിക്കഴിഞ്ഞു എന്നു കാണിക്കാന്‍ വേണ്ടി അവരത് മറച്ചുവെക്കാന്‍ വിദഗ്ദമായി പരിശ്രമിച്ചിരുന്നെങ്കിലും എനിക്കതു മനസിലാവുമായിരുന്നു. കോളേജില്‍ കാണിച്ചിരുന്ന റെബല്‍ സ്വഭാവം നീയൊരിക്കലും വീട്ടില്‍ കാണിച്ചിരുന്നില്ലെന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നു. നിന്റെ സ്വാഭാവികമായ വശ്യമായ പെരുമാറ്റമായിരുന്നു അവിടെയും.

അവസാനത്തെ പരീക്ഷയും എഴുതി പിരിയാന്‍ നേരം നീയെനിക്കു തന്ന കൊച്ചു കാര്‍ഡിലെ വരികള്‍ പ്രവചനസ്വഭാവമുള്ളവയായിരുന്നു - “നമ്മള്‍ തമ്മില്‍ ഇനി ഒരിക്കലും കാണാതിരിക്കാനുള്ള ഒരു ചെറിയ സാധ്യത ഞാന്‍ കാണുന്നു, അങ്ങനെയാണെങ്കില്‍ ഈ ഒരു ജന്മത്തേക്കുള്ള സൌഹൃദം നീയെനിക്കു പകര്‍ന്നു തന്നു കഴിഞ്ഞു എന്നു നീ അറിയണം”. നിനക്കറിയാമായിരുന്നോ നമ്മള്‍ അകലാന്‍ പോകുകയാണെന്ന്‌? നിനക്കറിയാമായിരുന്നോ നീ എനിക്ക് പിടിതരാതെ അകലങ്ങളിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നെന്ന്? എന്റെ വിളികള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ നീ പുതിയ സ്ഥലവുമായി പരിചയപ്പെടുന്നതിന്റെ തിരക്കിലാണെന്നു ഞാന്‍ കരുതി. ഫാഷന്‍ ഡിസൈനിംഗിനു ചേര്‍ന്ന നീ പിന്നീട്‌ അവിടെ നിന്ന് മാറിയത് ഞാനറിഞ്ഞു. നിന്നെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക്‌ കിട്ടാതായി. പിന്നെ എപ്പൊഴോ കേട്ടു നീ വീണ്ടും നിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയെന്ന്, അമേരിക്കയില്‍ നിന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോയെന്ന്. അതായിരുന്നു നിന്നെക്കുറിച്ച് ഞാന്‍ അവസാനമായി അറിഞ്ഞത്.

പത്ത് വര്‍ഷങ്ങള്‍! ഇന്നിതെല്ലാം ഞാന്‍ വീണ്ടും ഓര്‍ത്തു. എം ടി “ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ലീലയെപ്പറ്റി ഞാന്‍ വീണ്ടും ഓര്‍ത്തു” എന്നെഴുതിയതു പോലെ ഞാനും നിന്നെപ്പറ്റി ഓര്‍ത്തു. എങ്ങനെയെന്നറിയണ്ടേ? ഒരുപാട് നാളുകള്‍ക്കു ശേഷം ഞാന്‍ ഇന്ന് റോബിന്‍സണെ വിളിച്ചിരുന്നു. അവനാണ് പറഞ്ഞത് നീ ഇവിടെ അമേരിക്കയില്‍ എന്റെ നഗരത്തിലുണ്ടെന്ന്. എനിക്കു വേണമെങ്കില്‍ നിന്നെ തിരഞ്ഞു പിടിക്കാം. പക്ഷെ എനിക്കതിനാവുന്നില്ല, ആവുമെന്നു തോന്നുന്നില്ല. ഓര്‍മ്മകള്‍ - സുഖമുള്ള ദുഃഖം പകര്‍ന്നു തരുന്ന ഈ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ. ഭൂതകാലത്തിലെ ഈ സുന്ദരസ്വപ്നത്തെ എനിക്ക് വര്‍ത്തമാനകാലത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കണം. ഈ ഒരു ജന്മത്തേക്കുള്ള സൌഹൃദം നീയെനിക്കു പകര്‍ന്നു തന്നു കഴിഞ്ഞു.

അല്‍ വിദാ!

Friday, September 29, 2006

ചുണ്ടുകള്‍

കീബോര്‍ഡില്‍ നിന്ന് അക്ഷരക്കട്ടകള്‍ ഇളകി ഓരോന്നും ഓരോ ഈച്ചകളെപ്പോലെ പറന്നു നടക്കുന്നു. ഞാന്‍ ആറിന്റെ പുറകെ കുറച്ചു സമയമായി വിരല്‍ കൊണ്ടു നടക്കുന്നു. ഇങ്ങ് ഇടത്തേ മൂലയ്ക്ക് ഇരിയ്ക്കുന്നതു കണ്ട് എത്തിപ്പിടിയ്ക്കാനെത്തിയപ്പോഴേയ്ക്കും അവന്‍ പറന്ന എഫ് 8-ന്റെ അടുത്തു പോയി. അവിടെ നിന്ന് വീണ്ടും നംപാഡിന്റെ മധ്യത്തിലേയ്ക്ക്, പിന്നെയും ചുറ്റി മറഞ്ഞ് കറങ്ങിത്തിരിഞ്ഞു പറക്കുന്നു.

കപ്പൂച്ചീനോയുടെ ചവര്‍പ്പ് മധുരത്തിലലിയിക്കാതെ, ചൂട് ഒട്ടും കളയാതെ വിഴുങ്ങിയിട്ടും അബോധമനസ്സിനു തന്നെ ബോധത്തിനു മുകളില്‍ ആധിപത്യം. കപ്പൂച്ചീനോ എടുത്തു തന്ന സ്വര്‍ണ്ണമുടിയുള്ള സുന്ദരിയുടെ ചുവന്നു തുടുത്ത കവിളിലിരിയ്ക്കുന്നത് ഒരു റാണിത്തേനീച്ചയോ? അവളുടെ അധരങ്ങളില്‍ ആ തേനീച്ച മധു നിറയ്ക്കുന്നോ? ആ കണ്ണുകള്‍ പവിഴം പോലെ തിളങ്ങുന്നു. എന്നെയും പിന്നെ ഏഴു സാഗരങ്ങളും അവിടെ എനിക്ക് നോക്കിക്കാണാം. അവളുടെ കഴുത്തിനു താഴെയുള്ള ദേഹം വെള്ളത്തിലെ പ്രതിബിംബം പോലെ ഓളം വെട്ടുന്നു.

വീഥിയുടെ വലത്തേ അറ്റത്തുകൂടി സ്പീഡ് ലിമിറ്റുകള്‍ കാറ്റില്‍ പറത്തി വന്നിരുന്ന ഒരു ചുവപ്പ് ജാഗ്വാര്‍ ഒരു ഷാര്‍പ്പ് ടേണ്‍ എടുത്ത് പദയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലത്തുകൂടി തെന്നിനീങ്ങി അവസാനം റോഡിനടുത്തു നില്‍ക്കുന്ന സിഗ്നല്‍ പോസ്റ്റില്‍ക്കൂടി മുകളില്‍ കയറി അതിന്റെ മുകളില്‍ നിന്ന് അനായാസേന അടുത്തുള്ള കണ്ണാടിമണിമന്ദിരത്തിന്റെ ഭിത്തിലേയ്ക്ക് ചാടി വീണു. ഭിത്തിയിലൂടെ വശം തിരിഞ്ഞ് മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി… മന്ദം മന്ദം അത് ഭിത്തിയുടെ അങ്ങേ അറ്റത്തെത്തി, തിരിവ് കഴിഞ്ഞ് അപ്രത്യക്ഷമായി.

ഒരു പബ്ബ് ഒന്നായി നൃത്തം ചവിട്ടുന്നു. അകത്തിരുന്ന് മധു നുകരുന്നവര്‍ നിശ്ചലരായിരിക്കുന്നു. ബിയര്‍ വെണ്ടറുകളും മദ്യ ഷെല്‍ഫുകളും ചുവടു വെയ്ക്കുന്ന പബ്ബിനുള്ളില്‍ വായുവില്‍ പറന്നു നടക്കുന്നു. മനോഹരമായ മദ്യ ചഷകങ്ങള്‍ താഴെ വീണ് പൊട്ടാതെ പിങ്ങ് പോങ്ങ് പന്തുകള്‍ പോലെ നിലത്തു നിന്നും കുതിച്ചുയരുന്നു.

മഴ ഭൂമിയില്‍ നിന്ന് ചുഴലിക്കാറ്റു പോലെ ഉയര്‍ന്ന് മുകളിലേയ്ക്ക് പോകുന്നു. പൊടിയുടെ ഒരു ചുഴലിയും മഴയുടെ ഒരു ചുഴലിയും ഒന്നിച്ചുയരുന്നു, പരസ്പരം വട്ടംചുറ്റിക്കറങ്ങുന്നു. ഒരു പാര്‍ട്ടി ഡാന്‍സിലെന്ന പോലെ മതിമറന്ന ചുവടുകള്‍ വെയ്ക്കുന്നു. മഴയാകുന്ന ചുഴലിയുടെ മഥിച്ച അരക്കെട്ടില്‍ കൈകള്‍ ചുറ്റി പൊടിയുടെ ചുഴലി പുറകിലേയ്ക്ക് വളഞ്ഞ് ആടുന്നു.

പിന്നെയും നീളുന്നതിനു മുന്‍പെ അവള്‍ അവസാനിപ്പിച്ചു. എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.

Monday, September 25, 2006

ഒരു വിശദീകരണം

ഇതൊരു വിശദീകരണമാണ് - ക്ഷമാ‍പണം അല്ല.

ശ്രീ നിഷാദ് കൈപ്പള്ളിയുടെ ബ്ലോഗിലും ബ്ലോഗിനെപ്പറ്റിയും ഞാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ശ്രീ നിഷാദ് മലയാളം ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് ഇട്ടതിനു കാരണം എന്റെ പരാമര്‍ശങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്. അതില്‍ പലരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തിക്കണ്ടു. എന്റെ ഭാഗം ന്യായീകരിക്കണം എന്ന് എനിക്കു തോന്നുന്നു.

ശ്രീ നിഷാദിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. വായിച്ചിടത്തോളം “ലൊകത്തിന്റെ മുന്നില്‍ എന്റെ സംസ്ഥനത്തെ ഉയര്‍ത്തി കാട്ടണം എന്ന അത്മാര്‍ത്ഥമായ ഒരു രഹസ്യ അജെണ്ട ഉള്ളവനാണു്” നിഷാദ്. സ്വന്തം ബ്ലോഗിലെ പല പോസ്റ്റുകളിലും പിന്നെ മറ്റു പല ബ്ലോഗുകളിലും നിഷാദ് ഈ അജെണ്ട വെച്ച് “ ഞാന്‍ ഉള്‍പെടുന്ന എന്റെ ദേശക്കരുടെ Fads and Foibles (Aldous Huxley പറഞ്ഞ പോലെ) വിശകലനം ചെയ്യുകയാണു്.” എന്ന് നിഷാദ് തന്നെ പറഞ്ഞ രീതിയില്‍ രൂക്ഷവിമര്‍ശനം നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

എന്ത് യുക്തിയുപയോഗിച്ചാണ് ഒരു ലേഖകന്റെ ഇംഗ്ലീഷ് ഉദാഹരണമായി എടുത്ത് “മല്ലൂസിന്‍റെ കൈയില് എഴുതാന്‍ പേന കോടുത്താല്‍” എന്ന് നിഷാദ് ജെനറലൈസ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ ആ പോസ്റ്റില്‍ കമന്റ് ഒന്നും ഇട്ടിരുന്നില്ലെങ്കിലും അതിലെ ചര്‍ച്ച ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. വിമര്‍ശിയ്ക്കുന്നതില്‍ തെറ്റില്ല എന്നാല്‍ അത് കേള്‍ക്കുന്ന ആളെ നിന്ദിക്കാതെ വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ക്രൂരമായ വിമര്‍ശനങ്ങള്‍ വിപരീതഫലം ആവും നല്‍കുക എന്ന കാര്യം നിഷാദിനു മനസിലാക്കിക്കൊടുക്കാം എന്നു വിചാരിച്ചു.
മറകളില്ലാത്ത സ്വതന്ത്രമായ അശയ വിനിമയമാണു് ബ്ലോഗ്ഗ്. ഇവിടെ ആരെയും ഭയക്കരുത്.
...
.ധൈര്യമായിട്ട് എഴുതു ഇഞ്ജി. ആരേയും ഭയക്കെണ്ട. എന്നെപ്പോലും. സ്വതന്ത്രമായ വിമര്‍ശനത്തിനു് ഒരു തുടക്കം കുറിക്കു

എന്ന നിഷാദിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത ഞാന്‍ ഇഞ്ജിക്ക് ഒരു "സ്റ്റീല്‍ കരണ്ടി" എന്ന പോസ്റ്റില്‍ “ഇവിടെയും മല്ലൂസിന്റെ സ്ഥിരം സ്വഭാവം കാണിച്ചു. എപ്പോ ഫോട്ടോ എടുത്താലും ഒരു വണ്ടിയില്‍ ചാരി നിന്നേ ഫോട്ടോ എടുക്കൂ... കാശു കൊടുത്ത് വണ്ടി മേടിച്ചതല്ലേന്നേ, എല്ലാരും അറിയട്ടന്നേ... പോരാഞ്ഞിട്ട് ഒരു മൊബൈല്‍ ഫോണും ചെവിയില്‍ തിരുകും. കാശ് കൊടുത്ത് മൊബൈല്‍ മേടിച്ചു എന്ന് നാട്ടുകാര്‍ അറിയും എന്നു മാത്രമല്ല എപ്പൊഴും കോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ബിസി മനുഷ്യനാണെന്നും ഒരു തെറ്റിദ്ധാരണ ഇരുന്നോട്ടെ...” എന്നൊരു കമന്റ് ഇട്ടു.

ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ, ഇവിടെ നിഷാദിന്റെ ഫോട്ടോയെ വിമര്‍ശിയ്ക്കുക ആയിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് ക്രൂരമായി വിമര്‍ശിച്ചാല്‍ ആരായാലും പ്രതികരിക്കും എന്ന എന്റെ വാദം നിഷാദിന്റെ കാര്യത്തില്‍ ശരിയാവുമോ എന്നറിയാനുള്ള എന്റെ ശ്രമമായിരുന്നു അത്. എന്റെ ഊഹം തെറ്റിയില്ല. നിഷാദ് ശക്തമായി തന്നെ പ്രതികരിച്ചു. “മോനെ adithya.” , “കൊള്ളാം ഇനിയും എഴുതണെ. ഇവനാരെട.” എന്നൊക്കെ ഉള്‍പ്പെടുത്തി ഉടന്‍ എനിക്കൊരു മറുപടി കിട്ടി. എന്റെ ലക്ഷ്യം പൂര്‍ണ്ണമായി. ഞാന്‍ എന്റെ അടുത്ത കമന്റില്‍ എല്ലാം വിശദീകരിയ്ക്കുകയും ചെയ്തു.

മറ്റുള്ളവര്‍ താങ്കളോട് എങ്ങനെ പെരുമാറനമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോടും പെരുമാറുക എന്നാണല്ലോ. സ്വയം ക്രൂരമായ വിമര്‍ശനം ഏല്‍ക്കാന്‍ മനസില്ലാത്ത നിഷാദിന് മറ്റുള്ളവരെ ക്രൂരമായി വിമര്‍ശിക്കാന്‍ എന്തവകാശം? “വിമര്‍ശനം ഉള്‍കോള്ളാനുള്ള സഹിഷ്ണത ഉള്ളതുകോണ്ടാണു താങ്കളുടെ പോസ്റ്റ് ഇവിടെ കിടക്കുന്നതു്. ഇനി താങ്കള്‍ എന്തെഴുതിയാലും അതിവിട് ഉണ്ടാകും. വിമര്‍ശനം താങ്കളുടെ അവകാശമാണു്. വിമര്‍ശിക്കനുള്ള താങ്കളുടെ അവകാശത്തിനു വേണ്ടി ആദ്യം ശബ്ദം ഉയര്‍ത്തുന്നത് ഞാനായിരിക്കും. എന്നെക്കുറിച്ചാണെങ്കിലും.” എന്ന നിഷാദിന്റെ വാക്കുകള്‍ വെറും പൊള്ളയാണെന്നു തെളിയിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതില്‍ ഞാന്‍ വിജയിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇനി ഞാന്‍ ആദ്യത്തെ കമന്റില്‍ നിഷാദിനെ വ്യക്തിപരമായി അപമാനിച്ചു എന്ന് ഒരു ആരോപണം ഉണ്ടെങ്കില്‍, അതിനുള്ള മറുപടി. ആ കമന്റ് നിഷാദ് എന്ന വ്യക്തിയെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. “മല്ലൂസി”-നെ മൊത്തം ഉദ്ദേശിച്ചാണ് ഞാന്‍ ആ കമന്റ് ഇട്ടത്. നിഷാദിന്റെ സ്വകാര്യ സ്വത്തായ ബ്ലോഗില്‍ നിഷാദ് സ്വന്തം ഫോട്ടോ ഇട്ടതിനെ എനിക്ക് വിമര്‍ശിക്കാന്‍ അവകാശം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ ഞാന്‍ ഈ പോസ്റ്റിലേക്കും അതിലെ ഈ കമന്റിലേക്കും ക്ഷണിയ്ക്കുന്നു. ആ ബ്ലോഗര്‍ അവരുടെ സ്വന്തം അനുഭവം വിവരിച്ചതിനെ നിഷാദ് എന്ത് അവകാശം ഉപയോഗിച്ചാണ് മലയാളിയുടെ ഒരു പൊതുസ്വഭാവം എന്ന് നിഷാദ് പറയുന്ന ഒന്നിനോട് ബന്ധിപ്പിച്ച് വിമര്‍ശിച്ചോ, അതേ അവകാശം ഉപയോഗിച്ചാണ് ഞാന്‍ നിഷാദിന്റെ ഫോട്ടോസ് മലയാളികളുടെതെന്ന് എനിക്ക് തോന്നിയ ഒരു പൊതുസ്വഭാവത്തോട് ബന്ധിപ്പിച്ച് വിമര്‍ശിച്ചത്.

ഇനിയും എന്തെങ്കിലും കൂടുതല്‍ വിശദീകരിക്കണ്ടതുണ്ടെങ്കില്‍ കമന്റിലൂടെ ആവാം.

Wednesday, September 20, 2006

ഉരലും മദ്ദളവും കൂടി മുട്ട പുഴുങ്ങിയ കഥ

പണ്ടൊരു ദിവസം വെറുതെ ഇരുന്നു ഫുട്ബോള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു വിളി വന്നു. വിളിയെന്നു പറഞ്ഞാല്‍ gtalk-ല്‍ ഒരു വിളി. അതിങ്ങനെ പോയി.

Friend: ഒരു ഡൌബ്ട് ചോദിക്കട്ടെ, ഈ മുട്ട പുഴുങ്ങുക എങ്ങിനെയാ :D
http://en.wikipedia.org/wiki/Boiled_egg
me: chelappo prpblematic aanu
Friend: enne confuse aakkunnu
me: oru paathrathiil vellam edukkuka microwave cheyyuka
Friend: aa kuntham illa
me: vellam thilachu kazhiyum mutta athil iduka
ennaa stove-il vechu thilappikkuka :D
Friend: okay
me: athrem pore?
Friend: അങ്ങിനെ വഴിക്കുവാ ;)
തിളപ്പിച്ചിട്ട്
me: njaan onnnuu guess cheythathaa
Friend: എത്രനേരം?
ദുഷ്ടാ
me: hahha
njaan try cheythittilla
Friend: അതു പൊട്ടിത്തെറിക്കില്ലേ ഒരു ലിമിറ്റ് കഴിഞ്ഞാല്‍
me: cheyy
angane onnum sambhavikkilla
Friend: ഇല്ലാല്ലേ
me: yey
dhariyaayi cheyy
:D
thilappicha vellathilekku mutta iduka
:D
work cheyyandathaanu
Friend: ഇട്ടാല്‍ പൊട്ടില്ലേ
me: wait
Friend: പതിയെ ഇട്ടാലും വെള്ളം തെറിച്ചു കൈ പൊള്ളും
me: ippo onnu refer cheyyaan aarum llalloo
ozhukki ittaal mathi
Friend: അതെ ഞാനും ആദ്യം ബ്ലോഗില്‍ ആരേലും ഉണ്ടോന്നാ നോക്കിയെ
me: ha ha
Boiled eggs are produced by immersing eggs (typically chicken's eggs) in boiling water with their shells unbroken.
simple
Friend: ഈ പ്രശ്നമൊന്നും ഒരുത്തനും മനസ്സിലാക്കുന്നില്ല
me: appo simple
Friend: തള്ളെ അതു വിക്കി പറഞ്ഞതല്ലേ
me: nammade vazhi correct aanu
orappalle
Friend: വക്കാരിയാണേല്‍ ഒരു 2 പേജ് പോസ്റ്റ് ഇട്ടേന്നെ
me: hahhaahahha
Friend: പഹയനെ കൊണ്ടു ഇടീപ്പിക്കണം
me: ee chat idaam
Friend: നാളെ നമ്മള്‍ക്കു യൂസ്ഫുള്‍ ആകും
me: ennittu aalkkarodu help cheyyaan parayaam
Friend: ഹാഹാ അതാവാം
me: aviTeyum paachakam illyaalle
arinjathil santhosham
Friend: ഇല്ല കഷ്ടരാത്രികളില്‍ ചിലപ്പോള്‍ ചെയ്തെന്നു വരും
me: njaan athum illa :D
enthinaa veruthe
Friend: അല്ല ഞാന്‍ മാക്സിമം കഞ്ഞിവയ്ക്കുവാന്‍ ശ്രമിക്കും
me: ennu vechu aalkkaar abhipraayam chOdichaal parayaathirikkaarilla
ippo cheytha pOle
Friend: മിക്കവാറും അതു് ചോറ് പായസം എന്നിവയാകും
me: ;-)
Friend: അപ്പൊ വിശപ്പിന്റെ വിളി വരുന്നു, അവഗണിക്കാനാവുന്നില്ല, ഉള്ള ലോജിക്ക് വച്ചു പുഴുങ്ങിനോക്കട്ടെ
me: sure
Friend: പൊട്ടില്ലല്ലോ? വേറൊരുത്തന്റെ അടുപ്പും പാത്രവും അടുക്കളയുമാ
me: hahahahha
Friend: മുട്ടയും :)
me: hahhahahaha
boiled water-il mutta iduka
5 min wait cheyyuka
Friend: വെള്ളം പൈപ്പിലെ മതിയാകും , അല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ അവന്റെ എടുക്കണം, അതുവേണ്ടാല്ലേ
me: athu venda
Friend: ഓക്കേ
me: vellam ullil kerunnillallo
Friend: ട്രൂ
me: 5 min kazhinju boiled egg kittiyillenkil... :-?
vellavum egg-um koode boil cheyyuka
oru 5 min
enthelum okke sambhavikkum
:)
Friend: താങ്ക്യൂ

ഇതിനു ശേഷം കുറച്ചു നേരത്തെയ്ക്കു അനക്കമൊന്നുമില്ലായിരുന്നു. കുറെ കഴിഞ്ഞ് വീണ്ടും എത്തി. ഇത്തവണ ഒരു പ്രാക്റ്റിക്കല്‍ ഡിഫിക്കല്‍റ്റിയുമായാണെത്തിയത്‌.

Friend: ആക്ച്വലി ഡെലിവറിയില്‍ പ്രശ്നം പറ്റി
ആദ്യമുട്ട ഇട്ടപ്പോള്‍ കൈ പൊള്ളിയോ എന്നു സംശയം
പിന്നെ ഇട്ടതു ഉയരത്തുനിന്നായി അതുപൊട്ടിയോ എന്നു സംശയം
പിന്നെ കയറുകെട്ടിയിറക്കി
me: thaazthi idu
hahhahahaha
Friend: കുറച്ചു കഴിഞ്ഞപ്പോള്‍ പാലു തിളയ്ക്കുന്ന പോലെ ഒരു ഇഫക്റ്റ്
me: just water level-il konde angu ittaal pore
:-s kuzhappaayO?
Friend: ഞാനതിനു റീസണിങ് ചെയ്തു നില്‍ക്കായിരുന്നു ഇത്രനേരവും
me: haha
Friend: അങ്ങനെയാ ഇട്ടതു കൈ പൊള്ളി പൊള്ളിയില്ല പിന്നെ ബോയില്‍ഡ് വാട്ടറിന്റെ സര്‍ഫസ് ലെവല്‍ കണ്ടിന്യൂസ് മാറുകയല്ലേ
നമുക്ക് കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല
me: hahhahahahah
Friend: അതാ പ്രശ്നായത്
me: oru mutta puzhungunnathu ithra risky aanalle
bhaagyam njaan ithe vare try cheyyaathathu
Friend: പത വന്നതിന്റെ കാര്യം പെട്ടെന്ന് മനസ്സിലായി ആദ്യമിട്ട രണ്ടെണ്ണം പൊട്ടി
me: :-(
kuzhappaayallO
Friend: കയറില്‍ കെട്ടിയിറക്കിയതും പിന്നെ സബ്സ്റ്റിട്യൂട്ടുകളും വേവുന്നു
ഇപ്പൊ വീണ്ടും കണ്‍ഫു, ഓരോന്നിന്റേയും വേവ് വെവ്വേറെ ആയാല്‍ ഈറ്റിങ് പ്രോബ്ലംസ്
me: mothathil preshnamaayallo
Friend: മുട്ട‍ പുഴുങ്ങല്‍ കേന്ദ്രം ‘---‘-ല്‍ നിന്ന് ‌‌ ‘---‘-ര്‍, ബാക്ക് റ്റു അടുക്കള
me: ok ok
time waste cheyyanda

പിന്നെ അദ്ദേഹം തല പൊക്കിയത്‌ ഒരു അഞ്ചു മിനിട്ടു കൂടി കഴിഞ്ഞായിരുന്നു.

Friend: ഒരു കരിഞ്ഞ മണം കിട്ടുന്നുണ്ടോ?
മുട്ട കരിയുമോ
me: ha hahaha
pOkkaayO?
Friend: എന്റമ്മച്ചിയേ ഇത്രയും നിഘൂഢതകള്‍ ഉണ്ടായിരുന്നോ ഈ കേസില്‍
me: bhaagyam gtalk vazhi adikkaan ulla technology illa
allenkil ippo angu enne thalliyenellO
;-)
Friend: വെള്ളം കുറഞ്ഞുപോയെന്നു തോന്നുന്നു, ആ പത എടുത്തുകളഞ്ഞപ്പോള്‍ കുറേ വെള്ളവും കൂടെപ്പോയതാവും കാരണം
എനിവേ സുന്ദരമായ ഒരു കരിഞ്ഞമണം വരുന്നുണ്ട്
me: ഹ ാ
പാവം സഹമുറിയന്‍
അവന്‍ തിരിച്ചു വരുമ്പോ
:)
Friend: ഇല്ല മണം പിടിക്കുവാന്‍ പഹയന്‍ എത്തിയിട്ടില്ല
അപ്പോഴേയ്ക്കും ഞാന്‍ പപ്പടം കാച്ചില്ലേ
me: ഒരു അടുക്കള വിത് എഗ്ഗ് ഫ്ലേവര്‍
Friend: അപ്പോ ഷുവറാ ബെറ്റര്‍ കരിഞ്ഞ മണം
me: ഹ ഹ ഹ
പപ്പടം കാച്ചാന്‍ അറിയാമോ?
Friend: അറിയാം
me: ഭാഗ്യം
Friend: ഒരു സൈഡ് എല്ലായ്പ്പോഴും കരിയും അതെന്തുകൊണ്ടാണാവോ
me: പപ്പടത്തിന്റെ കുഴപ്പാവും
me: പപ്പടം മേടിക്കുന്ന കട ഒന്നു മാറ്റി നോക്കൂ

ആ സംസാരം അവിടെ അവസാനിച്ചില്ല… ഒരു മുട്ട ബോയില്‍ ചെയ്യുന്നതിന്റെ സാങ്കേതിക വശങ്ങള്‍ വേറെ പലതും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇത്രയൊക്കെ വായിച്ചു കഴിഞ്ഞ സ്ഥിതിയ്ക്കു മുട്ട പുഴുങ്ങാനെത്തിയ ഈ സാഹിത്യകാരന്‍ ആരെന്നു എല്ലാവര്‍ക്കും മനസിലായല്ലോ?

ഇതു വായിച്ചു കഷ്ടം തോന്നിയ ഏതെങ്കിലും ചേച്ചിമാര്‍ മുട്ട പുഴുങ്ങുന്നതിന്റെ സാങ്കേതികവശം ഒന്നു വിശദമാക്കാന്‍ അപേക്ഷ.

Thursday, September 14, 2006

രണ്ടാഴ്‌ച

“അത്യാവശ്യമായി പൂനെയ്ക്ക് പറക്കണം. ഒരു പ്രോജക്‌ടിനു തീ പിടിച്ചിരിക്കുന്നു. നിങ്ങള്‍ മൂന്നാളും ചെല്ലുക. രണ്ടാഴ്ച കഴിഞ്ഞാല്‍ ഡെലിവറി ആണ്. അതിനു മുന്നെ തീര്‍ക്കുക. തിരിച്ചു പോരുക.“ മാനേജര്‍ ജെയിന്‍ സാറിന്റെ നിര്‍ദ്ദേശങ്ങള്‍ പതിവു പൊലെ കാര്യമാത്രപ്രസക്തങ്ങളായിരുന്നു. ഡേറ്റാബേസ് വിദഗ്ദന്‍ വിനോദും ഡോട്ട്നെറ്റ് വിദഗ്ദന്‍ സിദ്ധാര്‍ത്ഥനും ബാംഗ്ലൂരെ ചില അത്യാവശ്യപണികള്‍ തീര്‍ക്കാനുള്ളതിനാല്‍ അവരുടെ യാത്ര പിന്നത്തെ തിങ്കളാഴ്ച വൈകിട്ടത്തേക്ക് ഉറപ്പിച്ചു. ‘ഡിപ്ലോയ്മെന്റ് വിദഗ്ദനായ’ എനിക്ക് വെള്ളിയാഴ്ച വൈകിട്ടു തന്നെ പറക്കേണ്ടി വന്നു. ആഴ്ചയവസാനങ്ങളിലും പണിയെടുക്കേണ്ടി വരുമെന്ന് പോരുമ്പോഴേ അറിയാമായിരുന്നു. വൈകിട്ട് 8 മണിക്ക് പൂനെ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ മുരളി സാറിന്റെ മിസ്സ്ഡ് കോള്‍സ് മൊബൈലില്‍ കണ്ട് വിളിച്ചപ്പോഴാണ്‍ സാര്‍ അപ്പോള്‍ തന്നെ കമ്പനിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. മുരളിസാര്‍ ആണ് ജെയിന്‍ സാര്‍ വഴി ഞങ്ങളെ അവിടെ ക്രാഷ് ലാന്‍ഡ് ചെയ്യിപ്പിച്ചതെന്നറിയാമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തന്നെ കമ്പനിയിലെത്താന്‍ മാത്രം കുഴപ്പത്തിലാണ് കാര്യങ്ങള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

എയര്‍പ്പോര്‍ട്ടിലെത്തിയ കമ്പനി പിക്ക്-അപ്പ് ടാക്സിയില്‍ ഹോട്ടലിലെത്തി, ചെക്കിന്‍ ചെയ്തു, ബാഗ് വെച്ചു, നേരെ കമ്പനിയിലേക്ക്. അക്കൊണ്ട് മാനേജര്‍ മുരളിസാര്‍ തോളില്‍ കൈ ഇട്ടു കൊണ്ട് കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തിയതിനാല്‍ മാനേജര്‍മാര്‍ക്കൊക്കെ ഒരു പ്രത്യേക സ്നേഹം. പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ കഴിയാത്ത പ്രോജക്ട്. യൂറോപ്പിലെ വമ്പന്‍ കമ്പനിയുടെ ആദ്യ പ്രോജക്ട്. ഇതു സമയത്ത് തീര്‍ക്കേണ്ടത് കമ്പനിയുടെ അഭിമാനപ്രശ്നം. പതിവു സമയത്തുണ്ടായിരുന്ന 25 പേര്‍ക്കും 2 മാനേജര്‍മാര്‍ക്കും പുറമേ പതിനഞ്ചോളം പുതിയ ആള്‍ക്കാരും രണ്ട് പുതിയ മാനേജര്‍മാരും. 1200-ഓളം ബഗ്ഗുകള്‍. പ്രോജക്ടിന്റെ അവസ്ഥയെപ്പറ്റി ഒരു ഏകദേശരൂപം ഉടനെ കിട്ടി. ആര്‍ക്കിട്ടെക്ചര്‍ എന്നെ പഠിപ്പിക്കാനായി അപ്പൊഴത്തെ ആര്‍ക്കിട്ടെക്ടിന്റെ കൂടെ അര മണിക്കൂര്‍ ചര്‍ച്ച.

മാനേജര്‍മാരെ ഒന്ന് ഞെട്ടിക്കാന്‍ വേണ്ടിയാണ് ഉള്ളതില്‍ തരക്കേടില്ലെന്നു തോന്നിയ ഒരു മോഡ്യൂള്‍ തിരഞ്ഞു പിടിച്ച് ബഗ് ഫിക്സ് ചെയ്യാനിരുന്നത്. എല്ലാ ബഗ്ഗുകളും പിന്നെ ഡേറ്റാബേസ് ടേബിളുകളും ഒക്കെ ഒന്ന് ഓടിച്ചു നോക്കി. ഭാഗ്യത്തിന് നോക്കിയത് കിട്ടി, ഇവിടെയും കോമണ്‍ പാറ്റേണ്‍ ഉള്ള കുറെ എണ്ണം കിട്ടി. എല്ലാത്തിനും കാരണമാണെന്നു തോന്നിയ ചെറിയ ചില കാര്യങ്ങള്‍ വിശദമായ ഒന്നു പഠിച്ചിട്ടു മാറ്റി. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എണീക്കുമ്പോള്‍ ആ മോഡ്യൂളിലെ ബഗ്ഗുകളുടെ എണ്ണം 80-ല്‍ നിന്ന് ഒരു 30 കുറഞ്ഞിരുന്നു. മുരളി സാര്‍ എന്നെ അറിയുന്നത് വെറുതെയല്ലെന്ന് പിടികിട്ടിയെന്ന് മാനേജര്‍മാരുടെ തെളിഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ മനസിലായി.

മണി 11 ആയിരുന്നു. ടീമിലെല്ലാവര്‍ക്കും തിരിച്ചു പോകാനുള്ള ടാക്സികള്‍ ഏര്‍പ്പാടു ചെയ്തു കൊണ്ടിരുന്ന പ്രസന്നവദനയായ ടീംമേറ്റിനെ അപ്പോഴാണ് ശ്രദ്ധിച്ചത്. രാ‍ത്രി 11 മണിയായിരുന്നിട്ടും അവളുടെ ചുണ്ടുകളില്‍ ഒരു മനോഹര പുഞ്ചിരി തത്തിക്കളിച്ചിരുന്നു. എല്ലാവര്‍ക്കും ടാക്സികള്‍ ഏര്‍പ്പെടുത്തി ചാടിച്ചാടി നടന്ന അവള്‍ അവസാനം എന്റെ അടുത്തെത്തി “താങ്കള്‍ക്ക് എവിടെ പോകണം?”. ഹോട്ടല്‍ പൂനം ഇന്റര്‍നാഷണല്‍ എന്ന് പറഞ്ഞപ്പോള്‍ “എന്നാല്‍ നമ്മള്‍ രണ്ടും ഒരേ ടാക്സിയില്‍ ആണ് പോകുന്നത്. എന്റെ കൂടെ വന്നാല്‍ മതി” എന്നു പറഞ്ഞ് ചിരിച്ച് അവള്‍ വീണ്ടും ലിസ്റ്റില്‍ വെട്ടാനും തിരുത്താനും തുടങ്ങി.

എന്റെ ഹോട്ടലിനടുത്തായിരുന്നു അവളുടെ ഹോസ്റ്റല്‍. ആ വഴിയില്‍ വേറെ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാത്രമായിരുന്നു ടാക്സിയില്‍. പണ്ടു മുതലേ പരിചയമുണ്ടെന്നു തോന്നിക്കുന്ന രീതിയില്‍ അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളായി പ്രോജക്ടിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്നതില്‍ തുടങ്ങി, അവളുടെ കൂട്ടുകാരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാമായി സംസാരം നീണ്ടു. പിറ്റേന്ന് രാവിലെ ഓഫീസിലെത്താനുള്ള ടാക്സിയിലും അവളോടൊപ്പം. രണ്ടു ദിവസത്തെ ഒന്നിച്ചുള്ള യാത്രകള്‍ക്കവസാനം ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. അവളുടെ പണികള്‍ അല്‍പ്പം ഒന്ന് ഒതുങ്ങിയിരുന്നതിനാല്‍ ഞായറാഴ്ച അവള്‍ വരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. പതിവു ഞായറാഴ്ചകള്‍ പോലെ തന്നെ ഞാന്‍ ഉണര്‍ന്നപ്പോള്‍ വളരെ വൈകിയിരുന്നു. ടാക്സി കാത്തു നിന്നിട്ട് പോയിക്കാ‍ണും എന്നുറപ്പ്. അവളെ വിളിച്ചു. ഞാന്‍ ഡ്രൈവ് ചെയ്യാമെന്നുണ്ടെങ്കില്‍ അവളുടെ ഹോണ്ട ആക്ടിവയുമായി ഉടനെ എത്താം എന്നവള്‍ ഏറ്റു. പാവം എനിക്കായി ഒരു ദിവസം കൂടി കമ്പനിയില്‍ വരാന്‍ പോലും തയ്യാറായി.

അവളെ പേടിപ്പിക്കണ്ട എന്നു കരുതി 40-ഇലാണ് പൊയ്ക്കൊണ്ടിരുന്നത്. പുറകിലിരുന്നു കൊണ്ട് അവള്‍ ഓഡോമീറ്ററിന്റെ വലത് അറ്റം ചൂണ്ടി പറഞ്ഞു “ആ വലിയ നമ്പറുകളൊന്നും അവിടെ വെറുതെ പെയിന്റ് ചെയ്ത് വെച്ചിരിക്കുന്നതല്ല.” സിറ്റിയ്ക്ക് വെളിയിലെത്തിയപ്പോള്‍ അവള്‍ ഒരു ടേണ്‍ എടുക്കാന്‍ പറഞ്ഞു. ഒരു കാര്യം കാണിക്കാനുണ്ടെന്നു പറഞ്ഞ് എനിക്ക് കുറെ വഴികളില്‍ കൂടി ഒക്കെ വളഞ്ഞു തിരിഞ്ഞ് പോകാന്‍ നിര്‍ദ്ദേശങ്ങള്‍ തന്നു. എത്തി നിന്നത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനു മുന്നിലായിരുന്നു. ഗാര്‍ഡിന്‍ സലാം പറഞ്ഞ് അവള്‍ ഇറങ്ങി നടന്നു. പണി നടന്നു കൊണ്ടിരുന്ന ഗോവണികളിലൂടെ മുകളില്‍ കയറി രണ്ടാം നിലയില്‍ ഒരു ഇരട്ടമുറി വീട്ടിലാണ് ഞങ്ങള്‍ എത്തിയത്. ഉള്ളില്‍ കയറിക്കഴിഞ്ഞ് അവള്‍ കൈ രണ്ടും വിരിച്ച് “എന്റെ വീട്. ഞാന്‍ പണം അടച്ചു കൊണ്ടിരിക്കുന്ന എന്റെ വീട്” എന്ന് പറഞ്ഞപ്പോള്‍, ആ മുഖത്തെ തുടിക്കുന്ന സന്തോഷവും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഞാന്‍ ചെയ്തത് എന്റെ പാന്റിന്റെ ഇടതുപോക്കറ്റില്‍ കിടന്ന ‘നോക്കിയ 6600‘-ല്‍ തിരുപ്പിടിക്കുക എന്നതായിരുന്നു. ഇത്ര നാളത്തെ ‘അദ്ധ്വാനങ്ങള്‍ക്കും’ ശേഷം എനിക്ക് ആകെയുള്ള സംമ്പാദ്യം അതും പിന്നെ ഒരു യമഹ എന്റൈസറും മാത്രമാണല്ലോ.

വൈകിട്ട് തിരിച്ച് അവളുടെ ആക്ടിവയില്‍ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഒരു ആഴ്ചയവസാനം പ്രത്യേകിച്ചൊന്നും ചെയ്യാതെ കടന്നു പോയതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചത്. അത്താഴം ഒന്നിച്ചാക്കാന്‍ തീരുമാനിച്ചു. ‘രൂപാലീസ്’ എന്ന ബംഗാളി സ്പെഷ്യാലിറ്റിയില്‍ ഞങ്ങള്‍ ഒന്നിച്ച് ആദ്യ അത്താഴം. അവള്‍ക്കിഷ്ടപ്പെട്ട കടല്‍ വിഭവങ്ങളുമായി ഒരു വിരുന്ന്.

എത്തിച്ചേരാനുണ്ടായിരുന്ന വിനോദും സിദ്ധാര്‍ത്ഥനും തിങ്കളാഴ്ച എത്തി. പ്രോജക്ടില്‍ ബഗ്ഗുകളുടെ എണ്ണം പതുക്കെ കുറഞ്ഞു കൊണ്ടിരുന്നു. എന്നാലും പുതിയ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. തീ പിടിച്ച ദിവസങ്ങള്‍. രാവിലെ കമ്പനിയില്‍ കയറിയാല്‍ വൈകിട്ട് വളരെ വൈകുന്നതു വരെ ഒന്നും അറിയാത്ത രീതിയില്‍ ജോലി. സ്വന്തം പണികളൊക്കെ സമയത്ത് തീര്‍ത്തുകൊണ്ടിരുന്ന അവള്‍ക്ക് പുതിയ പണികള്‍ കിട്ടിക്കൊണ്ടിരുന്നു. ബാക്കി മടിയന്മാരുടെ പണി ഏറ്റെടുത്ത് ചെയ്യുന്നതിന്റെ വ്യര്‍ത്ഥതയെപ്പറ്റി ഞാന്‍ അവളെ ഉപദേശിച്ചുകൊണ്ടുമിരുന്നു.

ചൊവ്വാഴ്ച മടങ്ങും വഴിയാണ് അവള്‍ പിസ്സ കഴിക്കുന്നതിനെപ്പറ്റി പറഞ്ഞതും ഞങ്ങള്‍ രണ്ടും നേരെ പിസ്സാ ഹട്ടില്‍ ഇറങ്ങിയതും. പതിനാലോ പതിനാറോ മണിക്കൂറിലെ ജോലിയുടെ ക്ഷീണം ഒരു അത്താഴം കൊണ്ട് തീരും എന്ന് എനിക്ക് മനസിലായിത്തുടങ്ങിയതപ്പോഴാണ്. പുതിയതായി തുടങ്ങിയ യോക്കോസ് എന്ന സിസ്സ്‌ലര്‍ ജോയന്റ് വെള്ളിയാഴ്ചയ്ക്കായി ഉറപ്പിച്ചു. ഭക്ഷണ സാധനം ഓരോന്നും പറയുന്നതിനു മുമ്പെ അത് തന്റെ ഭാരത്തില്‍ വരുത്താന്‍ പോകുന്ന വര്‍ദ്ധനവിനെപ്പറ്റി മനസില്‍ കണക്കുക്കൂട്ടുന്നതിന് ഞാന്‍ അവളെ കണക്കിനു കളിയാക്കിക്കൊണ്ടിരുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ബഗ്ഗുകളുടെ എണ്ണം നിയന്ത്രണവിധേയമായിരുന്നു. എങ്കിലും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരുന്നു. പിന്നത്തെ ബുധനാഴ്ച പ്രോജക്ടില്‍ ഒരാളുടെ ജന്മദിനമായിരുന്നു. ഒരു സിനിമ കണ്ട് ആഘോഷിക്കാനാണ് എല്ലാവരും കൂടി തീരുമാനിച്ചത്. വൈകിട്ട് എല്ലാവരും കൂടി മാനേജര്‍മാര്‍ക്ക് സംശയം ഒന്നും ഇല്ലാതെ പുറത്തിറങ്ങാന്‍ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു. അവസാന നിമിഷം അവള്‍ക്ക് എന്തോ പണി തീര്‍ക്കാനുണ്ടായിരുന്നു. ഒരു സീബിസിയുടെ താക്കോല്‍ എന്നെ ഏല്‍പ്പിച്ച് ബാക്കിയുള്ളവര്‍ പല വണ്ടികളായി തിയറ്ററിലേക്ക് തിരിച്ചു. അവള്‍ക്ക് ഇറങ്ങാറായപ്പോഴേക്കും സിനിമയ്ക്ക് 15 മിനിട്ട്, പോകാനുള്ളത് 15 കിലോമീറ്റര്‍, പിന്നെ വൈകിട്ടത്തെ ട്രാഫിക്കും. സീബിസി സൈഡ് റോഡുകളില്‍ കൂടിയും നടപ്പാതകളില്‍ കൂടിയും പറന്നു. “നീ‍ എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണോ?”, “കുഴി, കുഴി, കുഴി…”, “ആ ട്രക്ക് നമ്മളെ കൊല്ലും”, “വളവ് ഒന്നു തിരിക്കുമോ?” അവള്‍ ആദ്യാവസാനം എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു. പടം തുടങ്ങുന്നതിന് മൂന്നു മിനിട്ട് മുന്‍പെ തിയറ്ററില്‍ എത്തിയപ്പോള്‍ അവള്‍ ആദ്യം ചെയ്തത് ചാടി ഇറങ്ങിയിട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് പ്രാര്‍ത്ഥിയ്ക്കുക എന്നതായിരുന്നു. പോപ്പ്കോണും ബിപാഷ ബാസുവുമായി വീണ്ടും സന്തോഷപ്രദമായ ഒരു സായാഹ്നം.

എനിക്ക് തിരിച്ചു പോരാനുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നത് പിറ്റെ ശനിയാഴ്ച വൈകിട്ടത്തെക്ക് ആയിരുന്നു. മാനേജര്‍മാര്‍ ഒരു ആഴ്ച കൂടി നില്‍ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ആ ഫ്ലൈറ്റ് ഒന്ന് ക്യാന്‍സല്‍ ചെയ്താല്‍ പിന്നെ അവര്‍ പറയുന്നതു വരെ അവിടെ നില്‍ക്കേണ്ടി വരും എന്നറിയാവുന്നതിനാല്‍ ഞാന്‍ അതിന്‍ തയ്യാറായിരുന്നില്ല. “നിനക്ക് ഒരു ആഴ്ച കൂടി നിന്നു കൂടെ” എന്ന് അവള്‍ ചോദിച്ചത് കേട്ടില്ല എന്നു നടിക്കേണ്ടി വന്നു.

ദിവസങ്ങള്‍ പെട്ടെന്നു നീങ്ങി. തിരിച്ചു പോരേണ്ട ശനിയാഴ്ചയും എനിക്ക് കമ്പനിയില്‍ എത്തേണ്ടി വന്നു. ആറു മണിയ്ക്കായിരുന്നു ഫ്ലൈറ്റ്. മൂന്നുമണിയ്ക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ എന്റെ കൂടെ ഇറങ്ങാമെന്ന് അവള്‍ പറഞ്ഞിരുന്നു. പുറത്തേക്കുള്ള വഴിയില്‍ അവളെ തിരിച്ച് വിളിച്ച് മാനേജര്‍ അവള്‍ക്ക് ‘അത്യാവശ്യമായി തീര്‍ക്കാനുള്ള’ എന്തോ ഒരു പണി നല്‍കാന്‍ ശ്രമിച്ചു. പിന്നെ അവിടെ നടന്നത് ഒരു നാടകം. എവിടെ പോകുന്നു എന്ന മാനേജറുടെ ചോദ്യം കേട്ട് എന്ത് പറയണം എന്നാലോചിച്ച് നിന്ന അവളെ കണ്ട് ഞാന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. “സാര്‍, എന്റെ ഒരു പല്ലിന്റെ ഫില്ലിങ്ങ് ഇളകി, മാനസി അവളുടെ ഡെന്റിസ്റ്റിന്റടുത്ത് എനിക്കായി ഒരു അപ്പോയിന്റ്മെന്റ് ഉറപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് അവള്‍ കൂടെ വന്നേ പറ്റൂ. ഫ്ലൈറ്റിന്റെ സമയത്തിനു മുമ്പ് എനിക്ക് അവിടെ എത്തിയേ പറ്റൂ”. മാനേജര്‍ക്ക് ഞാന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കാന്‍ സമയം കൊടുക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ രണ്ടാളും ലിഫ്റ്റില്‍ കയറിയിരുന്നു.

ഡൈന്റിസ്റ്റ് അപ്പോയിന്റ്മെന്റിനെപ്പറ്റി പറഞ്ഞ് വഴി നീളെ ചിരിച്ചു കൊണ്ട് അവള്‍ എന്നെ എന്റെ ഹോട്ടലില്‍ എത്തിച്ചു. എയര്‍പ്പോര്‍ട്ടില്‍ എത്താന്‍ സമയമുണ്ടോ എന്നുറപ്പില്ലായിരുന്നെങ്കിലും എനിക്കായി മാനേജറുടെ അപ്രീതി വരെ ഗൌരവമായി എടുക്കാതിരുന്ന അവളെ ഞാന്‍ അവസാനമായി ഒരു കോഫിയ്ക്ക് ക്ഷണിച്ചു. കോഫി ഡേ-യിലെ കോള്‍ഡ് കോഫിയ്ക്കും ചോക്കളേറ്റ് റ്റെമ്പ്റ്റേഷനും അപ്പുറവും ഇപ്പുറവുമായി അധികം സംസാരിക്കാതെ കുറെ നേരം. ഒടുവില്‍ “അല്‍വിദനാ കഹനാ” മൂളിക്കൊണ്ടാണ് പിരിഞ്ഞത്.

ഞാന്‍ തിരിച്ച് ബാംഗ്ലൂര്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞാണ് സിദ്ധാര്‍ത്ഥന്‍ എത്തിയത്. “നിനക്ക് പൂനെ ടീമിലൊരാള്‍ ഒരു സമ്മാനം തന്നയച്ചിരുന്നു” എന്നു പറഞ്ഞ് സിദ്ധാര്‍ത്ഥന്‍ ഒരു പൊതി കൈമാറി. ഒരു കമ്പിയില്‍ ഊഞ്ഞാലാടുന്ന മൂന്നു ചിരിക്കുന്ന മുഖങ്ങളുള്ള ഒരു രൂപം, അതില്‍ ഇങ്ങനെ എഴുതിയിരുന്നു “കീപ്പ് സ്പ്രെഡിംഗ് സ്മൈല്‍സ്”...

***

ഒരു വര്‍ഷം മുമ്പത്തെ ആ ഹ്രസ്വകാലഘട്ടം ഇന്നും സുഖമുള്ള ഓര്‍മ്മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ ലണ്ടനിലുള്ള അവള്‍ക്ക് ജന്മദിനാശംസകള്‍ പറഞ്ഞു കഴിഞ്ഞ് പിന്നെയും വളരെ നേരം കൊച്ചു വര്‍ത്തമാനം പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആ ചിരിക്കുന്ന മുഖങ്ങളെ ഒരിക്കല്‍ കൂടി ഊഞ്ഞാലാട്ടി.

Monday, September 11, 2006

മലയാളം ടെമ്പ്ലെറ്റുകള്‍

തമോഗര്‍ത്തങ്ങളില്‍ക്കൂടി അപ്പുറത്തേക്ക് നേരമ്പോക്കിന് നോക്കിയിരിക്കുന്ന ബൂലോകപുലി എന്നോട് മലയാളം ടെമ്പ്ലെറ്റുകള്‍ ഒന്ന് ലിങ്ക് ചെയ്തിടാന്‍ പറഞ്ഞു. ദേ ചെയ്യുന്നു. ബ്ലോഗറിന്റെ അടിസ്ഥാന ടെമ്പ്ലെറ്റുകളുടെ മലയാളം രൂപങ്ങള്‍ കൊടുത്തിരിക്കുന്നു.
DownloadDownload
DownloadDownload
DownloadDownload
DownloadDownload
DownloadDownload
Download


1. ഡൌണ്‍ലോഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന ടെക്‌സ്റ്റ് ഫയല്‍ അതേപടി മഷീനില്‍ സേവ് ചെയ്യുക. എന്നിട്ട് അത് തുറന്ന് ടെക്‌സ്റ്റ് മുഴുവനായി കോപ്പി ചെയ്യുക. ബ്ലോഗറില്‍ സൈന്‍ ഇന്‍ ചെയ്യുക. ബ്ലോഗില്‍ പോകുക. ടെമ്പ്ലെറ്റ് പേജില്‍ പോകുക. അവിടെയുള്ള മുഴുവന്‍ ടെക്‌സ്റ്റും സെലെക്ട് ചെയ്ത് ഡിലിറ്റ് ചെയ്യുക. എന്നിട്ട് നേരത്തെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് വച്ചിരിക്കുന്ന ടെക്‌സ്റ്റ് അവിടെ പേസ്റ്റ് ചെയ്യുക. സേവ് ചെയ്യുക, പബ്ലിഷ് ചെയ്യുക.
2. താഴെ കൊടുത്തിരിക്കുന്ന സെറ്റിങ്ങുകള്‍ അതേ പോലെ കൊടുക്കുന്നതായിരിക്കും നല്ലത്.


Friday, August 25, 2006

എളുപ്പവഴികള്‍

ജീവിതത്തില്‍ കുറുക്കുവഴികളും എളുപ്പവഴികളും തേടിപ്പോകുന്നത് നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ ലോകത്ത് കുറുക്കുവഴികള്‍ പലതും ലഭ്യമാണ്. മൌസ് ഉപയോഗിച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളും കീബോര്‍ഡ് ഷോര്‍ട്ട് കട്ട്സ് ഉപയൊഗിച്ച് വളരെ വേഗം ചെയ്യാന്‍ കഴിയും. താര കഥക്കൂട്ടില്‍ ഇതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടതു കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു കളയാം എന്നു തോന്നിയത്.

ALT-TAB ആണെന്നു തോന്നുന്നു എറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഷോര്‍ട്ട് കട്ട്. ഓഫീസില്‍ ഇരുന്ന് അന്നാ കുര്‍ണിക്കോവയുടെ സൈറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മാനേജര്‍ വരുന്നതു കണ്ടാല്‍ പണിയെടുക്കാനുള്ള വിന്‍ഡോയിലേക്കു മാറാനുള്ള എളുപ്പ വഴി.ഈ ഷോര്‍ട്ട് കട്ടിന്റെ കൂട്ടുകാരനായ വേറെ ഒരു ഷോര്‍ട്ട് കട്ട് ഉണ്ട് - ALT-SHIFT-TAB, വിപരീത ദിശയില്‍ ജാലകങ്ങളില്‍ കൂടി നീ‍ങ്ങാന്‍. ഇത് കുറച്ച് ആളുകളേ ഉപയോഗിക്കാറുള്ളു എന്നു തോന്നുന്നു. ഇതു പോലെ തന്നെ WIN-TAB അടിച്ചു കൊണ്ടിരുന്നാല്‍ ടാസ്‌ക്ക് ബാറിലെ ഐക്കണുകളില്‍ കൂടി നീങ്ങാം.

ഒരു റിസര്‍ച്ച് നടത്താന്‍ വേണ്ടി 43 ജാലകങ്ങള്‍ തുറന്നിട്ടിട്ട് ഡെസ്‌ക്ക് ടോപ്പ് പെട്ടന്ന് കാണണം എന്നു തോന്നിയാല്‍ WIN-D അല്ലെങ്കില്‍ WIN-M ഉപയോഗിക്കാം. ഇനിയിപ്പോ ഈ മിനിമൈസ് ചെയ്ത ജാലകങ്ങള്‍ എല്ലാം കൂടി തിരിച്ചു പ്രതിഷ്ഠിക്കണമെങ്കില്‍ WIN-SHIFT-M അടിച്ചാല്‍ മതി. ഫോക്കസില്‍ ഉള്ള ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ജാലകം ക്ലോസ് ചെയ്യണം എന്നുണ്ടെങ്കില്‍ ALT-F4 ഉപയോഗിക്കാം. എമ്മെസ് വേര്‍ഡ് പോലത്തെ പല ഡോക്യുമെന്റ് തുറക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനില്‍ ഒരു ഡൊക്യുമെന്റ് മാത്രം ക്ലോസ് ചെയ്യാന്‍ CTRL-F4 ഉപയോഗിക്കാം.

ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ജാലകം മാക്സിമൈസ് ചെയ്യാന്‍ ALT-SPACEBAR-X അടിച്ചാല്‍ മതി. ഇനി മിനിമൈസ് ചെയ്യാന്‍ ആണെങ്കിലോ - ALT-SPACEBAR-N അണ് വേണ്ടത്. ALT-SPACEBAR-C അടിച്ചാല്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാനും പ റ്റും. CTRL-W വായിച്ചു കൊണ്ടിരിക്കുന്ന ഡോക്യുമെന്റ് ക്ലോസ് ചെയ്യാന്‍ ഉപയോഗിക്കാം.

മെനുവില്‍ ഉള്ള കാര്യങ്ങള്‍ കീബോര്‍ഡ് ഉപയോഗിച്ച് ചെയ്യുന്നതാണ് അടുത്ത പടി. ഫയല്‍ മെനു തുറക്കാന്‍ ALT-F, റ്റൂള്‍സ് മെനു തുറക്കാന്‍ ALT-T അങ്ങനെ അങ്ങനെ... മെനുവിനുള്ളിലെ സബ്-മെനുവിലേക്കു പോകാനും എളുപ്പമാണ്. ALT-F-S ഉപയോഗിച്ച് ഡോക്യുമെന്റ് സേവ് ചെയ്യാന്‍ സാധിയ്ക്കും, ALT-F-A എന്നു കൊടുത്താല്‍ 'Save As' എന്ന ഡയലോഗ് വരും, നമുക്ക് ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം. സബ്-മെനുവിന്റെ കീബോര്‍ഡ് കരുക്കള്‍ ഓര്‍ത്തു വെയ്ക്കുന്നതും അത്ര ബുദ്ധിമുട്ടല്ല. ALT-D-F-F എന്നത് എക്സല്‍ ഫയലുകളില്‍ ഓട്ടോ ഫില്‍റ്റര്‍ ഇടാനായി ഞാന്‍ ഉപയോഗിക്കാറുണ്ട്. അതു പോലെ തന്നെ ഒരു വേര്‍ഡ് ഡോക്യുമെന്റില്‍ പേജ് ബ്രെയ്ക്ക് കൊടുക്കാന്‍ ALT-I-B എന്നതും പിന്നെ ഒരു എന്റര്‍ കീയും - അത്രയേ വേണ്ടു.

സ്ക്രീനില്‍ എവിടെയെങ്കിലും റെറ്റ് ക്ലിക്ക് ചെയ്യുന്നതിനു പകരം SHIFT-F10 ഉപയോഗിച്ചാല്‍ മതി. ഒരു ഐക്കണ്‍ സെലക്റ്റ് ചെയ്തിട്ട് അതിന്റെ പ്രോപ്പെര്‍ട്ടീസ് ഡയലോഗ് കാണാനായി ALT-ENTER മതി. ഫയര്‍ഫോക്സ് പോലെയുള്ള ടാബ്‌ഡ് ആപ്ലിക്കേഷനില്‍ ടാബുകളില്‍ കൂടെ നീങ്ങാന്‍ CTRL-TAB ഉപയോഗിക്കാം. CTRL-PAGE DOWN എന്നതും CTRL-PAGE UP എന്നതും ഉപയോഗിച്ച് എമ്മെസ് എക്‌സല്‍-ലെ ഒരു ഷീറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മൌസ് ഇല്ലാതെ മാറാം.

ഹെല്പ് കിട്ടാന്‍ F1 ഞെക്കുക എന്നത് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം എന്നു തോന്നുന്നു. F2 എന്നത് സെലക്റ്റ് ചെയ്ത ഫയലിന്റെ പേരു മാറ്റാന്‍ ഉപയോഗിക്കാം. CTRL-F അടിച്ചാല്‍ സേര്‍ച്ച് ചെയ്യാനുള്ള ഡയലോഗ് വരും. അവിടെ ഒരു തവണ പരതിക്കഴിഞ്ഞ് വീണ്ടും പരതണമെങ്കില്‍ F3 അടിച്ചാല്‍ മതി. ഫയല്‍/ഫോള്‍ഡര്‍ സേര്‍ച്ച് ചെയ്യുന്ന വിന്‍ഡോസ് ഡയലോഗ് കിട്ടാനായി WIN-F മതി.

ഇനി എമ്മെസ് വേര്‍ഡ് പോലത്തെ ഡോക്യുമെന്റ് എഡിറ്റിങ്ങ് ആപ്ലിക്കേഷനകത്ത് അല്പം. CTRL-S മിക്കവാറും എല്ലായിടത്തും സേവ് ചെയ്യുന്നു. CTRL-RIGHT ARROW യും CTRL-LEFT ARROW എന്നിവ ഉപയോഗിച്ച് വാക്കുകള്‍ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കാം. ഡോക്യുമെന്റില്‍ ഏറ്റവും മുകളിലേക്കു പോകണെമെങ്കില്‍ CTRL-HOME ഉം എറ്റവും താഴേക്കു പോകണമെങ്കില്‍ CTRL-END ഉം ഉപയോഗിക്കാം. കുറച്ച് റ്റെക്‌സ്റ്റ് സെലക്റ്റ് ചെയ്തിട്ട് CTRL-B അടിച്ചാല്‍ ബോള്‍ഡ് ആവും, CTRL-I അടിച്ചാല്‍ ഇറ്റാലിക്സ് ആവും. വാക്കുകള്‍ ഫൈന്‍ഡ് ചെയ്യാന്‍ CTRL-F ഉപയോഗിക്കാം. ഏതെങ്കിലും ഒരു പ്രത്യേക വരിയിലേക്കു പോകണമെങ്കില്‍ CTRL-G അടിച്ചിട്ട് ലൈന്‍ നമ്പര്‍ കൊടുത്താല്‍ മതി.

ഇനി ശരിയ്ക്കും ഷോര്‍ട്ട് കട്ട് എന്നു വിളിക്കാനാവത്ത ചില കീ ബോര്‍ഡ് കോമ്പിനേഷന്‍സ്. പക്ഷെ മൌസ് ഉരുട്ടി ഐക്കണ്‍ കണ്ടു പിടിച്ച് ക്ലിക്ക് ചെയ്യുന്നതിനു മുമ്പെ തന്നെ ഇവ ഉപയോഗിച്ച് കാര്യം നടത്താം. WIN-R എന്നു ടൈപ്പ് ചെയ്താല് Run prompt കിട്ടും. ഇനി ഈ പ്രൊംപ്റ്റില് നിന്ന് പല ആപ്ലിക്കേഷനും ലോഞ്ച് ചെയ്യാന് പറ്റും. winword എന്ന് റണ്‍ പ്രൊംപ്റ്റില് ടൈപ്പ് ചെയ്ത് എന്റര്‍ അടിയ്ക്കൂ, എമ്മെസ് വേര്‍ഡ് തുറക്കും. iexplore എന്നാണെങ്കിലല്‍ ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററും വെറുതെ explorer എന്ന് കൊടുത്താല്‍ വിന്‍ഡോസ് എക്സ്‌പ്ലോററും തുറക്കും. വിന്‍ഡോസ് എക്സ്‌പ്ലോറര്‍ തുറക്കാന് വേണ്ടി WIN-E ഉപയോഗിക്കുന്നതായിരിയ്ക്കും എളുപ്പം. റണ്‍ പ്രൊംപ്റ്റില്‍ പരീക്ഷിച്ചു നോക്കാനുള്ള മറ്റു ചില കാര്യങ്ങളാണ് notepad, mspaint, devenv...

ഇനി ഒരു ലോങ്ങ് കട്ട് - CTRL-ESC അടിച്ചാല്‍ start menu ഓപ്പണ്‍ ആവും. വെറുതെ WIN key-ടെ പുറത്ത് വിരല്‍ എടുത്തു വെച്ചാലും മതി.

ഒരുപാട് പ്രശസ്തമായ ഒരു കീ കോമ്പിനേഷനന്‍ മറക്കുന്നില്ല - CTRL-ALT-DEL

ഓക്കെ , എന്നാല്‍ ഞാന്‍ WIN-L അടിച്ച് ലോഗ്-ഓഫ് ചെയ്യട്ടെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിയ്ക്കുക.

Thursday, August 17, 2006

സിനിമ സിനിമ

ഒന്നു രണ്ടു ദിവസമായി സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തു നിന്നുമായി കേള്‍ക്കുന്നു. എനിക്കിഷ്ടപ്പെട്ട ചില ‘വ്യത്യസ്ത’ ചിത്രങ്ങളെപ്പറ്റി അല്‍പ്പം.

Diarios de motocicleta
ഇംഗ്ലീഷ് സബ്‌ടെറ്റില്‍ ഉള്ള സ്പാനിഷ് പടമാണ് ഞാന്‍ കണ്ടത്. ഏര്‍ണെസ്റ്റോ ഗുവെര എന്ന വൈദ്യവിദ്യാര്‍ത്ഥി സുഹൃത്ത് ആല്‍ബെര്‍ട്ടോ ഗ്രന്‍ഡോയൊടൊപ്പം 1952-ല്‍ ദക്ഷിണ അമേരിക്ക മുഴുവന്‍ ഒരു പഴഞ്ചന്‍ ബൈക്കിലും പിന്നെ കാല്‍നടയായും പര്യടനം നടത്തിയതിന്റെ അതി മനോഹരമായ ചലച്ചിത്രാവിഷ്‌കാരം. നയനാന്ദകരമായ ദക്ഷിണ അമേരിക്കന്‍ പ്രകൃതി ഭംഗിയും ത്രസിപ്പിയ്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലുടനീളം ഉടനീളം നമ്മെ അമ്പരപ്പിക്കുന്നു. യാത്രയ്ക്കിടയില്‍ ഏര്‍ണെസ്റ്റോ തന്റെ പെണ്ണ് ചെച്ചീനയെ കാണാന്‍ അവളുടെ വില്ലയില്‍ എത്തുന്നതും പിന്നെ സാന്‍പാബ്ലോയിലെ കുഷ്ടരോഗ കേന്ദ്രത്തില്‍ ഏര്‍ണെസ്റ്റോയും രോഗികളും തമ്മിലുള്ള ആത്മബന്ധവും എല്ലാം വളരെ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിയ്ക്കുന്നു. ‘ചെ’ എന്ന മഹാപ്രസ്ഥാനമായി ഏര്‍ണെസ്റ്റോ വളരുന്നതിന്റെ ആരംഭം ഈ യാത്രയില്‍ നിന്നാണെങ്കിലും ചലച്ചിത്രം ഒരു രാഷ്ട്രീയ ചിത്രമല്ല.

Schindler's List
ഒരുപാട് രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു നല്ല ചിത്രം. ആദ്യം കണ്ടു തുടങ്ങി കുറെ നേരത്തേക്ക് എനിക്ക് ഇഷ്ടപ്പെടാതിരുന്ന ചിത്രം. ഒടുവില്‍ ലയിച്ചിരുന്ന് മൂന്നു മണിക്കൂറില്‍ കൂടുതലുള്ള ഈ ചിത്രം കുറെയധികം തവണ കണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടില്‍ നടന്ന കഥ. നാസി അനുയാ‍യിയായിരുന്ന ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ പിന്നീട് മനസ്സുമാറി, 1000-ഓളം പോളിഷ് ജൂതന്മാരെ രക്ഷിച്ച കഥ. ഷിന്‍ഡ്‌ലറുടെ ഫാക്‌ടറിയിലെ തൊഴിലാളികളുടെ ലിസ്റ്റില്‍ ഈ ജൂതന്മാരെ ഉള്‍ക്കൊള്ളിച്ച് അവരെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച് തന്ത്രം. ആ ലിസ്റ്റ് പോലെ തന്നെ മഹത്തായ വെളുപ്പിലും കറുപ്പിലും എടുത്ത ചിത്രം.

Forrest Gump
ഒരു മന്ദബുദ്ധി ജീവിതമാകുന്ന ഓട്ടമത്സരം ഓടിത്തീര്‍ക്കുന്ന പ്രചോദനദായക കഥ. റ്റോം ഹാങ്ക്സ്-ന്റെ ‘മാരക’ അഭിനയം. ചെറുപ്പത്തില്‍ പലപ്പോഴും സഹപാഠികളാല്‍ പരിഹസിയ്ക്കപ്പെടുന്ന ഫോറസ്റ്റ് ഗമ്പ് എന്ന നായകകഥാപാത്രം പിന്നീട് യാദൃശ്ചികമായി 1950 മുതല്‍ 1970 വരെ അമേരിക്കയുടെ പല ചരിത്രപ്രധാന സംഭവങ്ങളിലും ഭാഗഭാക്കാവുന്നതും, പല പ്രമുഖരെയും മുഖാമുഖം കാണുന്നതും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. പക്ഷെ ഫോറസിന്റെ പ്രാണനായിരുന്ന ജെന്നി മാത്രം എപ്പോഴും അവന് കിട്ടാക്കനി ആയിരുന്നു. ജീവിതം അന്ധമായി ഓടിത്തീര്‍ത്ത ഒരു മന്ദന്‍.

Memento
ഇതിന്റെ കഥ എനിക്ക് അത്ര മെച്ചപ്പെട്ടതായി തോന്നിയില്ല, എന്നാല്‍ എടുത്തിരിയ്ക്കുന്ന രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ചെറിയ ചെറിയ ഓര്‍മ്മ ഇടവേളകള്‍ മാത്രം ഉള്ള ഒരു മനുഷ്യന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ത്രില്ലര്‍. നായകന്റെ ഓര്‍മ്മ ഇടവേളകളുടെ അത്ര തന്നെ നീളമുള്ള ഷോട്ടുകള്‍, അതും സമയത്തിന്റെ അവരോഹണക്രമത്തില്‍ അടുക്കിയിരിയ്ക്കുന്നു. തികച്ചും ഒരു വ്യത്യസ്ത ചിത്രം.

Bedazzled
“കാണുന്ന സ്വപനങ്ങളൊക്കെ ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു ...” എന്ന കവിയുടെ സന്ദേഹത്തിന് ഒരു മറുപടി. ബ്രെന്‍ഡന്‍ ഫ്രെയ്സറുടെ വളരെ നല്ല അഭിനയം. ഒരു ഫാന്റസി ചിത്രമാണിത്. ചോദിച്ച വരങ്ങളൊക്കെ ലഭിച്ചിട്ടും അതിലൊന്നും തൃപ്തനാവാതെ പ്രയാണം തുടരുന്ന നായകന്‍. ഓരോ വരത്തോടുമൊപ്പം അയാള്‍ക്ക് പുതിയ ഒരു വ്യക്തിയായി ജീ‍വിക്കേണ്ടി വരുന്നു. ഓരോന്നിലുമുള്ള രൂപമാറ്റങ്ങളും അഭിനയവും സ്പെഷ്യല്‍ ഇഫക്‌സും എല്ലാം അത്യുഗ്രന്‍ എന്നേ പറയാനുള്ളു. യഥാര്‍ത്ഥ സന്തോഷം മനുഷ്യന്റെ ഉള്ളില്‍ നിന്നു വരുന്നു എന്ന പ്രാഥമിക തത്ത്വം ഒരിയ്ക്കല്‍ കൂടി.

(ഇനിയും കൂട്ടണമെന്നുണ്ട്. മടി :)
കമന്റായി കിട്ടിയ സിനിമകള്‍ കൂടി ചേര്‍ക്കുന്നു.
Inji Pennu ഫ്രെഞ്ച് പടം Amelie, വൂഡി അല്ലന്‍ മൂവീസ്, Zorba the Greek, കിരീടം , ശ്രീനിവാസന്റെ എല്ല്ലാ സിനിമയും(വടക്കുനോക്കിയന്ത്രം ക്ലാസ്സിക്), Mr. and Mrs. Iyer, A Beautiful Mind, Gladiator, L.A. Confidential
ആനപ്പുറത്തേറിയ(?) Anonymousകാസാബ്ലാങ്ക, പഴയ Clint Eastwood വെസ്റ്റേണ്‍‌സ്, Jewel of the Nile സീരീസ്, Indiana Jones (പൊതുവെ സ്പീ‍ല്‍‌ബര്‍‌ഗ്ഗിന്റെ എല്ലാം), When Harry Met Sally, The Scent of a Woman, റാഷൊമോണ്‍, Jim Carrieയുടെ തമാശപ്പടങ്ങള്‍ (പ്രത്യേകിച്ചും Ace Ventura പടങ്ങള്‍ രണ്ടും. പിന്നെ ഒരു പഴയ ജിം കാരി പടമുണ്ട് - Once Bitten), Naked Gun പടങ്ങള്‍, Airplane, My Cousin Vinny, Silence of the Lambs
Adithyan Top Gun, When harry met sally, You got mail, erin brockovich
ബിരിയാണിക്കുട്ടി Mukundetta Sumithra Vilikkunnu, Pattana Pravesam, Gandhinagar Second Street, Varavelpu
വക്കാരിമഷ്ടാ ബാലന്‍, ജ്നാനസുന്ദരി, കണ്ടം ബെച്ച കോട്ട്, newspaper boy, എനിമി അറ്റ് ദ ഗേറ്റ്സ് , നോ മാന്സ് ലാന്റ്, സ്ലീപ്‌ലെസ്സ് ഇന്‍ സിയാറ്റില്‍, കാസ്റ്റ് എവേ, റണ്‍ എവേ ജ്യൂറി, ഗ്രീന്‍ മൈല്‍ , ലോസ്റ്റ് ഇന്‍ ട്രാന്‍സ്‌ലേഷന്‍
Thulasi Pather panchali (Bengali), Life is beautiful (Italy), somthing like happiness (Checzh), city of god (Brazil ), motor cycle diaries (spanish ), Amelie (French), No man's land (Bosnia), Anbe Sivam (Tamil), Machis (Hindi)
വയനാടന്‍ [An Occurrence At Owl Creek Bridge (heavy drama)1961- direction-Robert Enrico cast-Roger Jacquet,Anne Cornaly], [The sacrifice (tarkovsky)-1986], [does'kaden(kurasova)-1970], [wages of fear 9h.g. clouzot)1953], [Amistad-1997(war,drama) spielberg cast-Morgan Freeman, Anthony Hopkins], [enemy at the gates- 2001 (war,drama) Cast-Jude Law,Ed Harris.....], [savior-1998(war,drama, action) cast-dennis Quaid], [cast away-2000(drama,action) cast-tom hanks], [Chandni Bar-2002 direction-MADHUR Bhandarkar
cast-Tabu,Atul Kulkarni], [Mr.and Mrs.Iyer-2002 direction-Aparna Sen cast-Rahul Bose,Konkona Sen Sharma], Bycycle thieves,intolerance,omar mukhtar,seventh seal, pather panjali,aparajitho
ഷിജു അലക്സ്‌Saving Private Ryan, Sound of Music, Benhur, Ten Commandments,
vere anony Gloomy Sunday
അരവിന്ദ് ബാറ്റില്‍‌ഷിപ്പ് പോട്ടംകിന്‍ , ഡാന്‍‌സെസ് വിത്ത് ദി വൂള്‍ഫ്സ്, സൈലന്‍സ് ഓഫ് ദി ലാംബ്‌സ്, ഫിലാഡെല്‍ഫിയ, ഡെഡ് മാന്‍ വാക്കിംഗ്, ഫോറെസ്റ്റ് ഗം‌പ്, കാസ്റ്റ് എവേ, ദി തിന്‍ റെഡ് ലൈന്‍, സേവിംഗ് പ്രൈവറ്റ് റ്യാന്‍, കസീനോ, ഗ്യാങ്ങ്സ് ഓഫ് ന്യൂ യോര്‍ക്ക്, ദി മഞ്ചൂറിയന്‍ കാന്‍‌ഡിഡേറ്റ് ( ജോനാതന്‍ ഡെമ്മെയുടെ ഫാനാണെങ്കില്‍ ഇഷ്ടപ്പെടും...), ക്രിംസണ്‍ റ്റൈഡ്, സൈന്‍‌സ്, ദി ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ഗ്ലാഡിയേറ്റര്‍, [ഫീല്‍ ബാഡ് മൂവീസ്]> ഓപെണ്‍ വാട്ടേര്‍സ്, ആര്‍ളിംഗ്ടണ്‍ റോഡ്, മിസ്റ്റിക് റിവര്‍, മില്ല്യണ്‍ ഡോളര്‍ ബേബി, ബോയ്സ്‌ ഡോണ്ട് ക്രൈ, [ഹൊറര്‍..മസ്റ്റ് സീ]> എക്സോര്‍സിസം ഓഫ് എമിലി റോസ്, ബ്ലേയര്‍ വിച്ച് പ്രോജക്റ്റ്, “ലോസ്റ്റ്“ എന്ന സീരീസ്
പെരിങ്ങോടന്‍കള്ളന്‍ പവിത്രന്‍, നിഴല്‍ക്കുത്തു്, പുഷ്പകവിമാനം, Rebel without a cause, Sahib Bibi Aur Ghulam, Pyaasa (Gurudutt), The Gods must be crazy, Mr & Mrs Iyer, പഞ്ചവടിപ്പാലം
kuma® motorcycle diaries, The postman, the godfather, cast away, french connection, life is beautiful, റൈഡേര്‍സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്ക്, ജിം കാരിയുടെ ‘മാസ്ക്’, kill bill series, the lord of rings series ല്‍ ചിലത്, my best friends wedding, the sixth sense, psyco
Anonymousലങ്ക, ഭരത്ചന്ത്രന്‍ IPS, ഇന്‍സ്പെക്റ്റര്‍ ബല്‍രാം, പചകുതിര, രാജമാണിക്യം, തുറുപ്പു ഗുലാന്‍, നരസിംഹം, മധുചന്ദ്രലേക, സസ്നേഹം സുമിത്ര, ലൊകനാതന്‍ IAS, അനന്തഭത്രം, പാവം ക്രൂരന്‍, 5.30ക്കുള്ള വണ്ടി, പാവം ലിസ, നീലക്കുറുക്കന്‍, CID മൂസ, The Hills have the eyes, The texas chainsaw massacre.
സിദ്ധാര്‍ത്ഥന്‍AS GOOD AS IT GETS, FEW GOOD MEN, MEN OF HONOUR, Dr. Zchivago (വിപ്ലവാനന്തര റഷ്യയുടെ പശ്ഛാത്തലത്തിൽ ഒരു (ഇരട്ട?)പ്രണയ കഥ. ബോറിസ് പാസ്റ്റർനാക്കിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം), Amistad 'ലാ അമിസ്റ്റഡ്' എന്ന സ്പാനിഷ് കപ്പലിലെ അടിമകൾ കലാപമുണ്ടാക്കി രക്ഷപെട്ടു് അമേരിക്കൻ തീരങ്ങളിൽ വന്നടിഞ്ഞ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി സ്പീൽബർഗ് എടുത്ത ചിത്രം, A time to kill, The runaway jury, The client നോവലിനേക്കാൾ മൊശമായിപ്പോയി. ഷിവാഗോ കണ്ടപ്പോല്‍ David leanന്റെ കൂടുതല്‍ പടങ്ങള്‍ തിരക്കി. ദേവന്‍ മുന്‍പേ നിര്‍ദ്ദേശിച്ചിരുന്ന bridge on the river kwai ഉം പിന്നെ Lawrence of Arabiaയും കിട്ടി.
ജേക്കബ്‌ ജേക്കബിന്റെ ലിസ്റ്റ്
സ്നേഹിതന്‍ Cast Away, A Beautiful Mind, Silver Bullet, Savage Harvest
പാപ്പാന്‍‌ in and as പാപ്പാന്‍‌ ;)“താഴ്വാരം”, “ആള്‍‌ക്കൂട്ടത്തില്‍ തനിയെ”, “സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്”, “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” എന്നിവ (പദ്‌മരാജന്‍, ഭരതന്‍, ഹരിഹരന്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, പ്രിയന്‍, കെ എസ് ഗോപാലകൃഷ്ണന്‍ സാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കു പുറമെ എന്നു വിവക്ഷ).
കണ്ണൂസ്‌ [English & Foreign Languages] Citizen Kane - Orson Welles Wild Strawberries - Bergmann The Mirror - Tarkvesky And the ships Sail On - Fellini Taste of Cherry - Abbas Kiarostami Bridge on the River Kwai - David Lean Raging Bull - Martin Scorsese (ഡീ നീറോ ലോകത്തിലെ ഏറ്റവും നല്ല നടന്‍ ആകുന്നത്‌ എങ്ങിനെയെന്നറിയണമെങ്കിലും million dollar baby എന്തു തരം ട്രാഷ്‌ ആണെന്നറിയണമെങ്കിലും ഈ പടം കാണണം). പിന്നെ കുറേ പടങ്ങള്‍ ഇവിടെ തന്നെ പറഞ്ഞു കേട്ടു. Dances with Wolves, Forrest Gump, The Beautiful Mind എന്നിവ യഥാക്രമം കോസ്റ്റ്‌നറുടേയും, ടോം ഹാങ്ക്സിന്റേയും റസല്‍ ക്രോവിന്റേയും മാസ്റ്റര്‍ പീസുകള്‍ തന്നെ. അതു പോലെ ലിയാം നീസന്റെ മാസ്റ്റര്‍ പീസ്‌ Michel Collins-ഉം (അല്ല, ഷിന്‍ഡ്‌ലറേ ഓര്‍മ്മ വെച്ചു കൊണ്ടു തന്നെയാണ്‍ പറയുന്നത്‌) ടോം ക്രൂയിസിന്റേത്‌ Jerry Maguire-ഉം ആണെന്ന് തോന്നുന്നു.
[മലയാളം:]
അശ്വത്ഥാമാ, പുരുഷാര്‍ത്ഥം, സ്വരൂപം - കെ.ആര്‍.മോഹനന്‍, കടല്‍ത്തീരത്ത്‌, കാവേരി, ജനനി - രാജീവ്‌ നാഥ്‌, അപരാഹ്‌നം (ബാബു ആന്റണിയുടെ കഴിവ്‌ മനസ്സിലാക്കാന്‍ ഈ പടം കാണുക), കഴകം, ശയനം - എം.പി.സുകുമാരന്‍ നായര്‍, ശേഷം - ടി.കെ. രാജീവ്‌ കുമാര്‍ നിര്‍മാല്യം, കടവ്‌ - എം.ടി., ഋഷിവംശം, മേഡ്‌ ഇന്‍ യു.എസ്‌.എ. - രാജീവ്‌ അഞ്ചല്‍
Jithu a very long engagement, the english patient, identity, paycheck
ആര്‍ദ്രംചൊക്ലെറ്റ് (ഫ്രഞ്ച്), Amelie
ബിജോയ്‌ മോഹന്‍ മണിചിത്രത്താഴ്‌, The Fugitive, പെരുവണ്ണാപുരത്തെ വിശേഷങ്ങല്‍, പുഷ്പകവിമാനം, പേജ്‌3 (hindi), തൂവനതുമ്പികള്‍, ആരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പഞ്ഞവടിപാലം, രംജി റാവു സ്പീകിംഗ്‌, ഇംഗ്ലീഷ്‌ മീഡിയം, ഉയരങ്ങളില്‍, അമൃതം ഗമയ, കാര്യം നിസ്സാരം, ഓരു വടക്കന്‍ വീരഗഥ, മുന്നാഭായ്‌ M.B.B.S
pranavpattanapravesam,kilukkam, chinthavistayaya syamala,gandhinaga,vadakkunokkiyanthram, mukundetta sumitravilikkunnu, chithram
ദിവാ (ദിവാസ്വപ്നം പോള്‍ ജിയാമാട്ടി (ഗിയാമാട്ടി)യുടെ ചിത്രം : ‘സൈഡ് വേയ്സ്'.
ലീഡ് ക്യാരക്ടേഴ്സ് :
നോവലിസ്റ്റാകാന്‍ ആഗ്രഹിച്ച് പരാജയപ്പെട്ട ഒരു ഹൈസ്കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ് പോള്‍ അവതരിപ്പിക്കുന്ന മൈത്സ് എന്ന നായകന്‍. കൂട്ടിന്, ഹോളിവുഡ് നടനാകാന്‍ ശ്രമിക്കുന്ന ജാക്ക് എന്ന സുഹൃത്തും. പോളിന്റെ വൈന്‍-പ്രേമവും വൈനറികളും ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.
പ്ലോട്ട് :
ജാക്കിന്റെ വിവാഹത്തിന് മുന്‍പ്, ഒന്ന് അടിച്ചുപൊളിച്ച് ആഘോഷിക്കാനായി കാലിഫോര്‍ണിയയുടെ വൈന്‍ കണ്ട്രിയിലൂടെ ഇരുവരും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കാതല്‍ ഭാഗവും.
ഹൈലൈറ്റ് :
വര്‍ഷങ്ങളോളം മണ്ണീനടിയില്‍ കുഴിച്ചിട്ട വൈന്‍ സംഭരണികളെയും അത് കുഴിച്ചിട്ട കാലത്തെ മനുഷ്യരെപ്പറ്റിയും മൈത്സ് നടത്തുന്ന ഒരു ഗൃഹതുരത നിറഞ്ഞ കമന്റാണ് ചിത്രത്തില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗം
വാര്‍ണിംഗ് :
അപ്രതീക്ഷിതമായ നേരത്ത് ഉള്ള, ചില ഹോട്ട് സീനുകള്‍ ചിത്രത്തിലുണ്ട്. മൊത്തത്തില്‍ വളരെ സ്മൂത്ത് ആയിപോകുന്ന, ആസ്വദിച്ച് കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും ഒറ്റ നോട്ടത്തില്‍ ഗുണപാഠമൊന്നും കിട്ടിയെന്ന് വരില്ല. എന്നാലും, പിന്നീട് ഓര്‍ക്കുമ്പോള്‍ അപ്രധാനമല്ലാത്തൊരു മെസ്സേജ് ഈ സിനിമയില്‍ ഉണ്ട് എന്ന് തോന്നുന്നു...


ഇഞ്ചിപ്പെണ്ണിന്റെ ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ് എന്ന പോസ്റ്റും സിനിമകള്‍ക്കായുള്ള ഒരു ത്രെഡ് ആണ്.

Friday, August 04, 2006

പ്രോജക്റ്റ് കോഡ് പി 230

ലക്ഷ്മി: ഇന്നെങ്ങോട്ടാ?

അനില്‍: ജെഫ്രീസ് പബ്

നീന: പറ്റില്ലാ… ഞങ്ങളും ഉള്ളപ്പോ പബ്ബില്‍ പോകാന്‍ പറ്റില്ലാ. നമുക്ക് ബോളിംഗിനു ഹീരനന്ദാനിയില്‍ പോകാം

അരവിന്ദ്: അമ്മക്കുട്ടികള്‍ രണ്ടാളും നേരെ വീട്ടില്‍ പോ. ഞങ്ങടെ ഒരു നല്ല വെള്ളിയാഴ്ച വെയ്സ്സ്റ്റാക്കല്ലേ..

ലക്ഷ്മി: നീ പോടാ, രൂപാലീ ഒന്നു പറയൂ പ്ലീസ്, ബോളിംഗിനു പോകാമെന്ന്. വല്ലപൊഴും ഒരു വെള്ളിയാഴ്ചയാ ഞങ്ങള്‍ക്ക് വരാന്‍ തന്നെ കിട്ടുന്നത്.

രൂപാലി: ഗയ്‌സ്, എത്ര തവണ പറഞ്ഞിട്ടുണ്ട് വാവകളുള്ളപ്പോ ബോളിംഗ് മതി, പബ് വെണ്ടാന്ന്? ഹഹഹഹ്… ഇന്നു ബോളിംഗ് തന്നെ.

അരവിന്ദ്: ഓ ശരി. പ്രോജക്ട് ലീഡ് പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ… ഉത്തരവ് മാം..

അനില്‍: ഓക്കെ ദെന്‍. എല്ലാരും പെട്ടെന്ന് പണി തീര്‍ത്തെ. അഞ്ചരയ്ക്ക് ഇറങ്ങണം.

രൂപാലി: വെള്ളിയാഴ്ച വൈകിട്ടായാല്‍ ഗ്രൂപ് ലീഡിനു പണിയുടെ ആധി കേറും.

സംഭാഷണത്തില്‍ പങ്കുചേരാതെയിരുന്ന് പണിയെടുക്കുകയായിരുന്ന എന്നെ ചൂണ്ടിയായിരുന്നു രൂപ്‌സിന്റെ അവസാനത്തെ കൊട്ട്. ലക്ഷ്മിയും നീനയും കൂടെയുള്ളപ്പോഴൊക്കെ ഞങ്ങള്‍ വെള്ളിയാഴ്ച പാര്‍ട്ടികള്‍ നടത്താന്‍ ഹീരനന്ദാനി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പബ്ബില്‍ വരാന്‍ രണ്ടിനും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മമാരോട് കളവു പറയുന്നതൊഴിവാക്കാനായി അവരതു വേണ്ടെന്നു വെച്ചിരുന്നു. അവരില്ലാത്ത വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ ബാക്കി ‘മുതിര്‍ന്നവര്‍’ ജെഫ്രീസിലായിരുന്നു പോയിരുന്നത്. വെള്ളിയാഴ്ചകള്‍ ആഘോഷിയ്ക്കുക എന്നത് ഞങ്ങളുടെ പ്രോജക്ട് ഗ്രൂപ്പിന് മുടക്കാനാവാത്ത ഒരു ചിട്ടയായി മാറിയിരുന്നു. ഒന്നെങ്കില്‍ ഏതെങ്കിലും പബ്ബ് അല്ലെങ്കില്‍ ഹീരാ നന്ദാനിയില്‍ ബോളിംഗും പിന്നെ മിക്കവാറും പിസ്സാഹട്ടില്‍ അത്താഴവും.

ഞാന്‍: ഒരു സ്‌ട്രൈക്ക് കാണണമെങ്കില്‍ എല്ലാവരും നോക്കിക്കോ

അരവിന്ദ്: പതിവു പോലെ അതും ഗട്ടര്‍.

രൂപ്‌സ്: നീ ഈ ഡയലോഗ് പറയുമ്പോഴൊക്കെ നമ്മുടെ ടീമിന്റെ പോയന്റ് കുറയും. ഒന്ന് വായ അടച്ചു വെച്ച് കളിയ്ക്കാമോ?

ഓരോ സ്‌ട്രൈക്കും കഴിയുമ്പോള്‍ നീന ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടുന്നത് കൌതുകകരമായ കാഴ്ചയാണ്. അവളെനിയ്ക്കു വേണ്ടി ആര്‍ത്തു വിളിക്കുന്നതിന്റെ സന്തോഷത്തിനു വേണ്ടിയാണ് കുറെ ഞായറാഴ്ചകളിലെ നട്ടുച്ചകളും പിന്നെ അത്യാവശ്യം നല്ല സംഖ്യകളും ബലി കഴിച്ച് ബോളിംഗ് പ്രാക്ടീസ് നടത്തി പിന്നുകളെല്ലാം എറിഞ്ഞിടാന്‍ പടിച്ചത്. അന്ന് പിരിഞ്ഞപ്പോള്‍ ആരോ സൂചിപ്പിച്ചിരുന്നു എല്ലാവരും കൂടി ഞായറാഴ്ച നീനയുടെ വീട്ടില്‍ അവളുടെ ജന്മദിനം ആഘോഷിക്കാന്‍ പോകുന്നതിനെപ്പറ്റി. ഞായറാഴ്ച വെറുതെ കളയാന്‍ താല്‍പ്പര്യമില്ലായിരുന്നെങ്കിലും നീനയുടെ സന്തോഷത്തിനായി സമ്മതിച്ചു.

ഞായറാഴ്ച രാവിലെ മൊബൈലിന്റെ ശബ്ദം കേട്ടാണുണര്‍ന്നത്. അഡ്രസ്സ് ബുക്കിലില്ലാത്ത നമ്പര്‍. “ഹെല്ലോ, ഇതു ഞാനാണ് വിശ്വജിത്ത്.” വിഷു എന്ന എല്ലാവരും വിളിയ്ക്കുന്ന ഞങ്ങളുടെ അടുത്ത പ്രോജക്റ്റിലുള്ള, എപ്പോഴും ചിരിക്കുന്ന പയ്യന്‍. ഇവനെന്തിന് ഞായറാഴ്ച രാവിലെ തന്നെ എന്നെ വിളിക്കണം എന്നാലോചിച്ചു കൊണ്ട് ‘ഹെല്ലോ‘ പറഞ്ഞു. അവന്‍ വലിയ സന്തോഷത്തില്‍ തുടര്‍ന്നു “നീ വരുന്നില്ലേ നീനയുടെ വീട്ടില്‍? ഞാന്‍ ഇപ്പൊള്‍ത്തന്നെ കാറുമായി എത്താം, നീ റെഡിയായിരിയ്ക്ക്”. ഉറക്കം വിട്ടുമാറാത്തതിനാല്‍ ‘ഏതു നീ‍ന?‘ എന്നാണ് ചോദിയ്ക്കാന്‍ തോന്നിയത്. എന്നാലും അവന്‍ ഞങ്ങളുടെ പ്രോജെക്ടിലെ നീനയുടെ കാര്യത്തില്‍ ഇത്ര താല്‍പ്പര്യത്തോടെ കാറൊക്കെ എടുത്ത് എത്തുന്നതിനാല്‍ പെട്ടെന്നു തന്നെ വരാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. കുളിയ്ക്കുമ്പോഴും ആലോചിച്ചത് ജന്മദിനത്തിനൊക്കെ വീട്ടിലെത്താന്‍ മാത്രം അവര്‍ തമ്മിലെന്തു പരിചയം എന്നായിരുന്നു. ശരിയാണ് അവര്‍ ഒരു ഗ്രൂപ്പായി ഇടയ്ക്കിടയ്ക്ക് സംസാരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു മണിക്കൂറോളം എടുത്ത് അവളുടെ വീടിനടുത്തെത്തിയപ്പൊഴാണ് അവന്‍ സമ്മാനം വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. ഒരോ ബുക്കെ പൂവ് വാങ്ങാം എന്ന ആശയം പറഞ്ഞതും അവന്‍ തന്നെ. ഒരു പൂക്കടയുടെ മുമ്പില്‍ വണ്ടി നിന്നു. പൂക്കള്‍ തിരഞ്ഞു കൊണ്ടിരുന്നതിനിടയിലാണ് വിശ്വജിത്ത് പൂക്കളുടെ നിറങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞത്. വെള്ള സൌഹൃദത്തെക്കുറിയ്ക്കുന്നത്രെ, ചുവപ്പ് റോസുകള്‍ പരിശുദ്ധ പ്രണയത്തിന്റെ പ്രഖ്യാപനവും. എന്നാല്‍ അവള്‍ക്ക് ഒരു കുല ചുവപ്പ് റോസ് തന്നെ കൊടുത്തുകളയാം എന്നു പറഞ്ഞ് ഞാന്‍ അതു തന്നെ തിരഞ്ഞെടുത്തു. അവന്‍ വെള്ള റോസുകളും. അവളുടെ വീട്ടിലെത്തി സമ്മാനം കൊടുക്കാന്‍ നേരത്താണ് ഞങ്ങളുടെ പൂക്കള്‍ മാറിപ്പോയ കാര്യം ഞാന്‍ ശ്രദ്ധിച്ചത് - കാറിന്റെ പുറകിലെ സീറ്റില്‍ നിന്നെടുത്തപ്പോള്‍‍ മാറിയതാവാം. അവന്‍ കൊടുത്തതായിരുന്നു ചുവപ്പുപൂക്കള്‍.

ലക്ഷ്മിയും അനുവും അരവിന്ദും ഉണ്ടായിരുന്നു നീനയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക്. വീട്ടില്‍ ഭക്ഷണം കഴിഞ്ഞ് അടുത്ത പരിപാടി ലോണാവ്‍ല ഡ്രൈവ് ആയി തീരുമാനിയ്ക്കപ്പെട്ടു. വിഷുവിന്റെ ഐക്കണില്‍ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍. വളവുകള്‍ വീശിയെടുത്ത്, കയറ്റങ്ങള്‍ ഇരച്ചു കയറി ഞങ്ങള്‍ ലോണാവ്‌ലയില്‍ പെട്ടെന്നെത്തി. ഹെവന്‍സ് ഡെക്ക് എന്ന വ്യൂപോയന്റില്‍ സമയം കളയാനായിരുന്നു എല്ലാവരുടെയും തീരുമാനം. പതിവു കളിയാക്കലുകളും അന്താക്ഷരിയുമൊക്കെയായി സമയം നീങ്ങി. എങ്ങനെയോ വര്‍ത്തമാനം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രീതികളില്‍ എത്തി. നീനയായിരുന്നു ആ വിഷയം എടുത്തിട്ടത്.

വിഷു: ഇവിടുത്തെ ആസ്ഥാന കാമുകനായ നീ തന്നെ കാണിയ്ക്ക് എങ്ങനെയാണെന്ന്.

ഞാന്‍: ഞാനോ? ഞാന്‍ പാവം. എന്നെ വിട്.

നീന: കമോണ്‍ മാന്‍. ഒന്നു കാ‍ണിയ്ക്കൂ നിന്റെ സ്‌റ്റൈല്‍.

അരവിന്ദ്: ഈ മല്ലുവിന് എന്തു സ്‌റ്റൈല്‍ … ഹഹഹ… ഒരു വലിയ പൂവും വെച്ച് “ഞാ നീ പ്രേമിക്കണു”

ഞാന്‍: ഡാ ഡാ ഡാ, ഞങ്ങള്‍ മല്ലുസ് ആണ് മോസ്റ്റ് റൊമാന്റിക്ക്. നിങ്ങള്‍ ഗാട്ടുകാര്‍ക്ക് എന്തറിയാം.

ലക്ഷ്മി: എന്നാ നീ ഒന്നു ചെയ്തു കാണിയ്ക്കൂ.

എങ്ങെനെ പ്രണയാഭ്യര്‍ത്ഥന നടത്തും എന്നു കാണിയ്ക്കാന്‍ ഞാന്‍ തയ്യാറായി. നീന ചിരിച്ചു കൊണ്ട് എണീറ്റു നിന്നു. നിലത്തു നിന്നും പറിച്ച ഒരു പുല്‍ക്കൊടിയുമായി ഞാന്‍ മുട്ടില്‍ നിന്ന് “പ്രാണപ്രിയേ “ എന്നൊക്കെ വിളിച്ച് തുടങ്ങിയപ്പോഴേയ്ക്കും നീന മുഖം പൊത്തിച്ചിരിയ്ക്കാന്‍ തുടങ്ങിയിരുന്നു. “ഇതു പരമബോറ്, ഞാന്‍ കാണിച്ചു തരാം” എന്നു പറഞ്ഞ് വിഷു എണീക്കുന്നത് ഞാന്‍ കണ്ടു. അവന്‍ വിരലില്‍ കിടന്ന മോതിരം ഊരി നിലത്തു മുട്ടുകുത്തി നീനയുടെ കൈ ചുമ്പിയ്ക്കുന്നതും ആ മോതിരം ഇടുന്നതുമാണ് പിന്നെ ഞങ്ങള്‍ കണ്ടത്.

അത്ര പരിചയമൊന്നുമില്ലാത്ത അവന്റെ ആ നീക്കം നീനയെ മൂഡ് ഓഫ് ആക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവള്‍ എല്ലാം ഒരു സ്പോര്‍ട്ട്സ്‌മാന്‍ സ്പിരിറ്റിലെടുത്ത് ചിരിച്ചു നിന്നത് എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ആ മോതിരം അവള്‍ ഊരിയില്ലെന്നതും ഞാന്‍ ശ്രദ്ധിച്ചു.

എല്ലാവരും കൂടി അടുത്ത വ്യൂ പോയിന്റിലേയ്ക്ക് നടക്കുന്നതിനിടയിലാണ് ലക്ഷ്മി അപ്പൊഴും നീനയുടെ കൈയില്‍ കിടന്ന മോതിരം ശ്രദ്ധിച്ചത്. “ഇതു കൊള്ളാമല്ലോ, ഇത് ലേഡീസ് റിങ്ങ് ആണല്ലോ, അതും സ്റ്റോണുള്ളത്, ഇതെന്തിനാ താന്‍ ഇടുന്നെ” എന്നു ലക്ഷ്മി വിഷുവിനോട് ചോദിക്കുന്നതു കേട്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ കണ്ടത് വിഷു പെട്ടെന്ന് കാല് മടിഞ്ഞ് വെറും നിലത്തേയ്ക്ക് വീഴുന്നതാണ്. ആ ചോദ്യം എല്ലാവരും മറന്നു. അവിടെ കാലു മടിയാന്‍ കുഴിയോ കുറ്റിയോ ഒന്നും ഞാന്‍ കണ്ടുമില്ല. അവന്‍ കുറച്ചു നേരത്തേയ്ക്ക് വേച്ചു വേച്ചു നടക്കുന്നുണ്ടായിരുന്നു.

ലോണാവ്‌ല ചിക്കികളും ഫഡ്‌ജുകളും ഒക്കെയായി ഒരു സായാഹ്നം കൂടി. പൊട്ടിച്ചിരികളും പാട്ടുകളും പിന്നെയുമൊരുപാട്. സൂര്യന്‍ പടിയിറങ്ങിക്കഴിഞ്ഞാണ് ഞങ്ങള്‍ തിരിച്ചു പോന്നത്. പ്രോജക്ട് പി 230-ഇലെ ഞങ്ങളുടെ ദിനരാത്രങ്ങള്‍ സന്തോഷഭരിതങ്ങളായിരുന്നു. മിക്കവരും ചെറുപ്പക്കാര്‍, അവിവാഹിതര്‍. ജീവിതം ആസ്വദിച്ച ദിവസങ്ങള്‍. പക്ഷെ സന്തോഷം ശാശ്വതമല്ലെന്നാണല്ലോ. പെട്ടെന്നു തന്നെ ജോലി മാറേണ്ടി വന്നു. എത്തിപ്പെട്ടത് ബാംഗളൂരില്‍ മറ്റൊരു കമ്പനിയില്‍.
പണിയില്‍ മുങ്ങിയ ദിവസങ്ങള്‍. ഉറക്കം പോലും ഓഫീസില്‍ തന്നെ. ബോംബെയിലെ നല്ല നാളുകള്‍ ഓര്‍മ്മ മാത്രമായി.

അങ്ങനെയിരിയ്ക്കെ ഒരിയ്ക്കല്‍ നാട്ടില്‍ പോകാന്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരക്കു പിടിച്ച ബുക്കിംഗ് സെന്ററില്‍ നില്‍ക്കുമ്പോള്‍ മൊബൈലില്‍ ഒരു കോള്‍. ഒരു ബോംബെ നമ്പര്‍.

ഞാന്‍: ഹെല്ലോ, ആരാണിത്
നീന: ഡാ, ഇതു ഞാനാ നീന മന്ദാനി. ഓര്‍മ്മയുണ്ടൊ നമ്മളെ ഒക്കെ?
ഞാന്‍: ഹായ്… കൊറെ നാളായല്ലോ…. ഇതൊരു സര്‍പ്രൈസ് ആയി.
നീന: ഹ്മ്മ്… അറിയാം.. ഹിഹിഹിഹി… പിന്നെ എന്തൊക്കെ വിശേഷം? സുഖം തന്നെ?
ഞാന്‍: ആഹ്… സുഖം എന്നു പറയാം. ജീവിച്ചു പോകുന്നു. നിനക്കോ?
നീന: എനിക്കു പരമ സുഖമല്ലെ… ഹിഹിഹിഹി … പിന്നെ ഞാന്‍ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്. നിനക്ക് ഊഹിയ്ക്കാമോ?
ഞാന്‍: ഹ്മ്മ്മ്മ്… നീ കമ്പനി ചാടുന്നോ?
നീന: ബുദ്ദു. നിനക്കീ കമ്പനിയുടെ കാര്യമേ പ്രധാനമായുള്ളൂ?. ഇതതൊന്നുമല്ല. എന്റെ കല്ല്യാണം ഉറപ്പിച്ചു.
ഞാന്‍: വൌ. അഭിനന്ദങ്ങള്‍. ഇതു ശരിയ്ക്കും സര്‍പ്രൈസ് ആയി കേട്ടോ. ആട്ടെ, ആരാ ആ ഭാഗ്യഹീനന്‍?
നീന: അവിടെയല്ലേ തമാശ.. നിനക്കറിയാവുന്ന ഒരാളാ.. ഹിഹിഹിഹി.. ആരാന്നു പറ
ഞാന്‍: ങെ? എനിക്കറിയാമോ?
നീന: ങൂം.. നിനക്കറിയാവുന്ന ആളാണ്..ഹിഹിഹിഹി…
ഞാന്‍: ങേ…കൊള്ളാല്ലോ… അരവിന്ദ് ആണോ?
നീന: പോടാ അരവിന്ദ് ഒന്നുമല്ല. ഒരു ചാന്‍സ് കൂടി തരാം… ഒരു ക്ലൂ തരാം… നമ്മുടെ പ്രോജെക്‌ട് അല്ലായിരുന്നു.
ഞാന്‍: നമ്മുടെ പ്രോജെക്‌ട് അല്ലെങ്കില്‍ പിന്നെ…. ഹ്മ്മ്മ്മ്… വേറേ ആര്‍?.... ഓഹ്ഹ്ഹ്…. യെസ്… എന്തായിരുന്നു…. വിശ്വജിത്ത്…വിഷു? വിഷുവാണോ?
നീന: ഹിഹിഹിഹി.. റെറ്റ് … ബുള്‍സ് ഐ.
ഞാന്‍: കൊച്ചു കള്ളീ, കണഗ്രാറ്റ്സ്… നീ ഒരു വാക്കു പറഞ്ഞില്ലല്ലോ…
നീന: പറഞ്ഞില്ലെന്നോ? നിങ്ങളുടെ ഒക്കെ മുന്നില വെച്ചല്ലേ അവന്‍ എന്നെ പ്രൊപ്പോസ് തന്നെ ചെയ്തത്? ഹിഹിഹിഹി…
ഞാന്‍: ഹ്മ്ം …ശരിയാണ്… ഞാന്‍ ഓര്‍മ്മിയ്ക്കുന്നു… ഞാന്‍ എല്ലാം ഓര്‍മ്മിയ്ക്കുന്നു. ഇതെപ്പോ തുടങ്ങി? നിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയ്ക്കും മുമ്പ്?
നീന: അല്ലല്ല… അന്നു ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെയെപ്പോഴോ…ഹിഹി.

ബുക്കിങ്ങ് സെന്ററിലെ ബഹളത്തില്‍ നിന്നിറങ്ങി ഞാന്‍ സംഭാഷണത്തില്‍ മുഴകി വളരെ ദൂരം നടന്നു കഴിഞ്ഞിരുന്നു. പിന്നെയുള്ള കുറെ മണിക്കൂറുകള്‍ ഞാന്‍ പണ്ടൊരു ഡമ്മിയായ ചമ്മല്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി തങ്ങിനിന്നിരുന്നു.

Wednesday, August 02, 2006

നീല

“യോര്‍ ഫസ്റ്റ് ബിഗ് പ്രോജക്‌ട്”

പബ്ബില്‍ നിറഗ്ലാസ്സുകള്‍ കൂട്ടിമുട്ടിച്ചു കൊണ്ട് പോള്‍ ശ്രീരാമിനോടു പറഞ്ഞു. അഭിമാനവും സന്തോഷവും ഗര്‍വ്വും എല്ലാം കലര്‍ന്ന ഒരു ചിരി മാത്രം ശ്രീ മറുപടിയായി നല്‍കി. ഇതു വരെ സ്വപ്നം പോലും കാണാനാവാത്തത്ര പണമാണ് ഈ ഒരു അസൈന്മെന്റിനു ബോണസ്സായി പോള്‍ അര മണിക്കൂര്‍ മുന്‍പെ കൈയില്‍ വെച്ച് കൊടുത്തത്. ആ ബ്രീഫ്‌കെയ്സിന്റെ ഹാന്‍ഡിലില്‍ തൊട്ടുതലോടിക്കൊണ്ട് പോള്‍ തുടര്‍ന്നു.

“യു ഗോണാ മെയ്ക്ക് ഇറ്റ് ബിഗ്, മാന്‍... നൌ, ഒണ്‍സ് യു ഡൂ ദാറ്റ്, യു മൈറ്റ് വാണ ഫൊര്‍ഗെറ്റ് ദോസ് പൂവ ഗേള്‍സ്”

പോള്‍ ഡാ‍ന്‍സ് ചെയ്തിരുന്നവരെ ചൂണ്ടിയാണ് പോള്‍ അത് പറഞ്ഞത്. ഇനി ഇത്തരം കുസൃതികളൊന്നും പാടില്ലത്രെ. വലിയ വലിയ കോണ്‍ടാക്‌ട്സ് ആവുമ്പോള്‍ പഴയവ മറക്കണം എന്ന ഉപദേശം.

“ഹേയ് കമോണ്‍മ്മാന്‍, ഷട്ടപ്പ്‌!!!..” ശ്രീ ഉറക്കെച്ചിരിച്ച് കൊണ്ട് പറഞ്ഞു. കൈയിലിരുന്ന മദ്യചഷകം ഉയര്‍ത്തിയപ്പോള്‍ അവന്റെ റ്റൈമെക്സ് വാച്ചിന്റെ നീല ഡയല്‍ പബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍ ഒന്നു കൂടി തിളങ്ങി. സ്റ്റേജില്‍ നിന്നുള്ള നീലവെളിച്ചം ഒന്നുകൂടി തെളിച്ചമാര്‍ന്ന പോലെ.

ഇനിമുതല്‍ അക്കൌണ്ട് മാനേജേഴ്സിന്റെ കൂടെ ആയിരിയ്ക്കും ഊണും ഉറക്കവും. എപ്പോഴും ബഹളവുമായി നടക്കുന്ന ഡെവലപ്പര്‍ കുട്ടികളുടെ കൂടെത്തന്നെ ലഞ്ചിനു പോകാനും അവരുടെ കമന്റടിയിലും മറ്റു ബഹളങ്ങളിലും പങ്കു ചേരാനും ശ്രീയ്ക്ക് പെട്ടെന്നൊരു കൊതി. ഇനി അതൊന്നും നടക്കുമെന്നു തോന്നുന്നില്ല.

ആഴ്ചകള്‍ക്കു ശേഷം... പബ്ബുകളിലെ നീല വെളിച്ചം ശ്രീയ്ക്ക് അന്യമായി. അവന്റെ വാച്ച് ഡയലിന്റെ നീല നിറവും മങ്ങിത്തുടങ്ങി എന്നു തോന്നി. ഉറങ്ങിയിട്ട് ദിവസം മൂന്നായിരുന്നതിനാല്‍ ഉറക്കം തളം കെട്ടിക്കിടക്കുന്ന കണ്ണൂകളുമായി ശ്രീ ഡെസ്ക്കില്‍ അല്‍പ്പ നേരം തല ചായ്ച്ചു. അടുത്ത ക്യാബിനില്‍ പോള്‍ ശാപവാക്കുകള്‍ ഉച്ചരിയ്ക്കുന്നത് അവ്യക്തമായി കേള്‍ക്കാം. കോണ്ട്രാക്ട് റിവോക്കിംഗ് ഫോമുകളിലും ലെ-ഓഫ് ഫോമുകളിലും ഒപ്പ് ഇടുകയാണെന്ന് പെന ഉരയുന്ന ശബ്ദം കൊണ്ട് മനസിലാക്കാം. കുറച്ച് മുന്‍പെ ശ്രീയുടെ കമ്പനിയുടെ അറ്റോര്‍ണി വന്നിരുന്നു, ഡെവലപ്പ്മെന്റ് പ്രോജക്ടായിരിയ്ക്കും എന്നു കരുതി ടീം ബില്‍ഡിംഗ് നടത്തിയതിന്റെ കണക്കുകളുടെ ഫയലും മാറത്തടക്കി. കൂടെ കൊണ്ടു വന്ന ശ്രീയുടെ അപ്രൈസല്‍ ഫോമില്‍ ഒരുപാട് നീല വരകള്‍ വീണുകാണും. ശ്രീ കണ്ണുകള്‍ ആഞ്ഞു തിരുമ്മി.


അതുവരെ എഴുതിക്കൊണ്ടിരുന്ന മുകളില്‍ ഇടതു വശത്ത് ഫോട്ടോയുള്ള വെളുത്ത ഫോമില്‍ അവസാന കോളവും പൂരിപ്പിച്ച്, അമര്‍ത്തി ഒരു കുത്തും ഇട്ട് നാഗരാജ് പേന കോണ്‍ഫറന്‍സ് റൂമിന്റെ മേശപ്പുറത്തേയ്ക്ക് ശബ്ദത്തോടെ ഇട്ടു. റ്റൈ ഒന്ന് അയച്ചു, നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. എന്നിട്ടാ ഫോം താഴെയുള്ള ഷെല്‍ഫില്‍ വെച്ച് ഭദ്രമായി പൂട്ടി.

പിന്നെ എഴുതിക്കൊണ്ടിരുന്ന പേന കൈയില്‍ എടുത്ത് അത് വിരലുകള്‍ക്കിടയിലിട്ട് കറക്കാന്‍ തുടങ്ങി. ലാബ്രഡോറെറ്റ് എന്ന നീല രത്നം പതിപ്പിച്ച അതിന്റെ ടോപ്പ് നീല പ്രകാശം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. രത്നത്തിനു ചേരാന്‍ എന്ന പോലെ പേനയില്‍ അങ്ങിങ്ങായി ചില നീല പൊട്ടുകള്‍. പിന്നെ പതിയെ ആ ഷെല്‍ഫ് വീണ്ടും തുറന്ന് പേന അതില്‍ നിക്ഷേപിച്ചു.

എണീറ്റ് നേരെ പോയത് റെസ്റ്റ് റൂമിലേയ്ക്കായിരുന്നു. ഓട്ടോമാറ്റിക് ടാപ്പിലെ വെള്ളത്തില്‍ മുഖവും കൈയും മാറിമാറി കഴുകി. എത്ര കഴുകിയിട്ടും തൊട്ടു മുന്നെ പുതിയ ട്രെയിനി വിക്രമിന്റെ ഫോമില്‍ അവനെ ടെസ്റ്റിങ്ങ് ടീമിലേയ്ക്ക് മാറ്റിക്കൊണ്ടുള്ള ഒപ്പിട്ടതിന്റെ കറ കൈയില്‍ നിന്നും മാറാത്തതു പോലെ. കൈത്തണ്ടയിലെ ഒരു നീല ഞരമ്പ് ഒന്നു പിടഞ്ഞു. പിന്നെ ഗ്രാഫൈറ്റ് തറയില്‍ വഴുക്കാതെ, തീരെ ശബ്ദമുണ്ടാക്കാതെ റിസോഴ്സ്‌ അലോക്കെഷന്‍ മാനെജരുടെ ക്യാബിനിലെയ്ക്കു നടന്നു.

“ആയിത്താ?”

“...അഹ്....ആ.....ആയിത്തു” റിസോഴ്സ് മാനേജരുടെ മുഖത്തു തുറിച്ചു നോക്കിക്കൊണ്ടാണ് നാഗ്‌രാജ് അതു പറഞ്ഞത്.

“അവ ഏനു കെലഷ മാടിതരെ?”

“കോഡിങ്ങ്”

നാഗ്‌രാജ് ആ പറഞ്ഞത് വിക്രം തൊട്ടടുത്ത ക്യുബിക്കിളില്‍ നിന്നും കേട്ടു. ഇട്ടിരുന്ന ഷൂ ഊരി നാഗരാജിനെ തല്ലണമെന്ന് അവനു തോന്നി. അതുവരെ കോഡ് ചെയ്തു കൊണ്ടിരുന്ന ഡെവലപ്പ്മെന്റ് എന്‍വയണ്മെന്റ് ഒന്നു കൂടി നോക്കി, ഒന്നു നെടുവീര്‍പ്പിട്ട്, പിന്നെആ‍ മോണിറ്ററിന്റെ ഒരു വശത്ത് ഇടത് കൈ കൊണ്ട് മുറുക്കിപ്പിടിച്ച് അവന്‍ കോഡിങ്ങില്‍ മുഴകിയിരിയ്ക്കുകയാണെന്നു നടിച്ചു. അവന്റെ മോണിറ്ററില്‍ അപ്പോള്‍ തെളിഞ്ഞത് ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് ആയിരുന്നു.

Thursday, July 27, 2006

നവാഗതരെ ഇതിലെ ഇതിലെ

പുതിയ മലയാള ബ്ലോഗ് തുടങ്ങാന്‍ പോകുന്നവര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍.
ഇനി പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിര്‍ദ്ദേശങ്ങള്‍ മാത്രം, നിബന്ധനകള്‍ അല്ല.

1. ബ്ലോഗിനൊരു പേരു വേണം.
2. താങ്കള്‍ക്കൊരു പ്രൊഫൈല്‍ നാമം.
3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
4.1 (Who Can Comment )
4.2 (Comments Default for Posts)
4.3 (Show comments in a popup window?)
4.4 (Show word verification for comments?)
4.5 (Enable comment moderation?)
5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
10. ‘തനിമലയാളം‘ ബ്ലോഗ് അഗ്രഗേറ്റര്‍.
10.1. ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിക്കാനുള്ള സംവിധാനം
11. ‘പിന്മൊഴികള്‍‘ കമന്റ് അഗ്രഗേറ്റര്‍.
11.2. പിന്മൊഴിക്കമന്റുകള്‍ വായിക്കാന്‍
11.3. കമന്റ് പിന്മൊഴിയില്‍ വരാതിരിക്കണെമെന്നുണ്ടെങ്കില്‍
12. പിന്‍മൊഴിക്കമന്റുകള്‍ മെയില്‍ ആയി കിട്ടാന്‍.
13. ‘ബ്ലോഗ്‌ലൈന്‍സ്‘ ബ്ലോഗ് റോള്‍.

1. ബ്ലോഗിനൊരു പേരു വേണം.
(Settings-> Basic-> Title)
സഭ്യമായ ഏതു പേരും സ്വീകരിയ്ക്കാം. താങ്കള്‍ എന്തു തരം ബ്ലോഗ് ആണോ തുടങ്ങാന്‍ പോകുന്നത് അതിനോട് ബന്ധപ്പെട്ട പേര് ഇടുന്നത് നന്നായിരിയ്ക്കും. പാചകത്തെക്കുറിച്ചു മാത്രം പറയാന്‍ പോകുന്ന ബ്ലോഗിന് ‘മറഡോണയുടെ അഞ്ചാമത്തെ ഗോള്’ എന്ന പേര് യോജിയ്ക്കുമോ? 13-ആമതായി പറഞ്ഞിരിയ്ക്കുന്ന ബ്ലോഗ് റോളില്‍ താങ്കള്‍ തിരഞ്ഞെടുത്ത പേര് ഇല്ല എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിയ്ക്കും.

2. താങ്കള്‍ക്കൊരു പ്രൊഫൈല്‍ നാമം.
(Dashboard-> Edit Profile-> Display Name)
ഇതാണ് പ്രൊഫൈല്‍ നെയിം. കുറെയാള്‍ക്കാര്‍ ബ്ലോഗിന്റെ പേരു തന്നെ പ്രൊഫൈല്‍ പേരായി സ്വീകരിയ്ക്കാറുണ്ട്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്ലോഗിന്റെ പേര് വളരെ വലുതാണെങ്കില്‍ അത് ചില അസൌകര്യങ്ങള്‍ ഉണ്ടാക്കില്ലെ? വായനക്കാര്‍ ഈ പേര് ഉപയോഗിച്ചാണ് താങ്കളെ സംബോധന ചെയ്യാന്‍ പോകുന്നത്. അതു കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിനനുസരിച്ച് ഒരു നല്ല വിളിപ്പേര് സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത്. സ്വന്തം പേര് ഉപയോഗിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ പല കാരണങ്ങളാലും (ജോലി സ്ഥലത്തു നിന്ന് ബ്ലോഗ് ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ എന്നു തുടങ്ങി) ഒരു സാങ്കല്‍പ്പിക പ്രൊഫൈല്‍ നാമം തരുന്ന സ്വാതന്ത്ര്യം സ്വന്തം പേര് തരില്ല എന്നാണെന്റെ അഭിപ്രായം.

ബ്ലോഗിന്റെ പേരും പ്രൊഫൈല്‍ നാമവുമൊക്കെ താങ്കളുടെ ഓണ്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഒരു പേര് കുറെ നാള്‍ ഉപയോഗിച്ചുകഴിഞ്ഞ് അത് മാറ്റാന്‍ ‘പ്രയാസ’മായിരിയ്ക്കും. അതുകൊണ്ട് ഇതു രണ്ടും ആലോചിച്ച് തിരഞ്ഞെടുക്കുന്നത് നന്നായിരിയ്ക്കും.

3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
(Settings-> Formatting-> Show Title Field ->Yes)
പോസ്റ്റിന് ടൈറ്റില്‍ ഉണ്ടെങ്കില്‍ ഇന്ഡെക്സില്‍ ശരിയായി വരും. ബ്ലോഗ് അഗ്രഗേറ്റര്‍ ആയ തനിമലയാളത്തിലും കമന്റ് അഗ്രഗേറ്ററിലും ഒക്കെ ഭംഗിയായി കാണാന് പറ്റും. പുതിയ പോസ്റ്റ് ഇടുമ്പോള്‍ മുകളിലെ ചെറിയ ടൈറ്റില്‍ ഫീല്‍ഡില്‍ തന്നെ പോസ്റ്റ് ടൈറ്റില്‍ കൊടുക്കുക.

4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
(കമന്റ് അനുവദിയ്ക്കണൊ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടം)

4.1 (Settings-> Comments-> Who Can Comment ) എന്നത് Anyone എന്നോ Only Registered Users എന്നോ കൊടുത്താലേ ബാക്കിയുള്ളവര്‍ക്ക് കമന്റ് ചെയ്യാന് പറ്റൂ. Only Registered Users എന്നു കൊടുത്താല്‍ അനോണിമസ് കമന്റുകള്‍ ഒഴിവാക്കാം.

4.2 (Settings-> Comments-> Comments Default for Posts) എന്നത് New Posts Have Comments എന്ന് കൊടുത്താല്‍ പുതിയ പോസ്റ്റുകള്‍ക്ക് കമന്റ് ഉണ്ടായിരിയ്ക്കും. താങ്കളുടെ പോസ്റ്റുകള്‍ക്ക് കമന്റിടാനുള്ള ലിങ്ക് കാണുന്നില്ലെങ്കില് ഈ സെറ്റിങ്ങ് ആണ് നോക്കേണ്ടത്, ഇത് അബദ്ധത്തില് മാറിപ്പോയതാകാം.

4.3 (Settings-> Comments-> Show comments in a popup window?) എന്നത് No എന്ന് കൊടുക്കുന്നതായിരിയ്ക്കും മിക്ക വായനക്കാര്‍ക്കും ഇഷ്ടം. മിക്കവരും അതേ പേജില്‍ തന്നെ കമന്റ് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്.

4.4 (Settings-> Comments-> Show word verification for comments?) ഇത് Yes എന്നു കൊടുത്താല്‍ സ്പാം കമന്റ്സ് ഒഴിവാക്കാം.

4.5 (Settings-> Comments-> Enable comment moderation?) ഇത് സാധാരണ ഗതിയില്‍ No എന്നു മതി. ഇത് Yes ആണെങ്കില്‍ എല്ലാ കമന്റും താങ്കള്‍ കണ്ട് അംഗീകരിച്ചതിനു ശേഷം മാത്രമെ പോസ്റ്റില്‍ വരൂ. കമന്റില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ ഇത് ഉപയോഗിയ്ക്കാവുന്നതാണ്.

5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
Settings-> Formatting പേജിലും Settings-> Comments പേജിലും കുറെ date time ഫീല്ഡ്‌സ് ഉണ്ട്. അതെല്ലാം മുഴുവന് ദിവസം, സമയം കാണിക്കുന്നതു പോലെ കൊടുക്കുക ഉദാ - July 28, 2006 1:54:53 AM. പോസ്റ്റുകളില്‍ കമന്റുകള്‍ ഒന്നിലധികം ദിവസം വരുമല്ലോ, അപ്പോള്‍ സമയം മാത്രം കാണിച്ചാല്‍ എന്നാണ് കമന്റ് വെച്ചത്‌ എന്നു മനസിലാവില്ല.

6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
(Settings-> Formatting-> Show)
താങ്കള്‍ ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതലുള്ള പോസ്റ്റെല്ലാം ആദ്യ പേജില്‍ തന്നെ വരണമെന്നു നിര്‍ബന്ധമുണ്ടൊ? ഇല്ലെങ്കില്‍ ആദ്യ പേജില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക. പേജ് വേഗത്തില് ലോഡ് ചെയ്യാന്‍ ഇത് സഹായിയ്ക്കും. കഴിഞ്ഞ 5 പോസ്റ്റുകള് എന്നോ അല്ലെങ്കില് അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നോ മറ്റോ സ്വീകരിയ്ക്കുന്നതാവും നല്ലത്. അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നു കൊടുത്താല്‍ പോസ്റ്റ് ചെയ്തിട്ടുള്ള അവസാന 7 ദിവസങ്ങളിലെ പോസ്റ്റുകള്‍ ഹോം പേജില്‍ വരും (അവസാന 7 കലണ്ടര്‍ ദിവസങ്ങളിലെതല്ല). വായനക്കാര്‍ക്ക്‌ സൈഡ് ബാറിലെ ലിങ്കുകള്‍ വഴി പഴയ ഏതു പോസ്റ്റിലും എത്താവുന്നതാണ്.

7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting-> Show Link Field ->Yes)
താങ്കളുടെ ബ്ലോഗിലേയ്ക്ക് ട്രെയ്‌സ്-ബാക്ക് ലിങ്കുകള് വേറെ ഏതെങ്കിലും സൈറ്റില്‍ ഇടാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.

8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting -> Backlinks -> Show)
താങ്കളുടെ ബ്ലോഗിലേയ്ക്കുള്ള ബാക്ക് ലിങ്ക്സ് കാണിയ്ക്കാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.


ഇത്രയും കാര്യങ്ങള്‍ നിങ്ങളുടെ ബ്ലോഗിനെ മാത്രം ബാധിയ്ക്കുന്നവ ആയിരുന്നു.
ഇനിയുള്ള കുറച്ച് കാര്യങ്ങള്‍ മലയാള ബൂലോക സമൂഹത്തെ സംബന്ധിയ്കുന്നവ ആണ്. എന്ത് എന്താണെന്നു മനസിലാക്കി ചെയ്യുന്നതായിരിയ്ക്കും നല്ലത്.

9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
ബൂലോഗ ക്ലബ് എന്നത് http://boologaclub.blogspot.com/ എന്ന ബ്ലോഗ് ആണ്. ഇത് 2006 മെയ് 22 - തിയതിയ്ക്കടുത്ത് ഉണ്ടായിരുന്ന മലയാള ബ്ലോഗേഴ്സിന്റെ പൊതു താല്‍പ്പര്യപ്രകാരം ഉണ്ടാക്കിയ ഒരു പൊതു ബ്ലോഗ് ആണ്. ഈ ബ്ലോഗ് എന്താണ്, എന്തിനാണ് എന്ന് ആദ്യ പോസ്റ്റിട്ട ദേവരാഗം വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ്‌ എന്താണ്‌, എന്തിനാണ്‌, ആരുടേതാണ്‌ എന്ന് ആകെ ഒരു കണ്‍ഫ്യൂ ചിലര്‍ക്ക്‌ ആയിപ്പോയെന്ന് മനസ്സിലാക്കി ദേവരാഗം ഒരിക്കല്‍ കൂടി വിവരിച്ചത് ഇവിടെ കാണാം.

ഇവിടെ മെമ്പര്‍ഷിപ്പ് വേണ്ടവര്‍ ക്ലബില്‍ ഒരു കമന്റിട്ടാല്‍ മതിയാകും. ബ്ലോഗിന്റെ അഡ്മിന് റൈറ്റ്സ് ഉള്ള ആരെങ്കിലും നിങ്ങളെ മെമ്പര്‍ ആയി ചേര്‍ത്തോളും. താങ്കളുടെ എത് ഈ-മെയില്‍ ഐഡിയിലേയ്ക്കാണ് ഇന്‍വിറ്റേഷന്‍ അയക്കണ്ടത് എന്നു കൂടി കമന്റില്‍ കാണിയ്ക്കുക. ബ്ലോഗിന്റെ പേരല്ല, ഈ-മെയില്‍ ഐഡിയാണ് ആവശ്യം എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക.

10. ‘തനിമലയാളം‘ ബ്ലോഗ് അഗ്രഗേറ്റര്‍.
http://malayalam.homelinux.net/malayalam/work/head.html
ഇത് ഏവൂരാന്റെ നേതൃത്വത്തില്‍ ഒരു സംഘം ആള്ക്കാര്‍ മലയാളം ബ്ലോഗ് പോസ്റ്റുകള്‍ സമാഹരിയ്ക്കാന്‍ നടത്തുന്ന ഒരു സര്‍വീസ് ആണ്. ഇവിടെ എന്ത് കൊടുക്കണം എന്ത് കൊടുക്കണ്ട എന്ന് തീരുമാനിയ്ക്കാനുള്ള പൂര്‍ണ്ണ അധികാ‍രം ഏവൂരാനും ടീമിനുമാണ്. തനിമലയാളത്തിന്റെ നിയമാവലി , സെന്‍സറിംഗ് നയം , കമന്റുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ എന്നിവ വായിക്കുക.

ഇവിടെ നിങ്ങളുടെ ബ്ലോഗ് ഉള്‍പെടുത്തപ്പെടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് മലയാളത്തില്‍ എഴുതുക എന്നത് മാത്രമാണ്. ഏവൂരാന്റെ സെര്‍ച്ച് എഞ്ചിന്‍ പൊക്കി അകത്തിട്ടോളും. പോസ്റ്റ് ഇട്ട ഉടനെ തനിമലയാളത്തില്‍ വരണമെന്നില്ല. തനിമലയാളം പുതിയ പോസ്റ്റുകള്‍ കാണിയ്ക്കുന്നത് ഒരു നിശ്ചിത ഇടവേളയിലാണ്.

10.1. ‘06 ഓഗസ്റ്റില്‍ ഏവൂരാന്‍ തനിമലയാളം പരിഷ്കരിച്ച് ബ്ലോഗുകള്‍ വിഭാഗങ്ങളായി തിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇവിടെ വായിക്കാം. ഓരോ പോസ്റ്റും പബ്ലിഷ് ചെയ്തു കഴിയുമ്പോള്‍ അവിടെ പറഞ്ഞിരിക്കുന്നതു പോലെ ഏതെങ്കിലും കാറ്റഗറിയില്‍ പെടുത്തുന്നത് നല്ലതായിരിക്കും.

11. ‘പിന്മൊഴികള്‍‘ കമന്റ് അഗ്രഗേറ്റര്‍.
11.1. http://groups.google.com/group/blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പാണിത്. ഇവിടെ ബൂലോക കൂട്ടായ്മയിലെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ശേഖരിയ്ക്കപ്പെടുന്നു.
(Settings-> Comments-> Comment Notification Address) എന്ന ഫീല്‍ഡ് pinmozhikal@gmail.com എന്ന് കൊടുത്താല്‍ കമന്റുകള്‍ ഈ അഗ്രഗേറ്ററില്‍ എത്തിക്കോളും.

11.2. പിന്മൊഴിക്കമന്റുകള്‍ വായിക്കാന്‍ ഗ്രൂപ്പില്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധമില്ല. ഗ്രൂപ്പിലല്ലാതെ, പിന്മൊഴി സൂചിക, ഇവിടെയും കാണാം, അല്ലെങ്കില്‍ ഇവിടേയും.

11.3. താങ്കള്‍ ഇടുന്ന കമന്റ് പിന്മൊഴിയില്‍ വരാതിരിക്കണെമെന്നുണ്ടെങ്കില്‍ കമന്റില്‍ qw_er_ty എന്ന് ഉള്‍പ്പെടുത്തിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

അഗ്രഗേറ്ററുകളിലെ പ്രശ്നങ്ങള്‍ക്കും മറ്റ് പൊതുവായ പ്രശ്നങ്ങള്‍ക്കും techhelp@thanimalayalam.org എന്ന ഈ മെയില്‍ വിലാസത്തില്‍ മെയില്‍ അയച്ച് പരിഹാരം അഭ്യര്‍ത്ഥിയ്ക്കാവുന്നതാണ്.

12. പിന്‍മൊഴിക്കമന്റുകള്‍ മെയില്‍ ആയി കിട്ടാന്‍.
blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ മെമ്പര്‍ ആവുക. സൈന്‍ ഇന്‍ ചെയ്ത് http://groups.google.com/group/blog4comments എന്ന ഗ്രൂപ്പ് ഹോം പേജില്‍ പോവുക. My Groups ->Manage my subscriptions എന്നീ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. എത്തുന്ന പേജില്‍ Subscription type എന്നത് Email എന്ന് കൊടുക്കുക. എല്ലാ കമന്റുകളും മെയില്‍ ആയി കിട്ടി തുടങ്ങും.

13. ‘ബ്ലോഗ്‌ലൈന്‍സ്‘ ബ്ലോഗ് റോള്‍.
ശ്രീജിത്ത് മുന്‍കൈ എടുത്ത് ഒരു ബ്ലോഗ് റോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബൂലോക കൂട്ടായ്മയിലുള്ള എല്ലാ മലയാള ബ്ലോഗുകളുടേയും ഒരു ലിസ്റ്റാണത്. ഈ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താന്‍ sreejithk2000@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ മതി. ഇനി ഈ ലിസ്റ്റ് ബ്ലോഗിലെ സൈഡ് ബാറില്‍ കാണിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെയുണ്ട്.

എങ്ങനെ മലയാളത്തില്‍ ബ്ലോഗ് എഴുതാം എന്നതിനെപ്പറ്റി വക്കാരി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

Saturday, July 22, 2006

ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്

ടൈറ്റില്‍ വായിച്ച് ആര്‍ക്കെങ്കിലും ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാവുന്നത്’ എന്ന പുസ്തകവുമായി ബന്ധമുള്ള എന്തോ ആണ് ഞാന്‍ പറയാന്‍ പോകുന്നതെന്ന് വല്ല ധാരണയും വന്നുപോയിട്ടുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണെന്നു വ്യക്തമാക്കിക്കൊള്ളുന്നു. അല്ല, എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ സാഹിത്യസംബന്ധമായി എഴുതും എന്ന് തെറ്റിദ്ധാരണ വരാന്‍ സാദ്ധ്യതയില്ല എന്നെനിക്കറിയാം. എന്നാലും പുതിയ വല്ല ആള്‍ക്കാര്‍ക്കും ധാരണകള്‍ ഒന്നും ഉണ്ടാവണ്ട എന്നു കരുതി പറഞ്ഞതാണ്. ദേ, പറഞ്ഞു തുടങ്ങിന്നതിനു മുന്നെ തന്നെ ഓഫ്‌ടോപ്പിക്കായി. (അപ്പോള്‍ മനസിലായല്ലോ, ഇങ്ങനെ ഒക്കെ തന്നെയാണ് ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്).

ങ്ഹാ, അപ്പോള്‍ നമുക്ക് (അപ്പോള്‍ ദമനകന്‍ എന്ന് എഴുതാനും അതു വഴി വേറൊരു ഓഫ്‌ടോപ്പിക്ക് തുടങ്ങാനും നല്ല പ്രലോഭനം) ടോപ്പിക്കിലേയ്ക്കു വരാം, അതായത് ഓഫ്‌ടോപ്പിക്കിലെയ്ക്കു വരാം. എന്താണീ ഓഫ്‌ടോപ്പിക്ക്? ഓഫ്, ഓടോ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഓഫ്‌ടോപ്പിക്കിന് ഒരു ക്രിത്യമായ നിര്‍വ്വചനം കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഓഫ് എവിടെയും ഉണ്ട്, എന്തിലും ഉണ്ട്. യൂണിവേഴ്സിന്റെ സ്പന്ദനം തന്നെ ഓഫിലാണെന്ന് വേണമെങ്കില്‍ ഫിലോസഫിക്കലായി പറയാം. ഓഫിന് ഒരു നിര്‍വചനം തേടിപ്പോയ ഞാന്‍ ചെന്നു നിന്നത് ദേവഗുരു പണ്ട് ബൂലൊക ക്ലബ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ചെയ്ത ഈ പ്രസംഗത്തിലാണ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കട്ടെ - “...ബൂലോഗര്‍ക്ക്‌ സോഷ്യലൈസ്‌ ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ്‌ ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച്‌ അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത്‌ എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ്‌ ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ്‌ ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ്‌ ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു.“

വിരോധാഭാസമെന്നേ പറയേണ്ടൂ, ബൂലൊകര്‍ക്ക് ഓഫ് ടോപ്പിക്ക് അടിച്ചു തെളിയാനായി തുടങ്ങിയ ക്ലബില്‍ ഓഫ് ടോപ്പിക്കുകള്‍ വിരളമായേ വരാറുള്ളു. എല്ലാവരും അളന്നു തൂക്കി കനപ്പെടുത്തിയ പോസ്റ്റുകളും വിഷയത്തില്‍ നിന്ന് അണുവിട മാറാതെയുള്ള കമന്റുകളുമായി ക്ലബ്ബിന് ഒരു പരിപാവനമായ ദേവാലയത്തിന്റെ ഭാവം നല്‍കി. അതെന്തൊക്കെയായാലും ഓഫ് അടിക്കാന്‍ മുട്ടിയവന് അതെവിടെയെങ്കിലും അടിച്ചല്ലേ പറ്റൂ, അങ്ങനെ ഓഫ് ടോപ്പിക്കുകള്‍ പഴയതിലും ശക്തിയായി അവിടവിടെ പോസ്റ്റുകളില്‍ കൂണു പോലെ വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങി.

ഓഫ് ടോപ്പിക്കെന്ന പരമ്പരാഗത കലാരൂപത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുമ്പോള്‍ അതിലെ അഗ്രഗണ്യരായ ചിലരെക്കുറിച്ച് പറയാതിരിയ്ക്കാന്‍ വയ്യ. ഒരു പോസ്റ്റില്‍ തന്നെ നൂറിലധികം കമന്റുകള്‍ എഴുതിയ വക്കാരി സാര്‍ തന്നെയായിരിയ്ക്കും ഓഫ് ടോപ്പിക്കിന്റെ കുലപതി എന്ന പേരില്‍ അറിയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ വക്കാരി സാര്‍ സ്വെഞ്ചുറി അടിച്ച പോസ്റ്റ് ഓഫ് ടോപ്പിക്കിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്. ഇപ്പൊഴത്തെ കണക്കു വെച്ച് 846 കമന്റുകള്‍. മഹാഭാരതത്തില്‍ എല്ലാമുണ്ടെന്നു പറയപ്പെടുന്നതു പോലെ, ആ കമന്റ് കൂമ്പാരത്തില്‍ ‘അറിയേണ്ടതായ എല്ലാത്തിനെയും’ പറ്റി പരാമര്‍ശമുണ്ട്.

ഓഫ് ടോപ്പിക്ക് യൂണിയനെ വളരെയധികം ശക്തിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ശ്രീ ശ്രീ ആനപ്പുറം ഉമേഷ് ഗുരുക്കള്‍ ഒരു മുഴുവന്‍ സമയം ഓഫ് തൊഴിലാളിയായത്. അതുവരെ കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃത ശ്ലോകങ്ങളും മനുഷ്യന്‍ കേട്ടിട്ടില്ലാത്ത വൃത്തങ്ങളുടെയും ലക്ഷണങ്ങളും ഒക്കെയായി തന്റെ പര്‍ണ്ണകുടീരത്തില്‍ അലസം പാര്‍ത്തിരുന്ന ഇലവന്തൂര്‍ ഗുരുക്കള്‍ അരയും തലയും മുറുക്കി ഓഫ് രംഗത്തേയ്ക്ക് കടന്നു വന്നത് ഓഫ് പ്രസ്ഥാനത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ ഒരു ഒറ്റ സംഭവത്തോടെ, ഒളിഞ്ഞും മറഞ്ഞും പോസ്റ്റുടമ കാണാതെ ഓടി വന്ന് ഒരു ഓഫിട്ടിട്ട് ഓടി മറഞ്ഞിരുന്ന ഓഫ് ബാലകരും ബാലികമാരും സധൈര്യം പകല്‍ വെളിച്ചത്തില്‍ കടന്നു വന്ന് ഓഫ് മാമാങ്കങ്ങള്‍ തന്നെ നടത്താന്‍ തുടങ്ങി. രസകരമായ വസ്തുത എന്തെന്നാല്‍ പലപ്പോഴും ഈ മാമാങ്കങ്ങള്‍ നടന്നത് ഗുരുവിന്റെ നെഞ്ചത്തു തന്നെയായിരുന്നു. ഗുരുകുലം ഓഫ് ടോപ്പിക്കുകളെക്കൊണ്ട് നിറഞ്ഞു തുളുമ്പി. “എന്നാലും എന്റെ മാളോരേ! എന്റെ ബ്ലോഗില്‍ കയറി നിങ്ങള്‍ മത്തിവില്പനയും തുടങ്ങിയല്ലോ! ആ ബിന്ദുവിന്റെയും എല്‍.ജി.യുടെയും ആദിത്യന്റെയുമൊക്കെ കൂട്ടുകെട്ടില്‍പ്പെട്ടു് കൊള്ളാവുന്ന ബ്ലോഗിലൊക്കെ ഓഫ്‌ടോപ്പിക്കടിച്ചു നടന്നപ്പോള്‍ വിചാരിക്കണമായിരുന്നു എനിക്കും ഒരിക്കല്‍ ഇതൊക്കെ വരുമെന്നു്.“ എന്ന് ഗുരു വിലപിയ്ക്കുന്നിടത്തു വരെയെത്തി കാര്യങ്ങള്‍.

ഓഫിന്റെ ചരിത്രത്തിലേയ്ക്ക് വീണ്ടും ഊളിയിട്ടു ചെന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ശക്തമായ സ്ത്രീആധിപത്യമാ‍ണ്. എല്‍ജി, ബിന്ദു എന്നീ അഭിനവ ഉണ്ണിയാര്‍ച്ചകളാണ് ഇന്നീ പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചത്. പിന്നെ സൂ, കുട്ട്യേടത്തി തുടങ്ങിയവരുടെ സംഭാവനകളും വില കുറച്ചുകാ‍ണാനാവില്ല. ഒരിക്കല്‍ ഓഫ് എഴുതാനായി ഇട്ട ഒരു പോസ്റ്റില്‍ ബിന്ദു ഇട്ട കമന്റ് ഇവിടെ പ്രത്യേകം സ്മരണീയമാണ്. താന്‍ ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത കൂറും വിധേയത്വവും ബിന്ദുവിന്റെ ഈ വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാവും - “ഓഫ്ടോപിക്‌ എന്നെഴുതി വച്ചിരിക്കുന്നിടത്തു വന്നു ഓഫ്ടോപിക്കടിച്ചാല്‍ അതു ടോപിക്‌ ആയിപ്പോകും. അതിനെന്നെ കിട്ടില്ല“.

ഈ പ്രസ്ഥാനം വളര്‍ന്നു കൊണ്ടിരിയ്ക്കുകയാണ് സുഹൃത്തുക്കളേ, അപ്പോള്‍ വരൂ അര്‍മ്മാദിയ്ക്കൂ എന്ന പതിവു സന്ദേശവുമായി ഞാന്‍ നിര്‍ത്തുന്നു. ഓഫ് ടോപ്പിക്കിനെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ശനിയന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. കൂടുതല്‍ ഓഫുകള്‍ ഉണ്ടാവുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട്. എല്ലാ കമന്റിനും ഒരു ഓഫ് ടോപ്പിക്ക് കമന്റ് എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

അല്‍പ്പം ഓടോ: ആര്‍ക്കെങ്കിലും അവരുടെ പോസ്റ്റില്‍ ഓഫ് ടോപ്പിക്ക് കമന്റുകള്‍ വരുന്നത് ഇഷ്ടമല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് എഴുതി ആ കാര്യം സൂചിപ്പിയ്ക്കാന്‍ അപേക്ഷ. ഞങ്ങള്‍ താങ്കളുടെ ബ്ലോഗ് ഒഴിവാക്കുന്നതായിരിയ്ക്കും.

Tuesday, July 11, 2006

നിങ്ങളെന്നെ ക്യാമറ പിടുത്തക്കാരനാക്കി

ക്യാമറ എന്ന വസ്തു പ്രകടമായ സ്വാധീനത്തോടെ എന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത് എന്റെ പ്രീയൂണിവേഴ്‌സിറ്റി കാലത്തായിരുന്നു. അതു വരെ ക്യാമറ എന്നത് എനിയ്ക്കു വല്ലപ്പൊഴും നോക്കി ചിരിച്ചു കാണിയ്ക്കാനുള്ള, വല്ലവന്റെയും കയ്യിലിരിയ്ക്കുന്ന ഒരു വസ്തു മാത്രമായിരുന്നു. പ്രീയൂണിവേഴ്‌സിറ്റിയിലും ഇതിനു കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഉണ്ടായത് എന്റെ പ്രതികരണത്തില്‍ വന്ന വ്യത്യാസമാണ്. ഓരോ തവണ ക്യാമറയുടെ ബട്ടണ് ഞെങ്ങുമ്പോഴും അതിന്റെ മറുവശത്ത് സുസ്മരവദനനായി എത്തിപ്പെടുക എന്നത് ഒരു ജീവിത ലക്ഷ്യമായെന്ന പോലെ വാശിയോടെ ഞാന് അതിനായി പ്രയത്നിച്ചിരുന്നു. ബീച്ചില്‍ പോകുമ്പോഴും കറങ്ങാ‍ന്‍ പോകുമ്പോഴും ഹോസ്റ്റല്/കോളേജ് പരിപാടികളിലും ഒക്കെ ഏറ്റവും കൂടുതല്‍ ഫോട്ടോകളില്‍ വരാനായി ഞങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു. ഈ ഒരു മത്സരം കാരണം ഫോട്ടോ എടുക്കുക എന്ന കലാപരിപാടിയെക്കുറിച്ചു ചിന്തിച്ചിട്ടു തന്നെയില്ലായിരുന്നു.

പിന്നെ കോളേജിലെത്തിയപ്പൊഴാണ് ക്യാമറ എന്ന ഈ മറ കൊള്ളാല്ലോ എന്നു തോന്നിത്തുടങ്ങിയത്. പല കാര്യങ്ങളും ക്ലോസ് റെയിഞ്ചില്‍ നിന്നും വീക്ഷിയ്ക്കാന്‍ ഈ മറ ഉപയോഗിച്ചു ;) അന്നൊക്കെ സാദാ പോയന്റ് ആന്‍ഡ് ക്ലിക്ക് ഫിലിം ക്യാമറകളായിരുന്നു ഞങ്ങള് കൂട്ടുകാ‍രുടെ കൈയിലൊക്കെ. ഫിലിം ഒക്കെ പൈസ പിരിവെടുത്തിട്ട്, ഫോട്ടോ പിടിച്ചു, പിന്നെ പിരിവിട്ട് ഡേവലപ്പ് ചെയ്ത്, ആവശ്യമുള്ള കോപ്പികള്‍ മാത്രമെടുത്ത്… അങ്ങനെ അങ്ങനെ. ഈ പരിപാടികളിലൊക്കെ സജീവമായി ഇടപെട്ടു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ പ്രവൃത്തിമേഖല ക്യാമറയുടെ പുറകിലേയ്ക്കു കൂടി വ്യാപിപ്പിച്ചത്. പിന്നെ എന്തു കാര്യം കണ്ടാലും അതു തല തിരിച്ച് ചെയ്യാനുള്ള ഒരു സ്വാഭാവികമായ വാസന എനിക്കുള്ളത് ഞാന്‍ ഫോട്ടോഗ്രാഫിയിലും പ്രയോഗിച്ചു. എന്റെ കയ്യില്‍ കിട്ടിയ ക്യാമറകള്‍ ഒക്കെ ഞാന്‍ തലങ്ങും വിലങ്ങും തിരിച്ചു പിടിച്ചു ഫോട്ടോ എടുത്തു കളിച്ചു. എന്റെ ചിത്രങ്ങളിലെ ചക്രവാളങ്ങള്‍ ഇടത്ത് താഴത്തേ മൂലയ്ക്കു നിന്നും വലത്ത് മേളില്‍ത്തെ മൂലയിലേയ്ക്കു മറ്റും നീണ്ടു നിവര്‍ന്നു കിടന്നു, കടല്‍ ചിലപ്പോ ത്രികോണാകൃതിയില്‍ കാണപ്പെട്ടു. മരങ്ങള്‍ ചെരിഞ്ഞു വളര്‍ന്നു. ആളുകള്‍ ഒരു മൂലയ്ക്കു നിന്നും മറ്റേ മൂലയിലേയ്ക്ക് നീണ്ടു വളര്‍ന്നു. ചിലര്‍ക്ക് തലകളില്ലായിരുന്നു, മറ്റു ചിലര്‍ക്ക് ഉടലുകളും.





പിന്നെയും നിളയില്‍ വെള്ളം കുറെ വെറുതെ ഒഴുകി. ഇതിന് എന്റെ ഫോട്ടോഗ്രാഫി കരിയറുമായി ബന്ധമൊന്നുമില്ല. ചുമ്മാ പറഞ്ഞു പോണ വഴിയേ അങ്ങു പറഞ്ഞൂന്നേ ഒള്ളു. പിന്നെ ഈ ഛായാഗ്രഹണം, സിനിമാട്ടോഗ്രാഫി, ഫോട്ടോഗ്രഫി എന്നൊക്കെപ്പറയുമ്പോ ഓരോ മലയാളിയുടേയും മനസിലേയ്ക്ക് നിള കുതിച്ചു പാഞ്ഞ് എത്തിക്കോണം എന്നാണല്ലോ അലിഖിതം. അപ്പോള്‍ പുഴകളില്‍ വെള്ളങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു, ഞാന്‍ കോളേജുകള്‍ കഴിഞ്ഞ്, ജ്വാലി‍കള്‍ കിട്ടി ബാംഗ്ലൂരുകളില്‍ എത്തുന്നു. അഞ്ചു ദിവസം ഏതോ ഒരു മൃഗത്തെപ്പോലെ പണിയെടുക്കുക പിന്നെ കിട്ടുന്ന പ്രി-സാബത്തും സാബത്തും അലക്കിപ്പൊളിയ്ക്കുക എന്നത് അടുത്ത ‘അലിഖിത‘മായി എഴുതപ്പെട്ടു. ആരോ ഒരുത്തന്‍ നിക്കോണ്‍ കൂള്‍-പിക്സ് വാങ്ങി. മുമ്പേ ഗമിച്ച ഗോവിനെ പോലെ തന്നെ ഗമിക്കാനുള്ള വ്യഗ്രതയില്‍ പിന്നിലുള്ള ഗോക്കളെല്ലാം നിക്കോണ്‍ കടയിലേയ്ക്കോടി. എല്ലാ ആഴ്ച്യവസാനങ്ങളിലും എങ്ങോട്ടേലും തെണ്ടാന്‍ പോകുക, വിരല്‍ വേദനിക്കുന്നതു വരെ ക്യാമറയുടെ ബട്ടണ്‍ ഞെക്കിക്കൊണ്ടിരിയ്ക്കുക, തിരിച്ചു വന്ന് ഫോട്ടോ എല്ലാം കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക എന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി. ഡിജിറ്റല്‍ ആയതു കൊണ്ട് ഡേവലപ്പ് ചെയ്യണ്ട ചിലവുമില്ല. ഹരിഹരന്‍ പിള്ളയും പിന്നെ ഞങ്ങളെല്ലാവരും ഹാപ്പി.

അങ്ങനെ ട്രിപ്പുകളഞ്ചാറു കഴിഞ്ഞപ്പൊഴാണ് ഞങ്ങളാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്. അതായത് ഞങ്ങള്‍ടെ ഒക്കെ വദനങ്ങള്‍ ഫോട്ടോയിലൂടെ വീണ്ടും വീണ്ടും കണ്ടോണ്ടിരിയ്ക്കുക എന്നത് ഒരു ചെറിയ ശിക്ഷ തന്നെയാണ്. അതു മനസിലായതോടെ ഞങ്ങള്‍ ഫോട്ടോകളില്‍ നിന്ന് ഞങ്ങളെത്തെന്നെ ഒഴിവാക്കിത്തുടങ്ങി. എന്തിനാ വെറുതെ ആ നല്ല ബാക്ക്ഗ്രൌണ്ടിന്റെ ഭംഗി കളയുന്നെ എന്ന നിസ്വാര്‍ത്ഥ ചിന്ത. ഞങ്ങള്‍ പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ തുടങ്ങി - അതായത് ആര്‍ക്കോവേണ്ടി തൂങ്ങിക്കിടക്കുന്ന ഒരു പഴക്കുല, എവിടെ നിന്നോ എങ്ങോട്ടോ പറക്കുന്ന ഒരു പക്ഷി, ഇനിയെങ്ങോട്ട് എന്ന് സംശയിച്ചു കാറ്റത്ത് തത്തിക്കളിയ്ക്കുന്ന ഒരില, ആകാശപ്പുശാലയിലെ ഒരു നീല മേഘം തുടങ്ങിയ പ്രകൃതി ദ്രശ്യങ്ങള്‍ ഞങ്ങളുടെ ക്യാമറകള്‍ ഒപ്പിയെടുത്തു തുടങ്ങി. അങ്ങനത്തെ ഫോട്ടോകളെ നാറ്റ്-ജിയോ ഫോട്ടോസ് എന്നാണ് ഞങ്ങള്‍ നാമകരണം ചെയ്തത്. നാഷണല്‍ ജ്യോഗ്രഫിക് എന്നതിന്റെ ചുരുക്കം.

എന്റെ ഫോട്ടോഗ്രാഫിയിലെ കസ്സര്‍ത്തുകള്‍ നിര്‍ത്താന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആദ്യമൊക്കെ ഞാന്‍ നേരെ നിന്നു ഫോട്ടോ എടുക്കും ചിത്രങ്ങള്‍ ചാഞ്ഞും ചെരിഞ്ഞും പതിയും എന്നു പറഞ്ഞല്ലോ. ഇതിനു ശേഷം സംഗതി നേരെ തിരിഞ്ഞു. അതായത് നാറ്റ് ജിയോ ഫോട്ടോ നേരെ കിട്ടാ‍നായി ഞാന്‍ ചായാനും ചെരിയാനും തുടങ്ങി. നിലത്തു വീണുകിടന്നുള്ള ഫോട്ടോ, ഒറ്റക്കയില്‍ മരത്തില്‍ തൂങ്ങിക്കിടന്നുള്ള ഫോട്ടോ, കയ്യാലപ്പുറത്ത് തല താഴേയ്കാക്കി ഇട്ടോണ്ടേടുത്ത ഫോട്ടോ എന്നൊക്കെയായി എന്റെ ഫോട്ടോയുടെ ക്യാപ്‌ഷനുകള്‍. എന്റെ മറക്കാനാവാത്ത നാറ്റ്-ജിയോ പോസ് ആയിരുന്നു ഞാന്‍ പോണ്ടിച്ചേരി ബീച്ചിലെടുത്ത ചിത്രം. ബീച്ചില്‍ നനഞ്ഞ മണ്ണില്‍ അല്‍പ്പം നീണ്ട് വണ്ണമുള്ള ഒരു കമ്പ് കിടക്കുന്നതു ഞാന്‍ കണ്ടു. ഒരു ചെറിയ വെള്ളാരം കല്ല് അതിനടുത്ത് ഉരുട്ടിയിട്ടു. എന്നിട്ടു നിലത്തു കമഴ്ന്നു കിടന്നു. കമ്പിന്റെ ഒരറ്റത്തോടു ലെന്‍സ് ചേര്‍ത്തു വെച്ചുകൊണ്ട് തിരയും സൂര്യനും മേഘങ്ങളും എല്ലാം പശ്ചാത്തലത്തില്‍ വരുത്തിക്കൊണ്ട് ഞാനൊരു ഉഗ്രന്‍ ഫോട്ടോ പ്ലാന്‍ ചെയ്തു. സമയം എടുത്ത് സൂര്യനെ ഒക്കെ പോസ് ചെയ്യിപ്പിച്ച് ക്ലിക്കും ചെയ്തു. എല്ലാം കഴിഞ്ഞ് എണീറ്റ ഞാന്‍ കണ്ടത് ഒരു ബസ് നിറയെ ഏതോ ലേഡീസ് കോളേജില്‍ നിന്ന് അപ്പോ വന്നിറങ്ങിയ തരുണീമണികള്‍ ഒരു ഭ്രാന്തന്‍ വെറും നിലത്ത് കമഴ്ന്ന് കിടന്ന് ക്യാമറയും കൊണ്ട് തിരിമറി നടത്തുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുന്നതാണ്. രക്ഷയ്ക്കായി ചുറ്റും നോക്കിയ ഞാന് കണ്ടത് അപ്പോള് വരെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന, എല്ലാ പ്രോത്സാഹങ്ങളും തന്നിരുന്ന എന്റെ സുഹൃത്ത്സംഘം ദൂരെ മാറി നിന്ന് ഞാന്‍ മനോഹരമായി ചമ്മുന്ന കാഴ്ച ആസ്വദിയ്ക്കുന്നതാണ്. അവിടുന്ന് എങ്ങന്യാ സ്ഥലം കാലിയാക്കിയതെന്ന് എനിക്കു മാത്രമറിയാം.

അപ്പൊള്‍ പറഞ്ഞു വന്നത് ഞാനെന്ന വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഒരു ആയുധം വേണം. ഈ നീണ്ട അഭ്യാസപാടങ്ങളില്‍ നിന്നൊക്കെ ചന്തുവും ഒന്നു രണ്ടു വാക്കുകള്‍ പഠിച്ചെടുത്തു. മെഗാ പിക്സല് 5-ഓ 6-ഓ എങ്കിലും വേണം. ഓപ്റ്റിക്കല് സൂം 10-ഏലുമില്ലേല് ശരിയാവൂല്ല. പിന്നെ ഫോക്കല് ലെങ്ങ്ത് അതൊരു 30ഓ 40ഓ മുതല് ഒരു 300 , 400 വരെ പോട്ടെ. ഇതൊക്കെ അറിയാവുന്നതു കൊണ്ട് ചന്തു അത്ര എളുപ്പം ഒന്നും തോല്‍ക്കൂല.

ഇതു വരെ പഠിച്ച അറിവുകളും പാഠങ്ങളും വെച്ച് ഞാന്‍ ഇപ്പൊ എത്തിക്കറങ്ങി നില്‍ക്കുന്നത് ഒന്നു രണ്ടു മോഡലുകളുടെ മുന്നിലാണ്. എനിക്കേറ്റവും ഇഷ്ടെപ്പെട്ടത് കാനണ്‍ന്റെ പവര്‍ഷോട്ട് എസ് 2 ഐ എസ് ആണ്. പിന്നെ നോട്ടം ഇവന്റെ ചേട്ടനായ എസ് 3 ഐ എസ്. ഈ വിവരങ്ങള് ഒക്കെ അറിയാവുനന് ശനിയേട്ടന്റെ വകയും കിട്ടി കണ്‍ഫ്യൂഷന് കൂട്ടന് വേണ്ടി ഒരെണ്ണം. സോണിയുടെ സൈബര്‍ഷോട്ട് ഡി എസ് സി എച് -2 .

എസ് 2 -ന്റെ ഒരു കുഴപ്പം കേട്ടത് അതിന് 4 ബാറ്ററി വേണം. ഡി എസ് സി എച് -2 നാണേല് 2 ബാറ്ററി മതി. ഇനി ഇവിടുത്തെ ഫോട്ടോഗ്രാഫി പുലികളേ ഓടി വരൂ, എന്നെ ഒന്നു സഹായിക്കൂ... ഈ പറഞ്ഞ സാധങ്ങള്‍ എങ്ങനെ? ഏതിനേലും എന്തേലും കുഴപ്പമുണ്ടോ? ഇതു ഉപയോഗിയ്ക്കുന്ന ആരേലും ഒണ്ടോ? ഒണ്ടെങ്കിലെങ്ങനെ? ഈ റെയ്ഞ്ചില്‍ ഇതിനേക്കാള്‍ പുലി ക്യാമറ വേറെ ഉണ്ടോ? എസ് 2 -ഇല് നിന്നും എസ് 3-ഇലെക്ക് പ്രധാന വ്യത്യാസം 1 മെഗാപിക്സലിന്റെയാണ്. വേറെ എന്തേലും?

Tuesday, June 27, 2006

ബോയിംഗ്

“വെല്‍ക്കം എബോര്‍ഡ് സര്‍” ആ സ്വരം പരിചിതമായിരുന്നോ? ഞാന്‍ തലയുയര്‍ത്തി നോക്കിയത് മനം മയക്കുന്ന ചിരിയുമായി നിന്ന എയര്‍ഹോസ്റ്റസ്സിന്റെ മുഖത്തേയ്ക്കായിരുന്നു. ഞെട്ടിയെന്നു പറഞ്ഞാല്‍ അത് മുഴുവനാവില്ല. നെഹാരിക ഗുപതയുടെ സുസ്മിത വദനം ഞാനവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ കണ്ട അവളും ഒന്നു ഞെട്ടിയെന്നുറപ്പാണ്, എന്നാലും പെട്ടെന്നു തന്നെ വശ്യമായ ആ ചിരി വീണ്ടെടുത്ത് എന്നെ വരവേല്‍ക്കാനും പരിചയം ഭാവിക്കാതെ സീറ്റിനു നേരെ ആനയിയ്ക്കാനും‍ അവള്‍ക്കു കഴിഞ്ഞു. അവളുടെ ഹോസ്റ്റസ്സ് ട്രെയിനിംഗ് വെറുതെയായില്ല - ഏത് ആകസ്മിക സംഭവത്തെയും ചിരിയോടെ നേരിടാന്‍ ഹോസ്റ്റസ്സുകളെ പഠിപ്പിക്കാറുണ്ടത്രെ.

ജാലകത്തിനടുത്തുള്ള 9A സീറ്റില്‍ ഞാന്‍ ചെന്നിരുന്നത് ചിന്തകളില്‍ മുഴകിയാണ്. കോളേജിലെ ആദ്യ ദിവസത്തെക്കുറിച്ചായിരുന്നു ഞാന്‍ ഓര്‍മ്മിച്ചത്. ക്ലാസിലെ പെണ്‍കുട്ടികളെ ഒക്കെ പെട്ടെന്നു പരിചയപ്പെടാനുള്ള കസര്‍ത്തുകള്‍ പലതും മാറി മാറി ശ്രമിച്ചതും എല്ലാവരെയും ഓടി നടന്നു പരിചയപ്പെട്ടതുമെല്ലാം… പിന്നെ ക്ലാസിനു വെളിയിലേയ്ക്കു നടന്നപ്പൊഴാണ് ഇതേ മനം മയക്കുന്ന ചിരിയുമായി അവള്‍ എതിരേ വന്നത്. അന്നും ആ കണ്ണുകളില്‍ അലിഞ്ഞു ചേര്‍ന്ന് സ്വയം മറന്ന് കുറെ നേരം നിന്നു - ഇന്നു നിന്ന പോലെ. ജീവിതത്തില്‍ ചില കാര്യങ്ങളുണ്ട് മാറ്റമില്ലാത്തവയായി - നെഹാരികയുടെ ചിരി അവയിലൊന്നാണ്.

“നനഞ്ഞ ടവല്‍, സര്‍” മുഖം തുടയ്ക്കനുള്ള ടവലുമായി നീട്ടിയ അവളുടെ കൈ ആണ് എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. പതിയെ ടവല്‍ വാങ്ങുമ്പോള്‍ ഞാനോര്‍മ്മിച്ചത് കോളേജിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ബാഡ്‌മിന്റണ്‍ കളി കഴിയുമ്പോഴൊക്കെ അവളോടു ടവല്‍ എടുത്തു തരാന്‍ പറയുന്നതായിരുന്നു. നിറഞ്ഞ ചിരിയുമായി അവളെപ്പൊഴും നിരസിയ്ക്കാനുപയോഗിയ്ക്കുന്ന പതിവു വാചകം ഓര്‍മ്മയുണ്ട് “മേരെക്കോ നൌക്ക്‌രാനി സമച്ച്ക്കേ രഖാ ഹൈ ക്യാ?”. ആ ചോദ്യം കേള്‍ക്കാനായി മാത്രം എത്രയോ തവണ ടവല്‍ ചോദിച്ചിരിയ്ക്കുന്നു.

ഫ്ലൈറ്റില്‍ ഊണിന്റെ സമയമാകാന്‍ അധികം താമസിച്ചില്ല. അവള്‍ വീണ്ടും മുന്നില്‍ “ഊണിനെന്താണു സര്‍? വെജിറ്റേറിയന്‍? അതോ നോണ്‌വെജിറ്റേറിയന്‍?”. ഞങ്ങള്‍ ഒന്നിച്ചു ദിവസവുമെന്നോണം ഭക്ഷണത്തിനു പോയിരുന്ന ഒയാസിസ്-നെക്കുറിച്ചാണ്‍ അപ്പോള്‍ ഞാനോര്‍ത്തത്. ഞാനൊരു പരിപൂര്‍ണ്ണ മാംസാഹാരിയാണെന്നും മാംസാഹാരമില്ലാതെ എനിയ്ക്ക് ഊണിറങ്ങില്ലെന്നും നന്നായറിയാവുന്നവള്‍. എന്നെ കളിയാക്കാന്‍ വേണ്ടി എന്നും മുടങ്ങാതെ എനിക്കായി ചില്ലി ബീഫും ചിക്കന്‍ ഫ്രൈയും ഓര്‍ഡര്‍ ചെയ്തിരുന്നവള്‍. അവളിതാ എന്നോടു ചോദിയ്ക്കുന്നു വെജ്ജാണോന്ന്‌.

ഊണു കഴിഞ്ഞതും അടുത്ത ചോദ്യവുമായി അവളെത്തി “ചായയോ കാപ്പിയോ?”. കയ്യില്‍ രണ്ടു കെറ്റിലുകളും പിടിച്ച് അതേ ചിരിയുമായി. “എനിക്കല്‍പ്പം തണുത്തതെന്തെങ്കിലും കിട്ടുമോ” ഞാന്‍ അന്വേഷിച്ചു. “ക്ഷമിയ്ക്കണം, കേട്ടില്ല” എന്ന്‌ അവള്‍ പറഞ്ഞത് കേട്ടാല്‍ ഞാന് ചായയും കാപ്പിയും കുടിയ്ക്കാറില്ലെന്ന കാര്യം സത്യമായും അവള്‍ക്കറിയില്ലെന്നേ തോന്നൂ. ഞാന്‍ ശ്യാമവര്‍ണ്ണന്‍ ശീതളപാ‍നീയങ്ങള്‍ എപ്പൊഴും അകത്താക്കുന്നതിന് അവളെന്നേ വഴക്കു പറയാത്ത ദിവസങ്ങളില്ലായിരുന്നു. ഓരോ മാസികകളില്‍ വരുന്ന സ്ഥിതിവിവരക്കണക്കുകളും നിരത്തി വാശിയോടെ വാദിയ്ക്കുന്ന അവളുടെ മുഖമായിരുന്നു എന്റെ മനസില്‍. അതൊക്കെ ഓര്‍ത്ത് മറുപടി പറഞ്ഞപ്പോള്‍ എന്റെ സ്വരം അല്‍പ്പം ഉയര്‍ന്നു “ഒരു ഗ്ലാസ്സ് കൊക്കക്കോള”. “ദാ ഒരു നിമിഷം സാര്‍” ആഥിത്യമര്യാദയുടെ അവസാനവാക്കായിരുന്നു അപ്പോളവള്‍. ഏതാനും നിമിഷങ്ങള്‍ക്കകം അവള്‍ മടങ്ങി വന്നു - രണ്ടു കാര്യങ്ങളുമായി - എനിക്കായി ഒരു ഗ്ലാസ്സ് കൊക്കൊക്കോള പിന്നെ ഒരിയ്ക്കലും മങ്ങാത്ത ആ ചിരി.

ബാംഗ്ലൂര്‍ നിന്നും പൂനെയ്ക്കുള്ള ഒരു ഫ്ലൈറ്റ് അനന്തമായി പറന്നു കൊണ്ടിരിയ്ക്കില്ലല്ലോ. “ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ദിസ് ഈസ് ക്യാപ്റ്റന്‍ സഞ്ജീവ് ശര്‍മ്മ… യു ആര്‍ എബൌട്ട് ടു ലാന്റ് അറ്റ് പൂനെ എയര്‍പോര്‍ട്ട്. ദി ഔട്ട്സൈഡ് റ്റെമ്പറേച്ചര്‍ ഈസ് 29 ഡിഗ്രീ…” വിമാനം താഴെയെത്തി. ഞാന്‍ എന്റെ ബാഗെടുത്തു. അവസാനം പുറത്തിറങ്ങിയതു ഞാനായിരുന്നു. അവള്‍ നിന്ന വാതിലാണു ഞാന്‍ തിരഞ്ഞെടുത്തത്. അവള്‍ അവിടെ - ആ മന്ദഹാസവും പിന്നെ പതിവു വാക്കുകളുമായി “ഞങ്ങളോടോപ്പം പറന്നതിനു നന്ദി. ശുഭദിനം”. ഞങ്ങള്‍ അതിനു മുമ്പ് അവസാനമായി കണ്ടതിനെപ്പറ്റിയായിരുന്നു അപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചത്. അന്ന് കോളേജിലെ അവസാന ദിവസമായിരുന്നു. അവള്‍ അവസാനമായി എന്നോടു പറഞ്ഞത് ദില്‍ ചാഹ്ത്താ ഹൈ-യില്‍ അമീര്‍ അഗ്വാഡ കോട്ടയില്‍ ഇരുന്നു സൈഫിനോടും അക്ഷയോടുമായി പറഞ്ഞ വാചകമായിരുന്നു. “ഹമാരാ സിന്ദഗി വോ ജഹാസ് കെ തരഹ് ഹെ… അപ്നെ അപ്നെ മന്‍സില്‍ ഡൂണ്‌ട്കെ നിക്കല്‍ പഡാ ഹെ…സാല്‍ മൈം ഏക് ബാര്‍ ക്യാ ദസ് സാ‍ല്‍ മൈം ഏക് ബാര്‍ ഭീ മില്‍നാ മുശ്‌കില്‍ ഹോഗാ”. ഞങ്ങളുടെ പാതകള്‍ അതിനു മുന്നെ തന്നേ പിരിഞ്ഞു കഴിഞ്ഞിരുന്നെങ്കിലും അതു പറയാന്‍ മാത്രമായി അവളെന്നെ ഒരിയ്ക്കല്‍ കൂടി ഒയാസിസിലേയ്ക്കു വിളിച്ചിരുന്നു. അതു കേള്‍ക്കാന്‍ മാത്രമായി ഞാന്‍ പോവുകയും ചെയ്തിരുന്നു.

Saturday, June 17, 2006

അന്നാദ്യമായി

അക്ക്വേഷ്യാക്കാട്ടില്‍ കാറ്റ് ചൂളം വിളിച്ചു. നിലത്തു മെത്ത പോലെ കനത്തില് വീണു കിടക്കുന്ന തവിട്ടു നിറത്തിലുള്ള ഇലകളില് മലര്‍ന്നു കിടന്ന് അന്നാദ്യമായി അവന്‍ അവളുടെ ചുണ്ടില്‍ ചുംബിച്ചു. പതിവിനു വിപരീതമായി അവളതിനു സമ്മതിച്ചു. എന്തോ ചുണ്ടുകള്‍ ഒരിയ്ക്കലും അവള് അവനായി നല്‍കിയിരുന്നില്ല. അവന്റെ മുഖം മുഴുവന് മാറിമാറി ചുംബിക്കുമ്പോഴും ചുണ്ടുകള്‍ അവള്‍ ഒഴിവാക്കാറുണ്ടായിരുന്നു. അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകള്‍ക്കു നേരെ നീങ്ങുമ്പോഴൊക്കെ സ്വാഭാവികമായി തന്നെ ചുണ്ടുകള്‍ ഒളിപ്പിക്കാന്‍ അവള്‍ എപ്പൊഴും ശ്രമിച്ചിരുന്നു.

അന്ന് അവളുടെ വിവാഹനിശ്ചയമായിരുന്നു.

Sunday, June 04, 2006

ഒരു ബ്ലൊഗര്‍ ടെമ്പ്ലൈറ്റിന്റെ പോസ്റ്റുമോര്‍ട്ടം

ബ്ലോഗറില്‍ ലോഗിന്‍ ചെയ്ത്‌ template പേജിലെത്തിയാല്‍ അവിടെ ബ്ലോഗിന്റെ അസ്ഥികൂടം കാണാന്‍ കഴിയും. ഈ അസ്ഥികൂടത്തില്‍ ചില മിനുക്കു പണികള്‍ നടത്തിയാല്‍ നമ്മുടെ ബ്ലോഗിനെ നമുക്ക്‌ ആവശ്യമുള്ള രീതിയില്‍ മിനുക്കിയെടുക്കാം. അതിനുവേണ്ടി ഞാന്‍ template-ന്റെ ഓരോ ഭാഗവും ഒന്നു കീറിമുറിക്കാന്‍ പോകുകയാണ്‌... പല template-കള്‍ തമ്മില്‍ അല്‍പ്പം ചില വ്യത്യാസങ്ങളൊക്കെ കാണും, എന്നാലും പ്രധാന സംഭവങ്ങള്‍ ഒക്കെ ഒന്നു തന്നെയായിരിയ്ക്കും.

Legal Disclaimer
ഈ പണികള്‍ തുടങ്ങുന്നതിനു മുന്നെ സ്വന്തം template മുഴുവനായി കോപ്പി ചെയ്ത്‌ അതേപടി ഒരു വേര്‍ഡ്‌ ഡോക്യുമെന്റിലോ നോട്ട്‌പാഡിലോ പെയ്സ്റ്റ്‌ ചെയ്തിട്ട്‌ ഒരു ഫയല്‍ ആയി സെയ്‌വ്‌ ചെയ്ത്‌ വെക്കണേ... എങ്ങാനും template അടിച്ചു പോയാല്‍ സിവിലായോ ക്രിമനലായോ ഞാന്‍ ഉത്തരവാദിയല്ല.

<!DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN" "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd">

ഇതിനെ document type declaration എന്നു പറയും. എതു വേര്‍ഷന്‍ HTML ആണ് ഉപയോഗിക്കുന്നതെന്നു അറിയാനാണ് ഇതു പ്രധാനമായി ഉപയോഗിക്കുന്നത്‌. ഇതില്‍ തൊട്ടു കളിക്കരുതെ. :-)

<html xmlns="http://www.w3.org/1999/xhtml" xml:lang="en" lang="en">
ഇതു html ടാഗ്‌. ബാക്കി എല്ലാ ടാഗുകളെയും ഉള്ളില്‍ ഒതുക്കുന്ന പ്രധാന ടാഗ്‌. ഇവിടെയും മാറ്റങ്ങള്‍ ആവശ്യമില്ല.

<head>
head ടാഗ്‌. എല്ലാ html ഡോക്യുമെന്റിനും ഒരു തലയും(head) ഒരു ഉടലും(body) കാണും. ഡോക്യുമെന്റിനെ മൊത്തം ബാധിക്കുന്ന ചില നിര്‍ദേശങ്ങള്‍ head-ഇലാണു നല്‍കാറ്‌. ഇവിടം മുതല്‍ </head> എന്നു കാണുന്നതു വരെയുള്ള ഭാഗങ്ങള്‍ head സെക്ഷനില്‍ പെടുന്നവയാണ്.

<title><$BlogPageTitle$></title>
ഇവനാണു head സെക്ഷനിലെ ആദ്യത്തവന്‍ - title ടാഗ്‌. ബ്ലോഗിന്റെ settings പേജില്‍ എല്ലാവരും ഒരു title കൊടുത്തിട്ടുണ്ടല്ലോ... ആ title ഈ ടാഗില്‍ കാണുന്ന <$BlogPageTitle$> എന്ന വേരിയബിളിന്റെ സ്താനത്തു മാറ്റപ്പെടും. ഈ title ബ്രൌസറിന്റെ തലക്കെട്ടിലും (ബ്രൌസര്‍ ജാലകത്തിന്റെ ഏറ്റവും മുകളില്‍) കാണും. അപ്പോള്‍ ബ്ലോഗിന്റെ തലക്കെട്ട്‌ മാറ്റി അവിടെ വേറെ എന്തെങ്കിലും നല്‍കണമെങ്കില്‍ <$BlogPageTitle$> എന്ന ഈ സാധനത്തിനു പകരം “Welcome to Sunnikkutty's blog" എന്നോ മറ്റോ കൊടുക്കാം. പക്ഷെ ഒരു ചെറിയ കുഴപ്പം എന്തെന്നാല്‍ ഈ ടൈറ്റില്‍ പലയിടത്തും ഉപയോഗിക്കപ്പെടുന്നുണ്ട്‌, പിന്മൊഴികളിലും വേറെ പലയിടത്തും. അവിടെയൊക്കെ ഇതു മാറിപ്പോകും.

<$BlogMetaData$>
head ടാഗിലെ അടുത്തവന്‍. ഇതാണു മെറ്റാഡേറ്റ. ബ്ലോഗിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ ബ്രൌസറുകള്‍ക്കും സെര്‍ച്ച്‌ എഞ്ചിനുകള്‍ക്കും മറ്റും നല്‍കാനാണിത്‌. ഇവിടെയും മാറ്റങ്ങള്‍ ആവശ്യമില്ല.

<style type="text/css">
ഇനിയിതാ നമ്മുടെ ബ്ലോഗിനെ സ്റ്റൈലനാക്കുന്ന ചില style-കള്‍ നമ്മള്‍ പ്രസ്താവിക്കാന്‍ പോവുകയാണ്. സ്റ്റെലുകളെക്കുറിച്ചും അതിനുപയോഗിക്കുന്ന CSS(cascading style sheet) നെക്കുറിച്ചും ഒരുപാടു കാര്യങ്ങള്‍ ഇവിടെ കാണാം.

/*
Blogger Template Style
Name: TicTac (Blueberry)
Author: Dan Cederholm
URL: www.simplebits.com
Date: 1 March 2004
*/

ഇതൊക്കെ സ്റ്റൈലിനുള്ളിലെ വെറും കമന്റുകള്‍. കമന്റിനുള്ളില്‍ എന്തു പോക്രിത്തരവും എഴുതാം. ഒന്നും പുറത്തു വരില്ല. കമന്റെഴുതുന്നത്‌ /* നും */നും ഉള്ളിലായിരിക്കണമെന്നു മാത്രം.

/* ---( page defaults )--- */
ദാ വരുന്നു അടുത്ത കമന്റ്‌.

body {
margin: 0;
padding: 0;
font-family: Verdana, sans-serif;
font-size: small;
text-align: center;
color: #333;
background: #e0e0e0;
}

body എന്ന വാക്കു കണ്ട്‌ തെറ്റിദ്ധരിക്കല്ലേ, ഇവന്‍ നമ്മുടെ body എങ്ങനെയിരിക്കണം എന്നതിനു വേണ്ടിയുള്ള style പ്രസ്താവന മാത്രമാണ്. യഥാര്‍ത്ഥ body വരാന്‍ കിടക്കുന്നതേ ഉള്ളു. ഇതിലെ അട്രിബ്യൂട്ടുകള്‍ ഓരൊന്നും നമുക്കാവശ്യത്തിനു മാറ്റാം.

font-family മാറ്റി arial ആക്കണോ? അതോ ടെക്സ്റ്റ്‌ കളര്‍ മാറ്റണോ? color: gold എന്നോ color: red എന്നോ കൊടുത്തോളൂ... പേജിന്റെ background കളര്‍ മാറ്റണോ? ആ background:#e0e0e0 എന്നതു മാറ്റി അവിടെ ആവശ്യമുള്ളതു കൊടുക്കാം. കളര്‍ RGB(red, green, blue) ഫോര്‍മാറ്റിലാണു കൊടുത്തിരിക്കുന്നത്‌. പ്രധാനപ്പെട്ട കളറുകള്‍ (red, blue, green, white അങ്ങനെയങ്ങനെ) നേരിട്ടു തന്നെ കൊടുക്കാം. ദാ ഇങ്ങനെ - background:blue. ‘#‘ ആവശ്യമില്ല എന്നു പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. കളറുകള്‍ സെലക്റ്റു ചെയ്യാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക. ഇനിയും അവശ്യമെങ്കില്‍ ഇവിടെയും.

ഇനിയുള്ള ചില സെക്ഷനുകള്‍ എന്താണെന്നു പേരു കണ്ടാല്‍ തന്നെ മനസിലാവും. അവയുടെ style ആവശ്യമെങ്കില്‍ മാറ്റാം. ഇവ നമ്മുടെ body-ല്‍ ഉപയോഗിക്കാത്തിടത്തോളം കാലം മാറ്റേണ്ട ആവശ്യം ഇല്ല.

blockquote {
margin: 0 0 0 30px;
padding: 10px 0 0 20px;
font-size: 88%;
line-height: 1.5em;
color: #666;
background: url(http://www.blogblog.com/tictac_blue/quotes.gif) no-repeat top left;
}

blockquote p {
margin-top: 0;
}

abbr, acronym {
cursor: help;
font-style: normal;
border-bottom: 1px dotted;
}

code {
color: #996666;
}

hr {
display: none;
}

ഇതാണു hr അധവാ horizontal rule. വലത്തു നിന്നും ഇടത്തോട്ടൊരു വര. വരയ്ക്കുവരെ style.

img {
border: none;
}
‘പട‘ക്കടകള്‍ നടത്തുന്നവര്‍ക്കു വേണമെങ്കില്‍ ഈ image ടാഗില്‍ ചില മിനുക്കു പണികള്‍ നടത്താവുന്നതാണ്.

ul {
list-style: none;
margin: 0 0 20px 30px;
padding: 0;
}

ഒരു ബുള്ളറ്റ്‌ ലിസ്റ്റിന്റെ style.

li {
list-style: none;
padding-left: 14px;
margin-bottom: 3px;
background: url(http://www.blogblog.com/tictac_blue/tictac_blue.gif) no-repeat 0 6px;
}

ലിസ്റ്റിലെ ഓരോ item-ന്റെയും style.

/* links */

a:link {
color: #6699cc;
}

പേജിലെ ലിങ്കുകളുടെ രുചിയും മണവും മാറ്റണോ? ഇവിടെ പണിയൂ... ഇനിയിതാ പലതരം ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്‌. visit ചെയ്ത ലിങ്ക്‌, മൌസ്‌ hover ചെയ്ത ലിങ്ക്‌, active ലിങ്ക്‌ അങ്ങനെയങ്ങനെ.

a:visited {
color: #666699;
}

a:hover {
color: #5B739C;
}

a:active {
color: #5B739C;
text-decoration: none;
}

ലിങ്കുകളെക്കുറിച്ചു കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ.

ഒന്നു സ്ക്രോള്‍ ഡൌണ്‍ ചെയ്തു നോക്കിയ ഞാന്‍ തളര്‍ന്നു. ഇനി ഒരു ശോഡ ഒക്കെ കുടിച്ചിട്ടു തുടരണോ വേണ്ട്യോ എന്നാലോശിക്കാം... ഒരു സ്റ്റാര്‍ട്ടു കിട്ടിയ സ്തിതിക്ക്‌ ആര്‍ക്കും അര്‍മാദിക്കാവുന്നതാണ്.

ഹെഡറില്‍ ഇമെയ്ജ്‌ ബാനര്‍
നല്ല ഡിമാന്റുള്ള ഈ സംഭവം ചെയ്യുന്നതിങ്ങനെ. (ഇതൊരു വഴി)

ടെംബ്ലൈറ്റിലെ ഈ ഭാഗം കണ്ടുപിടിക്കുക.
<div id="blog-header">
<h1>
<ItemPage><a href="<$BlogURL$>"></ItemPage>
<$BlogTitle$>
<ItemPage></a></ItemPage>
</h1>
</div>

അതിനെ ഇങ്ങനെ മാറ്റുക.
ഇവിടെ ചെയ്തതു ഹെഡറിലെ സാധനങ്ങള്‍ ഒരു TABLE-ല്‍ ഇട്ടിട്ട്‌ ആ TABLE-നു ഒരു ബാക്ഗ്രൌണ്ട്‌ ഇമെജ് കൊടുക്കുക എന്നതാണ്. HEIGHT and WIDTH അഡ്ജസ്റ്റ്‌ ചെയ്യെണ്ടി വരും.
ബാനറിനു ഒരു ബോര്‍ഡര്‍ വരുന്നുണ്ടെങ്കില്‍ മുകളില്‍ blog-header എന്നതിന്റെ style-ഇല്‍ പോയി border 0 ആയി കൊടുത്താല്‍ മതി.

<div id="blog-header">
<TABLE background="http://photos1.blogger.com/blogger/ 100/300/450/imagename.jpg" HEIGHT="110" WIDTH="650">
<Tr><TD align="right">
<h1>
<ItemPage><a href="<$BlogURL$>"></ItemPage>
<$BlogTitle$>
<ItemPage></a></ItemPage>
</h1>
</td>
</TR>
</TABLE>
</div>




ടെംബ്ലൈറ്റ് മാറ്റി പുതിയ ടെംബ്ലൈറ്റ്‌ ഇടുന്ന വിധം.
1.Sign in
2.Go to Template page
3.In the second menu row, there is a "Pick New" link, click on it.
4.Choose a template and there you go!!

Please remember that whatever customization you did in the previous tempalte will be lost.


സൈഡ് ബാറിലെ ലിങ്കുകള്

ടെംബ്ലൈറ്റില് sidebar തുടങ്ങുന്ന സ്തലത്ത് ഇങ്ങനെ ഒരു സാധനം കണ്ടു പിടിയ്ക്കുക
<div id="sidebar">

അതിന്റെ താഴെ ചിലപ്പോ ബ്ലോഗ് ഡിസ്ക്രിപ്ഷനായി ഒരു രണ്ടു വരി ഇങ്ങനെ ഒരു സംഭവം കാണും
<$BlogDescription$>

അല്ലെങ്കില് ആര്ക്കൈവ്സ് പേജുകളുടെ ലിങ്ക് ഇങ്ങനെ കാണും
<MainOrArchivePage>

ഇതിനൊക്കെ മുകളിലോ താഴെയോ ആയി എവിടെയാ വേണ്ടെ എന്നു വെച്ചാ ഈ കാണുന്ന സംഭവങ്ങള് കോപ്പി ചെയ്തിടണം. വാചകം നിങ്ങള്‍ക്കിഷ്ടമുള്ളതു കൊടുക്കാം… ലിങ്ക് മാത്രം ശരിയായാല് മതി.

This blog is in my mother tongue, Malayalam. You need the unicode font <a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf" target="blank">AnjaliOldLipi</a> to read this. (<a href="http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html" target="blank">Instructions</a>)

ഇനി പ്രധാന പുലിമടകളിലേയ്ക്കു ലിങ്ക് വേണമെങ്കില് ഓരോന്നും താഴെ കൊടുക്കുന്നു. വെറുതെ കോപ്പി ചെയ്ത് ഇട്ടാല് മതി. രണ്ടു ലിങ്കുകള് രണ്ട് ലൈനില് വരണമെങ്കില് ഇടയ്കൊരു <br> (line break)വേണം. അതുകൊണ്ട് ഞാന് <br> ലിങ്കിന്റെ കൂടെ തന്നെ ഇട്ടു.
<a href="http://groups.google.com/group/blog4comments" target="blank">ഗൂഗിൾ ഗ്രാമപഞ്ചായത്ത് </a><br>
<a href="http://evuraan.blogdns.org/malayalam/work/head.html" target="blank">തനി മലയാളം ബ്ലോഗ് റോൾ </a><br>
<a href="http://malayalamwords.com/unicode.php" target="blank">മലയാളം അക്ഷരം പെറുക്കി</a><br>
<a href="http://boologaclub.blogspot.com/" target="blank">ഫൂലോഗ ക്ലപ്പ്</a><br>


എന്റെ സൈഡ്‌ബാര്‍ മുഴുവനായി നോക്കിയാല്‍ ഇങ്ങനെയാണ്‌ ഇപ്പോള്‍...

<!-- Begin #sidebar -->
<div id="sidebar">
<h2 class="sidebar-title">About</h2>
<p><$BlogDescription$></p>
<!-- Begin #profile-container -->
<h2 class="sidebar-title">Language</h2>
<p>
This blog is in my mother tongue, Malayalam. You need the unicode font <a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf" target="blank">AnjaliOldLipi</a> to read this. (<a href="http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html" target="blank">Instructions</a>)
</p>
<!-- Begin #profile-container -->
<$BlogMemberProfile$>
<!-- End #profile -->
<MainOrArchivePage>
<h2 class="sidebar-title">Links</h2>
<ul>
<li><a href="http://groups.google.com/group/blog4comments" target="blank">ഗൂഗിൾ ഗ്രാമപഞ്ചായത്ത് </a></li>
<li><a href="http://evuraan.blogdns.org/malayalam/work/head.html" target="blank">തനി മലയാളം ബ്ലോഗ് റോൾ </a></li>
<li><a href="http://malayalamwords.com/unicode.php" target="blank">മലയാളം അക്ഷരം പെറുക്കി</a></li>
<li><a href="http://boologaclub.blogspot.com/" target="blank">ഫൂലോഗ ക്ലപ്പ്</a></li>
</ul>
</MainOrArchivePage>
<h2 class="sidebar-title">Previous</h2>
<ul id="recently">
<BloggerPreviousItems>
<li><a href="<$BlogItemPermalinkURL$>"><$BlogPreviousItemTitle$></a></li>
</BloggerPreviousItems>
</ul>
<MainOrArchivePage>
<h2 class="sidebar-title">Archives</h2>
<ul class="archive-list">
<BloggerArchives>
<li><a href="<$BlogArchiveURL$>"><$BlogArchiveName$></a></li>
</BloggerArchives>
<ArchivePage><li><a href="<$BlogURL$>">Current Posts</a></li></ArchivePage>
</ul>
</MainOrArchivePage>
<!--<h2 class="sidebar-title">New</h2>
<p>This is a paragraph of text in the sidebar.</p>
-->
<p id="powered-by"><a href="http://www.blogger.com"><img src="http://buttons.blogger.com/bloggerbutton1.gif" alt="Powered by Blogger" /></a></p>
</div>
<!-- End #sidebar -->


ടെമ്പ്ലൈറ്റിലെ ഡിവ്-കളുടെ രൂപം.