Monday, January 16, 2006

കേരളീയം

ഇത്തവണ പുതുവർഷാഘോഷം നാട്ടിലായിരുന്നു. 31 തിയതി രാത്രി വേണാടിൽ വരുന്ന സുഹ്രുത്തിനെയും പ്രതീക്ഷിച്ച്‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇരുന്ന്‌ ഒരു The Week വായിച്ചു സമയം കളയുകയായിരുന്നു. ഇരുന്ന ബെഞ്ചിൽ ഒരു മധ്യവയസ്കനും ഒരു ചെറുപ്പക്കാരനും കൂടി ഉണ്ടായിരുന്നു. മധ്യവയസ്കൻ തുടർച്ചയായി സംസാരിച്ചിരുന്നതു കൊണ്ട്‌ അവർ പരിചയക്കാരാണെന്നു ഞാൻ കരുതി.

ഒരു വൃദ്ധ ഞാൻ ഇരുന്ന ബഞ്ചിനടുത്തെത്തി എനിക്കറിയാത്ത ഏതോ ഭാഷയിൽ എന്തോ സംസാരിച്ചു തുടങ്ങി. മധ്യവയസ്കൻ ‘കന്നട തെരിയാത്‌‘ എന്നു പറയുന്നതു കേട്ട്‌ ഞാൻ തലയുയർത്തി എനിക്കറിയാവുന്ന കന്നട ആയ ‘കന്നട അറിയില്ല’ എന്നു കന്നടയിൽ വൃദ്ധയോടായി പറഞ്ഞു. അവർ തിരിഞ്ഞ്‌ എന്നോടു പരിചയക്കാരോടെന്നപോലെ എന്തൊക്കെയോ പരാതി പറഞ്ഞു തുടങ്ങി. അവരുടെ ഭാഷ എനിക്കു മനസിലാവുന്നില്ലെന്നതു ശ്രദ്ധിക്കാതെ, എന്റെ മുഖത്തെ ദയനീയഭാവം മനസിലാവാത്തതുപോലെ അവർ സംസാരിച്ചുകൊണ്ടേയിരുന്നു. അവർക്കു ഹിന്ദി അറിയാമോ എന്നു ഞാൻ ഹിന്ദിയിൽ ചോദിച്ചു നോക്കി. അതും രക്ഷയില്ല. അവർ സംസാരിക്കുന്ന ഭാഷ ഞങ്ങൾ ബെഞ്ചിലിരിക്കുന്നവർക്കൊക്കെ അന്യം... അവസാനം അവരെ പോലീസ്‌ ഐയ്‌ഡ്‌ പോസ്റ്റിൽ എത്തിച്ചു ഞാൻ തിരിച്ചു വന്നു ബെഞ്ചിലിരുന്നു.

അതു വരെ ചെറുപ്പക്കാരനോടു സംസാരിച്ചു കൊണ്ടിരുന്ന മധ്യവയസ്കൻ എന്റെ നേരെ തിരിഞ്ഞ്‌ പറഞ്ഞു തുടങ്ങി. “ചിലപ്പോൾ ഉത്തരേന്ത്യക്കാരിയാവും... ദൂരേക്കുള്ള തീവണ്ടികളിൽ പ്രായമായവരെ കയറ്റി വിടുന്നത്‌ ചില സ്തലങ്ങളിൽ പതിവാണ്...” ഞാൻ മൂളിക്കേട്ടു. സംസാരിക്കാൻ ആളെ നോക്കിയിരുന്നപോലെ അയാൾ തുടർന്നു... “ഇവിടെ എത്തിയാൽ രക്ഷപെടും. അടുത്തുള്ള അനഥാലയം (ഏതോ ഒരു അനാഥാലയത്തിന്റെ പേരു പറഞ്ഞു, എനിക്കു മനസിലായില്ല) ഉണ്ട്‌, അവിടുത്തെ സിസ്റ്റേർസ്‌ രക്ഷിച്ചോളും...” ഞാൻ വീണ്ടും മൂളി. അയാൾ തുടർന്നു. “ഈ നാട്‌ നന്നാവില്ല... കൊച്ചിയിൽ കടലിൽ ബൊംബെ ഹൈ-യിൽ ഉള്ളതിനേക്കാൾ എണ്ണ നിക്ഷേപങ്ങൾ ഉണ്ട്‌...പക്ഷെ അതൊന്നു അളന്നു തിട്ടപ്പെടുത്താനൊ, കുഴിച്ചെടുക്കാനോ, പ്രോസെസ്സ്‌ ചെയ്യാനോ നമ്മുടെ ഒരു രാഷ്ട്രീയക്കാരനും നോക്കില്ലല്ലൊ...” ഞങ്ങൾ തമ്മിൽ മുമ്പെന്നോ പകുതി നടത്തി നിർത്തി വെച്ചിരുന്ന ഒരു സംഭാഷണം തുടരുന്ന പോലെയാണ് അയാൾ തുടർന്നത്‌... ആ ഒരു അന്ധാളിപ്പിൽ ഞാൻ മൂളിക്കേട്ടു കൊണ്ടിരുന്നു. “ഇന്ത്യയിൽ ആകെ കിട്ടുന്ന എണ്ണ ഇത്രയണ് (അയാൾ ഒരു സംഖ്യ പറഞ്ഞു.ഞാൻ മറന്നു). അയർലണ്ടിലെ ഏതോ കമ്പനി കൊച്ചിക്കടുത്ത്‌ അറബിക്കടലിൽ ഗവേഷണം നടത്തിയിരുന്നു. അവരുടെ എസ്റ്റിമേറ്റ്‌ അനുസരിച്ച്‌ എണ്ണ നിക്ഷേപം ഇത്രയാണു (മറ്റൊരു സംഖ്യ. ആദ്യത്തെ സംഖ്യയുടെ ഏകദേശം നൂറൊ ആയിരമോ ഇരട്ടി)... പക്ഷെ ആ ഗവേഷണം തുടരാനോ, ഇവിടുന്നു ഖനനം തുടങ്ങാനോ ഒരുത്തനും മുന്നിട്ടിറങ്ങാൻ വയ്യ. അതെങ്ങനെ, ഇപ്പൊ ഇറാക്കിൽ നിന്നും ഇറാനിൽ നിന്നും ഒക്കെ എണ്ണ വരുന്നതിനു ആൾക്കു വെച്ചു കൈക്കൂലി കിട്ടുന്നുണ്ടല്ലോ... പിന്നെ എന്തിനാണു നാടു നന്നാവുന്നത്‌...”

ഞാൻ മാസിക മടക്കി. കേട്ടുകൊണ്ടിരുന്നു. അയാൾ തുടർന്നു. “അതു മാത്രമല്ല... വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖം ആയി മാറും... പ്രകൃതിദത്തമായി ഇത്രയും അനുകൂലമായ ഒരു അഴിമുഖം ഉള്ള ഒരു തുറമുഖം ഈ ഏഷ്യ ഭൂഖണ്ഡത്തിൽ പോലുമില്ല. അതൊന്നു വികസിപ്പിച്ചു അവിടെ ഒരു സമ്പൂർണ്ണ തുറമുഖമാക്കാൻ ചിലവ്‌ ഇത്ര രൂപയാണ് (എന്നെ അമ്പരിപ്പിച്ചതു, അയാൾ ഏകദേശക്കണക്കുകൾ അല്ല പറയുന്നത്‌. ക്രിത്യസംഖ്യകൾ ആണു പറയുന്നത്‌). ഈ തുറമുഖം പ്രവർത്തനം തുടങ്ങിയാൽ ബോംബെയിലേയും മറ്റു പല തുറമുഖങ്ങളും വെറുതെ ഈച്ചയടിച്ചിരിക്കേണ്ടി വരും. അതു കൊണ്ട്‌ വടക്കന്മാർ ഈ തുറമുഖം വികസിക്കാൻ സമ്മതിക്കില്ല. അവന്മാരുടെ മുകളിൽ കയറി കാര്യങ്ങൾ തീരുമാനിക്കാൻ ചങ്കൂറ്റമുള്ളവനൊന്നും നമ്മുക്കിവിടെയില്ലല്ലോ... എല്ലാം റാൻമൂളികൾ. ആ ഒരു തുറമുഖം മുഴുവൻ പ്രവർത്തനക്ഷമമായാൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കു അതു വരുത്തുന്ന മാറ്റങ്ങൾ ഒന്നാലോചിച്ചു നോക്കൂ... എത്ര ആയിരങ്ങൾക്കാണ് പ്രത്യക്ഷമായി തന്നെ തൊഴിൽ ലഭിക്കാൻ പോകുന്നത്‌. ടൂറിസത്തിനു വരുന്ന മറ്റങ്ങൾ ആലോചിച്ചു നോക്കൂ... ഇവിടെ വന്നിറങ്ങുന്ന ഓരോ സഞ്ചാരിയും 100 ഡോളർ ചെലവാക്കും എന്നു കരുതി കൂട്ടിനോക്കിയാൽ തന്നെ അതൊരു വലിയ സംഖ്യ ആയിരിക്കും.” അയാൾ തുടർന്നും പറഞ്ഞു കൊണ്ടിരുന്നു.

അയാൾ പറഞ്ഞതിൽ എത്രമാത്രം കാര്യമുണ്ടെന്നെനിക്കറിയില്ല. അയാൾ പറഞ്ഞ സംഖ്യകൾ ശരിയാണോ എന്നും എനിക്കറിയില്ല. എന്നാലും, അയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ. എന്റെ നാടിന്റെ പ്രകൃതിദത്തവിഭവങ്ങളെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും അയാൾ പറഞ്ഞ കണക്കുകൾ ശരിയായിരിക്കട്ടെ എന്നും ഞാൻ പ്രതീക്ഷിച്ചോട്ടെ. ഈ നാടിന്റെയും നാട്ടുകാരുടയും കഴിവുകളെപ്പറ്റിയും ശക്തിയെപ്പറ്റിയും കൂടുതൽ ആൾക്കാർ അറിയട്ടെ. രാഷ്ട്രീയക്കാരുടെ വൃത്തികെട്ട കിടമത്സരങ്ങളും അഴിമതിയും കഴിവുകേടും കാരണം നമുക്കു നഷ്ടമായിപ്പോകുന്ന അവസരങ്ങളെപ്പറ്റിയും കൂടുതൽ ആൾക്കാർ അറിയട്ടെ. ചന്ദ്രശേഖരൻ നായരെന്ന ‘കേരളാ ഫാർമറെ’ പോലുള്ളവരുടെ പോരാട്ടങ്ങൾ ഒറ്റയാൾ പോരാട്ടങ്ങളായി അവസാനിക്കാതിരിക്കട്ടെ...

ഈ നാട്ടിലെ മുഴുവൻ ആൾക്കാരും ഒന്നായി അവരുടെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചു നിൽക്കുന്ന ഒരു നല്ല നാളെ...

11 comments:

വിശാല മനസ്കന്‍ said...

രസായിട്ട്‌ എഴുതിയിരിക്കുന്നു. എനിക്ക്‌ ഭയങ്കര ഇഷ്ടായി.

കലേഷ്‌ കുമാര്‍ said...

സംഭവമൊക്കെ ശരിയാ, പക്ഷേ, നടക്കുമോ?
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!

ചന്ദ്രൻ ചേട്ടനെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ആളുകൾ ഇനിയും മുന്നോട്ട് വന്നിരുന്നെങ്കിൽ!

വക്കാരിമഷ്‌ടാ said...

ആദിത്യോ... കിടിലൻ.. വായിച്ചപ്പോൾ വല്ലാത്തൊരാവേശം കയറി.

നടക്കും കലേഷേ.. വേണമെങ്കിൽ ചക്ക പ്ലാവേലും കായ്ക്കുമെന്നാണല്ലോ (ഇത് മൂന്നാം തവണയാ പറയുന്നത്). അണ്ണാറക്കണ്ണനും തന്നാലായത് തിയറിയിൽ പോയാൽ മതി.

സു | Su said...

:) എല്ലാവരും വിചാരിച്ചാല്‍ നടക്കും.

Adithyan said...

വിശാലോ, ഗുരുന്റെ കമന്റു വായിക്കുമ്പോ ഒരു കോരിത്തരിപ്പാണ് ഇപ്പൊളും. :-) ഇഷ്ടപ്പെട്ടെന്നറിയുന്നതിൽ പെരുത്ത സന്തോഷവും....

കലേഷേ, നടക്കുമോ എന്നെനിക്കും അറിയില്ല. എനിക്കു തോന്നുന്നത്‌ ഇതൊക്കെ കണ്ട്‌ ആൾക്കാർ എല്ലായിടത്തും പൊറുതിമുട്ടിയിരിക്കുകയാണെന്നാണ്... ‘അളമുട്ടിയാൽ ചേരയും...‘ എന്നാണല്ലോ...

വക്കാരീ, ഞാൻ അന്നു അതൊക്കെ കേട്ട്‌, ഇപ്പൊ വക്കാരി പറഞ്ഞപോലെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഒരാൾ ഇത്രയതികം അതിനെപ്പറ്റി പടിച്ച്‌ ആളുകളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നത്‌ എനിക്കും പുതിയ ഒരു അനുഭവമായിരുന്നു...

സൂ, ഇങ്ങനെ അവിടെയും ഇവിടെയും ആയി ഒറ്റപ്പെട്ട ശ്രമങ്ങളായി തുടങ്ങി ഇതെല്ലാം കൂടി അവസാനം ഒന്നിക്കുമെന്നും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം, അല്ലെ?

സാക്ഷി said...

നാളെ നാളെ നീളെ നീളെ.
കരിന്തിരി കത്താന്‍ തുടങ്ങീരിക്കുണു.

ചില നേരത്ത്.. said...

ആദിത്യാ..
നല്ല പ്രതീക്ഷ.
നമുക്ക് ചേറ്ന്ന് നില്ക്കാം. ഏത് സദുദ്ധ്യമത്തിനും..

Reshma said...

സംഭവം ശരിയാണോ?
വണ്ടി കാത്തിരിക്കുമ്പോൾ അടുത്ത ബെഞ്ചിലുള്ളവരുടെ കത്തി കേൾക്കുന്ന പോലെയായി ഇത്:)

Adithyan said...

സാക്ഷീ,
ഇതിനൊരവസാനമുണ്ടാവാണ്ടിരിക്കുവോ?

ഇബ്രു,
അതെ... ഒരു നല്ല കൂട്ടായ്മ് വളർന്നു വരട്ടെ.

രേഷ്മേച്ചീ,
സത്യം സത്യമായി നടന്ന സംഭവമാണ്... :-) അല്പം പോലും വെള്ളം ചേർത്തിട്ടില്ല...

ദിങ്ങനന്യാ നടന്നെ...

വക്കാരിമഷ്‌ടാ said...

ആദിത്യണ്ണനനിയോ, വെറുതേ ഒന്ന് ടെസ്റ്റുവാണേ... എനിക്ക് പഞ്ചായത്തിൽ പിന്നെയും പ്രശ്നം.

വര്‍ണ്ണമേഘങ്ങള്‍ said...

എല്ലാം സത്യങ്ങളാണ്‌...
നടക്കാനിടയില്ലാത്ത...
നടത്തപ്പെടാനിടയില്ലാത്ത പെരുത്ത സത്യങ്ങൾ..!