Tuesday, January 31, 2006

മെറ്റീരിയലിസം.

കോളേജ്ജ്‌ ഗെയിറ്റ്‌ കഴിഞ്ഞ്‌ മുകളിലേക്കു കയറിപ്പോകുന്ന വളഞ്ഞ റോഡിലെത്തിയപ്പോൾ റ്റോം കൈ ഒന്നുകൂടി തിരിച്ചു. YAMAHA RX 100 മുരണ്ടുകൊണ്ട്‌ കുതിച്ചു ചാടി. ബൈക്ക്‌ മനോഹരമായി കിടത്തിയെടുത്ത്‌ മുകളിലെ വളവു തിരിഞ്ഞു, പ്രധാന കെട്ടിടത്തിനു ചുറ്റുമോടിച്ച്‌ പുറകിലെത്തി. ക്ലാസിനു പുറത്തായി എന്നും വണ്ടി നിർത്തുന്ന പേരയുടെ ചുവട്ടിലെത്തുന്നതിനു മുമ്പെ ഒന്നു കൂടി ഇരപ്പിച്ചു. അതു നേഹക്കു കേൾക്കാനായായിരുന്നു. പ്രതീക്ഷിച്ചതു പോലെ നേഹ പുറത്തേക്കു നോക്കി, അതു കാണാത്ത ഭാവത്തിൽ റ്റോം ബൈക്ക്‌ മുഴുവൻ വേഗത്തിൽ പേരച്ചുവട്ടിലെത്തിച്ചു. നിർത്തുന്നതിനു മുമ്പു തന്നെ സൈഡ്‌സ്റ്റാൻഡ്‌ തട്ടി, എന്നിട്ട്‌ കാൽ പെട്രോൾ ടാങ്കിനു മുകളിൽക്കൂടി കറക്കിയെടുത്തുള്ള ഇറക്കം. അവനറിയാം നേഹയും മറ്റു പെൺകുട്ടികളും ക്ലാസിനുള്ളിൽ നിന്നും അതു കാണുന്നുണ്ടെന്ന്‌. പിന്നെ പതിവുപോലെ രണ്ടു ബുക്കും കയ്യിൽ പിടിച്ച്‌ ഓടിയെത്തിയ ഭാവത്തിൽ ക്ലാസിനു വെളിയിലെത്തി, ഒരു കൈ അൽപ്പം മുന്നോട്ടാഞ്ഞ്‌ കുനിഞ്ഞ്‌ വിനീതനായി ടീച്ചറോട്‌ അകത്തേക്കു വരാനുള്ള അനുവാദം ചോദിക്കുന്നു, “സോറി മിസ്സ്‌. ബസ്‌ മിസ്സായി.” പെൺകുട്ടികൾ ചിരിയടക്കുന്നു. ഒരു വാദ്വാദത്തിൽ താൽപ്പര്യമില്ലാത്ത ടീച്ചർ അകത്തു വരാനായി തലവെട്ടിക്കുന്നു.

നേഹയുടെ അടുത്ത സീറ്റിലേക്ക്‌. ഓരോ ദിവസവും രണ്ടോ മൂന്നോ ക്ലാസുകളേയുള്ളു. അതു രണ്ടുപേരും തമ്മിലുള്ള അടക്കിപ്പിടിച്ച് കൊച്ചു വർത്തമാനങ്ങൾ കൊണ്ടു കഴിയും. അന്നവൾ അവന്റെ കയ്യിൽ ഒരു പേനകൊണ്ട്‌ വരച്ചുകൊണ്ടിരുന്നു. മൈലാഞ്ചിയിടുന്നപോലെ ഉള്ളംകൈ മുഴുവൻ വരകൾ.

അവൾ കോളേജ്‌ ഹോസ്റ്റലിൽ താമസിച്ചിരുന്നതിനാൽ വൈകുന്നേരങ്ങൾ അവരുടേതു മാത്രമായിരുന്നു. കോളേജിലെ അക്വേഷ്യക്കാടുകൾക്കിടയിൽ - ലേഡീസ്‌ ഹോസ്റ്റൽ ഗെയിറ്റ്‌ അടയ്ക്കുവോളം. അവന്റെ ബൈക്കിൽ handle bar-ൽ തലവെച്ച്‌, സീറ്റിനു മുകളിലൂടെ കാലുകൾ നീട്ടിയിട്ട്‌ കിടക്കാൻ അവൾക്കിഷ്ടമായിരുന്നു. ബൈക്കിനടുത്ത്‌ നിലത്തു രണ്ട്‌ ഇരട്ട അക്വേഷ്യമരങ്ങളിൽ ചാരി അവന്റെ സ്തിരം ഇരിപ്പിടം.

റ്റോം അവളോട്‌ പ്രേമാഭ്യർത്ഥന നടത്തിയത്‌ കോവളത്തേക്കുള്ള ഒരു യാത്രക്കിടയിലായിരുന്നു. റ്റോമിന്റെ TATA SAFARI-ൽ ക്ലാസ്‌ സുഹ്രുത്തുക്കൾ ഏഴുപേർ കൂടി കോവളത്തേക്കുള്ള യാത്ര. അവനും അവളും മാത്രം മുന്നിലെ സീറ്റുകളിൽ...‘IRON MAIDEN’ന്റെ ‘FEAR OF THE DARK‘ കാർ സ്റ്റീരിയോ സ്പീക്കറുകളിൽ നിന്നും അലറിവിളിച്ചുകൊണ്ടിരുന്നു. ഹൈവേയിലൂടെ സഫാരി 90 കിലോമീറ്ററിൽ പറക്കുന്നു. ബാക്കി അഞ്ചു പേരും എന്തോ കടുത്ത തർക്കത്തിലേർപ്പെട്ട സമയത്താണ്‌ അവൻ ശബ്ദം താഴ്ത്തി അവളോടു പറഞ്ഞത്‌ “നേഹ്‌സ്‌.... എനിക്കു നിന്നെ ഒരുപാടിഷ്ടമാണ്. ഞാൻ ജീവിതത്തിലാദ്യമായാണ് ഒരു പെണ്ണിനോടിതു പറയുന്നത്‌. നീ എന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഇതു അവസാനത്തെ തവണയും ആവും. ഞാൻ സ്പീഡ്‌ 120 ആക്കാൻ പോകുകയാണ്. നിനക്ക്‌ ആലോചിക്കാം. നീ ഉത്തരം പറഞ്ഞിട്ടെ ഞാൻ ഇനി ബ്രൈയ്ക്കിൽ കാലു വെയ്ക്കൂ...” അങ്ങനെ നേഹ തന്റെ പ്രേമത്തെപ്പറ്റി ഒരു തീരുമാനത്തിലെത്തിയത്‌ 120 കിലോമീറ്ററിൽ 7 പേരുടെ ജീവിതവും കൈയിൽ പിടിച്ചു നിലം തൊടാതെ പറക്കുന്നതിനിടയിലായിരുന്നു.

I am a man who walks alone
And when I'm walking a dark road
At night or strolling through the park...


അവനെ അവൾക്കും ഇഷ്ടമായിരുന്നു. പക്ഷെ മതവും സമുദായവുമെല്ലാം 120 കിലോമീറ്റർ സ്പീഡിൽ അവളുടെ മനസിലേക്കു വന്നു കൊണ്ടിരുന്നു. അവസാനം മൂന്നാമത്തെ നാഷണൽ പെർമിറ്റ്‌ ലോറിയിൽ നിന്നും കൂടി കഷ്ടിച്ചു രക്ഷപെട്ടുകഴിഞ്ഞപ്പോൾ അവൾ തല അവനുനേരെ തിരിച്ചു “I TOO LOVE YOU, BASTARD“.റ്റോം അവളെ ആദ്യത്തെ DIAMOND RING കോവളം കടൽപ്പുറത്ത്‌ സാഗരം സാക്ഷിയായി അണിയിച്ചു, കൂടെവന്ന അഞ്ചുപേരും കാണാതെ, ആർക്കും ഒരു സംശയം പോലും തോന്നാതെ.

കോളേജ്‌ ഡേ, നഗരത്തിലെ പ്രധാന ഹോളിൽ പരിപാടികൾ... ഫാഷൻ ഷോയ്ക്ക്‌ അവൻ പങ്കെടുക്കാൻ സമ്മതിച്ചത്‌ അവളുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു - അവളുടേ ഇണയാവാൻ. അവസാനത്തെത്‌ വെസ്റ്റേൺ പാർട്ടി വെയർ റൌണ്ട്‌. ഒരു BLACK THREE PIECE SUIT-ൽ അവൻ, വെളുത്ത മിഡിയും സ്റ്റോക്കിങ്ങ്‌സുമിട്ട്‌ ഒരു മാലാഖയെപ്പോലെ അവൾ. റാമ്പിൽ മുന്നിലെത്തിയ അവൻ തിരിച്ചു നടന്നത്‌ അവളെ കോരിയെടുത്തുകൊണ്ടായിരുന്നു.

കോളേജിനു ശേഷം ബോംബെയിൽ ഒരേ കമ്പനിയിൽ ജോലി. മറൈൻ ഡ്രൈവിൽ ചിലവഴിച്ച അവസാനിക്കാതിരുന്നെങ്കിലെന്നു മോഹിപ്പിക്കുന്ന ആഴ്ചയവസാനങ്ങൾ. കൊളാബയിലെ വിക്ടോറിയൻ കെട്ടിടങ്ങൾക്കിടയിലൂടെ കൈകോർത്തു പിടിച്ചുള്ള നടത്തം. ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിൽ സൂര്യനെ തിരകൾ ആവാഹിച്ചൊതുക്കുന്ന കാഴ്ച ആസ്വദിച്ച സന്ധ്യകൾ. സബർബൻ ടൌണുകൾക്കിടയിലൂടെ ലക്ഷ്യമില്ലാത്ത ലോക്കൽ ട്രെയിൻ യാത്രകൾ.

അവസാനത്തിന്റെ ആരംഭം എന്നായിരുന്നു? എവിടെവെച്ചായിരുന്നു? അവനോർമ്മയില്ല. അവൾക്കു കമ്പനിയിൽ നിന്നും വിദേശത്തു പോകാൻ കിട്ടിയ അവസരമായിരുന്നോ? അവൾ പോകുന്നതറിഞ്ഞ ഞെട്ടൽ അവൻ അവളിൽനിന്നും മറച്ചതു വളരെ പാടുപെട്ടായിരുന്നു. അവനിഷ്ടമല്ലെന്നറിഞ്ഞ അവൾ പാടുപെട്ട്‌ ആ അവസരം വേറൊരാളുടെ തലയിൽ കെട്ടിവെച്ചു വന്നപ്പോളേക്കും താമസിച്ചുപോയിരുന്നൊ? അവൻ അതിനകം പാടുപെട്ട്‌ അതേ സ്തലത്തേക്ക് ഒഴിവാക്കാനാവാത്ത ഒരു യാത്ര തരമാക്കിയിരുന്നു. പിന്നെ അതിന്റെ പേരിൽ അവർ തമ്മിലൊരു പിണക്കം. അവൻ പോകുന്നതിനു മുന്നെ അതു ഒത്തുതീർപ്പായെങ്കിലും എവിടെയോ, എന്തോ ബാക്കി കിടന്നു. ഇ-മെയിലുകൾക്ക്‌ ഹൃദയങ്ങൾക്കിടയിലുള്ള ഹംസമാകാൻ പറ്റിയില്ലെ? പിന്നെ ആറു മാസം കഴിഞ്ഞ്‌ അവൻ തിരിച്ചു വന്നപ്പോഴേയ്ക്കും അവൾ മറ്റൊരു രാജ്യത്തേക്കു പോയിരുന്നു. പിന്നെ അവനൊരു കമ്പനിമാറ്റം, അഡ്‌ലെയ്‌ഡിൽ മൂന്നു വർഷത്തേക്ക്‌ ഒരു നീണ്ട അഭ്യാസം.

ഇന്നവളുടെ വിവാഹമാണ്. അവൾ ക്ലാസിലെല്ലാവർക്കും അയച്ച വിവാഹം ക്ഷണിച്ചു കൊണ്ടുള്ള E-MAIL അവനും കിട്ടി. വിവാഹസമയം അവൻ നോക്കിവെച്ചിരുന്നു. ആ സമയത്ത്‌ അവൻ ഒരു FOSTER BEER കയ്യിൽ പിടിച്ചു മുറിയിലെ BEAN BAG-ൽ കിടക്കുകയായിരുന്നു. പണ്ടവളയച്ച ഓരോ കത്തും കാർഡുകളും അവസാനമായി വായിച്ചു കൊണ്ട്‌ , അവയോരോന്നായി എരിഞ്ഞുകൊണ്ടിരുന്ന നെരിപ്പോടിലേക്കു വലിച്ചെറിഞ്ഞുകൊണ്ട്‌. അവസാനത്തെ കാർഡിലെ വരികൾ...”YOU MEAN THE WORLD TO ME”.

23 comments:

Anonymous said...

അശ്വമേധക്കാരാ, എന്റെ ജീവിതകഥ കോപ്പിയടിച്ചതിന് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്. മോഷണക്കുറ്റത്തിന് തടവും പിഴയുമുണ്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു. രക്ഷപ്പെടണമെങ്കില്‍, “ഇത് ബെന്നിയുടെ ജീവിതകഥയാണ്” എന്നൊരു അടിക്കുറിപ്പ് മെറ്റീരിയലിസത്തിന്റെ താഴെ ചേര്‍ക്കുക.

ശ്രീജിത്ത്‌ കെ said...

വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അതിമനോഹരമായിരിക്കുന്നു കഥ. എവിടൊക്കെയൊ ഒരു ആത്മകഥാംശം കാണുന്നുണ്ടല്ലോ. ഇല്ലെങ്കിലും ഉണ്ടെങ്കിലും എന്റെ ആതകഥയുമായി ഇതിനുള്ള സാമ്യം എന്നില്‍ പല ഓര്‍മ്മകളും ഉണര്‍ത്തി.

നന്ദി ആദിത്യാ, ഒരായിരം നന്ദി.

സു | Su said...

:(

അരവിന്ദ് :: aravind said...

വളരെ വളരെ നല്ല കഥ..പ്രണയം സ്വാര്‍ത്ഥമായാല്‍ പിന്നെ എന്ത്?

അതുല്യ said...

ആവൂ... തലനാരിഴയ്കു രക്ഷപെട്ടൂന്നൊക്കെ പറയണതിതിനാണോ ആവോ.... ഭഗവാനേ...
++++

പ്രണയം ചുറ്റികപോലെ, ജീവിതം കണ്ണാടിപോലെയും !! സൂക്ഷിച്ചു ആണിയടിച്ച്‌ ചുമരിലു തൂക്കിയിലെങ്കിലു, ചിലപ്പോ കൈ, അലെങ്കിലു കണ്ണാടി....

ചില നേരത്ത്.. said...

വംശനാശം വന്ന് കൊണ്ടിരിക്കുന്ന കാമുക ഹൃദയത്തിന്റെ നെരിപ്പോടായി ഈ കഥ(?).
മുതലെടുപ്പുകളുടെ വസന്തമാണിപ്പോള്‍ കാമ്പസുകളില്‍.
ആത്മാശം കലരുമ്പോള്‍ കഥകള്‍ തീവ്രമാകുകയും വര്‍ണ്ണനകള്‍ക്ക് ഭംഗം വരികയും ചെയ്യുന്നതിന്റെ ഭംഗി ഇവിടെയും കാണുന്നു. :)
-ഇബ്രു-

അതുല്യ said...

ആവൂ... തലനാരിഴയ്കു രക്ഷപെട്ടൂന്നൊക്കെ പറയണതിതിനാണോ ആവോ.... ഭഗവാനേ...
++++

(പ്രണയം ചുറ്റികപോലെ, ജീവിതം കണ്ണാടിപോലെയും !! സൂക്ഷിച്ചു ആണിയടിച്ച്‌ ചുമരിലു തൂക്കിയിലെങ്കിലു, ചിലപ്പോ കൈ, അലെങ്കിലു കണ്ണാടി....

മലയാളം ബ്ലോഗുകള്‍ said...

പ്രണയം..!! പുച്ഛമാണെനിക്കാ വാക്കിനോട്‌..! ജിബ്രാന്റേയും, നെരൂദയുടേയും, മേസിയാദയുടെയും പുസ്‌തകത്താളുകള്‍ക്കിടയില്‍ മയങ്ങാന്‍ മാത്രം വിധിക്കപ്പെട്ട മയില്‍പീലിത്തുണ്ട്‌. ചലനമറ്റ തൂവലുകള്‍..!!

എഴുത്ത്‌ വളരെ നന്നായിരിക്കുന്നു പ്രിയ ആദിത്യന്‍..!

Anonymous said...

കിട്ടാത്ത മുന്തിരി പുളിക്കും അല്ലേ, ഡ്രിസ്സിലേ? ചാടാന്‍ ഇനിയും സമയം ബാക്കി കിടക്കുകയല്ലേ? ഇപ്പോള്‍ തന്നെ പുച്ഛിക്കേണ്ട. ഒന്ന് ആഞ്ഞു ചാടിയാല്‍, ജിബ്രാന്റെയും നെരൂദയുടെയും ഏട്ടിലെ പശുക്കള്‍ പുല്ലുതിന്നും. സത്യം... അനുഭവസ്ഥനല്ലെ പറയുന്നത്!

പെരിങ്ങോടന്‍ said...

നിങ്ങളില്‍ ചിലരുടെ വരികള്‍ എനിക്കാശ്വാസമേകുന്നു..
ചിലവയോട് ഞാന്‍ താദാത്മ്യം പ്രാപിക്കുന്നു.

യാത്രാമൊഴി പാടിയതുപോലെ “ഇളംകാറ്റില്‍ ഇടയ്ക്കിടെയെത്തിയെന്‍ ഇടനെഞ്ചു കൊത്തിപ്പറിയ്ക്കുന്നു”ണ്ടൊരു കാമുകി. പ്രണയം അസ്വസ്ഥകളുടെ; അസ്വസ്ഥകളുടെ മാത്രം വസന്തമാണു്.

പിന്നെ സൂ പാടിയതുപോലെ പ്രണയം തേങ്ങാക്കുലയാണു്; തലയില്‍ വീണാല്‍ ബോധം പോകും...

പിന്നെയും ഏതാണ്ടെല്ലാമാണു്... ചുരുങ്ങിയത് ഒരു ഉറക്കുപാട്ടെങ്കിലും... എനിക്കുറങ്ങണം!

ശനിയന്‍ \OvO/ Shaniyan said...

അവര്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍മാരായിരുന്നു, അല്ലെ ആദിത്യാ? ;-)

Anonymous said...

ശനിയാ, അല്ല! ഒരാള്‍, തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ഒരു ഫാക്ടറിയില്‍ കണക്കെഴുത്തുകാരനും മറ്റേയാള്‍ ഗുരുവായൂരിലെ ലിറ്റില്‍ ഫ്ലവര്‍ കോണ്‍‌വെന്റിലെ അധ്യാപികയും ആയിരുന്നു!

Adithyan said...

ബെന്നിയേ, ക്ഷമിക്കണെയ്‌...:-) “ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരോടെങ്കിലും സാമ്യം...” എന്ന ഡിസ്‌ക്ലെയ്മർ ഇടാൻ മറന്നു. :-)

അടിക്കുറിപ്പ്‌ ഇവിടെ ഇട്ടു കളയാം... “ഇത് ബെന്നിയുടെ ജീവിതകഥയാണ്, എന്റെയല്ലേയ്‌ ” .... :-)

ശ്രീജിത്തേ, നന്ദി :-) ആത്മകഥയാണോന്നു ചോദിച്ചാൽ അല്ല... അല്ലേന്നു ചോദിച്ചാൽ... :-) ഇവിടുത്തെപ്പോലെ അവിടെയും എന്നറിഞ്ഞതിൽ സന്തോഷം...

സൂ, ഞാൻ കണ്ട(?) പ്രണയങ്ങൾ മിക്കവയും ട്രാജഡികളായിരുന്നു...

അരവിന്ദേ, നന്ദി. പറഞ്ഞതിനോടു ഞാനും യോജിക്കുന്നു. ഇബ്രൂക്കാന്റെ ഒരു പോസ്റ്റിന്റെ കമന്റിൽ പറഞ്ഞത്‌ ഇവിടെ ആവർത്തൊച്ചോട്ടെ...

അതുല്യേ, മറ്റൊരു സീത കാട്ടിലേക്കയക്കപ്പെടുന്നതിൽ നിന്ന്‌ ജസ്റ്റ്‌ രക്ഷപെട്ടു എന്നല്ലെ? :-)

ആ കണ്ണാടി ഉപമ കലക്കി..

ഷീഷാ ഹൈ യാ ദിൽ ഹൈ...

Adithyan said...

ഇബ്രൂക്കാ,
വംശനാശം വന്നോ? എനിക്കറിയാം ഒരുപാടു പേരെ....

പറഞ്ഞതിനോടു ഞാനും യോജിക്കുന്നു, ആത്മകഥാശം കഥകളെ തീവ്രമാക്കും...

ഡ്രിസിലേ, വ്യഗ്യം വ്യക്തമാണ്... :-)
ആദ്യപ്രണയം തന്നെ സഫലമാക്കപ്പെടുന്നവൻ പ്രണയസാഗരത്തിന്റെ ആഴം പൂർണ്ണമായളന്നു എന്നു പറയാൻ പറ്റുമോ? നൈരാശ്യത്തിലല്ലേ പ്രണയം പൂർണ്ണമാവുന്നത്‌? ചുരുങ്ങിയ സമയംകൊണ്ട്‌ ജന്മങ്ങൾക്കുള്ള അനുഭവങ്ങളും അനുഭൂതികളും ഓരോ പ്രേമിയും സ്വൊന്തമാക്കുന്നില്ലെ?

പെരിങ്ങോടരെ,
ഞാനും യോജിക്കുന്നു. പ്രണയം ‘അസ്വസ്ഥകളുടെ; അസ്വസ്ഥകളുടെ മാത്രം വസന്തമാണു്.‘

ശനിയാ,
അതാണ്... അതു മാത്രമാണ് :-))
പേരു മാറ്റണോ? ‘സൊഫ്റ്റ്‌വെയർ കമ്പനിയിൽ ഒരു പ്രണയകാലത്ത്‌‘ ?

ബെന്നീ,
അവസാനത്തെ കമന്റ്‌ സ്പാറൽ :-)
ആ വെളിപ്പെടുത്തൽ കഥാഗതിയെ മാറ്റിമറിച്ചേക്കാൻ സാദ്ധ്യതയുണ്ട്‌...

ഉമേഷ്::Umesh said...

പഹ്‌ലാ പഹ്‌ലാ പ്യാർ ഹൈ
പഹ്‌ലീ പഹ്‌ലീ ബാർ ഹൈ

എന്നോ മറ്റോ ഒരു ഹിന്ദിപ്പാട്ടില്ലേ? “ആദ്യത്തെ പ്രണയം കൊളമായാൽ നമ്പർ വൺ ബാറിൽത്തന്നെ പോകണം എന്നർ‍ത്ഥം”.

കൊള്ളാം, ആദിത്യാ...

വിശാല മനസ്കന്‍ said...

എന്നോട്‌ ചെറിയ അറ്റാച്ച്‌മന്റ്‌ കാണിച്ചുതുടങ്ങിയാൽ പെട്ടെന്ന് തന്നെ പെൺപിള്ളാരുടെ കല്യാണം കഴിഞ്ഞുപോകാറുണ്ട്‌. ആദ്യമാദ്യമൊക്കെ ബീർ അടിക്കാൻ ട്രൈ ചെയ്തു. പിന്നെപിന്നെ മൊതലിക്ക്യാണ്ടായി..! അതുകൊണ്ട്‌, ഞാനതൊന്നും വല്യ കാര്യാക്കാറില്ലെന്ന് മാത്രമല്ല... '

'പെട്ടെന്ന് കല്യാണം നടക്കണമെങ്കിൽ മക്കളേ നിങ്ങ എന്നെ പ്രേമിച്ചോ, എനിക്ക്‌ നിർബന്ധല്ല്യ, വേണങ്കിൽ മതി' എന്ന് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്‌.

ആദിത്യാ., നൈസ്‌ പോസ്റ്റിങ്ങ്‌.

Adithyan said...

ഉമേഷ്‌ ചേട്ടാ,
നല്ല ഉപദേശം... താങ്ക്യൂ :-) പേഴ്‌സണലായിട്ടൊന്നു ചോദിച്ചോട്ടെ, ഇതു വരെ ഇങ്ങനെ എത്ര ബാറുകളിൽ പോയിട്ടുണ്ട്‌? ;-)

വിശാലോ,
:-D .... വിശ്വസിക്കുമൊന്നറിയില്ല... എന്റെ ഒരു സുഹ്രുത്തും ഇതേ കഴിവുള്ളവനാണ്... അവൻ ഏതെങ്കിലും പെണ്ണിന്റെ പൊറകെ നടക്കാൻ തൊടങ്ങിയാൽ ഒന്നെങ്കിൽ അവൾടെ കല്യാണം ഒടനെ നടക്കും അല്ലെങ്കിൽ അവൾക്ക്‌ വേറെ ഒരു ബോയ്‌ ഫ്രണ്ടിനെ കിട്ടും. :-)

Anonymous said...

തീവ്ര പ്രണയങ്ങള്‍ അസ്തമിച്ച ശേഷം "ഹേയ്‌ " ക്കും "ഹുദാഹാഫിസ്‌"- നും ഇടയില്‍ അധികം ദൂരമില്ലാത്ത കാലത്ത്‌ ക്യാബസിലെത്തിയവന്‌ ചോദിക്കാനുള്ളത്‌,
പ്രണയം സാധ്യമാണോ?

നല്ല എഴുത്ത്‌.

കണ്ണൂസ്‌ said...

അത്‌ഭുതം!! വിശാലനും ആദിത്യനും മാത്രമല്ല, എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കന്യകോപകാരി സുഹൃത്ത്‌!!!

3-ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഞ്ഞപ്പിത്തം വന്നു കീഴാര്‍ നെല്ലിയും കുടിച്ച്‌ അമ്മവീട്ടില്‍ കിടന്ന് സ്ക്കൂളില്‍ വരാതിരുന്നപ്പോള്‍ ഞങ്ങളില്‍ ചിലര്‍ അവനിട്ട്‌ ഒരു പണി പണിഞ്ഞു. മലമ്പുഴയില്‍ അന്ന് പടയോട്ടത്തിന്റെ ഷൂട്ടിംഗ്‌ നടന്നിരുന്നു. നമ്മുടെ കഥാനായകന്‍ അതില്‍ നസീറിന്റെ മകന്‍ ആയി അഭിനയിക്കുന്നുണ്ടെന്നും അതുകൊണ്ടാണ്‌ വരാത്തതെന്നും ഒരു കാച്ച്‌. അതുകൊണ്ട്‌ നവോദയക്ക്‌ ഗുണമുണ്ടായി, കാവശ്ശേരി ഭാഗത്ത്‌ മിക്കവാറും എല്ലാവരും ബാബുവിനെ കാണാന്‍ വേണ്ടി പടയോട്ടം പോയി കണ്ടു. ബാബുവിന്‌ " പടബാബു" എന്ന റ്റൈറ്റിലും കിട്ടി.

15 മുതല്‍ 30 വയസ്സിനിടക്ക്‌ ഒരു ഡസന്‍ പെണ്‍കുട്ടികളേയെങ്കിലും പ്രേമിച്ച്‌ കല്ല്യാണം കഴിപ്പിച്ചയച്ചതിനു ശേഷം ഇവന്‍ പെണ്ണു കെട്ടാന്‍ പോയതാണ്‌ ഇതിന്റെ ക്ലൈമാക്സ്‌. ചന്തവും വിദ്യാഭ്യാസവും ആഭിജാത്യവും ഒക്കെ നോക്കി രാജകുടുംബത്തില്‍ നിന്നു തന്നെ പെണ്ണ്‍ കണ്ടുപിടിച്ച്‌ engagement തീയതിയും ഉറപ്പിച്ചു. എന്തായാലും നിശ്ചയതലേന്ന് പെണ്ണ്‍ ഒരു കത്തും എഴുതിവെച്ച്‌ കടന്നു കളയുകയും ചെയ്തു :-)

ആദി, എന്തായാലും കഥ കൊള്ളാം.

സാക്ഷി said...

പോവല്ലെ. ആളു കേറാനുണ്ടേ.

"സ്നേഹം മാംസത്തിലായിരുന്നെങ്കില്‍ ഞാനതു ചുട്ടുപഴുത്ത ഇരുമ്പുകമ്പികൊണ്ടു കരിച്ചുകളയുമായിരുന്നു. പക്ഷേ അത് ആത്മാവിലാണല്ലോ." ഖലീല്‍ ജിബ്രാന്‍.

ആദിത്യന്‍ മനോഹരമായ പോസ്റ്റിങ്ങ്.

Adithyan said...

തുളസീ,
ഒരുപാട്‌ ‘അവൾ‘മാരടെ ‘അവനാ’യ തുളസി തന്നെയാണൊ ഇതു ചോദിക്കുന്നത്‌? :-)
അതോ ആ ‘അവൾ‘മാരെല്ലാം ഒരേ അവൾടെ പല ഭാവങ്ങളായിരുന്നൊ? :-)
എന്തായാലും ചോദിച്ചതിനുത്തരം എനിക്കുമറിയില്ല... അസ്ഥിയിൽ പിടിച്ച പ്രേമങ്ങൾ പടിയിറങ്ങിപ്പോയിക്കഴിഞ്ഞാണ് ഞാനും ക്യാമ്പസിൽ കാലു വെച്ചത്‌...

കണ്ണൂസേ,
15 മുതല്‍ 30 വയസ്സിനിടക്ക്‌ ഒരു ഡസന്‍ പെണ്‍കുട്ടികളേയെങ്കിലും പ്രേമിച്ച്‌ കല്ല്യാണം കഴിപ്പിച്ചയച്ചതിനു ശേഷം...

ഹ ഹ ഹ.... ഉഗ്രനായി... :-D ഇങ്ങനെ കുറെ ‘പരോപകാരികൾ‘ എല്ലായിടത്തുമുണ്ടെന്നു തോന്നുന്നു.

സാക്ഷി,
എല്ലാവരിലും ഒതുങ്ങിക്കിടന്ന കാമുകഹൃദയന്ങ്ങൾ പൂർവ്വാധികം ശക്തിയോടെ മിടിച്ചു തുടങ്ങിയതിൽ സന്തോഷം....

ജിബ്രാന്റെ വരികൾ എത്ര സത്യം...

പാറക്കൂട്ടങ്ങൾക്കിടയിൽ ചങ്ങളകളിൽ ബന്ധിതനായ പ്രോമിത്യൂസിന്റെ കരൾ കൊത്തിപ്പറിക്കാൻ ദിവസവും എത്തുന്ന കഴുകന്മാരെപ്പറ്റി കേട്ടിട്ടുണ്ട്‌...

നൈരാശ്യത്തിന്റെ പാറക്കൂട്ടങ്ങളിൽ ബന്ധനസ്തനായിക്കിടക്കുന്നവന്റെ കരൾ കൊത്തിപ്പറിക്കാനെത്തുന്ന കഴുകന്മാരാണ് പാഴായ പ്രണയത്തെപ്പറ്റിയുള്ള ഓർമ്മകൾ...

ശെഫി said...

നന്നായിരിക്കുന്നു

ബിന്ദു said...

ആദിയേ ഈ പഴയകാല വികൃതികളൊക്കെ ഇപ്പോ പൊങ്ങിവരാനെന്താ കാരണം?? ഏതായാലും അന്നൊരു ബ്ലോഗ്ഗര്‍ അല്ലാതിരുന്നതുകൊണ്ടു പറയാന്‍ പറ്റാതിരുന്ന ഒരു കാര്യം ഇപ്പോള്‍ പറഞ്ഞേക്കം.
നന്നായിരുന്നു ഈ 'കഥ' ട്ടോ. :)