Thursday, December 17, 2009

SNSIP (Social Networking Sites Interoperability Protocol)

ഇന്റര്‍നെറ്റില്‍ കയറിയാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ തട്ടിയിട്ട് ബ്രൌസ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്‌. ഓര്‍ക്കൂട്ട്, ഫേസ്ബുക്ക്, ഹൈ-5, കാല്‍-5 ലങ്ങനെ ലങ്ങനെ. സംഭവം നമ്മള്‍ ഇതില്‍ യേതേലും ഒന്നില്‍ മമ്പര്‍ഷിപ്പ് എടുക്കും, നമ്മക്കറിയാവുന്ന ആരേലും പോയി വേറേ ഏതിലേലും എടുക്കും, എന്നിട്ടു വിളിക്കും, "ഡാ വ്ടെ വാടാ, ഇവടെ വാള്‍ ഒണ്ട്, വെള്ളമടിയൊണ്ട്, അച്ചാറൊണ്ട്" അങ്ങനെ അങ്ങനെ. പിന്നെ നമ്മള്‍ മിനക്കെട്ട് അതിലും പോയി മെമ്പര്‍ഷിപ്പ് എടുക്കണം. എന്നാപ്പിന്നെ ഈ പണ്ടാരം സൈറ്റുകള്‍ ഒക്കെ ഇന്റര്‍ഓപ്പറബിള്‍ ആയിരുന്നെങ്കില്‍ എന്തെളുപ്പമായിരുന്നു.ഇതിപ്പോള്‍ സൈറ്റുകള്‍ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഇടത്തൂട്ടാണ്. ഒന്നിലെ ചരക്കുകളെ മറ്റൊന്നിലുള്ളവനു കാണാന്‍ പറ്റൂല്ലാന്നു പറഞ്ഞാല്‍ അതനീതിയല്ലേ? അക്രമമല്ലേ? അസഭ്യമല്ലേ?

ഈമെയില്‍ ഈ രീതിയില്‍ ആരുന്നെങ്കില്‍ എങ്ങനെ ഇരുന്നേനേ? യാഹൂവില്‍ നിന്ന് ഹോട്ട്മെയിലിലേക്ക് ഈമെയില്‍ അയയ്ക്കാന്‍ പറ്റില്ല. ഹോട്ട്മെയിലില്‍ ഒരാള്‍ക്ക് ഈമെയില്‍ അയയ്ക്കണമെങ്കില്‍ ആദ്യം നമുക്ക് പോയി ഹോട്ട്മെയിലില്‍ ഒരു ഐഡി ഉണ്ടാക്കണം, എന്നിട്ട് മെയില്‍ അയയ്ക്കണം. ഓരോ മഴയത്തും തകര പോലെ മുളയ്ക്കുന്ന മെയില്‍ സെര്‍വീസ് പ്രൊവൈഡേഴ്സില്‍ ഒക്കെ പോയി നമ്മുടെ ചില കൂട്ടുകാരെങ്കിലും ഐഡി എടുക്കും. പിന്നെ അവനൊക്കെ ഈമെയില്‍ അയയ്ക്കാന്‍ നമ്മളും അതില്‍ ഒക്കെ ഐഡി എടുത്തോണ്ടു നടക്കണം. തൊല്ല തന്നെ.

അങ്ങനെ നോക്കിയാല്‍, ഈമെയിലിനു പറ്റുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിനു പറ്റാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ വല്ല കൊമ്പത്തെ കഴിവാണോ ഈ ഇന്റര്‍ഓപ്പറബിലിറ്റി? നാ, നെവര്‍, കബി നഹി. വേണമെങ്കില്‍ ഈ പന്നികള്‍ക്ക് പുഷ്പം പോലെ ചെയ്യാവുന്നതേ ഉള്ളൂ. അപ്പോള്‍ പിന്നെ എന്തായിരിയ്ക്കും ചെയ്യാത്തതിന്റെ കാരണം? വ്യാവസായിക/സാമ്പത്തിക താല്‍പ്പര്യങ്ങള്‍. ഓരോ സൈറ്റിന്റെയും ബിസിനസ് പൊട്ടെന്ഷ്യല്‍ അതിന്റെ യൂസര്‍ ബെയിസിനു പ്രൊപ്പോഷനലാണ്. ഏതു സൈറ്റിലുള്ളവനും മറ്റേതൊരു സൈറ്റിലുള്ളവളേയും സ്വന്തം സൈറ്റില്‍ കാണാം എന്നു വന്നാല്‍ സൈറ്റ് ലോയല്‍റ്റി അധവാ സൈറ്റ് ഡിഫറന്‍സിയേഷന്‍ അവസാനിയ്ക്കും എന്ന ഭയമായിരിയ്ക്കണം ഇമ്മാതിരി സൈറ്റുകള്‍ പരസ്പരം സംസാരിക്കാതിരിയ്ക്കാന്‍ കാരണം.

ഇനി അഥവാ അങ്ങനെ സോഷ്യല്‍ നെറ്റവര്‍ക്കിങ്ങ് സൈറ്റുകള്‍ തമ്മില്‍ സംസാരിക്കുന്ന ഒരു സമത്വസുന്ദര ലോകം വന്നാല്‍ അതെങ്ങനെയിരിക്കും? ഏറ്റവും ലളിതമായിട്ടുള്ളത് ഒരു XML അടിസ്ഥിതമായ ഡിസൈന്‍ ആയിരിയ്ക്കും എന്നു തോന്നുന്നു. എല്ലാ സൈറ്റിനും ഉള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ തിരിച്ചറിയുക, അവയ്ക്കൊക്കെ ചില വ്യവസ്ഥിതമായ XML രൂപങ്ങള്‍ നല്‍കുക, ഓരോ സൈറ്റിനും അതിന്റേതായ പ്രത്യേക ഫീച്ചറുകള്‍ക്കായി ഈ XML-ല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ഒരു സ്ഥാനം നല്‍കുക. ഒരു സൈറ്റിന്‌ മറ്റൊരു സൈറ്റിന്റെ XML ആവശ്യപ്പെടാന്‍ കഴിയണം, ആ XML-ലെ വിവരങ്ങള്‍ വായിച്ച് തന്റെ സൈറ്റിന്റെ രൂപഘടന അനുസരിച്ച് ആ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ കഴിയണം.

മിക്കവാറും സൈറ്റുകളില്‍ കാണുന്ന ഘടകങ്ങളാണ്. യൂസര്‍ പ്രൊഫൈല്‍, ഫ്രണ്ട്സ് ലിസ്റ്റ്, മെസ്സേജുകള്‍, ഫോട്ടോകള്‍. ഇത്രയും കാര്യങ്ങള്‍ XML ബെയിസില്‍ ആക്കിയാല്‍ എങ്ങനെയിരിക്കും എന്നു നോക്കാം.

ഉദാഹരണത്തിന്‌ ബി ബാസു എന്നൊരു (ഫീമെയില്‍) യൂസര്‍ക്ക് ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് ഒണ്ട് എന്നു വിചാരിയ്ക്കുക. ലവള്‍ക്കറിയാം ആദിയ്ക്ക് ഓര്‍ക്കൂട്ടില്‍ ആണ്‌ അകൌണ്ട് എന്ന്. ലവള്‍ നേരേ ഫേസ്ബുക്കിന്റെ (ഭാവിയില്‍ വരാനിരിയ്ക്കുന്ന) "Add alien user" എന്ന ബട്ടണില്‍ ഞെക്കുന്നു.അപ്പോള്‍ എന്തു സംഭവിക്കും? നമ്മടെ ഈ പുതിയ (proposed) ഇന്റര്‍ഓപ്പറബിലിറ്റി പ്രോട്ടോക്കോളായ SNSIP (Social Networking Sites Interoperability Protocol) ഇമ്പ്ലിമെന്റ് ചെയ്തിരിക്കുന്ന എല്ലാ സൈറ്റുകളും ലിസ്റ്റ് ചെയ്ത ഒരു പേജ് മിസ് ബി ബാസുവിനെ തേടിയെത്തുന്നു. ലവള്‍ ലതില്‍ നിന്ന് ഓര്‍ക്കൂട്ട് തിരഞ്ഞെടുക്കുന്നു.എന്നിട്ട് ആദിയുടെ ഐഡി നല്‍കുന്നു.

ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഓര്‍ക്കൂട്ട് ആപ്ലിക്കേഷന്‌ ആ ഐഡി കൈമാറുന്നു, വിവരങ്ങള്‍ ആവശ്യപ്പെടുന്നു. ഓര്‍ക്കൂട്ട് ഇപ്രകാരം ഒരു മറുപടി നല്‍കുന്നു.

<user id="Adithyan" parentsite="orkut">
      <profilelink id="adisProfile">
      <photoslink id="adisPhotos">
      <messageslink id="adisMessages">
</user>

ഫേസ്ബുക്കിന്‌ തല്‍ക്കാലത്തേയ്ക്ക് ആവശ്യമുള്ള വിവരങ്ങളായി. ഇനി അതിന്‌ ഓരോന്നായി വിവരങ്ങള്‍ ആവശ്യപ്പെടാം. അത് ഏകദേശം ഇങ്ങനെ പോകും.
ഫേസ്ബുക്ക്: "ഗഡീ ഓര്‍ക്കൂട്ട്, എനിക്കീ പഹയന്റെ പ്രൊഫൈല്‍ ഡീറ്റെയില്‍സ് താ, ലതിന്റെ profileLink id ലിതാണ്‌-adisProfile"
ഓര്‍ക്കൂട്ട്: "ഇന്നാ പിടിച്ചോ"

<profile id="adisProfile">
      <username>Adithyan</username>
      <firstname>Adi</firstname>
      <favoritecolor>Magenta</favoritecolor>
      <height>6'6"</height>
      <weight>110 KG</weight>
</profile>


ഫേസ്ബുക്ക് ആ XML വായിച്ച് അതിലുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിന്റെ സ്റ്റൈലില്‍ ആക്കി മിസ് ബി ബാസുവിനു കാണിച്ചു കൊടുക്കുന്നു.

എന്നാപ്പിന്നെ ഈ ചുള്ളന്റെ കുറെ ഫോട്ടോസ് കണ്ടുകളയാം എന്നു വിചാരിച്ച് മിസ് ബി ബാസു ഫേസ്ബുക്കിന്റെ പ്രൊഫൈലിലെ ഫോട്ടോസിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തത്തെപ്പോലത്തെ ഒരു കൈകുലുക്കല്‍ കൂടി സൈറ്റുകള്‍ തമ്മില്‍ നടക്കുന്നു.

ഫേസ്ബുക്ക്: "ഗഡീ ഓര്‍ക്കൂട്ട്, പണ്ടാരടങ്ങാനിട്ട് ഇവന്റെ ഫോട്ടോസെല്ലാം കൂടെ ഇങ്ങോട്ട് കെട്ടിയെടുത്തോ, ലതിന്റെ photosLink id ലിതാണ്‌-adisPhotos"
ഓര്‍ക്കൂട്ട്: "ഇന്നാ പിടിച്ചോ"

<photos id="adisPhotos">
      <photo><img href="http://somephotosharingsite.com/Adi/SlantingPhoto1.jpg" /></photo>
      <photo><img href="http://somephotosharingsite.com/Adi/HorseTopPhoto.jpg"" /></photo>
      <photo><img href="http://somephotosharingsite.com/Adi/SlantingPhoto2.jpg" /></photo>
      <photo><img href="http://somephotosharingsite.com/Adi/BeachPhoto1.jpg" /></photo>
</photos>

ഫേസ്ബുക്ക് നന്ദിപൂര്‍വ്വം ആ ഫോട്ടോകള്‍ ഓരോന്നായി മിസ് ബി ബാസുവിനു കാണിച്ചു കൊടുക്കുന്നു. ഫോട്ടോ എല്ലാം കണ്ട് തൃപ്തി (ഐസ് ക്രീം കഴിച്ചപോലെ) ആയ മിസ് ബി ബാസു ആദിയുടെ മെസ്സേജുകള്‍ വായിക്കാന്‍ തീരുമാനിക്കുന്നു.

ഫേസ്ബുക്കും ഓര്‍ക്കൂട്ടും വീണ്ടും കൈകുലുക്കുന്നു.ഓര്‍ക്കൂട്ട് വിവരങ്ങള്‍ നല്‍കുന്നു.
<messages id="adisMessages">
      <messagelink id="123444567100">
      <messagelink id="123444567101">
      <messagelink id="123444567102">
</messages>

ഇതയുമായാല്‍ മെസേജുകള്‍ ഒന്നൊന്നായി ചോദിച്ചു വാങ്ങാം

<message id="123444567100">
      <date>01/01/2009</date>
      <from>Aishwarya Rai</from>
      <to>Adithyan</to>
      <text>Miss you da</text>
</message>


ഇതി വാര്‍ത്താഹ!

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഉടമസ്ഥരേ നിങ്ങക്ക് ഞാനീ ഐഡിയാ ഫ്രീയായി തരികയാണ്. എനിക്ക് പ്രശസ്തിയിലും പണത്തിലും താല്‍പ്പര്യമില്ലാത്തതിനാല്‍ ഇതില്‍ നിന്ന് ഒരു വീതവും എനിക്ക് വേണ്ട. കിട്ടുന്നത് നിങ്ങള്‍ കൈയ്യില്‍ തന്നെ വെച്ചാല്‍ മതി.