Tuesday, September 06, 2005

മൂന്നാം ഊഴം

"ഒരു ബീഡി കിട്ടിയിരുന്നെങ്കില്‍..." ഭീമന്‍ പിറുപിറുത്തു. ഈ റൊത്മാന്‍സ്‌, ഡേവിഡൊഫ്ഫ്‌ എന്നൊക്കെ പറഞ്ഞ്‌ വിദേശികള്‍ ഓരോന്നു പടച്ചു വിടുന്നതൊന്നും വായില്‍ വെച്ച്‌ രണ്ടു പുക എടുക്കാന്‍ കൊള്ളില്ല. ഇതു പോലത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ബീഡി തന്നെയാണ്‌ ഉത്തമം. വനത്തില്‍ വെച്ച്‌ മായന്മാരുടെ അടുത്തു നിന്നും കിട്ടിയ ശീലം. ഉറക്കമില്ലാത്ത രാത്രികളില്‍ ബീഡിയും പുകച്ചിരിയ്ക്കുന്നത്‌ പിന്നെ സ്ഥിരമായി.

മായന്മാരുടെ ഇടയില്‍ ചെന്നു പെടാനിടയായതിന്റെ കാരണം ഭീമന്റെ മനസിലേക്കു വീണ്ടും പതഞ്ഞു പൊങ്ങി. ഈരേഴു പതിനാലു ലോകങ്ങള്‍ വെട്ടിപ്പിടിച്ചാലും, ഈ ബ്രഹ്മാണ്ടം മുഴുവന്‍ ഇളക്കിമറിച്ചാലും ആ പക അടങ്ങും എന്നു തോന്നുന്നില്ല - സപ്തല്‍സരങ്ങള്‍ എടുത്താല്‍ പോലും. എന്തിനു സപ്തല്‍സരങ്ങള്‍, ജന്മജന്മാന്തരങ്ങള്‍ തന്നെ മതിയാവുമോ?

തങ്ങള്‍ക്കവകാശപ്പെട്ട രാജ്യം അപഹരിച്ചവര്‍. പലതവണ ചതിവില്‍ കൊല്ലാന്‍ ശ്രമിച്ചവര്‍. ഒന്നൊഴിയാതെ എല്ലാവനെയും കാലപുരിക്കയച്ചു. എന്നിട്ടും പക ബാക്കി. "ഞാന്‍ അതി ബലവാന്‍. അമാനുഷ്യ വീരന്‍. മദപ്പാടു കൊണ്ട ഗജവീരനോടു വരെ മല്‍പ്പിടുത്തം നടത്താന്‍ പോന്നവന്‍" ഭീമന്‍ അലറി. എന്നാണ്‌ താന്‍ മദപ്പാടിളകിയ ആനയോടു ദ്വൊന്തം ചെയ്തത്‌? ഭീമന്‍ മനസിലോര്‍ത്തു. എല്ലാം സ്തുതിപാടകര്‍ പാടി നടക്കുന്ന ഗാധകള്‍. പക്ഷെ ഒന്നുറപ്പാണ്‌ - ആ ശതം മുഴുവന്‍ ഒന്നിച്ചു വന്നാലും നിന്നെതിര്‍ക്കാന്‍ ഭീമനു കരുത്തു ബാക്കിയുണ്ടാവും. അവരോടു പൊരുതുമ്പോള്‍ മാത്രം ഭീമന്‍ തളര്‍ച്ചയറിയാറില്ല. കുട്ടിക്കാലം മുതല്‍ അവര്‍ ചെയ്തു കൂട്ടിയ ദ്രോഹങ്ങളെ കുറിച്ചു ഒരു മാത്ര ഓര്‍ത്താല്‍ മാത്രം മതി ഭീമനു മാസങ്ങളോളം, എന്തിനു വര്‍ഷങ്ങളോളം തളര്‍ച്ചയറിയാതെ പൊരുതാന്‍. പക! വെറുപ്പ്‌! അതാണു തന്നെ ഇതു വരെ നയിച്ചത്‌. നയിച്ചു കൊണ്ടിരിക്കുന്നത്‌.

കൊന്നു തള്ളി. ഒന്നൊഴിയാതെ എല്ലാത്തിനെയും. അതൊരു വാശി പോലെ ആയിരുന്നു. നൂറില്‍ ഓരോന്നും തന്റെ ഈ കൈകള്‍ കൊണ്ട്‌. ഈ കൈകളില്‍ കിടന്നു പിടഞ്ഞു പിടഞ്ഞു... അദ്രുശ്യനായ ഒരു ഇരയുടെ കഴുത്തു ഭീമന്റെ കൈകളില്‍ ഞെരിയുകയായിരുന്നു അപ്പൊള്‍. ഒരു പക്ഷെ നൂറു തികക്കാന്‍ പറ്റുമായിരുന്നില്ല - തന്റെ പകയുടെ ആഴം അറിയാവുന്ന അനുജന്മാരും സുഹൃത്തുക്കളും അവരെ തനിക്കായി മാറ്റി വെച്ചിരുന്നില്ലെങ്കില്‍. തനിക്കെവിടെ രാജ്യമോഹം? തനിക്കെന്ത്‌ ആഡംബര ഭ്രമം? സ്താനമാനങ്ങളില്‍ തനിക്കെവിടെ കംബം? ശത്രുവിന്റെ നെഞ്ചിലെ ചോര! അതൊന്നു മാത്രമാണു തന്നെ നയിച്ചിരുന്നത്‌. അതായിരുന്നു ഏക ലക്ഷ്യം. നെഞ്ചിന്‍കൂടു പിളര്‍ന്ന ചുടു ചോര ...

പതഞ്ഞു പൊങ്ങിയ ദേഷ്യം അടക്കാന്‍ വയ്യാതെ ഭീമന്‍ നദിക്കരയിലേയ്ക്കു നടന്നു. ജലം എന്നും തന്റെ ചങ്ങാതി ആയിരുന്നു. കാലും കയ്യും കെട്ടി, പായില്‍ ദേഹം പൊതിഞ്ഞു നദിയില്‍ ഒഴുക്കപ്പെട്ടപ്പോളും... ഇന്നു ഈ അര്‍ദ്ധരാത്രിയില്‍ സര്‍വ്വവും കഴിഞ്ഞു വിശ്രമിക്കുമ്പോളും. കഴുത്തൊപ്പം വെള്ളത്തില്‍ ഇങ്ങനെ ആണ്ടു കിടക്കാന്‍ എന്തു സുഖം. മനസിലെ കോപം ജലത്തില്‍ അലിയുന്നതു ഭീമൻ അറിഞ്ഞു. ഓളം വെട്ടി കൊണ്ടിരുന്ന മനസു ശാന്തമായി തുടങ്ങി. യാമങ്ങൽ കടന്നു പോയതറിഞ്ഞില്ല.

പുലര്‍കാലത്തെപ്പൊഴൊ ഭീമന്‍ നദിയില്‍ നിന്നും കയറി വന്നു. നേരെ തന്റെ കൂടാരത്തിലേക്കു നടന്നു. HP Pavillion LAP TOP തുറന്നു. firefox-ന്റെ ഒരു ജാലകത്തില്‍ http://www.blogger.com/ ടൈപ്പ്‌ ചെയ്തു. പുതിയ ഒരു ബ്ലൊഗ്‌ പ്രൊഫയില്‍ ഉണ്ടാക്കി.
Profile name : ആദിത്യൻ.
Blog Title: ആശ്വമേധം.

:-) ഇത്‌ ഇങ്ങനെ ഒരു പര്യവസാനത്തില്‍ കൊണ്ടെത്തിച്ചതിനു ക്ഷമിക്കണം. ജീവിതത്തില്‍ പല കാര്യങ്ങളും നാടകീയമായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവനാണു ഞാന്‍. ഈ ബ്ലൊഗ്‌ ലോകത്തെക്കു കാലെടുത്തു വെയ്ക്കുന്നതും നാടകീയമാക്കണം എന്നു തോന്നി പോയി. അവിവേകമായെങ്കില്‍ മാപ്പാക്കുക.

ഞാന്‍ അദിത്യന്‍.
അല്‍പ്പം വായിചിട്ടുണ്ട്‌. MT-യുടെ ഒരു ആരാധകന്‍. മുകളിലെ അവിവേകം രണ്ടാം ഊഴം വളച്ചൊടിച്ചതാണെന്നു പ്രെത്യേകം പറയണ്ടതില്ലല്ലോ. സാഹിത്യം ഇഷ്ടമാണ്‌. എഴുതാറില്ല. വായന ആണു ഇഷ്ടം.

7 comments:

aneel kumar said...

സ്വാഗതം ഭീമസേനാ.

SunilKumar Elamkulam Muthukurussi said...

ബൂലോകത്ത് ഒരരുണോദയവും കാത്തുകൊണ്ട്‌, ആദിത്യഹ്ര്ദയം ജപിച്ചുകൊണ്ട്‌.....-സു-

Sujith said...

thudakkam assalayi!

ചില നേരത്ത്.. said...

aaDhithyante moonnaamoozham assalaayirikkunnu.
-ibru-

Kumar Neelakandan © (Kumar NM) said...

കൊള്ളാം വരവ് അസലായി.
മലയാളം ബ്ലോഗിന്റെ മലനിരകളിലേക്ക് സ്വാഗതം.
സ്വപ്നങ്ങളുടെ സൌഗന്ധികം തേടി ഇവിടെ നമുക്ക് അലയാം. അശാന്തിയുടെ അരക്കില്ലങ്ങളിൽ ഒരുതുണ്ട് അഗ്നിയുമായി നമുക്ക് ഒപ്പം നടക്കാം.

മന്ദതപിടിച്ചിരിക്കാതെ എന്നും ബ്ലോഗദയെടുത്ത് ചുഴറ്റും എന്നു കരുതുന്നു.
അപ്പോൾ വീണ്ടും കാണാം, പക്ഷേ ഗോദയിൽ വേണ്ട.
(കമന്റുന്നവർക്ക് ഒരു word verification മറക്കണ്ട)

Adithyan said...

നന്ദി സുഹൃത്തുക്കളെ.

കുമാറെ, കമന്റ്‌ അത്യുഗ്രൻ. ഇതിഹാസ്ങ്ങൾ താങ്ങളുടെ രക്ത്ത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടോ എന്നൊരു സംശയം :)

ഈ കൂട്ടായ്മ നമുക്കു കാത്തു സൂക്ഷിക്കാം.

Arun Vishnu M V said...

സ്വാഗതം. അടുത്ത പോസ്റ്റിനായുള്ള ബെൽ മുഴങ്ങട്ടെ.