Friday, August 25, 2006

എളുപ്പവഴികള്‍

ജീവിതത്തില്‍ കുറുക്കുവഴികളും എളുപ്പവഴികളും തേടിപ്പോകുന്നത് നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ ലോകത്ത് കുറുക്കുവഴികള്‍ പലതും ലഭ്യമാണ്. മൌസ് ഉപയോഗിച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളും കീബോര്‍ഡ് ഷോര്‍ട്ട് കട്ട്സ് ഉപയൊഗിച്ച് വളരെ വേഗം ചെയ്യാന്‍ കഴിയും. താര കഥക്കൂട്ടില്‍ ഇതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടതു കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു കളയാം എന്നു തോന്നിയത്.

ALT-TAB ആണെന്നു തോന്നുന്നു എറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഷോര്‍ട്ട് കട്ട്. ഓഫീസില്‍ ഇരുന്ന് അന്നാ കുര്‍ണിക്കോവയുടെ സൈറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മാനേജര്‍ വരുന്നതു കണ്ടാല്‍ പണിയെടുക്കാനുള്ള വിന്‍ഡോയിലേക്കു മാറാനുള്ള എളുപ്പ വഴി.ഈ ഷോര്‍ട്ട് കട്ടിന്റെ കൂട്ടുകാരനായ വേറെ ഒരു ഷോര്‍ട്ട് കട്ട് ഉണ്ട് - ALT-SHIFT-TAB, വിപരീത ദിശയില്‍ ജാലകങ്ങളില്‍ കൂടി നീ‍ങ്ങാന്‍. ഇത് കുറച്ച് ആളുകളേ ഉപയോഗിക്കാറുള്ളു എന്നു തോന്നുന്നു. ഇതു പോലെ തന്നെ WIN-TAB അടിച്ചു കൊണ്ടിരുന്നാല്‍ ടാസ്‌ക്ക് ബാറിലെ ഐക്കണുകളില്‍ കൂടി നീങ്ങാം.

ഒരു റിസര്‍ച്ച് നടത്താന്‍ വേണ്ടി 43 ജാലകങ്ങള്‍ തുറന്നിട്ടിട്ട് ഡെസ്‌ക്ക് ടോപ്പ് പെട്ടന്ന് കാണണം എന്നു തോന്നിയാല്‍ WIN-D അല്ലെങ്കില്‍ WIN-M ഉപയോഗിക്കാം. ഇനിയിപ്പോ ഈ മിനിമൈസ് ചെയ്ത ജാലകങ്ങള്‍ എല്ലാം കൂടി തിരിച്ചു പ്രതിഷ്ഠിക്കണമെങ്കില്‍ WIN-SHIFT-M അടിച്ചാല്‍ മതി. ഫോക്കസില്‍ ഉള്ള ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ജാലകം ക്ലോസ് ചെയ്യണം എന്നുണ്ടെങ്കില്‍ ALT-F4 ഉപയോഗിക്കാം. എമ്മെസ് വേര്‍ഡ് പോലത്തെ പല ഡോക്യുമെന്റ് തുറക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനില്‍ ഒരു ഡൊക്യുമെന്റ് മാത്രം ക്ലോസ് ചെയ്യാന്‍ CTRL-F4 ഉപയോഗിക്കാം.

ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ജാലകം മാക്സിമൈസ് ചെയ്യാന്‍ ALT-SPACEBAR-X അടിച്ചാല്‍ മതി. ഇനി മിനിമൈസ് ചെയ്യാന്‍ ആണെങ്കിലോ - ALT-SPACEBAR-N അണ് വേണ്ടത്. ALT-SPACEBAR-C അടിച്ചാല്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാനും പ റ്റും. CTRL-W വായിച്ചു കൊണ്ടിരിക്കുന്ന ഡോക്യുമെന്റ് ക്ലോസ് ചെയ്യാന്‍ ഉപയോഗിക്കാം.

മെനുവില്‍ ഉള്ള കാര്യങ്ങള്‍ കീബോര്‍ഡ് ഉപയോഗിച്ച് ചെയ്യുന്നതാണ് അടുത്ത പടി. ഫയല്‍ മെനു തുറക്കാന്‍ ALT-F, റ്റൂള്‍സ് മെനു തുറക്കാന്‍ ALT-T അങ്ങനെ അങ്ങനെ... മെനുവിനുള്ളിലെ സബ്-മെനുവിലേക്കു പോകാനും എളുപ്പമാണ്. ALT-F-S ഉപയോഗിച്ച് ഡോക്യുമെന്റ് സേവ് ചെയ്യാന്‍ സാധിയ്ക്കും, ALT-F-A എന്നു കൊടുത്താല്‍ 'Save As' എന്ന ഡയലോഗ് വരും, നമുക്ക് ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം. സബ്-മെനുവിന്റെ കീബോര്‍ഡ് കരുക്കള്‍ ഓര്‍ത്തു വെയ്ക്കുന്നതും അത്ര ബുദ്ധിമുട്ടല്ല. ALT-D-F-F എന്നത് എക്സല്‍ ഫയലുകളില്‍ ഓട്ടോ ഫില്‍റ്റര്‍ ഇടാനായി ഞാന്‍ ഉപയോഗിക്കാറുണ്ട്. അതു പോലെ തന്നെ ഒരു വേര്‍ഡ് ഡോക്യുമെന്റില്‍ പേജ് ബ്രെയ്ക്ക് കൊടുക്കാന്‍ ALT-I-B എന്നതും പിന്നെ ഒരു എന്റര്‍ കീയും - അത്രയേ വേണ്ടു.

സ്ക്രീനില്‍ എവിടെയെങ്കിലും റെറ്റ് ക്ലിക്ക് ചെയ്യുന്നതിനു പകരം SHIFT-F10 ഉപയോഗിച്ചാല്‍ മതി. ഒരു ഐക്കണ്‍ സെലക്റ്റ് ചെയ്തിട്ട് അതിന്റെ പ്രോപ്പെര്‍ട്ടീസ് ഡയലോഗ് കാണാനായി ALT-ENTER മതി. ഫയര്‍ഫോക്സ് പോലെയുള്ള ടാബ്‌ഡ് ആപ്ലിക്കേഷനില്‍ ടാബുകളില്‍ കൂടെ നീങ്ങാന്‍ CTRL-TAB ഉപയോഗിക്കാം. CTRL-PAGE DOWN എന്നതും CTRL-PAGE UP എന്നതും ഉപയോഗിച്ച് എമ്മെസ് എക്‌സല്‍-ലെ ഒരു ഷീറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മൌസ് ഇല്ലാതെ മാറാം.

ഹെല്പ് കിട്ടാന്‍ F1 ഞെക്കുക എന്നത് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം എന്നു തോന്നുന്നു. F2 എന്നത് സെലക്റ്റ് ചെയ്ത ഫയലിന്റെ പേരു മാറ്റാന്‍ ഉപയോഗിക്കാം. CTRL-F അടിച്ചാല്‍ സേര്‍ച്ച് ചെയ്യാനുള്ള ഡയലോഗ് വരും. അവിടെ ഒരു തവണ പരതിക്കഴിഞ്ഞ് വീണ്ടും പരതണമെങ്കില്‍ F3 അടിച്ചാല്‍ മതി. ഫയല്‍/ഫോള്‍ഡര്‍ സേര്‍ച്ച് ചെയ്യുന്ന വിന്‍ഡോസ് ഡയലോഗ് കിട്ടാനായി WIN-F മതി.

ഇനി എമ്മെസ് വേര്‍ഡ് പോലത്തെ ഡോക്യുമെന്റ് എഡിറ്റിങ്ങ് ആപ്ലിക്കേഷനകത്ത് അല്പം. CTRL-S മിക്കവാറും എല്ലായിടത്തും സേവ് ചെയ്യുന്നു. CTRL-RIGHT ARROW യും CTRL-LEFT ARROW എന്നിവ ഉപയോഗിച്ച് വാക്കുകള്‍ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കാം. ഡോക്യുമെന്റില്‍ ഏറ്റവും മുകളിലേക്കു പോകണെമെങ്കില്‍ CTRL-HOME ഉം എറ്റവും താഴേക്കു പോകണമെങ്കില്‍ CTRL-END ഉം ഉപയോഗിക്കാം. കുറച്ച് റ്റെക്‌സ്റ്റ് സെലക്റ്റ് ചെയ്തിട്ട് CTRL-B അടിച്ചാല്‍ ബോള്‍ഡ് ആവും, CTRL-I അടിച്ചാല്‍ ഇറ്റാലിക്സ് ആവും. വാക്കുകള്‍ ഫൈന്‍ഡ് ചെയ്യാന്‍ CTRL-F ഉപയോഗിക്കാം. ഏതെങ്കിലും ഒരു പ്രത്യേക വരിയിലേക്കു പോകണമെങ്കില്‍ CTRL-G അടിച്ചിട്ട് ലൈന്‍ നമ്പര്‍ കൊടുത്താല്‍ മതി.

ഇനി ശരിയ്ക്കും ഷോര്‍ട്ട് കട്ട് എന്നു വിളിക്കാനാവത്ത ചില കീ ബോര്‍ഡ് കോമ്പിനേഷന്‍സ്. പക്ഷെ മൌസ് ഉരുട്ടി ഐക്കണ്‍ കണ്ടു പിടിച്ച് ക്ലിക്ക് ചെയ്യുന്നതിനു മുമ്പെ തന്നെ ഇവ ഉപയോഗിച്ച് കാര്യം നടത്താം. WIN-R എന്നു ടൈപ്പ് ചെയ്താല് Run prompt കിട്ടും. ഇനി ഈ പ്രൊംപ്റ്റില് നിന്ന് പല ആപ്ലിക്കേഷനും ലോഞ്ച് ചെയ്യാന് പറ്റും. winword എന്ന് റണ്‍ പ്രൊംപ്റ്റില് ടൈപ്പ് ചെയ്ത് എന്റര്‍ അടിയ്ക്കൂ, എമ്മെസ് വേര്‍ഡ് തുറക്കും. iexplore എന്നാണെങ്കിലല്‍ ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററും വെറുതെ explorer എന്ന് കൊടുത്താല്‍ വിന്‍ഡോസ് എക്സ്‌പ്ലോററും തുറക്കും. വിന്‍ഡോസ് എക്സ്‌പ്ലോറര്‍ തുറക്കാന് വേണ്ടി WIN-E ഉപയോഗിക്കുന്നതായിരിയ്ക്കും എളുപ്പം. റണ്‍ പ്രൊംപ്റ്റില്‍ പരീക്ഷിച്ചു നോക്കാനുള്ള മറ്റു ചില കാര്യങ്ങളാണ് notepad, mspaint, devenv...

ഇനി ഒരു ലോങ്ങ് കട്ട് - CTRL-ESC അടിച്ചാല്‍ start menu ഓപ്പണ്‍ ആവും. വെറുതെ WIN key-ടെ പുറത്ത് വിരല്‍ എടുത്തു വെച്ചാലും മതി.

ഒരുപാട് പ്രശസ്തമായ ഒരു കീ കോമ്പിനേഷനന്‍ മറക്കുന്നില്ല - CTRL-ALT-DEL

ഓക്കെ , എന്നാല്‍ ഞാന്‍ WIN-L അടിച്ച് ലോഗ്-ഓഫ് ചെയ്യട്ടെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിയ്ക്കുക.

20 comments:

RR said...

നന്നായി ആദിത്യാ.. ഇതു പോലെ ലിനക്സിലെ (KDE, GNOME ) shortcutകളെ കുറിച്ചും ഒരു പോസ്റ്റ്‌ ഇട്ടു കൂടെ? (അത്യാഗ്രഹം ആയി പോയൊ? ;) )

അരവിന്ദ് :: aravind said...

കൊള്ളാം ആദീ..
ഒന്ന് മറന്നൂ...
ടാസ്ക് മാനേജര്‍ എടുക്കാന്‍ പലരും CNTRL+ALT+DEL എടുത്ത് പിന്നെ ആ മെസ്സേജ് ബോക്സിലെ റ്റാസ്ക് മാനേജറില്‍ ക്ലിക്കി പോകുന്നത് കണ്ടിട്ടുണ്ട്.
പകരം, CNTRL+SHIFT+ESC ചെയ്താല്‍ നേരെ കിട്ടും.

Santhosh said...

ഉപയോഗപ്പെട്ടേക്കാവുന്നതും ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായ ഒരെണ്ണം:

ഐ. ഇ-യില്‍ അഡ്രസ് ബാറില്‍ ഒരു സൈറ്റിന്‍റെ പേര് മാത്രം ടൈപ്പ് ചെയ്ത ശേഷം CTRL+ENTER അമര്‍ത്തുക. http://www. എന്ന് പേരിന്‍റെ മുന്നിലും .com എന്ന് പേരിന്‍റെ അവസാനവും കൂട്ടിച്ചേര്‍ത്ത് ആ സൈറ്റിലേയ്ക്ക് നാവിഗേറ്റ് ചെയ്യും.

ഉദാ: അഡ്രസ് ബാറില്‍ hotmail എന്നു മാത്രം ടൈപ്പ് ചെയ്തിട്ട് CTRL+ENTER അമര്‍ത്തി നോക്കൂ.

RR said...

സന്തോഷ്‌ പറഞ്ഞ അതേ shortcut ഫയര്‍ ഫോക്സിലും ഉണ്ട്‌. ഞാനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ഒരെണ്ണമാണിത്‌.
CTRL + ENTER -- > .com
മറ്റു ഫയര്‍ ഫോക്സ്‌ shortcut കള്‍..
SHIFT + ENTER -- > .net
SHIFT + CTRL + ENTER -->.org

qw_er_ty

Rasheed Chalil said...

ആദീ നല്ലപോസ്റ്റ്. പലതും ഉപയോഗിക്കുന്നതാണ്. ചിലത് പുതിയതും. പിന്നെ എനിക്കും മൌസിനേക്കാളും കീബോര്‍ഡാണു പഥ്യം.

Ctrl+മൌസ് ഡ്രഗ് ചെയ്താല്‍ കോപ്പി. Shift+മൌസ് ഡ്രഗ് ചെയ്താല്‍ Shortcut

ഇവ മറന്നെന്നു തോന്നുന്നു.
ഇതിന്റെ ഒരു ചാര്‍ട്ട് ഉണ്ടാക്കിയാല്‍ നന്നായിരിക്കും

ഉദ:
^+C:Copy
^+V:Paste
Alt+Shift : Change Language

വര്‍ണ്ണമേഘങ്ങള്‍ said...

ഇത്‌ കൊള്ളാം അപ്പീ
നമ്മള്‌ വലിയ സോഫ്റ്റ്‌ വെയറന്മാരാന്നും പറഞ്ഞ്‌ ഞെളിഞ്ഞ്‌ പിടിച്ച്‌ ഡീ ടീ പീ സെന്ററില്‍ ചെല്ലുമ്പോള്‍ അളിയന്മാര്‍ പിയാനോ വായിക്കും പോലെ കാര്യങ്ങള്‍ ചെയ്യുന്നത്‌ കണ്ട്‌..
'ഓ നിസ്സാരം..' എന്ന ഭാവത്തില്‍ നിന്നിട്ടുണ്ട്‌.

Adithyan said...

സംഗീത, ബ്ലോഗിങ്ങ് തുടങ്ങിയതില്‍ സന്തോഷം. പോസ്റ്റുകള്‍ പോരട്ടെ. ബ്ലോഗ് ലോകത്തേക്കു സ്വാഗതം.

ആറാര്‍, എമ്മെസ്-പെന്‍ഗ്വിന്‍ യുദ്ധത്തില്‍ ഞാന്‍ എമ്മെസ് ഭാഗത്താണ്. :) വേറെ ഒരു തരത്തില്‍ പറഞ്ഞാല്‍ യുണിക്സ് ഒന്നും അറിഞ്ഞൂട :)

അരവി,
പുതിയ ഒന്ന് കിട്ടി. അതെനിക്ക് അറിഞ്ഞൂടാരുന്നു. ടാങ്ക്സ് :)

സന്തോഷ്,
കണ്ട്രോള്‍ എന്റര്‍ ഞാന്‍ എപ്പൊഴും ഉപയോഗിക്കാറുണ്ട്. എഴുതാന്‍ മറന്നു. നന്ദി.

റഷീദിക്കാ,
നന്ദി. ഞാന്‍ ഒരു പേജ് ലിങ്ക് ചെയ്തിട്ടുണ്ട്. അതില്‍ ഇതു എല്ലാം തന്നെ പറഞ്ഞിട്ടുണ്ട്.

രാകേഷ്,
നന്ദി.

വര്‍ണ്ണം,
സത്യം..:) ഞാന്‍ രണ്ട് വിരലുകൊണ്ട് തപ്പിപ്പിടിച്ച് ടൈപ്പിങ്ങാണ് പരിപാടി. എന്നലും മറ്റെ 'ഓ നിസ്സാരം..' നോട്ടം നോക്കാന്‍ മറക്കാറില്ല. :)

അനംഗാരി said...

അദീ, ലേഖനം കാണാന്‍ വൈകി. നന്നായിരിക്കുന്നു. ഒരു നിര്‍ദ്ദേശം പറഞ്ഞാല്‍ വിരോധിക്കില്ലല്ലോ. എന്നെപോലെ കം‌പ്യൂട്ടര്‍ പഠിക്കാത്തവര്‍ക്ക് ഇതു ഉപകരിക്കും. സാങ്കേതിക പദങ്ങളും, കം‌പ്യൂട്ടര്‍ ഉപയോഗിക്കേണ്ട രീതികളും ലളിതമായി വിവരിച്ച് ഒരു കൃതി ഇവിടെ ഇട്ടാല്‍ എന്നെപോലുള്ള മന്ദബുദ്ധികള്‍ക്ക് ( ശ്രീജിത്തിനെ കൂട്ടിയിട്ടില്ല, തെറ്റിദ്ധരിക്കരുത്)അതു വലിയ ഉപകാരമാവും. പലപ്പോഴും കം‌പ്യൂട്ടറിന്റെ മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണു പലതും പഠിച്ചതു. ഒരു ഗുരുവില്ലാത്തതിന്റെ ബുദ്ധുമുട്ട് പറഞ്ഞാല്‍ മനസ്സിലാകുമല്ലോ?.ഒരു കംപ്യൂട്ടര്‍ മൊത്തം നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തുടര്‍ന്നും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഗുരുവിന് കുടിയന്റെ വക ഒരു കുപ്പി വിസ്കി ദക്ഷിണ വെച്ചിരിക്കുന്നു.

Adithyan said...

കുടിയോ എന്നെ ഗുരുന്നോന്നും വിളിക്കല്ലേ :)) ഇവിടത്തെ യഥാര്‍ത്ഥ ഗുരുക്കളുടെ ചെരിപ്പിന്റെ വാറഴിപ്പാന്‍ പോലും ഞാന്‍ യോഗ്യനല്ലേയ്. :)

ബ്ലോഗ് ഒക്കെ വായിക്കാന്‍ മാത്രം അറിയാവുന്നവര്‍ക്ക് പിന്നെ ബേസിക്സിന്റെ ഒന്നും ആവശ്യമില്ല ഭായ്. ചുമ്മാ അങ്ങ് ഉപയോഗിക്കാനേ... എല്ലാരും ഇതിന്റെ മുന്നില്‍ ഇങ്ങനെ ദിവസങ്ങളോളം കുത്തിയിരുന്ന് പഠിച്ചെടുക്കന്നതേ ഉള്ളു. പിന്നെ ഞാനും ശനിയനും കൂടെ സാങ്കേതികവിദ്യ എന്നും പറഞ്ഞ് ബ്ലോഗ് ഇട്ടിരിപ്പുണ്ട്. അവിടെ ഇടക്കിടക്ക് ഇടാം :)

മനോജ് കുമാർ വട്ടക്കാട്ട് said...

കമ്പ്യൂട്ടറുകളുടെ മുന്നില്‍ കുത്തിയിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇത്തരം ലൊട്ടുലൊടുക്ക്‌ വിദ്യകള്‍ വലിയ പിടിപാടില്ലായിരുന്നു. (ഒരു മൗസില്ലെങ്കില്‍ കുടുങ്ങി എന്ന അവസ്ഥ). ലിങ്ക്‌ റോഡിലൂടെ പോയി മൈക്രോസോഫ്റ്റ്‌ വിവരണങ്ങളും വായിച്ചു.

ഉപകാരപ്രദമായി, താങ്കളുടെ 'എളുപ്പവഴികള്‍'. നന്ദി.

Sudhir KK said...

ആദിത്യാ..നന്നായിട്ടുണ്ട്.

ഒള്ളൊള്ള കാലം യുണിക്സിന്റെ പുറത്ത് ചെരണ്ടി ചെരണ്ടി വിന്‍ഡോസില്‍ ആകെ അറിയാവുന്നത് ALT-TABഉം CTRL-ALT-TAB-ഉം മാത്രമായിട്ടുണ്ട്. Win-D ആണ് എന്റെ ഫേവറിറ്റ്.

രാജ് said...

ഞാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഷോര്‍ട്ട്-കട്ട് കീ ‘റീസെറ്റ്’ ബട്ടണാ :D

വിന്‍ഡോസില്‍ മാത്രം ;)

ആദിത്യാ എഴുതിയതത്രയും ഉപകാരായീ‍ട്ടോ.

എന്റെ വക: മൈക്രൊസോഫ്റ്റിന്റെ അന്യഭാഷാകീബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കു ഇന്‍‌പുട്ട് ലാംഗ്വേജ് സ്വിച്ച് ചെയ്യുവാന്‍ Left Alt + Shift ഉപയോഗിക്കാവുന്നതാണു്. ഭാഷാഇന്ത്യയില്‍ നിന്നോ മറ്റോ ഇന്‍‌സ്ക്രിപ്റ്റ്/ഫൊണറ്റിക് കീബോര്‍ഡുകള്‍ ഡൌണ്‍‌ലോഡ് ചെയ്തു് ഉപയോഗിക്കുന്നവര്‍ക്കു ഈ ഷോര്‍ട്ട്‌കട്ട് സഹായമായേക്കും.

പാപ്പാന്‍‌/mahout said...

ഇതേ പോസ്റ്റ് ഇംഗ്ലീഷ് രൂപത്തില്‍ വേറൊരു ബ്ലോഗില്‍ കണ്ടില്ലേ ഞാന്‍ എന്നോ ഒരിക്കല്‍ എന്ന ഒരു സംശയം അത്തിക്കായയ്ക്കകത്തെ മക്ഷിക കണക്കെ മനസ്സിനെ ശല്യപ്പെടുത്തുന്നു.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

പാപ്പാനേ, ഔദുംബരത്തില്‍ മശകം?

പാപ്പാന്‍‌/mahout said...

ഔദുംബരം == അത്തിക്കായ? ഞാനിതു രണ്ടാമൂഴത്തിലെവിടെയോ വായിച്ചതാണ് :)

ഉമേഷ്::Umesh said...

ഔദുംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേ കദാപി സുഖമില്ലെന്ന തല്‍‌പരിചു
ചേതോവിമോഹിനി മയയ്ക്കായ്ക മായ തവ
ദേഹോഹമെന്ന വഴി നാരായണായ നമഃ

എന്നോ മറ്റോ ഹരിനാമകീര്‍ത്തനത്തില്‍ കേട്ടിട്ടുണ്ടു ചെറുപ്പത്തില്‍. ഇഷ്ടപ്പെടാത്ത പുസ്തകമായതുകൊണ്ടു പത്തുമുപ്പതു കൊല്ലമായി അതു വായിച്ചിട്ടില്ല.

Adithyan said...

പാപ്പാനേ, എല്ലാം നമ്മക്കി സെറ്റിലു ചെയ്യാം... എവിടെ എങ്ങനെ എന്നു മാത്രം പറഞ്ഞാ മതി :))

പാപ്പാന്‍‌/mahout said...

ആദിയുടെ രഹസ്യം എന്റെ കയ്യില്‍ ഭദ്രമായിരിക്കും -- എന്റെ മരണം വരെ, അല്ലെങ്കില്‍ പറ്റിയ വില ആരെങ്കിലും വാഗ്ദാനം ചെയ്യുന്ന വരെ :-)

വേണു venu said...

ലേഖനം കാണാന്‍ വൈകി. നന്നായിരിക്കുന്നു.
ഒത്തിരി പ്രയോജനകരമായ കാര്യങ്ങള്‍ ആദി ലളിതമായി പറഞ്ഞുതന്നതിനു് നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു കൂടുതല്‍.