Monday, December 19, 2005

ബാൻഗളൂർ ട്രെയിനിങ്ങ്‌

നിങ്ങളെല്ലാം കൂടി ചീത്ത വിളിക്കുന്നതു വരെ എന്റെ ഈ ചളങ്ങൾ എല്ലാർക്കും സഹിക്കേണ്ടി വരും... :-) കഴിഞ്ഞത്‌ കോളേജ്‌ ഇലക്ഷനെപ്പറ്റിയായിരുന്നു... ഇത്തവണ കോളേജിലെ തന്നെ വേറെ ഒരു കലാപരിപാടിയെപ്പറ്റിയാണ്‌... പഠനത്തിനിടക്ക്‌ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ്‌ എന്നൊരു ഐറ്റം... ഏതെങ്കിലും കമ്പനിയിൽ 2 മാസം ട്രെയിനിങ്ങ്‌ നടത്തി അതിന്റെ സർട്ടീക്കറ്റ്‌ വാങ്ങി ചെല്ലണം...ഞങ്ങടെ ക്ലാസിലെ ഒട്ടുമുക്കാലും പേരും ഇതു തന്നെ തക്കം എന്നും പറഞ്ഞു ബാന്‌ഗ്ലൂരേക്കു കെട്ടിയെടുത്തു. 2 മാസം വീട്ടുകാരുടെ ചിലവിൽ കോളേജിന്റെ അനുവാദത്തോടെ ഒരു വിനോദസഞ്ചാരം....

എന്റെ 7 ക്ലാസ്‌മേറ്റ്‌സ്‌ ഒന്നിച്ചാണെത്തിയത്‌. അതിൽ ഒരുത്തന്റെ മൂത്താപ്പാന്റെ കൊച്ചമ്മേടെ അനന്തിരവളുടെ മോളേ കെട്ടിയവൻ ഇവിടെ എവിടെയോ ഉണ്ടെന്ന ബലത്തിലാണു എല്ലാരും കൂടെ ലാൻഡ്‌ ചെയ്തത്‌. ICICI ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ശ്യം രാജ്‌ ആണു മേൽപ്പറഞ്ഞ ബന്ധു. ശ്യം രാജ്‌ റെയിൽവേ സ്റ്റേഷനിൽ എത്തി എല്ലാത്തിനെയും സ്വീകരിച്ചു സ്വന്തം വീട്ടിൽ എത്തിച്ചു. അവിടുന്നു പാവത്തിന്റെ കണ്ടകശനി തുടങ്ങി.

പിറ്റേന്നു രാവിലെ ബാങ്കിൽ പോകാൻ വേണ്ടി ശ്യാം നേരത്തെ എണീറ്റ്‌ റ്റോയ്‌ലറ്റിൽ പോകാൻ ചെന്നു. കിം ബഹുന... റ്റോയ്‌ലറ്റ്‌ ഓൾറെഡി ഒക്യുപ്പയിഡ്‌... 7 പേരിൽ ഒരുത്തൻ അതിൽ കയറി അട ഇരിക്കുകയായിരുന്നു. എന്തായാലും റ്റോയ്‌ലറ്റ്‌ ഫ്രീ ആവുന്നതു വരെ പത്രം വായിച്ചു കളയാം എന്നു കരുതി പത്രം എടുക്കാൻ ചെന്നു. അതാ ഒരുത്തൻ പത്രത്തിന്റെ മുകളിൽ കയറി ഇരുന്നു വാർത്തകൾ സസൂക്ഷ്മമം പെറുക്കിയെടുക്കുന്നു. വേറെ ഒരുത്തൻ മതിലിനു മുകളിൽ കാലു കവച്ചിരുന്നു അടുത്ത വീട്ടിലെ ആൾക്കാരെ ഒക്കെ കാണിച്ചുകോണ്ടു പല്ലു തേക്കുന്നു...മനം മടുത്ത ശ്യം തിരിച്ചു റ്റോയ്‌ലറ്റിലേക്കു നടന്നു, അപ്പോഴേയ്ക്കും ആദ്യത്തവൻ ഇറങ്ങി വെളിയിൽ ഒരു ചിരി ഒക്കെ ചിരിച്ചു നിൽക്കുന്നു. പക്ഷെ ശ്യാമിന്റെ ആശ്വാസം അല്പായുസായിരുന്നു, വേറെ ഒരുത്തൻ ഇതിനകം അകത്തു കയറിപ്പറ്റിയിരുന്നു. അവൻ ഇറങ്ങും വരെ അവിടെ തന്നെ കാത്തു നിൽക്കാൻ ശ്യം തീരുമാനിച്ചു. അവൻ ഇറങ്ങിയപ്പോൾ അതു വരെ ഉറങ്ങുകയായിരുന്ന ഒരുത്തൻ ചാടി എണീറ്റ്‌, അന്തം വിട്ടു നിന്ന ശ്യാമിനെ ഒന്നു നോക്കുക കൂടി ചെയ്യാതെ റ്റോയ്‌ലറ്റിലേക്കു കയറിപ്പോയി. ഇനി അവിടെ നിന്നുട്ടു കാര്യമില്ലെന്നു മനസിലായ ശ്യാം നേരെ ഓഫീസിലേക്കു തിരിച്ചു.

പിറ്റേന്നു രാവിലെയും സംഗതികൾ ഏറെക്കുറെ ഇതേ രീതിയിൽ തന്നെ പുരോഗമിച്ചു. ശ്യം കുളിക്കാൻ കുളിമുറിയുടെ നേരെ നടക്കുമ്പോൾ രണ്ടു പേർ തമ്മിൽ ഒരു ഓട്ടമത്സരം കണ്ടു. ഫിനിഷ്‌ ലൈൻ ബാത്ത്‌റൂമിന്റെ ഡോർ ആയിരുന്നെന്നും ലക്ഷ്യം ആദ്യം കുളിക്കുക എന്നതായിരുന്നു എന്നും അതിലൊരുത്തൻ കുളിമുറിയിൽ കയറി വാതിൽ അടച്ചു കഴിഞ്ഞു മാത്രമേ ശ്യാമിനു മനസിലായുള്ളു....ശ്യം വെളിയിൽ നില്പായി. പെട്ടെന്നു കറന്റ്‌ പോയി. അകത്തുള്ളവൻ വിചാരിച്ച്തു പുറത്തുള്ള മറ്റവൻ സ്വിച്ചു് ഓഫ്‌ ചെയ്തതാണെന്നാണ്. അകത്തു നിന്നൊരലർച്ചാ..” ലൈറ്റിടെടാ പട്ടീ....” പാവം ശ്യാം “...ഇതു ഞാനാ... ലൈറ്റ്‌...കറന്റ്‌...ലൈറ്റ്‌ പോയി..അല്ലാ...കറന്റു പോയി..”...

പിന്നെ ഈ 7 പേരും ശ്യാമിന്റെ ഫോണും ഇന്റെർനെറ്റ്‌ കണക്ഷനും എല്ലാം സ്വന്തം പോലെ ഉപയോഗിച്ചു കൊണ്ടിരുന്നു. ഒരുത്തൻ STD വിളിച്ചു അവന്റെ അനിയത്തിയെ Windows ഇൻസ്റ്റോൾ ചെയ്യാൻ പടിപ്പിച്ചതു ശ്യാമിന്റെ കാശിന്‌. വേറെ ഒരുത്തൻ മേടിച്ചിട്ട്‌ ആറു കൊല്ലമായ, ഇതേ വരെ കഴുകാത്ത ബാറ്റടെ സാൻഡൽ ശ്യാമിന്റെ ഇമ്പോർട്ടട് ഷൂ പോളിഷ്‌ ഇട്ടു ദിവസവും മിനുക്കുന്നു. വന്ന ദിവസം മുതൽ രണ്ടു പേർ ശ്യാമിന്റെ കട്ടിൽ കയ്യടക്കിയതാണ്‌... ശ്യം ഉറക്കം ഹോളിലെ ഒരു സെറ്റിയിൽ. ശ്യാം ഇല്ലാത്ത സമയത്തു കൂട്ടത്തിൽ അല്പം ടെക്നിക്കൽ വിവരം ഉള്ള ഒരുത്തൻ ഉറക്കെ ചിന്തിച്ചതു ഇങ്ങനെയായിരുന്നു..”കമ്പ്യൂട്ടറിൽ ഒരു കീ ലോഗ്ഗർ പ്രോഗ്രാം ഇട്ടിരുന്നെങ്കിൽ അങ്ങേരുടെ ഇന്റർനെറ്റ്‌ കണക്ഷൻ പാസ്സ്‌വേർഡ്‌ അടിച്ചു മാറ്റായിരുന്നു...” അങ്ങേരെ ഇത്രയൊക്കെ ദ്രോഹിച്ചതു പോരാഞ്ഞിട്ട്‌ അവന്‌ അങ്ങെരുടെ പാസ്സ്‌വേർഡ്‌ കൂടി വേണമത്രെ. ഒട്ടകത്തിനു സ്തലം കൊടുത്ത പോലെ എന്ന ചൊല്ലൊക്കെ ഇവിടെ അപര്യാപ്തം.

അന്നു വൈകിട്ട്‌ എല്ലാരും കൂടി സിനിമ കാണാൻ MG റോഡിൽ എത്തി. ശ്യാമിന്റെ വീട്‌ മൈസൂർ റോഡിൽ കുറെ ദൂരെ ഹോസഗുഡഡ ഹള്ളി എന്ന സ്തലത്താണ്... സിനിമ ഒക്കെ കഴിഞ്ഞിറങ്ങിയപ്പോഴാണു മനസിലായതു ആ വഴിക്കുള്ള ബസ്‌ ഒക്കെ പോയിട്ട്‌ നേരം ഒരുപാടായി എന്നു. പിന്നെ എല്ലാരും കൂടെ ഒരു ഊഹം വെച്ചങ്ങു നടപ്പു തുടങ്ങി. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല. അവസാനം ഇഴഞ്ഞും പിടിച്ചും ഒക്കെയാണു എല്ലാം വീട്ടിൽ എത്തിയത്‌. ശ്യം നോക്കുമ്പോൾ ഒരുത്തൻ നാലു കാലിൽ ഇഴഞ്ഞു കയറി വന്നു വാതിലിൽ മുട്ടുന്നു. തുറന്ന്പ്പോൾ ബന്ധുവിന്റെ സുഹ്രുത്തു്. അടിച്ചു പിമ്പിരിയായതാണെന്നാണു ശ്യാം വിചാരിച്ചതു്. ജീവിതം തന്നെ മടുത്ത ശ്യാം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി. “ബാങ്കിൽ നാളെ മുതൽ ഓഡിറ്റ്‌ ആണു... ഞാൻ അതി രാവിലെ നാലു മണിക്കു പോകും. രാത്രി ഒരു രണ്ടു മണിക്കേ വരൂ... നിങ്ങൾ എന്നെ നോക്കണ്ട. എല്ലാരും എഞ്‌ജോയ്‌ ചെയ്യൂ...”

അതിനു ശെഷം മൂന്നാലു ദിവസത്തേക്കു ആരും ശ്യാമിനെ കണ്ടിട്ടില്ല. ഏതായാലും പാവം ശ്യാമിന്റെ ആയുസിന്റെ ബലം കൊണ്ടു നമ്മുടെ ഏഴു പേർ സംഘത്തിനു കോറമങ്ങല അടുത്ത്‌ വേറെ ഒരു വീട്‌ വാടകക്കു കിട്ടി. എല്ലാരും കൂടെ അങ്ങോട്ടു മാറി. ഏകദേശം ഒരാഴ്ച കഴിഞ്ഞു. ക്ലാസിൽ നിന്നും വേറെയും ആൾക്കാൻ ഒറ്റക്കും കൂട്ടമായും ഒക്കെ ബാന്ഗളൂർ എത്തിക്കൊണ്ടിരുന്നു. ആ ആഴ്ച്ക്‍ അവസാനം ഞങ്ങൾ എല്ലാവരും കൂടെ വെറുതെ ബ്രിഗേഡ് റോഡിൽ കറങ്ങി നടക്കുകയായിരുന്നു. ഞങ്ങൾടെ ക്ലാസിലെ തന്നെ 6 പേരുടെ ഒരു സംഘം –നജീമും കൂട്ടരും- എതിരെ നടന്നു വരുന്നു. അവർ ബാന്ഗളൂർ എത്തിയതു ഞങ്ങൾ അറിഞ്ഞിരുന്നില്ല. എല്ലാരും കൂടിക്കണ്ടു. “ഹൈ” പറച്ചിൽ ബഹളം, ചിരി, അട്ടഹാസം.... ബഹളം ഒന്നടങ്ങിയപ്പോൾ ഞാൻ നജീമിനോടു എവിടെയാ താമസം എന്നു തിരക്കി.

നജീം :- “അളിയാ, താമസം കുറെ ദൂരെയാ... മൈസൂർ റോഡിൽ...”
ഞാൻ :- “മൈസൂർ റോഡിലെവിടെ?”
നജീം :- “മൈസൂർ റോഡിൽ ...ഒരു ഹോസഗുഡഡ ഹള്ളി...”
ഹോസഗുഡഡ ഹള്ളി എന്നു കേട്ടു എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി.
ഞാൻ :- “ഹോസഗുഡഡ ഹള്ളിയിലെവിടെ?”
നജീം :- “ഹോസഗുഡഡ ഹള്ളിയിൽ ഒരു... ICICI ബാങ്കിൽ ജോലിയുള്ള ഒരു ശ്യം രാജിന്റെ വീട്ടീൽ...”

ഹോ!!!!.... ഇതു കേട്ടതും ഞങ്ങൾ എല്ലാവരും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി, പിന്നെ നിലത്തു വീണു കിടന്നു ചിരി തുടങ്ങി.

സംഭവം, ഈ ശ്യം രാജ്‌ നജീമിന്റെ ഇക്കാന്റെ കൂട്ടുകാരന്റെ പെങ്ങടെ വകയിലൊരു കൊച്ചപ്പന്റെ ചിറ്റപ്പനായിരുന്നു. പാവത്തിന്റെ ഒരു ഗതികേടേ... 7 എണ്ണം വന്നു അങ്ങേരെ കുത്തുപാള എടുപ്പിച്ചു ഇറങ്ങിയില്ല, അതിനു മുന്നെ വേറെ 6 എണ്ണം കൂടെ നാട്ടിൽ നിന്നും കെട്ടി എടുത്തിരിക്കുന്നു. ഈ രണ്ടു കൂട്ടര്ക്കും ഒരേ പാവത്തിനെ തന്നെ ഇരയായി കിട്ടാനുള്ള പ്രൊബബിലിറ്റി കാൽകുലേറ്റ്‌ ചെയ്തു ഞങ്ങൾ അതു കഴിഞ്ഞു കുറെ ചിരിച്ചിട്ടുണ്ട്‌.

15 comments:

ദേവന്‍ said...

തീപ്പെട്ട കായത്തിലേ തേൾ വന്ത് കൊത്തുതെടി കണ്മണീ എൻ കണ്മണീ :)

Visala Manaskan said...

ഈ രണ്ടു കൂട്ടര്ക്കും ഒരേ പാവത്തിനെ തന്നെ ഇരയായി കിട്ടാനുള്ള പ്രൊബബിലിറ്റി കാൽകുലേറ്റ്‌ ചെയ്തു ഞാനും ചിരിച്ചൂകൊണ്ടേയിരിക്കുന്നു...

ആദിത്യാ... വെരി ഇന്ററസ്റ്റിങ്ങ്‌ പോസ്റ്റിങ്ങ്‌.

ചില നേരത്ത്.. said...

ആദിത്യാ ..
കൊടുത്താല്‍ കൊല്ലത്ത് നിന്നും കിട്ടും(?) എന്നൊരു ചൊല്ലില്ലേ?. ഇത്രയ്ക്കില്ലെങ്കിലും, അല്‍ അമീന് കോളേജില്‍ പഠിച്ചിരുന്ന ഒരു സുഹൃത്തിന് കൊടുത്ത ട്രീറ്റ് തിരിച്ച് തന്നത് വളരെ മനോഹരമായിട്ടായിരുന്നു. കളസം കീറി ഞാന്‍ ചെന്നൈ വാസം മതിയാക്കേണ്ടി വന്നു അതോടെ,
ഒരു ബന്ധുവിന്റെ ചിറ്റപ്പന്റെ കൂട്ടുകാരന്റെ മൂത്താപ്പാന്റെ സുഹൃത്തിന്റെ സ്നേഹിതനല്ലേ ആദിത്യനും.
നന്നായി ആസ്വദിച്ചു ആദിത്യാ.
ക്രിസ്തുമസ്-നവവത്സരാ‍ശംസകള്‍.
-ഇബ്രു-

വര്‍ണ്ണമേഘങ്ങള്‍ said...

കതിന,കുരിശ്‌,പിച്ചാത്തി തുടങ്ങിയ വർഗങ്ങൾ നമ്മുടെ സ്ഥലത്തെത്തിയാൽ പിന്നെ നമുക്ക്‌ അജ്ഞാതവാസമാ നല്ലത്‌..!

വ്ഹൊമ്ര്ഗി

Adithyan said...

ദേവാ,
പാമ്പു വെട്ടിയവന്റെ തലയിൽ ഇടി കടിച്ചു എന്നതിന്റെ തമിൾ അല്ലെ ദേവൻ പറഞ്ഞത്‌? എനിക്കു മനസിലായി...എല്ലാം മനസിലായി.. :-)

വിശാല,
ഇഷ്ടമായെന്നു പറഞ്ഞതിനു പെരുത്ത നന്ദി. :-)

ഇബ്രുവേ,
ഇബ്രു ‘ചില നേരത്ത്‌‘ ആയതെന്താ? എല്ലാ നേരത്തും ആയിക്കൂടെ? :-)
കൊടുത്താ കൊല്ലത്തു മാത്രമല്ല, കോയമ്പത്തൂരും കിട്ടും എന്നു കൊണ്ടറിഞ്ഞിട്ടുണ്ട്‌ ഞാൻ.... :-)

വർണ്ണം,
ആ പറഞ്ഞതു സത്യം. അതാരുന്നു അവസാനം ശ്യം പയറ്റിയ അടവും...

എല്ലാവർക്കും എന്റെ ക്രിസ്തുമസ്‌ ന്യൂ ഇയർ ആശംസകൾ...

myexperimentsandme said...

വായിച്ചു തുടങ്ങിയപ്പോൾ എൻഡിംഗ് ഇങ്ങിനെയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..:)) "കടക്കടാ $%&#@^&*കളേ പുറത്ത്" എന്നു പറയാൻ ധൈര്യമില്ലാത്തവരുടെയൊക്കെ കാര്യം ഇങ്ങിനെ തന്നെ. ചിലരുടെ അടുത്ത് അങ്ങിനെ പറഞ്ഞിട്ടും കാര്യമില്ല. ചുമ്മാ ചിരിച്ചോണ്ടു നിന്നോളും..

രാജീവ് സാക്ഷി | Rajeev Sakshi said...

ഈ ശ്യാം ഇപ്പോഴും അവിടെത്തന്നെയാണോ താമസം. എന്‍റെ മൂത്താപ്പാന്റെ കൊച്ചമ്മേടെ അനന്തിരവളുടെ മോനും വേണം ഇൻഡസ്ട്രിയല്‍ ട്രെയിനിങ്ങ്‌!

നന്നായിട്ടുണ്ട്.

Adithyan said...

വക്കാരീ,
ആ പാവം "കടക്കടാ $%&#@^&*കളേ പുറത്ത്" എന്നും പറഞ്ഞ്‌ എല്ലാത്തിനെയും കൂടെ എടുത്തു പുറത്തു കളയാത്തതു നന്നായി :-) ഇല്ലെങ്കിൽ തെണ്ടിപ്പോയേനെ..

പുല്ലൂരാൻ,
താങ്ക്‌യൂ... :-)

സാക്ഷീ,
ബാങ്ഗളൂർ ജങ്‌ഷനിൽ തന്നെ... ആ ആലിന്റെ അവിടുന്നു വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്‌... :-)

സു | Su said...

ആ പാവം ശ്യാമിന് പുതുവർഷത്തിൽ ഒരു കാർഡും കേക്കും വാങ്ങിക്കൊടുക്കൂ ആദിത്യാ.

reshma said...

വായിച്ചിരുന്നു..ചിരിച്ചിരുന്നു.. നമ്മടെ ലൈഫിൽ‍ ബാങ്ഗളൂരിലെ സുഖവാസവും, ശ്യാമും ഇല്ലായിർന്നല്ലോന്നു റ്റസ്ക് റ്റസ്ക്നും അടിച്ചിരുന്നു...ഇത് പോലത്തെ സംഭവങ്ങൾ‍ ഇനിയും പോന്നോട്ടെ:)

Adithyan said...

ബ്ലോഗിലെ റാണിമാർക്കും മുതുമുത്തശ്ശിമാർക്കും ഇങ്ങോട്ടു സ്വാഗതം... :-)

സൂ ചേച്ചി അതൊരു നല്ല ഐഡിയ ആണല്ലോ... താങ്ക്യൂ...താങ്ക്യൂ... ചെയ്തുകളയാം... :-) ചേച്ചിക്കും ഒരു നല്ല പുതുവത്സരം നേരുന്നു... :-)

രേഷ്മചേച്ചി, മുതു മുത്തശ്ശി എന്ന സ്താനപ്പേര്‌ അത്ര പെട്ടേന്നൊന്നും ഞങ്ങൾ ‘ചെറുപ്പക്കാർ‘ മറക്കില്ല കേട്ടാ... :-) ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്ത സന്തോഷം... :-) മുതു മുത്തശ്ശീടെ ‘റ്റസ്ക് റ്റസ്ക്ന്‘ കിട്ടുന്നതിൽ കൂടുതൽ എന്താഗ്രഹിക്കാൻ... ഒരു നല്ല പുതു വത്സരം നേരുന്നു... :-)

വര്‍ണ്ണമേഘങ്ങള്‍ said...

വോ...പുതുവത്സരാശംസകള്‌.. തന്നെ...!

myexperimentsandme said...

പുതുവത്സരാശംസകൾ... വീട്ടുകാർക്കും, നാട്ടുകാർക്കും, ആ പാവം ശ്യാമിനും...

Anonymous said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...

പാപ്പാന്‍‌/mahout said...

നല്ല വിവരണം, ആദിത്യാ. ശരിക്കും രസിച്ചു.