എഞ്ജിനിയറിങ്ങിനു പഠിച്ചവരൊക്കെ കണക്കിനു മിടുക്കരായിരിക്കും എന്നു പൊതുജനത്തിനൊരു ധാരണ ഉണ്ട്. അതിനോരു അപവാദമാണ് തിരോന്തോരത്തൊരു ഇഞ്ജിനീരിങ്ങ് കാളേജീന്നു പഠിച്ചിറങ്ങിയ ഞാനും എന്റെ കുറെ കൂട്ടുകാരും. ഇന്നലെ ഞാനും എന്റെ ഒരു സഖാവും കൂടെ ഇരുന്നു ഒരു ചെറിയ കണക്കുകൂട്ടൽ നടത്തിയപ്പോളാണ് ആ നഗ്ന സത്യം എനിക്കു ഒന്നു കൂടി ബോധ്യപ്പെട്ടത്. ക്രിസ്തുമസിനു നാട്ടിൽ പോകുന്നതിന്റെ പ്ലാനിങ്ങില്‍ ആയിരുന്നു ഞങ്ങള്‍. ഈ ക്രിസ്തുമസിനുള്ള ബസ് ടിക്കറ്റ് ഒക്കെ കഴിഞ്ഞ ക്രിസ്തുമസിനെ മുന്നെ തീർന്നു എന്ന മട്ടിലാണ് ബസ് കമ്പനിക്കാരുടെ മറുപടി. അതു കൊണ്ട് ബസ് ടിക്കറ്റ് ബുക്കു ചെയ്യാനാണെന്നും പറഞ്ഞു ആ വഴിക്കു ചെല്ലാതിരിക്കുന്നതാണു ഭംഗി. പിന്നെയുള്ളത് ട്രെയിൻ. മജെസ്റ്റിക് റെയില്‍വേ സ്റ്റേഷൻ വരെ ചെന്നു പറ്റുന്നതിലും എളുപ്പം നേരെ നാട്ടിലേക്ക് നടക്കുന്നതാണ്. പോരാഞ്ഞിട്ട് ട്രെയിൻ ടിക്കെറ്റ് ഒക്കെ എട്ടു പണ്ടെ നാട്ടുകാർ വാങ്ങി തീർത്തുകാണും. ബാക്കിയുള്ള ‘ബെയ്റ്റിങ്ങ് ലിസ്റ്റ്‘ എന്ന സാധനത്തിൽ കേറി ഇരുന്നാൽ നാടെത്തില്ലല്ലോ.
അങ്ങനെ നാടു പറ്റാൻ ഇനി ഒരൊറ്റ വഴിയെ ഉള്ളു. ബാംഗ്ലൂരിൽ നിന്നും കൊച്ചി വരെ കൂട്ടുകാരന്റെ കാറിൽ പോകുക. ഞങ്ങൾ രണ്ടു പേരും ഡ്രൈവിങ്ങ് ഭ്രാന്തൻമാരായതു കൊണ്ട് വണ്ടി ഓടിക്കുന്നതിൽ പ്രശ്നമില്ല. ആകെ പ്രശ്നം ‘എണ്ണ’ ആണു. അതിനു കാശു മുടക്കണമല്ലോ... അങ്ങനെ ഞങ്ങൾ എത്ര പൈസ കയ്യിൽ നിന്നും പോകും എന്നു കണക്കു കൂട്ടാൻ തുടങ്ങി. അവന്റെ കാറിനു മൈലേജ് 18 കിലോമീറ്റർ. നാട്ടിലേക്കുള്ള ദൂരം എകദേശം 550 കിലോമീറ്റർ. ഒരു ലിറ്റർ പെട്രോളിനു 50 രൂപ. ഇത്രയും കാര്യങ്ങൾ ഞങ്ങൾക്കു രണ്ടു പേർക്കും നല്ലതു പോലേ അറിയാം. “ഇതു വെറും സിമ്പിൾ മാത്തമാറ്റിക്സ്“ എന്നു സാമാന്യം ഉറക്കെ ഒരു ആത്മഗതം വിട്ടുകൊണ്ട് ഞാൻ എന്റെ മൊബൈൽ പോക്കെറ്റിൽ നിന്നും വലിച്ചെടുത്തു അതിലെ കൽകുലേറ്റർ എടുത്തു കുത്താൻ തുടങ്ങി. രണ്ടു മിനിട്ട് കഴിഞ്ഞു , എങ്ങും എത്തുന്നില്ല എന്നു കണ്ട അവനും എടുത്തു അവന്റെ മൊബൈൽ കൽകുലേറ്റർ... അഞ്ചു മിനിട്ടത്തെക്കു രണ്ടു പേരും ഒരേ ഗൌരവം. ഒരേ കാൽകുലേഷൻ. ഞാൻ മരിച്ചു ഗുണിക്കുന്നു ഹരിക്കുന്നു... സിമ്പിൾ കണക്ക് എവിടെയും എത്തുന്നില്ല എന്നു കണ്ട് അവസാനം ഒരു പത്തു മിനിട്ട് കഴിഞ്ഞു ഞാൻ തല പൊക്കി നോക്കി, അവനോടു ചോദിച്ചു, “ഡാ, 47456 ആണോ?,...അല്ലെ?... അല്ലല്ലെ?... ആവില്ലല്ലെ?“ ഞാൻ ചോദിച്ചു തീർന്നതും അവൻ പെട്ടെന്നു വൻ സന്തോഷത്തിൽ ഇങ്ങോട്ട് “376 അല്ലെ?” എന്റെ മുഖം കണ്ട് അവനു മനസിലായി അതു ആവാൻ സാധ്യത കുറവാണെന്നു.
“മയിലു്....“ രണ്ടു പേരും ഉറക്കെ പറഞ്ഞ് മൊബൈൽ പോക്കറ്റിൽ തിരിച്ചിട്ടു. അവനവനെ കൊണ്ടു പറ്റുന്ന കാര്യങ്ങളേ ചെയ്യാവൂ എന്നു തീരുമാനിച്ചു. തീരുമാനത്തിൽ ഇതും കൂടെ ചേർത്തു. പെട്രോൾ തീരാറാവുമ്പോ അടിക്കും. അവിടെ ചെല്ലുമ്പോൾ മൊത്തം എത്ര പൈസ ചിലവായി എന്നു എഴുതി വെക്കും. പിന്നെ തിരിച്ചു വന്നു അടുത്ത വീട്ടീലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഋതിക മോളെ വിളിച്ചു മൊത്തം എത്രയായി എന്നു കൂട്ടി നോക്കിക്കാം. അവൾ പോകുന്നതിനു മുന്നെ രണ്ടു കൊണ്ടു ഹരിക്കുവേം കൂടി ചെയ്താൽ എല്ലാം ശുഭം. ഒരു തീരുമാനമായല്ലോ എന്ന സന്തോഷത്തിൽ ഞങ്ങൾ അടുത്ത വിഷയത്തിലേക്കു കടന്നു.
കണക്കെഴുതി കൂട്ടുന്ന കാര്യം പറഞ്ഞപ്പൊളാണു മറ്റൊരു കണക്കു കൂട്ടലിന്റെ കാര്യം ഓർമ്മ വന്നതു. നാട്ടിൽ നിന്നും കുറ്റിയും പറിച്ചു ഇവിടെ വന്നു പല കമ്പനികളിലായി പണിയെടുക്കുന്ന ഒരു അഞ്ചെട്ടൊൻപതുപത്തുപന്ത്ര... ആ .... കൊറെ പേർ ഇവിടെ ഒണ്ടെന്നു മാത്രം മനസിലാക്കിയാൽ മതി. ഒരോ ആഴ്ചത്തെയും പണികൾ കഴിഞ്ഞാൽ ഞങ്ങൾ എല്ലാം കൂടി ആഴ്ച അവസാനം ഒരുമിച്ചു കൂടി എങ്ങോട്ടെങ്കിലും ട്രിപ്പ് എന്നും പറഞ്ഞു കെട്ടി എടുക്കും. ഏതെങ്കിലും വെള്ളച്ചാട്ടമോ, കുന്നോ, മലയോ എന്തെങ്കിലും വലിഞ്ഞു കയറും, മൂക്കു മുട്ടെ ശാപ്പാടടിക്കും. തിരിച്ചു വരും. എല്ലാവരും കൂടി പോകുന്നതിനാൽ ചെലവെല്ലാം ഒന്നിച്ചാണ്. ഒരു ഖജാന്‍ജി ഉണ്ടാവും കണക്കു വെക്കാൻ. ഏതെങ്കിലും ഒരുത്തന്റെ തലയിൽ ആ ജോലി കെട്ടി ഏൽപ്പിക്കും.
ഞങ്ങൾ ഈ ഏർപ്പാടിനെ ‘കോമൺ ഫണ്ട്‘ എന്നാണു വിളിക്കുന്നതു. പലർക്കും ട്രിപ്പിനു വരാനുള്ള പ്രധാന പ്രചോദനം ഈ കോമൺ ഫണ്ടാണ്. കോമൺ ഫണ്ടിൽ കഴിക്കുമ്പോ എല്ലാവരും സാധാരണ കഴിക്കുന്നതിന്റെ ഇരട്ടിയും മൂന്നിരട്ടിയും ഒക്കെ അകത്താക്കും. ഒരിക്കൽ എവിടെയോ വണ്ടി നിർത്തിയപ്പോൾ എല്ലാവര്ക്കും ഒരോ വാഴപ്പഴം വാങ്ങി വരാൻ പറഞ്ഞു രണ്ടെണ്ണത്തിനെ ഒരു പെട്ടിക്കടയിലേക്കു പറഞ്ഞു വിട്ടു. അഞ്ചു മിനുട്ടു കഴിഞ്ഞു തിരിച്ചെത്തിയതു ഒരു വലിയ വാഴക്കുലയും താങ്ങി പിടിച്ചായിരുന്നു. വെളുക്കനെ ഒരു ചിരിയും പിന്നെ അതിന്റെ പുറകെ “കോമൺ ഫണ്ടല്ലെ, ഇരിക്കട്ടെന്നെ” എന്ന ഒരു സമാധാനിപ്പിക്കലും. ഏതായാലും അര മണിക്കൂർ കൊണ്ടു കുല വെളുത്തു.
നേരത്തെ പറഞ്ഞ ഖജാന്ജിയുടെ ജോലിയാണു ഇങ്ങനെയുള്ള അൽക്കുൽത്തു ചിലവുകളെല്ലാം എഴുതി വെക്കുക എന്നതു്. കണക്കു കൂട്ടാൻ അറിയാവുന്നവർ ഞങ്ങളുടെ കൂടെ ഇല്ലാത്തതിനാൽ ഇതു വളരെ പൊല്ലാപ്പു പിടിച്ച് ഒരു പണിയാണു്. എല്ല്ലം കൂടി കൂട്ട്ണം. പിന്നെ ഹരിക്കണം. വൻ തൊല്ല പിടിച്ച് പണി. അങ്ങനെ ഇരിക്കുമ്പോൾ ഒരു ട്രിപ്പിനു ഞങ്ങൾ ക്രിത്യം പത്തു പേരാണു പോയതു. അത്തവണ കണക്കെല്ലാം എന്തെളുപ്പം. പെർ ഹെഡ് എത്രയായെന്നു പറയാൻ എനിക്കു പോലും പറ്റുന്നു. 10 കൊണ്ടു ഹരിക്കാൻ എല്ലാർക്കും ഒരു പ്രത്യേക വിരുതാണല്ലോ. ആ ട്രിപ്പു കഴിഞ്ഞതോടെ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു...”ഇനി മുതൽ എത്ര പേർ വന്നാലും ശരി, ഇല്ലെങ്കിലും ശരി. കണക്കു വീതിക്കുന്നതു 10 കൊണ്ടായിരിക്കും. പെർ ഹെഡ് കണ്ടു പിടിക്കാൻ ഇനി നമ്മടെ കൂടെ ആരും ബുദ്ധിമുട്ടരുത്.”
20 comments:
ഞാന്‍ നാടുവിട്ടതിനുശേഷം ഒരുപാടു കാര്യങ്ങള്‍ നാട്ടില്‍ നടന്നു എന്നു മനസ്സിലായി.
1. തിരുവന്തോരത്തെയും ബാക്കി എല്ലാടത്തെയും എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരം കുത്തനെ കീഴോട്ടു പോയി.
2. മൂന്നാം ക്ലാസ്സിലെ പിള്ളേരുടെ നിലവാരം വളരെ കൂടി.
3. 10, 100 തുടങ്ങിയവയൊഴികെയുള്ള സംഖ്യകളെക്കൊണ്ടുള്ള ഗുണനവും ഹരണവും ഇപ്പോള്‍ കാല്‍ക്കുലേറ്ററില്ലാതെ ചെയ്യാന്‍ പറ്റില്ല.
4. മൊബെയില്‍ ഫോണില്‍ ഒരു കാല്‍ക്കുലേറ്ററുണ്ടു്.
5. പെട്രോളിന്റെ വില ലിറ്ററിനു 50 രൂപയായി. (എന്റമ്മോ!)
6. ബാംഗ്ലൂരില്‍ നിന്നു നാട്ടിലേക്കു പഴയതുപോലെ ബസ്സു കിട്ടില്ല.
7. ബാംഗ്ലൂരില്‍ നിന്നു കൊച്ചിയിലേക്കു പെട്രോള്‍ ചാര്‍ജ്ജു തന്നെ 1528 രൂപയാകും.
8. അല്ഗുല്ത്തു കണക്കു ശരിയാക്കിക്കൊടുക്കുന്നവനു കാശു കിട്ടും. (ഈ-മെയില്‍ വഴി മതിയോ?)
പണ്ടു് കാല്‍ക്കുലേറ്ററില്ലാതെ വര്‍ഗ്ഗമൂലം (square root) കണ്ടുപിടിക്കാന്‍ അറിയാഞ്ഞ കുട്ടികളെ ക്ലാസ്സില്‍ നിന്നിറക്കിവിട്ട ഒരു അദ്ധ്യാപകനെ ഓര്‍മ്മ വരുന്നു. ഇപ്പോള്‍ ഇക്കണക്കിനു അവരെപ്പഠിപ്പിക്കാന് പാരലല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ തന്നെ തുടങ്ങേണ്ടി വരുമല്ലോ ആദിത്യാ?
ആദി,
രസിച്ചു രസിച്ചു വായിച്ചു.
ആദിത്യാ...
താങ്കളുടെ പോസ്റ്റും ഉമേഷിന്റെ കമന്റും നന്നായി ആസ്വദിച്ചു.
ഉമേഷേ,
എന്തൊരു കമന്റിത് :-) ആഡംബരം. എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരത്തെപ്പറ്റി പറഞ്ഞാൽ, ഇപ്പൊ മുക്കിനൊരു കോളേജ് വെച്ചായി. വീട്ടിലെ തൊഴുത്തു വാടകക്കു തരുമോന്നു ചോദിച്ചു കൊറെ പേർ വന്നിരുന്നു, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാനാണത്രെ....
പിന്നെ വര്‍ഗ്ഗമൂലം, 10-ഇനു മോളിലോട്ടുള്ള സംഖ്യകളുടെ വര്‍ഗ്ഗമൂലം കാല്‍ക്കുലേറ്ററില്ലാതെ കണ്ടുപിടിക്കാൻ പറയുന്നതു ബാലവേല നിയമപ്രകാരം കുറ്റകരമല്ലെ???
വിശാല മനസ്കാ,
താങ്ക്സ്... ഗുരു, അങ്ങാണു പ്രചോദനം. അനുഗ്രഹിക്കണെ :-)
ഇബ്രു,
വായിച്ചതിനും നന്നായെന്നു പറഞ്ഞതിനും പെരുത്തു നന്ദി. :-)
ആദിത്യൻ അടിച്ചു പൊളിക്കുവാണല്ലോ! :-) കൊള്ളാം വളരെ നന്നായിട്ടുണ്ട്..
ആദിത്യരേ,
പോസ്റ്റു നന്നായെന്നു പറയാന്‍ വിട്ടുപോയി. കുചേലന് കൃഷ്ണനെക്കണ്ടപ്പോല് പറയാന്‍ വന്ന കാര്യം വിട്ടുപോയതുപോലെ.
ഇനിയുമെഴുതൂ. എഞ്ചിനീയറിംഗ് കോളേജിലെ വിശേഷങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ വീണ്ടുമെഴുതൂ.
വന്നുവന്നു കുട്ടികൾക്ക് നാലും മൂന്നും ഒമ്പതെന്നെഴുതാൻ കാൽക്കുലേറ്റർ നോക്കണമെന്നായി.
(ഉമേഷേ, ഇഞ്ചിനീരിംഗ് ഒരുപാടു മാറിപ്പോയി. കൊല്ലത്ത് മുള്ളുവിള എന്ന സ്ഥലത്ത് ഒരു കശുവണ്ടി ഫാക്റ്ററി
ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ കൈലി ഉടുത്ത് മുറുക്കിച്ചുവപ്പിച്ച് മീൻകാരനെ തെറിയും പറഞ്ഞു അവിടേക്കു പോകുന്ന “ആന്റി”മാർക്കു പകരം സ്കർട്ടും ചുറ്റി ലിപ്സ്റ്റിക് ഇട്ടു ആഷ് ബൂഷ് പറഞ്ഞു പോകുന്ന ചേച്ചിമാരെക്കണ്ട് ഞാൻ “ഹാവൂ അവസ്സാനം വർഗ്ഗ സമരം ജയിച്ചെന്ന്“ ആശ്വസിച്ച് വീട്ടിൽ പോയി. പിന്നീടാണ് അറിഞ്ഞത് അണ്ടിയാപ്പീസ് മുതലാളീ [ഹാജി യൂനസ് കുഞ്ഞ്] അതൊരു എൻജിനീറിംഗ് കോളേജാക്കി മാറ്റിയെന്ന്)
നന്നായിട്ടുണ്ട് ആദിത്യാ.
ശൈലിയും ആസ്വാദകരം!
ജിത്തൂ,
കൽകുലേറ്റർ എടുക്കാനുണ്ടോ സഖാവേ, ഒരു കണക്കു ചെയ്യാൻ...
ഉമേഷ് ചേട്ടാ,
ഇത്രയും നല്ല ഒരു കമന്റ് എഴുതിയതു തന്നെ വലിയ കാര്യം. :-). കോളേജ് വിശേഷങ്ങൾക്ക് ഒരു കർട്ടൻ റെയ്സർ (ചില പ്രയോഗങ്ങൾക്ക് തർജ്ജിമ അരോചകമാകുമെന്നാണ് എനിക്കു തോന്നുന്നത്) ആയി ഇതൊന്നു പരീക്ഷിച്ചതാണ്. ഇനി ധൈര്യമായി എഴുതാം അല്ലെ? :-). കുളമായാൽ അറിയിക്കണെ...
ദേവൻ,
നാലും മൂന്നും നിങ്ങൾടെ അവിടെയും ഒമ്പതു തന്നെ ആണല്ലെ?
നാട്ടിലോക്കെ കള്ളുഷാപ്പ് മുതലാളിമാർ ഇപ്പൊ ഷാപ്പുകൾ എഞ്ജിനീയറിങ്ങ് കോളേജുകളാക്കിക്കൊണ്ടിരിക്കുവാണത്രെ...ലാഭം അതാണല്ലോ.
കലേഷെ,
താങ്ക്യൂ...താങ്ക്യൂ... :-D
മൌസും ലിങ്കും ക്ലിക്കുമുണ്ടെങ്കിലുള്ള പ്രശ്നമിതാണ്.. നേരത്തേ വായിച്ചിട്ട് കമന്റാൻ ക്ലിക്കി..അപ്പോ ആരുടെയോ പേരിൽ ക്ലിക്കി, പിന്നെ അവിടെപ്പോയി, അവിടുന്നും കിട്ടി നാഴിയരി; പിന്നവിടെന്ന് വേറെങ്ങോ പോയി, അങ്ങിനെ പോയിപ്പോയി അവസാനം, വന്ന കാര്യം മറന്നൂ..
ആദിയണ്ണോ.. കലക്കീട്ടോ. നല്ല അവതരണം. ഈ ഖയാഞ്ചിമാരോട് പണ്ടേ ഒരു ബഹുമാനമുണ്ട്, ഒന്നുരണ്ടു തവണ ഖയാഞ്ചിയായതിൽപ്പിന്നെ. എനിക്കൊന്നും പറ്റാത്ത പണി എത്ര സിമ്പിളായാ അണ്ണന്മാർ ചെയ്യുന്നതും, പീറ്റ്രാണ്ടീങ്ക്ലണ്ടിന്റെ പുത്തൻ ഷർട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടോണ്ടു വരുന്നതും. മിടുക്കന്മാർ
ദേ നല്ലൊരു വയിരുഫയിയ്ക്കേഷ്യൻ: ക്ക്കുഒവ്ക്
പീറ്റ്രാണ്ടീങ്ക്ലണ്ടിന്റെ കാര്യം പറഞ്ഞപ്പൊളാണ് പണ്ട് ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചില ഖയാഞ്ചിമാർടെ കാര്യം ഓർമ്മവന്നത്.
ഒരൊറ്റ മാസം മെസ്സ് നടത്തി ഒരു യമഹാന്റെ ബൈക്കൊക്കെ വാങ്ങിയ വിരുതന്മാർ നമ്മടെ കാളെജിലൊണ്ടായിരുന്നു.
എന്റെ 'തിരോന്തോരം' കൂടുകാരൻ ഉഗ്രൻ ഒരു കണക്കനാ...
എത്രയാടൈ (2346*879)/29??
പപ്പു ശൈലിയുിൽ "ഇപ്പ ശരിയാക്കാം" എന്നും പറഞ്ഞ് തുടങ്ങും..
...
...
കുറെ കഴിഞ്ഞാൽ..
ഒരു 'തള്ളേ..' വിളി കേൾക്കാം..
ബാക്കി അനുമാനിച്ചോണം..കണക്ക് കൂട്ടൻ വേറൊരാളേം..!
ഇന്നത്തെ വേർഡ് വെരിഫിക്കേഷൻ:'എഫ്ഫൽക്ലി'
ആദിത്യാ,
ഉഗ്രനായിട്ടുണ്ടുട്ടൊ!!! Bangalore ല്‍ന്ന് നാട്ടില്പോക്ക് വല്യ ഏടാകൂടം തന്നെ. പലപ്പോഴും അവസാനം നമ്മുടെ ബാലകൃഷ്ണപിള്ളയുടെ വണ്ടി തന്നെ രക്ഷകനായിട്ടുണ്ട്.
ഇനിയും എഴുതൂ 'തിരന്തോരം' വിശേഷങ്ങള്‍.
Umesh ,
നാട്ടിലിപ്പോ ഒരു വഴിക്ക് പോകുമ്പോ കാശൊക്കെ ചാക്കില്‍ കെട്ടി കൊണ്ടുനടക്കണ്ട ഗതികേടാണ്.
നന്നായിട്ടുണ്ട് ആദിത്യാ, ഒരു കുന്നുക്കുരുവിനെ കുന്നാക്കി മാറ്റിയല്ലോ. ഗംഭീരം.
വർണ്ണമേഘം,
തള്ളെയ് കലിപ്പുകളു തന്നെ കേട്ടാ.....
ഗുണനങ്ങളും ഹരണങ്ങളും ഒക്കെ പാടുകളു തന്നെ കേട്ടാ...
കുട്ട്യേടത്തീ,
താങ്ക്യൂ.....:_)
ബാലക്രിഷ്ണപിള്ളയുടെ വണ്ടിയിൽ പോയാൽ അങ്ങെത്തിയാൽ എത്തി എന്നു പറയാം....ഇനിയും മണ്ടത്തരങ്ങൾ വിളിച്ചു പറയാൻ സമ്മതിച്ചതിനു നന്ദി...:_D
സാക്ഷീ,
താങ്ക്യൂ.....:_)
മണ്ടത്തരത്തിനു ടക്സ് കൊടുക്കണ്ടാത്തതു എന്റെ ഭാഗ്യം....
മറ്റൊരു രസികന്‍ പോസ്റ്റ്. (സെമസ്റ്ററുകള്ക്കിടയ്ക്കു കിട്ടുന്ന ഒഴിവില്‍ ഞങ്ങളെല്ലാം റിലാക്സ് ചെയ്യുന്ന സമയത്ത് ഗ്രേവാളിന്റെ പുസ്തകത്തില്‍ നിന്നു അടുത്ത സെമസ്റ്ററിലേക്കുള്ള exercises മുഴുവനും ചെയ്യുമായിരുന്ന ഒരു സഹപാഠിയുണ്ടായിരുന്നു. ഈ പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ അവനെയാണദ്യം ഓര്‍ത്തത്)
ഹ ഹ ആദിത്യാ, നന്നായി. ഈ പോസ്റ്റ് പണ്ട് കണ്ടതാണ്. അന്ന് ആദിയെ അറിയുമായിരുന്നില്ല.
എന്റെ ഒരു എല്‍.പി.ക്ലാസ്സ്-മേറ്റ് പഠിത്തം നിര്‍ത്തി (വലുതായപ്പോള്‍) പച്ചക്കറിക്കച്ചവടം നിര്‍ത്തി. ദശാംശം കൊണ്ടുള്ള ഗുണനം അറിയാന്‍ വയ്യാത്തതുകൊണ്ട്, ചുള്ളന് 1 കിലോ, 2 കിലോ എന്നല്ലാതെ, ‘100 ഗ്രാം, കാല്‍ക്കിലോ‘ എന്നൊന്നും തൂക്കിക്കൊടുക്കില്ല. സാധനം വാങ്ങാന്‍ വരുന്നവര്‍ (പൂര്ണ്ണസംഖ്യകളായ) കിലോക്കണക്കിന് വാങ്ങിക്കോളണം എന്നര്‍ത്ഥം !
ചുള്ളന്റെ ‘വെസനസ്സ്‘ പൊളിഞ്ഞൂ എന്ന് പ്രത്യേകം പറയുന്നില്ല :-)
(പച്ചക്കറിക്കച്ചവടം നടത്തി എന്ന് വായിക്കുക)
qw_er_ty
പഴേ പോസ്റ്റ് പുതിയെ കമന്റ് .. :-)
ഈ കോമണ്‍ ന്റെ കാര്യം പറഞ്ഞപ്പോള .. നുമ്മ ഇപ്പൊ എക്സല്‍ ഷീറ്റില്‍ ആണ് കളി .. ചുമ്മാ കാശ് ന്റെ കാര്യം അങ്ങോടു ടായിപ്പി കൊടുത്താ മതി ..
ഒരു കോമണ്‍ ഖജാന്‍ജി അമേരിക്ക ക്ക് പോയപ്പോ അധികാര കൈമാറ്റം നടത്തി .. മൂല മന്ത്രം : "നോക്കീം കണ്ടും ഒക്കെ കണക്കെഴുതിയാ നിന്റെ വട്ടചിലവ് നടക്കും "
ആദീ സരസം... പത്തുപേരില്‍ കൂടുതലാളുകള്‍ യാത്ര പോകുന്നുവെങ്കില്‍ വിളിക്കാന്‍ മറക്കരുതേ..
Post a Comment