Tuesday, May 30, 2006

ഫുട്ബോള്‍ ഫീല്‍ഡിലെ തെമ്മാടി

അഞ്ചടി എട്ടിഞ്ച് ഉയരവും ഉരുണ്ട ശരീരവുമുള്ള ഒരു അര്‍ജന്റീനക്കാരന്‍ ഒരു പന്തിന്റെ പുറകെ ഓടുന്നതും, ആ പന്തും സ്വന്തം കാലുകളും ഉപയോഗിച്ച്‌ മാന്ത്രിക വിദ്യകള്‍ പലതും കാണിക്കുന്നതും, തടുക്കാന്‍ വരുന്ന എതിരാളിയെ പലതവണ കബളിപ്പിക്കുന്നതും, പിന്നെ അവനാല്‍ വീഴ്ത്തപ്പെടുന്നതും, ആ പന്ത്‌ ‘ലക്ഷ്യം’ എന്ന വലയില്‍ എത്തിക്കാനായി അശാന്തം പരിശ്രമിക്കുന്നതും, ആ പരിശ്രമത്തില്‍ വിജയിക്കുമ്പോഴൊക്കെ ചൂണ്ടു വിരല്‍ വായുവില്‍ ഉയര്‍ത്തി വീശി മൈതാനം മുഴുവന്‍ ഓടി നടക്കുന്നതുമൊക്കെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളായിരുന്നു എനിക്ക്‌.

ലാറ്റിനമേരിക്കന്‍ ജനതയുടെ സിരകളിലലിഞ്ഞിരിക്കുന്ന ആ ആവേശം, സോക്കര്‍ എന്നു സായിപ്പും ഫുട്‌ബോള്‍ എന്നു നമ്മളും വിളിക്കുന്ന നിര്‍വചനങ്ങളില്ലാത്ത ആ അനുഭൂതിയുടെ മുടിചൂടാ രാജകുമാരനായി രണ്ടു പതിറ്റാണ്ടോളം വാണ ഡിയഗോ അര്‍മാന്‍ഡോ മറഡോണ…. ലോകമെമ്പാടുമുള്ള പല സുന്ദരിമാരുടെയും സ്വപ്നകാമുകന്‍… യുവാക്കളുടെയും കുട്ടികളുടെയും മാത്രകാപുരുഷന്‍… ഫുട്‌ബോളിനെക്കുറിച്ചു അറിയാവുന്നവരുടെയൊക്കെ ദൈവം.

60-ല്‍ ജനിച്ച്‌ 75-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ പ്രതിഭ. 86-ല് ‘സ്വയം’ ജയിച്ച ഒരു ലോകക്കപ്പും‌, ലോകമെമ്പാടുമുള്ള മൈതാനങ്ങളില്‍ നേടിയ എണ്ണം പറഞ്ഞ ഗോളുകളും, പിന്നെ അത്ര മാന്യമല്ലാത്ത ചില മരുന്നുകളും, കയറിയിറങ്ങിപ്പോയ ചില വനിതകളും, ഇടയ്ക്ക്‌ അത്യാവശ്യത്തിനു ജയില്‌വാസവും… അങ്ങനെയങ്ങനെ ആ ജീവിതം വളരെ സംഭവബഹുലമായിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2001-ല്‍ അവസാന അന്തര്‍ദേശീയ മത്സരവും കളിച്ച്‌ വിടവാങ്ങിയപ്പോഴെക്കും ആ രാജകുമാരന്‍ ആരാധകരോടൊപ്പം ആവശ്യത്തിലധികം വിമര്‍ശകരെയും നേടിയിരുന്നു. പക്ഷെ ഫുട്‌ബോള്‍ മനസില് ‍കൊണ്ടു നടക്കുന്ന അനേകര്‍ക്ക്‌ (ഞാനടക്കം) ‘ദി കിംഗ്‌‘ എന്നറിയപ്പെടുന്ന അദ്ദേഹം ഇന്നും ദൈവമായി തുടരുന്നു. ഫുട്‌ബോളിന്റെ ചരിത്രം ചികയുന്നവര്‍ക്ക്‌ എതിരഭിപ്രായങ്ങളുണ്ടായേക്കാമെങ്കിലും, ലോകത്തിലെ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരനാര് എന്ന ചോദ്യത്തിനെനിക്കൊരു ഉത്തരമേയുള്ളു. പെലെ എന്നാല്‍ കേട്ടും വായിച്ചും മാത്രം അറിയാവുന്ന ഒരു മാന്ത്രികനാണ് (അദ്ദേഹത്തിന്റെ കളിയുടെ വളരെ കുറച്ചു ക്ലിപ്പിങ്ങുകള്‍ കാണാനുള്ള ഭാഗ്യമേ ഉണ്ടായിട്ടുള്ളു). കണ്ടറിഞ്ഞ മാന്ത്രികന്‍ കേട്ടറിഞ്ഞ മാന്ത്രികനെക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രാധാന്യം സ്വയം നേടിയെടുത്തതാവാം…

ബ്യൂണസ്‌ അയേഴ്സിനടുത്തുള്ള ഒരു ചേരിയിലായിരുന്നു രാജകുമാരന്റെ ജനനം. പത്താം വയസില്‍ അര്‍ജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയര്‍ ടീം ആ‍യ Los Cebollitas-ലാണ് അഭ്യാസങ്ങള്‍ തുടങ്ങിയത്‌. പരിശീലകന്‍ കുട്ടി-മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ ഗ്രൂപ്പില്‍ തുരുപ്പു ചീട്ടായി ഇറക്കാറുണ്ടായിരുന്നത്രെ. 16 വയസാവുന്നതിനു മുമ്പെ (കുറച്ചു കൂടി ക്രിത്യമായി പറഞ്ഞാല്‍,10 ദിവസം മുമ്പെ) അര്‍ജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഫസ്റ്റ്‌ ഡിവിഷണില്‍ അങ്കം കുറിച്ചു. പരിശീലകന്‍ മറഡോണയെ കളത്തിലിറക്കിയപ്പോള്‍ ആര്‍പ്പു വിളിച്ചത്‌ ഫുട്‌ബോള്‍ ലോകം ഇന്നും ഓര്‍മ്മിയ്ക്കുന്നു. “Go, Diego, play like you know“. 76 മുതല്‍ 80 വരെയുള്ള ആ കാലയളവിനുള്ളില്‍ 166 മത്സരങ്ങളും 111 ഗോളുകളും. ജൂനിയേഴ്സിനെ വിജയങ്ങളിലേക്കു നയിച്ച വീരനാ‍യകന്‍ - പള്ളിയില്‍ കുറ്ബാനക്കു പോകുന്നതു പോലെ ഒരു മത്സരം പോലും വിടാതെ കാണാനെത്തിക്കൊണ്ടിരുന്ന ജൂനിയേഴ്സ്‌ ആരാധകര്‍ - ഫുട്‌ബോള്‍ എന്ന ഭ്രാന്തിന്റെ പരസ്പര പൂരകങ്ങളായ രണ്ടു പകുതികള്‍.

1981-ല്‍ ബൊകാ ജൂനിയേഴ്സിലേക്കൊരു മാറ്റം. ഫുട്‌ബോളിലെ വളരെ പ്രശസ്തമായ ഒരു സമവാക്യമാണ് ഉരുത്തിരിഞ്ഞത്‌. ബൊക എന്നാല്‍ മറഡോണ, മറഡോണ എന്നാല്‍ ബൊക. അവസാനം പല ക്ലബുകള്‍ കറങ്ങി മറഡോണ 1995-ല്‍ ബൊക-യില്‍ തിരിച്ചെത്തി. തന്റെ ഏറ്റവും പ്രിയപ്പെട്ടെ ഫീല്‍ഡായ ല-ബൊമൊനര-യില്‍ ബൊക-യെ വീണ്ടും ഒരു 1-0 വിജയത്തിലേക്കു നയിക്കാന്‍.

82-ല്‍ ബൊകയില്‍ നിന്ന് ലോകത്തിന്റെ ഒത്ത നടുവിലേക്ക്‌ - ബാഴ്സിലോണ ഫുട്‌ബോള്‍ ക്ലബ്-ലെക്ക്‌. റിയലിനെതിരെ മൈതാനം മുഴുവന്‍ ഓടി നടന്നു നേടിയ ആ ഗോള്‍ (അവസാന നിമിഷം ഓടിയടുത്ത ഡിഫന്‍ഡറെ സ്പെയിനിലെ പോരുകാളയെ ഒഴിവാക്കുന്ന മറ്റഡോറിനെ പോലെ ഒഴിവാക്കി നേടിയ അതേ ഗോള്‍) വരാനിരുന്ന മറ്റൊരു ഗോളിനായുള്ള പരിശീലനമായിരുന്നോ? അടുത്ത ക്ലബ്‌ നാപോളി ആയിരുന്നു. 84 മുതല്‍ 91 വരെ അസംഖ്യം ട്രോഫികള്, UEFA കപ്പടക്കം. നാപോളിയിലെ മറഡോണയുടെ തുടക്കവും അവസാനവും തോല്‌വിയോടെയായിരുന്നു, ബാക്കിയെല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതും. അവസാനം ഒരു ലഹരി മരുന്നു പരിശോധന, 15 മാസത്തേയ്ക്ക്‌ ലോകത്തിനു മറഡോണയുടെ കളി ആസ്വദിക്കുന്നതില്‍ നിന്നും വിലക്ക്‌… സടകള്‍ കൊഴിഞ്ഞു തുടങ്ങിയിരുന്ന സിംഹം പിന്നീടു പോയതു സെവില്ല-ക്ലബിലെക്കായിരുന്നു, 1992-ല്‍. സ്പെയിനിലെ പഴയ എതിരാളികളുടെ ഇടയിലേക്കൊരു മടക്കയാത്ര. ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന മധുവിധു. 1993-ല്‍ ജന്മനാട്ടിലേക്കു മടക്കം- നെവെത്സ്- ക്ലബിലേക്ക്‌. അവസാന കാലത്തു ‘സ്വന്തം’ ബൊകയിലെയ്ക്കും.

ഇതൊക്കെ ക്ലബുകളുടെ മാത്രം ചരിത്രം. ലോകം മറഡോണയെ മാറോടടക്കിയത്‌ വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല. പന്തു കാലില്‍ കിട്ടിക്കഴിഞ്ഞാല്‍ ആ മാന്ത്രികന്‍ കാണിച്ചിരുന്ന ഭ്രാന്ത്‌ കണ്ടിട്ടാ‍യിരുന്നു. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാര്‍ക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും ക്രിത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഈ തടയാനാവാത്തെ പ്രതിഭാസത്തെ നേരിടാന്‍ പലപ്പോഴും എതിരാളികള്‍ക്ക്‌ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു - പന്തുമായി വരുന്ന മറഡോണയെ വെട്ടി വീഴ്ത്തുക, ഫൌള്‍ ചെയ്യുക. ഒരു പക്ഷെ ലോകത്ത്‌ ഏറ്റവും അധികം തവണ ‘ടാക്കിള്‍’ ചെയ്യപ്പെട്ടിട്ടുള്ള ഫുട്‌ബോള്‍ താരം മറഡോണ തന്നെയായിരിയ്ക്കും.

ഇളം നീലയും വെള്ളയും വരകളുള്ള അര്‍ജന്റീനിയന്‍ കുപ്പായമണിഞ്ഞ്‌ 91 മത്സരങ്ങളിലായി 34 ഗോളുകള്‍. ദേശീയ ടീമിന്റെ അമരക്കാരനായിരിന്നിട്ടും പരിചയക്കുറവെന്ന കാരണത്താ‍ല്‍ മറഡോണയ്ക്ക്‌ 78 ലോകകപ്പ്‌ കളിക്കാനായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വീണുകിടന്നു കരയുന്ന മറഡോണയെയാണു ലോകം കണ്ടത്‌.

82-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ ബെല്‍ജിയത്തിനോടും പിന്നെ ഇറ്റലിയോടും ബ്രസീലിനോടും തോല്‌വികള്‍. തോല്‌വി എന്ന പരിചയമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ എതിര്‍ കളിക്കാരനെ ചവിട്ടിയതിനു ചുവപ്പു കാര്‍ഡും വാങ്ങി മറഡോണ പുറത്താക്കപ്പെടുകയും ചെയ്തു. അര്‍ജന്റീനയ്ക്ക്‌ തൊട്ടതെല്ലാം പിഴച്ച ഒരു ലോകകപ്പ്‌.

എല്ലാ കണക്കുകളും തീര്‍ക്കാന്‍, എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കാത്തിരിയ്ക്കേണ്ടി വന്നത്‌ നാലു വര്‍ഷങ്ങള്‍. ക്യാപറ്റനായി മറഡോണ 86 മെക്സിക്കോ ലോകകപ്പിന് ഇറങ്ങിയത്‌ തീര്‍ച്ചയായും ജയിക്കാനായിത്തന്നെയായിരുന്നു. തിരിച്ചു പോയത്‌ ഇടം കൈയിലൊരു ട്രോഫിയും പിന്നെ ലോകത്തിന്റെ മുഴുവന്‍ വാത്സല്യവുമായായിരുന്നു. ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ പിറന്നത് ആ ലോകകപ്പിലായിരുന്നു. ഇന്ഗ്ലണ്ടിനെതിറ്റെയുള്ള മത്സരത്തില്‍, ആറ്‌ എതിരാളികളെ കബളിപ്പിച്ചു കൊണ്ട്‌ 60 മീറ്റര്‍ ഓടി മറഡോണ നേടിയ ഗോള്‍… പിന്നെ ഒരു കുസൃതിത്തരമെന്നപോലെ ‘ദൈവത്തിന്റെ കൈ’ കൊണ്ടു നേടിയ ഗോളും പിറന്നത്‌ അതേ മത്സരത്തില്‍ തന്നെയായിരുന്നു എന്നതൊരു ആകസ്മികത. ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍, ബെല്‍ജിയത്തെ സെമിയില്‍, പിന്നെ ജര്‍മ്മനിയെ ഫൈനലില്‍… മാന്ത്രികന്‍ താന്‍ വന്ന കാര്യം സാധിച്ച്‌ മടങ്ങി.

കാലത്തിന്റെ സീ-സോ കളി അവസാനിച്ചിരുന്നില്ല. 90 ഇറ്റലി ലോകകപ്പില്‍ വീണ്ടും. ആദ്യ മത്സരത്തില്‍ കാമറൂണിനോടു പരാജയം. അടി പതറാതെ പൊരുതിയ അര്‍ജന്റീന്‍ ഫൈനല്‍ വരെയെത്തിയതു പലര്‍ക്കും അത്ഭുതമായിരുന്നു. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മില്‍ വീണ്ടും ഒരു സ്വപ്ന ഫൈനല്‍. എന്നാല്‍ ഇത്തവണ ഭാഗ്യം അര്‍ജന്റീനയെ തുണച്ചില്ല. ഒരു പെനാല്‍റ്റിയില്‍ എല്ലാം അവസാനിച്ചു. മറഡോണയ്ക്ക്‌ ആവശ്യമില്ലാത്ത ഒന്നാണ് ആ ലോകകപ്പ്‌ സമ്മാനിച്ചത്‌ - രണ്ടാം സ്താനം. ഫീല്‍ഡില്‍ വീണു കിടന്നു കരയുന്ന മറഡോണയെ ലോകം ഒരിക്കല്‍ കൂടി കണ്ടു.

94 അമേരിക്ക ലോകകപ്പിനിടയ്ക്ക്‌ പരാജയപ്പെട്ട ഒരു ലഹരി മരുന്നു പരീക്ഷ. തലകുനിച്ച്‌ ഇറങ്ങിപ്പോയ മറഡോണ പിന്നെ ലോകവേദികളിലധികം പ്രത്യക്ഷപ്പെട്ടിട്ടില്ല.

എത്ര തന്നെ അപവാദങ്ങളില്‍ പെട്ടാലും കാല്‍പ്പന്തുകളിയുടെ ആ രാജകുമാരന്‍ ഇന്നും അനേകായിരങ്ങളുടെ മനസില്‍ ജീവിക്കുന്നു. ഒരു ഇതിഹാ‍സമായി, ഒരു സ്വപ്നമായി…

Reference - http://www.diegomaradona.com/ingles/ihistoria.html

28 comments:

മന്‍ജിത്‌ | Manjith said...

മറഡോണ വ്യക്തിഗത മികവിനൊപ്പം പ്ലേമേക്കര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. അര്‍ജന്റീനയില്‍ ദ്ദിയേഗോയ്ക്കു ശേഷവും ഒട്ടേറെ പ്രതിഭാധനന്മാര്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. എന്നാല്‍ ബാക്കി പത്തു പേരിലേക്കും പരന്നൊഴുകുന്ന ഒരു പ്രഭാവലയം പോലെ ഗ്രൌണ്ടില്‍ ഓടി നടന്നു കളിക്കാനും കളിപ്പിക്കാനുമുള്ള കഴിവ്, മറഡോണയ്ക്കുശേഷം അര്‍ജന്റീന കണ്ടിട്ടില്ല. ഒരുവന്‍ ഉണ്ടായിരുന്നു. ഏരിയല്‍ ഒര്‍ട്ടേഗ. ഇരുവരുടെയും ജീവിതം ഒട്ടേറെ തലങ്ങളില്‍ സദൃശവുമായിരുന്നു. 82-ല്‍ എതിരാളികള്‍ പരുക്കനടവുകളിലൂടെ പൂട്ടിയിട്ടപ്പോള്‍ ആഞ്ഞൊരു തൊഴിയും തൊഴിച്ച് കളത്തിനു പുറത്തേക്കു പോയ മറഡോണയാണു 86-ല്‍ കപ്പില്‍ മുത്തമിട്ടത്. അതുപോലെ തന്നെ 98-ല്‍ അര്‍ജന്റീനയുടെ കളിമുഴുവന്‍ നിയന്ത്രിച്ചു തിളങ്ങി നിന്ന ഒര്‍ട്ടേഗ സെമിഫൈനലില്‍ ഹോളണ്ടിന്റെ പരുക്കനടവുകളില്‍ തളര്‍ന്നു. മുഖത്തിനൊരെണ്ണം കൊടുത്തിട്ട് അവനും ഇറങ്ങി നടന്നു. പൊക്കത്തിലും കേളീശൈലിയിലും ഒക്കെ ദീഗോയുമായിക്കണ്ട സാദൃശ്യം ചരിത്രത്തിലും ആവര്‍ത്തിക്കുമെന്നു വെറുതേ ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ വിട്ടുമാറാത്ത പരുക്ക് ഒര്‍ട്ടേഗയെ അപ്രത്യക്ഷനാക്കി. 2002-ല്‍ ടീമില്പോലും അദ്ദേഹമില്ലായിരുന്നു.

മറഡോണയെപ്പോലൊരു പ്ലേമേക്കറെ പിന്നീടു രണ്ടുപേരിലേ കാണാനായിട്ടുള്ളൂ. രണ്ടായിരാമാണ്ടിലെ യൂറോകപ്പില്‍ പോര്‍ച്ചുഗലിന്റെ ലൂയി ഫിഗോ, പിന്നെ കഴിഞ്ഞ യൂറോ കപ്പില്‍ ചെക് റിപബ്ലീക്കിന്റെ പാവല്‍ നെവദ്. ഇവര്‍ രണ്ടാളും ഈ ലോകകപ്പിനെത്തുന്നുണ്ട്. ഫിഗോ ഓടിത്തളര്‍ന്ന പടക്കുതിരയാണ്. നെവദിലാണെന്റെ പ്രതീക്ഷ. ടീമിന്റെ ഓരോ നീക്കത്തിലും സ്വന്തം കയ്യൊപ്പു പതിപ്പിച്ചു നീങ്ങുന്ന പ്ലേ മേക്കര്‍. ദിയേഗോയ്ക്കു ശേഷം അങ്ങനെയൊരാളെക്കൂടി കാണാനായിരുന്നെങ്കില്‍.

(ആദീ, ആരാധനയുടെ അംശം അല്പമൊഴിവാക്കി ഇതെടുത്തു വിക്കിയിലിടൂ, സാധിക്കുമെങ്കില്‍)

ബിന്ദു said...

ആദീ... ഇതാണോ പറഞ്ഞത്‌????
:)

ശ്രീജിത്ത്‌ കെ said...

ഇത് വിക്കിയിലിട്ടുകൂടേ ആദീ?

അരവിന്ദ് :: aravind said...

ഇന്ത്യയും അര്‍ജ്ജന്റീനയും കളിച്ചാല്‍ മറഡോണയുണ്ടെങ്കില്‍ ഞാന്‍ അര്‍ജ്ജന്റീനയെ സപ്പോര്‍ട്ട് ചെയ്യും.
ആദിത്യന്‍ പറഞ്ഞപോലെ മറഡോണയാണ് എനിക്കും ഫുട്ബോള്‍ ദൈവം.

അര്‍ജ്ജന്റീനയില്‍ കളിക്കാരുണ്ട് കേട്ടോ..
മെസ്സി, റിക്വെല്‍മെ, ക്രെസ്പോ....ലോകകപ്പിനുള്ള മുതലൊന്നുമില്ലെങ്കിലും, നല്ല ഒരു ടീം ഉണ്ട്. ഇപ്രാവിശ്യവും എന്റെ ടീം അര്‍ജ്ജന്റീന തന്നെ. പോയ്യി ഒരു ജേഴ്സി വാങ്ങണം, ടി,വി കാണാന്‍ :-)

പ്ലേ മേക്കേര്‍സ് ഇപ്പോള്‍ കുറവാണ്. കാരണം മാറിയ ശൈലികള്‍ ആണെന്ന് തോന്നുന്നു.
ബെക്ക്‍ഹാം, സിഡാന്‍, റൊണാള്‍ഡീഞ്ഞോ എന്നിവര്‍ മോശമല്ല.

എനിക്ക് പ്രതീക്ഷയുള്ള ചില കളിക്കാര്‍
ഇംഗ്ലന്‍ണ്ടിന്റെ ലെനണ്‍, ഹോളന്റിന്റെ ആര്യന്‍ റോബന്‍, അര്‍ജ്ജന്റീനിയന്‍ ലിയാനോര്‍ഡോ മെസ്സി, ബ്രസീലിന്റെ കാക്ക, റോബീഞ്ഞോ
ചെക്കിന്റെ ബാരോസ് (ഇനിയൊരങ്കമുണ്ടോ?), സ്പെയിനിന്റെ(?) ഫാബ്രിഗാസ്.

എന്റെ അഭ്പ്രായത്തില്‍ ഏറ്റവും പൊട്ട ടീം ജര്‍മനി.

പെരിങ്ങോടന്‍ said...

ആദിത്യാ ക്ഷമിക്കണം പോസ്റ്റ് വായിച്ചില്ല ഇതുവരെ. മന്‍‌ജിത്, ലൂയി ഫിഗോയെ കുറിച്ചു എഴുതിക്കണ്ടതു കൊണ്ടുമാത്രം ഒരു കമന്റ്, ആ യൂറോ കപ്പില്‍ എനിക്കു ഏറെ പ്രിയപ്പെട്ട ടീമായിരുന്നു പോര്‍ട്ടുഗല്‍, ഫിഗോ തന്നെ ഇപ്പോഴും പ്രിയ താരം (കളി കാണലു വളരെ കുറവാണു്, പലരെയും അറിയില്ല എന്നാലും..) ഫ്രാന്‍സിനോട് അവര്‍ തോറ്റപ്പോള്‍.. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ വ്യസനിച്ചുപോയി.

സു | Su said...

ആദിയേ,
ശൂന്യം, ശൂന്യം എന്നു പറഞ്ഞിട്ട് ഇതാണോ കഥ. ഇങ്ങനെയോരോന്ന് എഴുതിയാല്‍പ്പോരേ? :)

ചില നേരത്ത്.. said...

ആദീ.
കളിക്കളത്തില്‍ മഹാകാവ്യം രചിച്ച ഡീഗോ..
അരമണിക്കൂറിലേറെ ബാള്‍ നിലത്ത് വെക്കാതെ അഭ്യാസം കാണിച്ചിരുന്നെന്ന് എവിടെയോ വായിച്ചു.
കളിയെഴുത്തുകാരെ ഞാന്‍ എന്നും നമിച്ചിരുന്നു.
ഡീഗോ ..ഡീഗോ എന്നത് ആവര്‍ത്തിക്കും തോറും ഓര്‍മകള്‍ അലയടിക്കുന്ന മന്ത്രമാണ്.
ലയണല്‍ മെസ്സി, ക്രെസ്പോ എന്നീ പ്രതിഭാധനരുണ്ടെങ്കിലും ഞാനിത്തവണ ബ്രസീലിനൊപ്പമാണ്.
തുടികൊട്ടുയരുന്നു...ആരവമുയരുന്നു..ദേശീയഗാനാപനങ്ങള്‍ ഉയരുന്നു..വീണ്ടും ലോകകപ്പ്..
കഴിയുമെങ്കില്‍ പെലെയെ കുറിച്ചും ബെക്കന്‍ ബോവറെകുറിച്ചും എഴുതൂ.
(മലപ്പുറത്ത് കളിക്കമ്പക്കാരുടെ ഭ്രാന്ത് മൂര്‍ച്ഛിച്ചിരിക്കുന്നു..ഫ്ലെക്സ് ബോര്‍ഡുകള്‍ നിരവധി. ലീഗുകാരോട് ഇഷ്ടടീമിന്റെ കൂടെ കൂടരുതെന്ന് ചിലര്‍, കാരണം തോല്‍ക്കാനും തോല്‍പ്പിക്കാനും ജനിച്ചവരാണവരെന്നതൊരു ചൊല്ലായിരിക്കുന്നു.വരാനിരിക്കുന്ന ലോകകപ്പ് ആവേശം കൊണ്ട് മാത്രമാണ് പല ലീഗുകാരുടെ സമനില തെറ്റാതിരിക്കുന്നത്.)

Adithyan said...

മഞ്ചിത്ത്,
ശരിയാണ് ഞാന് മറഡോണയുടെ പ്ലേമേക്കിംഗ് സ്കില്ലിനെപ്പറ്റി ഒന്നും പറഞ്ഞില്ല. കനീജിയയെയും ബാറ്റിസ്റ്റ്യൂട്ടയെയും ഒര്‍ട്ടെഗയെയും ഗോയിക്കോച്യയെയും ഒക്കെ ഒറ്റ വാചകത്തില് പരാമര്‍ശിക്കുന്നതിലും നല്ലത് പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണെന്നു തോന്നി. മറഡോണയുടെ സമകാലികരായിരുന്നില്ലെങ്കില് ഒരു പക്ഷെ ഇവരോരോരുത്തരും ദേശീയ ടീമിന്റെ നങ്കൂരക്കാരാവാന് കഴിവുള്ളവരായിരുന്നു എന്നെനിക്കു തോന്നുന്നു. പലപ്പോഴും ഓര്ട്ടെഗ മറഡോണയുമായി താ‍രതമ്യപ്പെടുത്തപ്പെട്ടിരുന്നു. ഗോള് അടിക്കുന്നതിനേക്കാ‍ള് അടിപ്പിക്കാന് പരിശ്രമിച്ച ഒരു താരം…

ഫിഗോയ്ക്ക് ഇനിയൊരങ്കത്തിനു ബാല്യമുണ്ടോ? നെവദെന്ന പടക്കുതിരയ്ക്കൊപ്പം ഓടിയെത്താന് ബാക്കി ടീമംഗങ്ങള്ക്കു കഴിയുമോ? കാത്തിരുന്നു കാണാം അല്ലെ? :-)

വിക്കിയില് ഇടാന് കൊള്ളുമെങ്കില് ഞാന് ഇതൊന്നു പൊളിച്ചടുക്കി തരാം. കുറച്ചു സമയം തരണം. :-)

ബിങു,
എന്താ ഉദ്ദേശിച്ചേ എന്നു എനിക്കു മനസിലായില്ല :-) എന്തു പറഞ്ഞേന്നാ ചോദിച്ചെ?

ശ്രീജിത്തേ,
നിങ്ങളെല്ലാരും പറഞ്ഞാല്, യെപ്പോ ഇട്ടൂന്നു ചോദിച്ചാ പോരെ? ഇതൊന്നു മിനുക്കാന് സഹായിക്കണം.

അരവിന്ദ്,
ഇന്ത്യയും അര്‍ജന്റീനയും എപ്പോ കളിച്ചാലും ഞാന് അര്‍ജന്റീനയുടെ കൂടെയായിരിക്കും :-)

അയോള, സോറിന്, റിക്വെല്‍മെ, മെസ്സി, ക്രെസ്പോ, സാവിയോള… എല്ലാരും ചുണക്കുട്ടന്മാര് തന്നെ… എന്നാലും കപ്പെടുക്കുമോന്നൊരു സംശയം… ഒരു അമാനുഷ ഗോള്‍കീപ്പറിന്റെ അഭാവമാണു പ്രധാന പ്രശ്നം… (Goicochea, we miss you)… തലച്ചോറ് ബ്രസീലിന്റെ കൂടെയാണെങ്കിലും ഹൃദയം ഇപ്പോഴും എപ്പോഴും അര്‍ജന്റീനയുടെ കൂടെ തന്നെ.

എന്റെയഭിപ്രായത്തില് ഈ ലോകകപ്പിന്റെ താരം റൊണാള്ദീനോ ആയിരിക്കും (കഴിഞ്ഞ ലോകകപ്പില് റൊണാള്‍ഡോയ്ക്കു പറ്റിയതു പോലെ അമിതമായ ടാക്ലിംഗില് റോണാള്‍ദീനോ തളരല്ലേ) :-)

പെരിങ്ങോടാ,
എന്റെ ബ്ലോഗില് കമന്റിടണേല് ഞാന് എഴുതിപ്പിടിപ്പിച്ച നെടുങ്കന് കത്തികള് വായിക്കണം എന്നു എനിക്കു നിര്‍ബന്ധമൊന്നുമില്ലേയ് :-) കമന്റ് സെക്ഷന്-ന്നു പറയുന്നത് ഒരു ഡിസ്കഷന് ഫോറം പോലെ ഉപയോഗിക്കണമെന്നെ അഭിപ്രായക്കാരനാണു ഞാന്… അതു കൊണ്ട് കമന്റുകണ്ടിഷ്ടപ്പെട്ടാലും ഇതിലേ വരാന് മടിക്കല്ലേ :-) ഫിഗോയ്ക്കു ഈ ലോകകപ്പില് തിളങ്ങാന് കഴിയുമോ? നോക്കാം…

സൂ,
:-)
ഇതൊക്കെ കളിഭ്രാന്തല്ലേ :-) പിന്നെ വെബ്‌സൈറ്റുകളില് നിന്നും പൊക്കുന്നതും… ഇങ്ങനെ എന്തെങ്കിലും അല്‍ക്കുല്‍ത്തു സാധനങ്ങളുമായി വീണ്ടും കാണാം :-)

ഇബ്രൂ,
“കളിക്കളത്തില് മഹാകാവ്യം രചിച്ച ഡീഗോ..“
കാവ്യാത്മകം…

ഇബ്രു പറഞ്ഞപോലെ മറഡോണ ബോള്‍കണ്ട്രോളിന്റെ ആശാനായിരുന്നു. ഇതാ മറഡോണ അനശ്വരമാക്കിയ ചില ട്രിക്ക്സ് - Around the World, Inswinger, Quick Lift.

ഇനി സമയമുണ്ടെങ്കില് മറ്റിള്ളവരെക്കുറിച്ച് എഴുതാമല്ലെ? :-) ഈ റിസര്‍ച്ച് നടത്താന് (കോപ്പിയടിക്കാന്) കുറെ സമയം വേണേയ്യ്!!! ;-)

കളിഭ്രാന്തന്മാര് ധാരാളമുണ്ടല്ലേ? :-) ഒമ്പതു വയസുമാത്രം പ്രായമുള്ള, ഇതിനകം ഭാവിയിലെ മറഡോണ, പെലെ എന്നൊക്കെ വിളിക്കപ്പെട്ടുകഴിഞ്ഞ കാര്‍ലോസ് ചെറ എന്ന ഈ കൊച്ചു മിടുക്കന്റെ കളി ഒന്നു കണ്ടു നോക്കൂ…

Reshma said...

you too, Pirandello?

വക്കാരിമഷ്‌ടാ said...

ആദിത്യാ, വളരെ ഇന്‍‌വോള്‍വ്‌ഡ് ആയിട്ട് എഴുതിയിട്ടുണ്ടല്ലോ. നല്ല വിവരണം. ആധികാരികതയും ഫീല്‍ ചെയ്യുന്നു (ഫുട്‌ബോള്‍ ഞാന്‍ കാണും എന്നാലും ലോകകപ്പ് ചരിത്രമൊന്നും വലിയ പിടിയില്ല കേട്ടോ-ഫുഡ്‌ബോള്‍ തന്നെ എനിക്കു പ്രിയം). എഴുത്തുഗ്രന്‍. മന്‍‌ജിത്തും പെരിങ്ങോടരും അരവിന്ദും ഇബ്രൂം ഒക്കെ ഓരോരോ കാര്യങ്ങള്‍ ഇതിനെപ്പറ്റി പറയുന്നതു കേട്ടപ്പോള്‍ എനിക്കറിയില്ലാത്ത കാര്യങ്ങള്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്ന് തോന്നിപ്പോയി.

പിന്ന്യേ......ഇന്നലെ കണ്ടായിരുന്നോ- ഞങ്ങള്‍ ജപ്പാന്‍‌കാര്‍ ജര്‍മ്മനിയുടെ സമനില തെറ്റിച്ചു. നേരത്തെ വേറെയേതോ കളിക്ക് ഞങ്ങള്‍ ജപ്പാന്‍‌കാര്‍ ബ്രസീലിന്റെയും സമനില തെറ്റിച്ചായിരുന്നു. നോക്കിക്കോ ഒന്നും മിണ്ടാതെ ഞങ്ങള്‍ കപ്പുമായിട്ടിങ്ങ് പോന്നാല്‍.... സീക്കോയാ ഞങ്ങള്‍ ജപ്പാന്‍‌കാരുടെ കോച്ച്. പുള്ളിക്ക് ജാപ്പനീസറിയില്ല; കളിക്കാര്‍ക്കോ, ജാപ്പനീസല്ലാതെ വേറൊന്നും ശരിക്കങ്ങ് അറിയില്ല.......പക്ഷേ ഫുഡ്‌ബോള്‍ നാക്കുകൊണ്ടുള്ള കളിയായിരിക്കും, ഫുട്‌ബോള്‍ കാലുകൊണ്ടല്ലേ കളിക്കുന്നത്..... നാക്കെന്തിനാ അവിടെ...

(ഇത്രയൊക്കെയേ എനിക്കിതിനെപ്പറ്റി കമന്റാന്‍ അറിയൂ-സ്വാറി)

സ്നേഹിതന്‍ said...

മറഡോണ ഫുട്ബോള്‍ മാന്ത്രികന്‍ തന്നെ. ഇടയ്ക്കെപ്പോഴൊ ഒരു മയക്കുമരുന്ന് പ്രശ്നം കേട്ടിരുന്നു. പക്ഷെ ഫുട്ബോളിന്റെ ലോകത്തില്‍ കക്ഷിയുടെ ഇമേജിന് കുറവൊന്നുമില്ല. നല്ല ലേഖനം ആദിത്യന്‍.

വിശാല മനസ്കന്‍ said...

പത്രങ്ങളുടെ സ്പോര്‍ട്ട് പേജില്‍ കാണുന്ന ലേഖനം പോലെ തോന്നി. വെരി നൈസ്.

വക്കാരിമഷ്‌ടാ said...

ഉള്ളത് ഊറിച്ചിരിച്ചോണ്ട് പറഞ്ഞാല്‍ എനിക്കന്നത്തെ കളിക്ക് പശ്ചിമ ജര്‍മ്മനി ജയിക്കണമെന്നായിരുന്നു. എന്താണെന്നറിയില്ല. ഒരു ടീമിനെ എല്ലാവരും കൂടി പൊക്കുന്നതുകണ്ടുള്ള സ്വാഭാവികമായ അസൂയ ആയിരുന്നിരിക്കാം. നല്ലതുകാണുമ്പോള്‍ ഉണ്ടാകുന്ന അസൂയ എന്റെ അടിനൊസ്സാ

Anonymous said...

ഫുട്ബോള്‍ ഭ്രാന്തു പിടിച്ച ഒരുവനിതാ ഇവിടെയുണ്ടേ... സമയമില്ലാത്തതു കാരണം ഒന്നും എഴുതുന്നില്ലെന്നു മാത്രം.

ഹയ്യോ.. ഫുട്ബോളിനെപ്പറ്റി നിങ്ങളൊക്കെ എഴുതുന്നതു മുഴുവന്‍ വായിക്കാന്‍ എനിക്കു സമയമില്ലല്ലോ!!

ഈ തിരക്കൊന്നു കഴിയട്ടെ. ഇതൊക്കെ കുത്തിപ്പിടിച്ചിരുന്നു വായിക്കണം.

കണ്ണൂസ്‌ said...

നന്നായി എഴുതിയിരിക്കുന്നു ആദി. മറഡോണയുടെ ഇതിഹാസതുല്യമായ ഫുട്ബോള്‍ ജീവിതത്തെക്കുറിച്ച്‌ എതിരഭിപ്രായം ഒന്നുമില്ലെങ്കിലും, എന്തോ, എനിക്ക്‌ അര്‍ജന്റീനയെ ഇഷ്ടമല്ല. ലാറ്റിന്‍ അമേരിക്കന്‍ മാന്ത്രിക ഭംഗി ഇല്ലാത്ത ഒരു ടീമാണ്‌ അവര്‍ എന്നാണ്‌ എന്റെ തോന്നല്‍.

ഞാന്‍ എന്നും എപ്പോഴും ബ്രസീലിന്റെ കൂടെ തന്നെ. ഇത്തവണ ഇറ്റലിയേയും ശ്രദ്ധിച്ചോളൂ.

സന്തോഷ് said...

സ്കോറുകള്‍ സൂക്ഷിക്കാന്‍ ഇതാ ഒരു ചെറിയ പ്രോഗ്രാം!

പാപ്പാന്‍‌/mahout said...

സന്തോഷേ, ഇതാണനന്തര ഫലം:
The download you requested is unavailable. If you continue to see this message when trying to access this download, go to the "Search for a Download" area on the Download Center home page.

സന്തോഷ് said...

ലിങ്ക് വര്‍ക്കുചെയ്യുന്നുണ്ടല്ലോ. മൈക്രോസോഫ്റ്റ്.കോമിലോ, എം‍എസ്‍എന്‍.കോമിലോ, മറ്റേതെങ്കിലും സേര്‍ച് എന്‍‍ജിനിലോ പോയി "Microsoft Soccer Scoreboard" എന്ന് സേര്‍ച് ചെയ്തു നോക്കൂ!

പാപ്പാന്‍‌/mahout said...

സന്തോഷേ, കിട്ടീ. ത്യാങ്ക് യൂ...

Adithyan said...

രെഷ്,
Yea yea… me too… :-)

ബക്കാര്ഡിയടിക്കുന്ന ബക്കാരീ,
ഫുട്ബോളിനെപ്പറ്റി പറഞ്ഞാ ഞമ്മളു ഇന്‍‌വോള്‍വ്‌ഡ് ആവും :-) കൊച്ചിലേ മൊതലേ ആ പന്തിന്റെ പൊറകെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഓടിയിട്ടൊള്ളതാ…

‘ഫുഡ്-ബോള്’ ഉഗ്രന്… ലഡ്ഡു, ഇഡ്ഡലി, ബോണ്ട ഒക്കെയല്ലേ ഉദ്ദേശിച്ചത്?
‘ഞങ്ങള് ജപ്പാന്‍‌കാര്‘ - യെന്ത്??? ബക്കാരി ജപ്പാനിയായാ? രണ്ടു മാസം അബടെപ്പോയി നിന്നെന്നും പറഞ്ഞു മേരാ ഭാരത് മഹാനെ മറന്നോ?

സ്നേഹിതാ,
നന്ദി. ഈ മയക്കു മരുന്നു വിവാദങ്ങള് മറഡോണയെ കളിയില് നിന്ന് അകറ്റിയെങ്കിലും ആരാധകരെ മറഡോണയില് നിന്നും അകറ്റിയില്ല… പിന്നെ ഏതു വിവാദത്തിലുമെന്നപോലെ ഇതിലും ഒരു മറുപക്ഷം ഉണ്ട്. ഇറ്റാലിയന് ക്ലബുകള്ക്കു കളിച്ചിരുന്ന മറഡോണ ലോകകപ്പില് ഇറ്റലിയുടെ അന്തകനായതു കൊണ്ട് ഇറ്റാലിയന് ക്ലബ് മാനേജേഴ്സിന്റെ ഗൂഡാലോചനയുടെ ഫലമാണത്രെ ‘കെട്ടിച്ചമയ്ക്കപ്പെട്ട’ ആ ലഹരി മരുന്നു ആരോപണങ്ങള്. മറഡോണ നിരപരാധിയാണത്രെ.

വിശാലാ,
ഞാന് പൊങ്ങി മച്ചില് പോയി ഇടിച്ചിട്ട് താഴെ വന്നു വീണു :-). താങ്ക്സൊണ്ടു കേട്ടാ. :-))

ബെന്നിയേ,
ഫുട്ബോള് ഭ്രാന്തു പിടിച്ച ഒരു ‘വനിത‘ എന്നാണു ഞാന് വായിച്ചത്… :-) യാതു വനിത എന്നു കൊറെ നേരം തപ്പി നോക്കി… :-)

ബാക്കി ഫുട്‌ബോള് ഭ്രാന്തന്മാരെ പരിചയപ്പെടാന് കഴിഞ്ഞതില് സന്തോഷം.
തിരക്കു കഴിഞ്ഞ് വായിക്കുക മാത്രമല്ല ഒരു ഒന്നൊന്നര ഫുട്ബോള് പോസ്റ്റ് ഇടുമെന്നും പ്രതീക്ഷിക്കുന്നു.

കണ്ണൂസ്,
നന്ദി. എല്ലാവരും ലാറ്റിന് അമേരിക്കന് ആരാധകര് തന്നെ അല്ലെ? സാംബയുടെ താളത്തിനു ഞാനും കാതോര്‍ക്കാറുണ്ട്. സാങ്കേതികമായി ഏറ്റവും ‘നല്ല‘ ടീം ബ്രസീല് തന്നെ… സമ്മതിക്കുന്നു… പക്ഷെ അര്ജന്റീനയോടുള്ള ഇഷ്ടം എന്തു കാരണം കൊണ്ടാണെന്നറിയില്ല…. ഒരുപക്ഷെ മറഡോണയുടെ അതേ കുപ്പായമണിയുന്നവരോടുള്ള ഒരു വാത്സല്യമാവാം… :-)

സന്തോഷ്,
നന്ദി. Microsoft Soccer Scoreboard കിട്ടി. ഇനി ടിവി കാണാനിരിക്കുമ്പോള് ഇതും കൊണ്ടിരിക്കാം :-)

പാപ്പാനേ,
സന്തോഷിന്റെ ലിങ്കില് ഞാന് ക്ലിക്ക് ചെയ്തപ്പോള് പ്രശ്നമൊന്നുമില്ലായിരുന്നല്ലോ… :-)
പണ്ടാരാണ്ടു പറഞ്ഞ പോലെ വെള്ളമടിച്ചിട്ടാണല്ലേ കമന്റാനിരിക്കുന്നത്? (എന്നെ തല്ലല്ലേ… ) :-)

Anonymous said...

സത്യം! ഞാനും വനിത എന്നാണു വായിച്ചതു. ഞാന്‍ വിചാരിച്ചു ,എഹ് ഇനി‘ ബെന്നി’ ഒരു ചേച്ചി ആയിര്‍ക്കുമൊ?എല്ലരും കൂടി ഇരട്ടപ്പേരു ഇട്ടേക്കണതാവുമോ എന്നൊക്കെ ആകെ കണ്‍ഫ്യൂസ്ഡ് ആയി.

പാപ്പാന്‍‌/mahout said...

വക്കാരീ, സീക്കോ ന്നു പറഞ്ഞാല്‍‌ ജപ്പാനിലെ ഒരു വാച്ചല്ലേ, ഇപ്പൊ വാച്ചാണോ ജപ്പാന്‍ ടീമിനെ കോച്ചു ചെയ്യണേ? വാച്ചു കോച്ചു ചെയ്യണു, കോച്ചു വാച്ചു ചെയ്യണു--ഭഗവാനേ ഇതെന്തരു കളി...

Anonymous said...

ഹൌ.. ഈ സന്ധി വല്ലാത്തൊര് ഏര്‍പ്പാടു തന്നെ. എവിടെയിട്ടു കെട്ടിമുറുക്കണം എന്നറിയാത്ത എന്നെപ്പിടിച്ചു പെണ്ണാക്കിക്കളഞ്ഞില്ലേ സിന്ധി?

‘ഒരുവനിതാ’.... അയ്യോ, തന്നെ തന്നെ!! ഇപ്പോള്‍ എനിക്കും ശംശം തോന്നിത്തുടങ്ങി. അമ്മച്ചിയാണേ, ഇനി ഞാന്‍ ‘ഒരുവന്‍ ഇതാ’ എന്നേ ഉപയോഗിക്കൂ.

യാത്രാമൊഴി said...

ആദീ,
വളരെ നല്ല ലേഖനം.
മരുന്നടിച്ചാലും ഇല്ലെങ്കിലും ഇപ്പോഴും മറഡോണയാണു താരം.
ഞാനുമുണ്ട് അര്‍ജന്റീനയുടെ കൂടെ...തോറ്റാലും ജയിച്ചാലും..
അതു കഴിഞ്ഞേയുള്ളു ബ്രസീല്‍ കമ്പം.

ഇപ്പോള്‍ കളിയെക്കുറിച്ച് വായിക്കുന്നത് ലോകകപ്പ് അടുക്കുമ്പോള്‍ മാത്രമായതു കൊണ്ട് പുതിയ കളിക്കാരെ അധികം പരിചയമില്ല. ഇനി വേഗം പരിചയപ്പെടണം...സമയമായി..

Adithyan said...

എല്‍ജി: ഹോ... ഒരേ തൂവല്‍പ്പക്ഷികള്‍ :)

പാപ്പാന്‍ : വാച്ച്‌ കോച്ച് എന്നൊക്കെ ഒരേ വാചകത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി പറഞ്ഞ്‌ നാക്കു കോച്ചി പിടിക്കല്ല്‌ :)

ബെന്നി:
ഹ ഹ ... സന്ധിയുമായി സന്ധിയായി അല്ലെ?

യാത്രാമൊഴീ,
നന്ദി. അങ്ങനെ ബ്ലോഗുലോകം അര്‍ജന്റീന ഫാന്‍സിനെക്കൊണ്ടു നിറയുന്നു. :-)
എനിക്കീ ക്ലബ്‌ ഫുട്ബോള്‍ കണ്ടു കൂട. അതു കൊണ്ടു ഞാന്‍ അതു ഫോളോ ചെയ്യാറില്ല... എന്നാലും ചില കളിക്കാരെ അറിയാം അത്ര മാത്രം.

എനിക്കും കളിക്കാരെ കുറിച്ച്‌ ചില ഗവേഷണങ്ങള്‍ നടത്താനുണ്ട്‌... ലോകകപ്പ്‌ തുടങ്ങിക്കഴിഞ്ഞാല്‍ കുറെ ഉശിരന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം, അല്ലെ?

പരസ്പരം said...

പ്രിയ ഫുട്ബോള്‍ ഭ്രാന്തന് മറ്റൊരു ഭ്രാന്തന്റെ അഭിവാദനങ്ങള്‍. ഈ പോസ്റ്റ് നേരത്തെ തന്നെ വായിച്ചുവെങ്കിലും ഇത്രയും കിടിലന്‍ പോസ്റ്റിറ്റിന് എന്നെ പോലെ എഴുതുവാ‍നറിയാത്ത ഞാന്‍ എന്തെഴുതും എന്ന് വിചാരിച്ച് അന്ന് വേണ്ടെന്ന് വച്ചു.പിന്നെ താങ്കള്‍ എന്റെ പോസ്റ്റില്‍ ഭ്രാന്തുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങെനെ കമ്മെന്റാന്‍ വന്നു.അത്യാവശ്യം നല്ല ഒരു ഗോള്‍ കീപ്പറായിരുന്ന ഞാന്‍ ജില്ലാതല തിരഞ്ഞെടുപ്പിന്റെയന്ന് കിണറ്റിലിറങ്ങി പരുക്ക് പറ്റി എല്ലാം നഷ്ടപ്പെടുത്തിയ വ്യക്തിയാണ്.അല്ലെങ്കില്‍ മറ്റൊരു കെ.ടി.ചാക്കോയെങ്കിലും ഉണ്ടാകുമായിരുന്നു!!!!(ചുമ്മാ തള്ള്).എന്നും കളികഴിഞ്ഞ് കാലില്‍ നിറയെ ഉളുക്കും പരുക്കുമായി വരുന്ന എന്നെ വീട്ടില്‍നിന്നും ഇതിന്റെ പേരില്‍ വിലക്കുക വരെ ചെയ്തിട്ടുണ്ട്.

Anonymous said...

Very nice site!
Recall chrysler minivans email lists

Muneef.tridz said...

എന്തൊക്കയാ ഞ്ഞാനീ കാണുന്നത്?
(കേള്‍ക്കുന്നത്?)!
എന്തു പറഞ്ഞാലും ഇപ്പോഴത്തെ രാജാവ് ആര് എന്നതാണ് പ്രശ്നം!
റെണാള്‍ഡിന്ഞോ നല്ല കളിക്കാരനാണ്‍!