Monday, December 19, 2005

ബാൻഗളൂർ ട്രെയിനിങ്ങ്‌

നിങ്ങളെല്ലാം കൂടി ചീത്ത വിളിക്കുന്നതു വരെ എന്റെ ഈ ചളങ്ങൾ എല്ലാർക്കും സഹിക്കേണ്ടി വരും... :-) കഴിഞ്ഞത്‌ കോളേജ്‌ ഇലക്ഷനെപ്പറ്റിയായിരുന്നു... ഇത്തവണ കോളേജിലെ തന്നെ വേറെ ഒരു കലാപരിപാടിയെപ്പറ്റിയാണ്‌... പഠനത്തിനിടക്ക്‌ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ്‌ എന്നൊരു ഐറ്റം... ഏതെങ്കിലും കമ്പനിയിൽ 2 മാസം ട്രെയിനിങ്ങ്‌ നടത്തി അതിന്റെ സർട്ടീക്കറ്റ്‌ വാങ്ങി ചെല്ലണം...ഞങ്ങടെ ക്ലാസിലെ ഒട്ടുമുക്കാലും പേരും ഇതു തന്നെ തക്കം എന്നും പറഞ്ഞു ബാന്‌ഗ്ലൂരേക്കു കെട്ടിയെടുത്തു. 2 മാസം വീട്ടുകാരുടെ ചിലവിൽ കോളേജിന്റെ അനുവാദത്തോടെ ഒരു വിനോദസഞ്ചാരം....

എന്റെ 7 ക്ലാസ്‌മേറ്റ്‌സ്‌ ഒന്നിച്ചാണെത്തിയത്‌. അതിൽ ഒരുത്തന്റെ മൂത്താപ്പാന്റെ കൊച്ചമ്മേടെ അനന്തിരവളുടെ മോളേ കെട്ടിയവൻ ഇവിടെ എവിടെയോ ഉണ്ടെന്ന ബലത്തിലാണു എല്ലാരും കൂടെ ലാൻഡ്‌ ചെയ്തത്‌. ICICI ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ശ്യം രാജ്‌ ആണു മേൽപ്പറഞ്ഞ ബന്ധു. ശ്യം രാജ്‌ റെയിൽവേ സ്റ്റേഷനിൽ എത്തി എല്ലാത്തിനെയും സ്വീകരിച്ചു സ്വന്തം വീട്ടിൽ എത്തിച്ചു. അവിടുന്നു പാവത്തിന്റെ കണ്ടകശനി തുടങ്ങി.

പിറ്റേന്നു രാവിലെ ബാങ്കിൽ പോകാൻ വേണ്ടി ശ്യാം നേരത്തെ എണീറ്റ്‌ റ്റോയ്‌ലറ്റിൽ പോകാൻ ചെന്നു. കിം ബഹുന... റ്റോയ്‌ലറ്റ്‌ ഓൾറെഡി ഒക്യുപ്പയിഡ്‌... 7 പേരിൽ ഒരുത്തൻ അതിൽ കയറി അട ഇരിക്കുകയായിരുന്നു. എന്തായാലും റ്റോയ്‌ലറ്റ്‌ ഫ്രീ ആവുന്നതു വരെ പത്രം വായിച്ചു കളയാം എന്നു കരുതി പത്രം എടുക്കാൻ ചെന്നു. അതാ ഒരുത്തൻ പത്രത്തിന്റെ മുകളിൽ കയറി ഇരുന്നു വാർത്തകൾ സസൂക്ഷ്മമം പെറുക്കിയെടുക്കുന്നു. വേറെ ഒരുത്തൻ മതിലിനു മുകളിൽ കാലു കവച്ചിരുന്നു അടുത്ത വീട്ടിലെ ആൾക്കാരെ ഒക്കെ കാണിച്ചുകോണ്ടു പല്ലു തേക്കുന്നു...മനം മടുത്ത ശ്യം തിരിച്ചു റ്റോയ്‌ലറ്റിലേക്കു നടന്നു, അപ്പോഴേയ്ക്കും ആദ്യത്തവൻ ഇറങ്ങി വെളിയിൽ ഒരു ചിരി ഒക്കെ ചിരിച്ചു നിൽക്കുന്നു. പക്ഷെ ശ്യാമിന്റെ ആശ്വാസം അല്പായുസായിരുന്നു, വേറെ ഒരുത്തൻ ഇതിനകം അകത്തു കയറിപ്പറ്റിയിരുന്നു. അവൻ ഇറങ്ങും വരെ അവിടെ തന്നെ കാത്തു നിൽക്കാൻ ശ്യം തീരുമാനിച്ചു. അവൻ ഇറങ്ങിയപ്പോൾ അതു വരെ ഉറങ്ങുകയായിരുന്ന ഒരുത്തൻ ചാടി എണീറ്റ്‌, അന്തം വിട്ടു നിന്ന ശ്യാമിനെ ഒന്നു നോക്കുക കൂടി ചെയ്യാതെ റ്റോയ്‌ലറ്റിലേക്കു കയറിപ്പോയി. ഇനി അവിടെ നിന്നുട്ടു കാര്യമില്ലെന്നു മനസിലായ ശ്യാം നേരെ ഓഫീസിലേക്കു തിരിച്ചു.

പിറ്റേന്നു രാവിലെയും സംഗതികൾ ഏറെക്കുറെ ഇതേ രീതിയിൽ തന്നെ പുരോഗമിച്ചു. ശ്യം കുളിക്കാൻ കുളിമുറിയുടെ നേരെ നടക്കുമ്പോൾ രണ്ടു പേർ തമ്മിൽ ഒരു ഓട്ടമത്സരം കണ്ടു. ഫിനിഷ്‌ ലൈൻ ബാത്ത്‌റൂമിന്റെ ഡോർ ആയിരുന്നെന്നും ലക്ഷ്യം ആദ്യം കുളിക്കുക എന്നതായിരുന്നു എന്നും അതിലൊരുത്തൻ കുളിമുറിയിൽ കയറി വാതിൽ അടച്ചു കഴിഞ്ഞു മാത്രമേ ശ്യാമിനു മനസിലായുള്ളു....ശ്യം വെളിയിൽ നില്പായി. പെട്ടെന്നു കറന്റ്‌ പോയി. അകത്തുള്ളവൻ വിചാരിച്ച്തു പുറത്തുള്ള മറ്റവൻ സ്വിച്ചു് ഓഫ്‌ ചെയ്തതാണെന്നാണ്. അകത്തു നിന്നൊരലർച്ചാ..” ലൈറ്റിടെടാ പട്ടീ....” പാവം ശ്യാം “...ഇതു ഞാനാ... ലൈറ്റ്‌...കറന്റ്‌...ലൈറ്റ്‌ പോയി..അല്ലാ...കറന്റു പോയി..”...

പിന്നെ ഈ 7 പേരും ശ്യാമിന്റെ ഫോണും ഇന്റെർനെറ്റ്‌ കണക്ഷനും എല്ലാം സ്വന്തം പോലെ ഉപയോഗിച്ചു കൊണ്ടിരുന്നു. ഒരുത്തൻ STD വിളിച്ചു അവന്റെ അനിയത്തിയെ Windows ഇൻസ്റ്റോൾ ചെയ്യാൻ പടിപ്പിച്ചതു ശ്യാമിന്റെ കാശിന്‌. വേറെ ഒരുത്തൻ മേടിച്ചിട്ട്‌ ആറു കൊല്ലമായ, ഇതേ വരെ കഴുകാത്ത ബാറ്റടെ സാൻഡൽ ശ്യാമിന്റെ ഇമ്പോർട്ടട് ഷൂ പോളിഷ്‌ ഇട്ടു ദിവസവും മിനുക്കുന്നു. വന്ന ദിവസം മുതൽ രണ്ടു പേർ ശ്യാമിന്റെ കട്ടിൽ കയ്യടക്കിയതാണ്‌... ശ്യം ഉറക്കം ഹോളിലെ ഒരു സെറ്റിയിൽ. ശ്യാം ഇല്ലാത്ത സമയത്തു കൂട്ടത്തിൽ അല്പം ടെക്നിക്കൽ വിവരം ഉള്ള ഒരുത്തൻ ഉറക്കെ ചിന്തിച്ചതു ഇങ്ങനെയായിരുന്നു..”കമ്പ്യൂട്ടറിൽ ഒരു കീ ലോഗ്ഗർ പ്രോഗ്രാം ഇട്ടിരുന്നെങ്കിൽ അങ്ങേരുടെ ഇന്റർനെറ്റ്‌ കണക്ഷൻ പാസ്സ്‌വേർഡ്‌ അടിച്ചു മാറ്റായിരുന്നു...” അങ്ങേരെ ഇത്രയൊക്കെ ദ്രോഹിച്ചതു പോരാഞ്ഞിട്ട്‌ അവന്‌ അങ്ങെരുടെ പാസ്സ്‌വേർഡ്‌ കൂടി വേണമത്രെ. ഒട്ടകത്തിനു സ്തലം കൊടുത്ത പോലെ എന്ന ചൊല്ലൊക്കെ ഇവിടെ അപര്യാപ്തം.

അന്നു വൈകിട്ട്‌ എല്ലാരും കൂടി സിനിമ കാണാൻ MG റോഡിൽ എത്തി. ശ്യാമിന്റെ വീട്‌ മൈസൂർ റോഡിൽ കുറെ ദൂരെ ഹോസഗുഡഡ ഹള്ളി എന്ന സ്തലത്താണ്... സിനിമ ഒക്കെ കഴിഞ്ഞിറങ്ങിയപ്പോഴാണു മനസിലായതു ആ വഴിക്കുള്ള ബസ്‌ ഒക്കെ പോയിട്ട്‌ നേരം ഒരുപാടായി എന്നു. പിന്നെ എല്ലാരും കൂടെ ഒരു ഊഹം വെച്ചങ്ങു നടപ്പു തുടങ്ങി. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല. അവസാനം ഇഴഞ്ഞും പിടിച്ചും ഒക്കെയാണു എല്ലാം വീട്ടിൽ എത്തിയത്‌. ശ്യം നോക്കുമ്പോൾ ഒരുത്തൻ നാലു കാലിൽ ഇഴഞ്ഞു കയറി വന്നു വാതിലിൽ മുട്ടുന്നു. തുറന്ന്പ്പോൾ ബന്ധുവിന്റെ സുഹ്രുത്തു്. അടിച്ചു പിമ്പിരിയായതാണെന്നാണു ശ്യാം വിചാരിച്ചതു്. ജീവിതം തന്നെ മടുത്ത ശ്യാം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി. “ബാങ്കിൽ നാളെ മുതൽ ഓഡിറ്റ്‌ ആണു... ഞാൻ അതി രാവിലെ നാലു മണിക്കു പോകും. രാത്രി ഒരു രണ്ടു മണിക്കേ വരൂ... നിങ്ങൾ എന്നെ നോക്കണ്ട. എല്ലാരും എഞ്‌ജോയ്‌ ചെയ്യൂ...”

അതിനു ശെഷം മൂന്നാലു ദിവസത്തേക്കു ആരും ശ്യാമിനെ കണ്ടിട്ടില്ല. ഏതായാലും പാവം ശ്യാമിന്റെ ആയുസിന്റെ ബലം കൊണ്ടു നമ്മുടെ ഏഴു പേർ സംഘത്തിനു കോറമങ്ങല അടുത്ത്‌ വേറെ ഒരു വീട്‌ വാടകക്കു കിട്ടി. എല്ലാരും കൂടെ അങ്ങോട്ടു മാറി. ഏകദേശം ഒരാഴ്ച കഴിഞ്ഞു. ക്ലാസിൽ നിന്നും വേറെയും ആൾക്കാൻ ഒറ്റക്കും കൂട്ടമായും ഒക്കെ ബാന്ഗളൂർ എത്തിക്കൊണ്ടിരുന്നു. ആ ആഴ്ച്ക്‍ അവസാനം ഞങ്ങൾ എല്ലാവരും കൂടെ വെറുതെ ബ്രിഗേഡ് റോഡിൽ കറങ്ങി നടക്കുകയായിരുന്നു. ഞങ്ങൾടെ ക്ലാസിലെ തന്നെ 6 പേരുടെ ഒരു സംഘം –നജീമും കൂട്ടരും- എതിരെ നടന്നു വരുന്നു. അവർ ബാന്ഗളൂർ എത്തിയതു ഞങ്ങൾ അറിഞ്ഞിരുന്നില്ല. എല്ലാരും കൂടിക്കണ്ടു. “ഹൈ” പറച്ചിൽ ബഹളം, ചിരി, അട്ടഹാസം.... ബഹളം ഒന്നടങ്ങിയപ്പോൾ ഞാൻ നജീമിനോടു എവിടെയാ താമസം എന്നു തിരക്കി.

നജീം :- “അളിയാ, താമസം കുറെ ദൂരെയാ... മൈസൂർ റോഡിൽ...”
ഞാൻ :- “മൈസൂർ റോഡിലെവിടെ?”
നജീം :- “മൈസൂർ റോഡിൽ ...ഒരു ഹോസഗുഡഡ ഹള്ളി...”
ഹോസഗുഡഡ ഹള്ളി എന്നു കേട്ടു എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി.
ഞാൻ :- “ഹോസഗുഡഡ ഹള്ളിയിലെവിടെ?”
നജീം :- “ഹോസഗുഡഡ ഹള്ളിയിൽ ഒരു... ICICI ബാങ്കിൽ ജോലിയുള്ള ഒരു ശ്യം രാജിന്റെ വീട്ടീൽ...”

ഹോ!!!!.... ഇതു കേട്ടതും ഞങ്ങൾ എല്ലാവരും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി, പിന്നെ നിലത്തു വീണു കിടന്നു ചിരി തുടങ്ങി.

സംഭവം, ഈ ശ്യം രാജ്‌ നജീമിന്റെ ഇക്കാന്റെ കൂട്ടുകാരന്റെ പെങ്ങടെ വകയിലൊരു കൊച്ചപ്പന്റെ ചിറ്റപ്പനായിരുന്നു. പാവത്തിന്റെ ഒരു ഗതികേടേ... 7 എണ്ണം വന്നു അങ്ങേരെ കുത്തുപാള എടുപ്പിച്ചു ഇറങ്ങിയില്ല, അതിനു മുന്നെ വേറെ 6 എണ്ണം കൂടെ നാട്ടിൽ നിന്നും കെട്ടി എടുത്തിരിക്കുന്നു. ഈ രണ്ടു കൂട്ടര്ക്കും ഒരേ പാവത്തിനെ തന്നെ ഇരയായി കിട്ടാനുള്ള പ്രൊബബിലിറ്റി കാൽകുലേറ്റ്‌ ചെയ്തു ഞങ്ങൾ അതു കഴിഞ്ഞു കുറെ ചിരിച്ചിട്ടുണ്ട്‌.

Wednesday, December 14, 2005

കോളേജ്‌ യെലക്ഷൻ

കേരളത്തിലെ സകലമാന കോളേജുകളിലും ഉള്ളതു പോലെ ഞങ്ങടെ കോളേജിലും വിദ്യാർത്ഥിരാഷ്ട്രീയവും, സമരവും, തല്ലും, കോളേജ്‌ ഇലക്ഷനും എല്ലാം ഉണ്ടായിരുന്നു.... രാഷ്ട്രീയമാണോ തല്ലാണോ ആദ്യം തുടങ്ങിയതെന്നറിയില്ല... പക്ഷെ രണ്ടും ആവശ്യത്തിനും അതിനധികവും ഉണ്ടായിരുന്നു.... ചൊമല പാർട്ടിയും(ചുവപ്പിനെ ചൊമല എന്നു പറയുന്നതിനു ഞാൻ ആവശ്യത്തിനു കളിയാക്കൽ കേട്ടിട്ടുണ്ട്‌) കാവി പാർട്ടിയും ആരുന്നു കോളേജിലെ പ്രധാന പാർട്ടികൾ... വേറെ ഏതെങ്കിലും ഈർക്കിൽ പാർട്ടി കോളേജിൽ തുടങ്ങാൻ നോക്കിയാൽ ഈ രണ്ടു പാർട്ടിക്കാരും ഒന്നായി പുതിയവനെ തല്ലും... പ്രത്യേകിച്ചു വേറെ എന്റർടെയ്‌ന്മെന്റ്‌ ഒന്നും ഇല്ലാത്തപ്പോ രണ്ടു പാർട്ടിയും തമ്മിൽ തല്ലും.... എല്ലാ തവണയും എലക്ഷനു സീറ്റുകൾ മുഴുവൻ തൂത്തു വാരുന്നതു ചൊമല പാർട്ടി ആരുന്നു... പക്ഷെ തല്ലിന്റെ കാര്യത്തിൽ രണ്ടു പാർട്ടികളും ഒപ്പത്തിനൊപ്പമാരുന്നു... മെൻസ്‌ ഹോസ്റ്റലും(MH) ലേഡീസ്‌ ഹോസ്റ്റലും(LH) ചൊമല പാർട്ടിയുടെ കുത്തക ആയിരുന്നു... കാവി പാർട്ടിക്കു തരുണീമണികളുടെ പിന്തുണ തുലോം കുറവായിരുന്നു.... എല്ലാം തല്ലുമാടന്മാരായിരുന്നതു കൊണ്ടായിരിക്കാം....ഇത്രയുമാണു പശ്ചാത്തലം... കർട്ടൻ ഉയരട്ടെ.....

അങ്ങനെ ഇരിക്കുമ്പോ കോളേജിൽ യെലക്ഷൻ പ്രഖ്യാപിക്കും.പിന്നെ എല്ലാം ഒരു മാമാങ്കമാണ്. ആർക്കും ക്ലാസിൽ കയറണ്ടാ – ഡ്യൂട്ടി ലീവ്‌ കിട്ടും. പോസ്റ്റർ, ബാനർ എഴുത്ത്, ഒട്ടിക്കൽ, പ്രചാരണം, പഞ്ചാരയടി, അഭ്യർത്ഥന, പ്രസംഗം, മീറ്റിങ്ങ്‌, എല്ലാത്തിനുമുപരിയായി ഇടക്കിടക്കു തല്ലും.... ശാന്തം, സുന്ദരം, സുരഭിലം. യെലക്ഷൻ ആയാൽ പിന്നെ ‘ഡെമോ പർട്ടികളുടെ’ വരവായി. ഞങ്ങൾ കോളേജിൽ കയറിയ വർഷം പ്രധാന ഡെമോ പർട്ടി ‘ഫ്ലൂട്ട്‌സ്’ (FLUTES) ആയിരുന്നു. സംഭവത്തിന്റെ യെക്സ്പ്ലനേഷൻ ലേശം അശ്ലീലമാണു.(ഫ്ലൂട്ടു വായന – യേത്‌)...എന്നാലും അശ്ലീലമില്ലാത്ത (പെൺകൊടികൾക്കായുള്ള) ഒരു ഫുൾഫോം കൂടി ഉണ്ട്‌. Failed Lovers Union of Trivandrum Engineering Students. അപ്പോ ഈ പറഞ്ഞ പാർട്ടി എല്ലാ സീറ്റിലേക്കും ആളെ നിർത്തും, എല്ലാ ക്ലാസിലും പ്രചാരണത്തിനെത്തും, മൊത്തത്തിൽ ജൊള്ളി ആക്കും, യെലക്ഷനു എട്ടു നിലയിൽ പൊട്ടും.... അതായിരുന്നു പതിവ്‌.

ഫ്ലൂട്ട്സിന്റെ ചില യെലക്ഷൻ വാഗ്ദാനങ്ങളും പ്രചാരണ പരിപാടികളും –

1. ഞങ്ങൾ ജെയിച്ചാൽ, ഹോസ്റ്റലുകൾ തമ്മിൽ, അതായതു MH-ഉം LH-ഉം തമ്മിൽ ഒരു റോപ്പ്‌വേ സ്താപിക്കുന്നതായിരിക്കും.... അന്തരീക്ഷത്തിൽ റോപ്പ്‌വേ നിങ്ങളുടെ പ്രൈവസിക്കു പറ്റുന്നില്ലേങ്കിൽ ഞങ്ങൾ ഒരു അണ്ടർഗ്രൌണ്ട്‌ ടണൽ കൂടി കുഴിക്കുന്നതായിരിക്കും. ഈ ടണൽ പദ്ധതി വിജയിക്കുകയാണെങ്കിൽ അതിനോടടുപ്പിച്ചു ഒരു LKG കൂടി പണിയുന്നതായിരിക്കും.

2. കോളെജു ബസുകൾ പരിഷ്കരിക്കും. എല്ലാ ബസുകളും ഡബിൾ ഡെക്കർ ആക്കും. ഇടക്കുള്ള പാർട്ടീഷൻ ഗ്ലാസ്സു കൊണ്ടായിരിക്കും. പെൺകുട്ടികൾക്കു മുകളിലും ആൺകുട്ടികൾക്കു താഴെയും ആയിരിക്കും ഇരിപ്പിടങ്ങൾ.

3. കോളെജിനുള്ളിൽ വാഹന അപകടങ്ങൾ പെരുകുന്നു. ബമ്പറുകളുടെ കുറവാണു ഇതിനൊരു കാരണം. അതു കൊണ്ട്‌, ഞങ്ങൾ ഇപ്പൊഴുള്ള ബമ്പറുകളുടെ വലിപ്പം കൂട്ടാനും പുതിയ ബമ്പറുകൾ വികസിപ്പിക്കാനും മുൻകൈ എടുത്തു പ്രവർത്തിക്കുന്നതായിരിക്കും.

4. ഇപ്പൊ ഒരത്യാവശ്യത്തിനു കോളേജിലെ ഏതെങ്കിലും പയ്യനൊന്നു കമ്പി അടിക്കണമെങ്കിൽ കോളേജിൽ അതിനുള്ള സൌകര്യങ്ങളില്ല. അവനു PMG-ലെ കമ്പിയാപ്പീസ്‌ വരെ പോയാലെ ഒന്നു മന:സമാധാനമായി കമ്പി അടിക്കാൻ പറ്റൂ... ഞങ്ങൾ ഇതിനായി എന്തെങ്കിലും ഒരു സൌകര്യം ഏർപ്പെടുത്താം... അധികം സൌകര്യങ്ങളൊന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല.. ഒരു പയ്യനു സൌകര്യമായി നിന്നു കമ്പി അടിക്കാൻ ഒരു റൂം അത്ര മാത്രം.

5. ഇവിടുത്തെ പയ്യന്മാരുടെ ഒരു പ്രധാന പ്രശ്നമാണ് ID Card-ഇൽ branch ഇല്ല എന്നതു. അതു കൊണ്ടു പലർക്കും ഗേള്സിന്റെ ‘ബ്രായിഞ്ച്‘ അറിയാൻ കഴിയുന്നില്ല. ഞങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാ പെൺകുട്ടികൾക്കും ‘ബ്രായിഞ്ച്‘ പ്രിന്റു ചെയ്ത ID Card കൊടുക്കുന്നതായിരിക്കും.

പിന്നെയുള്ള ഒരു ഡെമോപ്പാർട്ടിയായിരുന്നു “ഡിസ്റ്റിൽഡ്‌ ഗോജിൽബ”... പേരു കേട്ടു ഞെട്ടണ്ട. ഏതോ ഒരുത്തൻ വെള്ളം അടിച്ചു പ്രബുദ്ധനായപ്പോ ഇട്ട പേരു. അത്രയും കൂട്ടിയാൽ മതി. അവര്ക്കും ഇതെ പോലെ കുറെ പരിപാടികൾ ഉണ്ടായിരുന്നു. അവരുടെ ചെയർമാൻ സ്താനാർത്ഥി “യേശുക്രിസ്തു ജോസഫ്‌“ ആയിരുന്നു. അവരുടെ സമരഗാനം തഴെ കൊടുക്കുന്നു.
“യേശു നല്ലവൻ
നല്ല മീശയുള്ളവൻ
നല്ല താടിയുള്ളവൻ
കട്ട ബോഡിയുള്ളവൻ“

പിന്നെ വേറെ ഒരു പാർട്ടി BRA (Backbench Rulers Association). ഇവരുടെ വളരെ പ്രശസ്തി പിടിച്ചു പറ്റിയ ഒരു പ്രചരണ വാചകം ഉണ്ടായിരുന്നു.
“നിങ്ങൾ ഈ കോളേജിന്റെ അങ്കണങ്ങളിൽ ചൊമലപ്പാർട്ടിയുടെ പോസ്റ്ററുകൾ കാണും, കാവിപ്പാർട്ടിയുടെ ബാനറുകൾ കാണും. എന്നാൽ നിങ്ങാൾക്ക്‌ ഞങ്ങൾടെ ഒരു പോസ്റ്ററോ ബാനറോ പോലും കാണാൻ കിട്ടില്ല. ഞങ്ങൾക്കു അതിന്റെയൊന്നും ആവശ്യമില്ല...കാരണം....(പെൺകുട്ടികളുടെ നേരെ തിരിഞ്ഞു കൊണ്ട്‌, ശ്വാസം വലിച്ചു പിടിച്ചു, ഇമോഷണൽ ആയി) ...കാരണം, സഹോദരിമാരെ, ഞങ്ങൾടെ സ്താനം നിങ്ങൾടെ നെഞ്ചിനോടു (അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട്‌) തൊട്ടു ചേർന്നാണു. ഞങ്ങൾക്കു വേറെ ഒരു പ്രചാരണത്തിന്റെ ആവശ്യം ഇല്ല.“

ഇത്രയൊക്കെ മോഹനവാഗ്ദാനങ്ങൾ നൽകിയിട്ടും ഇവരാരും ജെയിച്ചില്ലല്ലോ എന്നു ഞങ്ങൾ ഗദ്ഗദത്തോടെ ഓർക്കാറുണ്ടായിരുന്നു.

ചൊമലപ്പാർട്ടിയുടെ മുദ്രാവാക്യങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു.

“തോറ്റിട്ടില്ലാ, തോറ്റിട്ടില്ലാ, തോറ്റ ചരിത്രം കേട്ടിട്ടില്ല...
പറയുന്നതാരെന്നറിയാമോ???????
ചോരചാലുകൾ നീന്തിക്കയറിയ, കഴുമരങ്ങളിലൂഞ്ഞാലാടിയ,
കഠാര നെഞ്ചിൽ താഴുമ്പോൾ, ‘അമ്മെ’ –യെന്നു വിളിക്കാതെ”
ഇനിയാണു തമാശ. ഒറിജിനലിൽ “ഇൻക്വിലാബു വിളിച്ചവരെ” എന്നാണു... എന്നാൽ ചിലർ ഇതിനെ മാറ്റി കൂനിക്കൂടി നിന്നിട്ടൊരു വിളിയൊണ്ട്‌. ”യെന്റമ്മോ-യെന്നു വിളിച്ചവരേ”.

പിന്നെ ഉള്ള ഒരെണ്ണം എവിടെയും എന്തിനും എടുത്തുപയോഗിക്കുന്നതാണ്. അതൊരു ചോദ്യോത്തര ശൈലിയിലാണ്. “ആരാണവിടെ ചെടിയുടെ മറവിൽ?“ ഉത്തരം പലപ്പോഴും പലതായിരിക്കും. മുതലാളിത്തചൂഷണത്തിനെതിരെയാണു വിളിയെങ്കിൽ ഉത്തരം ഇങ്ങനെയായിരിക്കും. “ഞാനാണമ്മേ, ജ്വോർജ്ജു ബ്യുഷ്‌“. യെലക്ഷനു തൊമ്മൻ കുഞ്ഞിനെ തോൽപ്പിച്ച സന്തോഷത്തിലാണു വിളിയെങ്കിൽ ഉത്തരവും മാറും. “ഞാനാണമ്മേ, ത്വൊമ്മൻ ക്യുഞ്ഞ്‌“.

ഇതൊക്കെ തമാശക്കാര്യങ്ങൾ... ഇനിയുള്ളതു അടിയാണ്. യെലക്ഷൻ കഴിയുന്നതു വരെ രണ്ടു പാർട്ടിക്കാരും മര്യാദരാമനമാരായിരിക്കും. അടിയില്ല. പിടിയില്ല. അതു വരെ റാഗ്‌ ചെയ്തു മദിച്ചിരുന്ന പാർട്ടിക്കാരൻ ചേട്ടന്മാരെല്ലാം ഒറ്റ രാത്രികോണ്ടു ജൂനിയേഴ്സിന്റെ സംരക്ഷകരാവും. യെലക്ഷൻ ഒന്നു കഴിഞ്ഞാൽ പിന്നെ അതു വരെ സ്റ്റോക്കു ചെയ്തു വെച്ചിരുന്ന അടിയെല്ലാം കൂടി ഒന്നിച്ചു പൊട്ടും. ഒരുത്തനെ പതിനേഴു പേർ ചേർന്നു വളഞ്ഞുവെച്ചു തല്ലുക, ഇഷ്ടിക (ചുടുകട്ട) എതിരാളിയുടെ തലയിൽ അടിച്ചു പൊട്ടിക്കുക്ക, ഗയ്റ്റിനു വെളിയിൽ അകത്തു കയറാൻ ഒർഡർ കാത്തു നിൽക്കുന്ന പോലീസ്‌ ഏമാന്മാരെ ചീത്ത വിളിക്കുക, ഈ പറഞ്ഞ ഏമാന്മാർ അകത്തു കയറിയാൽ നിന്ന നിൽപ്പിൽ അപ്രത്യക്ഷമാകുക, ഓടി രക്ഷപെടുന്ന എതിരാളിയെ ക്യാന്റീനിലെ സോഡ കുപ്പി കൊണ്ടു എറിഞ്ഞു വീഴ്ത്തുക, പ്രിൻസിപ്പാളിന്റെ മുറിക്കു വെളിയിൽ നിന്നും അദ്ദേഹത്തെ ‘പ്രശംസിക്കുക’ തുടങ്ങിയവയാണു തല്ലിനിടയിലെ പ്രധാന സബ്‌ ഐയ്‌റ്റംസ്.... ഒരു തവണ അടി കഴിഞ്ഞു. കിട്ടിയവനും കൊണ്ടവനും ഒക്കെ രംഗം കാലിയാക്കി. പ്രിൻസിപ്പാൾ പോലീസിനു ഫോൺ ചെയ്തു കഴിഞ്ഞു. ഞാൻ കോളേജിന്റെ മുന്നിൽ നോക്കിയപ്പോൾ വലിയൊരു പാർട്ടി പ്രവർത്തകൻ അവിടെ ഒറ്റക്കു നിന്നു ഇഷ്ടികകൾ പൊട്ടിക്കുന്നു. അവിടെയെല്ലാം നിരത്തിയിടുന്നു. ഭിത്തിയിൽ ഇഷ്ടിക എറിഞ്ഞുടക്കുന്നു. മണ്ണെല്ലാം കശപിശ ആക്കിയിടുന്നു. അവൻ എന്താണു ചെയ്യുന്നതെന്നു ഞാൻ അവനോടു ചോദിച്ചു. അവന്റെ മറുപടി. “ഡേയ്‌, പോലീസ്‌ യിപ്പൊ യിങ്ങെത്തും... അതിനു മുന്നെ ഒരു ഭീകരാന്തരീക്ഷം ഒന്നു സ്രിഷ്ടിച്ചോട്ടെഡേയ്‌“....

Friday, December 09, 2005

എഞ്ജിനീയറിങ്ങ് മാത്തമാറ്റിക്സ്.

എഞ്ജിനിയറിങ്ങിനു പഠിച്ചവരൊക്കെ കണക്കിനു മിടുക്കരായിരിക്കും എന്നു പൊതുജനത്തിനൊരു ധാരണ ഉണ്ട്‌. അതിനോരു അപവാദമാണ്‌ തിരോന്തോരത്തൊരു ഇഞ്ജിനീരിങ്ങ്‌ കാളേജീന്നു പഠിച്ചിറങ്ങിയ ഞാനും എന്റെ കുറെ കൂട്ടുകാരും. ഇന്നലെ ഞാനും എന്റെ ഒരു സഖാവും കൂടെ ഇരുന്നു ഒരു ചെറിയ കണക്കുകൂട്ടൽ നടത്തിയപ്പോളാണ് ആ നഗ്ന സത്യം എനിക്കു ഒന്നു കൂടി ബോധ്യപ്പെട്ടത്‌. ക്രിസ്തുമസിനു നാട്ടിൽ പോകുന്നതിന്റെ പ്ലാനിങ്ങില് ആയിരുന്നു ഞങ്ങള്‌. ഈ ക്രിസ്തുമസിനുള്ള ബസ്‌ ടിക്കറ്റ്‌ ഒക്കെ കഴിഞ്ഞ ക്രിസ്തുമസിനെ മുന്നെ തീർന്നു എന്ന മട്ടിലാണ് ബസ്‌ കമ്പനിക്കാരുടെ മറുപടി. അതു കൊണ്ട്‌ ബസ്‌ ടിക്കറ്റ്‌ ബുക്കു ചെയ്യാനാണെന്നും പറഞ്ഞു ആ വഴിക്കു ചെല്ലാതിരിക്കുന്നതാണു ഭംഗി. പിന്നെയുള്ളത്‌ ട്രെയിൻ. മജെസ്റ്റിക്‌ റെയില്‌വേ സ്റ്റേഷൻ വരെ ചെന്നു പറ്റുന്നതിലും എളുപ്പം നേരെ നാട്ടിലേക്ക്‌ നടക്കുന്നതാണ്. പോരാഞ്ഞിട്ട്‌ ട്രെയിൻ ടിക്കെറ്റ് ഒക്കെ എട്ടു പണ്ടെ നാട്ടുകാർ വാങ്ങി തീർത്തുകാണും. ബാക്കിയുള്ള ‘ബെയ്റ്റിങ്ങ്‌ ലിസ്റ്റ്‌‘ എന്ന സാധനത്തിൽ കേറി ഇരുന്നാൽ നാടെത്തില്ലല്ലോ.

അങ്ങനെ നാടു പറ്റാൻ ഇനി ഒരൊറ്റ വഴിയെ ഉള്ളു. ബാംഗ്ലൂരിൽ നിന്നും കൊച്ചി വരെ കൂട്ടുകാരന്റെ കാറിൽ പോകുക. ഞങ്ങൾ രണ്ടു പേരും ഡ്രൈവിങ്ങ്‌ ഭ്രാന്തൻ‌മാരായതു കൊണ്ട്‌ വണ്ടി ഓടിക്കുന്നതിൽ പ്രശ്നമില്ല. ആകെ പ്രശ്നം ‘എണ്ണ’ ആണു. അതിനു കാശു മുടക്കണമല്ലോ... അങ്ങനെ ഞങ്ങൾ എത്ര പൈസ കയ്യിൽ നിന്നും പോകും എന്നു കണക്കു കൂട്ടാൻ തുടങ്ങി. അവന്റെ കാറിനു മൈലേജ്‌ 18 കിലോമീറ്റർ. നാട്ടിലേക്കുള്ള ദൂരം എകദേശം 550 കിലോമീറ്റർ. ഒരു ലിറ്റർ പെട്രോളിനു 50 രൂപ. ഇത്രയും കാര്യങ്ങൾ ഞങ്ങൾക്കു രണ്ടു പേർക്കും നല്ലതു പോലേ അറിയാം. “ഇതു വെറും സിമ്പിൾ മാത്തമാറ്റിക്‌സ്“ എന്നു സാമാന്യം ഉറക്കെ ഒരു ആത്മഗതം വിട്ടുകൊണ്ട്‌ ഞാൻ എന്റെ മൊബൈൽ പോക്കെറ്റിൽ നിന്നും വലിച്ചെടുത്തു അതിലെ കൽകുലേറ്റർ എടുത്തു കുത്താൻ തുടങ്ങി. രണ്ടു മിനിട്ട്‌ കഴിഞ്ഞു , എങ്ങും എത്തുന്നില്ല എന്നു കണ്ട അവനും എടുത്തു അവന്റെ മൊബൈൽ കൽകുലേറ്റർ... അഞ്ചു മിനിട്ടത്തെക്കു രണ്ടു പേരും ഒരേ ഗൌരവം. ഒരേ കാൽകുലേഷൻ. ഞാൻ മരിച്ചു ഗുണിക്കുന്നു ഹരിക്കുന്നു... സിമ്പിൾ കണക്ക്‌ എവിടെയും എത്തുന്നില്ല എന്നു കണ്ട് അവസാനം ഒരു പത്തു മിനിട്ട്‌ കഴിഞ്ഞു ഞാൻ തല പൊക്കി നോക്കി, അവനോടു ചോദിച്ചു, “ഡാ, 47456 ആണോ?,...അല്ലെ?... അല്ലല്ലെ?... ആവില്ലല്ലെ?“ ഞാൻ ചോദിച്ചു തീർന്നതും അവൻ പെട്ടെന്നു വൻ സന്തോഷത്തിൽ ഇങ്ങോട്ട്‌ “376 അല്ലെ?” എന്റെ മുഖം കണ്ട്‌ അവനു മനസിലായി അതു ആവാൻ സാധ്യത കുറവാണെന്നു.

“മയിലു്....“ രണ്ടു പേരും ഉറക്കെ പറഞ്ഞ്‌ മൊബൈൽ പോക്കറ്റിൽ തിരിച്ചിട്ടു. അവനവനെ കൊണ്ടു പറ്റുന്ന കാര്യങ്ങളേ ചെയ്യാവൂ എന്നു തീരുമാനിച്ചു. തീരുമാനത്തിൽ ഇതും കൂടെ ചേർത്തു. പെട്രോൾ തീരാറാവുമ്പോ അടിക്കും. അവിടെ ചെല്ലുമ്പോൾ മൊത്തം എത്ര പൈസ ചിലവായി എന്നു എഴുതി വെക്കും. പിന്നെ തിരിച്ചു വന്നു അടുത്ത വീട്ടീലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഋതിക മോളെ വിളിച്ചു മൊത്തം എത്രയായി എന്നു കൂട്ടി നോക്കിക്കാം. അവൾ പോകുന്നതിനു മുന്നെ രണ്ടു കൊണ്ടു ഹരിക്കുവേം കൂടി ചെയ്താൽ എല്ലാം ശുഭം. ഒരു തീരുമാനമായല്ലോ എന്ന സന്തോഷത്തിൽ ഞങ്ങൾ അടുത്ത വിഷയത്തിലേക്കു കടന്നു.

കണക്കെഴുതി കൂട്ടുന്ന കാര്യം പറഞ്ഞപ്പൊളാണു മറ്റൊരു കണക്കു കൂട്ടലിന്റെ കാര്യം ഓർമ്മ വന്നതു. നാട്ടിൽ നിന്നും കുറ്റിയും പറിച്ചു ഇവിടെ വന്നു പല കമ്പനികളിലായി പണിയെടുക്കുന്ന ഒരു അഞ്ചെട്ടൊൻപതുപത്തുപന്ത്ര... ആ .... കൊറെ പേർ ഇവിടെ ഒണ്ടെന്നു മാത്രം മനസിലാക്കിയാൽ മതി. ഒരോ ആഴ്ചത്തെയും പണികൾ കഴിഞ്ഞാൽ ഞങ്ങൾ എല്ലാം കൂടി ആഴ്ച അവസാനം ഒരുമിച്ചു കൂടി എങ്ങോട്ടെങ്കിലും ട്രിപ്പ്‌ എന്നും പറഞ്ഞു കെട്ടി എടുക്കും. ഏതെങ്കിലും വെള്ളച്ചാട്ടമോ, കുന്നോ, മലയോ എന്തെങ്കിലും വലിഞ്ഞു കയറും, മൂക്കു മുട്ടെ ശാപ്പാടടിക്കും. തിരിച്ചു വരും. എല്ലാവരും കൂടി പോകുന്നതിനാൽ ചെലവെല്ലാം ഒന്നിച്ചാണ്. ഒരു ഖജാന്‌ജി ഉണ്ടാവും കണക്കു വെക്കാൻ. ഏതെങ്കിലും ഒരുത്തന്റെ തലയിൽ ആ ജോലി കെട്ടി ഏൽപ്പിക്കും.

ഞങ്ങൾ ഈ ഏർപ്പാടിനെ ‘കോമൺ ഫണ്ട്‌‘ എന്നാണു വിളിക്കുന്നതു. പലർക്കും ട്രിപ്പിനു വരാനുള്ള പ്രധാന പ്രചോദനം ഈ കോമൺ ഫണ്ടാണ്. കോമൺ ഫണ്ടിൽ കഴിക്കുമ്പോ എല്ലാവരും സാധാരണ കഴിക്കുന്നതിന്റെ ഇരട്ടിയും മൂന്നിരട്ടിയും ഒക്കെ അകത്താക്കും. ഒരിക്കൽ എവിടെയോ വണ്ടി നിർത്തിയപ്പോൾ എല്ലാവര്ക്കും ഒരോ വാഴപ്പഴം വാങ്ങി വരാൻ പറഞ്ഞു രണ്ടെണ്ണത്തിനെ ഒരു പെട്ടിക്കടയിലേക്കു പറഞ്ഞു വിട്ടു. അഞ്ചു മിനുട്ടു കഴിഞ്ഞു തിരിച്ചെത്തിയതു ഒരു വലിയ വാഴക്കുലയും താങ്ങി പിടിച്ചായിരുന്നു. വെളുക്കനെ ഒരു ചിരിയും പിന്നെ അതിന്റെ പുറകെ “കോമൺ ഫണ്ടല്ലെ, ഇരിക്കട്ടെന്നെ” എന്ന ഒരു സമാധാനിപ്പിക്കലും. ഏതായാലും അര മണിക്കൂർ കൊണ്ടു കുല വെളുത്തു.

നേരത്തെ പറഞ്ഞ ഖജാന്‌ജിയുടെ ജോലിയാണു ഇങ്ങനെയുള്ള അൽക്കുൽത്തു ചിലവുകളെല്ലാം എഴുതി വെക്കുക എന്നതു്. കണക്കു കൂട്ടാൻ അറിയാവുന്നവർ ഞങ്ങളുടെ കൂടെ ഇല്ലാത്തതിനാൽ ഇതു വളരെ പൊല്ലാപ്പു പിടിച്ച് ഒരു പണിയാണു്. എല്ല്ലം കൂടി കൂട്ട്ണം. പിന്നെ ഹരിക്കണം. വൻ തൊല്ല പിടിച്ച് പണി. അങ്ങനെ ഇരിക്കുമ്പോൾ ഒരു ട്രിപ്പിനു ഞങ്ങൾ ക്രിത്യം പത്തു പേരാണു പോയതു. അത്തവണ കണക്കെല്ലാം എന്തെളുപ്പം. പെർ ഹെഡ്‌ എത്രയായെന്നു പറയാൻ എനിക്കു പോലും പറ്റുന്നു. 10 കൊണ്ടു ഹരിക്കാൻ എല്ലാർക്കും ഒരു പ്രത്യേക വിരുതാണല്ലോ. ആ ട്രിപ്പു കഴിഞ്ഞതോടെ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു...”ഇനി മുതൽ എത്ര പേർ വന്നാലും ശരി, ഇല്ലെങ്കിലും ശരി. കണക്കു വീതിക്കുന്നതു 10 കൊണ്ടായിരിക്കും. പെർ ഹെഡ്‌ കണ്ടു പിടിക്കാൻ ഇനി നമ്മടെ കൂടെ ആരും ബുദ്ധിമുട്ടരുത്‌.”