Wednesday, December 14, 2005

കോളേജ്‌ യെലക്ഷൻ

കേരളത്തിലെ സകലമാന കോളേജുകളിലും ഉള്ളതു പോലെ ഞങ്ങടെ കോളേജിലും വിദ്യാർത്ഥിരാഷ്ട്രീയവും, സമരവും, തല്ലും, കോളേജ്‌ ഇലക്ഷനും എല്ലാം ഉണ്ടായിരുന്നു.... രാഷ്ട്രീയമാണോ തല്ലാണോ ആദ്യം തുടങ്ങിയതെന്നറിയില്ല... പക്ഷെ രണ്ടും ആവശ്യത്തിനും അതിനധികവും ഉണ്ടായിരുന്നു.... ചൊമല പാർട്ടിയും(ചുവപ്പിനെ ചൊമല എന്നു പറയുന്നതിനു ഞാൻ ആവശ്യത്തിനു കളിയാക്കൽ കേട്ടിട്ടുണ്ട്‌) കാവി പാർട്ടിയും ആരുന്നു കോളേജിലെ പ്രധാന പാർട്ടികൾ... വേറെ ഏതെങ്കിലും ഈർക്കിൽ പാർട്ടി കോളേജിൽ തുടങ്ങാൻ നോക്കിയാൽ ഈ രണ്ടു പാർട്ടിക്കാരും ഒന്നായി പുതിയവനെ തല്ലും... പ്രത്യേകിച്ചു വേറെ എന്റർടെയ്‌ന്മെന്റ്‌ ഒന്നും ഇല്ലാത്തപ്പോ രണ്ടു പാർട്ടിയും തമ്മിൽ തല്ലും.... എല്ലാ തവണയും എലക്ഷനു സീറ്റുകൾ മുഴുവൻ തൂത്തു വാരുന്നതു ചൊമല പാർട്ടി ആരുന്നു... പക്ഷെ തല്ലിന്റെ കാര്യത്തിൽ രണ്ടു പാർട്ടികളും ഒപ്പത്തിനൊപ്പമാരുന്നു... മെൻസ്‌ ഹോസ്റ്റലും(MH) ലേഡീസ്‌ ഹോസ്റ്റലും(LH) ചൊമല പാർട്ടിയുടെ കുത്തക ആയിരുന്നു... കാവി പാർട്ടിക്കു തരുണീമണികളുടെ പിന്തുണ തുലോം കുറവായിരുന്നു.... എല്ലാം തല്ലുമാടന്മാരായിരുന്നതു കൊണ്ടായിരിക്കാം....ഇത്രയുമാണു പശ്ചാത്തലം... കർട്ടൻ ഉയരട്ടെ.....

അങ്ങനെ ഇരിക്കുമ്പോ കോളേജിൽ യെലക്ഷൻ പ്രഖ്യാപിക്കും.പിന്നെ എല്ലാം ഒരു മാമാങ്കമാണ്. ആർക്കും ക്ലാസിൽ കയറണ്ടാ – ഡ്യൂട്ടി ലീവ്‌ കിട്ടും. പോസ്റ്റർ, ബാനർ എഴുത്ത്, ഒട്ടിക്കൽ, പ്രചാരണം, പഞ്ചാരയടി, അഭ്യർത്ഥന, പ്രസംഗം, മീറ്റിങ്ങ്‌, എല്ലാത്തിനുമുപരിയായി ഇടക്കിടക്കു തല്ലും.... ശാന്തം, സുന്ദരം, സുരഭിലം. യെലക്ഷൻ ആയാൽ പിന്നെ ‘ഡെമോ പർട്ടികളുടെ’ വരവായി. ഞങ്ങൾ കോളേജിൽ കയറിയ വർഷം പ്രധാന ഡെമോ പർട്ടി ‘ഫ്ലൂട്ട്‌സ്’ (FLUTES) ആയിരുന്നു. സംഭവത്തിന്റെ യെക്സ്പ്ലനേഷൻ ലേശം അശ്ലീലമാണു.(ഫ്ലൂട്ടു വായന – യേത്‌)...എന്നാലും അശ്ലീലമില്ലാത്ത (പെൺകൊടികൾക്കായുള്ള) ഒരു ഫുൾഫോം കൂടി ഉണ്ട്‌. Failed Lovers Union of Trivandrum Engineering Students. അപ്പോ ഈ പറഞ്ഞ പാർട്ടി എല്ലാ സീറ്റിലേക്കും ആളെ നിർത്തും, എല്ലാ ക്ലാസിലും പ്രചാരണത്തിനെത്തും, മൊത്തത്തിൽ ജൊള്ളി ആക്കും, യെലക്ഷനു എട്ടു നിലയിൽ പൊട്ടും.... അതായിരുന്നു പതിവ്‌.

ഫ്ലൂട്ട്സിന്റെ ചില യെലക്ഷൻ വാഗ്ദാനങ്ങളും പ്രചാരണ പരിപാടികളും –

1. ഞങ്ങൾ ജെയിച്ചാൽ, ഹോസ്റ്റലുകൾ തമ്മിൽ, അതായതു MH-ഉം LH-ഉം തമ്മിൽ ഒരു റോപ്പ്‌വേ സ്താപിക്കുന്നതായിരിക്കും.... അന്തരീക്ഷത്തിൽ റോപ്പ്‌വേ നിങ്ങളുടെ പ്രൈവസിക്കു പറ്റുന്നില്ലേങ്കിൽ ഞങ്ങൾ ഒരു അണ്ടർഗ്രൌണ്ട്‌ ടണൽ കൂടി കുഴിക്കുന്നതായിരിക്കും. ഈ ടണൽ പദ്ധതി വിജയിക്കുകയാണെങ്കിൽ അതിനോടടുപ്പിച്ചു ഒരു LKG കൂടി പണിയുന്നതായിരിക്കും.

2. കോളെജു ബസുകൾ പരിഷ്കരിക്കും. എല്ലാ ബസുകളും ഡബിൾ ഡെക്കർ ആക്കും. ഇടക്കുള്ള പാർട്ടീഷൻ ഗ്ലാസ്സു കൊണ്ടായിരിക്കും. പെൺകുട്ടികൾക്കു മുകളിലും ആൺകുട്ടികൾക്കു താഴെയും ആയിരിക്കും ഇരിപ്പിടങ്ങൾ.

3. കോളെജിനുള്ളിൽ വാഹന അപകടങ്ങൾ പെരുകുന്നു. ബമ്പറുകളുടെ കുറവാണു ഇതിനൊരു കാരണം. അതു കൊണ്ട്‌, ഞങ്ങൾ ഇപ്പൊഴുള്ള ബമ്പറുകളുടെ വലിപ്പം കൂട്ടാനും പുതിയ ബമ്പറുകൾ വികസിപ്പിക്കാനും മുൻകൈ എടുത്തു പ്രവർത്തിക്കുന്നതായിരിക്കും.

4. ഇപ്പൊ ഒരത്യാവശ്യത്തിനു കോളേജിലെ ഏതെങ്കിലും പയ്യനൊന്നു കമ്പി അടിക്കണമെങ്കിൽ കോളേജിൽ അതിനുള്ള സൌകര്യങ്ങളില്ല. അവനു PMG-ലെ കമ്പിയാപ്പീസ്‌ വരെ പോയാലെ ഒന്നു മന:സമാധാനമായി കമ്പി അടിക്കാൻ പറ്റൂ... ഞങ്ങൾ ഇതിനായി എന്തെങ്കിലും ഒരു സൌകര്യം ഏർപ്പെടുത്താം... അധികം സൌകര്യങ്ങളൊന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല.. ഒരു പയ്യനു സൌകര്യമായി നിന്നു കമ്പി അടിക്കാൻ ഒരു റൂം അത്ര മാത്രം.

5. ഇവിടുത്തെ പയ്യന്മാരുടെ ഒരു പ്രധാന പ്രശ്നമാണ് ID Card-ഇൽ branch ഇല്ല എന്നതു. അതു കൊണ്ടു പലർക്കും ഗേള്സിന്റെ ‘ബ്രായിഞ്ച്‘ അറിയാൻ കഴിയുന്നില്ല. ഞങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാ പെൺകുട്ടികൾക്കും ‘ബ്രായിഞ്ച്‘ പ്രിന്റു ചെയ്ത ID Card കൊടുക്കുന്നതായിരിക്കും.

പിന്നെയുള്ള ഒരു ഡെമോപ്പാർട്ടിയായിരുന്നു “ഡിസ്റ്റിൽഡ്‌ ഗോജിൽബ”... പേരു കേട്ടു ഞെട്ടണ്ട. ഏതോ ഒരുത്തൻ വെള്ളം അടിച്ചു പ്രബുദ്ധനായപ്പോ ഇട്ട പേരു. അത്രയും കൂട്ടിയാൽ മതി. അവര്ക്കും ഇതെ പോലെ കുറെ പരിപാടികൾ ഉണ്ടായിരുന്നു. അവരുടെ ചെയർമാൻ സ്താനാർത്ഥി “യേശുക്രിസ്തു ജോസഫ്‌“ ആയിരുന്നു. അവരുടെ സമരഗാനം തഴെ കൊടുക്കുന്നു.
“യേശു നല്ലവൻ
നല്ല മീശയുള്ളവൻ
നല്ല താടിയുള്ളവൻ
കട്ട ബോഡിയുള്ളവൻ“

പിന്നെ വേറെ ഒരു പാർട്ടി BRA (Backbench Rulers Association). ഇവരുടെ വളരെ പ്രശസ്തി പിടിച്ചു പറ്റിയ ഒരു പ്രചരണ വാചകം ഉണ്ടായിരുന്നു.
“നിങ്ങൾ ഈ കോളേജിന്റെ അങ്കണങ്ങളിൽ ചൊമലപ്പാർട്ടിയുടെ പോസ്റ്ററുകൾ കാണും, കാവിപ്പാർട്ടിയുടെ ബാനറുകൾ കാണും. എന്നാൽ നിങ്ങാൾക്ക്‌ ഞങ്ങൾടെ ഒരു പോസ്റ്ററോ ബാനറോ പോലും കാണാൻ കിട്ടില്ല. ഞങ്ങൾക്കു അതിന്റെയൊന്നും ആവശ്യമില്ല...കാരണം....(പെൺകുട്ടികളുടെ നേരെ തിരിഞ്ഞു കൊണ്ട്‌, ശ്വാസം വലിച്ചു പിടിച്ചു, ഇമോഷണൽ ആയി) ...കാരണം, സഹോദരിമാരെ, ഞങ്ങൾടെ സ്താനം നിങ്ങൾടെ നെഞ്ചിനോടു (അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട്‌) തൊട്ടു ചേർന്നാണു. ഞങ്ങൾക്കു വേറെ ഒരു പ്രചാരണത്തിന്റെ ആവശ്യം ഇല്ല.“

ഇത്രയൊക്കെ മോഹനവാഗ്ദാനങ്ങൾ നൽകിയിട്ടും ഇവരാരും ജെയിച്ചില്ലല്ലോ എന്നു ഞങ്ങൾ ഗദ്ഗദത്തോടെ ഓർക്കാറുണ്ടായിരുന്നു.

ചൊമലപ്പാർട്ടിയുടെ മുദ്രാവാക്യങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു.

“തോറ്റിട്ടില്ലാ, തോറ്റിട്ടില്ലാ, തോറ്റ ചരിത്രം കേട്ടിട്ടില്ല...
പറയുന്നതാരെന്നറിയാമോ???????
ചോരചാലുകൾ നീന്തിക്കയറിയ, കഴുമരങ്ങളിലൂഞ്ഞാലാടിയ,
കഠാര നെഞ്ചിൽ താഴുമ്പോൾ, ‘അമ്മെ’ –യെന്നു വിളിക്കാതെ”
ഇനിയാണു തമാശ. ഒറിജിനലിൽ “ഇൻക്വിലാബു വിളിച്ചവരെ” എന്നാണു... എന്നാൽ ചിലർ ഇതിനെ മാറ്റി കൂനിക്കൂടി നിന്നിട്ടൊരു വിളിയൊണ്ട്‌. ”യെന്റമ്മോ-യെന്നു വിളിച്ചവരേ”.

പിന്നെ ഉള്ള ഒരെണ്ണം എവിടെയും എന്തിനും എടുത്തുപയോഗിക്കുന്നതാണ്. അതൊരു ചോദ്യോത്തര ശൈലിയിലാണ്. “ആരാണവിടെ ചെടിയുടെ മറവിൽ?“ ഉത്തരം പലപ്പോഴും പലതായിരിക്കും. മുതലാളിത്തചൂഷണത്തിനെതിരെയാണു വിളിയെങ്കിൽ ഉത്തരം ഇങ്ങനെയായിരിക്കും. “ഞാനാണമ്മേ, ജ്വോർജ്ജു ബ്യുഷ്‌“. യെലക്ഷനു തൊമ്മൻ കുഞ്ഞിനെ തോൽപ്പിച്ച സന്തോഷത്തിലാണു വിളിയെങ്കിൽ ഉത്തരവും മാറും. “ഞാനാണമ്മേ, ത്വൊമ്മൻ ക്യുഞ്ഞ്‌“.

ഇതൊക്കെ തമാശക്കാര്യങ്ങൾ... ഇനിയുള്ളതു അടിയാണ്. യെലക്ഷൻ കഴിയുന്നതു വരെ രണ്ടു പാർട്ടിക്കാരും മര്യാദരാമനമാരായിരിക്കും. അടിയില്ല. പിടിയില്ല. അതു വരെ റാഗ്‌ ചെയ്തു മദിച്ചിരുന്ന പാർട്ടിക്കാരൻ ചേട്ടന്മാരെല്ലാം ഒറ്റ രാത്രികോണ്ടു ജൂനിയേഴ്സിന്റെ സംരക്ഷകരാവും. യെലക്ഷൻ ഒന്നു കഴിഞ്ഞാൽ പിന്നെ അതു വരെ സ്റ്റോക്കു ചെയ്തു വെച്ചിരുന്ന അടിയെല്ലാം കൂടി ഒന്നിച്ചു പൊട്ടും. ഒരുത്തനെ പതിനേഴു പേർ ചേർന്നു വളഞ്ഞുവെച്ചു തല്ലുക, ഇഷ്ടിക (ചുടുകട്ട) എതിരാളിയുടെ തലയിൽ അടിച്ചു പൊട്ടിക്കുക്ക, ഗയ്റ്റിനു വെളിയിൽ അകത്തു കയറാൻ ഒർഡർ കാത്തു നിൽക്കുന്ന പോലീസ്‌ ഏമാന്മാരെ ചീത്ത വിളിക്കുക, ഈ പറഞ്ഞ ഏമാന്മാർ അകത്തു കയറിയാൽ നിന്ന നിൽപ്പിൽ അപ്രത്യക്ഷമാകുക, ഓടി രക്ഷപെടുന്ന എതിരാളിയെ ക്യാന്റീനിലെ സോഡ കുപ്പി കൊണ്ടു എറിഞ്ഞു വീഴ്ത്തുക, പ്രിൻസിപ്പാളിന്റെ മുറിക്കു വെളിയിൽ നിന്നും അദ്ദേഹത്തെ ‘പ്രശംസിക്കുക’ തുടങ്ങിയവയാണു തല്ലിനിടയിലെ പ്രധാന സബ്‌ ഐയ്‌റ്റംസ്.... ഒരു തവണ അടി കഴിഞ്ഞു. കിട്ടിയവനും കൊണ്ടവനും ഒക്കെ രംഗം കാലിയാക്കി. പ്രിൻസിപ്പാൾ പോലീസിനു ഫോൺ ചെയ്തു കഴിഞ്ഞു. ഞാൻ കോളേജിന്റെ മുന്നിൽ നോക്കിയപ്പോൾ വലിയൊരു പാർട്ടി പ്രവർത്തകൻ അവിടെ ഒറ്റക്കു നിന്നു ഇഷ്ടികകൾ പൊട്ടിക്കുന്നു. അവിടെയെല്ലാം നിരത്തിയിടുന്നു. ഭിത്തിയിൽ ഇഷ്ടിക എറിഞ്ഞുടക്കുന്നു. മണ്ണെല്ലാം കശപിശ ആക്കിയിടുന്നു. അവൻ എന്താണു ചെയ്യുന്നതെന്നു ഞാൻ അവനോടു ചോദിച്ചു. അവന്റെ മറുപടി. “ഡേയ്‌, പോലീസ്‌ യിപ്പൊ യിങ്ങെത്തും... അതിനു മുന്നെ ഒരു ഭീകരാന്തരീക്ഷം ഒന്നു സ്രിഷ്ടിച്ചോട്ടെഡേയ്‌“....

24 comments:

aneel kumar said...

ഈ പയലുകളെ കൊളത്തൂരൊള്ള അണ്ണന്മാര് കൈകള് വയ്ക്കണത് ചുമ്മാ അല്ല! യെല്ലാം ഇഞ്ഞനത്തെ അലിമ്പ് കേസുകള് തന്നേ?

Kalesh Kumar said...

യെന്റമ്മിച്ചീ!
രസമുള്ള വായന!

Adithyan said...

അനിലണ്ണോ, യെന്തിരു പറയണത്‌... ല്വോക്കൽ അണ്ണന്മാരുമായിട്ട്‌ യെടക്കെടയ്ക്കു ഫ്രെണ്ട്‌ലി മാച്ചു കളിച്ചില്ലേൽ നമ്മടെ കോളേജിലെ ചെല ബാറ്റ്സ്മാന്മാറ്ക്കു ഇരിക്കപ്പൊറുതിയില്ല...

ഒരുമായിരി യെല്ലാ പയലുകളും ഇതേ മാതിരി അലിമ്പു കെയ്‌സുകളു തെന്നെ കേട്ടാ...

കലേഷേ,
:-) .... താങ്ക്യൂ...താങ്ക്യൂ

myexperimentsandme said...

കോളെജ് ജീവിതം.... രസകരം തന്നെയല്ലേ.. ഇങ്ങിനത്തെ ഒത്തിരി നമ്പരുകളുണ്ടായിരുന്നു, യെലക്ഷൻ കാലത്ത്. പലതും മറന്നുപോയി.

അതുല്യ said...

ആദിത്യാ നന്നായീട്ടോ. യേശൂന്ന് പറഞപ്പോ,പൊറിഞ്ചു എന്ന പയ്യനെയാണെനിക്ക്‌ ഒാർമ്മവന്നതു. യൂണിയൻ ഉൽഘാടനത്തിനു, റ്റാബ്ലോ ആയീട്ട്‌ വളരെ ക്ഷീണിച്ച ഊശാൻ താടിയുള്ള പൊറീഞ്ചുവിനെ യേശു വാക്കി. കൊസ്റ്റൂംസ്‌ ലാഭം, ചുമ്മാ ഒരു കുരിശിൽ ഒരു കുട്ടി തോർത്ത്‌ ചുറ്റി 5 മിനിറ്റ്‌ കൈയൊക്കെ വിരിച്ചു ചേർത്ത്‌ കെട്ടി നിക്കണം. താഴെ മുട്ടുകുത്തി പ്രാർത്തിക്കുന്ന ഒരു ദരിദ്ര സ്ത്രീ. കർട്ടൻ ഉയർന്നു. യേശുവോട്‌ ഒരുപാട്‌ സാദ്ര്ശ്യം തോന്നിയ പൊറിഞ്ചുവിന്റെ നിപ്പിൽ എല്ലാർക്കും ഒരുപാട്‌ ആദ്രത തോന്നി. ഈ തോന്നലിനിടയിൽ, അനിലൻ പുറകു വശത്തിന്നു പതിയേ വിളിച്ചു പറഞ്ഞു, “ടേയ്‌, അങ്ങ്‌ ഏറ്റുന്നാ തോന്നണേ, നീ ആ വയറൊന്ന് അൽപം ചൊട്ടിയ്ക്‌, ഉച്ചത്തെ ബിരിയാണിവയറു വേണ്ട.“ ഇതു കേട്ടതും പൊറിഞ്ചു വയറൊട്ടിച്ചു, തൽഫലമാൽ, കുട്ടി തോർത്തു പൊറിഞ്ചുവിനെ ഡൈവോഴ്സ്‌ ചെയ്തു. കൈകൾ ബന്ധിച്ച പൊറിഞ്ചൂന്റെ കാര്യം പിന്നെ ഊഹനീയം.

ഇന്നു പൊറിഞ്ചു എറണാകുളം ടെലിഫോൺ എക്സ്ക്ചേഞ്ചിൽ സീനിയർ സെക്ക്ഷം ഓഫിസർ പദവി അലങ്കരിയ്കുന്നു.

കോളെജ് ജീവിതം ഓർക്കാനിടയാക്കിയ ആദിത്യന്റെ പോസ്റ്റിനു നന്ദി.

വക്കാരി പിണങ്ങണ്ട. : ഉജ്സിശ്സൂ‍ഉ

Manjithkaini said...

യെന്തപ്പാ പോസ്റ്റ്‌ !!
ഇതിനൊക്കെ 'ഇലക്ട്രിക്‌ പോസ്റ്റെ'ന്നല്ലാതെ എന്തു പറയണം.
കമന്റടിക്കാനുള്ള യോഗ്യതകളില്ലപ്പാ.
കറന്റടിക്കതെ ഓടട്ടെ.

Visala Manaskan said...

'ഈ പയലുകളെ കൊളത്തൂരൊള്ള അണ്ണന്മാര് കൈകള് വയ്ക്കണത് ചുമ്മാ അല്ല! യെല്ലാം ഇഞ്ഞനത്തെ അലിമ്പ് കേസുകള് തന്നേ?'

ഇത്‌ പറഞ്ഞത്‌ അനിലോ അതോ സാക്ഷാൽ രായമാണിക്ക്യമോ..! അടിപൊളി.

കോളേജ്‌ കഥകള്‌ രസങ്ങള്‌ തന്നെ കേട്ടാ..

ദേവന്‍ said...

"അങ്ങകലെ കോസ്റ്റാറിക്കയിലും റോഡേഷ്യയിലും നമുക്കു സമാനരായ വിദ്യാര്‍ത്ഥി സഖാക്കള്‍.."
കേട്ടാല്‍ തോന്നും ഇവനിപ്പോ കോസ്റ്റാറിക്കയിലും റോഡേഷ്യയിലും വിളിച്ചിട്ട്‌ ഫോണ്‍ വച്ചതേയുള്ളുവെന്ന് .

അതു കഴിഞ്ഞ്‌ "ഈ കോളേജില്‍ ഒരു ഫ്രിഡ്ജുണ്ടോ ? അമ്മൂമ്മയായ അമ്മീറ്ററൊന്നുമാറണമെന്ന് പോലും ആവശ്യപ്പെടാതെ കോളേജ്‌ ഭരിച്ച നാണംകെട്ട സഖാക്കളേ.."
നീലക്കൊടിത്താഴത്തുകാര്‍ക്ക്‌ അന്താരാഷ്റ്റ്രത്തിലോട്ട്‌ ഒരു പിടിയുമില്ലാത്തതുകൊണ്ട്‌ പൈപ്പിന്‍മൂട്ടിലും ലാബിലും കിടന്നു ചുറ്റുനു ചക്കുമാടു മാതിരി

(എന്റെ കോളേജില്‍ കാവി കണ്ടാല്‍ അപ്പോഴേ വലിച്ചു കീറുമായിരുന്നു. അതുകൊണ്ട്‌ കുറിപ്പ്രസംഗമില്ല)

ഗ്യാപ്പില്‍ ഒരുത്തന്‍ വലിഞ്ഞു കേറും.
"നമസ്കാരം എന്‍ പേറ്‍ തമ്പീ
"എന്‍ ചിഹ്നം.."
"ജയിച്ചാല്‍ നാന്‍ എം പി"
" തോറ്റാല് ‍നാന്‍ .."

ആദിത്യന്റെ തകര്‍പ്പന്‍ സ്നാപ്‌ ഷോട്ട്‌!!

myexperimentsandme said...

ഇന്ത്യയിൽ മാത്രമല്ല, സോവിയറ്റ് യൂണിയനിലും, ക്യൂബയിലും വരെ വേരുകളുള്ള മഹാപ്രസ്ഥാനമാണ്, സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് “ഇന്ത്യ” എന്ന് എസ്സെഫൈക്കാര്...

കേരളത്തിൽ മാത്രമല്ല ഭാരതമൊട്ടാകെ പടർന്നു പന്തലിച്ചു കിടക്കുന്ന വിദ്യാർത്ഥിപ്രസ്ഥാനമാണ് “കേരളാ” സ്റ്റുഡന്റ്സ് യൂണിയൻ എന്ന് കേയെസ്സ്യൂക്കാര്..
-----------------------------------------
“വാഴയ്ക്കന്റെ പ്രസംഗം കഴിയുമ്പോൾ “ശൂ.....” എന്നൊരൊച്ച കേൾക്കാം.......“

“എന്താ ആ ഒച്ച?”

“വോട്ടു മറിയുന്നതിന്റെയാ”

അതുല്യ said...

ദേവാ, പോസ്റ്റിടാതെ, കമന്റിട്ട് കറ്ങ്ങി നടക്കാതെ, ചക്കുമാടു മാതിരി.....

Adithyan said...

വക്കാരി ഇഷ്ടാ,
വാഴയ്ക്കന്റെ ‘ശൂ’ ഉഗ്രൻ...;-) യെസ്സെഫൈക്കാരും കേയെസ്യൂക്കാരും യേബീവീപ്പിക്കാരും എല്ലാം കൂടി നമ്മടെ കലാലയങ്ങൾ കൊറെ കുട്ടിച്ചോറാക്കിയതാ....

അതുല്യ ചേച്ചി,
കെട്ടപ്പെട്ട കൈകളും പറിഞ്ഞ ഉടുമുണ്ടുമായി ഒരു പാവം പോറിഞ്ചു കുരിശിൽ കിടക്കുന്നതോർത്തിട്ട്‌ ചിരി നിൽക്കുന്നില്ല... :-)

മഞ്ചിത്തേ,
ഞാനിങ്ങനെ പഴയ മണ്ടത്തരങ്ങളൊക്കെ ഓർത്തെടുത്തതാ... കമന്റിട്ടാൽ എന്റെ പോസ്റ്റിനു നാണക്കേടാവും എന്നു തോന്നുന്ന കാലത്തു ഞാൻ കമന്റ്‌ ഡിസേബിൾ ചെയ്തിട്ടോളാം... അതു വരെ, പ്ലീസ്‌, തോന്നുന്നതൊക്കെ വിളിച്ചു പറയൂ... നമ്മക്കെല്ലാം കൂടെ ജൊള്ളിയാക്കാം...

Adithyan said...

വിശാല മനസ്കാ,
ഗുരൂന്നു എപ്പൊളും വിളിക്കുന്നില്ല... :-)
നന്നായെന്നു പറഞ്ഞതിനു നന്ദി....

ദേവൻ പോളണ്ടിനെ മാത്രം തൊട്ടു കളിച്ചില്ല എന്നു എല്ലാരും ശ്രദ്ധിച്ചല്ലോ അല്ലെ, ശ്രീനിവാസനെ പേടിയുണ്ടല്ലേ? ('സന്ദേശം' fame) :-D

ചില കോളേജു സഖാക്കളുടെ തിരക്കു കണ്ടാൽ തോന്നും സെക്രട്ടരിയേറ്റിൽ ഇരുന്നു ഭരണചക്രം തിരിക്കുന്നതിവനാണെന്നു...

കോളേജു സമയത്തു മുതലാളിത്തകുത്തകകളുടെ ചൂഷണത്തിനെതിരെ ഘോരഘോരം വാദിച്ചവനൊക്കെ അതു കഴിഞ്ഞിപ്പോ പല എം.എൻ.സി.-കളിൽ മാറിമാറി പണിയെടുക്കുന്നു... പണ്ടു അങ്ങോട്ടും ഇങ്ങോട്ടും കഴുത്തിനു കത്തിവെച്ചിരുന്ന എതിർപ്പാർട്ടിക്കാരൊക്കെ ഇന്നു ഒരേ ക്യൂബിക്കിളിൻ ഇരുന്നു പണിയെടുക്കുന്നു, ഒരേ പായയിൽ നിന്നും ഭക്ഷണം കഴിക്കുന്നു ;-)ഒരേ പാത്രത്തിൽ കിടന്നുറങ്ങുന്നു ;-D

അതുല്യചേച്ചി, ദേവൻ പോസ്റ്റിടുന്നില്ലെങ്കിലേന്താ, എല്ലാരുടെയും പോസ്റ്റുകളേക്കാൾ മനോഹരമായ കമന്റുകൾ ഇടുന്നില്ലെ :-)

ചില നേരത്ത്.. said...

ആദിത്യാ ബ്ലോഗില്‍ ഈ ഒരു പോസ്റ്റ് കൊണ്ട് വ്യക്തമായ ആധിപത്യം നേടിയല്ലോ.വളരെ രസകരമായ വിവരണം. അപ്പൊ അതിന്‍ അവിടെയും അതാണല്ലേ പേര്‍(യേത്?) കലാലയ രാഷ്ട്രീയത്തിലെ ഒരു സ്ഥിരം തല്ലുകൊള്ളിയായിരുന്നു ഞാന്‍. കശപിശകള്‍ കാണുമ്പോള്‍ ഒഴിഞ്ഞ് നടക്കാന്‍ ഇന്നും എനിക്കു മടിയാണ്‍. ആ തല്ലു കൊള്ളലിന്റെയും തിരിച്ച് തല്ലലിന്റെയും ഹരമൊന്നു വേറെ തന്നെയാ‍.
അപ്പോ അതാണതാണെസ്സഫൈ.
അതാണതാണ്‍ കെയെസ്യു.
വന്ദേമാതരം പാറ്ട്ടി ഇല്ലായിരുന്നു.

വര്‍ണ്ണമേഘങ്ങള്‍ said...

തകർത്തല്ലോ..
ഞെരിപ്പ്‌ പോസ്റ്റ്‌...!
'ജഡ്ജസ്‌ പ്ലീസ്‌ നോട്ട്‌ ആദിത്യന്റെ പോസ്റ്റ്‌ ഓൺ ദി സ്റ്റേജ്‌..!'
കൊള്ളാമിഷ്ടാ..!

Adithyan said...

ഇബ്രുവേ, ആധിപത്യം ഒന്നുമില്ലേയ്‌... പൊക്കല്ലേ, പൊക്കല്ലേ,,, ഞാൻ താഴെ വീഴുവേ... :-).
അതിന്റെ പേരൊക്കെ യിന്റെർനാഷണൽ അല്ലെ (യേതു?) ;-)
ഈ പറഞ്ഞ കലാലയ രാഷ്ട്രീയത്തിന്റെ ഒന്നും സഹായമില്ലാതെ തന്നെ തല്ലു കൊള്ളുന്ന ഒരു ജന്മനാ തല്ലുകൊള്ളിയാണു ഞാൻ... ;-) എനിക്കുള്ള തല്ല് ഞാൻ സ്വൊന്തമായി വാങ്ങിച്ചെടുക്കും..:-)

വർണ്ണം,
നങിയൊണ്ട്‌, നങിയൊണ്ട്‌.... പക്ഷെ സ്റ്റേയിജിലേക്കു... ഞാൻ ഒറ്റക്കു... അതു ശരിയാവില്ല... ആരേലും ഒക്കെ എന്റെ കൂടെ വാ... :-)

ഉമേഷ്::Umesh said...

ആദിത്യാ, കൊള്ളാം.

അശ്ലീലം അല്‍പം അധികമായില്ലേ, അതിരു കടന്നില്ലേ എന്നൊരു ആശങ്ക. (ഫ്ലൂട്ടുവായന, കമ്പിയടിക്കാന്‍ മുറി....)

(എല്ലാരും പൊക്കുമ്പോള്‍ ഞാനൊന്നു കൊട്ടട്ടേ. ഒരു കുറ്റമെങ്കിലും പറഞ്ഞില്ലെങ്കില്‍ എന്തു വിമര്‍ശനം? അല്ല പിന്നെ!)

Adithyan said...

ഉമേഷ്‌ ചേട്ടാ, ആ പറഞ്ഞതു സത്യം... ഒവർ ആയോ? സോറി ... :-)

എല്ലാരും ‘അഡൽറ്റ്‌സ്‌ ഒൺലി’ ആണല്ലോ എന്നു കരുതി അല്പം സ്വാതന്ത്ര്യം എടുത്തതാണ്...

കോളേജിലെ തറ നമ്പരുകളിൽ അല്പമെങ്കിലും ‘പ്രസന്റബിൾ‘ ആയവയാണു ഞാൻ എഴുതിയത്‌....

കൊട്ടും തട്ടും ഒക്കെ ഇല്ലെങ്കിൽ പിന്നെയെന്തു കൂട്ട്‌... :-)

Anonymous said...

അത് വീഡിയോൺ കലക്കി.. അതെല്ലാം ഇപ്പൊ ഓർത്ത് നോക്കുമ്പോൾ നല്ല രസം തോന്നുന്നു. :-) “വൾഗരിറ്റിയുടെ” അതിപ്രസരം ഉണ്ടെങ്കിലും നന്നായിട്ടുണ്ട്.. :p

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്. ഇനിയും എഴുതൂ, ധാരാളം എഴുതൂ ക്യാമ്പസ് തമാശകള്‍. ആസ്വദിച്ച് തുടങ്ങിയപ്പോഴേ വിടപറയേണ്ടിവന്ന ആ ക്യമ്പസ്സിലേക്ക് മനസ്സുകൊണ്ടെങ്കിലുമൊന്ന് തിരിച്ചുചെല്ലട്ടെ.നന്ദി.

SunilKumar Elamkulam Muthukurussi said...

thallukoLLaan pOyeeTTillyenkilum thallunTaakkunnathuvare njaanum unTaayiTTunT~. thalluthuTangiyaal ente poTi kaaNillya!!!! aadithyante pOst enne oru paaT~ pinnilEykk~ konTupOyi.-S-

Adithyan said...

ജിത്തു,
നന്ദി...:-)
ലേശം അശ്ലീലമുണ്ടോന്ന്‌ തിരുമേനിക്കോരു സംശയം...ല്ല്യ്യേ??? BRA പാർട്ടീടെ കോളേജ്‌ യൂണീയൻ ചെയർമാൻ സ്താനാർത്ഥിയായിരുന്ന തിരുമനസിന്റെ വായിൽ നിന്നു തന്നെ ഇതു കേൾക്കെണ്ടി വന്നല്ലോ... ഹ ഹ ഹ്ഹാ...

സാക്ഷീ,
ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം... ക്യാമ്പസിനോടു നേരത്തെ വിട പറയേണ്ടി വന്നു എന്നറിഞ്ഞപ്പോൾ വിഷമവും... എല്ലാം നന്നായി പരിണമിച്ചു എന്നു വിശ്വസിക്കുന്നു... ഇനിയും ഓർമ്മയുള്ളതെല്ലാം എഴുതാൻ ശ്രമിക്കാം...

സുനിലേ,
ഞങ്ങൾടെ കോളേജിലും ഉണ്ടായിരുന്നു ഈ പറഞ്ഞ പോലെ കുറെ നേതാക്കൾ, “പേടിയുള്ളവരെല്ലാം എന്റെ ചുറ്റും വളഞ്ഞു നിന്നോ” എന്ന റെയ്‌ഞ്ച്‌... :-) കോളേജിൽ നിന്നും സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ചിൽ നേതാവു മുന്നിലായിരിക്കും... സ്റ്റാച്യുവിൽ എത്തിയാൽ പത്രക്കാർ ഒക്കെ വരുമ്പോളും നേതാവു മുന്നിൽ കാണും... പോലീസ്‌ വന്നാൽ “പീതാംബരാ, എന്റെ സെൽഫോൺ കോളേജിൽ മറന്നു, അത്യാവശ്യമായി ലോക്കൽ സെക്രട്ടറിയെ ഒന്നു വിളിക്കണം” എന്നും പറഞ്ഞു ഒരു മുങ്ങലാണു...:-)

ആ പഴയകാല അനുഭവങ്ങളൊക്കെ ഒന്നു ചികഞ്ഞെടുത്തൂടെ? :-)

വര്‍ണ്ണമേഘങ്ങള്‍ said...

തള്ളേ..
പുതിയ പ്വോസ്റ്റുകൾ വരട്ടേന്നേ..!

വേർഡ്‌ വെരിഫിക്കേഷൻ: ദ്രൊഹി

Santhosh said...

അല്പം ‘എ’ ചേര്‍ക്കാതെ എങ്ങനാ ക്വാളേജ് വിഷയം പറയുക എന്നൊരാശങ്കയുണ്ടായിരുന്നു. മിനിമം ‘എ’യില്‍ മാക്സിമം മൈലേജ് കിട്ടിയല്ലോ! അഭിനന്ദനങ്ങള്‍!

സസ്നേഹം,
സന്തോഷ്

പാപ്പാന്‍‌/mahout said...

ഈ പോസ്റ്റിന്റെ കൂടെ ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു. ഞങ്ങള്‍ പഠിക്കുമ്പോള്‍ ഡെമോ പാര്‍ട്ടി ഡി എം കെ ആയിരുന്നു. അവര്‍ കാളവണ്ടിയൊക്കെ അറേഞ്ച് ചെയ്താണ്‍ meet the candidates -ഇല്‍ വരാറ്. ഒരു തവണ ഇങ്ങനെ പ്രിന്‍സീടെ റൂമില്‍ കയറിയപ്പൊ പോലീസുപിടിച്ചതിന്‍ കുറെ സഹപാഠികളും ഞാനും കുറച്ചേറെ തീ തിന്നു. എസ് എഫ് ഐ പണ്ടൊക്കെ അവിടെ എഫ് ഇ എസ് എന്ന ട്രേഡ് മാര്‍ക്കിലാണു മത്സരിക്കാറ്. 1990 മുതലാണ്‍ എസ് എഫ് ഐ എന്നു തന്നെ ആക്കിയത്. അന്നത്തെ നോണ്‍-ചൊമല പാര്‍ട്ടി Students Solidarity ആയിരുന്നു. കാവിപ്പാര്‍ട്ടി പതുക്കെ കാലുകുത്തുന്നതേ ഉണ്ടായിരുന്നുള്ളു.