Tuesday, February 07, 2006

ജിസ്‌മ്‌

“എടാ, നീ വലിച്ചിട്ടുണ്ടോ?“ കിങ്ങ്‌സ്‌ ഒരു പുകകൂടി ആഞ്ഞു വലിച്ചിട്ട്‌ ആനി എന്നോടു ചോദിച്ചു. കയ്യിലിരുന്ന ബിയാൻഡെച്ച്‌ ആഷ്‌ട്രേയിൽ ഒന്ന്‌ തട്ടി ഞാൻ ഒരു നിമിഷം ആലോചിച്ചു, ഞാൻ സിഗററ്റ്‌ വലിക്കും എന്നതിവൾക്കറിയാം, അപ്പോൾ ചോദ്യം ഈ വലിയെപ്പറ്റിയല്ല, മറ്റവനെപ്പറ്റിയാണ്... പക്ഷെ ഇന്നലെമാത്രം പരിചയപ്പെട്ട ഇവളോട്‌ അതു പറയണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു മുപ്പതു സെക്കന്റ്‌ കൂടി എടുത്തു. പിന്നെ ഇടതു കവിളിൽ കൊട്ടി പുക പുറത്തേക്കു വിട്ടുകൊണ്ട്‌ നിസ്സാരമെന്ന മട്ടിൽ ചോദിച്ചു “ഗ്രാസ്സ്‌?“ അതെയെന്ന അർത്ഥത്തിൽ തലയാട്ടിയ അവളുടെ ചെറുപുഞ്ചിരിയിൽ അല്പം പുച്ഛരസമുണ്ടായിരുന്നോ? ഇനി കുറയ്ക്കാൻ പറ്റില്ല... പക്ഷെ “പിന്നില്ലാതെ“ എന്നു മറുപടി പറഞ്ഞപ്പോൾ തൊണ്ട അല്പം ഇടറിയോ? ഇന്നു വരെ ഒരു പെണ്ണിന്റെ മുന്നിലും, ഒന്നിനും പതറാത്ത കോളേജിന്റെ ഡെയർഡെവിൾ നിമ്മി ജോസഫ്‌ ഒരു പെണ്ണ്‌ ലീഡ്‌ എടുക്കുന്നതു കണ്ട്‌ പതറുന്നോ?

“എവിടെ കിട്ടും വലിക്കാൻ?” അവൾക്കറിയണം... “നീ വലിച്ചിട്ടുണ്ടോ?” ഒരു മറുചോദ്യം എറിഞ്ഞു. “ഭാംങ്‌ കോളേജിൽ വെച്ച്‌ രുചിച്ചു നോക്കിയിട്ടുണ്ട്‌. നാടൻ സാധനം. പക്ഷെ ഗ്രാസ്‌ ഇതു വരെ ഇല്ല. പറ, എവിടെ കിട്ടുമെന്ന്‌? നമുക്കു പോകാം.” അവൾ നിർബന്ധിച്ചു. “വേണോ? നിന്നെപോലുള്ള കൊച്ചു പെൺപിള്ളാർക്കു പറഞ്ഞിട്ടുള്ളതല്ല...” ഞാൻ ഒന്നു മടിച്ചു. “ആരാ കൊച്ച്‌? ഞാൻ ഇപ്പോ മുതിർന്ന പെണ്ണാ, എനിക്കൊരു ജോലിയുണ്ട്‌. സ്വന്തമായി വരുമാനമുണ്ട്‌. ചോദിക്കാനും പറയാനും ആരുമില്ല. എന്റെ പേരന്റ്സ്‌ പോലും എന്നെപ്പറ്റി ദു:ഖിക്കാനില്ല. പിന്നെ നിനക്കെന്താ റോമിയോക്കുട്ടാ ഒരു വിഷമം?” അവൾ എന്നെ പുച്ഛിക്കുകയായിരുന്നോ? അറിയില്ല. ദിവ്യയെ ശപിക്കാൻ തോന്നി. പഴയ ഒരു പാര സ്തലത്തെത്തിയിട്ടുണ്ട്‌, എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നു പറഞ്ഞു നടന്ന അവളുടെ പുറകെ നടന്ന്‌ താൻ പരിചയപ്പെടുത്തിയെടുത്തതാണ് ഇപ്പൊ രണ്ട്‌ സ്മോൾ സ്മിർണ്‌ഓഫും പിന്നെയൊരു നാലു കിങ്ങ്സും പുകച്ച്‌ ‘എനിഗ്‌മാ’ പബിലെ വെൽവെറ്റ് മെത്തയിൽ മലര്ന്ന്‌, കിടപ്പിനും ഇരുപ്പിനും ഇടക്കുള്ള ഒരു പോസിൽ ഇരിക്കുന്ന ഈ കോതമംഗലംകാരി ആനി ഷെർളി വർഗീസ്‌. പണം ഇട്ടു മൂടാന്മാത്രമുള്ള, നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ വരെ ഷെയർ ഉള്ള ഗൾഫ്‌ മുതലാളി വർഗീസ്‌ കോരയുടെ അരുമസന്താനം. പഠിച്ചതും വളർന്നും ഡൽഹി സെയിന്റ്‌ സ്റ്റീഫൻസിൽ... ഇപ്പോൾ ബോംബെയിൽ ഫ്രീലാൻസ്‌ ജേർണ്ണലിസം.

“കമോൺ കുട്ടാ, ഞാൻ നിന്റെ പുറത്ത്‌ ഒരു ബാധ്യതയാവും എന്നു കരുതി നീ പേടിക്കണ്ട. എനിക്കറിയാം ഞാൻ ആരാണ് എന്താണ് എന്നൊക്കെ. നീ പറ, എവിടെ കിട്ടും സാധനം?” ഇനിയെന്തു നോക്കാൻ? കഴുത്തറ്റം മുങ്ങി. ഈ സമയത്ത്‌ സാധനം മേടിക്കാൻ പോകുന്നതപകടമാണ്. കാലാബസാറിൽ ഇവളെയും കൊണ്ട്‌ ഈ കോലത്തിൽ പോയാൽ ചിലപ്പോള്‌ ജീവനോടെ തിരിച്ചു വന്നില്ല എന്നു വരും. സൌരബിനെ ഒന്നു വിളിച്ചു നോക്കാം. ഈ ഒരു സംഭവത്തിന്റെ സ്റ്റോക്ക്‌ അവന്റെ അലമാരിയിൽ ഇല്ലാതെ വരില്ല. “...കോളർ കൊ ധോടാസാ ഊപ്പർ ചഡാക്കെ...” അവന്റെ റിങ്ങ്‌ടോൺ പഴയതു തന്നെ. ഭാഗ്യം! സൌരബിന്റെ കയ്യിൽ സാധനമുണ്ട്‌.

ബില്ലു കൊടുത്ത്‌ എനിഗ്‌മാ’യിൽ നിന്നിറങ്ങി. പുറത്തെ പാറാവുകാരൻ നീട്ടി ഒരു സല്യൂട്ട്‌ അടിച്ചു. യമഹ എന്റൈസർ പുറകോട്ട്‌ വലിക്കാൻ അയാളുടെ സഹായം വേണ്ടിവന്നു. മൂന്നാമത്തെ ചവിട്ടിന് വണ്ടി മുരണ്ടു തുടങ്ങി. അവൾ ഒരു സർക്കസ്‌ അഭ്യാസിയെപ്പോലെ പുറകിൽ ചാടിക്കയറി. കൈ രണ്ടും എന്റെ കൈകൾക്കടിയിലൂടെ കോർത്തെടുത്ത്‌ തോളിൽ ചുറ്റിപ്പിടിച്ചിരിപ്പായി. കുടിച്ചതിന്റെ കെട്ടെല്ലാം ഒരു നിമിഷം കൊണ്ടിറങ്ങിയോന്നൊരു സംശയം. എന്റെ ഇടതു താടിയിൽ അവളുടെ വലതു കവിളിന്റെ ചൂടറിഞ്ഞു.

കാറുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ്‌... അവളത്‌ ആസ്വദിക്കുന്നു എന്നു തോന്നി. ഹൊസൂർ റോഡിലെത്തിയപ്പോൾ വേഗത കൂട്ടിത്തുടങ്ങി. സാധാരണ പെൺകുട്ടികൾ നിലവിളിക്കേണ്ട വേഗത്തിലെത്തിയിട്ടും ആനിക്കൊരു കൂസലുമില്ല, ആ പിടി അൽപ്പം ഒന്നു മുറുകി എന്നതൊഴിച്ചാൽ.

സൌരബിന്റെ ഫ്ലാറ്റിൽ കയറി. താഴെ കാത്തു നിൽക്കുന്നോ എന്നു ചോദിക്കുന്നതിനു മുന്നെ തന്നെ അവൾ കൂടെ വരാം എന്നു പറഞ്ഞു കഴിഞ്ഞു. സൌരബിന്റെ കണ്ണുകളിൽ എല്ലാം അറിയുന്നവന്റെ ഭാവം. അമർത്തിയ ചിരി. ജോയന്റ്‌ സൌരബ്‌ ഉണ്ടാക്കുന്നതുപോലെ പരിപൂർണ്ണമായി ഉണ്ടാക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. പൊടി ഉള്ളം കൈയിൽ ഇട്ടു കശക്കുന്നതും അടച്ചു കൊട്ടുന്നതും വലിയ കായ്‌കൾ പെറുക്കിക്കളയുന്നതും അവസാനം ചുരുട്ടുന്നതുമെല്ലാം അവൾ ഒരു ശിശുവിന്റെ നിഷ്കളങ്കമായ കണ്ണുകളോടെ നോക്കിനിന്നു. മൂന്നു ജോയന്റും വാങ്ങി അവിടിന്നിറങ്ങി, വീടു ലക്ഷ്യമാക്കി വണ്ടി തിരിച്ചു. ആ തണുപ്പത്ത്‌ വണ്ടി പറക്കുമ്പോളും ഒരു മിഡി മാത്രമിട്ടിരിക്കുന്ന അവൾക്കു തണുക്കുന്നില്ലെ?

ടെറസ്സിൽ രണ്ടു ബീൻബാഗും ഒരു ടീപ്പോയും.... അവളുടെ ഇരിപ്പിടം ഒഴിഞ്ഞു കിടന്നു. മുഴുവൻ സമയവും അവൾ തറയിൽ തന്നെ മലര്ന്നു കിടക്കുകയായിരുന്നു. ആദ്യത്തെ ജോയന്റ്‌ അവൾ കൈ പൊത്തിവലിക്കുന്നതു കണ്ടപ്പോഴൊരു സംശയം – ഇതിവളാദ്യമാണോ? മുഴുവൻ തീർന്നിട്ടും വലിയ ഭാവമാറ്റങ്ങളൊന്നുമില്ല. കുറെ നേരത്തേക്ക്‌ പരിപൂർണ്ണ നിശബ്ദത. ഒടുവിൽ അവൾ പതിയെ പറഞ്ഞു “അത്‌ രണ്ടാക്ക്‌“. മൂന്നാമത്തെ ജോയന്റ്‌ പകുത്തു. അത്‌ എടുക്കേണ്ടിവരില്ല എന്നാണു കരുതിയിരുന്നത്‌. അതും കൂടി തീർന്നപ്പോൾ അവൾ പറക്കാൻ തുടങ്ങി...”എടാ, ഇതു പറഞ്ഞു കേട്ടതു പോലെ തന്നെ. എനിക്കെല്ലാം കാണാം. പഞ്ഞിക്കെട്ടുപോലെ തന്നെ. മേഘമാണല്ലെ?” പിന്നെ അവൾ കുലുങ്ങിചിരിക്കാൻ തുടങ്ങി. വീണ്ടും സംസാരം തുടങ്ങി. “എന്റെ കഥ നിനക്കൂഹിക്കാമല്ലെ? അതെ. അതു തന്നെ, പണക്കാരന്റെ മോൾ, ഏകാന്തത, അസ്തിത്വദു:ഖം...മാൻഗോ-സ്കിൻ....അതൊക്കെത്തന്നെ. എനിക്കു പുതിയതൊന്നും പറയാനില്ല...” എന്തു പറയണം എന്നെനിക്കറിയില്ലായിരുന്നു. ഗ്രാസിനു തൊട്ടുകൂട്ടാൻ പിങ്ക്‌ ഫ്ലോയിഡും പിന്നെ അല്പം ഏകാന്തതയും ഒക്കെയാണെനിക്കിഷ്ടം.

“എന്നെ തേടി വന്നവർക്ക്‌ വേണ്ടിയിരുന്നത്‌ പലതുമായിരുന്നു. കുറച്ചുപേർക്ക്‌ പണം, മിക്കവർക്കും – നിനക്കറിയാമല്ലോ - എന്താണത്‌ – ഹാ - ജിസ്‌മ്‌... ആർക്കും എന്നെ വേണ്ടായിരുന്നു. മടുത്തു ആദീ”... ആരാണീ ആദി എന്ന എന്റെ ചോദ്യത്തിൽ നിന്ന്‌ അവൾ ഒഴിഞ്ഞു മാറി “ഓ... നീ നിമ്മിയാണല്ലെ...നിന്റെ സൌരബിന്റെ ഈ ഗ്രാസ്‌ ഉഗ്രൻ... എന്നെ വീഴ്ത്തി മോനെ”. ഞാൻ ചികയാൻ പോയില്ല. “എനിക്കറിയാം നീ എന്താണു ചിന്തിക്കുന്നതെന്ന്‌“, അവൾ തുടർന്നു, “ഞാൻ ഒരു തെറിച്ച പെണ്ണാണെന്നല്ലെ? അതെ... സത്യമാണു്... ഇനി ചെയ്യാൻ അധികം കാര്യങ്ങളൊന്നും ബാക്കിയില്ല...“ അവൾ ഒന്നു നിർത്തി. ഒന്നു തേങ്ങിയോ? “പക്ഷെ നിനക്കറിയാമോ, എന്റെ ഉള്ളിലുമുണ്ടെടാ ചില നാടൻ സ്വപ്നങ്ങൾ. തുമ്പപ്പൂ പോലെ ചിരിക്കുന്ന എന്റെ കുഞ്ഞിനെ ഒക്കത്തെടുക്കാനും പിന്നെ എന്റെ കെട്ടിയവന്റെ തോളിൽ തൂങ്ങി നാട്ടിലെ വയൽവരമ്പിലൂടെയൊക്കെ നടക്കാനുമൊക്കെ എനിക്കും കൊതിയുണ്ടെടാ...” കുറെയധികം നേരത്തേക്ക്‌ അവൾ ഒന്നും മിണ്ടിയില്ല. അവസാനം തിരിഞ്ഞു കൈ രണ്ടും വിടർത്തി എന്നെ അടുത്തു വരാൻ മാടിവിളിച്ചു.

ഞാനും പതിയെ നിലത്തേക്കു വീണു. അവളുടെ അടുത്തേക്ക്‌ ഇഴഞ്ഞു. ഒരു കുഞ്ഞിനെയെന്നപോലെ അവൾ എന്നെ മാറോടടക്കി ഇറുകിപ്പുണർന്നു കൊണ്ടിരുന്നു. അവൾ അവളുടെ തുമ്പപ്പൂവിനു കരുതി വെച്ചിരുന്ന വാത്സല്യം എന്നിൽ ചൊരിയുകയായിരുന്നോ? ആ ബന്ധനത്തിൽ പിറ്റേന്നു വെളുക്കുവോളം കിടന്നെങ്കിലും ഒരു മാത്ര പോലും എനിക്കവളുടെ ജിസ്‌മ്-ഇനോട്‌ ആശ തോന്നിയില്ല. ഞങ്ങൾ മേഘങ്ങൾക്കിടയിലൂടെ ഒഴുകിനീങ്ങുകയായിരുന്നു. ഉയരങ്ങളിൽ നിന്ന്‌ ഉയരങ്ങളിലേക്ക്‌....

30 comments:

Kalesh Kumar said...

ആദി,
നന്നായി എഴുതിയിട്ടുണ്ട്!
ബാംഗ്ലൂർ - പഴയ കാലങ്ങളൊക്കെ ഓർമ്മ വരുന്നു!
അന്നിത്രയൊന്നും അഡ്വാൻസ്ഡ് ആയിരുന്നില്ല ബാംഗ്ലൂർ!

സൂഫി said...

പ്രിയപ്പെട്ട ആദി,
ഭാവനയിൽ ഇഴപിരിഞ്ഞ അനുഭവങ്ങളോ അതോ അനുഭവങ്ങളിൽ നിന്ന് ഇതൾ വിടർത്തുന്ന ഭാവനയോ?
എന്തായാലും നാഗരികജീവിതത്തിൽ ഇതൊന്നും ഒരിക്കലും പുത്തരിയാവില്ല.

ഇളംതെന്നല്‍.... said...

നഗരയുവത്വങ്ങളുടെ പരിഛേദം.. നന്നായിരിക്കുന്നൂ ആദി...

ചില നേരത്ത്.. said...

ആദീ..
വളരെ മനോഹരമായി ആസ്വദിക്കുന്നു.
-ഇബ്രു-

വര്‍ണ്ണമേഘങ്ങള്‍ said...

:):)

അരവിന്ദ് :: aravind said...

നല്ല കഥ..
ബാംഗ്ലൂരില്‍ കഴിഞ്ഞ കൊല്ലം വരെ ഞാന്‍ താമസിച്ചതോര്‍മ്മ വന്നു.
കൈരളിയിലെ ബീഫ് ഫ്രൈ,മാസ്സിലെ ഉച്ചയൂണ്. ബാബുച്ചേട്ടന്റെ ബേക്കറിയിലെ പപ്സും ചായയും. രാവിലെ ക്രിക്കറ്റ്.ഓഫീസിലേക്ക് ഫുട്പാത്തില്‍ കൂടെയുള്ള ബൈക്ക് ഓടീര്.മിസ്റ്റര്‍ റാവുവിന്റെ ആന്ധ്ര ഡിന്നര്‍,കൈലി ഉടുത്തു ചമ്രം പടഞ്ഞിരുന്നടിച്ചിരുന്ന കിംഗ് ഫിഷറും, മുത്തശിയിലെ അയല ഫ്രൈയ്യും. ബസ്സ് നംബര്‍ 164 ഫ്രം ബി ടി എം ടു മായോ ഹാള്‍.പൊടി, നാറുന്ന മാരുതി നഗര്‍ ഓട. വാടക ഗുസ്തി, കറണ്ടു കട്ട്, ബ്രിഗേഡിലെ വായിനോട്ടം, കോഫീ ഹൌസ്, മൂട്ടകടി കൊണ്ടു സിനിമാകാണല്‍‌.
നോ ഫ്രില്‍‌സ് അറ്റാച്ഡ്-അങ്ങനേയും ഒരു ജീവിതം.

ചില നേരത്ത്.. said...

ജോണ്‍ അബ്രഹാമും ബിപ്സും തകര്‍ത്തഭിനയിച്ച jism-ന്റെ നേരെ വിപരീതമാണല്ലോ ഈ തിരക്കഥ.

Achinthya said...

Very well-told.
Nice way of narration.
nannaayindetto

സു | Su said...

ആദി :) നന്നായി. സത്യം പറ. അവളേതാ ;)

Anonymous said...

Bangalore, Enigma, Grass... Adithyan, you are bringing memories of those great old days with my friends over there.....

Adithyan said...

നന്നായി എന്നു പറഞ്ഞ എല്ലാർക്കും പെരുത്തു നന്ദി... :-)

കലേഷേ, ഓഹോ അപ്പൊ ഈ തട്ടകത്തിൽ കുറെ നാൾ പയറ്റിയിട്ടാണ് അങ്ങോട്ട്‌ രക്ഷപെട്ടത്‌ അല്ലെ? അന്നിത്രയൊന്നും അഡ്വാൻസ്സ്‌ ആയിരുന്നില്ല എന്നത്‌ ഒരു നഷ്ടബോധമാണോ? ;-)

സൂഫി,
അനുഭവങ്ങൾ... ഓർമ്മകൾ...
കുറെ സ്വന്തം...കുറെ കടം വാങ്ങിയത്‌... എല്ലാം വിഴുങ്ങുന്ന മഹാനഗരം, മഹാസാഗരം...

തെന്നലേ,
അതെ നഗരയുവത്വങ്ങൾ...അതാണു ഞാനും ശ്രമിച്ചത്‌... അനുഭവിക്കണം എന്നു പണ്ട്‌ മോഹിച്ച കുറെയേറെ കാര്യങ്ങൾ... അടുത്തെത്തിക്കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നോ എന്നൊരു സംശയം...

വർണ്ണം,
താങ്ക്സ്‌... :-) എല്ലാം അറിയുന്ന ഒരു ചിരി ആണോ? ;-)

Adithyan said...

ഇബ്രൂക്കാ,
കുറച്ചുദിവനങ്ങളായി ആ വാക്ക്‌ സംഭാഷണങ്ങളിൽ അറിഞ്ഞും അറിയാതെയും പല തവണ കടന്നു വരുന്നു. അതാണ് അത്‌ ഉൾപ്പെടുത്തിയത്‌.

അരവിന്ദേ,
ദെന്താണിത്‌... ആ പറഞ്ഞതെല്ലാം ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്... :-) ഒന്നു രണ്ടെണ്ണം ഒഴികെ... ഒന്നുരണ്ടെണ്ണം കൂട്ടിയിട്ടുമുണ്ട്‌ - ഫോറം, പിവിആർ... ഈ പറഞ്ഞ ജീവിതം ഇപ്പൊഴും ആസ്വദിക്കാൻ പറ്റുന്നതൊരു ഭാഗ്യമായി കരുതുന്നു.

അചിന്ത്യാ,
ഒരു പാട്‌ ഒരു പാട്‌ നന്ദി :-)

സൂചേച്ചി,
ഹ ഹ ഹ... :-) ഇത്‌ അവളു തന്നെ... ;-)

Heartz,
Feels great to be of help, Sir...:-)

Visala Manaskan said...

ഒരു കിങ്ങ്സ്‌ കിട്ടിയിരുന്നെങ്കിൽ...

കൊള്ളാം. ആദിയേ, വല്ല സീരയലിനും തിരക്കഥ എഴുതാൻ നോക്കല്ലേ.!

അതുല്യ said...

ആദിത്യാ, എനിക്കെന്തോ ഒരു വിശ്വാസം വരണില്ല്യാ ആ അവസാന ഭാഗം.... ഒരു അബ്നോർമലസീടെ കൺഫൂഷ്യനിലസ.... വേണ്ട.. ചിലപ്പോ അയാളു വല്ല....

Adithyan said...

വിശാലോ...
;-) സിരിയലോ... ഞാനൊ...:-) ഞാൻ പാവം... ;-)) ജീവിച്ചു പോകുന്നേയ്‌... ;-))

അതുല്യചേച്ചി,
ഞാൻ ശക്തവും വ്യക്തവുമായി പറയുന്നു അവസാന ഭാഗം ഭാവനയല്ല... :-))

അയാൾ ‘വല്ല ‘ ഒന്നുമാകേണ്ട അങ്ങനെയൊരു പതികരണത്തിന്... ചില പ്രത്യേക ആൾക്കാർ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രത്യേക രീതികളിലായിരിക്കും പ്രവർത്തിക്കുക...

അല്ലെ?

സ്വാര്‍ത്ഥന്‍ said...

ആനിയുടെ ‘ജിസ്മിനെ’ സാക്ഷിയുടെ ഈ പോസ്റ്റിനു വന്ന കമന്റുകളോട് ചേര്‍ത്ത് വായിക്കട്ടേ ആദീ?

സൂഫി said...

ആദി, നുമ്മടെ ജിസ്സ്മിന്റെ ഒരു ഉത്തരാ‍ധുനിക വേറ്ഷൻ പോളിന്റെ തർജ്ജനിയിലുണ്ടു ഇതാ
നപുംസകം. അതു പക്ഷെ കുറച്ചു മാരകമാണ്.

Anonymous said...

അങ്ങനെ ഒക്കെ ചെയ്ത ആളും ഇങ്ങനെ ഒക്കെ ബ്ലൊഗെഴുതും അല്ലേ? നന്നായിട്ടുണ്ട്‌ എന്നതിനും അപ്പുറം.

Unknown said...

ആത്മാവില്‍ ഇത്തിരി “പുഗ” ചെന്നതുപോലെ..
മേഘങ്ങളില്‍ കയറി താഴേക്ക് നോക്കുന്നതുപോലെ...
ആഹാ!

Adithyan said...

സ്വാർത്ഥാ,
എഴുതാൻ ഏറ്റവുമെളുപ്പമുള്ള സം‍ഭവാഖ്യാനവുമായി പയറ്റുന്നെ ഇതും ആശയസം‍വാദത്തിന്റെ ഒരു ഉയർന്ന തട്ടിൽ നിൽക്കുന്ന അതും തമ്മിൽ ചേർത്താൽ സാക്ഷി എന്നെ തല്ലുമൊ എന്തോ :-)
ആ റെയിഞ്ച്‌ ആണോ ഞാൻ ഉദ്ദേശിച്ചതെന്ന്‌ എനിക്കു തന്നെ അറിയില്ല... :-)

സൂഫി,
മൌലികത എന്നൊന്നില്ല, അല്ലെ? :-( വാക്കുകൾ ആശയങ്ങൾ എല്ലാം ആവർത്തനങ്ങൾ മാത്രം :-(

പ്ലോട്ടിൽ അസാമാന്യ സാമ്യം, പക്കേങ്കില്‌, എയുതുന്നേനു മുന്നെ അതു ഞാൻ കണ്ടിട്ടേയില്ലാരുന്നേയ്‌... :-)

തീം വ്യത്യസ്തമാണെനാണ് ഇപ്പൊഴും എന്റെ വിശ്വാസം...

തുളസി,
ഡിസ്‌ക്ലെയ്മർ ഇടാൻ സമയമായി :-) “ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക...” ....

ല്ലെങ്കിൽ ചെലപ്പോ എനിക്കു വയൽവരമ്പത്തൂടെ നടക്കാൻ ‘അവളെ’ കിട്ടിയെന്നു വരില്ല ;-)

യാത്രാമൊഴി,
മൊത്തത്തിൽ ‘പൊഗ’യാകല്ലെ :-)
താങ്ക്സ്‌

Sujith said...

nimmi oru penninte peru alle? :p

nalan::നളന്‍ said...

പൊളി, ഞാന്‍ വിശ്വസിക്കൂല (അസൂയ കൊണ്ടാ).

രാജീവ് സാക്ഷി | Rajeev Sakshi said...

പറയുന്നയാള്‍ നമുക്ക് സുപരിചിതനാണെന്ന് വരുത്തിത്തീര്‍ക്കുകയും പരിചയപ്പെടുത്തുന്നയാളെ സുപരിചിതയാക്കുകയും ചെയ്യുന്ന താങ്കളുടെ രചനാരീതി മനോഹരമായിട്ടുണ്ട്. പരിചയപ്പെടുന്നയാളുടെ ജീവിതം മുഴുവന്‍ ഒരു ക്യാന്‍വാസിലിലെന്ന പോലെ ഇപ്പോള്‍ മുന്നിലുണ്ട്. തന്നെപ്പറ്റി വളരെക്കുറച്ച് മാത്രം വിട്ടുതന്ന് കഥ പറഞ്ഞ വ്യക്തി ഇപ്പോഴും അണിയറക്കുള്ളില്‍ തന്നെ. (അടുത്ത വേഷത്തിനുള്ള ചമയങ്ങളുമായ്..?)

നന്നായിട്ടുണ്ട് ആദിത്യ. നന്നായി ആസ്വദിച്ചു.

Adithyan said...

ജിത്തൂ,
നിമ്മി എന്ന പേരിൽ എനിക്ക്‌ 7 ആണുങ്ങളെ അറിയാം, എന്തെയ്‌? ;-)

നളാ,
സധാമാനമായി... ഒരാളെങ്കിലും .... ;-)

സാക്ഷീ,
നല്ലവാക്കുകൾക്ക്‌ ഒരുപാട്‌ നന്ദി.. :-)
ഞാൻ പറയുന്നതൊക്കെ ആർക്കെങ്കിലുമൊക്കെ വായിക്കാൻ പാകത്തിലാണെന്നു കേൾക്കുന്നതിൽ സന്തോഷം :-)

flaashgordon said...

hmm..maaashe poliyaanallo!
sharikkum sambhavichathaano atho rather aspirational writing aano :-))

Neway c'mon !IMMEDIATELY change the name Nimmy Joseph - pakuthi vazhi aayapozhaa athu ladkide peru all ennu manassilaayathu- there was a girl in my class by exactly that name !!Daredevil guy should have a daredevil name- say like Arun, Tarun, Varun ;-))

Cheers
flaash

Adithyan said...

ജീവിക്കാൻ സമ്മതിക്കൂലെ അല്ലെ? :-))

അന്നപ്പോലത്തെ കൂട്ടുകാരൊണ്ടെങ്കിപ്പിന്നെ ശത്രുക്കളെന്തിനാ?

Activevoid said...

വളരെ നന്നായിരിക്കുന്നു.

ചില നേരത്ത്.. said...

ആദിത്യാ
ബ്ലോഗ്ഗിംഗ് മതിയാക്കിയോ. തിരിച്ച് വരൂ..

Adithyan said...

മതിയാക്കിയതല്ലേ...

കുറെ നാളായി വൻ പണിയായിരുന്നു... :-(

പണി ഒന്നു ഒതുക്കീട്ടു വരാം... :-)

പാപ്പാന്‍‌/mahout said...

ആദിത്യാ, വളരെ നന്നായിട്ടുണ്ടല്ലോ ഇക്കഥ. എനിക്കു വളരെ ഇഷ്ടപ്പെട്ടു. നിമ്മി എന്ന പേര്‍ പെണ്ണിന്റേതല്ലേ എന്ന ആശയക്കുഴപ്പം പലരെയും പോലെ എനിക്കും ഉണ്ടായി. 10-ല്‍‌ 9 മാര്‍ക്ക്.