Thursday, March 11, 2010

മലയാളം ബ്ലോഗില്‍ പിടിച്ചു നില്‍ക്കാന്‍

ഈയിടയ്ക്കത്തെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ആയ ഉമേഷ്ജീടെ യോജനപോസ്റ്റില്‍,
"ഞാനും കൂടി ഉണ്ടെങ്കിലെന്താ???" പറഞ്ഞപോലെ മലയാളം ബ്ലോഗില്‍ സര്‍വ്വവിഷയവിജ്ഞാനികളെ തട്ടീട്ട് നടക്കാന്‍ പറ്റാതായിരിക്കുന്നു.

മിനിമം "കളരിപ്പയറ്റ്, തായമ്പക,മധുരസേവ, പക്കാവട, പഞ്ചാരി മേളം, ഓട്ടന്‍ തുള്ളല്‍ , മെറ്റലര്‍ജ്ജി, അനാട്ടമി, ചിത്രരചന, നീന്തല്‍ (സ്വിമ്മിംഗ്), ചവിട്ടു നാടകം, യൂറോപ്യന്‍ ക്ലോസറ്റ്, എയ്റോസ്പേസ്‌ ടെക്നോളജി, ആമിനേഷന്‍ ആക്റ്റ്, ഇന്‍ഡ്യന്‍ പൈറസി ആക്റ്റ്, സിനിമാ സം‌വിധാനം, അമ്മിക്കല്ലും അരകല്ലും തമ്മിലുള്ള ഫ്രിക്ഷന്‍ " എന്നിവയെപ്പറ്റിയൊക്കെ ഒരു പീയെച്ച്ഡീക്കാരന്റെ ആധികാരികതയോടെ സംസാരിക്കാന്‍ അറിയാത്തവരെ ആരെയും ഇപ്പോ മഷി നോക്കിയാല്‍ കൂടി കിട്ടാനില്ല ബ്ലോഗില്‍ .

ഈ പുലികള്‍ക്കും സിങ്കങ്ങള്‍ക്കും ഇടയ്ക്ക് നിങ്ങക്കും പിടിച്ചു നിക്കണ്ടേ?

മലയാളം ബ്ലോഗില്‍ പിടിച്ചു നില്‍ക്കാന്‍ അത്യാവശ്യം കൈയ്യില്‍ വേണ്ട പുസ്തകങ്ങള്‍ :

1.ഋഗ്വേദം: (മുനിമാരുടെ കൈയ്യീന്ന് നേരിട്ട് വാങ്ങിയതാണേല്‍ അത്യുത്തമം.) സംസ്കൃതത്തില്‍ ഒള്ളതുതന്നെ നോക്കി വാങ്ങുക. മലയാളത്തില്‍ ഒള്ളതീന്നു എടുത്തെഴുതിയാല്‍ ഒരു ഗുമ്മില്ല. സംസ്കൃതം അക്ഷരങ്ങള്‍ നോക്കി അതുമാതിരി ഒള്ള മലയാളം അക്ഷരങ്ങള്‍ടെ പടം വരച്ചുവെക്കാന്‍ അറിയില്ലെങ്കില്‍ മാത്രം മലയാളത്തിനു പോകുക. മുനിമാരുടെ കൈയിന്ന് വാങ്ങിയതാന്നു പറഞ്ഞാല്‍ വേറേ ഒരു അഡ്വാന്റേജ് കൂടെ ഒണ്ട് - നമ്മള്‍ ഒന്നു രണ്ട് സ്ലോകങ്ങള്‍ ട്രേസ് പേപ്പര്‍ വെച്ച് വരച്ചിടുമ്പോള്‍ സ്ലോകത്തെപ്പറ്റി അറിയാവുന്ന വേറേ വല്ലവനും വന്നു തിരുത്തിയാല്‍ തന്നെ "എന്റെ ബുക്കിന്റെ ആദ്യത്തെ കൊറേ പേജ് കീറിപ്പോയി, അതുകൊണ്ട് ഇത് ഏത് വര്‍ഷം ബബ്ലിഷ് ചെയ്തതാന്നറിയില്ല. ചേലപ്പോ ചേട്ടന്റെ കൈയ്യിലൊള്ള എഡിഷനും എന്റെ എഡിഷനും വേറേ ആരിക്കും. അതുകൊണ്ട് പറ്റിയതാരിക്കും. ചേട്ടന്റെ പേപ്പര്‍ബാക്ക് ആണല്ലേ" എന്നൊക്കെപ്പറഞ്ഞ് ഉരുളാം.

2. ഉപനിഷത്തുകള്‍ . മേളില്‍ പറഞ്ഞ നിബന്ധനകള്‍ ഇവിടേം ബാധകം.

3. ചരകസംഹിത: ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയില്ലേലും "പേജ് 43 ഗഡ്ഗം 14-ല്‍ പറയുന്നത്" എന്നൊക്കെ പറഞ്ഞ് എടക്കെടക്ക് എന്തേലും ഒക്കെ എടുത്ത് ചാമ്പുന്നത് ഒരു നല്ല ഇമേജ് തരും.മെഡിസിനുമായി പുലബന്ധമേലും ഒള്ള ഡിസ്ക്ഷന്‍ ആണേല്‍ ഇവിടുന്നെന്തേലും ക്വാട്ട് ചെയ്യാതെ നമ്മടെ പോയന്റ്സ് ഒന്നും അവതരിപ്പിക്കരുത്. ഓഫര്‍ വല്ലതും ഉണ്ടേല്‍ "സുശ്രുത സംഹിത" കൂടെ കോമ്പോ ആയി വാങ്ങുക. രണ്ട് സംഹിതകളും കൈയ്യില്‍ ഒണ്ടേല്‍ ഒന്നാമത്തേതിന്റെ 43-ആം പേജിലെ 12-ആം ലൈനും മറ്റേതിന്റെ 77-ആം പേജിലെ 5-ആമത്തെ ലൈനും ഒക്കെ മിക്സ് ചെയ്ത് നമ്മക്ക് നമ്മടേതായ സ്ലോകങ്ങളും ഒണ്ടാക്കാം.

4. മനുസ്മൃതി: ഡിസ്കഷന്‍ സ്ത്രീ/സംവരണം/മൈനോറിറ്റി/ഫെമിനിസം/തീവ്രഫെമിനിസം തുടങ്ങിയെ വിഷയങ്ങളിലേക്കു കടക്കുമ്പ ക്വോട്ട് ചെയ്യണ്ടത് ഇതീന്നാണ്.

5. അർഥശാസ്ത്രം: ഇത് ഏതൊക്കെ വിഷയങ്ങളില്‍ ഉപയോഗിക്കാം എന്നതിനെപ്പറ്റി വെല്ലി ധാരണ ഒന്നും ഇതുവരെ ബ്ലോഗില്‍ വന്നിട്ടില്ലേലും, ആര്‍ക്കുമൊന്നും മനസിലാവാത്ത ഒന്നു രണ്ട് ഡയലോഗുകള്‍ക്കു ശേഷം "അര്‍ത്ഥശാസ്ത്രത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്കിന്നും വലിയ അര്‍ത്ഥ്യവ്യത്യാസങ്ങളൊന്നും വന്നിട്ടില്ലാ" എന്ന റേഞ്ചില്‍ ഓരോ കാച്ച് ഇടയ്ക്കും തലയ്ക്കും കാച്ചാവുന്നതാണ്.

6. കാമസൂത്ര: പ്രത്യേകിച്ച് വിഷയമൊന്നുമില്ലാതെ ഡിസ്കഷന്‍സ് ചുറ്റിതിരിയുമ്പോള്‍ വിഷയം ഒന്നു മദാലസമാക്കി എടുക്കാന്‍ ചുമ്മാ ക്വോട്ട് ചെയ്യുക. (ചര്‍ച്ചക്ക് ഉപയോഗം വന്നില്ലേലും ഒന്നുമില്ലേല്‍ ഒള്ള പടമെല്ലാം കണ്ടോണ്ടിരിക്കാം)

7. ഇന്ത്യന്‍ പീനല്‍ കോഡ്: ദില്‍ബന്റെ അഭിപ്രായത്തില്‍ ഇത് വളരെ അത്യാവശ്യമാണ്. എന്തു പറയുമ്പോളും "ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ മുന്നൂറ്റി ചില്വാനത്തില്‍ പറയുന്നത്" എന്നും പറഞ്ഞോണ്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റുക എന്നത് ചില്ലറ കാര്യമാണോ? പിന്നെ ഇതു വാങ്ങുമ്പോള്‍ ഇതിന്റെ കൂടെ ഇന്ത്യന്‍ പ്രൈവസി ആക്ട്, ഇന്ത്യന്‍ ഫോട്ടോഗ്രാഫി ആക്ട്, ഇന്ത്യന്‍ പോര്‍ണോഗ്രാഫി ആക്ട് (എന്നു വേണ്ടാ ഇന്ത്യന്‍ പൂപ്പല്‍ ആക്ട് വരെ) ബേസിക്കലി, ഇന്ത്യേടേം ആക്ടിന്റേം ഇടക്ക് എന്തു കേറി കിടന്നാലും അതിന്റെ ഓരോ കോപ്പി വാങ്ങി വെക്കുക. എപ്പൊഴാ എന്താ ഉപയോഗം വരുന്നതെന്നാര്‍ക്കറിയാം?

8. കൊട്ടാരത്തില്‍ ശങ്കുണ്ണി വക ഐതിഹ്യമാല, അറബിക്കഥകള്‍ : ഘോരഘോരം വാഗ്വാദങ്ങളില്‍ വിലപ്പോവില്ലെങ്കിലും സമാധാനക്കാലത്ത് ഉപയോഗിക്കാന്‍ കൊള്ളാം.

33 comments:

Calvin H said...

സംഗതി ഒക്കെ ശരി. ഇതൊക്കെ കാശ് കൊടുത്ത് ഗോപുമോൻ വാങ്ങും. അപ്പപ്പോ ആവശ്യം വരുമ്പോ ഒരു ഗൂഗിൾ സെർച്ചങ്ങ് തട്ടും. വല്ലവനും വിവരക്കേട് എഴുതിവെച്ചത് യാഹൂ ആൻസറിലെങ്കിലും തടയാതിരിക്കില്ല. അതങ്ങെടുത്ത് ക്വാട്ടിയേക്കണം. പൊസ്തകം വായിക്കാൻ ഒക്കെ ആർക്കുണ്ട് സമയവും ക്ഷമയും?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താളിയോലയില്‍ എഴുതിയതായാലും മതിയാവുമോ?

Ashly said...

ഹാ..ഹ..ഹാ....

ദേവന്‍ said...

പരിണാമം പരിണാമം എന്നു പറയുന്നത് ഇതല്ലിയോ ആദിത്യാ. പണ്ടൊക്കെ ഉദയായുടെ സ്റ്റുടിയോയും ഉത്സവപ്പറമ്പിലെ പാട്ടുപുസ്തകത്തിലെ കഥയും മതിയായിരുന്നു പടം ഹിറ്റാവാന്‍. പിന്നെ പിന്നെ ലോഞ്ച് സ്യൂട്ടും പൈപ്പും തോക്കും സിംഗപ്പൂരില്‍ നിന്നു വരുന്ന കപ്പലും വേണമെന്നായി, പിന്നെ ഹെലിക്കോപ്റ്ററില്‍ തൂങ്ങണം, കണ്ടു പരിചയമുള്ളവരെപ്പോലെ കഥാപാത്രങ്ങള്‍ വേണം... ഇപ്പഴിപ്പ ഒരുമാതിരി എന്തു ചെയ്താലും പടം ഓടൂല്ലെന്നായി.

ബ്ലോഗും അതുപോലെ ആദ്യമൊക്കെ നാലുവരി മലയാളം മതിയെന്നായിരുന്നു. രണ്ടു കിലോ നൊസ്റ്റാള്‍ജിയ, മൂന്നു വരി ബാല്യകാല സ്മൈരണ ഒക്കെ മതിയായിരുന്നു. ഇപ്പഴിപ്പ പുരാവസ്തു വകുപ്പില്‍ പോയി നോക്കി പോസ്റ്റെഴുതിയാല്‍ അതിനെയും തിരുത്തുന്ന കാലമായി.

സീതിഹാജി പറഞ്ഞപോലെ പുരോഗതി തന്നേന്നു കരുതിക്കോളീന്‍.

Promod P P said...

ഓ..

ആദിയും സംഭവം പൊടി തട്ടി എടുത്തോ???
നാലു കൊല്ലത്തെ മാറാല നീക്കാൻ പറ്റിയ ഒരു ശ്രമം തന്നെ

Adithyan said...

കാല്‍വിന്‍ ആപ്പറഞ്ഞതു പോയന്റ്. ഇന്റര്‍നെറ്റില്‍ ഒള്ളത് വേറേപലയിടത്തും കാണും, എന്നാല്‍ ഇന്റര്‍നെറ്റില്‍ ഇല്ലാത്തതെ വേറേ എവിടെയും കാണില്ല. സേര്‍ച്ച് ചെയ്യൂ, കണ്ടെത്തപ്പെടും എന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്?

സുനിലേ, താളിയോലയില്‍ എഴുതീത് ഒപ്പിക്കാന്‍ പറ്റിയാല്‍ അതാണു ബെസ്റ്റ്. അതാവുമ്പ നമ്മള്‍ ബുദ്ധിമുട്ടി പാടുപെട്ട് ട്രേസ് പേപ്പര്‍ ഒക്കെ വെച്ച് വരച്ചെടുക്കണ്ട ആവശ്യവുമില്ല. ഓരോ ഫോട്ടോ എടുക്കുക, പോസ്റ്റില്‍ ഇടുക, വേണേല്‍ "യിതാരടെ താളിയോല കളക്ഷന്‍ " എന്നൊരു സീരീസും തൊടങ്ങാം.

ക്യാപ്റ്റോ, നമോവാകം :) വെടി വെടിയോ വെടി ;)

ദേവേട്ടാ, സത്യം... പണ്ടൊക്കെ "നാനും start ചെയ്തു malyala ബ്ലോഗ്" എന്ന് മൂന്നാലച്ചരം പെറുക്കി വെച്ച ബ്ലോഗിലൊക്കെ പോയി "വെല്‍ക്കം ടു ഊട്ടി, നൈസ് റ്റു മീറ്റ് യു" പറഞ്ഞു നടന്നിടത്തൂന്ന് വന്ന് വന്ന്... :) ഇപ്പഴൊക്കെ യെന്തരാ ഡിസ്കഷന്‍ നടക്കുന്നതെന്നു മനസിലാക്കണേല്‍ അഞ്ചെട്ടു തവണ വായിക്കണം. സംസ്കൃതവാക്കുകള്‍ ഒക്കെ പെറുക്കി മാറ്റി കളഞ്ഞേച്ചേ സെന്റന്‍സ് വായിക്കാന്‍ പരുവത്തിലാക്കാന്‍ പറ്റൂ... പുരോഗതീന്നു പറഞ്ഞാ ഒന്നൊന്നര പുരോഗതി.

തഥോ,
:) ചുമ്മാ വെറുതേ... വല്ലപ്പോഴും... ഒടനെ വീണ്ടും പൂട്ടേണ്ടി വരുമെന്നു തോന്നുന്നു.

ദേവന്‍ said...

എന്റെ ലൈബ്രറി തികയത്തില്ലെന്നു തോന്നിയപ്പഴല്ലേ ആദീ ഞാന്‍ ബ്ലോഗടച്ചു സ്ഥലം വിട്ടത് :) ഇനിയിപ്പ ആയുര്‍വേദം, അഥര്‍വ്വവേദം, മോളിക്കുലര്‍ ബയോയളി, നൂക്ലിയര്‍ മെഡിസിന്‍, തിന്‍ ഫിലിംസ്, ലീഗല്‍ മെട്രോളജി, ട്രാന്‍സ്ഫോര്‍മേഷണല്‍ & ജെനെറേറ്റീവ് ലിംഗ്വിസ്റ്റിക്സ് എന്നിവയില്‍ ഓരോ ഡിഗ്രീ എടുത്തിട്ടു വേണം ബ്ലോഗൊന്നു തുറക്കാന്‍

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.......
എന്തും ബ്ലോഗെഴുത്തിനു വിഷയമാക്കാം
എന്നാണനുഭവം.
ആകെ ആവശ്യമുള്ള അസംസ്കൃത വസ്തു സമയം
മാത്രമാണ് ആദിത്യന്‍ !!!

Adithyan said...

ദേവേട്ടാ, എനിക്കു ലൈബ്രറിയേ ഇല്ല, ലൈബ്രറി ഒള്ളവനേ പിടിച്ചു നിക്കാമ്പറ്റൂ എന്നു മനസിലായപ്പോ ആണു ഞാന്‍ സ്കൂട്ട് ചെയ്തത്. ;) സിങ്കുട്ടന്‍ പറഞ്ഞ പോലെ "എനിക്കും പഠിക്കണം ഐക്കൂട്ടൊക്കെ"

ചിത്രകാരാ,
:) ആപ്പറഞ്ഞതു ഫ്രീലാന്‍സുകാര്‍ക്ക് ബാധകമാണ്. വളയമില്ലാതെ ചാടാനും പറ്റും. പക്ഷെ വളയത്തില്‍ക്കൂടെ ചാടുമ്പളാണല്ലോ അധികാരവര്‍ഗ്ഗമാവുന്നതും ബ്രാഹ്മണ്യത്തിന്റെ ഭാഗമാവുന്നതും. ;) തെറി പറയല്ലു, വേണേ ഒന്നു വിരട്ടിക്കോ

ഭായി said...

ഉം............എല്ലാത്തിന്റേം ഒരഞ്ചെട്ട് കോപ്പി വീതം വാങ്ങേണ്ടിയിരിക്കുന്നു!
അല്ലെങ്കില്‍ നമ്മുടെ കാല്‍വിനാശാന്‍ മെത്തേര്‍ഡ് പ്രയോഗിക്കണം!
ജീവിക്കണ്ടേ!!

:-)

un said...

ഈ ലിസ്റ്റിലുള്ള പുസ്തകങ്ങളൊക്കെ ഒരുമാതിരിപ്പെട്ട ബ്ലോഗർമാരൊക്കെ ഇപ്പോത്തന്നെ അരച്ചുകലക്കികുടിച്ചിട്ടുണ്ട്. ചിലപ്പതികാരം, തൊൽകാപ്പിയം, പതിനെൺകീഴ്കണക്ക്, കുണ്ഡലകേശി തുടങ്ങിയ സംഘകാല രചനകളൊക്കെയേ ഇനി ബാക്കിയുള്ളൂ. അതോ ഇനി അതിലും പണ്ഡിതന്മാർ ഉണ്ടോ?

Suraj said...

തീരെ പിടിക്കണില്ല ല്ലേ ? ;))

Adithyan said...

ഭായി.
അദ്ദാണ്. ഒന്നേല്‍ ബുക്ക്, അല്ലേല്‍ ഗൂഗിള്‍ .. മാര്‍ഗ്ഗമല്ല ലക്ഷ്യമാണു പ്രധാനം :)

ഉന്‍ ,
ഹഹ. സംഘകാലരചനകളുടെ സോഫ്റ്റ്കോപ്പി എവടേലും കിട്ടുമോ? ഡൌണ്‍ലോഡിനു വെച്ചാല്‍ സൈറ്റില്‍ നല്ല ഹിറ്റ് കിട്ടും.

സൂരജേ,
ഹഹഹ... എനിക്ക് സംസ്കൃതോന്നൊക്കെപ്പറഞ്ഞാല്‍ മുഴുവന്‍ തേങ്ങായാണെന്നറിയാമല്ലോ. അപ്പോ പിന്നെ ഇത്രയൊക്കെയേ പറ്റൂ... ;)

:: VM :: said...

ബാലരമ, പൂമ്പാറ്റ, മുത്തുച്ചിപ്പി, ക്രൈമ്, ഫയര്‍ എന്നിവ മാത്രം വായിക്കുന്നവര്‍ ബ്ലോഗ് വാഗ്വാദങ്ങളില്‍ ഇടപെടരുതെന്നാണോ ഉദ്ദേശിച്ചത്?


എന്തോന്നഡേയ്, ഇന്നലെ ബ്ലോഗു തുടങ്ങിയവരെപ്പോലെ വേഡ് വെരിയും വച്ച് മനുഷേനെ മെനക്കെടുത്തുന്നേ?

വെള്ളെഴുത്ത് said...

ഭാഗ്യം ! കുഴിക്കാട്ടുപച്ചയെക്കുറിച്ച് പരാമർശം ഒണ്ടായില്ലാ. സംഘകാലകൃതികളൊക്കെ വന്നു കഴിഞ്ഞൂ ഉന്നേ (മേനനേ..) ബ്ലോഗൊന്നും വേണ്ട രീതിയിൽ നോക്കുന്നില്യാന്നു തോന്നുണൂ... സാഹിത്യാദിവിമർശനാദികളിലെ വൈദേശിക ഹിഡുംബൻ പേരുകളെക്കുറിച്ചും കൂടിയൊന്ന് പരാമർശിക്കായിരുന്നു..അതിതുവരെ ട്രെൻഡൊന്നും ആയില്യാന്നുണ്ടോ..വ്വോ ല്യേ....ങ്ങേ..? !!!

Sudhir KK said...

ഹ ഹ അത് കലക്കി. :)

ഒഴുകുന്ന നദി..... said...

ഹായ് കിടിലൻ പോസ്റ്റ് തന്നെ......
ചിരിച്ച് ചിരിച്ച് മണുകപ്പി (കപ്പിയോ തപ്പിയോ.. എന്താണെന്ന് അറിയില്ല...)
ഭയംഗരം...... :)

ഒഴുകുന്ന നദി..... said...

ഇതു യോജന എന്ന പോസ്റ്റിൽ കമ്മെന്റ് ചെയ്ത ഒരു പാവം മാന്യൻ ആണ്... :)

മുസ്തഫ|musthapha said...

"വെല്‍ക്കം back ടു ഊട്ടി, നൈസ് റ്റു മീറ്റ് യു" :)

Unknown said...

Really interesting.. good work.. its good to see there are people around which can handle humour in a simple but strong way.

Anonymous said...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

kichu / കിച്ചു said...

ആദ്യായിട്ടാ ആദിത്യാ ഇബ്ടെ.. ഇനി ഇതൊക്കെ ഒന്നു വാങ്ങി പഠിത്തം തുടങ്ങട്ടെ. എന്നിട്ടു വരാം:))

ഇന്ദു said...

സ്ലോകങ്ങള്‍ അല്ല ചേട്ടാ ശ്ലോകങ്ങള്‍...

ഇനി ഞാനിത് പറഞ്ഞെന്ന് വെച്ച് ഉരുളാന്‍ നിക്കണ്ടാ..ദേഹത്ത് മണ്ണു പറ്റും...

Jeevithathinte Pusthakam said...

ഇതെല്ലാം സഹിക്കാനുള്ള കഴിവും.................

ranji said...

എന്താ ഒരു നിരീക്ഷണപാടവം. :-)

Unknown said...

ആദീ എത്താന്‍ ഒരുപാട് വയ്കി. പഴയ പോസ്റ്റുകളൊക്കെ ഒന്നൂടി വായിച്ചു (ഈയാഴ്ച കുറച്ചു ഫ്രീയാ :D. ) ആശംസകള്‍!!
(വേര്‍ഡ്‌ വെരി ടബിബി, എന്ത് കുന്തമാണോ എന്തോ!!)

Unknown said...

:) hehehehe

Absar Mohamed : അബസ്വരങ്ങള്‍ said...

"മിക്സ് ചെയ്ത് നമ്മക്ക് നമ്മടേതായ സ്ലോകങ്ങളും ഒണ്ടാക്കാം."

പരീക്ഷക്ക്‌ ഇക്കാര്യങ്ങള്‍ പലപ്പോഴും ചെയ്യേണ്ടി വന്നിട്ടുണ്ട്. നല്ല പോസ്റ്റ്‌.
www.absarmohamed.blogspot.com

Absar Mohamed : അബസ്വരങ്ങള്‍ said...

"മിക്സ് ചെയ്ത് നമ്മക്ക് നമ്മടേതായ സ്ലോകങ്ങളും ഒണ്ടാക്കാം."

പരീക്ഷക്ക്‌ ഇക്കാര്യങ്ങള്‍ പലപ്പോഴും ചെയ്യേണ്ടി വന്നിട്ടുണ്ട്. നല്ല പോസ്റ്റ്‌.
www.absarmohamed.blogspot.com

Arjun Bhaskaran said...

ഹ ഹ ഹ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കണം...ചരകനും സുശ്രുതനും, കാമ സൂത്രയും,.. :)

അമ്മാച്ചു said...

ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള ആഗ്രഹവുമായി അലഞ്ഞു തിരിഞ്ഞ്, അവസാനം ഇവിടെ എത്തി.
വളരെ നന്ദി .....
ഞാന്‍ ഈ പോസ്റ്റ്‌ മാത്രമല്ല ....ആശ്വമേതത്തില്‍ പോസ്റ്റ്‌ ചെയ്ത എല്ലാം വായിച്ചു
ആദി ഏട്ടാ..... താങ്ങള്‍ ഒരു ഒന്നൊന്നര സംഭവം തന്നെ ആണ് കേട്ടോ :-)

Unknown said...

I want to design an advanced blog for you free. Please visit below:
www.t5share.com

തേയിലത്തോട്ടം said...

സൂപ്പർ